അച്ഛനുമായുള്ള നിരന്തര സംഘർഷങ്ങളാണ് എന്നെ ശക്തയാക്കിയത്

അധികാര വ്യവസ്ഥയിലെ പുരുഷകർതൃത്വത്തെ ചോദ്യം ചെയ്യുക എന്നത് വലിയ സാഹസമാണ്. അതിനു മുതിർന്നപ്പോൾ ഒരുപാടു തല്ലും വളരെ കുറച്ചു തലോടലും കിട്ടിയിട്ടുള്ള ഒരാളാണ് ഞാൻ- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് സ്‌കൂൾ ഓഫ് സിസ്റ്റൻസ് എജ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസറായ സ്മിത നെരവത്ത് സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

സ്മിത നെരവത്ത്: തദ്ദേശ ഭരണതലത്തിൽ 50% സ്ത്രീ പ്രാതിനിധ്യം നടപ്പിലാക്കിയതോടെ അധികാര രാഷ്ട്രീയത്തിൽ സ്ത്രീകളുടെ ദൃശ്യത കൂടുതലായി എന്നതിൽ തർക്കമില്ല. രാഷ്ട്രീയപ്രവർത്തന മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് ഇത് ശക്തമാക്കി. എന്നാൽ സ്ത്രീയും അധികാരവും തമ്മിലുള്ള ബന്ധത്തിനെ വ്യത്യസ്ത രീതിയിൽ സമീപിക്കേണ്ടതുണ്ട്. നിലനിൽക്കുന്ന പുരുഷാധിപത്യ സമൂഹത്തിൽ അവർ നേരിട്ടുകൊണ്ടിരിക്കുന്ന അസമത്വങ്ങളും ലിംഗവിവേചനങ്ങളും സാംസ്‌കാരികമായും രാഷ്ട്രീയമായും പൂർണമായും ഇല്ലാതായിട്ടില്ല. മാത്രമല്ല, നിലനിൽക്കുന്ന അധികാരഘടനയും, പ്രയോഗങ്ങളും എല്ലാം പുരുഷാധിപത്യ സാമൂഹ്യ മാതൃകകൾ തന്നെയാണ്. അതിനകത്തേക്കുള്ള സ്ത്രീകളുടെ ഇടപെടൽ ഒരേസമയം വിപ്ലവാത്മകവും അതേപോലെ തന്നെ വൈരുദ്ധ്യങ്ങൾ നിറഞ്ഞതുമാണ്.

ആ മാതൃകകളെ അതേപടി പിൻപറ്റി പോകുന്ന പെണ്ണുങ്ങളാണ് ഭൂരിപക്ഷവും എന്നതാണ് വാസ്തവം. അതിനെ എതിർത്തു നിൽക്കുന്ന, പുതിയ മാതൃകൾ സൃഷ്ടിക്കുന്ന സ്ത്രീകളുടെ എണ്ണം ഉയരാതെ കേവല പ്രാതിനിധ്യം കൊണ്ടു മാത്രം കാര്യമുണ്ടാവുന്നില്ല. നിർഭാഗ്യവശാൽ അതുതന്നെയാണ് കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോമഡി ഷോകളിലും, ട്രോളുകളിലും, സിനിമകളിലുമൊക്കെ ഈ അവസ്ഥകളെ കോമാളീകരിച്ചു കാണിക്കുമ്പോൾ കൈയ്യടിച്ചു ആർത്തുചിരിക്കുന്നവരാണ് നമ്മൾ. പൊതുബോധത്തിലെ ഉത്തമ സ്ത്രീ മാതൃകകളെ തന്നെയാണ് അധികാരസ്ഥാനത്തേക്ക് വരുന്ന സ്ത്രീകൾ പിന്തുടരുന്നത്.

ജാതി, കുടുബ, രാഷ്ട്രീയ പാരമ്പര്യ സമവാക്യങ്ങൾ ഏറ്റവും ദൃശ്യമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം നിശ്ചയിക്കുന്നത് പുരുഷ സമൂഹമാണ്. അവരുടെ മാനദണ്ഡങ്ങൾ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുന്നു. കാലങ്ങളായി രാഷ്ട്രീയത്തിൽ സജീവമായി ഇടപെടുന്ന സ്ത്രീകൾ പലപ്പോഴും ഈ തിരഞ്ഞെടുപ്പുകളിൽ നിന്ന് പുറത്താകുന്നു. സംവരണ സീറ്റുകളിലല്ലാതെ ദളിത് സ്ത്രീകളെ പരിഗണിക്കുക പോലും ചെയ്യുന്നില്ല. ട്രാൻസ് സ്ത്രീകൾ ഒട്ടും തന്നെയില്ല. സ്ത്രീകളുടെ തുല്യമായ ഇടപെടൽ ഈ പ്രാതിനിധ്യ തിരഞ്ഞെടുപ്പുകളിൽ കൂടി ഉണ്ടായാലേ അധികാരമുള്ള സ്ത്രീ സമൂഹത്തിലെ സ്വാഭാവികതയായി മാറൂ.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

അധികാര രാഷ്ട്രീയത്തിൽ ഇടപെടുന്ന രാഷ്ട്രീയ പാർട്ടികളിലെ നേതൃത്വ സ്ഥാനങ്ങളിൽ സ്ത്രീ പങ്കാളിത്തം കേവലം അഞ്ചു ശതമാനത്തിൽ നിൽക്കുമ്പോൾ എങ്ങനെയാണ് നിയമസഭ- ലോക്‌സഭ സീറ്റുകളിലേക്ക് സ്ത്രീകളുടെ പ്രാതിനിധ്യം വർദ്ധിക്കുക? രാഷ്ട്രീയത്തിൽ ഇടപെട്ടുകൊണ്ടിരിക്കുന്ന ആളെന്ന നിലയിൽ സ്ത്രീക്കുമേൽ സമൂഹം അടിച്ചേൽപ്പിച്ച റോളുകളും, നിയമങ്ങളും ഭേദിക്കാതെ ഇക്കാര്യത്തിൽ കാര്യമായ മാറ്റമുണ്ടാക്കാൻ സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.

കുടുംബത്തിന്റെയും, കുഞ്ഞുങ്ങളുടെയും മേൽനോട്ടത്തിൽ പോറലേൽക്കാതെ, നിലനിൽക്കുന്ന ചട്ടക്കൂടുകളെ നിലനിർത്തിക്കൊണ്ട് നടത്തേണ്ട ഒരു ഞാണിൻമേൽ കളിയാണ് സ്ത്രീയെ സംബന്ധിച്ച് രാഷ്ട്രീയം. സഹപ്രവർത്തകരായ പുരുഷന്മാരോടൊപ്പമുള്ള അവളുടെ ഓരോ ചുവടും സൂക്ഷിച്ചും, സാമൂഹ്യ സദാചാര നിയമങ്ങളെ തെറ്റിക്കാതെയും ആയിരിക്കണം. ചീത്തപ്പേര് കേൾപ്പിക്കാതിരിക്കാൻ നിതാന്തജാഗ്രത വേണം.രാഷ്ട്രീയം ആണുങ്ങളുടെ കളിക്കളമാണെന്ന ഓർമപ്പെടുത്തലുകൾ കൂടെയുണ്ടാവും. ഈ വേലിക്കെട്ടുകൾ തകർത്താൽ സാമൂഹ്യമായി ഭ്രഷ്ട് കൽപ്പിക്കപ്പെടും. ഇത്തരം റിസ്‌കുകൾ ഏറ്റെടുക്കാൻ തയ്യാറാവുക എന്നത് സ്ത്രീയെ ഈ മേഖലയിൽ നിന്ന് അകറ്റുന്നതിന് കാരണമാകുന്നു. അല്ലെങ്കിൽ രാഷ്ട്രീയ ഗോഡ്ഫാദർമാരുടെ തണലിൽ സുരക്ഷിതമായി രാഷ്ട്രീയ പ്രവർത്തനം നടത്താം.

ഇതുമാത്രമല്ല, കഴിവില്ലായ്മയും, അനുഭവപരിചയമില്ലായ്മയും അവൾക്കു മേലുള്ള ആരോപണങ്ങളാവുന്നു. കുടുംബവും, രാഷ്ട്രീയവും ഒന്നിച്ചു വിജയകരമായി കൊണ്ടുപോകാൻ കഴിയാതെ ഏതെങ്കിലും ഒന്നു സ്വീകരിക്കേണ്ട ഗതികേടിലേക്ക് പലപ്പോഴും സ്ത്രീകൾ എത്തിപ്പെടുന്നു.

3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

നിലനിൽക്കുന്ന കുടുബ വ്യവസ്ഥയിൽ മുൻകാലങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ അവസ്ഥയിൽ പുരോഗമനപരമായ കുറേ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. തൊഴിലിടങ്ങളിലേക്കുള്ള സ്ത്രീകളുടെ തള്ളിക്കയറ്റം തന്നെയാണ് ഇതിനൊരു പ്രധാന കാരണം. പക്ഷേ അപ്പോഴും അധികാര വ്യവസ്ഥയിൽ പോസിറ്റീവായ മാറ്റങ്ങൾ വേണ്ട രീതിയിൽ ഉണ്ടാകുന്നില്ല. അധികാര വ്യവസ്ഥയിൽ കർതൃത്വ സ്ഥാനത്ത് ഇപ്പോഴും പുരുഷനാണുള്ളത്. അത് വകവെച്ചുകൊടുക്കുന്ന സ്ത്രീകളാണ് ബഹുഭൂരിപക്ഷവും. അതിനെ ചോദ്യം ചെയ്യുക എന്നത് വലിയ സാഹസമാണ്. അത്തരം ഒരു സാഹസത്തിനു മുതിർന്നപ്പോൾ ഒരുപാടു തല്ലും വളരെ കുറച്ചു തലോടലും കിട്ടിയിട്ടുള്ള ഒരാളാണ് ഞാൻ. രാഷ്ട്രീയ പ്രവർത്തകനായ അച്ഛനുപോലും മകളുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് അത്ര രസകരമായിരുന്നില്ല. അച്ഛനുമായുള്ള നിരന്തരമായ സംഘർഷങ്ങളാണ് എന്നെ ശക്തയാക്കിയത്. പിന്നീട് അച്ഛന് എന്നെ അംഗീകരിക്കേണ്ടി വരുന്നുണ്ട്. അച്ഛനെ അത്തരമൊരു തിരിച്ചറിവിലേക്ക് എത്തിക്കാൻ സാധിച്ചു എന്നതാണ് വലിയ കാര്യം.

ഇടപെട്ട രാഷ്ട്രീയ സംഘടനകളും, പാർട്ടികളുമാവാട്ടെ ‘അച്ഛന്മാരുടെ' കൂട്ടങ്ങളായിരുന്നു. അവിടെയും അനുസരണയുള്ള, ചോദ്യങ്ങളില്ലാത്ത സ്ത്രീകളെയാണ് ആവശ്യം. ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറക്കെ പറയുന്ന സ്ത്രീയെ അവർക്കു ഭയമാണ്. ഫെമിനിസമെന്ന ആശയത്തെ ശരിയായ രീതിയിൽ മനസിലാക്കാനോ, അതിനെ അഡസ് ചെയ്യാനോ ഈ രാഷ്ട്രീയ പാർട്ടികൾ തയ്യാറല്ല. ഇടതുപക്ഷ പാർട്ടികളിൽ നിന്നുപോലും അത്തരം നീക്കങ്ങൾ ഉണ്ടാവുന്നില്ല. അതില്ലാതെ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല. സ്ത്രീ വിമോചനത്തിലൂടെ, അരികുവൽക്കരിക്കപ്പെട്ട മറ്റു ജെൻഡർ വിഭാഗങ്ങളുടെ വിമോചനത്തിലൂടെയല്ലാതെ സമൂല മാറ്റം സാധ്യമല്ല. നിർഭാഗ്യവശാൽ സാമ്പത്തിക അസമത്വം പരിഹരിച്ചാൽ ഒക്കെ മാറുമെന്ന വരട്ടു വാദങ്ങൾക്കാണ് ഇപ്പോഴും മേൽക്കൈ.

ഇനി കുടുംബത്തിലേക്ക് വന്നാൽ, ഒരു തരത്തിലും ജനാധിപത്യവൽക്കരിക്കപ്പെടാത്ത ഒരു സ്ഥാപനമാണത്. എന്നെ സംബന്ധിച്ച് എന്റെ പങ്കാളി കുറേയെങ്കിലും ഈ തിരിച്ചറിവിലേക്ക് സഞ്ചരിക്കുന്ന ആളെന്ന നിലക്ക് കുറേ മെച്ചങ്ങളുണ്ട്. അയാൾ മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകനായതിനാൽ കുടുംബത്തിന്റെ സാമ്പത്തിക ചുമതല എനിക്കു വഹിക്കേണ്ടിവരുന്നു. അതിന്റെ ഭാഗമായി എന്റെ സാമൂഹ്യ ജീവിതം ബലി കൊടുക്കേണ്ടി വരുന്നുണ്ട്. ഇതൊരു സ്വമനസ്സാലെയുള്ള ഏറ്റെടുക്കലായതിനാൽ എനിക്കയാളെ കുറ്റം പറയാൻ കഴിയില്ല. പക്ഷേ, അതിന്റെ റിസ്‌ക് പലപ്പോഴും എന്റെ സർഗ്ഗാത്മകതക്കും, വളർച്ചക്കുമൊക്കെ വലിയ തടസ്സങ്ങളാണ് ഉണ്ടാക്കുന്നത്.

സാമ്പത്തിക അധികാരം ഉണ്ടായതുകൊണ്ടു മാത്രം സ്തീകളുടെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമെന്ന ‘കുടുബശ്രീ' യുക്തിയും തകരുന്നതിന്റെ ഉദാഹരണമാണിത്. ഭാര്യക്കും ഭർത്താവിനും ഒരേപോലെ രാഷ്ട്രീയത്തിൽ ഇടപെടാൻ നിലനിൽക്കുന്ന പരമ്പരാഗത കുടുംബ വ്യവസ്ഥയിൽ സാധിക്കുന്നില്ല. മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയാകാൻ ഞാൻ തീരുമാനിച്ചാൽ കാര്യങ്ങളിത്ര എളുപ്പമാകില്ല എന്നു ചുരുക്കം.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

രാഷ്ട്രീയ സംഘടനകളിൽ പൊതുവിൽ സ്ത്രീകളെ ഉയർന്ന നേതൃപദവികളിലേക്ക് പരിഗണിക്കാറേയില്ല. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോ തൃണമൂൽ കോൺഗ്രസിലെ മമത ബാനർജിയോ പോലെ ചൂണ്ടിക്കാണിക്കാൻ വളരെ കുറച്ചുപേർ മാത്രമേയുള്ളൂ. വൃന്ദ കാരാട്ടിനെപ്പോലുള്ളവർ പരമ്പരാഗത കുടുംബ സങ്കൽപ്പത്തെ ഉപേക്ഷിച്ചുകൊണ്ടാണ് മുഴുവൻ സമയം പ്രവർത്തിക്കുന്നത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകളാവട്ടെ നിരവധി അപവാദ പ്രചരണങ്ങൾക്കിരയാകുന്നു. അവരുടെ വ്യക്തിജീവിതത്തിലേക്ക് നമ്മുടെ മാധ്യമങ്ങൾ മുഴുവൻ സമയവും ക്യാമറക്കണ്ണുകൾ തുറന്നുവെച്ചിരിക്കുന്നു. എത്ര നന്നായി ഭരിച്ചാലും കെ.കെ ശൈലജക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താൻ കഴിയില്ല. RMPI എന്ന രാഷ്ട്രീയ പാർട്ടിയുടെ നേതാവായിട്ടും കെ.കെ. രമയെ ടി.പി. ചന്ദ്രശേഖരന്റെ വിധവയായി മാത്രമേ പരിഗണിക്കൂ. മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെ നിരന്തരമായ സദാചാര ആക്രമണങ്ങൾക്ക് അവർ വിധേയയാകുന്നു. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ.

രാഷ്ട്രീയമായി ആക്രമിക്കപ്പെടുമ്പോൾ സ്ത്രീകൾക്ക് സദാചാര വിഷയങ്ങളെയാണ് കൂടുതൽ നേരിടേണ്ടി വരുന്നത്. അവളുടെ ശരീരം, ചലനങ്ങൾ, വേഷവിധാനം ഇതൊക്കെയാണ് കൂടുതൽ ശ്രദ്ധ നേടുന്നത്. സംഘടനാശേഷിയോ, നേതൃശേഷിയോ ഒന്നും വിലയിരുത്തപ്പെടുന്നില്ല. സ്ഥാനാർത്ഥികളായി തിരഞ്ഞെടുക്കപ്പെടുമ്പോഴും ഇത്തരം മാനദണ്ഡങ്ങളും, കുടുംബ പശ്ചാത്തലവുമൊക്കെയാണ് ആദ്യം പരിഗണിക്കപ്പെടുന്നത്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

നിലവിലുള്ള കുടുംബം എന്ന സ്ഥാപനം ഒരു തരത്തിലും സ്ത്രീകളുടെ ആത്മാവിഷ്‌കാരത്തിനോ, വളർച്ചക്കോ അനുകൂലമല്ല എന്ന അഭിപ്രായമാണെനിക്കുള്ളത്. സ്ത്രീവിരുദ്ധതയുടെ എല്ലാ സൂക്ഷ്മമായ അംശങ്ങളും ഏറ്റവും ആഴത്തിൽ ഉൾചേർന്ന അധികാര സ്ഥാപനമാണത്. കുടുംബത്തിന്റെ ഉത്തരവാദിത്തം പൂർണമായും കൈയ്യൊഴിഞ്ഞ് മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകയാകാനോ, തൊഴിലിലോ, സർഗാത്മക മേഖലകളിലോ മുഴുകാനോ നിലവിൽ സ്ത്രീകൾക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

അങ്ങനെ മുഴുകിയാൽ തന്നെ കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുത്തലുകളും കൊണ്ട് നരകതുല്യമാകും ജീവിതം. അമ്മമാരാണെങ്കിൽ കുട്ടികളെ നല്ലവണ്ണം ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ അവരിലുണ്ടാകുന്ന ചെറിയ കുറവുകൾ പോലും താൻ നല്ലൊരമ്മയല്ലാത്തതിനാലാണ് സംഭവിച്ചതെന്ന കുറ്റബോധം സമൂഹം അവരിൽ കുത്തിവെക്കാൻ നിരന്തരം ശ്രമിക്കും. അത് മാനസിക തകർച്ചക്ക് കാരണമാകുന്നു.

പത്ത് വയസായ മകനെ അവന്റെ അച്ഛന്റെ അടുത്താക്കി മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ ഹൈദരബാദിൽ പോകേണ്ടി വന്നപ്പോൾ ഞാനനുഭവിച്ച പ്രയാസം ചില്ലറയല്ല. അവൻ ക്ലാസിൽ നന്നായി പഠിക്കാത്തതിന്റെ കാരണം അമ്മ അടുത്തില്ലാത്തതാണെന്ന കുറ്റബോധം എന്നിൽ നിറക്കാൻ അവന്റെ അധ്യാപകർ ഉത്സാഹിച്ചു. രാത്രി ഇരുട്ടും വരെ നീളുന്ന രാഷ്ട്രീയ മീറ്റിംഗുകളിലിരിക്കുമ്പോൾ വീട്ടിൽ ഒറ്റക്കാകുന്ന മകനെക്കുറിച്ചോർത്ത് നീറിയിട്ടുണ്ട്. അവനുവേണ്ടി ഞാൻ പങ്കെടുക്കാതെ പോയ സമരങ്ങൾ, പരിപാടികൾ ഒക്കെ മനഃസാക്ഷിക്കുത്തുണ്ടാക്കി.

രാഷ്ട്രീയക്കാരനായ പങ്കാളിക്ക് എന്റെയത്ര ആവലാതികളില്ലായിരുന്നു. അംഗമായ രാഷ്ട്രീയ പാർട്ടിയിലാവട്ടെ പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടിയതായി തോന്നിയിട്ടില്ല. നിലവിലെ രാഷ്ട്രീയ വ്യവഹാരങ്ങളെല്ലാം ആണധികാര കൂത്തുകളാണ്. അതിലെ അനുസരണയുള്ള കളിക്കാരിയാകാൻ കഴിയാത്തവർ പുറത്താകും. പരസ്പരമുള്ള വെല്ലുവിളികളും, കൊലപാതകങ്ങളും, കൈയാങ്കളികളും, അഴിമതിയും, സ്വജനപക്ഷപാതവും എല്ലാം മലീമസമാക്കിയ ഒരിടമാണ് അധികാര രാഷ്ട്രീയം.

ആത്മവിമർശനങ്ങളും, സാഹോദര്യവും, ജനാധിപത്യവും, ലിംഗസമത്വവും, അവസരസമത്വവും ഉള്ള ഒരു രാഷ്ട്രീയ മേഖലയാണ് ഞാൻ സ്വപ്നം കാണുന്നത്. അതിനുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയല്ലാതെ ഇനി മുന്നോട്ടുപോകാൻ സാധിക്കുമെന്ന് കരുതുന്നില്ല. അത്തരത്തിലുള്ള മാറ്റത്തിനായുള്ള ആദ്യ ചുവട് കുടുംബത്തിൽ നിന്നായിരിക്കണം. നിലനിൽക്കുന്ന കുടുംബവും, അതുമായി ചേർന്നുനിൽക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ചോദ്യം ചെയ്യാതെ, അതിലെ അധികാര കേന്ദ്രങ്ങളെ ഇല്ലാതാക്കിക്കൊണ്ടല്ലാത്ത മാറ്റങ്ങളൊക്കെ താൽകാലിക ആശ്വാസങ്ങൾ മാത്രമേ ആവുകയുള്ളൂ.



Summary: അധികാര വ്യവസ്ഥയിലെ പുരുഷകർതൃത്വത്തെ ചോദ്യം ചെയ്യുക എന്നത് വലിയ സാഹസമാണ്. അതിനു മുതിർന്നപ്പോൾ ഒരുപാടു തല്ലും വളരെ കുറച്ചു തലോടലും കിട്ടിയിട്ടുള്ള ഒരാളാണ് ഞാൻ- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് സ്‌കൂൾ ഓഫ് സിസ്റ്റൻസ് എജ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസറായ സ്മിത നെരവത്ത് സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.


സ്​മിത നെരവത്ത്​

കവി, എഴുത്തുകാരി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് സ്‌കൂൾ ഓഫ് സിസ്റ്റൻസ് എജ്യുക്കേഷനിൽ അസിസ്റ്റന്റ് പ്രൊഫസർ. പാഠമില്ലെങ്കിൽ പാടത്തേക്കില്ല, അയ്യങ്കാളിയുടെ ജീവചരിത്രം, വാക്കിന്റെ രാഷ്​ട്രീയം എന്നിവ പ്രധാന കൃതികൾ.

Comments