ചിത്രീകരണം : ജാസില ലുലു

ടർഫുകളിൽ പെൺകളിസംഘങ്ങളില്ലാത്തത്​
​എന്തുകൊണ്ട്​?

മാധ്യമങ്ങൾ ഇത്ര വ്യാപകമായി വിരൽത്തുമ്പിൽ ഏതു കാഴ്ചയും വിനോദങ്ങളും ലഭ്യമാക്കുന്ന അവസ്ഥയിൽ പോലും വലിയൊരു വിഭാഗം പെൺകുട്ടികൾ ഇതിന്റെ ഹരങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. അല്ലെങ്കിൽ കളി ഒരിക്കലും അവരുടെ ഹരമായി നിൽക്കുന്നില്ല. അതിനുകാരണം, അത് അവർക്കുള്ളതല്ല എന്ന അവരുടെ തോന്നലോ കാഴ്ചപ്പാടോ തന്നെയാണ്.

സ്ത്രീകളുടെ ഒഴിവുസമയം ഏതാണ്?

അവർ ജോലിയെല്ലാം തീർത്തിരിക്കുന്ന സമയമാണോ?
വിനോദ സമയം എന്നാണോ അതിനെ വിളിക്കേണ്ടത്?
ഒഴിവുസമയങ്ങളിലെല്ലാം വിനോദ സമയങ്ങളായി നാം കണക്കാക്കാറുണ്ടോ? ലഷർ ടൈം എന്നതിന് ഉചിതമായ വാക്ക് ഏതാണ്?

ഇംഗ്ലീഷിൽ ഈ വാക്കിന് ഒഴിവുസമയം എന്നതിനൊപ്പം enjoyment / pleasure time എന്നതിന്റെ സൂചന കൂടി ഉള്ളടങ്ങിയിട്ടുണ്ട്. ഇവിടെ സ്ത്രീകൾക്ക് അത്തരത്തിൽ ആസ്വാദനത്തിനുള്ള, സന്തോഷത്തിനുള്ള അംശങ്ങൾ വേണം എന്നുപോലും നമ്മൾ ആലോചിക്കാത്തതുകൊണ്ടാകും, അത്തരം സൂചനകളൊന്നും നമ്മുടെ ഒഴിവുസമയത്തിനില്ല. ജോലി തീർത്തിരിക്കുന്ന, അല്ലെങ്കിൽ വെറുതെയിരിക്കുന്ന സമയം മാത്രമാണ് സ്ത്രീകളെ സംബന്ധിച്ച് ഇത്.

ഫുട്​ബോളിൽ താൽപര്യമില്ലെന്നോ കളി ഫോളോ ചെയ്യുന്നില്ലെന്നോ പെൺകുട്ടികളിൽ ചിലരെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൽ ഒരു അൽഭുതവുമില്ല. കാരണം, കളികൾ ഒരിക്കലും പെൺകുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നില്ല. പെൺകുട്ടികളുടെ ഒഴിവുസമയങ്ങൾ ഇത്തരം കായികവിനോദങ്ങൾക്കുവേണ്ടിയും ആയിരുന്നില്ല.

കുട്ടികളായിരിക്കുമ്പോൾ നമുക്ക് കളിക്കാനും പഠിക്കാനുമുള്ള സമയമുണ്ട്. ആണുങ്ങൾക്ക്​ ജോലി സമയവും വിനോദ സമയവുമുണ്ട്. ഗ്രൗണ്ടിലിറങ്ങി കളിക്കുന്നവരോ കളി കണ്ടിരിക്കുന്നവരോ ഒക്കെ ആണവർ. സ്ത്രീകൾക്ക് ഇങ്ങനെ കളിക്കാൻ അവസരങ്ങളുണ്ടായിരുന്നോ? നാട്ടിൻപുറങ്ങളിലെല്ലാം ടറഫുകൾ വ്യാപകമാകുമ്പോഴും അവിടെയൊന്നും സ്ത്രീകളുടെ സംഘം കളിക്കാരായി വരുന്നില്ല. ഇന്ന് എല്ലാ നാട്ടിൻപുറങ്ങളിലും വലിയ സിറ്റികളിലുമെല്ലാം കളികൾക്കായി മാത്രം ഇങ്ങനെ പ്രത്യേകമിടമുണ്ടായിട്ടുപോലും ഇതിൽ പെൺകുട്ടികളുടെ സംഘം ഇല്ലാതെ പോയതെന്തുകൊണ്ടാണ്? ടറഫിലെ കളികൾക്ക് മണിക്കൂർ കണക്കാക്കി വാടകയുണ്ട്. അതുകൊണ്ട്, അതാത് പ്രദേശത്ത് സംഘങ്ങളുണ്ടാകുകയും അവർ പണം സ്വരൂപിച്ച് സംഘത്തിന്റെ പേരിൽ കളി പരിശീലിക്കുകയും മത്സരങ്ങൾ നടത്തുകയും ചെയ്യുന്നു. ലിംഗസമത്വം ഇത്രയും സംവേദനക്ഷമമായി (Sensitive) നിലനിൽക്കുന്ന കാലമായിട്ടുപോലും അങ്ങനെയൊന്ന് എനിക്ക് പരിചയമുള്ള ഒരിടത്തും കണ്ടിട്ടില്ല.

എന്റെ ചെറുപ്പകാലത്തെ സ്ത്രീകളുടെ ഒഴിവുസമയത്തെക്കുറിച്ച്​ ആലോചിച്ചുതുടങ്ങിയതാണെങ്കിലും പെട്ടെന്ന് ഇപ്പോഴത്തെ കാലഘട്ടത്തിലേക്കും ടറഫുകളിലെ ഫുട്‌ബോൾ സംഘത്തിലും എത്താൻ പ്രത്യേക കാരണമുണ്ട്. ലോകകപ്പിന്റെ പാശ്ചാത്തലത്തിൽ ചില പെൺകുട്ടികളോട് ലോകകപ്പിനെക്കുറിച്ച് അഭിപ്രായം ചോദിക്കുന്ന വീഡിയോ ആണ്, ആ കാരണം.

പെൺകുട്ടികളുടെ മൂന്ന് സംഘങ്ങളോടായി ലോകകപ്പിനെക്കുറിച്ച് ചോദിക്കുകയാണ്​ ഈ വീഡിയോയിൽ. ആര് ജയിക്കുമെന്ന ചോദ്യത്തിന്, അധികം കുട്ടികളും പറയുന്നത്, കേരള ബ്ലാസ്‌റ്റേഴ്‌സ് എന്നാണ്. ഒരു ടീം, ഇന്ത്യ ജയിക്കുമെന്നും പറയുന്നു. ദേശീയതയുടെ തലത്തിൽവരെ ഈ കളിഭ്രാന്തിനെ കാണുന്നവരുണ്ട് ആ പെൺകുട്ടികളിൽ, അതിനപ്പുറം ഫുട്‌ബോൾ അല്ലെങ്കിൽ ഒരു കളിയും അവരുടെ വിഷയമാകുന്നില്ല.

അവർക്ക് അത്തരം കളികൾ കളിക്കാനോ അതിൽ മത്സരങ്ങൾ നടത്താനോ കഴിയുന്നില്ല. അതിനുവേണ്ടി ചെലവിടാനുള്ള സമയമോ അവസരമോ ആരും നൽകിയിട്ടില്ല. വേണമെങ്കിൽ കളി കാണാമെന്നുമാത്രം. മാധ്യമങ്ങൾ ഇത്ര വ്യാപകമായി വിരൽത്തുമ്പിൽ ഏതു കാഴ്ചയും വിനോദങ്ങളും ലഭ്യമാക്കുന്ന അവസ്ഥയിൽ പോലും വലിയൊരു വിഭാഗം പെൺകുട്ടികൾ ഇതിന്റെ ഹരങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. അല്ലെങ്കിൽ കളി ഒരിക്കലും അവരുടെ ഹരമായി നിൽക്കുന്നില്ല. അതിനുകാരണം, അത് അവർക്കുള്ളതല്ല എന്ന അവരുടെ തോന്നലോ കാഴ്ചപ്പാടോ തന്നെയാണ്. ആണുങ്ങൾക്ക് ഹരമുള്ളത് ലോകം കൊണ്ടാടുമ്പോൾ, തങ്ങൾക്ക് ഒരു ബന്ധവുമില്ലാത്ത ഒരിക്കലും മത്സരങ്ങളിലോ കളിക്കളങ്ങളിൽ പോലുമോ എത്താത്ത താൽപര്യങ്ങളെ സ്ത്രീകൾ എന്തിന് കൊണ്ടാടണം? ഫോളോ ചെയ്യണം?

സ്ത്രീകൾക്ക് തീരെ പരിചിതമല്ലാത്ത, താൽപര്യമില്ലാത്ത മേഖലയാണിത് എന്നല്ല പറഞ്ഞുവെക്കുന്നത്. കളി ആവേശത്തോടെ കാണുന്ന പല സ്ത്രീകളെയും കുട്ടികളെയും കണ്ടിട്ടുമുണ്ട്. എന്നാൽ, ഇതിൽ താൽപര്യമില്ലെന്നോ കളിയെ ഫോളോ ചെയ്യുന്നില്ലെന്നോ പെൺകുട്ടികളിൽ ചിലരെങ്കിലും പറയുന്നുണ്ടെങ്കിൽ അതിൽ ഒരു അൽഭുതവുമില്ല. കാരണം, കളികൾ ഒരിക്കലും പെൺകുട്ടികൾക്ക് വേണ്ടിയുള്ളതായിരുന്നില്ല. പെൺകുട്ടികളുടെ ഒഴിവുസമയങ്ങൾ ഇത്തരം കായികവിനോദങ്ങൾക്കുവേണ്ടിയും ആയിരുന്നില്ല. അതുകൊണ്ട് ഇത്തരം ഡയലോഗുകൾവെച്ച് ആരെങ്കിലും പെൺകുട്ടികളെ പരിഹസിക്കുന്നുണ്ടെങ്കിൽ അത് അവരുടെ ചിന്തകളുടെ പരിമിതിയെ തന്നെയാണ് വെളിവാക്കുന്നത്. സിനിമയിലെ ചില തമാശരംഗങ്ങളും ചോദിക്കുന്നവനെ അടിക്കുന്ന രംഗങ്ങളുമെല്ലാം ചേർത്തും, ഒഴിവാക്കിയവനെയും ഉൾച്ചേർത്തവനെയും എല്ലാം അരങ്ങത്തുകൊണ്ടുവന്നും പരിഹാസം മയപ്പെടുത്തിയാണ് അവതരിപ്പിക്കുന്നത് എന്നുമാത്രം. ഇതു കണ്ട് ഞെട്ടുകയും കരയുകയും ചെയ്യുന്ന പുരുഷന്മാരെ കൂടി കാണിച്ച് ആകെക്കൂടി ഒരു തമാശയായിതിനെ മാറ്റുന്നുണ്ട് ഈ വീഡിയോയിൽ എന്നതാണ് ചെറിയ ആശ്വാസം.

മാധ്യമങ്ങൾ ഇത്ര വ്യാപകമായി വിരൽത്തുമ്പിൽ ഏതു കാഴ്ചയും വിനോദങ്ങളും ലഭ്യമാക്കുന്ന അവസ്ഥയിൽ പോലും വലിയൊരു വിഭാഗം പെൺകുട്ടികൾ ഇതിന്റെ ഹരങ്ങളിൽനിന്ന് ഒഴിഞ്ഞുനിൽക്കുകയാണ്. അല്ലെങ്കിൽ കളി ഒരിക്കലും അവരുടെ ഹരമായി നിൽക്കുന്നില്ല. അതിനുകാരണം, അത് അവർക്കുള്ളതല്ല എന്ന അവരുടെ തോന്നലോ കാഴ്ചപ്പാടോ തന്നെയാണ്.

ഇതിന്റെ ആഘോഷങ്ങളിൽനിന്നും ആരവങ്ങളിൽനിന്നും പുറന്തള്ളപ്പെടുന്ന ഒരു വിഭാഗത്തെ കൂടി പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഒരു ടി.വി സ്‌ക്രീൻ പോലും സ്വന്തമായില്ലാത്ത ഒരു കൂട്ടർ പണ്ട് ടി.വി സിനിമകൾ കാണാൻ അടുത്ത വീട്ടിലേക്ക്​പോകുന്നതുപോലെ, ഇപ്പോഴിവർക്ക് അപമാനിതരാകേണ്ട. പല ക്ലബുകളും പൊതുസ്ഥലങ്ങളിൽ സ്‌ക്രീനിങ് നടത്തുന്നുണ്ട്. അതുപോലെ, പണമുണ്ട് എന്നതുകൊണ്ടുമാത്രം കാർണിവൽ കാണാൻ പോകുന്നവരുമുണ്ട്. ഞാൻ പറഞ്ഞുവരുന്നത്, പെൺകുട്ടികൾക്കാർക്കും ഇതിൽ താൽപര്യമില്ലെന്നോ ആൺകുട്ടികളെല്ലാവരും ഇതിൽ ഭ്രമിച്ചുനിൽക്കുന്നവരാണ് എന്നോ ഉള്ള, ആൺ- പെൺ സമവാക്യമല്ല. പലതരം വ്യത്യാസങ്ങൾ ഫുട്‌ബോളിലും അതിന്റെ ത ൽപര്യങ്ങളിലും ഇടപെടുന്നുണ്ട് എന്നുമാത്രം.

പലപ്പോഴും ഇത്തരം കായികവിനോദങ്ങളുമായി സ്ത്രീകൾക്കുള്ള ബന്ധം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടാണ് കേട്ടിട്ടുള്ളത്. ആയിഷാ മായൻ, 1930കളിൽ, അവരുടെ കാമ്പസിലെ ബാറ്റ്മിന്റൺ ടീം അംഗമായിരുന്നു എന്നു വായിച്ചിട്ടുണ്ട്. മദ്രാസ് ക്യൂൻ മേരീസ് കോളേജിലായിരുന്നുവെന്നുതോന്നുന്നു അവരുടെ വിദ്യാഭ്യാസം. അത്തരം സ്ഥാപനങ്ങളിൽ എല്ലാ തലങ്ങളിലും മത്സരം പെൺകുട്ടികൾക്കും ഉള്ളതുകൊണ്ട്​ ചുരുക്കം ചിലർ ഇതിൽ താൽപര്യം കാണിക്കുന്നതും പരിശീലനം നേടുന്നതും കണ്ടിട്ടുണ്ട്. കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും പെൺകുട്ടികളുടെ ടീമുകൾ ഇന്ന് വ്യാപകമാണ്. പൊതുവേ എല്ലാവരും ഇതിനെ സ്വഭാവികമായി കണ്ടുതുടങ്ങുകയും ചെയ്തിട്ടുണ്ട്. അധികം വൈകാതെ ഇതിൽ താൽപര്യമുള്ള പെൺകുട്ടികൾക്ക് അവരുടെ നാട്ടിൽ തന്നെ ചെറുപ്പം മുതലേ പരിശീലനം നേടാനുള്ള സാഹചര്യങ്ങളും ഉണ്ടായിവരും എന്നുകരുതാം.

എന്റെ ഉപ്പാക്ക് ഹരം ഫുട്‌ബോൾ മേളകളായിരുന്നില്ല, സിനിമാ ഫെസ്റ്റിവെലുകളായിരുന്നു. അന്ന് ഉമ്മ തിയേറ്ററുകളിൽ പോയി സിനിമകൾ കണ്ടിരുന്നു എന്നല്ലാതെ ഫെസ്റ്റിവലുകളിൽ പോയിരുന്നില്ല. ഇന്ന് എനിക്കുവേണമെങ്കിൽ അതിൽ പങ്കെടുക്കാൻ കഴിയും. എന്നാലും വളരെ എളുപ്പമാണ് / പ്രതിബന്ധങ്ങളൊന്നുമില്ല എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. വേണമെങ്കിൽ കണ്ണും പൂട്ടി നാളെ ഗോവയ്ക്ക് പോകാവുന്ന അവസ്ഥ വരെയെത്തിയല്ലോ. നാളത്തെ തലമുറയ്ക്ക് ഇത് കുറെക്കൂടി എളുപ്പം സാധ്യമാവുക തന്നെ ചെയ്യും. ▮


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments