പരിസ്ഥിതി വിരുദ്ധമായ വികസനം നടത്താനുള്ള (കു) ബുദ്ധി ഒരിക്കലും പെണ്ണിന്റെ തലയിൽ വരില്ല

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ത്രീകൾ എത്തിയതോടെ ഭരണം കൂടുതൽ സുതാര്യവും മികവുറ്റതുമായിട്ടുണ്ട് എന്ന് പറയാതെ വയ്യ- സ്​ത്രീ തൊഴിലാളി സംഘടനാ പ്രവർത്തക വിജി പെൺകൂട്ട്​ സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നൽകിയ അഞ്ചു ചോദ്യങ്ങൾക്ക് വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ നിലപാട് വ്യക്തമാക്കുകയാണ്.

1. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക്​ തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളിൽ 50% സ്ത്രീ സംവരണം ഏർപ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തിൽ ഒരു പതിറ്റാണ്ട് പൂർത്തിയാവുമ്പോൾ കേരളീയ സമൂഹത്തിൽ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?

വിജി പെൺകൂട്ട്​: കേരളത്തിലാണല്ലോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ത്രീകൾക്ക് ആദ്യമായി 50% സംവരണം ഏർപ്പെടുത്തിയത്. കഴിഞ്ഞ പത്തുവർഷം കൊണ്ട് സ്ത്രീകൾ ഭരണമികവ് തെളിയിക്കുകതന്നെ ചെയ്തു. ഇത് വലിയൊരു മാറ്റമായിത്തന്നെയാണ് വിലയിരുത്തപ്പെടേണ്ടത്. മാറ്റത്തിന് ചുവടുപിടിച്ച് ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഇത്തരത്തിലുള്ള സംവരണം ഏർപ്പെടുത്തുമെന്ന് കരുതുകയും വേണ്ട. കാരണം അധികാരത്തിൽ ഓടിനടക്കുന്ന പുരുഷസമൂഹം ഇപ്പോൾ തന്നെ ആകെ പ്രശ്‌നത്തിലാണ്.

സ്ത്രീകൾക്ക് അധികാരമൊന്നും ആവശ്യമില്ല; അവർ അങ്ങനെയൊക്കെയുള്ള സ്ഥാനങ്ങളിലെത്തിയാൽ ഇവിടെ തകർന്നില്ലാതാകുന്നത് കുടുംബഭദ്രതയാവും. പുരുഷൻ രാജ്യം ഭരിച്ചു നടക്കുമ്പോൾ അവന്റെ കുടുംബത്തിന്റെ ഉത്തരവാദിത്വം നിറവേറ്റുകയാണ് സ്ത്രീകളുടെ ജോലി. അവന്റെ മക്കളുടെ എല്ലാ ഉത്തരവാദിത്വങ്ങളും അവളുടെ തലയിൽ മാത്രമാണ്. ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ നാടൻ ഭാഷയിൽ ഒരു പ്രയോഗമുണ്ട്; ‘ചോറും പേറും കഴിഞ്ഞിട്ട് മതി ബാക്കി' എന്ന്. അവളുടെ പണി അത് മാത്രമാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് സ്ത്രീകൾ എത്തിയതോടെ ഭരണം കൂടുതൽ സുതാര്യവും മികവുറ്റതുമായിട്ടുണ്ട് എന്ന് പറയാതെ വയ്യ. തീർത്തും പരിസ്ഥിതിവിരുദ്ധമായ വികസനം നടത്താനുള്ള ഒരു (കു) ബുദ്ധി ഒരിക്കലും ഒരു പെണ്ണിന്റെ തലയിൽ വരില്ല. കാരണം അവൾ മലയും പുഴയും വയലുമൊക്കെ തന്നെയാണ്. തന്നെത്തന്നെ നശിപ്പിച്ചുകൊണ്ട് കീശ വീർപ്പിക്കാൻ സ്ത്രീകൾ ഏതായാലും മുതിരും എന്നെനിക്ക് തോന്നുന്നില്ല. എല്ലാവർക്കും ഇത് അറിയുകയും ചെയ്യാം. എന്നിട്ടും സ്ത്രീകളെ ഭരണസംവിധാനത്തിന്റെ ഭാഗമാക്കുന്നതിന് സംവരണത്തിന്റെ ആനുകൂല്യം തന്നെ വേണ്ടിവരുന്നു.

2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോൾ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തിൽ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കൺവെർട്ട് ചെയ്യപ്പെടാത്തത്?

സ്ത്രീകൾക്ക് തങ്ങളുടെ പ്രവർത്തനമണ്ഡലത്തിൽ ഒരിക്കലും അവളുടെ മുഴുവൻ കഴിവും ഉപയോഗപ്പെടുത്താൻ കഴിയുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അവളുടെ പകുതിയിലധികം ഊർജ്ജവും കുടുംബത്തിലേക്കാണ് ചെലവഴിക്കുന്നത് എന്ന് പറഞ്ഞല്ലോ. അത് മാത്രമേ സമൂഹം അവളിൽനിന്ന് പ്രതീക്ഷിക്കുന്നുള്ളൂ എന്ന യാഥാർത്ഥ്യം കൂടിയുണ്ട്. അത്രയൊക്കെ മതി; അതുകൊണ്ടാണ് സ്ത്രീകളെ നിയമസഭയിലേക്കും ലോക്‌സഭയിലേക്കുമൊന്നും സ്ഥാനാർഥികളായി പോലും നിർത്താത്തത്. പഞ്ചായത്തിലാകുമ്പോൾ വൈകീട്ട് വീട്ടിലെത്താമല്ലോ. വീട് വലിയ കുഴപ്പമില്ലാതെ പോകും. എന്നാൽ പുരുഷന്മാർ എന്ത് ഉത്തരവാദിത്വമാണ് നിർവഹിക്കുന്നതെന്ന് നോക്കിയിട്ടുണ്ടോ... സാമ്പത്തികകാര്യം ചെയ്യുന്നുണ്ടാവാം; അത് മാത്രമാണ് അവരുടെ ഉത്തരവാദിത്വം. അതുകൊണ്ട് വീട്ടിൽ വലിയ അലോസരങ്ങൾ ഒന്നുമില്ലാതെ പോകാൻ അവൾ തന്നെ കോംപ്രമൈസ് ചെയ്യണം.

3. രാഷ്ട്രീയ സംഘടനയിൽ / തൊഴിലിടത്തിൽ ഒരു സ്ത്രീയുടെ അധികാരനില പൊതുവിൽ എന്താണ്? വ്യക്ത്യനുഭവത്തിൽ സംഘടനക്കകത്ത് / തൊഴിലിടത്തിൽ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങൾ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയിൽ/ തൊഴിലിടത്തിൽ ഉണ്ടോ?

ഞാൻ ജീവിക്കുന്നത് തൊഴിലാളിസ്ത്രീകളുടെ ഇടയിലാണ്. ഒരുപാട് കഴിവുള്ള സ്ത്രീകളെ ഞാൻ കാണാറുണ്ട്. അവർ തൊഴിലിടങ്ങളിലും അതേപോലെ കുടുംബത്തിലും നാട്ടുകാര്യങ്ങളിലും കുടുംബശ്രീയിലുമൊക്കെ സജീവമായി ഇടപെടുന്നവരാണ്. മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ കഴിവുള്ളവരാണ് അവരൊക്കെ. ചക്രം കറങ്ങുമ്പോലെ കറങ്ങുകയാണ്... ജീവിതം മുമ്പോട്ടുപോകണ്ടേ...

4. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങൾ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോൾ വളരെ ഉയർന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവർത്തന മണ്ഡലത്തേയും നിർവചിക്കാൻ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാർഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങൾക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നിൽക്കുന്നു എന്നാണ് കരുതുന്നത്?

സ്ത്രീകളെ കുടുംബം വൈകാരികമായി തളച്ചിടുകയാണ്. ഇത് മാറണം. കുടുംബത്തിനകത്തും ജനാധിപത്യം വരണം. വീട്ടുജോലികളും പങ്കുവെയ്ക്കപ്പെടണം. സ്ത്രീകൾക്ക് അവരുടെ കഴിവുകളെല്ലാം പരമാവധി ഉപയോഗിക്കാനുള്ള അവസരമുണ്ടാകണം. കഴിവുള്ളവർ സ്ത്രീ പുരുഷഭേദമന്യേ അധികാരത്തിലെത്തുന്ന ഒരു കാലം വരണം. അതിന് താഴെ തട്ടിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടണം. വീടുകളും വിദ്യാലയങ്ങളും വിശാലമാക്കി മാറ്റങ്ങൾ ഉൾക്കൊള്ളാൻ സമൂഹത്തെ പ്രാപ്തമാക്കണം. എങ്കിൽ മാത്രമേ സ്ത്രീകളെയും സ്ത്രീകളുടെ കഴിവിനെയും അംഗീകരിക്കാൻ കഴിയൂ.


Comments