വ്യക്തിത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നിടത്താണ് ആദ്യ സ്വാതന്ത്ര്യം നമുക്ക് ലഭിക്കുന്നത്

ഇപ്പോഴും സ്ത്രീകൾക്ക് ഒരു പരിധിവിട്ട് രാഷ്ട്രീയ മേഖലയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല, ഈ പരിധി നിശ്ചയിക്കുന്നത് ഇവിടത്തെ പുരുഷകേന്ദ്രീകൃതമായ സൊസൈറ്റി തന്നെയാണ്- മാധ്യമ പ്രവർത്തക തപസ്യ ജയൻ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗ തലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

തപസ്യ ജയൻ: അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറുന്നില്ലെങ്കിലും സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ വലിയ മാറ്റം സംഭവിക്കുന്നുണ്ട്. അതിനുദാഹരണങ്ങൾ പലതാണ്.

ഇപ്പോൾ ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ തന്നെ ജനറൽ സീറ്റുകളിൽ ഉൾപ്പെടെ സ്ത്രീ സാന്നിധ്യം കാണാൻ സാധിക്കും. അതിനർത്ഥം ഒരു വിഭാഗം ആളുകൾ മാറി ചിന്തിക്കാൻ തുടങ്ങി എന്ന് തന്നെയാണ്. കുടുംബശ്രീ എന്ന ആശയം നിലവിൽ വന്നതോടെ ഒരുപാട് സ്ത്രീകൾ സമൂഹത്തിലേക്ക് ഇറങ്ങി വരുന്നതിന് വഴിതെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മറ്റ് മേഖലയിലെന്ന പോലെ രാഷ്ട്രീയരംഗത്തും തങ്ങളുടെ കഴിവ് തെളിയിക്കാൻ സ്ത്രീകൾ പ്രാപ്തരായിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ കേരളം പോലൊരു സംസ്ഥാനത്തിൽ 50% സ്ത്രീ സംവരണം എത്തി നിൽക്കാൻ ഇത്രയും കാലം എടുത്തു എന്നുള്ളതും വസ്തുതയാണ്.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെ, മറ്റ് സംഘടനകളുടെ നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

ആലത്തൂർ എംപി രമ്യ ഹരിദാസ് എംപിയായിട്ടെന്തിനാ നിയമസഭയിൽ പാട്ട് പാടാനാണോ എന്ന് ചോദിച്ച ആളുകളുള്ള സമൂഹത്തിൽ ഇരുന്നുകൊണ്ടുതന്നെയാണ് നമ്മൾ ഇപ്പോഴും സ്ത്രീ സമത്വം, സംവരണം എന്നൊക്കെ പറയുന്നത് എന്നതാണ് യഥാർത്ഥ വസ്തുത. ഇപ്പോഴും സ്ത്രീകൾക്ക് ഒരു പരിധിവിട്ട് രാഷ്ട്രീയ മേഖലയിൽ തിളങ്ങാൻ കഴിഞ്ഞിട്ടില്ല, ഈ പരിധി നിശ്ചയിക്കുന്നത് ഇവിടത്തെ പുരുഷകേന്ദ്രീകൃതമായ സൊസൈറ്റി തന്നെയാണ്. അതുകൊണ്ടുതന്നെയാണ് ഇന്ദിരാഗാന്ധിക്കുശേഷം ഒരു വനിത പ്രധാനമന്ത്രിയെ ഇന്ത്യ കാണാത്തത്.

മാത്രമല്ല, ഇപ്പോഴും സംവരണം എന്നത് ഒരു ഔദാര്യമാണെന്നു ചിന്തിക്കുന്ന ഒരുകൂട്ടം ആളുകൾ നമ്മുക്കിടയിൽ തന്നെയുണ്ട്. അതിപ്പോ, സ്ത്രീസംവരണം ആയിക്കോട്ടെ, എസ്.സി- എസ്. ടി സംവരണം ആയിക്കോട്ടെ. അപ്പോൾ മാറേണ്ടത് ഈ മനോഭാവം തന്നെയാണ്. പക്ഷെ മാറ്റങ്ങൾ അനിവാര്യമാകുന്ന കാലഘട്ടത്തിലൂടെയാണ് നമ്മൾ ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. വർഗീയവിഷം നിറഞ്ഞ ഭരണവർഗം ഒരിക്കലും യാതൊരു വിധത്തിലുള്ള പിന്നോക്ക, സ്ത്രീ മുന്നേറ്റങ്ങളെയും ഇരുകൈയും നീട്ടി സ്വീകരിക്കാൻ പോകുന്നില്ല. അതുകൊണ്ട് തന്നെ ഓരോ മുന്നേറ്റങ്ങളും ഓരോ ചവിട്ടുപടിയായിട്ടാണ് ഞാൻ കാണുന്നത്. ഒരിക്കൽ ഈ പാട്രിയാട്രിക്കൽ സൊസൈയിറ്റിയിലെ മുഖ്യധാരയിലെല്ലാം സ്ത്രീ സാന്നിധ്യം കടന്നുവരിക തന്നെ ചെയ്യും.

3. ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാർത്ഥത്തിലാണ്. വളർന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അർത്ഥത്തിൽ) അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ കുടുംബത്തിനകത്തെ അധികാരം, അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?

വീടുകളിൽ നിന്നാണ് വിപ്ലവമുണ്ടാക്കുന്നത് എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്നെ സംബന്ധിച്ച് എന്റെ ജീവിതത്തിൽ ഓരോ തീരുമാനങ്ങളും സ്വന്തമായി എടുക്കാനും ഇഷ്ടമുള്ളതുവരെ പഠിക്കാനും, ജോലിക്ക് പോകാനുമെല്ലാമുള്ള സ്വാതന്ത്ര്യം നൽകിയാണ് എന്നെ വളർത്തിയിരിക്കുന്നത്.

ഭൂരിഭാഗം പേർക്കും അത്തരത്തിൽ ഒരു ചുറ്റുപാട് കിട്ടണമെന്നില്ല. സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തിയായെന്നു എനിക്ക് തോന്നുന്ന കാലത്ത് മാത്രമേ കല്യാണം പോലുള്ള കാര്യങ്ങളിലേക്ക് കടക്കൂ എന്ന എന്റെ തീരുമാനത്തെ അതേരീതിയിൽ മനസിലാക്കിയ ഒരു ഫാമിലിയാണ് എന്റേത്.

അതുകൊണ്ടുതന്നെ ജീവിതത്തിലെ ഓരോ തീരുമാനങ്ങൾക്കും അതിന്റെതായ പ്രാധാന്യം നൽകാനും ഞാൻ ശ്രമിച്ചിരുന്നു. ജോലി ചെയ്ത് സ്വന്തം കുടുംബം നോക്കുക എന്നത് ആൺകുട്ടികൾക്ക് മാത്രം പറ്റുന്ന ഒന്നല്ല എന്നും, പെൺകുട്ടികളെ വളർത്തിയിട്ടെന്തിനാ കെട്ടിച്ചുവിടാൻ അല്ലേ എന്നുള്ള ചിന്താഗതി മാറ്റിവെച്ച് അച്ഛനമ്മമാരെ നോക്കാൻ ഒരു പരിധിവരെ പെൺകുട്ടികളും പ്രാപ്തരാകണം എന്നും വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. എന്റെ ജീവിതത്തിൽ ഞാൻ അത് കൃത്യമായി പാലിച്ചുപോകുന്നുമുണ്ട്. സ്വയംപര്യാപ്തത എന്നത് ഒരു പരിധിവരെ നമ്മൾ നേടിയെടുക്കേണ്ട ഒന്നു കൂടിയാണ്. നമ്മുടെ വ്യക്തിത്വം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്നിടത്താണ് ആദ്യ സ്വാതന്ത്ര്യം നമുക്ക് ലഭിക്കുന്നത്.

പിന്നീട് ആ സ്വാതന്ത്ര്യത്തിനുമേലുള്ള ആസ്വദനം മാത്രമാണ് ജീവിതം. ഒരു സ്ത്രീയെ സംബന്ധിച്ച് വിദ്യാഭ്യാസം എത്ര ലഭിക്കുന്നു അത്രകണ്ട് അവൾ ഉയരങ്ങളിലേക്ക് എത്തും എന്നുതന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. പ്രാഥമികമായി ലഭിക്കേണ്ട വിദ്യാഭ്യാസം ലഭിച്ചുകഴിഞ്ഞാൽ തന്നെ നാം ഒരു സാമൂഹ്യജീവികൂടിയായി മാറുകയാണ്. പിന്നീട് നടക്കുന്നതല്ലാം അതിന്റെ പ്രതിപ്രവർത്തനങ്ങൾ മാത്രമാണ്. നമ്മൾ നമ്മളായിട്ട് ഇരിക്കുകയാണ് നമ്മളോട് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ നീതി. അതിലെങ്കിലും സത്യസന്ധരായിരിക്കുക.

4. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാര നില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനയ്ക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

തൊഴിലിടങ്ങളിൽ ഒരു സ്ത്രീയെ സംബന്ധിച്ച് ഇപ്പോഴും തുല്യത എന്നത് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന ഒന്ന് തന്നെയാണ്. തുല്യജോലിക്ക് തുല്യവേതനം എന്ന ആശയം നിലനിൽക്കുമ്പോൾപോലും ഇപ്പോഴും പുരുഷന് കിട്ടുന്ന വേതനത്തിന്റെ മൂന്നിൽ ഒരു ഭാഗം മാത്രമേ ഇപ്പോഴും സ്ത്രീകൾക്ക് ലഭിക്കുന്നുള്ളൂ.

സമൂഹത്തിലെ താഴെത്തട്ടിലെന്നറിയപ്പെടുന്ന കൂലിപ്പണി മുതൽ കോർപ്പറേറ്റ്‌വൽകൃത ജോലികളിൽ വരെ ഈ അന്തരം തുടരുന്നു. പലപ്പോഴും ഇത് വേതനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ പദവികളിലേക്ക് കൂടി കടക്കുന്നു എന്നതും വസ്തുതയാണ്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനൊപ്പം, അവളുടെ യോഗ്യതക്കനുസരിച്ച വേതനവും ഉറപ്പാക്കുന്നിടത്താണ് സമത്വം നിലനിൽക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. എന്നാൽ പലയിടങ്ങളിലും കാണാൻ സാധിക്കാത്തതും അതുതന്നെയാണ്. അതിൽ മാറ്റം വരണമെന്നാണ് ആഗ്രഹിക്കുന്നത്.

ജേണലിസം പഠനം പൂർത്തിയാക്കിയ ഒരാൾ എന്ന നിലയിൽ ആ തൊഴിലിടങ്ങളിൽ നേരിടുന്ന പ്രധാന പ്രശ്‌നം ചെയ്യുന്ന ജോലിക്ക് കൃത്യമായ ശമ്പളം ലഭിക്കുന്നില്ല എന്നതാണ്. മാസങ്ങളോളം ജോലി എടുത്തിട്ട് ഒരു രൂപ പോലും ശമ്പളം ലഭിക്കാതെ പടിയിറങ്ങേണ്ടി വന്ന സ്ഥാപനങ്ങളുമുണ്ട്. അത്തരത്തിൽ ശോഷിച്ചു പോകുന്ന മാധ്യമ സ്ഥാപനങ്ങളിൽനിന്ന് പുറത്തേക്ക് വരുമ്പോൾ മറ്റൊരു തൊഴിൽ ലഭിക്കുന്നില്ല എന്നതും പ്രധാന പ്രശ്‌നമാണ്.

ഇവക്കല്ലാം ഉള്ളിൽ നിന്നുകൊണ്ട് അതിജീവിക്കുക എന്നുള്ളത് വളരെ പ്രയാസകരമായ ഒരു കാര്യമായാണ് കാണുന്നത്. തങ്ങളുടെ സഹപ്രവർത്തകക്ക് അല്ലെങ്കിൽ സഹപ്രവർത്തകന് ഒരു പ്രശ്‌നം വരുമ്പോൾ കൂടെ നിൽക്കുക എന്ന മനോഭാവം പോലും കാണിക്കാത്ത ഒരു മാധ്യമലോകം ആണ് ഇന്നത്തേത്. അതുകൊണ്ടുതന്നെ അവിടെ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നുമില്ല. സഹജീവികളുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കാത്തവർ സമൂഹത്തിനെന്ത് നന്മ ചെയ്യാനാണ് ഇറങ്ങി തിരിക്കുന്നതെന്നും അറിയില്ല. സഹജീവിയുടെ പ്രശ്‌നം തങ്ങളുടെ പ്രശ്‌നം കൂടിയാണെന്ന് ചിന്തിക്കുന്ന നല്ലൊരു തൊഴിലിടങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രത്യാശ മാത്രമാണ് ഇപ്പോഴുള്ളത്.

5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവ്വചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

സ്ത്രീകൾ സമൂഹത്തിന്റെ വിളക്കാണ്, അവർ നല്ലൊരു കുടുംബിനി ആയിരിക്കുക, ഭർത്താവ് കുട്ടി, കുടുംബം എന്നതാണ് സ്ത്രീയുടെ ഏറ്റവും വലിയ സ്വർഗ്ഗം. എന്നിങ്ങനെയുള്ള മൂഢസ്വർഗത്തിലാണ് ഓരോ സ്ത്രീയും വളർന്നുവരുന്നത്. അല്ലെങ്കിൽ അത്തരം ഉപദേശങ്ങൾ മാത്രമാണ് തലമുറകളായി സ്ത്രീകൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. സ്വന്തം കാലിൽ നിൽക്കണം എന്ന് ഒരു സ്ത്രീ വിചാരിച്ചുതുടങ്ങുമ്പോൾ അവൾ അഹങ്കാരിയായും ഫെമിനിസ്റ്റായുമെല്ലാം മാറുന്നത് ഇതേ ചിന്താഗതി കൊണ്ടുതന്നെയാണ്.

ഒരു സ്ത്രീയെ സംബന്ധിച്ച് കുടുംബത്തിൽ നിന്നു തന്നെയാണ് ഇത്തരം ചിന്താഗതിയിൽ നിന്നുള്ള മാറ്റങ്ങൾ ആദ്യം വരേണ്ടത്. കുടുംബം എന്നത് മറ്റെല്ലാതിനേയും പോലെ തന്നെയുള്ള ഒരു പ്രയോറിറ്റി മാത്രമായി സ്ത്രീകൾ കാണേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും 25 വയസ്സ് കഴിഞ്ഞ ഒരു സ്ത്രീ ആദ്യം നേരിടുന്ന ഏറ്റവും വലിയ ചോദ്യമാണ് കല്യാണം കഴിഞ്ഞില്ലേ, കല്യാണം കഴിക്കുന്നില്ലേ, എത്ര വയസ്സ് ആയിട്ടും പെൺകുട്ടികളെ പഠിപ്പിക്കുന്നത് എന്തിനാണ്, അങ്ങനെ അങ്ങനെ... ഇതിനൊക്കെ മാറ്റം വരാത്ത കാലത്തോളം എത്ര സ്ത്രീസംവരണം, സ്ത്രീ സമത്വം എന്നിവയെ കുറിച്ച് ഘോരഘാര പ്രസംഗം നടത്തിയിട്ടെന്ത് കാര്യം. മാറി തുടങ്ങേണ്ടതും, മാറി ചിന്തിക്കേണ്ടതും സ്ത്രീകൾ തന്നെയാണ്. അടക്കം ഒതുക്കം എന്നുള്ളതൊക്കെ ഒരു ട്രാപ് ആണെന്ന് തിരിച്ചറിഞ്ഞ് അതിൽ നിന്നിറങ്ങി വരേണ്ടതും നമ്മൾ തന്നെയാണ്.


Comments