കരിയറിലെ മേൽക്കോയ്മകൾ മറികടക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുണ്ട്

നാളെയെ കുറിച്ചുള്ള എന്റെ സ്വപ്നത്തിലൊന്ന്, ആത്മാഭിമാനമുള്ള സ്ത്രീകളുടെ ഉയിർത്തെഴുന്നേൽപ്പാണ്- ഗായികയും ക​മ്പോസറുമായ പുഷ്​പവതി സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

പുഷ്പവതി: അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിൽ സ്വാഭാവികതയായി മാറിയിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ പ്രാതിനിധ്യം കൂടിയിട്ടുണ്ടെങ്കിലും ഉന്നതതാധികാര ശ്രേണിയിൽ ഇന്നും സ്ത്രീ സ്വത്വ ഭാഷയറിയുന്ന, കഴിവുള്ള സ്ത്രീകൾ അപൂർവമായേ എത്തുന്നുള്ളു. ഇന്ത്യയിലൊട്ടാകെയും കേരളത്തിൽ പ്രത്യേകിച്ചും നിയമസഭ -ലോക്‌സഭ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് അധികാര ശക്തിയായി ഉയർന്നുവരണമെങ്കിൽ നേതൃതലത്തിൽ നിന്നുതന്നെ മാറ്റങ്ങൾ ഉണ്ടായി വരണം.

സ്വാതന്ത്ര്യം കിട്ടി 73 വർഷം കഴിഞ്ഞിട്ടും കേരളത്തിൽ വനിത മുഖ്യമന്ത്രി ഉണ്ടാവാതിരുന്നത് പുരുഷധികാര നില മാറ്റമില്ലാതെ തുടരുന്നതുകൊണ്ടാണ്. വനിത ക്ഷേമ, സാമൂഹ്യ നീതി, ശിശു ക്ഷേമ വകുപ്പുകൾക്കൊപ്പം ആഭ്യന്തര വകുപ്പ് കൂടി സ്ത്രീസ്വത്വ ഭാഷയറിയുന്ന സ്ത്രീകളിൽ വന്നുചേരണം.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

ആത്യന്തികമായി ഒരു സ്ത്രീയുടെ ജനനം തൊട്ട് തന്നെയുള്ള അവളുടെ വളർച്ചയാണ് കുടുംബത്തിനകത്തെ സ്വാതന്ത്ര്യവും അധികാരവും നിർണയിക്കുക. ആൺ- പെൺ വ്യത്യാസമില്ലാതെ ഒരുപോലെ കളിച്ചു വളരാനും കൂട്ടുകൂടാനും ആരോഗ്യപരമായ ആശയ സംവേദനങ്ങൾക്കും സാധ്യത ഉണ്ടാകേണ്ടത് സമൂഹത്തിന്റെ ഒന്നാകെയുള്ള ആരോഗ്യകരമായ വളർച്ചക്ക് ആവശ്യമാണ്.

സ്ത്രീകളെ അടക്കിയൊതുക്കി നിർത്തുന്നതിലൂടെയാണ് പുരുഷധിപത്യപരവും രോഗാതുരവുമായ സമൂഹം സൃഷ്ടിക്കപ്പെടുന്നത്. ഇത്രയധികം ശിശു പീഡനങ്ങളും, സ്ത്രീ പീഡനങ്ങളും ഉണ്ടാകുന്നത് രോഗാതുരമായ സമൂഹത്തിന്റെ ലക്ഷണമാണ്.

3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

എന്റെ തൊഴിലിടം എന്നത് സംഗീതമാണ്. കരിയറിന്റെ തുടക്കത്തിൽ മേൽക്കോയ്മകൾ സ്വഭാവികമായും അനുഭവപ്പെട്ടിട്ടുണ്ട്​, എന്നിരുന്നാലും അതിനെ മറികടക്കുന്നതിൽ ഞാൻ വിജയിച്ചിട്ടുണ്ട്. സ്വയം സംഗീതം ചെയ്ത ഗാനങ്ങൾ ഹിറ്റ് ആയതിലൂടെ ഒരുപാട് പ്രോഗ്രാമുകൾ എന്റെ നേതൃത്വത്തിൽ നടത്താൻ കഴിഞ്ഞു.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

സ്ത്രീകൾക്ക് ജൈവപരമായ ഒരു കെട്ടിയിടൽ ഉണ്ടാകുന്നത് കുഞ്ഞുങ്ങൾ ഉണ്ടാകുമ്പോഴാണ്. കുടുംബത്തിനകത്ത് പരസ്പരം ഉത്തരവാദിത്തം ഉള്ള ബന്ധമാണ് ഉണ്ടാകേണ്ടത്. കുടുംബത്തിനകത്തെ തൊഴിൽ വർഗീകരണം ഒഴിവാക്കേണ്ടതുണ്ട്. കാലങ്ങളായി സ്ത്രീയുടെ തലയിൽ കെട്ടിവെച്ചിട്ടുള്ള കുലീന കുല സ്ത്രീ സങ്കൽപം അതിനു തടസ്സമാണ്. സ്വാതന്ത്ര്യബോധത്തിനൊപ്പം പരസ്പര വിശ്വാസത്തിലും സ്‌നേഹത്തിലും ഉറച്ച പാരസ്പര്യത്തിലൂടെയുമാണ് നല്ല കുടുംബന്തരീക്ഷം ഉണ്ടാകുന്നത്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

പരസ്പര ബഹുമാനവും അവരവരുടെ സമയത്തിന് വിലയും ഉണ്ടാകണം. നാളെയെ കുറിച്ചുള്ള എന്റെ സ്വപ്നത്തിലൊന്ന്, ആത്മാഭിമാനമുള്ള സ്ത്രീകളുടെ ഉയിർത്തെഴുന്നേൽപ്പാണ്.


Comments