മാധ്യമങ്ങളിൽ തീരുമാനങ്ങളിലെ സ്ത്രീ സാന്നിധ്യം തലയെണ്ണാൻ മാത്രം

‘ബാക്ക് സീറ്റ് ഡ്രൈവിംഗ്' എന്ന ആരോപണമൊക്കെ സ്ത്രീകൾ കുറെയൊക്കെ മറികടന്നിട്ടുണ്ട്- മാധ്യമ പ്രവർത്തക ഫെബിൻ കെ. മൻസൂർ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ഫെബിൻ: അധികാരം സ്വാഭാവികമായി എന്നുമാത്രമല്ല, അത് സംവരണം കൊണ്ടുമാത്രം ഉണ്ടായതല്ല എന്ന അവസ്ഥ വന്നു. 2010 നെ അപേക്ഷിച്ച് എതിർപ്പുകൾക്ക് പകരം പൊതുസമ്മതി സമൂഹത്തിൽ നേടിയെടുക്കാൻ സ്ത്രീകൾക്കായി. എല്ലാ പാർട്ടികളുടേയും സംഘടനാ സംവിധാനത്തിൽ സ്ത്രീകൾ നിർണായകമായി. സമരങ്ങളിലെ മുൻനിര പോരാളികളായി. ജലപീരങ്കികൾക്ക് മുന്നിലും ബാരിക്കേഡുകൾ ചാടിക്കയറാനും ഉരിശൻ മുദ്രാവാക്യം വിളിക്കാനും സ്ത്രീകൾ മാത്രം മതിയെന്നായി.

കുടുംബക്കാര്യം എന്ന ലേബലിൽ നിന്ന് ചിതറി അധികാരം എല്ലാ തട്ടിലേയും സ്ത്രീകളേയും ഉൾക്കൊള്ളുന്ന ഒന്നായി. സംവരണ
സീറ്റും മറികടന്ന് ജനറൽ വിഭാഗത്തിലും സിറ്റിംഗ് സീറ്റുകളിലും വനിതാ പ്രാതിനിധ്യമേറി. അറുപത് ശതമാനം വരെ പ്രാതിനിധ്യം ഉയർന്നപ്പോൾ ഹൈക്കോടതി ഇടപെട്ടത് നമ്മൾ കണ്ടതാണല്ലോ. മുക്രയിടുന്ന ആൺകോയ്മാ രാഷ്ടീയത്തെ കഴിവും തന്റേടവും ഇച്ഛാശക്തിയും കൊണ്ട് മൂക്കുകയറിട്ടിരിക്കുകയാണ് അധികാരത്തിന്റെ താഴെത്തട്ടിൽ സ്ത്രീകൾ.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

അത് തിരിച്ചറിയേണ്ട വലിയ യാഥാർത്ഥ്യമാണ്. തദ്ദേശതലത്തിൽ മികവ് തെളിയിച്ചിട്ടും പാർട്ടികളിലെ മുഖമായി വളരുന്നവർ വിരലിലെണ്ണാവുന്നവർ മാത്രമാണ്. ‘ബാക്ക് സീറ്റ് ഡ്രൈവിംഗ്' എന്ന ആരോപണമൊക്കെ സ്ത്രീകൾ കുറെയൊക്കെ മറികടന്നിട്ടുണ്ട്. എന്നാൽ 5 വർഷം മികച്ച പ്രകടനം നടത്തിയിട്ടും അവാർഡ് വാങ്ങിയിട്ടും ഒന്നുമല്ലാത്ത അവസ്ഥയിലേക്ക് മടങ്ങുന്നവരാണ് ഏറെയും.

മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തടസങ്ങൾ മാത്രമേയുള്ളൂ. എല്ലാത്തിനും അനുമതി തേടേണ്ടി വരുന്ന സംവിധാനത്തിനുള്ളിൽ തന്നെയാണ് ഇപ്പോഴും സ്ത്രീ. അത് മറികടന്നാലും കഴിവും ജനസമ്മതിയുമുള്ളവരെ പോലും താഴെത്തട്ടുകളിൽതന്നെ നിർത്തുന്ന ആൺകോയ്മാഭരണ സംവിധാനമാണ് നാട് ഭരിക്കുന്നത്. പാർട്ടിക്കുള്ളിലെ വീതംവെപ്പുകളിലും കിടമത്സരങ്ങളിലും പിടിച്ചുനിൽക്കാൻ എത്രപേർക്ക് കഴിയും?

എന്തിനേറെ പറയുന്നു, താഴെത്തട്ടിലെ സ്ത്രീ സാന്നിധ്യം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ഇടതുപാർട്ടികൾക്ക് പോലും കഴിഞ്ഞിട്ടില്ല. ലോകത്തിന്റെ അധികാര കോണുകളിൽ സ്ത്രീകൾ അവർക്ക് മാത്രം കഴിയുന്ന അത്യുന്നതങ്ങളിൽ നിന്ന് നമ്മളെ നോക്കി ചിരിക്കുമ്പോഴാണ് ഈ കണ്ണടയ്ക്കൽ എന്നോർക്കണം (കെ.കെ. ശൈലയെ മറന്നിട്ടില്ല).

3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചുവരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

തീർച്ചയായും, അനുഭവിക്കുക മാത്രല്ല ഒരു പ്രായം വരെ പാട്രിയാർക്കി സംവിധാനത്തിൽ ജീവിതം കടന്നു പോയിട്ടുണ്ട്. അധികാരവും സാമ്പത്തിക സ്വാതന്ത്ര്യവുമുള്ള സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന കുടുംബ പശ്ചാത്തലത്തിലാണ് വളർന്നത്. അതുകൊണ്ടുതന്നെ അനുസരണയും ഒതുക്കവും എന്ന ബോധം കുടുംബം ആഴത്തിൽ വളർത്തി.

എങ്കിലും കുടുംബത്തിനകത്തെ അധികാരം പണവുമായി ബന്ധപ്പെട്ടാണെന്ന് മനസിലാക്കാൻ വീട്ടമ്മയായി ഒതുക്കിയവരുടെ കലപിലകൾക്കായി. മറ്റൊരു വഴിയുണ്ടെന്ന് ആ നിസ്സഹായ ജീവിതങ്ങൾക്ക് അറിവുണ്ടായിരുന്നില്ല. സ്ത്രീകളുടെ സാമ്പത്തിക സ്വാതന്ത്ര്യം സമൂഹത്തിന്റെ അധികാരഘടനയെ പൊളിച്ചുപണിയാൻ ശേഷിയുള്ളതാണ്. ആ കാഴ്ചപ്പാടിൽ നിന്നതുകൊണ്ട് കുടുംബത്തിലെ പാട്രിയാർക്കിയെ തകർക്കാനായി. സ്വന്തം ജീവിതം എന്തെന്നും എങ്ങനെയെന്നും തീരുമാനിക്കാൻ ഓരോ പെൺകുട്ടിക്കും കഴിയുന്ന വലിയ സാധ്യതകളെയാണ് ഞാൻ ആഗ്രഹിക്കുന്നത്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

നേരത്തെ തദ്ദേശ ഭരണ സംവിധാനങ്ങളെക്കുറിച്ച് പറഞ്ഞ പോലെ തന്നെ, പുരുഷന്മാരാൽ നയിക്കപ്പെടുന്ന സംവിധാനമാണ് മാധ്യമരംഗം. തീരുമാനങ്ങളിലെ സ്ത്രീ സാന്നിധ്യം തലയെണ്ണാൻ മാത്രമാണ്. ശബ്ദമുയർത്തുന്ന, നിലപാടുകളുള്ളവരെ അപകടകാരികൾ എന്നുപോലും മേലധികാരികൾ കരുതുന്നു. ഉയർത്തുന്ന പ്രശ്‌നങ്ങളെ ലാഘവത്തോടെ കണ്ട്, മയപ്പെടുത്തി ആർജ്ജവം ചോർത്തി കളയുന്നതൊക്കെ സ്ഥിരം കാഴ്ചകളാണ്. ഈ കാഴ്ച മാറ്റാൻ സ്ത്രീകളാൽ നയിക്കപ്പെടുന്ന മാധ്യമ സംരംഭങ്ങൾ കൂടുതലായി വരണം. ആ മാറ്റം തുടങ്ങിക്കഴിഞ്ഞതിൽ ഏറെ സന്തോഷിക്കുന്നുമുണ്ട്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

ഇതിനുള്ള മറുപടി മുൻപുള്ള ഉത്തരങ്ങളിലുണ്ട്. ഒരു കാര്യം കൂടി പറയാം, കല്യാണത്തിനുശേഷം പഠനം നിർത്തുന്നതുപോലെ, കുടുംബത്തിനായി തൊഴിലുപേക്ഷിക്കുന്ന പെൺകുട്ടികൾ കൂടി വരികയാണ്. ഇങ്ങനെ അടച്ചിട്ട മുറികളിൽ സ്ത്രീകളേറുന്നതുകൊണ്ടുതന്നെയാണ് സമൂഹമാധ്യമങ്ങളിലെ തുറന്ന ചിന്തകളിൽ ഇവരുടെ സജീവ പങ്കാളിത്തമുള്ളത്. രാഷ്ട്രീയ - സാമൂഹ്യ പരിസരങ്ങളിലൊന്നും കണ്ടുമുട്ടാത്തവരാണ് ഏറെയും.

അപ്പോൾ കഴിയുന്ന സമയങ്ങളിലെ പരിമിതികളിലാണ് മിക്ക സ്ത്രീകളുടേയും ആവിഷ്‌കാര സ്വാതന്ത്ര്യം. ഇതൊന്നും മനസിലാക്കാതെയാണ് മൂക്കിന് താഴെ നടക്കുന്ന എല്ലാത്തിനോടും പ്രതികരിക്കാത്തതെന്തേ എന്ന മറുചോദ്യം. അതിന് ഒരു രാഷ്ട്രീയ ബന്ധം കൂടി ആരോപിച്ച് ആ തുറന്ന വാതിലുകളെ അടച്ചുകളയാമെന്നൊരു പൊതുബോധവുമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ വനിതാ സ്ഥാനാർത്ഥികൾക്കെതിരെ നടന്ന വസ്ത്രധാരണ വിവാദമൊക്കെ ഇതിന്റെ തുടർച്ചയാണ്. വിവാദത്തെ അതിന്റെ വഴിക്കുവിട്ട് ഞങ്ങളിങ്ങനെയാണ് എന്ന് ധൈര്യത്തോടെ പറയുന്നുണ്ട് പുതുതലമുറ.

അടക്കത്തേയും ഒതുക്കത്തേയും കാറ്റിൽ പറത്തിയാണ് സ്ത്രീകളുടെ മാറ്റം. നഗര വിശാലതയിലോ സമ്പന്ന പരിസരങ്ങളിലോ അല്ല ഈ തിരുത്തലുകളെന്നതും സന്തോഷിപ്പിക്കുന്നതാണ്. കൂപ്പുകൈയുമായി അച്ചടി ഭാഷയിൽ നോക്കി ചിരിച്ചവരുടെ കാലം എത്ര പെട്ടെന്നാണ് വിദൂരത്തായത്. ആവിഷ്‌കാരത്തിന്റെ പുതിയ തലങ്ങളിലാണ് സ്ത്രീകൾ. ഓരോ സ്ത്രീയുടേയും സ്വാതന്ത്ര്യം സമൂഹത്തിന്റെ കൂടിയാണെന്നത് തിരിച്ചറിയുന്ന കാലമാണ് ഇനി വരേണ്ടത്.


Comments