വേൾഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട 2024-ലെ ജെൻഡർ ഗ്യാപ് റിപ്പോർട്ടിൽ ഇന്ത്യയുടെ സ്ഥാനം 129. 146 രാജ്യങ്ങളെ പരിഗണിച്ച റിപ്പോർട്ടിലാണ് ലിംഗസമത്വത്തിൽ ഇന്ത്യ ഏറെ പിന്നിലായത്. 2023-ൽ 126 ആയിരുന്ന ഇന്ത്യയുടെ സ്ഥാനമാണ്, പിന്നെയും താഴേക്ക് പോയത്. 64.1 ശതമാനം ലിംഗസമത്വമാണ് ഇന്ത്യയിൽ നിലനിൽക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇത് ആഗോള ശരാശരിയേക്കാളും താഴെയാണ്.
സാമ്പത്തിക സമത്വം, തുല്യ അവസരങ്ങൾ തുടങ്ങിയ മാനദണ്ഡങ്ങൾ വിലയിരുത്തുമ്പോൾ ഇന്ത്യയുടെ സ്ഥാനം 142 ലേക്ക് ചുരുങ്ങുന്നു. തുല്യ ജോലിക്ക് തുല്യ വേതനം എന്നത് കാലങ്ങളായി ഇന്ത്യയിൽ ഉന്നയിക്കപ്പെടുന്ന ആവശ്യമാണ്. അക്കാര്യത്തിലേക്ക് വരുമ്പോൾ ഒരേ ജോലി ചെയ്യുന്നവർക്ക് ഒരേ വേതനം നൽകുന്ന കാര്യത്തിൽ ഇന്ത്യയുടെ സ്ഥാനം 120 ആണ്. അതായത് പുരുഷന്മാർ 100 രൂപയാണ് സമ്പാദിക്കുന്നതെങ്കിൽ സ്ത്രീകൾക്ക് ലഭിക്കുന്നത് 39.8 രൂപ മാത്രം.
രാഷ്ട്രീയമായി ശക്തീകരിക്കപ്പെടുന്നതിലും പ്രാഥമിക വിദ്യാഭ്യാസമഖലയിലും സ്ത്രീകൾക്ക് മുന്നേറ്റമുണ്ടാക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇത്തരം നേട്ടങ്ങൾ സാമൂഹ്യവും സാമ്പത്തികവുമായി ഇന്ത്യയിലെ സ്ത്രീകളെ ഉയർത്തുന്നതിന് കാരണമാകുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അതിനോടൊപ്പം, സ്‌കൂൾ പ്രവേശനം നേടുന്ന പെൺകുട്ടികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും സ്കൂൾ വിദ്യാഭ്യാസം തുടരുന്ന പെൺകുട്ടികളുടെ എണ്ണം കുറയുന്നു. എന്നാൽ പെൺകുട്ടികളുടെ തുടർപഠനത്തിന്റെ കാര്യത്തിൽ ദക്ഷിണാഫ്രിക്ക, ബ്രസീൽ, വിയറ്റ്നാം, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഇന്ത്യയെക്കാൾ വളരെ മുന്നിലാണ്. 145ാം റാങ്കോടെ പാക്കിസ്ഥാൻ മാത്രമാണ് ഇന്ത്യക്കുപിന്നിൽ.
ഇന്ത്യയെന്ന രാജ്യത്തെ സാമൂഹ്യവും സാമ്പത്തികവുമായി പിന്നോട്ടടിക്കുന്നതിന്റെ പ്രധാനകാരണം ലിംഗഅസമത്വമാണ്. ഇന്ത്യക്കകത്ത് ഇതുവരെ നടന്നിട്ടുള്ള എല്ലാ സർവ്വേകളും ഈ വസ്തുത ചൂണ്ടിക്കാട്ടുന്നു. സ്വയംസംരംഭകരായി സ്ത്രീകൾ മാറുന്നത് ശുഭ സൂചനയായി കാണാമെങ്കിലും ഇത് സ്ത്രീകളുടെ തൊഴിൽഭാരം കൂട്ടുന്നതിന് കാരണമായെന്നാണ് യാഥാർഥ്യം. സ്ത്രീകൾക്ക് ഒരേസമയം വീട്ടിലെ ജോലിയും വരുമാനത്തിനുവേണ്ടി ചെയ്യുന്ന ജോലിയും ഒരേപോലെ ചെയ്യേണ്ടിവരും. ഇന്ത്യയിലെ സ്ത്രീകൾ ഭൂരിഭാഗവും ശമ്പളമില്ലാത്ത ജോലിയാണ്, അതായത് വീട്ടുജോലിയാണ്, ചെയ്യുന്നതെന്നും കണക്കുകൾ പറയുന്നു.
ജനസംഖ്യയുടെ 50 ശതമാനമെങ്കിലും സാമ്പത്തികമായി ശാക്തീകരിക്കപ്പെട്ടിട്ടില്ലെങ്കിൽ ഇന്ത്യക്ക് സാമൂഹികമായും സാമ്പത്തികമായും വികസിക്കാനാവില്ല. ലിംഗഅസമത്വം കുറക്കാൻ സാധിക്കുകയാണെങ്കിൽ രാജ്യത്തിന്റെ ജി.ഡി.പി 30 ശതമാനം വരെ ഉയർത്താനും സാധിക്കും. അത് നടപ്പിലാകണമെങ്കിൽ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക മനോഭാവം, സാമ്പത്തിക തന്ത്രങ്ങൾ എന്നിവയിലെല്ലാം മാറ്റം വരുത്തേണ്ടതുണ്ട്.
2024-ലെ ലോക്‌സഭ തെരഞ്ഞെടുപ്പിനുശേഷം ലോക്‌സഭയിലെ സ്ത്രീപ്രാതിനിധ്യം 14 ശതമാനത്തിൽ നിന്ന് 13 ശതമാനമായി കുറഞ്ഞു. പാർലമെന്റിൽ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കുന്ന വനിതാ സംവരണ ബിൽ, അപ്രായോഗിക വ്യവസ്ഥകൾ മുന്നിൽവച്ച് അനിശ്ചിതകാലത്തേക്ക് നീട്ടിവച്ചിരിക്കുകയാണ്. ബില്ലിന് അനുകുലമായി കൈപൊക്കിയ മുഖ്യധാരാ രാഷ്ട്രീയപാർട്ടികളാകട്ടെ, തെരഞ്ഞെടുപ്പിന്റെ സമയത്ത്, സ്ത്രീപ്രാതിനിധ്യം എന്ന അവകാത്തെ ഗൗനിച്ചതേയില്ല. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഇത്തരം മനോഭാവമാണ് രാജ്യത്തെ സ്ത്രീകളെ അധികാര രാഷ്ട്രീയത്തിൽനിന്ന് പിന്നോട്ടടിപ്പിക്കുന്നത്.