സ്ത്രീക്ക് അധികാരമുണ്ട്; വ്യവസ്​ഥകൾക്കുവി​ധേയം

ഒരു സ്ത്രീയുടെ വിദ്യാഭാസ- വൈദഗ്ധ്യ യോഗ്യതകളേക്കാൾ സ്വകാര്യജീവിത ‘വിശുദ്ധി' കൂടി പരിഗണിച്ചാണ് വോട്ടുകൾ നിർണയിക്കപ്പെടുന്നത്- ആരോഗ്യപ്രവർത്തകയും എഴുത്തുകാരിയുമായ സിദ്ദിഹ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്. ഇതോടൊപ്പം, പ്രതികരിച്ചവരുടെ പേരിൽ കൊടുത്ത ലിങ്കിലൂടെ കൂടുതൽ പ്രതികരണങ്ങൾ വായിക്കാം.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

സിദ്ദിഹ: ലോകമെങ്ങുമുള്ള സ്ത്രീശാക്തീകരണപ്രവർത്തനങ്ങളുടെ ഫലമാണ് ഇന്ന് അധികാരമുള്ള സ്ത്രീകൾ. അവർ സമൂഹത്തിലെ സ്വാഭാവികതയായി മാറുകയായിരുന്നില്ല; മറിച്ചു ഗത്യന്തരമില്ലാതെ സ്വീകരിക്കപ്പെടുകയായിരുന്നു. ഇപ്പോഴും നല്ലൊരു ശതമാനം ആളുകൾ സ്ത്രീകൾക്ക് വിദ്യാഭാസം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിലും അവരുടെ വരുമാനത്തിൽ ജീവിക്കുന്നതിനെ അത്ര സ്വാഭാവികമായല്ല കരുതുന്നത്, അതൊരു അധികസമ്പാദനമോ, താൽക്കാലികമോ, അല്ലെങ്കിൽ മാറിവന്ന സാമൂഹ്യസാഹചര്യത്തിൽ അനുകൂലമായ ഘടകങ്ങൾ വലിയൊരനുപാതത്തിൽ ലഭ്യമായത് കൊണ്ടോ ആണ്.

പൊതുവെ ഇക്കാരണങ്ങൾ കൊണ്ടല്ലാതെ ഒരു സ്ത്രീ സമ്പാദിക്കുന്നത് മറ്റു വരുമാനമാർഗമില്ലാത്ത ദരിദ്രകുടുംബങ്ങളിലാണ്. സാമ്പത്തികമായി ഉയർന്നു നിൽക്കുന്ന, സുരക്ഷിതമായ കുടുംബ സാഹചര്യത്തിൽ നിന്ന് പെൺകുട്ടികൾ വിവാഹം വരെ സാമൂഹികപദവി നേടിക്കൊടുക്കുന്ന ആഡംബരജോലിക്കു പോകുകയും വിവാഹത്തോടെ ജോലിയെക്കാൾ കുടുംബമാണ് വലുതെന്ന തോന്നലിലേക്ക് അവരെക്കൊണ്ടെത്തിച്ചു രാജി വെക്കുകയും ചെയ്യുന്നു (വിവാഹക്കമ്പോളങ്ങളിൽ ഇത്തരം പെൺകുട്ടികൾക്ക് നല്ല മാർക്കറ്റാണ്).

2. നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

തദ്ദേശ ഭരണത്തിലെ അധികാര പങ്കാളിത്തം ഏറെക്കുറെ സുരക്ഷിതമാണെന്ന് കരുതുന്നവരുണ്ട്. മാത്രമല്ല അത്തരം പരിധികൾക്കകത്തു സ്ത്രീകൾക്ക് സ്വീകാര്യതയുമുണ്ട്. ഒരു സ്ത്രീയുടെ വിദ്യാഭാസ- വൈദഗ്ധ്യ യോഗ്യതകളേക്കാൾ വ്യക്തിപരമായ ജീവിതം പൊതുജീവിതത്തെ ബാധിക്കുന്നു. സ്ത്രീകളുടെ സ്വകാര്യജീവിത ‘വിശുദ്ധി' കൂടി പരിഗണിച്ചാണ് വോട്ടുകൾ നിർണയിക്കപ്പെടുന്നത്. ഉയർന്ന പദവികളിലേക്ക് സ്ത്രീകളേക്കാൾ പുരുഷനാണ് സ്വീകാര്യത കൂടുതൽ. എന്നുവെച്ചാൽ തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ത്രീകളുടെ വിലാസത്തിൽ കുറച്ചു കൂടി വലിയ പദവികളിലേക്ക് പുരുഷന് സാദ്ധ്യതകൾ അധികരിക്കുന്നു. സ്ത്രീകൾ മുന്നേറണമെന്നു അവർക്കു ആഗ്രഹമുണ്ട്; എന്നാൽ തങ്ങളേക്കാൾ മുകളിൽ വേണ്ട എന്നൊരു മറുചിന്ത കൂടി അതിനുണ്ട്.

3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

പുറത്തു ‘പ്രധാനമന്ത്രി'യാണെങ്കിലും വീട്ടിൽ സ്ത്രീ ഭാര്യയും മരുമകളുമാണ്. വിവാഹശേഷമാണ് ഈ അന്തരം കൂടുതൽ വെളിപ്പെടുക. പൊതുവിടത്തിൽ പുരുഷന്റെ സ്ഥാനം സ്ത്രീ ഭംഗിയായി നിറവേറ്റുന്നുണ്ടെങ്കിലും കുടുംബം എന്ന സ്വകാര്യ സ്ഥാപനത്തിൽ സ്ത്രീയുടെ ഇടം നികത്താൻ പുരുഷന്മാർ തയ്യാറല്ല. അവിടെ വീട്ടുജോലിക്ക് ഒരാളെ നിർത്തിയാവും നികത്തുക. (വീട്ടുജോലി നിലവാരം കുറഞ്ഞതാണെന്ന ധ്വനി കൂടി അതിലുണ്ട്) അതിനു തയ്യാറാകുന്ന പുരുഷന്മാരെ ഉദാരമതികളായോ പുരുഷഗണത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരായോ ആണ് എണ്ണുന്നത്.

കുടുംബങ്ങളിൽ തീരുമാനങ്ങൾ എടുക്കുന്നതിലും സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും സ്ത്രീക്ക് ഏറിയാൽ അഭിപ്രായം പറയാമെന്നതല്ലാതെ വേറൊന്നും ചെയ്യാനില്ല. അതായത് മിക്കവാറും സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടുകൾ വരെ കുടുംബത്തിലെ പുരുഷന്മാരുടെ അധീനതയിലായിരിക്കും. വരുമാന കാര്യങ്ങൾ നോക്കി നടത്തുന്നതും അന്തിമതീരുമാനങ്ങൾ എടുക്കുന്നതും അവർ തന്നെയായിരിക്കും. പൊതുവിടങ്ങളിൽ തിളങ്ങുന്ന ഭാര്യമാരെ ടെലിസ്‌കോപ്പിൽ എല്ലാം ഭദ്രമെന്നുറപ്പ് വരുത്തി മാത്രം ‘അഴിച്ചു വിടുന്നവരും' വിരളമല്ല. സദാ നിരീക്ഷണ വിധേയയായ സ്ത്രീക്ക് കുടുംബ സാഹചര്യത്തിനപ്പുറം തീരുമാനമെടുക്കുന്നത് ദുഷ്‌കരമാണ് എന്ന് മാത്രമല്ല തികച്ചും നല്ല decision making ൽ ആരോഗ്യപരമായ സ്ത്രീ-പുരുഷ സംഭാഷണങ്ങൾ വരെ തെറ്റിദ്ധാരണകളിൽ കുടുങ്ങുകയും ചെയ്യുന്നു. പൊതുവിടങ്ങളിലെ പുരുഷന്മാരുമായി സ്ത്രീ നിരന്തരം ഇടപഴകുന്നത് പോലും കുടുംബ ബന്ധങ്ങളിൽ വിള്ളൽ വീഴ്ത്തുന്നു.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

തൊഴിലിടത്തിൽ പൊതുവെ സ്ത്രീകൾ അധികാരപദവി ലഭിച്ചാൽ കൂടിയും പുരുഷന്മാരുടെ അത്ര സ്വാതന്ത്ര്യം അനുഭവിക്കുന്നില്ല. അധികാരമുള്ള സ്ത്രീയെ ഒറ്റപ്പെടുത്തുന്ന, അടിവസ്ത്ര കഥകളേക്കാൾ ജീർണത പേറുന്ന തലച്ചോറുള്ള പുരുഷ സമൂഹം ഇപ്പോഴും ഭൂരിപക്ഷമായി തന്നെ കേരളത്തിൽ നിലനിൽക്കുന്നുണ്ട്. കുറച്ചു തന്റേടമുള്ള പെണ്ണുങ്ങളെ ഒതുക്കിക്കളയാൻ കച്ച കെട്ടുന്ന മിസ്റ്റർ മരുമകൻമാരുടെയും പൂക്കാലമാണിത്. നേരിട്ടല്ലെങ്കിൽ തൊഴിലിടത്തിൽ നിന്ന് വീട്ടിലേക്ക് പോകേണ്ടത് ഈ തെരുവിൽക്കൂടിയല്ലേ എന്നൊരു ഭീഷണി (തെരുവ് പുരുഷന്റേതാണെന്നാണല്ലോ വെപ്പ്) അധികാരമുള്ള സ്ത്രീയുടെ മേശപ്പുറത്തിട്ടേച്ചു പോകുന്നുണ്ട്. സൈബറിടങ്ങൾ ഇത്തരം ഒളിയാക്രമണങ്ങൾക്കുള്ള സുരക്ഷിത താവളമാകുന്നുമുണ്ട്.

ഇത്തരം പുരുഷന്മാരെ കൈകാര്യം ചെയ്യാൻ വീട്ടിലെ മറ്റൊരു പുരുഷനെ ആശ്രയിക്കേണ്ട ഗതികേടുള്ള സ്ത്രീകളാണിപ്പോൾ ഭൂരിഭാഗവും. വ്യക്തിപരമായി സൈബർ ആക്രമണത്തിനെതിരെ സൈബർ ക്രൈം പൊലീസിന് പരാതി കൊടുത്തപ്പോഴും ഫേസ്ബുക്ക്​ ഉപയോഗിക്കാതിരിക്കൂ എന്നാണ് പുരുഷപ്രജകൾ നൽകിയ ഉപദേശം. രാഷ്ട്രീയ സംഘടനകളിലോ തൊഴിലിടങ്ങളിലോ സ്ത്രീക്ക് അധികാരമുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ട്, പക്ഷെ നിബന്ധനകളും വ്യവസ്ഥകളും ബാധകമാണ്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

സ്ത്രീയാവിഷ്‌കാരങ്ങളെ മുഖ്യധാരയിൽ നിർത്താതെ പെണ്ണെഴുത്തെന്നും പെൺവരയെന്നും ഓടകെട്ടി വഴിതിരിച്ചു വിടുന്ന പ്രവണത കലാരംഗത്തുമുണ്ട്. പുരുഷൻ പ്രതിയാകുന്ന ഏതൊരാവിഷ്‌കാരവും സ്ത്രീപക്ഷ രചനകൾ മാത്രമാണ് പുരുഷന്മാർക്ക്. സ്ത്രീ അവളുടെ ആവിഷ്‌കാരത്തിൽ കൊണ്ടുവരാൻ ‘പാടില്ലാത്ത' മേഖലകളുണ്ട്. കുടുംബമാനത്തിനു ഭംഗം വരുത്തുന്ന യാതൊരാവിഷ്‌കാരത്തിനും കുടുംബപിന്തുണ ലഭിയ്ക്കില്ല. ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീയെ വെച്ചു പൊറുപ്പിക്കാൻ സമൂഹം തയ്യാറല്ല. പൊതുജീവിതം ശക്തിപ്പെടുത്തുന്ന ഏതൊരു പെണ്ണിന്റെയും കാലിനടിയിൽ നിന്ന് മണ്ണു മാറ്റുന്ന സാഹചര്യം ഇപ്പോഴും മാറിയിട്ടില്ല. ഒരു പക്ഷെ, കെട്ടിവെച്ചിരിക്കുന്ന ചിറകുകളുടെ കെട്ടുപൊട്ടിച്ചു ചിലതൊക്കെ കണ്ടില്ലെന്നു നടിച്ചും ഉപേക്ഷിച്ചും പറക്കേണ്ടി വരുന്നു സ്ത്രീകൾക്ക് എന്നതാണ് യാഥാർഥ്യം.


Comments