സംരംഭകയിലേക്കുള്ള എന്റെ യാത്രയിൽ അധികാരം അനുഭവിച്ചിട്ടുണ്ട്; പക്ഷെ, ‘പ്രിവിലേജു'കൾ പുറകിലുണ്ടായിരുന്നു

കേരളത്തിലെ രാഷ്ട്രീയപാർട്ടികളൂടെ നേതൃത്വങ്ങൾ പുതിയ ലീഡർഷിപ്പ് എവല്യൂഷനെ സ്വന്തം പദവിക്കുള്ള ഭീഷണിയായി മാത്രം കാണുന്ന- സ്​റ്റാർട്ടപ്പ്​ സംരംഭക ജോഷിന രാമകൃഷ്ണൻ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ജോഷിന രാമകൃഷ്​ണൻ: ‘ഒറ്റത്തവണതീർപ്പാക്കൽ' പോലുള്ള ഒരു സർക്കാർ പദ്ധതിയല്ലല്ലോ സ്ത്രീസംവരണം. ഇതുപറയുമ്പോൾ തന്നെ, കഴിഞ്ഞ പത്ത് വർഷങ്ങൾക്കുള്ളിൽ പൊതുരംഗത്തെ സ്ത്രീകൾക്കുണ്ടായ ദൃശ്യത വല്ലാതെ സന്തോഷിപ്പിക്കുന്നുണ്ട്. കുടുംബശ്രീ പോലുള്ള ഇടപെടലുകളിൽനിന്ന് പൊതുരംഗത്തേക്കുള്ള സ്വാഭാവിക പ്രയാണം ഒരു നല്ല കാഴ്ചയാകുന്നു. പിന്നെ കഴിവുള്ള സ്ത്രീകൾക്ക് ഭരണകാര്യങ്ങളിലുള്ള നൈപുണ്യത്തിന് മറ്റാരേയും പോലെ ആർജ്ജിക്കേണ്ട അനുഭവസമ്പത്തും ആവശ്യമുണ്ട്.

എന്നാൽ, ജാതി അടക്കമുള്ള ഇരട്ടവിവേചനം അനുഭവിക്കുന്നവർക്ക് ഇപ്പോഴും സ്ത്രീസംവരണത്തിലൂടെ മാത്രം പൊതുധാരയിൽ എത്താൻ കഴിയാതെ വരുന്നുണ്ട് എന്ന സത്യവും നമുക്ക് മുമ്പിലുണ്ട്.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

ശ്രദ്ധിക്കേണ്ട ഒരുകാര്യം, താഴെത്തട്ടിൽനിന്ന് നേതൃത്വത്തിലെത്താനുള്ള ഒരു സംഘടനാ സംവിധാനങ്ങളും ഇന്ന് കേരളത്തിൽ സജീവമല്ല എന്നതാണ്. എല്ലാ പാർട്ടികളും ടോപ്പ്ഡൗൺ അധികാര വിതരണ ശ്രേണികളാണിന്ന്. കേരളത്തിൽ സംഘടനകളേ കുറവാണ്. നമുക്ക് സെലിബ്രിറ്റികളും സാംസ്‌കാരികനായകരും മാത്രമേ ഉള്ളൂ. അതിനാൽ നേതൃത്വത്തിന് കഴിവുള്ളവരുടെ സ്വാഭാവികമായ ഉയർച്ച്ക്ക് പ്ലാറ്റ്‌ഫോമുകൾ കുറവാണെന്നാണ് പുറത്തുനിന്ന് നോക്കുന്ന എന്നെപ്പോലുള്ള വർക്ക് തോന്നുന്നത്. കേരളത്തിലെ രാഷ്ട്രീയപാർട്ടികളൂടെ നേതൃത്വങ്ങൾ പുതിയ ലീഡർഷിപ്പ് എവല്യൂഷനെ സ്വന്തം പദവിക്കുള്ള ഭീഷണിയായി മാത്രം കാണുന്നതുകൂടിയാകാം ഇതിനു കാരണം. ഇത് മാറേണ്ടതുണ്ട്.

3. ഒരു സ്ത്രീയെ സംബന്ധിച്ച്​ കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

അണുകുടുംബം എന്ന സ്‌പേസിൽ (ഞാൻ + പാർട്ണർ + മക്കൾ) ഞങ്ങളെ എല്ലാവരേയും ബാധിക്കുന്ന തീരുമാനങ്ങളെടുക്കാനും സാമ്പത്തിക കാര്യങ്ങൾ മുന്നിൽ നിന്നുതന്നെ കൈകാര്യം ചെയ്യാനുമുള്ള അവസ്ഥയുണ്ട്. എന്നാൽ എക്സ്റ്റൻഡന്റഡ് ഫാമിലിയിലേക്ക് നീളുമ്പോൾ അതെന്റെ കുടുംബമായാലും പാർട്ട്ണറുടെ കുടുംബമായാലും ‘ആണിന്' തന്നെ പ്രാധാന്യം വരുന്ന ഒരവസ്ഥയുണ്ട്. വിവാഹം/മരണം പോലുള്ള സാമൂഹിക ആചാരങ്ങൾ ഉൾപ്പെടുന്നതും ആവശ്യപ്പെടുന്നതുമായ ഒരവസരം വരുമ്പോൾ സ്ത്രീയെന്ന നിലയിൽ എന്റെ ‘സാമൂഹികനില' എങ്ങനേയോ വെറും നിഴലായി ഒതുങ്ങി പോകുന്നതായി അനുഭവപ്പെട്ടിട്ടുണ്ട്. പലപ്പോഴും അധികാരകേന്ദ്രീകരണമെന്നത് കുടുംബത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ ആര് ആരെ ഫോൺ വിളിയ്ക്കുന്നു എന്നതുപോലും വെളിവാക്കാറുണ്ട്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

ഐ.ടി. ജോലിക്കാരി എന്ന നിലയിൽ നിന്ന് ചെറിയ ഒരു സംരംഭകയിലേക്കുള്ള എന്റെ യാത്രയിൽ തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടെന്ന് തന്നെ പറയാം. തുല്യത ഒരു തൊഴിലിടത്തിൽ നിലനിർത്തുക എന്നത് ഒരു മാനേജീരിയൽ ഇടപെടൽ കൂടിയാണെന്ന തിരിച്ചറിവും ഇക്കാലയളവിൽ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ അധികാരം എനിക്ക് സാദ്ധ്യമായതിലും ഇത്തരമൊരു പരീക്ഷണത്തിലേക്കിറങ്ങാനും ഗുണമായി ഭവിച്ച ഒരുപാട് ‘പ്രിവിലേജു'കൾ പുറകിലുണ്ടെന്നും മനസ്സിലാക്കുന്നു. ഇടപെടുന്ന ഇൻഡസ്ട്രിയും എന്റെ തൊഴിൽപദവിയും കൂടിയാണ് അത് സാധ്യമാക്കുന്ന തിരിച്ചറിവോടെയാണ് ഇതുപറയുന്നതും.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്ന അണുകുടുംബത്തിൽ പുരുഷന്മാർ പാരന്റിങിലും വീട്ടുകാര്യങ്ങളിലും ഉത്തരവാദിത്വം പങ്കിട്ടെടുക്കുമ്പോൾ തന്നേയും ഇതിനൊക്കെ ആവശ്യമായി വരുന്ന ‘emotional labour' ഉം ‘mental load' ഉം അഭിസംബോധന ചെയ്യാറില്ല എന്ന് തോന്നാറുണ്ട്. ആരും കാണാത്ത ഇത്തരമൊരു അദൃശ്യഭാരം സ്ത്രീകളെ അവരുടെ പ്രവർത്തനമണ്ഡലത്തിൽ പ്രതികൂലമായി ബാധിക്കുന്നുണ്ടെങ്കിലും തിരിച്ചറിയുന്നവർ കുറവാവാം. ഇത്തരം കടമ്പകളെല്ലാം കടന്നുവെച്ച് വരുന്ന സ്ത്രീകളാവട്ടെ അവരുടെ ആവിഷ്‌ക്കാരങ്ങളാവട്ടെ പിതൃമേധാവിത്വത്തിന്റെ ചട്ടക്കൂട്ടിൽ വെച്ച് ഒരേ സ്‌കെയിലിൽ തന്നെയാണ് അളക്കപ്പെടുകയും ചെയ്യുക.


Comments