അരി വാങ്ങി വീട്ടിലേക്കുപോകുന്ന പ്രമുഖ വനിതയാണ് സമൂഹത്തിന്റെ മാതൃക

തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന സ്ത്രീ എന്ന രീതിയിലേക്ക് ഉയർന്നു വരാനായിട്ടില്ല- മാധ്യമ പ്രവർത്തക അനുപമ വെങ്കിടേഷ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാധിനിത്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

അനുപമ ​വെങ്കിടേഷ്​:സമൂഹത്തിൽ അങ്ങനെയൊരു സ്വാഭാവികത ഇനിയും ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് കരുതുന്നത്. ബസിൽ കയറുമ്പോൾ സ്ത്രീകളുടെ സീറ്റിൽ ഇരിക്കാതെ നമ്മൾ ഒരു ജനറൽ സീറ്റിലിരുന്നാൽ സ്ത്രീകളുടെ സീറ്റ് ഒഴിയുമ്പോൾ അങ്ങോട്ടേക്ക് പോയിരിക്കാൻ നമ്മളോട് പലരും ആവശ്യപ്പെടാറുണ്ട്. സ്തീകൾ ആ രണ്ട് സീറ്റിലിരുന്നാൽ മതിയെന്നും മറ്റുള്ളതെല്ലാം പുരുഷന്മാരുടെ സീറ്റാണെന്നും കരുതുന്നവരുണ്ട്. അത് അജ്ഞത കൊണ്ടാണെന്ന് സമാധാനിക്കാം. പക്ഷേ രാഷ്ട്രീയത്തിൽ സംവരണ സീറ്റുകളിൽ മാത്രം സ്ത്രീകളെ മൽസരിപ്പിക്കുകയും പൊതു സീറ്റുകളിൽ അപൂർവമായി മാത്രം വനിതക്ക് മൽസരിക്കാൻ അവസരം കൊടുക്കുകയും ചെയ്യുന്ന പ്രസ്ഥാനങ്ങൾ എന്ത് സ്ത്രീ ശാക്തീകരണമാണ് നടത്തുന്നത് എന്ന് ആത്മ പരിശോധന നടത്തണം. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് ധാരാളം സ്ത്രീകൾ കടന്നു വരാൻ ഈ സംവരണ രീതി ഇടയാക്കിയിട്ടുണ്ടെങ്കിലും സംവരണത്തിലൂടെ കൈവരിക്കേണ്ട സാമൂഹ്യ നീതി സ്ത്രീക്ക് കിട്ടാൻ രാഷ്ട്രീയ രംഗത്ത് ഇനിയും വർഷങ്ങൾ വേണ്ടിവന്നേക്കാം.

2. നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

രാഷ്ട്രീയ കക്ഷികളാണ് ഈ ചോദ്യത്തിന് യഥാർഥത്തിൽ ഉത്തരം പറയേണ്ടത്. കേരളത്തിലെ എത്ര രാഷ്ട്രീയ കക്ഷികൾക്ക് പ്രാദേശിക തലം മുതൽ സംസ്ഥാനതലം വരെ വനിതാ നേതാക്കളുണ്ട്? സംഘടനാ പ്രവർത്തന പരിചയം തുടങ്ങുമ്പോൾ മുതൽ ഇതാണ് അവസ്ഥ. കോളേജ് യൂനിയൻ തെരഞ്ഞെടുപ്പുകളിൽ വൈസ് ചെയർ പെഴ്‌സൻ, ജോയിന്റ് സെക്രട്ടറി എന്ന രീതിയിൽ ഒതുങ്ങും സ്ത്രീ പ്രാതിനിധ്യം. യുവജന സംഘടനകളിലേക്കും പാർട്ടിയുടെ നേതൃത്വത്തിലേക്കും എത്തുമ്പോഴും മിക്കപ്പോഴും ഇത്തരം സഹായ സ്ഥാനങ്ങളിൽ മാത്രം സ്ത്രീകളെ ഒതുക്കുന്നത് എന്തുകൊണ്ടാണ്? എത്ര വനിതകളാണ് ജില്ലാ പ്രസിഡന്റ്മാരും സെക്രട്ടറിമാരായിട്ടുള്ളത്? ജില്ല പോകട്ടെ, എത്ര പേരാണ് ബ്ലോക്ക്, പ്രാദേശിക തലത്തിൽ നേതൃസ്ഥാനത്തുള്ളത്?

സംഘടനാതലത്തിലുള്ള പങ്കാളിത്തിന്റെ പ്രതിഫലനം തന്നെയാണ് തെരഞ്ഞെടുപ്പ് വേളയിലും കാണുന്നത്. സംവരണം അമ്പത് ശതമാനമാക്കിയതുകൊണ്ടുമാത്രം തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് ഇത്ര വനിതകൾ കടന്നുവരുന്നു. നിയമനിർമാണത്തിന് സത്രീകൾക്ക് അവസരം ലഭിക്കുന്ന അസംബ്ലിയിലും പാർലമെന്റിലും അത്ര തന്നെ സ്ത്രീകൾ കടന്നുവരേണ്ടതുണ്ടെന്ന് പ്രസ്ഥാനങ്ങളാണ് മനസിലാക്കേണ്ടത്. ജനസംഖ്യാനുപാതികമായി അംഗങ്ങളുടെ എണ്ണം നിശ്ചയിക്കുന്നത് പോലെ ജെന്ററിന്റെ കാര്യത്തിലും ഒരു കണക്ക് വേണമെന്ന അവസ്ഥയാണ്. ജയിക്കുന്ന സീറ്റുകളിൽ സ്ത്രീകളെ നിർത്താൻ എത്ര പാർട്ടികൾ തയാറാകും.

സ്ത്രീകളുടെ എണ്ണം പുരുഷന്മാരേക്കാൾ കൂടുതലുള്ള സംസ്ഥാനമായ കേരളത്തിൽ സംവരണം എന്നത് പോലും പല രാഷ്ട്രീയ പാർട്ടികളും സൗകര്യമായി ഉപയോഗിക്കുകയാണ്. ഈ തലങ്ങളിലും ആനുപാതികമായ സംവരണം കൊണ്ടു വന്നാൽ മാത്രമേ ഇവിടേയും സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കാനാകൂ. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളുടെ ഏറ്റവും ഉയർന്ന സ്ഥാനത്തേക്ക് തന്നെ സ്ത്രീകൾ വന്നിട്ടില്ല. മുഖ്യമന്ത്രിയെന്നതൊക്കെ എത്ര വിദൂര സ്വപ്നമാണ് കേരളത്തിലെ സ്ത്രീക്ക്? ഓരോ രാഷ്ട്രീയ പാർട്ടിയും ഇതിന് ഉത്തരം പറയാൻ ബാധ്യസ്ഥരാണ്.

3. ഒരു സ്ത്രീയെ സംബന്ധിച്ച്​ കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

വരുമാനമില്ലാത്തതു കൊണ്ടു തന്നെ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കാത്ത, തീരുമാനങ്ങളിൽ പങ്കാളിയാകാൻ സാധിക്കാത്ത വനിതകളേയും, വരുമാനമുള്ളവരാണെങ്കിലും സാമൂഹ്യ അവസ്ഥകൊണ്ട് സ്വാതന്ത്ര്യം അനുഭവിക്കാത്ത സ്ത്രീകളേയും ധാരാളം കണ്ടിട്ടുണ്ട്. അതേസമയം, ഈ അധികാരങ്ങൾ അനുഭവിച്ച്, തുല്യത മിക്ക തലങ്ങളിലും കൈവരിക്കാനായ വ്യക്തി അനുഭവമാണുള്ളത്. കുടുംബത്തിനകത്ത് അധികാരം അനുഭവിച്ചു വന്ന സ്ത്രീയും വരുമാനത്തിന്റെയും സാമ്പത്തിക തീരുമാനങ്ങളുടേയും കാര്യത്തിൽ തുല്യത അനുഭവിക്കുന്ന സ്ത്രീയും വ്യക്തിജീവിതത്തിൽ അന്യയല്ല. അതേസമയം കുടുംബത്തിൽ പുരുഷാധികാര പ്രവണതകൾ ഇല്ലാതിരിക്കുമ്പോഴും അത് ഏറ്റവും കൂടുതൽ അനുഭവിച്ചത് വീടിനുപുറത്താണ്, പൊതുസമൂഹത്തിലാണ്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

രാഷ്ട്രീയ സംഘടനകളുടെ കാര്യം നേരത്തേ പറഞ്ഞു. തൊഴിലിടങ്ങളിൽ സ്ഥാനക്കയറ്റങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്ന സ്ത്രീ എന്ന രീതിയിലേക്ക് ഉയർന്നു വരാനായിട്ടില്ല. അത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്ന പ്ലാറ്റ്‌ഫോമുകളിൽ അംഗമായിട്ടുപോലും ആ അന്തിമ തീരുമാനം സ്ത്രീയുടേതാണെന്ന് തോന്നിയിട്ടില്ല. സ്ത്രീകളെ കുറിച്ചുള്ള റിഗ്രസീവായ കമന്റുകളടക്കം കേൾക്കുമ്പോളും പ്രതികരിച്ചാൽ ഒറ്റപ്പെടുന്നതാണ് പതിവ്. രാഷ്ട്രീയ പ്രസ്ഥാനങ്ങളാണെങ്കിലും തൊഴിലിടങ്ങളാണെങ്കിലും സ്ത്രീകൾ അധികാരതലത്തിലേക്കോ തുല്യതയിലേക്കോ വരുന്നത് പല പുരുഷന്മാർക്കും അംഗീകരിക്കാനാകില്ലെന്നത് തന്നെയാണ് യാഥാർഥ്യം. അവർക്ക് വേണ്ടത് അണികളിലെ സ്ത്രീയാണ്. അവരെ അനുസരിക്കുന്ന സ്ത്രീയെയാണ്. അല്ലാതെ അധികാരം പങ്കിടുന്ന സ്ത്രീയെയല്ല. ഒരു ബ്യൂറോയിലേക്ക് ഒന്നിലധികം സ്ത്രീകളെ വേണ്ടെന്ന് പറയുന്ന ചീഫുകളുടെ ഇടയിലിരുന്നാണ് മാദ്ധ്യമമേഖയിലെയടക്കം സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് നമ്മൾ സംസാരിക്കുന്നതെന്ന് ഓർക്കണം.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

കുടുംബത്തെ മഹത്വവൽക്കരിക്കുന്നതിന്റെ മറുവശം ആ വ്യവസ്ഥിതിക്കകത്തെ സ്ത്രീയെ അതിന്റെ ചുമതലക്കാരിയാക്കുകയെന്നതാണ്. ആ ചുമതലക്കാണ് സമൂഹം അവൾ ചെയ്യുന്ന മറ്റേതു വലിയ കാര്യത്തേക്കാളും വില കൽപ്പിച്ചു നൽകുന്നത്. മാതൃത്വത്തെ മഹത്വവൽക്കരിക്കുന്നതും, കുടുംബത്തെ മഹത്വവൽക്കരിക്കുന്നതും തൊഴിലിടത്തിലോ പൊതുസമൂഹത്തിലോ വളരുന്ന സ്ത്രീയുടെ സ്വപ്നങ്ങളുടെ പരിധി നിശ്ചയിക്കുന്നത് കൂടിയാണ്. ആ വ്യവസ്ഥിതിക്ക് സംഘടനകളും കൂടുതൽ പ്രാധാന്യം കൊടുക്കുന്നത് അതിനകത്തെ ആണുങ്ങളുടെ ഇൻസെക്യൂരിറ്റി കൊണ്ടു കൂടിയാണ്. ഈ വ്യവസ്ഥിതികളുടെ ഇതേ രീതിയിലുള്ള നിലനിൽപ്പ് അവർ ശീലിച്ചുപോന്ന രീതികളുടെ തുടർച്ചക്ക് ആവശ്യമാണ്.

അതുകൊണ്ട് കുടുംബത്തിലെ സ്ത്രീ, വിവാഹിതയായ സ്ത്രീ, അമ്മയായ സ്ത്രീ എന്നതിനൊക്കെ കൊടുക്കുന്ന മുൻതൂക്കം തൊഴിലിടത്തെ സ്ത്രീ, അധികാര കേന്ദ്രത്തിലെ സ്ത്രീ എന്നതിന് കിട്ടുന്നില്ല. പൊതു മണ്ഡലത്തിൽ പ്രമുഖയായ ഒരു വനിത അരി വാങ്ങി വീട്ടിലേക്ക് പോകുന്ന കാഴ്ച കണ്ട് വാചാലനായ പ്രമുഖനായ വ്യക്തിയെ എനിക്കറിയാം. അത്ര വലുതാണ് അവരുടെ കുടുംബത്തോടുള്ള ഉത്തരവാദിത്വ ബോധമെന്ന മട്ടിലുള്ള കമന്റാണ് കേട്ടത്. അവർ സമൂഹത്തിൽ എന്തൊക്കെ നേട്ടങ്ങളുണ്ടാക്കിയായും ആ അരിവാങ്ങാൻ കാണിക്കുന്ന ഉത്തരവാദിത്വമുണ്ടല്ലോ, അതാണ് അവരെ നല്ലൊരു സ്ത്രീ ആക്കുന്നത് എന്ന മട്ടിൽ. ഈ നെറേറ്റീവാണ് ലോകത്തെ മിക്ക ആണുങ്ങളും അവർ നടത്തുന്ന പ്രസിദ്ധീകരണങ്ങളും അവരുടെ സ്ഥാപനങ്ങളും പിന്തുടരുന്നത്.

അമേരിക്കയുടെ സുപ്രീംകോടതിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ആമി കോനേ ബാരറ്റിന്റെ സെനറ്റ് ഹീയറിങ്ങിനിടെ ഒരു കൂട്ടം സെനറ്റർമാർ വാചാലരായത് ഏഴു മക്കളുള്ള അവർ എത്ര നല്ല അമ്മയാണെന്നതിനെക്കുറിച്ചാണ്. ഒരു പുരുഷനാണ് അവരുടെ സ്ഥാനത്തെങ്കിൽ ഇത്ര പ്രധാനപ്പെട്ട ഹിയറിങ്ങിൽ അയാൾ എത്ര നല്ല അച്ഛനാണെന്നതാണോ എല്ലാവരും എടുത്തു പറയുക. സംശയമാണ്. അതാണ് ഈ വ്യവസ്ഥിതിയുടെ പ്രശ്‌നം. ഇത് പ്രത്യക്ഷത്തിൽ സമൂഹത്തിൽ സ്വീകാര്യതക്ക് സഹായിക്കും എന്നതിലപ്പുറം സ്ത്രീകളുടെ മുന്നേറ്റത്തിന് എത്ര സഹായകരമാണ് എന്ന കാര്യത്തിൽ സംശയമുണ്ട്.


Comments