പുതിയ ജനറേഷൻ പെൺകുട്ടികളിൽ എനിക്കു വിശ്വാസമുണ്ട്

കുടുംബത്തിനകത്ത് തളച്ചിടപ്പെട്ടിരുന്നവരെ കുറച്ചു കൂടി വിശാലമായൊരിടത്ത് തളച്ചിടുന്നതിനു സമാനമാണ് പലപ്പോഴും തദ്ദേശ സ്വയംഭരണ രംഗത്തെ സ്ത്രീ പ്രാതിനിധ്യം എന്നും നിരീക്ഷിക്കാം-എഴുത്തുകാരിയും ഡോക്ടറുമായ ഖദീജ മുംതാസ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ഖദീജ മുംതാസ്: ഭരണം കൈയാളുന്ന സ്ത്രീ എന്നത് പ്രാദേശിക തലത്തിലെങ്കിലും ഒരു അസ്വാഭാവികതയോ അത്ഭുതമോ അല്ലാതെ സാധാരണക്കാർ കണക്കാക്കിത്തുടങ്ങിയിരിക്കുന്നു. ആദ്യ കാലത്ത് പൊതു രംഗത്തേയ്ക്കു വരുന്ന സ്ത്രീകളെ പുരുഷന്റെ ഡമ്മി എന്ന നിലയിൽ നോക്കിക്കണ്ടിരുന്നതിന് ഇന്ന് മാറ്റം വന്നിട്ടുണ്ട്. അവിശ്വാസവും പരിഹാസവും ‘നമ്മുടെ സ്വന്തം ആൾ' എന്ന അംഗീകാരത്തിലേക്ക് മാറിത്തുടങ്ങിയിട്ടുമുണ്ട്.

വളരെ ശുഷ് കാന്തിയോടെ കാര്യങ്ങൾ പഠിച്ചെടുക്കുകയും നാടിനും നാട്ടാർക്കും വേണ്ടി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീകൾക്കുള്ള അംഗീകാരം തന്നെയാണത്. കോവിഡ് കാലത്ത് ഈ പ്രവർത്തന മികവ് പലയിടങ്ങളിലും നാം കണ്ടതുമാണ്. സംവരണം നടപ്പിലാക്കിയതുകൊണ്ടു മാത്രം, അവസരങ്ങൾ ലഭിച്ചതു കൊണ്ടു മാത്രം സ്വയം കണ്ടെത്താനും ആവിഷ്‌കരിക്കാനും കഴിഞ്ഞവരാണവർ. എങ്കിലും കാര്യങ്ങളെല്ലാം ഏറെ ശുഭകരം എന്ന് പ്രാദേശികതലത്തിൽ പോലും പറയാറായിട്ടില്ല. തെരഞ്ഞെടുപ്പിനോടടുപ്പിച്ച് സ്ഥാനാർത്ഥി നിർണയം നടത്താനുളള അധികാരം ഇപ്പോഴും പുരുഷ കമ്മിറ്റികൾക്കു തന്നെ. അവരുടെ പരിഗണനാ മാനദണ്ഡങ്ങൾ അതിൽ പ്രതിഫലിക്കുകയും ചെയ്യും.

2. നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

തദ്ദേശ സ്വയംഭരണ രംഗത്തിനപ്പുറം തെരഞ്ഞെടുപ്പു രംഗത്തും അധികാരത്തിലും സ്ത്രീ പ്രാതിനിധ്യം പരിതാപകരം തന്നെ. നിയമ നിബന്ധനയില്ലാത്തതിനാൽത്തന്നെ പ്രാദേശിക തലത്തിൽ കഴിവു തെളിയിച്ചവരുൾപ്പെടെ, അവിടെത്തന്നെ കുടുങ്ങിക്കിടക്കുകയേയുള്ളു. അവരെ മുകളിലേയ്ക്ക് വളരാൻ വിടാത്ത വിധം ശക്തമാണ് രാഷ്ട്രീയത്തിലെ പുരുഷമേധാവിത്വം.

പഞ്ചായത്തു ഭരണ രംഗത്തുണ്ടായിരുന്നവരിൽ വലിയൊരു വിഭാഗം പിന്നീട് മത്സരിക്കാൻ നിൽക്കാതെ കുടുംബ ഭരണമെന്ന സ്വന്തം ലാവണത്തിലേയ്ക്ക് തിരിച്ചു പോകുന്നുമുണ്ടു്.ഒരാൾക്കു പകരം പലരാൽ ‘ഭരിക്കപ്പെടുന്ന' അവസ്ഥയെന്തിന് എന്നവർ ആലോചിച്ചെങ്കിൽ തെറ്റുപറയാനാവില്ല. കുടുംബത്തിനകത്ത് തളച്ചിടപ്പെട്ടിരുന്നവരെ കുറച്ചു കൂടി വിശാലമായൊരിടത്ത് തളച്ചിടുന്നതിനു സമാനമാണ് പലപ്പോഴും തദ്ദേശ സ്വയംഭരണ രംഗത്തെ സ്ത്രീ പ്രാതിനിധ്യം എന്നും നിരീക്ഷിക്കാം.

രാഷ്ട്രീയത്തെപ്പറ്റി കാലങ്ങളായി പുരുഷൻ ഉണ്ടാക്കിയെടുത്ത വികല സങ്കൽപ്പങ്ങളാണ് യഥാർത്ഥ പ്രശ്‌നമെന്നു തോന്നുന്നു. കാപട്യം, കാലുവാരൽ, രഹസ്യധാരണകൾ... ഇതൊന്നുമില്ലാതെ രാഷ്ട്രീയത്തിന്​ നിലനിൽക്കാനാവില്ല എന്ന പുരുഷ കൽപ്പിത ധാരണകൾ. തുറന്ന മനസ്സിനും ആത്മാർത്ഥതക്കും മുകളിൽ ഇവയ്‌ക്കൊക്കെ മേൽക്കൈ ഉണ്ടാവുകയും സ്ത്രീകൾക്ക് തങ്ങളുടെ ലെവലിലേയ്‌ക്കെത്താനുള്ള കഴിവുണ്ടായിരിക്കില്ല, അല്ലെങ്കിൽ എത്തേണ്ടതില്ല എന്ന ഒരു തീർപ്പിലേക്ക് പുരുഷനേതൃത്വം എത്തുകയുമാണ്. അതുകൊണ്ടു തന്നെ, വിജയ സാധ്യത കുറഞ്ഞ സീറ്റുകൾ മാത്രം നൽകി അവരെ തഴയുക എന്ന തന്ത്രമാണ് പലപ്പോഴും നടക്കുന്നത്.

വ്യവസ്ഥ മാറാതെ, വ്യവസ്ഥയുടെ സ്വാധീനം ഏറ്റവും കൂടുതലുള്ള രാഷ്ട്രീയത്തിൽ അത്ര പെട്ടെന്ന് മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിയ്ക്ക വയ്യ. കാലം മാറ്റം കൊണ്ടുവരുമായിരിക്കും. പുതിയ ജനറേഷൻ പെൺകുട്ടികളിൽ എനിക്കു വിശ്വാസമുണ്ട്. പൊതുജനത്തിന്റെ മനസ്സും മാറണം. സ്ത്രീ ഭരിച്ചാലും ശരിയാകും എന്ന തോന്നൽ അവരിലുമുണ്ടാകേണ്ടതുണ്ട്. ഒറ്റപ്പെട്ട നല്ല ഉദാഹരണങ്ങൾ ഇന്ന് അവരുടെ മുന്നിലുമുണ്ടല്ലോ.

3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

കുടുംബത്തിനകത്ത് സ്ത്രീക്ക് അധികാരമല്ല, സ്വന്തം വ്യക്തിത്വം, താൽപ്പര്യങ്ങൾ, സംരക്ഷിക്കാൻ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം. അധികാരം എന്ന വാക്ക് ഔചിത്യമില്ലാത്തതാണ്. അത് നിലനിൽക്കുന്ന വ്യവസ്ഥയുടെ ഭാഗമാണ്. മണ്ടിപ്പെണ്ണ്, വിവരമില്ലാത്തവൾ എന്ന നിലയിൽ നിന്ന് സ്ത്രീ വിടുതൽ നേടുന്നതോടെ അവൾ കുടുംബത്തിൽ അംഗീകരിക്കപ്പെടും.സാമ്പത്തിക സ്വാതന്ത്ര്യവും അതിന്റെ ഭാഗമാണ്. എന്റെ വ്യക്തിത്വം കുടുംബത്തിനകത്ത് വലിയ പോറലുകളില്ലാതെ ഇന്ന്​ നിലനിൽക്കുന്നുണ്ട്​.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

കൃത്യമായ പ്രവർത്തനരേഖകളുള്ള സംഘടനകളിലൊന്നും അംഗമായിരുന്നിട്ടില്ല. ഔദ്യോഗിക രംഗത്തെ സംഘടനകളിൽ അംഗമായിരിക്കുമ്പോഴും വ്യക്തിപരമായ സ്വാതന്ത്രൃവും അഭിപ്രായങ്ങളും കാത്തു സൂക്ഷിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്.

ഡോക്ടർ എന്ന നിലയിലുള്ള പ്രവർത്തനമേഖലയിൽ ലിംഗപരമായ അധികാര പ്രയോഗത്തേക്കാൾ അറിവ്, പരിചയം, ഔദ്യോഗികസ്ഥാനം എന്നിവയെ അടിസ്ഥാനപ്പെടുത്തിയുള്ള അധികാര-വിധേയ വ്യവസ്ഥ നിലനിൽക്കുന്നുണ്ട്. അധികാരസ്ഥാനത്തെത്തുന്ന സ്ത്രീകളും വ്യവസ്ഥയുടെ ഭാഗമായി പീഡകരാവുന്നതും അപൂർവതയല്ല. പ്രത്യേകിച്ച് ഞാൻ പ്രവർത്തിച്ച മെഡിക്കൽ അധ്യാപന രംഗത്ത് അതിന് സാധ്യതകളേറെ. കാലത്തിലൂടെ സ്വാഭാവികമായി ആർജ്ജിതമായ അധികാരസ്ഥാനത്തെ ഏറെ സർഗാത്മകമായി, രോഗീ -വിദ്യാർത്ഥീ സൗഹൃദപരമായി ഉപയോഗിക്കാനുളള സാധ്യതയും ധാരാളമുണ്ട്. അതിനു ശ്രമിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.

സാമ്പത്തിക കാര്യങ്ങൾ വളരെ ക്രിയാത്മകമായി നിർവഹിക്കുന്ന ഡിപ്പാർട്ടുമെന്റൽ മേധാവികളായ സ്ത്രീ സഹപ്രവർത്തകരെ കണ്ടിട്ടുണ്ട്. അത്തരമൊരു പൊസിഷനിൽ എത്തും മുമ്പ് പിരിഞ്ഞു പോന്നതിനാൽ ഒരു പേക്കിനാവ് ഒഴിവായിക്കിട്ടി എന്ന സമാധാനമാണ്. സ്ത്രീയായതു കൊണ്ടാവണമെന്നില്ല, എന്റെ സ്വഭാവഗതിക്ക് ഒട്ടും ഇണങ്ങാത്ത ഒന്നാണ് സാമ്പത്തിക കൈകാര്യ കർതൃത്വം.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

നിലനിൽക്കുന്ന അധികാര വ്യവസ്ഥയുടെ അടിസ്ഥാന യൂണിറ്റല്ലേ കുടുംബം. അത് സ്ത്രീയെ മാനസികമായും ശാരീരികമായും അതിനകത്തു തന്നെ കുടുക്കിയിടാൻ ശ്രമിച്ചു കൊണ്ടേയിരിക്കും. പ ക്ഷേ, സ്ത്രീ കുടുംബത്തിനകത്തു തന്നെ ഒതുങ്ങുന്നതിനു കാരണം വ്യവസ്ഥയോടുള്ള നിരുപാധിക വിധേയത്വം മാത്രമാവണമെന്നുമില്ല. വളരെ സങ്കീർണമാണ് സ്ത്രീക്ക്​ കുടുംബവുമായുള്ള ബന്ധം.കുടുംബം സ്ത്രീയുടെ ബന്ധനമാണെന്നു പറയുമ്പോഴും ,പുരുഷാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന സമൂഹത്തിൽ അത് അവളുടെ ആവിഷ്‌കാരങ്ങൾ സാധ്യമാകുന്ന സ്വാസ്ഥൃത്തിന്റെ ഏറ്റവും ചെറിയ ഇടം കൂടിയാണ്. അവളുടെ വ്യക്തിത്വം പ്രകടിതമാവുന്നയിടം. അവളുടെ സ്‌നേഹത്തിന്റെ ഇടം. തന്നേക്കാൾ ബലഹീനരായവരോടുള്ള കരുതലിന്റെ ധന്യത അനുഭവിക്കുന്നയിടം.

കുടുംബത്തെ ചൂണ്ടിക്കാട്ടിയുള്ള വിചാരണ അവൾ ഭയപ്പെടുന്നു എന്നതും സത്യമായിരിക്കാം. എങ്ങനെയായാലും കുടുംബ ജീവിതം താറുമാറാകാതെ പൊതുരംഗത്തു നിലനിൽക്കണമെന്നു തന്നെയാണ് ബഹുഭൂരിപക്ഷം കുടുംബിനികളുടെയും ആഗ്രഹം. പൊതുരംഗത്ത് ( തദ്ദേശ സ്വയംഭരണ രംഗത്ത്) ഒരുവട്ടം പയറ്റി ജയിച്ചിട്ട്, ഇനിയങ്ങോട്ടില്ലേയില്ല എന്നു പറയുന്ന സ്ത്രീയെ പത്രത്തിൽ കണ്ടു. പശുവിനെ കറന്നു കൊണ്ടിരുന്ന അവരുടെ മുഖത്ത് പ്രതിഫലിച്ചത് തന്റെ പ്രിയ ആവിഷ്‌കാര മണ്ഡലത്തിലേയ്ക്ക് തിരിച്ചെത്തിയതിന്റെ ആശ്വാസമാണെന്നു തോന്നി. കൃഷിയും വളർത്തുമൃഗങ്ങളും കുഞ്ഞുങ്ങളും കുടുംബാംഗങ്ങളുമൊക്കെയായി ആ മണ്ഡലത്തിൽ അവർ കൂടുതൽ സ്വതന്ത്രയും വൃക്തിത്വമുള്ളവളുമാണ് എന്നവർ തിരിച്ചറിയുന്നുണ്ടായിരിക്കാം. കുറച്ചു പ്രതിലോമപരം എന്നു കരുതാമെങ്കിലും ഇതും ഒരു യാഥാർത്ഥ്യമാണ്.

കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന സ്ത്രീ കൊടുക്കുന്നത് ജൈവികമായ ത്വരയുടെ ഭാഗമാണ്. അത്​ പഴയ പരമ്പരാഗത രീതിയിൽത്തന്നെ നിലനിർത്തണോ, തന്റെ പുറം ജീവിതത്തിനോട് ചേർന്നു പോകും വിധം പരിണാമത്തിനും ക്രിയേറ്റീവ് അഴിച്ചുപണിയലിനും വിധേയമാക്കണോ എന്നിടത്താണ് വ്യത്യാസം. പുരുഷന്റെയും മക്കളുടെയും മനസ്സിൽ വരെ ഉണ്ടാകേണ്ട, ഉണ്ടാക്കേണ്ട വൃതിയാനങ്ങൾ ഇതിലുൾക്കൊണ്ടിരിക്കുന്നു.
അസഹനീയമായ കുടുംബ ബന്ധങ്ങളിൽ നിന്ന് സ്വാതന്ത്രൃം നേടിയ ശേഷം അസാധാരണമാം വിധം പൊതുരംഗത്തും കലാരംഗത്തും ആവിഷ്‌കാകാരങ്ങൾ സാധ്യമാക്കിയ സ്ത്രീ ഉദാഹരണങ്ങളുമുണ്ടു് എന്നതും മറന്നു കൂടാ.
പുതുതായി പൊതുരംഗത്തേക്കു കടന്നു വരുന്ന പെൺകുട്ടികൾ അവരുടെ ഭാവി കുടുംബ ജീവിതത്തെ ബുദ്ധിപൂർവം വാർത്തെടുക്കും എന്നു തന്നെ നമുക്കു പ്രതീക്ഷിക്കാം.ഖദീജ മുംതാസ്

എഴുത്തുകാരി, നോവലിസ്​റ്റ്​. കോഴി​ക്കോട്​ മെഡിക്കൽ കോളേജിൽ സ്​ത്രീരോഗ വിഭാഗത്തിൽ പ്രൊഫസറായിരുന്നു. ആത്മതീർഥങ്ങളിൽ മുങ്ങിനിവർന്ന്​, ഡോക്​ടർ ദൈവമല്ല, ബർസ (നോവൽ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments