പോസ്റ്ററുകളിൽ നിറയെ പെണ്ണുങ്ങൾ, ഭരണത്തിലോ?

തനിക്കൊരു സ്വത്വം ഉണ്ടെന്നു തിരിച്ചറിയാതെ പോവുന്ന സ്ത്രീകൾ ആണ് കൂടുതൽ. അത്രേമേൽ നാം conditioned ആക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു - ബാംഗ്ലൂരിൽ ഐ ടി മേഖലയിൽ കമ്യൂണിക്കേഷൻ പ്രൊഫെഷണൽ ആയി ജോലി ചെയുന്ന ബിന്ദു മുതാസ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ബിന്ദു മുംതാസ്​: തദ്ദേശസ്ഥാപനങ്ങളിൽ 50 % സ്ത്രീസംവരണം ഭരണഘടനാപരമായി നിഷ്‌കർഷിക്കുന്നത് വഴി, ഒരിക്കൽ പോലും അധികാരത്തലങ്ങളിൽ വന്നുപെടാൻ കഴിയാതിരുന്ന സ്ത്രീകൾ ഭരണത്തിൽ പങ്കാളികളാക്കപ്പെടുന്നു. വളരെ നല്ല കാര്യം തന്നെ. ഈ തിരഞ്ഞെടുപ്പ് കാലത്ത്​ചുറ്റും കാണുന്ന സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളിൽ സ്ത്രീകളുടെ പടം നിറഞ്ഞു കാണുന്നതും സന്തോഷം ഉളവാക്കുന്നു. എന്നാൽ 50 % സംവരണം എന്നത് ഒരു എണ്ണം തികക്കൽ മാത്രമായി പലപ്പോഴും ഒതുങ്ങി പോകുന്നു. തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകൾക്ക് എത്രമാത്രം തുല്യ പങ്കാളിത്തം ഭരണത്തിലും അതിനോടനുബന്ധിച്ച സുപ്രധാന തീരുമാനങ്ങളിലും ചർച്ചകളിലും ഉണ്ടാവുന്നുണ്ട് എന്നത് സംശയമാണ്.

പലപ്പോഴും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീ പുരുഷകുടുംബാംഗങ്ങളുടെയോ അതോ മുതിർന്ന പാർട്ടി അംഗങ്ങളുടെയോ വെറും നിഴലുകൾ മാത്രമാകുന്നു. മികച്ച ഭരണം കാഴ്ചവെച്ച ചുരുക്കം സ്ത്രീകൾ ഉണ്ടായിട്ടുണ്ട്. അതുപോലെ തിരഞ്ഞെടുക്കപ്പെടുന്ന ഓരോ സ്ത്രീക്കും സാധ്യമാകുന്ന സാഹചര്യം ഉണ്ടോ? പുരുഷമേൽക്കോയ്​മ ഉറച്ചു വാഴുന്ന ഭരണയിടങ്ങളിൽ സ്ത്രീ ശബ്ദം ഉയർന്നു കേൾക്കാൻ ഇനിയും കാലം എടുത്തെന്നിരിക്കും. വെറും നിഴലാടുന്ന പാവക്കൂത്തുകളിൽ നിന്ന്​ ചരട് പൊട്ടിച്ച്​ ആർജ്ജവത്തോടെ, ഉറച്ച ശബ്ദത്തോടെ സ്ത്രീകൾ മുന്നോട്ടു വരിക തന്നെ ചെയ്യും.

2. നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

അധികാരങ്ങളുടെ തലങ്ങൾ കൂടും തോറും സ്ത്രീ തഴയപ്പെടുന്നു എന്നതിന് ഒരു ഉത്തമ ഉദാഹരണമാണിത്. പുരുഷനും അധികാരവും എന്നും ചേർന്ന് കിടക്കുന്നു. സംവരണം എന്നത് കൊണ്ടുമാത്രം സ്ത്രീ പങ്കാളികൾ ആക്കപ്പെടുന്നു, എന്നാൽ ഒരു താങ്ങില്ലാതെ വരുമ്പോൾ ഭരണപ്രകിയകളിൽ വെറും വിരലിലെണ്ണാവുന്നവർ മാത്രമായി സ്ത്രീകൾ ചുരുങ്ങുന്നു. 140 നിയമസഭാംഗങ്ങൾ ഉള്ള ഇന്നത്തെ നിയമസഭയിൽ 9 സ്ത്രീകൾ മാത്രമാണുള്ളത്. 127 അംഗങ്ങൾ ഉണ്ടായിരുന്ന 1957 ലെ ആദ്യത്തെ കേരള കമ്യൂണിസ്​റ്റ്​നിയമസഭയിൽ 6 സ്ത്രീകൾ ഉണ്ടായിരുന്നു. 63 വർഷങ്ങൾക്കിപ്പുറവും നാം ഏതാണ്ട് അതുപോലെത്തന്നെ നിലകൊള്ളുന്നു.

ആർജ്ജവമുള്ള സ്ത്രീ മന്ത്രിമാർ നമുക്കുണ്ടായി. എന്നാൽ ഒരു സ്ത്രീ മുഖ്യമന്ത്രി ഉണ്ടായില്ല.പുരുഷാധിപത്യത്തിന്റെ ഉരുക്കുകോട്ടകളാണ് ഭരണകേന്ദ്രങ്ങൾ എന്ന് തെളിയിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

3. ഒരു സ്ത്രീയെ സംബന്ധിച്ച്​ കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

വ്യക്തിപരമായി കുടുംബത്തിനകത്തു തീരുമാനം എടുക്കുകയും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യാറും ഉണ്ട്. അത് ഞാൻ ജനിച്ചു വളർന്നു വന്ന സാഹചര്യം അനുകൂലമായതുകൊണ്ടു മാത്രം ആണ്. വിദ്യാഭ്യാസം ഒരു ഘടകം തന്നെയാണ്. എന്നാൽ അതിനേക്കാളുപരി ഒരു പെൺകുഞ്ഞിനെ പൂർണ വ്യക്തിയായിക്കണ്ട്​ വളർത്തി വലുതാക്കാനുള്ള കുടുംബാന്തരീക്ഷവും ചുറ്റുപാടും വേണം. വിദ്യാഭ്യാസം കൊണ്ട് അവൾക്ക് ജീവിതമാർഗം നേടാം എങ്കിലും സ്വന്തം കാലിൽ നിന്ന് ചങ്കൂറ്റത്തോടെ ജീവിതം നേരിടാനുള്ള ആത്മവിശാസം കുടുംബത്തിൽ നിന്ന് ലഭിക്കണം. സർവ ആർജ്ജവത്തോടെ നീന്തിയാലെ ഒരു സ്ത്രീക്ക് തന്റേതായ ഒരിടം കണ്ടെത്താൻ കഴിയൂ. അതിന്​ ആത്മവിശ്വാസം കൂടിയേ തീരൂ. പലപ്പോഴും വിദ്യാസമ്പന്നരായ സ്ത്രീകൾ പോലും കുടുംബത്തിനകത്ത്​ നിശ്ശബ്ദരാവേണ്ടി വരുന്നത് അതുകൊണ്ടാണ്. സ്ത്രീ വിദ്യാസമ്പന്ന ആയി എന്നതുകൊണ്ട് മാത്രം കുടുംബത്തിൽ തീരുമാനം എടുക്കുന്നവളാവാൻ കഴിഞ്ഞു എന്നുവരില്ല. മാറ്റങ്ങൾ കണ്ടു തുടങ്ങിട്ടുണ്ട്. ഇനി വരുന്ന തലമുറകൾ അത് തിരുത്തും എന്ന് നമുക്ക് വിശ്വസിക്കാം.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

പ്രതികൂല സാഹചര്യങ്ങളിൽപോലും പഠിച്ച്​ ജോലി നേടുന്ന പെൺകുട്ടികൾ ആണ് നമുക്ക് ഇന്നുള്ളത്. അതിൽ അഭിമാനം ഉണ്ട്. ഇന്നത്തെ സാഹചര്യങ്ങളിൽ തൊഴിലിടങ്ങളിൽ സ്ത്രീകളുടെ അവസ്ഥ മെച്ചപ്പെട്ടിട്ടുണ്ട്. പക്ഷെ ഏറിയ ദൂരം ഇനിയും മുന്നോട്ടു പോവേണ്ടതുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീ- പുരുഷ അനുപാതം നോക്കിയാൽ സ്ത്രീകളുടെ എണ്ണം കുറഞ്ഞു തന്നെ ഇരിക്കുന്നു. ഒരു പരിധി കഴിഞ്ഞാൽ സ്ത്രീകൾക്ക് ഉദ്യോഗക്കയറ്റം ലഭിക്കുന്നത് ദുഷ്‌ക്കരമാകുന്നു. Management & Leadership roles ൽ സ്ത്രീകളുടെ എണ്ണം വളരെ കുറവാണ്​. അർഹതയുള്ള സ്ത്രീകൾ പലപ്പോഴും പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതെ പോകുന്നു, തഴയപ്പെടുന്നു എന്നതാണ് വാസ്തവം.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

ഓരോ പെൺകുഞ്ഞും പിറന്നു വീഴുന്നത് ചാർത്തപ്പെട്ട മുൻവിധികളിലേക്കാണ്. അവൾ എന്താവണം, എന്താവരുത് എന്ന് സമൂഹം കല്പിക്കുന്നു. യുഗങ്ങളായി conditioned ചെയ്യപ്പെട്ട ഒരു space ലേക്കാണ് അവൾ വരുന്നത്. ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും, നിലനിന്നുപോരുന്ന സങ്കൽപ്പങ്ങൾക്കനുസരിച്ചു ജീവിക്കാൻ അവൾ നിർബന്ധിതയാവുന്നു. കുടുംബം എന്ന സങ്കല്പം പടുത്തുയർത്തപ്പെടുന്നത് സ്ത്രീകളുടെ സഹനത്തിനു പുറത്താണ്. Sacrifice is sacred എന്ന് അവളെ പറഞ്ഞു പഠിപ്പിച്ചുകൊണ്ടേ ഇരിക്കുന്നു. മകൾ, സഹോദരി, കുടുംബിനി, അമ്മ എന്നിങ്ങനെ ഉള്ള ശക്തമായ images ന്റെ തടവറകളിൽ ആണ് ബഹുഭൂരിപക്ഷം സ്ത്രീകളും. ആ പരിമിതമായ ഇടുങ്ങിയ space ൽ നിന്ന് കൊണ്ട് സ്വയം ആവിഷ്‌ക്കരിക്കാൻ ചുരുക്കം ചില സ്ത്രീകൾ ശ്രമിക്കുന്നു എന്നേ പറയാൻ കഴിയൂ. പരിപൂർണമായ ഒരു സ്ത്രീ ആവിഷ്‌ക്കാരം എന്നത് ദുർലഭമാണ്​.

നിലനിന്നു പോരുന്ന അലിഘിത നിയമങ്ങളെ ചോദ്യം ചെയ്യാൻ തുടങ്ങിയാൽ അവൾ നല്ലവൾ അല്ലാതായി മാറുന്നു. അത് കുടുംബത്തിലായാലും, സമൂഹത്തിൽ ആയാലും. തന്റേതായ ഇടം കണ്ടെത്താൻ ശ്രമിക്കുന്ന സ്ത്രീകൾ താന്തോന്നികളായി ചിത്രീകരിക്കപ്പെടുന്നു, വേട്ടയാടപ്പെടുന്നു. ഇതെല്ലം ധീരമായി നേരിട്ടു വേണം സ്ത്രീക്ക് സ്വത്വം കണ്ടെത്താൻ . തനിക്കൊരു സ്വത്വം ഉണ്ടെന്നു തിരിച്ചറിയാതെ പോവുന്ന സ്ത്രീകളാണ് കൂടുതൽ. അത്രേമേൽ നാം conditioned ആക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.


Comments