ഞാൻ ആ അതിർവരമ്പുകൾ സ്വയം തകർക്കുകയാണ് ചെയ്തത്

ലിംഗ നിർണയം നോക്കിയുള്ള അധികാര വിഭജനം തികച്ചും അസംബന്ധമാണ്, കാരണം 50% സംവരണം സ്ത്രീകൾക്ക് നൽകുമ്പോൾ 50 % അടിമത്തം അടിച്ചേൽപ്പിക്കുന്നു-ദളിത് ഹ്യൂമൻ റൈറ്റ്സ് മൂവ്മെൻറ്​ ജനറൽ സെക്രട്ടറി സെലീന പ്രക്കാനം സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

സെലീന പ്രക്കാനം:50 % സ്ത്രീ സംവരണം നടപ്പിലാക്കി ഒരു പതിറ്റാണ്ട് പൂർത്തീകരിക്കുമ്പോൾ, അതിന്റെ പുനർവിചാരണയിൽ ആദ്യമേ തന്നെ പറയട്ടെ, ലിംഗ നിർണയം നോക്കിയുള്ള അധികാര വിഭജനം തികച്ചും അസംബന്ധമാണ്, കാരണം 50% സംവരണം സ്ത്രീകൾക്ക് നൽകുമ്പോൾ 50 % അടിമത്തം അടിച്ചേൽപ്പിക്കുന്നു. മാത്രമല്ല ലിംഗത്തിന്റെ അടിസ്ഥാനത്തിലാണോ, തലച്ചോറിലെ ബുദ്ധിയുടെ അടിസ്ഥാനത്തിലാണോ, ഒരു വ്യക്തിയുടെ കഴിവ്​ അളക്കുന്നത് ? ലിംഗവ്യത്യാസം എന്നത് വിവാഹ മാനദണ്ഡവും, തലമുറ സൃഷ്ടിയുമാണ് ലക്ഷൃം വയ്ക്കുന്നത്.
തീർച്ചയായും അധികാരതലത്തിൽ സ്ത്രീ സ്വാഭാവികതയായി മാറി കഴിഞ്ഞിരിക്കുന്നു. എന്നാൽ, ആ അധികാര പദവി പ്രാവർത്തികമാക്കണമെങ്കിൽ പുരുഷന്റെ നിർദേശങ്ങളും, അഭിപ്രായവും, തീരുമാനവുമുണ്ടായിരിക്കണം.

2. നിയമസഭ - ലോക്​സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ നേതൃത്വത്തിൽ മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

ഇവിടെ 50 % സ്ത്രീ സംവരണവ്യവസ്ഥയുടെ ഉദ്ദേശ്യശുദ്ധി ഇതിൽ നിന്നുതന്നെ നമുക്ക് മനസിലാക്കാൻ കഴിയും. സ്ത്രീ സംവരണം അവരെ അധികാര, ഭരണതലങ്ങളിൽ സ്വയം പ്രാപ്തമാക്കുന്നതിനാണോ അതോ, അവരുടെ നാവ് അടപ്പിക്കുന്നതിനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു ചോദ്യം: സ്ത്രീ- പുരുഷ സമത്വം പറയുന്ന സമൂഹത്തിൽ രാഷ്ട്രീ​യ, സാമുദായിക സംഘടനകളുടെ തലപ്പത്ത് പുരുഷന്മാരുടെ എണ്ണത്തിന് തുല്യമായ സ്ത്രീ പ്രാതിനിധ്യം ഉണ്ടാകുന്നുണ്ടോ? ഇവരുടെ പരമോന്നത പദവികളിൽ എത്ര സ്​ത്രീകൾ വന്നിട്ടുണ്ട്? ഇത്തരത്തിലുള്ള സംഘടനകളുടെ പോക്കറ്റ് സംഘടനകളാക്കി (മഹിള, വനിത ) എന്നിങ്ങനെ വേർതിരിച്ചിരിക്കുന്നു, സ്ത്രീകൾ അവരുടെ ക്ഷേമം മാത്രം നോക്കിയാൽ മതിയോ?

3. ഒരു സ്ത്രീയെ സംബന്ധിച്ച്​ കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

നമ്മുടെ സമൂഹത്തിൽ 10% കുടുംബങ്ങളിൽ മാത്രമാണ് സ്ത്രീകൾ കുടുംബ ഭരണം ക്രമപ്പെടുത്തുന്നത്, ഒരു കുടുംബത്തിലെ സാമ്പത്തികം സ്ത്രീയോ പുരുഷനോ ഒറ്റക്ക് ചെയ്യേണ്ടതല്ല, അത് രണ്ടുകൂട്ടരും പരസ്പരം ചർച്ച ചെയ്ത് വിനിയോഗിക്കേണ്ടതാണ്. റേഷൻ കാർഡിൽ മാത്രമാണ് സ്ത്രീ ഗൃഹനാഥ. യഥാർത്ഥ ജീവിതത്തിൽ പുരുഷൻ തന്നെയാണ്. വീടിനുള്ളിൽ പെൺകുട്ടികൾ ചില നിബന്ധനങ്ങൾക്ക് വിധേയമായി ജീവിക്കുന്നു. വിവാഹ കമ്പോളത്തിൽ മാർക്കറ്റ് കൂട്ടുന്നതിന് മാത്രമുള്ള വിദ്യാഭ്യാസം ചെയ്യിക്കൽ. ‘നീ പെൺകുട്ടിയാണ്, മറ്റൊരു വീട്ടിൽ പോകേണ്ടവളാണ്, അച്ചടക്ക മുള്ളവളായിരിക്കണം'... ഇത്തരത്തിൽ ജീവിക്കുന്ന പെൺകുട്ടികൾ വിവാഹശേഷം ഭർതൃവീട്ടിൽ അഭിപ്രായ സ്വാതന്ത്യമില്ലാത്തവളാകുന്നു. ജീവിതത്തിന്റെ തിക്താനുഭവങ്ങൾ തുറന്നുപറയാൻ കഴിയാതെ കൊലപാതകത്തിലോ ആത്മഹത്യയിലോ അഭയം തേടുന്നു, അതുമല്ലങ്കിൽ, ജീവിതകാലം മുഴുവൻ വിധിയെ പഴിച്ച് ജീവിച്ചു തീർക്കുന്നു. സ്വന്തം വീട്ടിൽ അഭിപ്രായ സ്വാതന്ത്ര്യത്തോടെ ജിവിക്കട്ടെ, സാമ്പത്തീക മുൾപ്പെടെയുള്ള കുടുംബ കാര്യങ്ങൾ അവരുമായി ചർച്ച ചെയ്യുക, അഭിപ്രായം ചോദിക്കുക, ഉത്തരവാദിത്വങ്ങൾ ഏൽപിക്കുക. അവർക്ക് താൽപര്യമില്ലാത്തതിനെ അടിച്ചേൽപ്പിക്കാതിരിക്കുക, വിമർശിക്കാനും, എതിർക്കാനുമുള്ള സ്വാതന്ത്രം നൽകുക.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

രാഷ്ടീയ സംഘടനകളിൽ സ്ത്രീക്ക് തുല്യ പദവിയാണന്ന് പറയുമ്പോൾ, അധികാരം നടപ്പിലാക്കുന്ന പ്രായോഗിക തലങ്ങൾ അവൾക്ക്​ പ്രാപ്തമല്ല. കാരണം, പല ഇടങ്ങളിലും പുരുഷന്മാരുടെ പിൻസീറ്റ് ഡ്രൈവിംഗാണ്. ഇന്നത്തെ രാഷ്ട്രീയ കേരളത്തിൽ, നമ്മുടെ മന്ത്രിസഭയിലെ സമുന്നത നേതാവാണ് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കോവിഡിനെ തുടർന്ന് ആദ്യ ദിവസങ്ങളിൽ രോഗത്തിന്റെ റിപ്പോർട്ട് വാർത്താസമ്മേളനത്തിലൂടെ പൊതുസമൂഹത്തെ അറിയിച്ചു കൊണ്ടിരുന്നത് അവരായിരുന്നു, പിന്നീട്​ കാണാൻ കഴിഞ്ഞത്, മുഖ്യമന്ത്രി പിണറായി വിജയൻ റിപ്പോർട്ട് അവതരിപ്പിക്കുന്നതാണ്, ഇത്​ പുരുഷമേധാവിത്വമായി ആർക്കും മനസിലാകും.

തീർച്ചയായും, ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ പ്രതിനിധീകരിച്ച മേഖലകളിൽ അധികാരം അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്. എല്ലാ പെൺകുട്ടികളെയും പോലെ എന്റെ ചുറ്റിലും അതിർവരമ്പുകളുണ്ടായിരുന്നു. എന്നാൽ, എന്റെ സാമൂഹ്യ ജീവിതത്തിൽ ഞാൻ ആ അതിർവരമ്പുകൾ സ്വയം തകർക്കുകയാണ് ചെയ്തത്. അതുകൊണ്ട് ഉറച്ച നിലപാടും അഭിപ്രായങ്ങളും, തീരുമാനങ്ങളുമെടുക്കാൻ എനിക്ക് കഴിയുന്നു.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

ഇവിടെ ഒരു സാംസ്‌കാരികതയുടെ പ്രശ്‌നമുണ്ട്. പൊതുവിടങ്ങൾ നിരസിക്കുന്ന സാംസ്‌കാരികത. കുംടുംബമെന്നാൽ സ്ത്രീകളുമായി കൂട്ടിച്ചേർക്കപ്പെടേണ്ടതാണ്, അത് പുരുഷനിൽ നിന്ന്​ അകറ്റി നിർത്തപ്പെടുന്നതിന്റെ ബോധം എന്താണ്? ഇവിടെ, സർവമേഖലകളിലും സ്ത്രീക്ക് അവളുടെ കഴിവും മികവും തെളിയിക്കാൽ കഴിയും. പക്ഷേ അത് ചില ഔദാര്യങ്ങൾ മാത്രമായി പരിഗണിക്കപ്പെടുന്നു.

ഒരു അനുഭവം സൂചിപ്പിക്കാം. ഞാൻ, പഞ്ചായത്ത്​ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഒരു വനിതാ സ്ഥാനാർത്ഥിയെ പരിചയപ്പെട്ടു. കൂടെ അവരുടെ ഭർത്താവുമുണ്ട്​. ആ സ്ത്രീ വളരെ നിശബ്ദയായി കാണപ്പെട്ടു, ഭർത്താവാണ് അവരെ ഞങ്ങൾക്ക് പരിചയപ്പെടുത്തുന്നത്, അതോടൊപ്പം അയാൾ പറയുന്നു, ‘ഞാൻ ഒരു ദിവസം പോലും ഇവളോടൊപ്പം പ്രചാരണത്തിന് ഇറങ്ങുകയില്ല. അതെല്ലാം ഇവളോട് പറഞ്ഞിട്ടുണ്ട്’.

ആ സ്ത്രീ നിസഹായയായി ഭർത്താവിനെ നോക്കുന്നു. തന്റെ ഭാര്യ ജനവിധി തേടാൻ പോകുകയാണല്ലോ. അവൾക്ക് മറ്റാരേക്കാളും പ്രോത്സാഹനവും പിന്തുണയും കരുതലും തന്റെ ഭാഗത്തു നിന്ന്​ കൊടുക്കേണ്ടതിന്റെ ആവശ്യകത ആ ഭർത്താവ് മറന്നുപോയിരിക്കുന്നു. ഇത് സാധാരണ ഒരു കുടുംബത്തിലെയല്ല, ഉന്നതനിലയിലുള്ള ഒരു കുടുംബത്തിലെ സ്ത്രീക്ക് നേരിടേണ്ടി വന്ന അവസ്​ഥയാണ്​. സ്ത്രീയുടെ ചിന്തക്കും കഴിവിനും അംഗീകാരം നൽകുക, അതിനുള്ള അവസരം ഒരുക്കുക, ലിംഗ വ്യത്യാസം മാറ്റി കഴിവിന്റെ അടിസ്ഥാനത്തിൽ അധികാര ഭാഗംവയ്ക്കൽ നടത്തുക.
സമൂഹത്തിന്റെ മുഖ്യധാരയിൽ പ്രവർത്തിക്കുന്ന പ്രമുഖയായ ഒരു സഹോദരിയെ ഞാൻ കാണാൻ പോയി. വിഷയം: സാമൂഹ്യ വിഷയങ്ങളും പരിഹാരവും. ‘സ്ത്രീകൾ പുരുഷമേധാവിത്വത്തിൽ നിന്ന്​ സ്വതന്ത്രയാവണം, ഏതൊരഭിപ്രായവും സ്ത്രീകൾ സ്വന്തമായി എടുക്കണം, അതിന്​ കഴിയാത്തതാണ് നമ്മുടെ പരാജയം’ എന്നായിരുന്നു അവർ പറഞ്ഞുതുടങ്ങിയത്​. മണിക്കൂറുകൾ ഞങ്ങൾ സംസാരിച്ചു. ചർച്ച കഴിയാറായപ്പോൾ ഞാൻ ചോദിച്ചു; ‘നമ്മൾ ചർച്ച ചെയ്ത വിഷയത്തിന്റെ തീരുമാനം അറിയിക്കണം, നമുക്ക് ഒരുമിച്ച് മുന്നോട്ടു പോകാം'. അതിന് അവർ പറഞ്ഞ മറുപടി, ‘ഞങ്ങളുടെയൊരു സാർ ഉണ്ട്, അദ്ദേഹത്തോട് ചോദിച്ചിട്ട് പറയാം, ഞാൻ ആ സാറിന്റെ നമ്പർ തരാം നിങ്ങൾ ഒന്ന് വിളിച്ച് സംസാരിക്കണം, അദ്ദേഹം സമ്മതിച്ചാൽ മാത്രമേ എനിക്ക് എന്തെങ്കിലും ചെയ്യാൻ പറ്റൂ’ എന്നാണ്.

സത്യത്തിൽ അത്രയും സമയം സംസാരിച്ചിരുന്ന ഞാൻ വല്ലാത്തൊരു മാനസികാവസ്ഥയിലായി, കാരണം സമൂഹത്തിൽ അതിശക്തമായി അഭിപ്രായം പറയുകയും നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ ഭാഗത്തു നിന്നാണ് ഇത്തരം മറുപടി വന്നത്. സ്ത്രീകളുടെ ഇത്തരം വിധേയത്വമാണ് ഇന്ദിരാഗാന്ധിക്ക് ശേഷം ഇന്ത്യയിൽ ഒരു സ്ത്രീ പ്രധാനമന്ത്രി ഉണ്ടാകാത്തതിനും കേരളത്തിൽ ഒരു സ്ത്രീ പോലും മുഖ്യമന്ത്രി ആകാത്തതിനും കാരണം. അനുമതിക്കായി പുരുഷന്മാരുടെ വാക്കുകാത്ത്​ നിൽക്കാതെ സ്വതന്ത്ര അഭിപ്രായമുള്ള സ്ത്രീ സമൂഹം ഉണ്ടാകണം.

ഇവിടെ പുരുഷ വിദ്വേഷമല്ല ആവശ്യം, കാഠിന്യമുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുമുമ്പ്​ അഭിപ്രായം പലരോടും ചോദിക്കാം- തന്നേക്കാൾ ദീർഘവീക്ഷണവും, അനുഭവസമ്പത്തുമുള്ള, പ്രാക്റ്റിക്കലായി ചിന്തിക്കുന്ന ഏതൊരു വ്യക്തിയോടും. അത് ലിംഗാടിസ്ഥാനത്തിലാകരുത്, ബുദ്ധിയുടെ അടിസ്ഥാനത്തിൽ മാത്രം .


Comments