ഇടതുപാർട്ടികളിൽ ലിംഗനീതി അജണ്ടയിലെങ്കിലും ഉണ്ട്, എങ്കിലും ഖേദമുണ്ട്...

മതേതരത്വം, ലിംഗസമത്വം എന്നീ അടിസ്ഥാന ആധുനിക ജനായത്തമൂല്യങ്ങളുള്ള ഒരു സമൂഹമായി കേരളം വളർന്നിട്ടില്ല- മലയാളം മിഷൻ ഡയറക്​ടറും എഴുത്തുകാരിയുമായ ​പ്രൊഫ. സുജ സൂസൻ ജോർജ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

സുസ സൂസൻ ജോർജ്:തീർച്ചയായും 50 ശതമാനം സ്ത്രീ സംവരണം പൊതുസമൂഹത്തിലെ സ്ത്രീസാന്നിധ്യത്തിൽ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്ത് തല ഭരണക്രമങ്ങളിൽ ചെറിയ തോതിലെങ്കിലും സ്ത്രീപക്ഷം എന്ന നിലപാടിന് അംഗീകാരം കിട്ടിയിട്ടുണ്ട്. പക്ഷേ അത്രയുമേയുള്ളു, അവിടെ മുട്ടിത്തിരിയുകയാണ് സ്ത്രീകളുടെ രാഷ്ട്രീയാധികാരം. ഒരു രാഷ്ട്രീയപാർട്ടിയിൽ പോലും നിർണായക അധികാര സ്ഥാനത്തിലേക്ക് സ്ത്രീ എത്തുന്നില്ല. അങ്ങനെ എത്താതിരിക്കത്തക്കവണ്ണം ആൺകോയ്മയാൽ ക്രമീകൃതമാണ് കേരളസമൂഹം. അതിനാൽ സ്ത്രീയുടെ രാഷ്ട്രീയാധികാരം സൗജന്യമായോ സാങ്കേതികമായോ മാത്രം നിലനിൽക്കുന്നു.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

നവോത്ഥാനാനന്തര കേരളം, വിശേഷിച്ചും വിമോചനസമരത്തിനുശേഷം ആന്തരികമായി ചിട്ടപ്പെട്ടിരിക്കുന്നത് പ്രത്യേക അനുപാതത്തിലാണ്. ജാതി- മത- ലിംഗ സമവാക്യങ്ങൾ ഉറച്ചുനിൽക്കുന്നത് യാഥാസ്ഥിതിക/ഫ്യൂഡൽ മൂല്യങ്ങളിലാണെങ്കിലും മുതലാളിത്തത്തിന്റെ തുറവിയിലേക്ക് കൈകൾ വിടർത്താൻ പാകത്തിനുള്ള ലോകപരിചയം കേരളസമൂഹത്തിനുണ്ട്. അതിന്റെ സൈദ്ധാന്തിക നാട്യങ്ങൾക്കപ്പുറം മതേതരത്വം, ലിംഗസമത്വം എന്നീ അടിസ്ഥാന ആധുനിക ജനായത്തമൂല്യങ്ങളുള്ള ഒരു സമൂഹമായി കേരളം വളർന്നിട്ടില്ല. സ്ത്രീയെ തുല്യാവകാശമുള്ള പൗരർ എന്ന നിലയിൽ കാണാൻ കഴിഞ്ഞിട്ടില്ല. ജനപ്രാതിനിധ്യം എന്നാൽ പുരുഷപ്രാതിനിധ്യം എന്നതിന് അപ്പുറത്തേക്ക് കടക്കാൻ കഴിയാതെ പോകുന്നു.

3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

കേരളത്തിലെ കുടുംബഘടനയും അതിനുള്ളിലെ സ്ത്രീ പുരുഷ ബന്ധവും സ്വത്തവകാശവും ഇന്നും ആധുനീകരിക്കപ്പെട്ടില്ല. ‘ഇന്ദുലേഖ'ക്ക് അപ്പുറത്തേക്ക് കുടുംബത്തിലെ സ്ത്രീ നവീകരിക്കപ്പെട്ടിട്ടില്ല. സൗകര്യങ്ങൾക്കുവേണ്ടിയുള്ള നീക്കുപോക്കുകളിൽ ഒതുങ്ങുന്നു കുടുംബത്തിലെ സ്ത്രീയുടെ സ്വാതന്ത്ര്യം. ഉത്തരവാദിത്തത്തിന്റെയും അർപ്പണത്തിന്റെയും നിത്യയൗവനസ്മാരകമായി കുടുംബിനികൾ ഇപ്പോഴും വാഴ്ത്തപ്പെടുന്നു.

സീത എന്ന റോൾ മോഡൽ ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മാറ്റമനുസരിച്ച് മതചട്ടക്കൂടുകളിൽ കുടുംബത്തിലേക്ക് പുനരാവിഷ്‌ക്കരിക്കപ്പെടുന്നു. വ്യക്തിപരമായ അനുഭവങ്ങൾക്കും അടിസ്ഥാനപരമായി വലിയ വ്യത്യാസമില്ല. സ്വയം മോചിതയാകുക എന്ന നിലപാടാണ് കുറെയെങ്കിലും എന്നെ സ്വതന്ത്രയാക്കിയത്.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

രാഷ്ട്രീയ സംഘടനകൾ മുന്നോട്ടുവെക്കുന്ന അജണ്ടകൾ പലതും പ്രയോഗത്തിൽ അപ്രസക്തമാകാറുണ്ട്. എങ്കിലും ലിംഗനീതി അജൻഡയിലെങ്കിലും ഉണ്ട് എന്നത് ഇടതുപാർട്ടികളെ വ്യത്യസ്തമാക്കുന്നു. എങ്കിലും ഖേദമുണ്ട്... ഒമ്പതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ് ഞാൻ വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് വരുന്നത്. അന്ന് ഉയർത്തിയ അതേ ലിംഗസമത്വത്തിനു വേണ്ടിയുള്ള കലാപം ഇന്നും ഒരു മാറ്റവുമില്ലാതെ തുടരേണ്ടി വരുന്നു. ഒരു മൂന്നാം കണ്ണ് എപ്പോഴും കുറച്ച് നിരാശയോടെ തന്നെ എരിയിച്ചുകൊണ്ടിരിക്കുന്നു. സമൂഹത്തിന്റെ ആൺകോയ്മാ സ്വഭാവം തൊഴിലിടത്തിൽ പ്രതിഫലിക്കുമെങ്കിലും പ്രവർത്തനമികവു കൊണ്ടും നിരന്തരം അറിവ് കാലികമാക്കുന്നതിലൂടെയും കഠിനാധ്വാനം കൊണ്ടും മറികടക്കാനാകും. പക്ഷേ പുരുഷനെ അപേക്ഷിച്ച് ഒരു സ്ത്രീ ഭരണാധികാരിക്ക് സ്വയം തെളിയിച്ചുകൊണ്ട് മാത്രമേ വിജയിക്കാനാകൂ.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

അടിസ്ഥാനപരമായി സ്ത്രീ കുടുംബത്തിനു വേണ്ടിയുള്ള സൃഷ്ടിയാണെന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്. അത് കഴിഞ്ഞുമതി ഉദ്യോഗവും കലയും രാഷ്ട്രീയവും എന്ന് സമൂഹം കരുതുന്നു. ഔദ്യോഗികമായി തിരുവനന്തപുരത്ത് താമസിക്കുന്ന എന്നോട് ഇപ്പോഴും ചോദിക്കുന്നത് കോട്ടയത്തെ വീട്ടിലാരാണുള്ളതെന്നാണ്. ഭർത്താവുണ്ടല്ലോ എന്നു പറഞ്ഞാൽ അടുത്ത ചോദ്യം അദ്ദേഹത്തിന്റെ ആഹാരകാര്യങ്ങൾ എങ്ങനെയെന്നാണ്? കേരളത്തിലെ സ്ത്രീകൾ സ്വയം വിമോചിതരാകാനും കസേര വലിച്ചിട്ടിരിക്കാനും പ്രാപ്തരാണ്. അത് സങ്കോചമില്ലാതെ നടപ്പാക്കാനുള്ള ചങ്കൂറ്റമാണ് വേണ്ടത്.



Summary: മതേതരത്വം, ലിംഗസമത്വം എന്നീ അടിസ്ഥാന ആധുനിക ജനായത്തമൂല്യങ്ങളുള്ള ഒരു സമൂഹമായി കേരളം വളർന്നിട്ടില്ല- മലയാളം മിഷൻ ഡയറക്​ടറും എഴുത്തുകാരിയുമായ ​പ്രൊഫ. സുജ സൂസൻ ജോർജ്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.


Comments