1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?
ദീപ പി.എം: 2010 -ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീസംവരണം ഏർപ്പെടുത്തിയതിന്റെ ഫലമായി ആദ്യകാലങ്ങളിൽ അധികാരം പ്രയോഗിക്കാനുള്ള അവസരം സ്ത്രീകൾക്ക് ലഭിച്ചില്ലെങ്കിലും ഭരണനിർവഹണ ഇടങ്ങളിൽ സ്ത്രീകളുടെ സാന്നിധ്യം (visibility) ഉണ്ടായി എന്നത് വളരെ പ്രധാനപ്പെട്ട ഒന്നായിത്തന്നെ കാണുന്നു. ആദ്യകാലങ്ങളിൽ അധികാരശേഷിയുള്ള പുരുഷന്റെ ഭാര്യ/മകൾ/ സഹോദരി എന്നിവരെ നിയോഗിച്ച പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇവിടെ അധികാരതലത്തിൽ പിൻസീറ്റ് ഡ്രൈവിംഗ് തന്നെയാണ് നടന്നുപോകുന്നത്. അതുവരെ പുറത്തിറങ്ങാത്ത സ്ത്രീകളായിരുന്നു അന്ന് ഭരണത്തിലെത്തിയത്.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ഭരണാധികാരത്തിലുള്ള സ്ത്രീപ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പിന്നിടുകയാണ്. ഈ 10 വർഷം സ്ത്രീശാക്തീകരണത്തിന്റെ കഴിവുതെളിയിച്ച ഒരു കാലഘട്ടം തന്നെയാണെന്ന് നാം ഉറപ്പിച്ചു പറയേണ്ടിയിരിക്കുന്നു. സഹനത്തിന്റെയും മാതൃത്വത്തിന്റെയും പ്രണയത്തിന്റെയുമൊക്കെ ലഹരി മാത്രം നുണഞ്ഞിരുന്ന സ്ത്രീ അധികാരത്തിന്റെ ലഹരി പതുക്കെ അറിയാൻ തുടങ്ങുകയാണ്, അധികാരത്തിലെത്തിപ്പെടുന്ന സ്ത്രീ അഞ്ചുവർഷത്തെ കാലയളവിനുള്ളിൽ ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ഒരു വികാസത്തിലേക്ക് എത്തിച്ചേരുന്നത് നമുക്ക് കാണാൻ കഴിയും.
ആദ്യമാദ്യം അടങ്ങിയൊതുങ്ങി, അനുസരിച്ച്, ആരുടെയോ ഔദാര്യം കൊണ്ടാണ് താൻ ഇവിടെ എത്തിയതെന്ന നിഷ്‌കളങ്കമായ വിനയം അവളുടെ മുഖമുദ്രയായിരിക്കും. പതുക്കെ ഇടപെടലുകളിലൂടെയും അനുഭവങ്ങളിലൂടെയും അവൾ പക്വത പ്രാപിക്കും. തന്റെ ലിംഗപദവിയെക്കുറിച്ച് അവൾ ബോധവതിയാകും. തന്റെ ഉത്തരവാദിത്വൾ, കടമകൾ തുടങ്ങിയവയെല്ലാം നിറവേറ്റാൻ അവൾ തീർത്തും പ്രാപ്തയാകുമ്പോഴേക്കും ആ ഭരണ കാലയളവ് അവസാനിച്ചിരിക്കും.
ഇങ്ങനെ ഭരണപാടവമുള്ള, അനുഭവസമ്പന്നരായ സ്ത്രീകൾ പിന്നീട് ഭരണരംഗത്തു വരുന്നത് വളരെ കുറവാണ്.
2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?
50% സംവരണം നൽകിത്തുടങ്ങിയ കാലത്ത് മത്സരിക്കാൻ സ്ത്രീകളെ കിട്ടുന്നില്ല എന്ന പരാതി പൊതുവേ ഉയർന്നുവന്നിരുന്നു. എന്നാൽ ഇന്ന് ആ അവസ്ഥ മാറി. കുടുംബശ്രീ പ്രവർത്തനങ്ങളിലൂടെ യും മറ്റും കഴിവുറ്റ സ്ത്രീകളുടെ വലിയൊരു കൂട്ടം തന്നെ നാട്ടിൻപുറങ്ങളിലൊക്കെ ഉണ്ടായിവന്നു.
അടുക്കളയിൽ മാത്രം ഒതുങ്ങിക്കൂടിയിരുന്ന സ്ത്രീകൾ നാടിന്റെ വികസനപ്രവർത്തനങ്ങളിലും പൊതു കാര്യങ്ങളിലുമൊക്കെ ഇടപെടുന്ന പൗരബോധമുള്ള സ്ത്രീയായി മാറി. വലിയ അക്കാദമിക വിദ്യാഭ്യാസമൊന്നും നേടിയവരല്ലെങ്കിൽക്കൂടി താൻ നിൽക്കുന്ന ഇടത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കുകയും പഠിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. സ്ത്രീകൾ Estimate-നെക്കുറിച്ചും Plan - നെക്കുറിച്ചും അടങ്കൽത്തുകയെക്കുറിച്ചുമൊക്കെ ഉറച്ച ബോധ്യത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ ആണധികാരത്തിന്റെ കോട്ടകൊത്തളങ്ങൾക്ക് വിള്ളലേൽക്കുക തന്നെയാണ് ചെയ്തത്.
വളരെ സുതാര്യമായ, നല്ല ഭരണം കാഴ്ചവെക്കുവാൻ സ്ത്രീകൾക്ക് കഴിയുമെന്ന ഉറച്ച ബോധ്യത്തിലേക്ക് സമൂഹത്തെ എത്തിക്കാൻ ഈ വർഷം തന്നെ ധാരാളം മതിയായി. സ്ത്രീയുടെ ഭരണശേഷി വളരെ വ്യക്തമായി തെളിയിക്കപ്പെട്ടിട്ടും നിയമസഭാ - ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 5% പോലും സ്ത്രീകളെ സ്ഥാനാർഥികളായി നിർത്താൻ ഒരു രാഷ്ട്രീയപാർട്ടിയും തയ്യാറാവുന്നില്ല എന്നത് അധികാരത്തോടുള്ള പുരുഷന്റെ ആർത്തിത്തന്നെയാണ് തുറന്നുകാട്ടുന്നത്.
സ്ഥാനാർഥികളെ അന്തിമമായി തീരുമാനിക്കുന്നത് രാഷ്ട്രീയപാർട്ടികളാണ്. ഈ രാഷ്ട്രീയപാർട്ടികളുടെ അധികാരകേന്ദ്രങ്ങളിലോ, നേതൃത്വസ്ഥാനങ്ങളിലോ ഒന്നുംതന്നെ സ്ത്രീകൾ ഇല്ല. പേരിനുമാത്രമല്ലാതെ സ്ത്രീകളെക്കൂടി ഉൾച്ചേർന്നുകൊണ്ട് ഒരു ആന്തരികനവീകരണം ഒരു രാഷട്രീയപാർട്ടിയും നടത്തുന്നില്ല എന്നുവേണം നമ്മൾ മനസ്സിലാക്കാൻ. അവർ തങ്ങളുടെതന്നെ തുടർച്ചയാണ് ആഗ്രഹിക്കുന്നത്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ സംവരണം മൂലം വലിയ അധികാരനഷ്ടം തന്നെയാണ് പുരുഷനേതൃനിരയ്ക്ക് സംഭവിച്ചത്.
മിക്ക രാഷ്ട്രീയപാർട്ടികളിലും സ്ഥാനാർഥിക്കുപ്പായമണിഞ്ഞ ആണുങ്ങൾ തമ്മിൽത്തല്ലുകയാണ്. നിയമസഭാ - ലോക്‌സഭാ ഇലക്ഷനുകളിലും ഈ സംവരണം നടപ്പിലായാൽ ഇവരുടെ മനോനില തന്നെ തകർന്നെന്നു വരും. കഴിവുറ്റ, പ്രാപ്തിയുള്ള സ്ത്രീകൾ എന്ന ധാരാളമുണ്ടെന്ന തിരിച്ചറിവും ഇത്തരക്കാർക്ക് തലവേദന ഉണ്ടാക്കുക തന്നെയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് രാഷ്ട്രീയപാർട്ടികളിൽ തീരുമാനമെടുക്കേണ്ട സ്ഥാനങ്ങളിൽ നിന്നും അവരെ ഒഴിച്ചു നിർത്താൻ ശ്രമിക്കുന്നത്.
3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?
സമൂഹത്തിലെ സജീവസാന്നിധ്യമാവാൻ തുടങ്ങിയതോടെ കുടുംബം, മതം തുടങ്ങിയ സ്ഥാപനങ്ങളിലെ ‘ഇരട്ടത്താപ്പ്' സ്ത്രീകൾ കൃത്യമായി മനസ്സിലാക്കാൻ തുടങ്ങി. ആദർശാത്മകബിംബങ്ങളെ സ്ത്രീകൾ (അകമേയെങ്കിലും) തിരസ്‌കരിക്കാൻ തുടങ്ങി. സ്ത്രീയുടെ അധ്വാനത്തിന്റെ വില തിരിച്ചറിഞ്ഞേ പറ്റൂ എന്ന നില വലിയൊരു ശതമാനം സ്ത്രീകളും കുടുംബത്തിനകത്ത് ഉണ്ടാക്കിയെടുത്തു.
അവൾ കൂടി അധ്വാനിച്ചു കൊണ്ടുവരുന്ന തുകയും ചേർത്ത് കെട്ടിപ്പൊക്കുന്ന സൗധങ്ങളിൽനിന്ന് ശ്വാസംമുട്ടി പലപ്പോഴും അവൾക്ക് വെറുംകൈയോടെ ഇറങ്ങേണ്ടിവന്നു. ‘നമ്മുടെ വീട് ' എന്ന ഓമനപ്പേരിൽ ചൂഷണം ചെയ്യപ്പെട്ട്, എല്ലാം അവന്റെ പേരിൽ മാത്രമാണെന്ന തിരിച്ചറിവ് വളരെ വൈകിയാണ് അവൾക്ക് ഉണ്ടാവുന്നത്. കുടുംബകോടതികളിലെ തിരക്ക് സൂചിപ്പിക്കുന്നത് സ്ത്രീബോധം ഉയരുന്നതിന്റെ ഗ്രാഫ് തന്നെയാണ്; അല്ലാതെ ഇവിടുത്തെ എല്ലാ ‘മൂല്യങ്ങളും ' ആകെത്തകർന്നുപോയി എന്നതല്ല. വ്യക്തി എന്ന നിലയിൽ തന്നെ അംഗീകരിക്കാത്ത ഒരിടത്തും സ്ത്രീയെ തളച്ചിടാൻ ഇന്ന് കഴിയില്ല.
കുടുംബത്തിനകത്ത് അധികാരത്തിന് വടംവലി ഉണ്ടാവരുത് എന്നാണ് എന്റെ വ്യക്തിപരമായുള്ള അഭിപ്രായം. സ്ത്രീയുടെ കഴിവുകൾ അംഗീകരിക്കുന്നതിൽ സന്തോഷമുണ്ടാവണം. ഉപാധികളില്ലാത്ത സ്‌നേഹം നിലനിൽക്കുന്നിടത്ത് ഇത്തരം ഈഗോകൾക്ക് സ്ഥാനമില്ല. കഴിവുള്ളവർ ചെയ്യട്ടെ എന്ന് കരുതും. ഓരോരുത്തരുടെയും കഴിവ് വ്യത്യസ്തമായിരിക്കും.
ഞാനില്ലെങ്കിൽ ഒന്നും നടക്കില്ല എന്ന ചിന്ത ഒഴിവാക്കുന്നത് നല്ലതാണ്; പ്രത്യേകിച്ച് രോഗാതുരമായ ഈ കാലത്ത്. എന്റെ അച്ഛന് 64 വയസ്സായി. അച്ഛൻ ഇക്കാലമത്രയും ജനിച്ചു ജീവിച്ച നാട്ടിൽ പലരോടും ദീപയുടെ അച്ഛനാണെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്നത് ഞാൻ കേൾക്കാറുണ്ട്. അതിൽ അച്ഛൻ സന്തോഷിക്കുന്നതാണ് ഞാൻ കാണാറ്. അച്ഛൻ ഒരു വലിയ രാഷ്ട്രീയ പ്രവർത്തകനോ, ഒരുപാട് പ്രസംഗിക്കുകയോ ചെയ്യുന്ന ഒരാളല്ല.
എന്നാൽ, ഈയടുത്ത ദിവസം എനിക്ക് ഒരു അനുഭവം ഉണ്ടായി. വളരെയധികം വായിക്കുകയും ചിന്തിക്കുകയും പ്രസംഗിക്കുകയും എഴുതുകയുമൊക്കെ ചെയ്യുന്ന ഒരാളെ ഞാൻ എന്റെ മോൾക്ക് പരിചയപ്പെടുത്തിക്കൊടുത്തു. അവരുടെ മകൾ എന്റെ അടുത്ത സുഹൃത്താണ്. ഞാൻ മോളോട് അവളുടെ പേര് പറഞ്ഞ് ആ ആന്റിയുടെ അച്ഛനാണ് എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ മകളായ എന്റെ സുഹൃത്തിനെ എന്റെ മോൾക്ക് നന്നായി അറിയാവുന്നതുകൊണ്ടാണ് ഞാൻ അങ്ങനെ പരിചയപ്പെടുത്തിയത്. എന്നാൽ അയാളെന്നോട് ചാടുകയായിരുന്നു. എന്നെക്കുറിച്ച് കുട്ടിക്ക് ഒന്നും അറിയാത്തതുകൊണ്ടാണ് എന്നൊക്കെ പറഞ്ഞു.
ഞാൻ അകമേ ചിരിച്ചു; ഇങ്ങനെയാണെങ്കിൽ ഇവിടുത്തെ സ്ത്രീകൾ എത്രമാത്രം, ഏത് ഉയരത്തിൽ ചാടണമെന്നോർത്ത്! കഴിഞ്ഞ ദിവസത്തെ മാതൃഭൂമിപത്രത്തിലെ ചരമകോളത്തിൽ അറിയപ്പെടുന്ന ഒരു SSA പ്രോഗ്രാം ഓഫീസർ മരിച്ചിട്ട് വന്ന വാർത്ത, ഇന്ന ആളുടെ ഭാര്യ അന്തരിച്ചു എന്നാണ്. അവസാനം കൊടുത്തിരിക്കുന്നു SSA പ്രോഗ്രാം ഓഫീസർ ആയിരുന്നു എന്ന്. അങ്ങനെയെന്തെല്ലാം... എന്തെല്ലാം! അകത്ത് ആർക്കും പുരോഗമനമൊന്നും നടന്നിട്ടില്ല. പുരോഗമനനാട്യക്കാർ ആണ് മിക്ക ആളുകളും. ഇത്തരത്തിലുള്ളവരാണ് പ്രശ്‌നക്കാർ. ഇവർ അധികാരത്തിന്റെ ലഹരിയറിയാവുന്നവരാണ്.
സംവരണത്തെ അവർ ഭയപ്പെടുകയാണ് ചെയ്യുന്നത്. അണികളായി മാത്രമേ അവർക്ക് സ്ത്രീകളെ ആവശ്യമുള്ളൂ. അതുകൊണ്ടാണ് ഞാൻ നേരത്തെ പറഞ്ഞതുപോലെ, പരിചയസമ്പന്നരായ വ്യക്തിത്വമുള്ള, ചിന്തയുള്ള, ശബ്ദമുള്ള സ്ത്രീകളെ സ്ഥാനാർഥിപ്പട്ടികയിൽ നിന്നും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒഴിവാക്കുന്നത്.
4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?
കുടുംബത്തിനകത്ത് രസമുള്ള പല കാഴ്ചകളും കാണാറുണ്ട്. തീരുമാനങ്ങളെടുക്കുന്നതും സാമ്പത്തികം കൈകാര്യം ചെയ്യുന്നതുമൊക്കെ സ്ത്രീകളായിരിക്കും. ‘എല്ലാം ഏട്ടന്റെ ഇഷ്ടം' എന്ന് പറഞ്ഞ് പ്രത്യക്ഷത്തിൽ അവർ രണ്ടാംപൗരയെപ്പോലെ അടങ്ങിയൊതുങ്ങി നിൽക്കും. അവർ ‘നല്ല പെണ്ണുങ്ങൾ' ആയി ജീവിച്ചുമരിക്കാൻ മാത്രം ആഗ്രഹിക്കുന്നവരാണ്. ജീവിതകാലം മുഴുവൻ അവർ അത് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ്. ഇവിടെ നടക്കുന്നതും പിൻസീറ്റ് ഡ്രൈവിങ് തന്നെയാണ്. ഇതും പാടില്ലാത്തതാണ്.
അപരത്വമില്ലാതെ, തനിക്ക് തോന്നിയത് പറയാൻ കഴിയുന്ന ഒരിടമാവണം കുടുംബം എന്നാണ് എന്റെ സങ്കല്പം. അങ്ങനെ open ആയ കുടുംബങ്ങൾക്കേ ഇനി നിലനിൽപ്പിന് സാധ്യതയുള്ളൂ. തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തികം കൈകാര്യം ചെയ്യാനുമൊക്കെ പുരുഷനെപ്പോലെത്തന്നെ സ്ത്രീകൾക്കും കഴിയും.
വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയപ്രവർത്തനം നടത്തുന്ന ആവിഷ്‌കാരം ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ കൂടുതലാണ്. എന്നാൽ കുടുംബത്തെ ഓർത്ത് അവരുടെ നെഞ്ച് സദാ മിടിച്ചുകൊണ്ടിരിക്കും. എന്റെ ഒരു ഡിവോഴ്‌സി ആയ സുഹൃത്ത് ഈയിടെ പറഞ്ഞ ഒരു കാര്യം ഞാൻ ഇവിടെ ഓർമിക്കുന്നു: ഡിവോഴ്‌സ് കഴിഞ്ഞിട്ട് വർഷം മൂന്നായി. വീട്ടിൽ ഒറ്റയ്ക്കാണ്. എന്നാലും, ചില പരിപാടികളിലോ മീറ്റിംഗുകളിലോ ഒക്കെയിരിക്കുമ്പോൾ വൈകുന്നേരമായാൽ നെഞ്ചിടിപ്പ് ഇപ്പോഴും പടപടാന്ന് കൂടുമെന്ന്.
വൈകി ചെല്ലേണ്ടിവന്ന ദിവസങ്ങളിലെ അവരുടെ ഓർമയാണത്. പറിച്ചെടുത്താൽ പോകാത്ത അത്ര ആഴത്തിൽ അത് പതിഞ്ഞുകിടപ്പുണ്ട്. കുടുംബം അവളുടെ സ്വാഭാവികമായ സർഗാത്മകതയെ എത്ര ബാധിക്കുന്നുവെന്ന് ഇനി കൂടുതൽ പറയേണ്ടില്ലെന്ന് തോന്നുന്നു.
5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?
സ്ത്രീയുടെ പ്രവർത്തനമണ്ഡലങ്ങളെ നിർവചിക്കുമ്പോൾ, അവളുടെ കുടുംബത്തിലേക്കാണ് ആദ്യ എത്തിനോട്ടം. ആരുടെ മകളാണ്, ആരുടെ ഭാര്യയാണ് എന്നൊക്കെ അറിയണം. സ്ത്രീ എഴുതിയ ഒരു പുസ്തകം കൈയ്യിൽ കിട്ടിയാൽ അവരുടെ ഫോട്ടോയും ബയോഡാറ്റയുമാണ് മിക്കവരും ആദ്യം നോക്കുക. അതിനുശേഷംമാത്രമേ അവളുടെ എഴുത്ത് പരിഗണിക്കപ്പെടുന്നുള്ളൂ.
സ്ത്രീ സംവരണം ഉണ്ടായേ പറ്റൂ. പക്ഷേ ഒരു സംവരണത്തിന്റെയും ആനുകൂല്യമില്ലാതെതന്നെ സ്ത്രീകൾ സ്വാഭാവികമായി അധികാരകേന്ദ്രങ്ങളിലെത്തുകയും നാടിന്റെ വ്യവഹാരങ്ങളിൽ സജീവമാകുകയും ചെയ്യുന്ന ഒരു കാലം വരണം. കുടുംബം, വിദ്യാലയം, സമൂഹസ്ഥാപനങ്ങൾ... എല്ലാം മാറേണ്ടതുണ്ട്. പുരുഷനെ മാറ്റിനിർത്തിക്കൊണ്ടുള്ള സ്ത്രീശാക്തീകരണം ഇനി ആവശ്യമില്ല. നമ്മുടെ സാമൂഹ്യസ്ഥാപനങ്ങളിലെ സങ്കുചിത ഇടങ്ങളെ വിശാലമാക്കാനുതകുന്ന ചിന്താപദ്ധതികളാണ് ഇനി ഉണ്ടാവേണ്ടത്. വിദ്യാഭ്യാസത്തിലൂടെ ഈഗോയെ കഴുകിക്കളയുമ്പോൾ മാത്രമേ അധികാരം വേണ്ട രീതിയിൽ വിനിയോഗിക്കാൻ സ്ത്രീയ്ക്കായാലും പുരുഷനായാലും കഴിയുകയുള്ളൂ.