പുരുഷന്മാർ സ്‌പോൺസർ ചെയ്യുന്ന ശാക്തീകരണ മോഡൽ

ഉയർന്ന രാഷ്ട്രീയബോധവും, സ്ത്രീ വിദ്യാഭ്യാസവും ഒക്കെ കേരളം അവകാശപ്പടുന്നുണ്ടെങ്കിലും, അതൊന്നും നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്തിയിട്ടില്ല- ഒരു അന്താരാഷ്​ട്ര തൊഴിൽ ഗവേഷണ സ്​ഥാപനത്തിൽ സീനിയർ ലേബർ റിസർച്ച്​ കൺസൽട്ടൻറ്​ ആയ സുധ മേനോൻ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

സുധ മേനോൻ: സ്ത്രീ സംവരണം തീർച്ചയായും ഒരുപാട് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുണ്ടായ വർധനവ്, രാഷ്ട്രീയ- സാമൂഹ്യബോധമുള്ള സ്ത്രീകളുടെ ഇടപെടൽ പഞ്ചായത്ത്- മുനിസിപ്പാലിറ്റി ഭരണരംഗത്തുണ്ടാക്കിയ ക്രിയാത്മകമായ മാറ്റങ്ങൾ എന്നിവ എടുത്തുപറയേണ്ടത് തന്നെയാണ്. സംവരണം ഉണ്ടായിരുന്നില്ലെകിൽ ഈ സ്ത്രീകളിൽ ഭൂരിപക്ഷം പേരും അദൃശ്യരായി പോകുമായിരുന്നു. പ്രാദേശികതലത്തിൽ സ്ത്രീകളുടെ സാമൂഹ്യപദവി വർദ്ധിപ്പിക്കാനും, തീരുമാനങ്ങൾ എടുക്കാനുള്ള കഴിവിനെ ഉയർത്താനും ഒക്കെ ഒരു പരിധി വരെ സ്ത്രീസംവരണം കാരണമായിട്ടുണ്ട്. എന്നാൽ, കേരളത്തെ സംബന്ധിച്ച്​ എടുത്തുപറയേണ്ട ഒരു വൈരുധ്യം, ഭരണതലത്തിൽ ഉള്ള ഈ പ്രാതിനിധ്യം സമൂഹത്തിൽ സ്ത്രീയോടുള്ള മനോഭാവം മാറ്റുന്നതിലോ, അധികാരം തുല്യമായി വിഭജിക്കെണ്ടതാണ് എന്ന സ്വാഭാവിക നീതിയിലേക്കു സമൂഹം മാറുന്നതിലേക്കോ നയിച്ചിട്ടില്ല എന്നുള്ളതാണ്.

അധികാരമുള്ള സ്ത്രീ സമൂഹത്തിലെ സ്വാഭാവികതയായി മാറിയിട്ടില്ല എന്ന് മാത്രമല്ല, പലപ്പോഴും രാഷ്ട്രീയാധികാരമുള്ള സ്ത്രീകൾ പോലും നയപരിപാടികൾ തീരുമാനിക്കപ്പെടുന്ന കമ്മിറ്റികളിൽ അരികുവൽക്കരിക്കപ്പെടുന്നതാണ് പൊതുവേ കണ്ടു വരുന്നത്. പല പഞ്ചായത്തുകളിലും സ്ത്രീകൾ നോക്കുകുത്തികളായി ഭരിക്കുന്ന സാഹചര്യവുമുണ്ട്. ഒരു തവണ അധികാരപങ്കാളിത്തം കഴിഞ്ഞ് പല സ്ത്രീകളും രാഷ്ട്രീയത്തിൽ നിന്ന്​പിന്മാറുകയോ, സീറ്റ് കിട്ടാതിരിക്കുകയോ, അപ്രധാനമായി ഒതുക്കപ്പെടുകയോ ചെയ്യുന്നു. പലപ്പോഴും സംവരണ സീറ്റ് പിന്നീട് ജനറൽ സീറ്റ് ആകുമ്പോൾ അവർക്ക് സീറ്റ് നഷ്ടപ്പെടുകയും ചെയ്യാറുണ്ട്. പുരുഷന്മാർക്ക് ഇത് ബാധകമല്ല താനും.

ചുരുക്കത്തിൽ, സ്ത്രീശാക്തീകരണത്തിലേക്കുള്ള ഒരു പ്രധാന പടവാണ് രാഷ്ട്രീയാധികാരത്തിൽ ഉള്ള പ്രാതിനിധ്യം. എന്നാൽ, അത് എല്ലാ വിവേചനവും ഇല്ലാതാക്കുന്ന ഒരു ‘മാന്ത്രികവിളക്ക്' ആയി കാണുന്നതിൽ അർത്ഥമില്ല. സ്ത്രീ പ്രാതിനിധ്യം, കൃത്യമായി ഉപയോഗിക്കപ്പെടുകയും, അതിനനുസരിച്ച്​നയപരിപാടികൾ ആവിഷ്‌ക്കരിക്കുകയും ചെയ്താലേ ഈ അധികാരം കൊണ്ട് കാര്യമുള്ളൂ.

നിർഭാഗ്യവശാൽ, പുരുഷാധിപത്യവ്യവസ്ഥയുടെ ചട്ടക്കൂട്ടുകളിൽ നിന്നുകൊണ്ടാണ് ഇവിടെ അധികാരപങ്കാളിത്തം നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്. നമ്മുടെ എല്ലാ രാഷ്ട്രീയ പാർട്ടികളും പുരുഷാധിപത്യരീതികളിൽ തന്നെ പ്രവർത്തിക്കുന്നവയാണ്. സ്ത്രീകളുടെ പ്രാഥമിക ഉത്തരവാദിത്വം കുടുംബമാണെന്ന നിലപാടിൽ തന്നെയാണ് നമ്മുടെ പൊതുബോധം ഇന്നുമുള്ളത്. 50 ശതമാനം സംവരണം വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണ പ്രക്രിയയിലേക്ക് സ്ത്രീകൾ വൻതോതിൽ കടന്നു വരികയും കുടുംബശ്രീ പോലുള്ള സ്ത്രീ ശാക്തീകരണ പ്രസ്ഥാനങ്ങളും സ്ത്രീ സംഘടനകളും ശക്തമായിട്ടും സ്ത്രീകൾ ഇവിടെ ആക്രമിക്കപ്പെടുന്നുണ്ട്. അതും പൊതുസമൂഹത്തിൽ സ്ത്രീ സമത്വം എന്ന ആശയത്തിന് മുൻഗണന ലഭ്യമാക്കാത്തതുകൊണ്ടാണ്.

രാഷ്ട്രീയത്തിലെ സജീവമായ വ്യവഹാരം സ്ത്രീകളുടെ കുടുംബജീവിതത്തിലെ ഉത്തരവാദിത്വങ്ങളെ ബാധിക്കുന്നു എന്ന പൊതുബോധത്തിൽ നിന്ന് മുക്തമാകാൻ നമുക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട്, രാഷ്ട്രീയാധികാരം, സമൂഹത്തിലെ സ്ത്രീകളുടെ പദവിയെ ഒരു പരിധിയിൽ കവിഞ്ഞു ഉയർത്തിയിട്ടില്ല എന്ന് തന്നെയാണ് അഭിപ്രായം. പൊതുപ്രവർത്തകരായ സ്ത്രീകളുടെ ഏജൻസിയെ അംഗീകരിക്കാതെ, അധികാരത്തിലെ അവരുടെ പ്രാതിനിധ്യം കൂടി ‘രക്ഷാകർതൃത്വ' രാഷ്ട്രീയത്തിന്റെ മുകളിൽ വെച്ചുകെട്ടുന്ന രീതിയും നമ്മുടെ സമൂഹത്തിലും മാധ്യമങ്ങളിലും കാണാറുണ്ട്. ഇതൊക്കെ മാറണമെങ്കിൽ നമ്മുടെ കുടുംബങ്ങളും സമൂഹവും കൂടുതൽ ജനാധിപത്യവൽക്കരിക്കപ്പെടുകയും സ്ത്രീയുടെയും പുരുഷന്റെയും റോളുകൾ തുല്യമായി കാണുന്ന മാനസികനിലയിലേക്ക് വരികയും വേണം. അത്തരം ഒരു ‘ഇടം' ഉണ്ടാക്കിയെടുക്കാൻ ഉള്ള അവസരമായി തദ്ദേശ സ്ഥാപനങ്ങളിലെ 50% സ്ത്രീ സംവരണം ഉപയോഗിച്ചാൽ മാത്രമേ അധികാരമുള്ള സ്ത്രീ എന്നത് സ്വാഭാവികതയായി മാറുകയുള്ളൂ.

2. നിയമസഭ - ലോക്​സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

വാസ്തവത്തിൽ ഇത് കാണിക്കുന്നത്, നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ ഇരട്ടത്താപ്പ് തന്നെയാണ്. സംവരണം ഉള്ളത് കൊണ്ടുമാത്രമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം ഉള്ളത്. അത് ഇല്ലാത്തത് കൊണ്ട് നിയമസഭ - ലോകസഭ തെരഞ്ഞെടുപ്പിൽ പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. അതിനു ഒരു കാരണം, കുടുംബബന്ധം, മാതൃത്വം, കുടുംബത്തോടുള്ള പ്രാഥമിക ഉത്തരവാദിത്വം എന്ന കള്ളികളിൽ തന്നെയാണ് സമൂഹവും രാഷ്ട്രീയ പാർട്ടികളും ഇന്നും സ്ത്രീകളെ തളച്ചിടുന്നത് എന്നതാണ്. അതിനു ശേഷം മാത്രമേ രാഷ്ട്രീയ ഉത്തരവാദിത്വവും പങ്കാളിത്തവും കടന്നുവരുന്നുള്ളൂ.

രണ്ടാമത്തെ കാരണം, പുരുഷന്മാരാൽ നിയന്ത്രിക്കപ്പെടുന്ന, രാഷ്ട്രീയ പാർട്ടികളിൽ അധികാരം തങ്ങളിൽ തന്നെ നിലനിർത്തണം എന്ന് അവർ കരുതുന്നതുകൊണ്ട് കൂടിയാണ്. മിക്കവാറും എല്ലാ പാർട്ടികളിലും സ്ഥാനാർഥികളെ തീരുമാനിക്കുന്ന ഉന്നതാധികാരസമിതികളിൽ സ്ത്രീകൾ ഉണ്ടാവാറില്ല. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളിലെ വനിതാ നേതാക്കന്മാർ സത്യത്തിൽ അവകാശലംഘനം ആണ് അനുഭവിക്കുന്നത്. പലപ്പോഴും അധികാരമോഹമായി വ്യാഖ്യാനിക്കപ്പെടുമെന്നതിനാലും, അച്ചടക്കലംഘനത്തിൽപ്പെടുന്നതുകൊണ്ടും സ്ത്രീ നേതാക്കന്മാർ തങ്ങളുടെ അവകാശം കൃത്യമായി നേതൃത്വങ്ങളെ ബോധ്യപ്പെടുത്താറില്ല. അത്, ഒരു അവസരമായിക്കണ്ട് ആണുങ്ങൾ പരസ്പരം വീതിച്ചെടുക്കുന്ന ഒരു സംസ്‌കാരമാണ് എല്ലാ പാർട്ടികളിലും. സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തനങ്ങളിൽ മികവ് തെളിയിച്ച നിരവധി സ്ത്രീകൾ ഉള്ളപ്പോഴായിരുന്നു ഇന്നസെന്റും മുകേഷും ഒക്കെ സ്ഥാനാർഥികൾ ആയത്​ എന്ന് ഓർക്കണം.

1957 ൽ കേരള നിയമസഭയിലെ 114 അംഗങ്ങളിൽ ആറുപേർ സ്ത്രീകൾ ആയിരുന്നു. എന്നാൽ, ഇപ്പോഴത്തെ 140 അംഗ സഭയിൽ ഒമ്പത് സ്ത്രീകൾ മാത്രമാണുള്ളത്. 2011ൽ വെറും ഏഴ്​ ആയിരുന്നു. അമ്പതു വർഷം കൊണ്ടുള്ള മാറ്റം നോക്കുക!

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏകദേശം 78.29% സ്ത്രീകൾ വോട്ടു രേഖപ്പെടുത്തിയതായി കണക്ക്​ കാണിക്കുന്നു. എന്നിട്ട്, സ്ത്രീകളുടെ പ്രാതിനിധ്യം വെറും 5. 7 % മാത്രം. ഇത് കാണിക്കുന്നത് സ്ത്രീകൾക്ക് ന്യായമായ അധികാര പങ്കാളിത്തം നൽകാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ ഇനിയും തയ്യാറല്ല എന്നാണ്. ഏതാണ്ട് ഏഴ് പതിറ്റാണ്ടിനിടെ നടന്ന പതിനാറ് തിരഞ്ഞെടുപ്പുകളിൽ ഒൻപത്​ വനിതകൾ മാത്രമേ കേരളത്തിൽ നിന്ന് ലോക്​സഭയിൽ എത്തിയിട്ടുള്ളു എന്നത് അവിശ്വസനീയമായിത്തോന്നാം. പക്ഷെ അതാണ് സത്യം. രാജ്യസഭയിലേക്ക് നാലുപേരും.

തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ പ്രാതിനിധ്യം സ്വാഭാവികമായി നിയമസഭ- ലോകസഭ രാജ്യസഭകളിലേക്ക് പ്രതിഫലിച്ചാൽ മാത്രമേ സ്ത്രീസംവരണം കൊണ്ടുള്ള ശാക്തീകരണം എന്ന് നമുക്ക് പറയാൻ പറ്റൂ. പക്ഷെ കേരളാമോഡൽ, നവോഥാനം, ആധുനികത എന്നൊക്കെ പറയുന്നതല്ലാതെ അതൊന്നും പ്രാവർത്തികമാക്കാൻ നമ്മുടെ രാഷ്ട്രീയ പാർട്ടികൾ തയ്യാറായിട്ടില്ല. 1974ൽ ലീലാ ദാമോദരമേനോനുശേഷം 2010 വരെ കാത്തിരുന്നിട്ടാണ് ടി.എൻ. സീമയിലൂടെ ഒരു വനിത രാജ്യസഭയിൽ എത്തിയത്. ഉയർന്ന രാഷ്ട്രീയബോധവും, സ്ത്രീ വിദ്യാഭ്യാസവും ഒക്കെ കേരളം അവകാശപ്പടുന്നുണ്ടെങ്കിലും, അതൊന്നും നമ്മുടെ രാഷ്ട്രീയ പാർട്ടികളുടെ മനോഭാവത്തിൽ മാറ്റം വരുത്തിയിട്ടില്ല.

ഇടതുപക്ഷ പാർട്ടികളുടെ ഒരൊറ്റ ജില്ല സെക്രട്ടറി പോലും സ്ത്രീ അല്ല. കോൺഗ്രസിൽ ആദ്യമായി കൊല്ലം ഡി.സി.സി പ്രസിഡണ്ട് ആയി ബിന്ദു കൃഷ്ണ വന്നു എന്നത് മാത്രമാണ് ചെറിയ മാറ്റം.നമ്മുടെ തൊഴിലാളി സംഘടനകളിൽ ഭൂരിഭാഗവും സ്ത്രീകൾ അല്ലെ? എന്നിട്ട്, എത്ര സംഘടനകളുടെ നേതൃസ്ഥാനത്തു സ്വാഭാവികമായി സ്ത്രീകൾ എത്തുന്നുണ്ട്? അത്യപൂർവമായി മാത്രമാണ് പൊതുസീറ്റുകൾ സ്ത്രീകൾക്ക് ലഭിക്കുന്നത്. അതുപോലെ ദീർഘകാലം ഒരു സീറ്റിൽ നിന്ന് തന്നെ മത്സരിക്കുന്ന എത്രയോ പുരുഷ നേതാക്കന്മാർ നമുക്കുണ്ട്. ഗൗരിയമ്മയെ മാറ്റി നിർത്തിയാൽ അങ്ങനെയൊരു സ്ത്രീനേതാവ് നമുക്ക് ഉണ്ടായിട്ടുണ്ടോ? ഒരു വനിത മുഖ്യമന്ത്രിയോ, വനിത അഭ്യന്തര മന്ത്രിയോ നമുക്ക് എന്നെങ്കിലും ഉണ്ടാകുമോ? എനിക്ക് പ്രതീക്ഷ ഇല്ല.

അതുകൊണ്ട്, തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് കൺവെർട്ട് ചെയ്യപ്പെടാത്തത്, രാഷ്ട്രീയ പാർട്ടികൾ ഇപ്പോഴും സ്ത്രീകളുടെ സ്വതന്ത്രമായ അധികാരത്തിലും, എജൻസിയിലും അതിൽ നിന്ന്​ ഉരുത്തിരിയുന്ന ഒരു TRANSFORMATIVE രാഷ്ട്രീയത്തിലും വിശ്വസിക്കാത്തതുകൊണ്ടാണ്, പുരുഷാധിപത്യസാമൂഹ്യ ഘടനയുടെ മൂല്യബോധം ഇപ്പോഴും പിന്തുടരുന്നതുകൊണ്ടാണ്, തുല്യതയിൽ അവർ വിശ്വസിക്കാത്തത് കൊണ്ടാണ്, സ്ത്രീസ്വാതന്ത്ര്യത്തിന്റെ താക്കോൽ തങ്ങളുടെ കൈയിൽ ആയിരിക്കണം എന്ന്​ പുരുഷനേതൃത്വം കരുതുന്നതുകൊണ്ടാണ്. പുരുഷന്മാർ സ്‌പോൺസർ ചെയ്യുന്ന ശാക്തീകരണ മോഡൽ ആണ് നമ്മുടേത്. അത് മാറാതെ, അർത്ഥപൂർണ്ണമായ പ്രാതിനിധ്യം ഇവിടെ ഉണ്ടാക്കാൻ പോകുന്നില്ല.

3. ഒരു സ്ത്രീയെ സംബന്ധിച്ച്​, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

വ്യക്തി അനുഭവം എടുത്താൽ ഒരു പരിധി വരെ തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിൽ ഉണ്ടെന്നു പറയാം. അതിനു പ്രധാനകാരണം, രണ്ടുപേരും ഏകദേശം ഒരുപോലെ സമ്പാദിക്കുന്നത് കൊണ്ടും, ഒരുപോലെ വിദ്യാഭ്യാസം നേടിയതുകൊണ്ടും, സാമ്പ്രദായിക കുടുംബസ്വത്തുക്കളെ ഒട്ടും ആശ്രയിക്കാത്തത് കൊണ്ടും ആണെന്ന് തോന്നാറുണ്ട്. പക്ഷെ, ഈയൊരു സ്വാതന്ത്ര്യം ‘സ്വാഭാവികമായി' ഉണ്ടായ ഒന്നല്ല. നിരന്തര ആശയവിനിമയത്തിലൂടെയും, ആശയസമരങ്ങളിലൂടെയും, സംവാദങ്ങളിലൂടെയും, മനസ്സിലാക്കിപ്പിക്കലിന്റെയും അധ്വാനം ഈയൊരു തുല്യതക്കു പിറകിൽ ഉണ്ട്.

എന്റെ തൊഴിൽ, ധാരാളം യാത്ര ആവശ്യമുള്ള ഒന്നായതായതുകൊണ്ട് ‘സാമ്പ്രദായിക വീട്ടക’ ജോലികൾ മുതൽ എല്ലാ കാര്യങ്ങളും തുല്യമായി വീതിച്ചു ചെയ്യേണ്ടി വരുന്ന സാഹചര്യമാണ്. എങ്കിലും, മകൾ ജനിച്ചശേഷം രണ്ടു വർഷത്തോളം എനിക്ക് തൊഴിലിടത്തിൽ നിന്ന്​ വിട്ടുനിൽക്കേണ്ടി വന്നിട്ടുണ്ട്. ‘മാതൃത്വം' എന്നത് ആത്യന്തികമായി അമ്മമാരുടെ മാത്രം ഉത്തരവാദിത്വം ആണെന്ന പൊതുബോധത്തിൽ നിന്ന് എന്റെ കുടുംബവും വ്യത്യസ്തമായിരുന്നില്ല.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

പുരുഷാധിപത്യമൂല്യങ്ങളുടെ ചട്ടക്കൂടിൽ തന്നെയാണല്ലോ ഈ സംഘടനകളും തൊഴിൽ ഇടങ്ങളും ഒക്കെ പ്രവർത്തിക്കുന്നത്. അതുകൊണ്ട് തന്നെ സ്വാഭാവികമായും, അധികാരത്തെ നിർവചനം ചെയുമ്പോൾ ഇതൊക്കെ ബാധിക്കുന്നുണ്ട്. വ്യക്തിപരമായി പറഞ്ഞാൽ, ഞാൻ ഒരു അന്താരാഷ്ട്രസംഘടനയിൽ ജോലി ചെയ്യുന്നതുകൊണ്ട്, സ്ത്രീ എന്ന നിലയിലുള്ള വിവേചനം ഒരിടത്തും ജോലിസ്ഥലത്ത് നേരിടേണ്ടി വന്നിട്ടില്ല. ഏഷ്യൻ രാജ്യങ്ങളിലെ തൊഴിൽ പ്രശ്‌നങ്ങളും, തൊഴിലിടങ്ങളിലെ വിവേചനങ്ങളും, മനുഷ്യാവകാശലംഘനവും പഠിക്കുകയും, അത് അന്താരാഷ്ട്ര തൊഴിൽ സംഘടന പോലുള്ള വേദികളിൽ അവതരിപ്പിക്കുകയും ചെയ്യുന്ന ജോലിയാണ് എന്റേത്. സ്വാഭാവികമായും, എന്റെ തൊഴിലിടം ഇത്തരം വിവേചനങ്ങൾക്ക് അതീതമാണ് എന്നുമാത്രമല്ല, തുല്യനീതിയും, അധികാരവും, സാമ്പത്തികകാര്യങ്ങൾ കൈകാര്യം ചെയ്യാനുള്ള എല്ലാ സ്വാതന്ത്ര്യവും എനിക്കുണ്ട്.

എന്നാൽ, മുമ്പ്​ ജോലി ചെയ്തിരുന്ന പല സ്ഥാപനങ്ങളിലും, ലിംഗ നീതി പേരിനു മാത്രമായിരുന്നു. അധികാരമുള്ള പദവി ആയിരുന്നിട്ടും, പലപ്പോഴും പുരുഷസഹപ്രവർത്തകർ ആ അധികാരം അംഗീകരിക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോഴും, തൊഴിലിന്റെ ഭാഗമായി പല സ്ഥാപനങ്ങളും സന്ദർശിക്കുമ്പോൾ മനസ്സിലാകുന്നത്, അദൃശ്യമായ ഒരു ഗ്ലാസ് സീലിംഗ് സ്ത്രീകളുടെ പദവിയെ തടസ്സപ്പെടുത്തുണ്ട് എന്നാണ്​. ‘സ്ത്രീകൾ നേരത്തെ വീട്ടിൽ പോകും, കുട്ടികളുടെ അസുഖം പറഞ്ഞു ലീവെടുക്കും, പ്രസവാവധി ജോലിയെ ബാധിക്കും, സഞ്ചാരസ്വാതന്ത്ര്യത്തിനു പരിമിതികൾ ഉണ്ട്... എന്നിങ്ങനെ പല കാരണങ്ങൾ പറഞ്ഞ്​ അവർക്ക് അർഹമായ പ്രൊമോഷൻ നിഷേധിക്കുന്നത്​ പലപ്പോഴും കണ്ടിട്ടുണ്ട്.

പ്രസവാവധി കഴിഞ്ഞ്​ തിരികെ എത്തുന്ന സ്ത്രീകൾക്ക് വാർഷിക ഇംക്രിമെൻറ്​ കൊടുക്കാത്ത പല സ്വകാര്യസ്ഥാപനങ്ങളും ഉണ്ട്. കാരണം, മുലയൂട്ടൽ, വാക്‌സിനേഷൻ തുടങ്ങിയ കാരണങ്ങൾ മൂലം അവർ ലീവ് കൂടുതൽ എടുക്കാൻ സാധ്യത ഉണ്ടെന്ന പൊതുധാരണ മിക്ക സ്വകാര്യസ്ഥാപനങ്ങളിലെയും HR വെച്ചുപുലർത്തുന്നുണ്ട്. പുരുഷന്മാർക്ക് ഇത്തരം വിവേചനങ്ങൾ ഒന്നും തന്നെ അച്ഛൻ ആയി എന്ന കാരണം കൊണ്ട് നേരിടേണ്ടി വരുന്നില്ല. ഇതൊക്കെ കൊണ്ട് പ്രസവത്തിനു ശേഷം തൊഴിൽ രംഗത്ത് ഉയരാൻ കഴിയാത്ത ധാരാളം സ്ത്രീകൾ ഉണ്ട്.

മാത്രമല്ല, സ്ത്രീ സൗഹൃദമല്ലാത്ത തൊഴിലിടങ്ങളാണ് പലയിടത്തും. കുട്ടികൾക്കുള്ള ക്രെഷ് സൗകര്യം, ടോയ്‌ലെറ്റുകൾ തുടങ്ങിയവ ഉണ്ടാകാറില്ല. അതുപോലെ പല സ്ഥാപനങ്ങളിലും സംഘടനകളിലും നയപരമായ തീരുമാനങ്ങൾ എടുക്കുന്ന ഉന്നതസമിതിയിൽ സ്ത്രീകൾ ഉണ്ടാകാറില്ല. സ്ത്രീ വിവേചനം ഏറ്റവും കൂടുതൽ അസംഘടിതമേഖലയിൽ ആണെന്ന് തോന്നിയിട്ടുണ്ട്. നിർമാണരംഗത്തും, ഖനികളിലും, കാർഷികരംഗത്തും ഒക്കെ സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കൂലി പലയിടത്തും കുറവാണ്. ജോലിസ്ഥലത്ത് കുടിവെള്ളം, ബാത്ത് റൂം, തുടങ്ങിയ സൗകര്യങ്ങൾ ഒന്നും തന്നെ ഉണ്ടാവാറില്ല.

ദീർഘനേരം മൂത്രമൊഴിക്കാതെ ജോലി ചെയ്യുന്നതുകൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ അവർക്കുണ്ട്. തൊഴിലാളി സംഘടനകളിലെ നയരൂപീകരണ സമിതികളിൽ സ്ത്രീകൾ കുറവായതുകൊണ്ടാണ് ഇതൊന്നും പരിഹരിക്കപ്പെടാത്തത്. മറ്റൊരു കാരണം ‘വീട്ടമ്മ, അമ്മ, ഭാര്യ’ തുടങ്ങിയ സാമ്പ്രദായികചുമതലകൾക്ക് പ്രാധാന്യം നൽകുന്ന ലിംഗപരമായ തൊഴിൽ വിഭജനം ആണ്. കേരളത്തിലും സ്ത്രീകളുടെ ലേബർ പാർട്ടിസിപ്പേഷൻ റേറ്റ് ഇപ്പോഴും മുപ്പതു ശതമാനത്തിൽ താഴെ മാത്രമാണ്. ചുരുക്കത്തിൽ, സമൂഹത്തിൽ പൊതുവേ കാണുന്ന ലിംഗവിവേചനം കൃത്യമായി പ്രതിഫലിക്കപ്പെടുന്ന ഒരിടമാണ് തൊഴിൽ രംഗം. സ്ത്രീയുടെ ഏജൻസി അംഗീകരിക്കാനും, അധികാരം പൂർണമായി കൈമാറാനും ഇപ്പോഴും തടസ്സങ്ങൾ ഉണ്ട്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏത് തരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചു കൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

കുടുംബവും സമൂഹവും, സ്ത്രീകളുടെ സ്വതന്ത്രമായ ആവിഷക്കാരങ്ങൾക്ക് തടസ്സം തന്നെയാണ്. മുൻ ചോദ്യത്തിന് ഉത്തരമായി പറഞ്ഞതുപോലെ സ്ത്രീയുടെ വളർച്ചയിൽ കുടുംബം ഇപ്പോഴും ഒരു ഘടകമായി നിൽക്കുന്നുണ്ട്. പുരുഷനിൽ അങ്ങനെ ഇല്ല. ഒരു സ്ത്രീ അമ്മയാകുന്നതോടൊപ്പം പുരുഷൻ അച്ഛനുമാകുന്നുണ്ട്. പക്ഷെ അത് ഒരു രാഷ്ട്രീയനേതാവ് എന്ന നിലയിലോ,ഒരു പ്രൊഫഷനൽ എന്ന നിലയിലോ ഉള്ള പുരുഷന്റെ മുന്നോട്ടുള്ള യാത്രയിൽ ഒരു ഘടകമാകുന്നില്ല.

എന്നാൽ, പ്രിവിലെജുകൾ ഒന്നുമില്ലാത്ത ഒരു സ്ത്രീ ഗർഭിണി ആകുന്നതോടെ അവരുടെ പ്രൊഫഷനൽ ജീവിതം തുലാസിലാണ്. ഇത് അവരുടെ സാമൂഹ്യമായ, തൊഴിൽപരമായ സജീവതയെ, ചലനാത്മകതയെ കാര്യമായി ബാധിക്കുന്നു. നമ്മുടെ പുരുഷാധിപത്യസമൂഹത്തിൽ, കുടുംബഘടനയിൽ ഒക്കെ ഇന്ന് കണ്ടുവരുന്ന അധികാരശ്രേണിയുടെ തട്ടുകളിൽ എല്ലാം പുരുഷൻ അനുഭവിക്കുന്ന സ്വാതന്ത്ര്യം സ്ത്രീകൾക്ക് ഇല്ല. സമൂഹത്തിലെ ഓരോ ഇടങ്ങളെയും കൃത്യമായി നിർവചിച്ച്​, സ്ത്രീക്കും പുരുഷനുമായി വേറെ വേറെ ഇടം നൽകുകയാണ് ഇവിടെ പുരുഷാധിപത്യ പൊതുബോധം ചെയ്യുന്നത്.

കുടുംബം, കുട്ടികൾ എന്നീ വൈകാരിക- സ്വകാര്യ ഇടങ്ങളാണ് സ്ത്രീകൾക്ക് പതിച്ചു നൽകുന്നത്. ഈ ഇടങ്ങളിലെ തൃപ്തികരമായ പങ്കാളിത്തത്തിനുശേഷം മാത്രമാണ് സാമൂഹ്യ ഇടങ്ങളിൽ സ്ത്രീകൾക്ക് ദൃശ്യരാകാൻ കഴിയുന്നത്. വാസ്തവത്തിൽ, കുടുംബം, വീട് തുടങ്ങിയ ഇടങ്ങളുടെ വൈകാരിക- വിശുദ്ധ പരിവേഷം നിലനിൽക്കുന്നത് തന്നെ സ്ത്രീകളുടെ അതിരില്ലാത്ത ഊർജ്ജത്തെയും, അധ്വാനത്തെയും കാലങ്ങളോളം ചൂഷണം ചെയ്തിട്ടാണ്. വീട്, കുടുംബം, എന്നീ വൈകാരികതകളിൽ തളച്ചിടപ്പെടുന്നത് കൊണ്ടാണ് സ്ത്രീകൾക്ക് സ്വയം ആവിഷ്‌ക്കരിക്കാൻ കഴിയാതെ പോകുന്നത്. കേരളത്തിലെ ജോലിയില്ലാത്ത സ്ത്രീകളിൽ മിക്കവാറും വിദ്യാഭ്യാസം ഉള്ളവരാണ്.

കുടുംബശ്രീ പോലുള്ള പ്രസ്ഥാനങ്ങൾ ധാരാളം സ്ത്രീകളെ പൊതുരംഗത്തേക്കും സ്വയം തൊഴിലിലേക്കും കൊണ്ടുവന്നിട്ടുണ്ടെങ്കിലും, സാമ്പ്രദായിക ലിംഗപദവിയിൽ മാറ്റം വരുത്താൻ കഴിഞ്ഞിട്ടില്ല. സ്ത്രീശാക്തീകരണം സാധ്യമാകണം എങ്കിൽ അതോടൊപ്പം നമ്മുടെ സാമ്പ്രദായിക കുടുംബ സങ്കൽപ്പങ്ങളും പുരുഷബോധങ്ങളും, സ്ത്രീ വൈകാരികതയെ ചൂഷണം ചെയ്യുന്ന തൊഴിൽ വിഭജനങ്ങളും മാറണം. അത് മാറാതെ വെറും അധികാര കൈമാറ്റം കൊണ്ട് സ്ത്രീകൾ സ്വതന്ത്രരാവില്ല. രാഷ്ട്രീയത്തിലെ ജനാധിപത്യം നിരന്തരം ചർച്ച ചെയ്യപ്പെടുമ്പോഴും കുടുംബത്തിലെ ജനാധിപത്യം ഒരിക്കലും ചർച്ച ചെയ്യപ്പെടാറില്ല. അതുകൊണ്ട്, ജനാധിപത്യവും, പ്രാതിനിധ്യവും, അതിനെകുറിച്ചുള്ള സംവാദങ്ങളും തുടങ്ങേണ്ടത് കുടുംബത്തിൽ നിന്നാണ്.

കുടുംബഘടനയിൽ ലിംഗസമത്വവും നീതിയും സ്ത്രീകളുടെ സ്വതന്ത്രചിന്തകളുടെയും പ്രവൃത്തികളുടെയും ആവിഷ്‌ക്കാരവും തുല്യാധികാരവും നടപ്പിലാക്കാൻ കഴിഞ്ഞാൽ അത് സമൂഹത്തിലേക്കും രാഷ്ട്രീയത്തിലേക്കും പകർത്താൻ കഴിയും. നിർഭാഗ്യവശാൽ, ജനാധിപത്യവിരുദ്ധത ആഴത്തിൽ വ്യാപിച്ചിരിക്കുന്നത് കുടുംബത്തിലാണ്. എല്ലാ സംവരണങ്ങളും അർത്ഥശൂന്യമായിപ്പോകുന്നത് ഈയൊരു തിരിച്ചറിവിലാണ്.


Comments