ചിത്രീകരണം: ജാസില ലുലു

പെൺകുട്ടികളുടെ വിവാഹപ്രായം;അങ്ങനെയൊന്നുണ്ടോ?

​ഞങ്ങളുടെ കാമ്പസിൽ ഇപ്പോഴും കോഴ്‌സിനിടക്ക് വിവാഹിതരാവുന്ന കുട്ടികളുടെ എണ്ണം അത്ര ചെറുതല്ല. അവർക്ക് പഠനസാഹചര്യങ്ങൾ കുറയുന്നു എന്നുമാത്രമല്ല കാമ്പസിന്റേതായ എല്ലാ ഹരങ്ങളും അതോടെ അവസാനിക്കുകയും ചെയ്യുന്നതായാണ് അനുഭവം.

താണ് പെൺകുട്ടികൾക്ക് കല്ല്യാണം കഴിക്കാൻ പറ്റിയ ഏറ്റവും ഉചിതമായ പ്രായം. അല്ലെങ്കിൽ അങ്ങനെ ഒന്നുണ്ടോ? ഉണ്ടെങ്കിൽ തന്നെ അതാരാണ് നിശ്ചയിക്കുന്നത്? കല്ല്യാണം കഴിക്കുന്ന പെൺകുട്ടിയാണ് നിശ്ചയിക്കുന്നതെങ്കിൽ അതെപ്പോൾ വേണമെങ്കിലും അംഗീകരിക്കാം.

കഴിഞ്ഞ ആഴ്ചകളിൽ അമ്മാവന്റെ മകളുടെ പല തരത്തിലുള്ള കല്ല്യാണ ആഘോഷങ്ങളായിരുന്നു വീട്ടിലെ പ്രധാന പരിപാടി. ഡൽഹിയിൽ എം.ഡി. ചെയ്യുന്ന അവൾ നാട്ടിലെത്തുന്ന ദിവസമാണ് Bridal shower പ്ലാൻ ചെയ്തത്​. അതും സർപ്രൈസായി. ചടങ്ങിനെത്തിയ എല്ലാ കസിൻസും, അമ്മായികളടക്കമുള്ളവർ, ഒളിച്ചുനിന്നു. ആരുമില്ലെന്ന് കരുതി വന്നുകയറിയ അവൾക്കുമുന്നിൽ പെട്ടെന്ന് പ്രത്യക്ഷപ്പെട്ട് അവളെ വിസ്മയിപ്പിച്ചു. അല്ലെങ്കിൽ വിസ്മയിപ്പിക്കാൻ ശ്രമിച്ചു എന്ന് പറയുന്നതാവും ശരി.

കാരണം, ഇന്ന് മിക്ക വിവാഹങ്ങൾക്കും ഇത് പതിവാണ് എന്നതുതന്നെ. ആകെ അവൾക്ക് അന്ന് ധരിക്കാനുള്ള ഗൗൺ മാത്രമാണ് സമ്മാനം കിട്ടിയത്. ബ്രൈഡൽ ഷവറിന്റെ ചരിത്രത്തിൽ പറയുന്നതുപോലെ സമ്മാനങ്ങൾ കൊടുക്കുന്ന നമ്മുടെ രീതി മാറിയിട്ടില്ലല്ലോ.

ബ്രൈഡൽ ഷവറിന്റെ ചരിത്രം വായിച്ചപ്പോൾ, അതിൽ പറയുന്നത്, പിതാവ് അനുവദിക്കാതിരുന്ന ഒരു വിവാഹത്തിനുവേണ്ടി ഗ്രാമവാസികളും, സുഹൃത്തുക്കളും സമ്മാനങ്ങൾ ശേഖരിക്കുന്നതിന് നടത്തിയ ചടങ്ങ് എന്നാണ്. വിവാഹത്തോടനുബന്ധിച്ച് രണ്ടുമാസം മുമ്പ് വരെയോ രണ്ടാഴ്​ചകൾക്കുമുമ്പ് വരെയോ ഒക്കെയായിട്ടാണ് ഇത് നടത്താറ്​.

പെൺകുട്ടികളെ സംബന്ധിച്ച്​ വിവാഹം ഒരു ബാധ്യതയായാണ് നമ്മൾ കാണുന്നതെങ്കിൽ, ആ ബാധ്യത എങ്ങനെയെങ്കിലും തീർത്തുകളയാൻ വേണ്ടിയാണ് വിവാഹം നടത്തുന്നതെങ്കിൽ, അത് ഏറ്റവും പ്രയാസമുള്ള ഒരു ഘട്ടത്തിലേക്ക് അവളെ തള്ളിവിട്ടാൽ, അതിനവർ നമുക്ക് മാപ്പുതരുമോ?

എല്ലാവർക്കും ഒത്തുകൂടാൻ അവസരം എന്നതിനപ്പുറം ഇപ്പോൾ ഇതിന് വലിയ മാനങ്ങളൊന്നുമില്ല. പക്ഷേ ചെറുപ്പക്കാരുടെ ആഘോഷമെന്ന നിലക്ക് വളരെ ആകർഷകമായി തോന്നി. ഫോട്ടോ ബാക് ഡ്രോപ്പാണ് ഇതിന് ആദ്യമായി ഒരുക്കുന്നത്. അതിൽ പ്രത്യേകം കളർ തീരുമാനിക്കാം. ലാവണ്ടർ ആൻഡ് വൈറ്റ് ആണ് ശ്യാമക്ക് ഞങ്ങളൊരുക്കിയ കളർ തീം. കേക്കും മറ്റലങ്കാരങ്ങളും അവളുടെ വസ്ത്രങ്ങളുമെല്ലാം ഇതിനനുസരിച്ചായിരുന്നു.

പിന്നെ അതിലുള്ളത് ചെറിയ പോസ്റ്ററുകൾ തയ്യാറാക്കലായിരുന്നു. ബാച്ചിലേഴ്‌സ് പാർട്ടി, Bride to be, Girls just wanna fun, Last fling before ring തുടങ്ങിയ പോസ്റ്ററുകളോടൊപ്പം I am single, I am next തുടങ്ങിയ പോസ്റ്ററുകളുമുണ്ടായിരുന്നു. അവക്കായിരുന്നു എല്ലാവർക്കിടയിലും വലിയ ഡിമാൻറ്​. ഈ പോസ്റ്ററുകൾ പിടിച്ച് ഫോട്ടോ എടുക്കുക, കേക്ക് മുറിക്കുക, ഭക്ഷണം കഴിക്കുക ഇവയാണ് അന്ന് നടന്ന പ്രധാന പരിപാടികൾ.

കല്ല്യാണ പെണ്ണ്, കല്ല്യാണം കഴിക്കാൻ പോകുന്ന പെണ്ണ്​ എന്ന് പറയേണ്ടി വരും. ഒരുങ്ങിവന്നപ്പോൾ അവൾ ആ സദസ്സിൽനിന്ന് ഉറക്കെ പറയുന്നത് കേട്ടിരുന്നു, 27-ാമത്തെ വയസിലാണ്​ ഞാൻ കല്ല്യാണം കഴിക്കുന്നത് എന്ന്. എനിക്ക് 27 വയസായി എന്ന് പ്രഖ്യാപിക്കുന്നതിനോടൊപ്പം ഇതുവരെ വിവാഹത്തിന് സമ്മതിക്കാതെ പിടിച്ചുനിന്നതിന്റെ എല്ലാ വീറും ആ പറച്ചിലിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ നീയാണ് ഞങ്ങളുടെ അഭിമാനം എന്ന് ഞാനതിന് മറുപടിയും പറഞ്ഞു.

പിന്നീടാണ് ഞാൻ ഓർത്തത്, അവളേക്കാൾ എത്രയോ ചെറിയ പ്രായക്കാർ വിവാഹിതരായി, കുട്ടികൾ വരെ ആയവർ ഈ ചടങ്ങിലുണ്ട്. അതുകൊണ്ട് അവളുടെ ഇച്ഛാശക്തി കൊണ്ടുതന്നെയാണ് ഈ വയസ്സുവരെ അവൾ പിടിച്ചു നിന്നത്. എങ്കിലും പൊതുവേ നോക്കിയാൽ ഞങ്ങളുടെ കുടുംബങ്ങൾക്കിടയിൽതന്നെ വിവാഹപ്രായം 20 വയസ് എന്തായാലും കടക്കുന്നുണ്ട് ഇപ്പോൾ. 25 വയസുവരെ വലിയ പ്രശ്‌നങ്ങളില്ലാതെ പോകാനുമാകും. അതും കൂടി കഴിഞ്ഞാൽ ഇപ്പോഴും വീട്ടുകാർക്ക് ആധിയാണ്. ഏത്​ പ്രൊഫഷനിലുള്ള വ്യക്തികളെ സംബന്ധിച്ചും വീട്ടുകാർക്ക് ആശങ്കയുണ്ടാവുന്നുണ്ട് എന്നുതന്നെ വേണം കരുതാൻ. സ്വന്തമായി ജോലിയും വരുമാനവുമുള്ള പെൺകുട്ടികളാണെങ്കിൽ പോലും വിവാഹമാണ് അവളുടെ ജീവിതത്തിലെ ഏക പ്രധാന കൃത്യം എന്ന് വിശ്വസിക്കുന്ന മാതാപിതാക്കൾ ഇപ്പോഴുമുണ്ട്.

നല്ല നിലയിൽ എഞ്ചിനീയറിങ് പാസായി കാമ്പസ് സെലക്ഷൻ കിട്ടി ജോലി ചെയ്​തുകൊണ്ടിരിക്കെ ഹയർ സ്റ്റഡീസിന് വിദേശത്ത് പോകാനാഗ്രഹിക്കുകയും അവസരം ലഭിക്കുകയും ചെയ്​ത ഒരു പെൺകുട്ടി എന്റെ കുടുംബത്തിലുണ്ടായിരുന്നു. ആദ്യതവണ അവൾക്ക് പോവാനായില്ല. ബന്ധുക്കളിൽ നിന്നുള്ള ചോദ്യങ്ങൾ കാരണം മാതാപിതാക്കൾ ആകെ ആശങ്കയിലായതാണ് കാരണം. ബന്ധുക്കൾ കൂടുന്നിടത്തെല്ലാം അവളെ പിന്തിരിപ്പിക്കാൻ കൗൺസിലിങ് നടന്നു. ഒരിക്കൽ ഞങ്ങളുടെ വീട്ടിൽ വെച്ചു തന്നെ ഈ സദസ്സ് ഉണ്ടായി. അന്ന് അവളുടെ അമ്മാവന്റെ സ്ഥാനത്തുള്ള കാരണവരാണ് ഉറക്കെ പ്രഖ്യാപിച്ചത്: ഇനി കല്ല്യാണം, അതുകഴിഞ്ഞ് നീ എന്തുവേണമെങ്കിലും ആയിക്കോ എന്ന്. കല്ല്യാണം കഴിഞ്ഞാലും പഠിക്കാമല്ലോ എന്നാണ് പലരുടെയും ആശ്വാസവാക്ക്. അതിനിടയിൽ ആരുടെയോ ഒരു സപ്പോർട്ട് അവൾക്ക് കിട്ടി: ‘ഞങ്ങളുടെയൊക്കെ കല്ല്യാണം സമയത്തിന് കഴിഞ്ഞല്ലോ, എന്നിട്ടെന്തേ കിട്ടി' എന്ന ചോദ്യമായിരുന്നു അത്.

അതിനുപുറകിൽനിന്ന് പ്രതിയായി കൽപ്പിക്കപ്പെട്ട പെൺകുട്ടി തന്നെ പതുക്കെ എന്റെ ചെവിക്കടുത്തേക്ക് നീങ്ങി മെല്ലെ പറഞ്ഞു; ‘രണ്ട് കുട്ടികളും കുറെ പ്രാരാബ്ദങ്ങളും’.

ഞാനറിയാതെ പൊട്ടിച്ചിരിച്ചുപോയി. എത്ര യുക്തിപൂർവം ഇപ്പോഴത്തെ കുട്ടികൾ ജീവിതത്തെ നോക്കിക്കാണുന്നു എന്നോർത്ത്​ സന്തോഷിക്കുകയും ചെയ്​തു.

പി.ജി.ക്ക്​ പഠിക്കുന്ന സമയം ജീവിതത്തിലെ നിർണായകഘട്ടമാണെന്നും ഈ ഘട്ടത്തിൽ അവരെ സഹായിക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഒരിക്കലും അവരെ വിവാഹം കഴിപ്പിക്കരുതെന്നും ഞങ്ങൾ മാതാപിതാക്കൾ കൂടിയുള്ള മീറ്റിങ്ങിൽ തുടക്കത്തിൽ തന്നെ നിർദേശിക്കാറുണ്ട്.

അങ്ങനെ പലരുടെയും സപ്പോർട്ടും ഒത്തുതീർപ്പുകളുമെല്ലാമായി ഒരുവിധം കാര്യങ്ങൾ രമ്യതയിലായി. അവളുടെ ഉമ്മ സ്‌കൂൾ ടീച്ചറായിരുന്നു. മകൾ പഠിക്കുന്നത് അവർക്കിഷ്ടം തന്നെ. പക്ഷേ ബന്ധുക്കൾ എന്തുപറയും, പിന്നെ വിവാഹം നടക്കുമോ? എന്നിങ്ങനെയായിരുന്നു അവരുടെ ആധികൾ.

ഞങ്ങളുടെ കുടുംബത്തിൽ ഇത്തരത്തിൽ വിദേശത്ത് പോയവരുടെയും വൈകി വിവാഹം കഴിച്ചവരുടെയും കുറേ ലിസ്റ്റു തന്നെ ഞാൻ അവർക്കുനൽകി. അതവൾക്ക്​ കുറെ ആശ്വാസം നൽകി എന്നു തോന്നുന്നു. എന്തായാലും പിന്നീടൊരു തവണ ഈ പെൺകുട്ടി വീട്ടിൽ വന്നത് വിദേശത്തേക്ക് പോവുന്നതിന് യാത്ര പറയാൻ കൂടിയായിരുന്നു.

നേരത്തെ സൂചിപ്പിച്ച അനിയത്തി ശ്യാമിയ താമസിക്കുന്നത് പരപ്പനങ്ങാടിയിലാണ്. എന്റെ ഉമ്മാന്റെ സഹോദരങ്ങളെല്ലാവരും ഒരേപറമ്പിൽ പലയിടത്തായി വീടുകൾ വെച്ചു താമസിക്കുന്ന ഇടത്തെ ഞങ്ങൾ തമാശയായി പറയുന്നത് കെ.പി.എച്ച്. കോളനി എന്നാണ്. കെ.പി.എച്ച്. വല്ലിപ്പാന്റെ പേരും ഞങ്ങളുടെ വീട്ടുപേരും എല്ലാമായി ഉപയോഗിക്കുന്ന ഇനീഷ്യലാണ്. അതായത് പലതരം ആശയങ്ങൾ കൊണ്ടുനടക്കുന്ന പലതരക്കാരായ എളാപ്പമാരുടെയും മൂത്താപ്പമാരുടെയും മറ്റു ബന്ധുക്കളുടെയും നടുക്കാണ് അവൾ പിടിച്ചുനിന്നത്. AIIMS ഭോപ്പാലിൽ അവൾക്ക് ആദ്യം എം.ബി.ബി.എസിന് അഡ്മിഷൻ കിട്ടിയപ്പോഴേ അവിടേക്ക് പെൺകുട്ടികളെ ഒറ്റക്ക് അയക്കാൻ പറ്റുമോ എന്ന സംശയം ചിലർ ഉന്നയിച്ചിരുന്നു. പക്ഷേ അതിൽ വലിയ ചർച്ചകളും തടസ്സങ്ങളുമൊന്നും വന്നതായി കണ്ടില്ല. എം.ബി.ബി.എസ്. കഴിഞ്ഞ് അവൾ അവിടെ തന്നെ പ്രാക്ടീസ് ചെയ്യാനും തുടങ്ങി. എം.ബി.ബി.എസിന് പോകാൻ പ്രയാസമുണ്ടായില്ലെങ്കിലും കോഴ്‌സിനിടക്കുതന്നെ വിവാഹാലോചനകൾ വരാൻ തുടങ്ങിയിരുന്നു. അവൾ ഉറച്ച ഭാഷയിൽ തന്നെ പറഞ്ഞ് അത് നിഷേധിച്ചു. കോഴ്‌സിനുശേഷം ഇത് തീവ്രതരമായിരിക്കണം. എന്തായാലും എം.ഡി.ക്ക് ചേരുന്നതുവരെ അവൾ പിടിച്ചുനിന്നു. ഒടുവിൽ 27-ാം വയസിൽ അത് നടത്താൻ അവൾ തന്നെ അനുവാദം കൊടുത്തു. ഈ ഇച്ഛാശക്തി അവളുടെ പ്രൊഫഷന്റെ ബലം കൊണ്ടും കേരളത്തിന് പുറത്തുള്ള അനേകം സ്ഥലങ്ങളിലുള്ള വാസം കൊണ്ടുകൂടിയെല്ലാം കിട്ടിയതാവാം.

ഞങ്ങളുടെ കാമ്പസിൽ ഇപ്പോഴും കോഴ്‌സിനിടക്ക് വിവാഹിതരാവുന്ന കുട്ടികളുടെ എണ്ണം അത്ര ചെറുതല്ല. അവർക്ക് പഠനസാഹചര്യങ്ങൾ കുറയുന്നു എന്നുമാത്രമല്ല കാമ്പസിന്റേതായ എല്ലാ ഹരങ്ങളും അതോടെ അവസാനിക്കുകയും ചെയ്യുന്നതായാണ് അനുഭവം. പരീക്ഷക്ക് വരുന്നതുപോലെയല്ലല്ലോ ടൂറിന് പോവുന്നത്. അതുപോലെ യൂത്ത് ഫെസ്​റ്റിവൽ, കാമ്പസ് ഡേ എല്ലാം അനാവശ്യ ദിവസങ്ങളായി മാറും അവർക്ക്. ടൂറെല്ലാം നമ്മൊളുരുമിച്ചല്ലേ പോവേണ്ടത് എന്ന ചോദ്യത്തിൽ നവവധു പലപ്പോഴും വീഴും എന്നുറപ്പ്. ചിലത് പലപ്പോഴും ബലപ്രയോഗങ്ങളായി മാറുന്നതും കണ്ടുനിൽക്കേണ്ടിവന്നിട്ടുണ്ട്. ഇതിനെ മറികടക്കാൻ ശേഷിയുള്ളവർ രാത്രിയും, പാതിരയുമെല്ലാം ഉറക്കമിളച്ച് പഠനം പൂർത്തിയാക്കും. ഗർഭവും പ്രാരാബ്ദങ്ങളുമായി പഠനം നിർത്തേണ്ടി വരുന്നവരുമുണ്ട്. പഠനകാലത്തിനിടക്ക് കുഞ്ഞുങ്ങളുമായെത്തി അത് പൂർത്തിയാക്കിയവരും സീറോ സെമസ്റ്ററാക്കി അടുത്തവർഷം തന്നെ ചിലരത് പൂർത്തിയാക്കുന്നു.

മാതാപിതാക്കൾ തങ്ങളെ ബാധ്യതയായി കണ്ട് ഒഴിവാക്കിയവരല്ല, പഠനകാലത്ത് തങ്ങളോടൊപ്പം നിന്നവരാണ് എന്ന തോന്നലെങ്കിലും കുട്ടികൾക്ക് ഉണ്ടാക്കുന്നതല്ലേ അച്ഛനമ്മമാർക്കും ഗുണകരമാവുക?

പഠനകാലത്ത് പരമാവധി സഹായിക്കാൻ മിനക്കെടാതെ തങ്ങളെ പ്രശ്‌നത്തിലാക്കുന്ന മാതാപിതാക്കളെ വിദ്യാർഥികൾ എങ്ങനെയാവും കാണുക? പി.ജി.ക്ക്​ പഠിക്കുന്ന സമയം ജീവിതത്തിലെ നിർണായകഘട്ടമാണെന്നും ഈ ഘട്ടത്തിൽ അവരെ സഹായിക്കുകയാണ് നമ്മുടെ ലക്ഷ്യമെങ്കിൽ ഒരിക്കലും അവരെ വിവാഹം കഴിപ്പിക്കരുതെന്നും ഞങ്ങൾ മാതാപിതാക്കൾ കൂടിയുള്ള മീറ്റിങ്ങിൽ തുടക്കത്തിൽ തന്നെ നിർദേശിക്കാറുണ്ട്.

പെൺകുട്ടികളെ സംബന്ധിച്ച്​ വിവാഹം ഒരു ബാധ്യതയായാണ് നമ്മൾ കാണുന്നതെങ്കിൽ, ആ ബാധ്യത എങ്ങനെയെങ്കിലും തീർത്തുകളയാൻ വേണ്ടിയാണ് വിവാഹം നടത്തുന്നതെങ്കിൽ, അത് ഏറ്റവും പ്രയാസമുള്ള ഒരു ഘട്ടത്തിലേക്ക് അവളെ തള്ളിവിട്ടാൽ, അതിനവർ നമുക്ക് മാപ്പുതരുമോ?

മാതാപിതാക്കൾക്ക് വയസായി അവർ മക്കളെ ആശ്രയിക്കുന്ന ഒരു ഘട്ടത്തിൽ അവരും ഇതിനെ ബാധ്യതയായി കണ്ടാലോ? മാതാപിതാക്കൾ തങ്ങളെ ബാധ്യതയായി കണ്ട് ഒഴിവാക്കിയവരല്ല, പഠനകാലത്ത് തങ്ങളോടൊപ്പം നിന്നവരാണ് എന്ന തോന്നലെങ്കിലും കുട്ടികൾക്ക് ഉണ്ടാക്കുന്നതല്ലേ അച്ഛനമ്മമാർക്കും ഗുണകരമാവുക? ▮


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments