എന്റെ ഉറക്കെയുള്ള സംസാരവും ചിരിയും പോലും പുരുഷ നേതാക്കളെ അസ്വസ്ഥപ്പെടുത്തിയിരുന്നു

സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായങ്ങൾ നിരവധി തവണ എന്നെ പാർട്ടി നടപടികൾക്ക് വിധേയമാക്കിയിട്ടുണ്ട്. രാജിക്ക് തൊട്ടു മുൻപുള്ള സസ്പെൻഷൻ നടപടിയും അഭിപ്രായം പറഞ്ഞതിന്റെ പേരിലായിരുന്നു- വെൽഫെയർ പാർട്ടി സംസ്​ഥാന വൈസ്​ പ്രസിഡൻറായിരുന്ന ശ്രീജ നെയ്യാറ്റിൻകര സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

ശ്രീജ നെയ്യാറ്റിൻകര:അൻപതു ശതമാനം സംവരണം എന്നതുകൊണ്ടുമാത്രം സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുകയാണ് എന്നതിനപ്പുറം തുല്യത എന്ന തലത്തിലേക്കുള്ള ഒരു പ്രാതിനിധ്യം ഇപ്പോഴും നമ്മൾ നേടിയെടുത്തിട്ടില്ല, അഥവാ അമ്പതുശതമാനം സ്ത്രീ പ്രാതിനിധ്യം എന്ന നിർബന്ധാവസ്ഥ നിലനിൽക്കുന്നു എന്നതുകൊണ്ടുമാത്രം സംഭവിക്കുന്ന ഒന്ന് എന്നതിനപ്പുറം അതിൽ സ്വാഭാവികതയില്ല.

2. നിയമസഭ - ലോക്​സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ എന്നതിനപ്പുറം നിയമ നിർമാണ സഭകളിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് ബോധപൂർവ്വം തടയപ്പെടുന്നു എന്ന് വേണം കരുതാൻ. ഈ തെരെഞ്ഞെടുപ്പിൽ കാണുന്നൊരു പ്രധാന കാര്യം നിയമ നിർമാണസഭകളിലേക്ക് പ്രാപ്തരായ കഴിവും രാഷ്ട്രീയബോധവുമുള്ള സ്ത്രീകളെ മുന്നണികൾ വാർഡ് തലങ്ങളിൽ മത്സരിപ്പിക്കുന്ന കാഴ്ചയാണ്. പുരോഗമന പാർട്ടിയായ, സ്ത്രീപക്ഷ രാഷ്ട്രീയമുള്ള ഇടതുപക്ഷം പോലും സ്ത്രീകളെ അരികുവൽക്കരിക്കുന്ന കാഴ്ച. എൽ.ഡി.എഫിലെ ഗീത നസീറും സുകന്യയും, അതുപോലെ യു.ഡി.എഫിലെ ഡോ. ഹരിപ്രിയയും കേവല ഉദാഹരണങ്ങൾ മാത്രം. ഇവരൊന്നും വാർഡ് തലങ്ങളിൽ ഒതുങ്ങേണ്ട സ്ത്രീകളല്ല എന്നാണെന്റെ വിശ്വാസം.

നയപരമായ തീരുമാനങ്ങളിൽ ജനാധിപത്യ പരമായ പങ്കു വഹിക്കാൻ സ്ത്രീകൾക്ക് എത്ര അവസരം ലഭിക്കുന്നുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും അധികാര രാഷ്ട്രീയത്തിലുള്ള അവളുടെ മേൽകൈ. അഥവാ കേവല അധികാരം എന്നതിനപ്പുറം നയപരമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള രാഷ്ട്രീയാധികാരം ഉണ്ടാകണം. അങ്ങനെ നോക്കുമ്പോൾ അമ്പതു ശതമാനം സ്ത്രീ സംവരണം രാഷ്ട്രീയ വിജയത്തിൽ എത്തിയോ എന്നത് സൂക്ഷ്മവിശകലനത്തിന് വിധേയമാക്കേണ്ട വിഷയമാണ്.

മറ്റൊരുതലത്തിൽ നോക്കുകയാണെങ്കിൽ വലിയ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടുതാനും. നിരവധി സ്ത്രീകൾ രാഷ്ട്രീയമായി ശാക്തീകരിക്കപ്പെട്ടു എന്നത് നിസാരമായ ഒന്നല്ല. അഴിമതി രഹിത - പരിസ്ഥിതി സൗഹാർദ വാർഡുകളായി സ്ത്രീകൾ ഭരണം നടത്തുന്ന വാർഡുകൾ മാറി.
രാഷ്ട്രീയ സംഘടനകളിൽ പലപ്പോഴും സ്ത്രീ രണ്ടാം നിരയിലാണ് അഥവാ സെക്കന്റ് ലീഡർഷിപ്പ്. ഒൻപതു വർഷം ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാന ഘടകത്തിലെ സെക്രട്ടറിയായും വൈസ് പ്രസിഡന്റ് ആയും സെക്കന്റ് ലീഡർഷിപ്പ് വഹിച്ചിരുന്ന ഒരു സ്ത്രീയാണ് ഞാൻ. എല്ലാ രാഷ്ട്രീയ പാർട്ടികളിലും ഇതാണവസ്ഥ.

പുരോഗമനാശയങ്ങളുള്ള പാർട്ടികളിൽ പോലും നേതൃനിരയിൽ സ്ത്രീകളില്ല എന്നുമാത്രമല്ല, നയരൂപീകരണ സമിതികളിലും ദേശീയ - സംസ്ഥാന സമിതികളിലും വിരലിലെണ്ണാവുന്നവർ മാത്രം. നിലനിൽക്കുന്ന പുരുഷാധിപത്യം തന്നെയാണിതിൽ പ്രതി, മറ്റൊന്നുമില്ല.
നിയമനിർമാണ സഭകളിലെ 33 ശതമാനം എന്ന വനിതാസംവരണ ബിൽ ഇപ്പോൾ ചർച്ച പോലും അല്ല. രാഷ്ട്രീയപാർട്ടികളുടെ സ്ത്രീവിരുദ്ധതയും ഇച്ഛാശക്തിയില്ലായ്മയും മാത്രമാണ് ബിൽ പാസാകാത്തതിന്റെ കാരണം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സംവരണം നിലനിൽക്കുന്നതുകൊണ്ട് മാത്രമാണ് ആ രംഗത്തേക്ക് സ്ത്രീകൾ കടന്നുവരുന്നത്. നിയമ നിർമ്മാണ സഭകളിലേക്കും സ്ത്രീകൾക്ക് കടന്നു വരണമെങ്കിൽ സംവരണം തന്നെയാണ് ഏക രാഷ്ട്രീയ പരിഹാരം.

3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

വ്യക്തിപരമായി കുടുംബത്തിലെ പുരുഷാധികാരത്തെ അതിജീവിച്ച സ്ത്രീയാണ് ഞാൻ. തീരുമാനമെടുക്കുന്നതും സമ്പത്ത് കൈകാര്യം ചെയ്യുന്നതും ഞാൻ തന്നെയാണ്. പുരുഷാധികാരത്തിൽ നിന്ന്​ ബോധപൂർവം തന്നെ പുറത്തു കടന്ന സ്ത്രീയാണ് ഞാൻ. എന്നാൽ ലിംഗാധിപത്യ ചങ്ങലയാൽ കെട്ടപ്പെട്ടു കിടക്കുന്ന വ്യവസ്ഥിതിയിൽ നിന്ന്​ നമ്മുടെ കുടുംബങ്ങൾ പുറത്തു കടന്നിട്ടേയില്ല. സ്ത്രീ സ്വാതന്ത്ര്യം എന്നത് ഇന്നും കുടുംബത്തിനുള്ളിൽ കേവലം അനുസരണക്കേട് തന്നെയാണ്. പുരുഷാധിപത്യം തന്നെയാണ് ഇന്നും സ്ത്രീ സ്വാതന്ത്ര്യം നിർവ്വചിക്കുന്നതും സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കുന്നതും. കുടുംബത്തിൽ സമത്വ ചിന്ത ഇന്നും ഏറെ അകലെ തന്നെയാണ്. ലൈംഗികമായി സ്വതന്ത്രയായ സ്ത്രീ പൊതുബോധത്തെ വിറളിപിടിപ്പിക്കുന്നവൾ തന്നെയാണ്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

പുരുഷാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന കുടുംബത്തിൽ നിന്ന്​ ഒട്ടും വ്യത്യസ്തമല്ല രാഷ്ട്രീയ സംഘടനകളിലും തൊഴിലിടങ്ങളിലും സ്ത്രീകളുടെ അവസ്ഥ. എവിടെയായാലും സ്വത്വബോധമുള്ള സ്ത്രീകൾ ഭീകരമായി വേട്ടയാടപ്പെടും. എന്റെ അനുഭവം പറയുകയാണെങ്കിൽ, രാഷ്ട്രീയ സംഘടനയിൽ തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം ഞാൻ പോരാടി നേടിയെടുത്തതായിരുന്നു. അതെന്താ എന്നോട് ചോദിച്ചില്ല, അതെന്താ എന്നോട് പറഞ്ഞില്ല, ആ കമ്മിറ്റിയിൽ എന്തുകൊണ്ട് സ്ത്രീ പ്രാതിനിധ്യം ഇല്ല എന്ന ചോദ്യങ്ങൾ ഞാൻ നിരന്തരം പാർട്ടിക്കുള്ളിൽ ഉന്നയിച്ചു കൊണ്ടേയിരുന്നു. എന്റെ ഉറക്കെയുള്ള സംസാരവും ചിരിയും പോലും പുരുഷ നേതാക്കളെ അസ്വസ്ഥപ്പെടുത്തിയിരുന്നു. സ്വതന്ത്രമായ രാഷ്ട്രീയ അഭിപ്രായങ്ങൾ നിരവധി തവണ എന്നെ പാർട്ടി നടപടികൾക്ക് വിധേയമാക്കിയിട്ടുണ്ട്. രാജിക്ക് തൊട്ടു മുൻപുള്ള സസ്പെൻഷൻ നടപടിയും അഭിപ്രായം പറഞ്ഞതിന്റെ പേരിലായിരുന്നു. ഫെമിനിസം എന്നത് എന്തോ കുഴപ്പം പിടിച്ച വാക്കായാണ് പലപ്പോഴും പാർട്ടിക്കുള്ളിൽ വിലയിരുത്തപ്പെട്ടത്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

സ്ത്രീയുടെ സ്വത്വ ബോധം പോലും പ്രശ്‌നമായിടത്ത് അവളുടെ ആവിഷ്‌കാരങ്ങളും രാഷ്ട്രീയ ഇടപെടലുകളും കുടുംബത്തിനുള്ളിൽ വലിയ വെല്ലുവിളി ആണുയർത്തുന്നത്. പൊതുബോധത്തെ പരിക്കേല്പിക്കാൻ ശ്രമിക്കുന്ന സ്ത്രീ ക്രൂരമായി അധിക്ഷേപിക്കപ്പെടും. ആണധികാരത്തിന്റെ ചൊൽപ്പടിക്ക് നിൽക്കാത്ത സ്ത്രീ ഇന്നും വഴിപിഴച്ചവൾ തന്നെയാണ്, അഥവാ സ്ത്രീയുടെ സ്വതന്ത്ര ആവിഷ്‌കാരങ്ങൾക്ക് പോയിട്ട് ചിന്തകൾക്കു പോലും സമൂഹവും കുടുംബവും എതിര് തന്നെയാണ്, അല്ലെങ്കിൽ സ്വാഭാവികമായി ഒന്നും നടക്കുന്നില്ല എന്ന് സാരം. പുരുഷാധിപത്യ പൊതുബോധം സംഭാവന ചെയ്ത ഉത്തമസ്ത്രീ പട്ടം ത്യജിച്ച സ്ത്രീക്ക് മാത്രമേ സ്വതന്ത്ര ജീവിതം സാധ്യമാകുന്നുള്ളൂ.


Comments