ഒരു ദിവസം സ്‌കൂളിൽനിന്ന് വന്ന ഇനിയ, ടി.വിയിൽ പിണറായിയെ കണ്ടു.
എന്താണ് വാർത്ത എന്നൊന്നും കേൾക്കാത്ത അകലത്തിലിരിക്കുകയായിരുന്നുവെങ്കിലും അവൾക്ക് സന്തോഷമായി. പിണറായി വിജയനല്ലേ, നമ്മുടെ മുഖ്യമന്ത്രിയല്ലേ, എന്നൊക്കെ പഠിച്ച പാഠങ്ങൾ ഒരിക്കൽ കൂടി ഓർത്തെടുത്തു.
അതുകഴിഞ്ഞ് അവൾ ഒന്നു നിറത്തി ഒരു ചോദ്യം കൂടി ചോദിച്ചു; ‘ഉമ്മാ, ഈ പിണറായി വിജയൻ നമ്മളെ ആളാണോ?’
ചോദ്യം അത്ര വ്യക്തമായില്ലെങ്കിലും എനിക്ക് ഞങ്ങളുടെ കമ്യൂണിസ്റ്റ് പാരമ്പര്യം വരെ ഓർമവന്നു. അവളോട് അതെങ്ങനെ അവതരിപ്പിക്കണം എന്നെല്ലാം ആലോചിച്ച് ഞാനവളോട് ചോദിച്ചു, ‘നമ്മളെ ആളെന്നാലെന്താ ഉദ്ദേശിച്ചത്?'
‘മുസ്‌ലിം ആണോ എന്ന്'.
ഈ ഉത്തരം കേട്ട് ഞാൻ ഞെട്ടി എന്നു പറഞ്ഞാൽ മതിയാകില്ല, സത്യത്തിൽ തകർന്നു.
മതം പോലെ പാർട്ടികളും പ്രദേശവുമെല്ലാം വേർതിരിവുകൾക്ക് കാരണമാകാറുണ്ട്. അതെല്ലാം ഒരാളെ പുർണമായും വിഴുങ്ങുന്ന ഒന്നായി മാറുമ്പോൾ പേടിക്കേണ്ടതുതന്നെയാണ്. പക്ഷെ, ഇപ്പോൾ മതത്തിന്റെ പേരിലാണ് അധികം ഈ വേർതിരിവുകളും മാറ്റിനിർത്തലുകളും ഒടുവിൽ ഇല്ലാതാക്കലുകളും നാം കാണുന്നത്.
രാഷ്ട്രീയ പാർട്ടികളിലുള്ള വേർതിരിവുപോലെ മതവ്യത്യാസങ്ങളെ കാണാൻ പറ്റുമോ? ഒരേ രാഷ്ട്രീയപാർട്ടിയിൽ ഉൾപ്പെട്ടതാണ് എന്നത് വലിയ സന്തോഷമുണ്ടാക്കുമ്പോൾ മതത്തെക്കുറിച്ചുള്ള ചോദ്യം തന്നെ ഭീതിയുളവാക്കുന്നതെന്തുകൊണ്ടായിരിക്കും?
ഇനിഇപ്പോൾ പഠിക്കുന്നത് രണ്ടാം ക്ലാസിലാണ്. സ്‌കൂളിൽ പോയിത്തുടങ്ങിയതിനുശേഷം അവൾ ചിലപ്പോഴൊക്കെ ഇത്തരം ചോദ്യങ്ങൾ ചോദിക്കാറുണ്ടായിരുന്നു.
‘ഞാൻ ഹിന്ദുവാണോ മുസ്‌ലിമാണോ?' എന്നായിരുന്നു ഒരിക്കൽ വന്നു ചോദിച്ചത്. അതിലെന്താ, ഇത്ര വലിയ കാര്യം എന്നു ഞാൻ നിരുത്സാഹപ്പെടുത്താൻ നോക്കി.
‘പറയ്, ഉമ്മാ' എന്നവൾ നിർബന്ധിച്ചുകൊണ്ടിരുന്നു.
‘നിനക്ക് ഏതാവാനാണ് ഇഷ്ടം' എന്ന് ഞാൻ വീണ്ടും ഇടങ്കോലിട്ടു.
‘അതൊന്നും എനിക്കറിയില്ല, ഉമ്മ, ഉത്തരം പറഞ്ഞാ മതി, എന്നോടെല്ലാവരും ചോദിച്ചിട്ടാണ്' എന്ന് അവളും ചിണുങ്ങിക്കൊണ്ടിരുന്നു.
എങ്കിൽ മുസ്‌ലിമാണ് എന്ന് പറഞ്ഞോ എന്ന് പറഞ്ഞു. അവൾക്കത്രയും മതിയായിരുന്നു. അവരോട് പറയാനൊരു ഉത്തരം.
പക്ഷെ, കുട്ടികൾ ഇത്തരം ചോദ്യങ്ങളുന്നയിക്കുന്ന സാഹചര്യം അന്നും എനിക്ക് ആശങ്കകളുണ്ടാക്കിയിരുന്നു. അതിന്റെ പേരിൽ ക്ലാസിൽ വേർതിരിവുണ്ടാകുമോ എന്നതടക്കം. ചിലപ്പോൾ അവളുടെയോ മാതാപിതാക്കളുടെയോ വസ്ത്രധാരണരീതി കൊണ്ട് വന്ന നിസ്സാര സംശയമാകാം കൂട്ടുകാർ ഉന്നയിച്ചത്. പക്ഷെ, ഉത്തരം പറയാൻ എനിക്ക് പലവട്ടം ആലോചിക്കേണ്ടിവന്നു.
അവൾക്ക് സ്‌കൂളിൽ അറബി ക്ലാസുണ്ട്. അത് മുസ്‌ലിം കുട്ടികൾക്കുമാത്രമേ നിർബന്ധമുള്ളൂ. മറ്റു കുട്ടികൾക്ക് ആ സമയം കളികളിൽ ഏർപ്പെടാം. അത് പറയുമ്പോഴെല്ലാം ചെറിയൊരു കുശുമ്പ് അവളുടെ ശബ്ദത്തിൽ തന്നെ കലർന്നിരിക്കും. പക്ഷെ, അറബി അവൾക്ക് കുറച്ചൊക്കെ ഇഷ്ടമായിരുന്നതുകൊണ്ടാകാം വലിയ പരാതികളുണ്ടായിരുന്നില്ല. ചിലപ്പോൾ അറബി പദ്യങ്ങളെല്ലാം ഉറക്കെ ചൊല്ലി നടക്കുന്നതുകാണാം. അതും മതവ്യത്യാസങ്ങളെ കുട്ടികൾക്കിടയിൽ ഉറപ്പിക്കുന്നതിന് കാരണമാകുന്നുണ്ടാകാം. നിസ്സാരമായത് അറബി ക്ലാസിൽ തീരുന്നതുമാവാം.
ഈ ചോദ്യങ്ങൾ എനിക്കുമാത്രമാണോ അസ്വസ്ഥത ഉണ്ടാക്കുന്നത്?
നിലവിലുള്ള സാമൂഹിക സാഹചര്യം മതാടിസ്ഥാനത്തിൽ മനുഷ്യരെ വേർതിരിച്ച് ഒടുവിൽ മറ്റുള്ളതിനെ എല്ലാം ഇല്ലാതാക്കുന്ന അന്യവൽക്കരണത്തിലേക്ക് (Othering) എത്തിക്കുന്നത് പലപ്പോഴും നമ്മൾ കാണുന്നുണ്ട്.
മതം പോലെ പാർട്ടികളും പ്രദേശവുമെല്ലാം വേർതിരിവുകൾക്ക് കാരണമാകാറുണ്ട്. അതെല്ലാം ഒരാളെ പുർണമായും വിഴുങ്ങുന്ന ഒന്നായി മാറുമ്പോൾ പേടിക്കേണ്ടതുതന്നെയാണ്. പക്ഷെ, ഇപ്പോൾ മതത്തിന്റെ പേരിലാണ് അധികം ഈ വേർതിരിവുകളും മാറ്റിനിർത്തലുകളും ഒടുവിൽ ഇല്ലാതാക്കലുകളും നാം കാണുന്നത്. അതുകൊണ്ടാകാം ഈ ഭയം എനിക്കുണ്ടാകുന്നത്.
ഞാനും എല്ലാക്കാലത്തും ഇത്തരം ചോദ്യങ്ങൾ നേരിട്ടിരുന്നു.
‘ഓ, മുസ്‌ലിമാണോ, കണ്ടാ പറയേ ഇല്ല’ എന്നും ‘ഒരു നായര് കുട്ടിയെ പോലെയുണ്ട്’ എന്ന് അഭിനന്ദനരൂപേണ പറഞ്ഞതും മറക്കാറായിട്ടില്ല. മുസ്‌ലിമാണെങ്കിലും നല്ലവൾ ആയവൾ എന്ന സ്വത്വമാണ് പതിച്ചുകിട്ടിയത്. അത് ചില കൂട്ടങ്ങളിൽ പരസ്യമായി പറയുന്നതുകേട്ട് അന്തിച്ചിരുന്നുപോയിട്ടുണ്ട്. എന്നാലും സാരമില്ല, അതൊരു ചെറിയ ധാരണാപ്പിശകല്ലേ എന്ന് സമാധാനിച്ചിട്ടേയുള്ളൂ. പലപ്പോഴും തമാശ തോന്നിയിട്ടുമുണ്ട്.
വിശ്വാസിയാണോ എന്ന ചോദ്യത്തിന് എനിക്ക് ‘അതെ’ എന്ന ഉത്തരം തന്നെയേ പറയാനാകൂ. അങ്ങനെ അല്ലാതിരിക്കാനാണ് ഏറെ പ്രയാസം എന്നും ഞാൻ കരുതുന്നുണ്ട്. അതിലപ്പുറമുള്ള മതജീവിതത്തെക്കുറിച്ച് എനിക്കൊന്നും ഉറപ്പിച്ച് പറയാനാവില്ലെന്നേയുള്ളൂ.
ഒരിക്കൽ ഒരാൾ വഴിയിൽ പെട്ടെന്ന് പിടിച്ചുനിർത്തി ചോദിച്ചത് Are You a believer എന്നായിരുന്നു. ഞാൻ എന്തുത്തരം പറയണമെന്നറിയാതെ ഒരുനിമിഷം അന്തംവിട്ടുനിന്ന് ആദ്യം ‘അതെ’ എന്നും പിന്നീട് ‘അല്ല’ എന്നും ഉത്തരം പറഞ്ഞു. അത് ക്രിസ്ത്യൻ മതത്തിലെ പ്രത്യേക വിഭാഗമാണെന്ന് പിന്നീട് മനസ്സിലായി. അന്ന് ആഭരണങ്ങളൊന്നും ഉപയോഗിക്കാതിരുന്നതുകൊണ്ടാകാം ആ ചോദ്യം വന്നത്. വിശ്വാസിയാണോ എന്ന ചോദ്യത്തിന് എനിക്ക് ‘അതെ’ എന്ന ഉത്തരം തന്നെയേ പറയാനാകൂ. അങ്ങനെ അല്ലാതിരിക്കാനാണ് ഏറെ പ്രയാസം എന്നും ഞാൻ കരുതുന്നുണ്ട്. അതിലപ്പുറമുള്ള മതജീവിതത്തെക്കുറിച്ച് എനിക്കൊന്നും ഉറപ്പിച്ച് പറയാനാവില്ലെന്നേയുള്ളൂ. ഓരോ സാഹചര്യങ്ങൾക്കനുസരിച്ച് മതപരമായ ചടങ്ങുകളിൽ പങ്കെടുക്കാറുമുണ്ട്, അതിൽ ഭാഗഭാക്കായിട്ടുമുണ്ട്. അതുപോലെ മറ്റു മതങ്ങളെയും ആചാരങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട്. ഇത് എന്റെ വ്യക്തിപരമായ പ്രാക്ടീസല്ല. നമ്മളെല്ലാവരും പരിശീലിക്കപ്പെട്ടത് ഇങ്ങനെത്തന്നെയായിരുന്നു. പക്ഷെ, എപ്പോഴാണ് മതം ഒരു വ്യക്തിയെ ഒന്നാകെ നിർണയിക്കുന്ന തരത്തിൽ നമുക്കിടയിലേക്ക് കയറിക്കൂടിയത്? അങ്ങനെ മതത്തെ കാണാൻ തുടങ്ങിയ വാർത്തകൾ തന്നെയാണ് ഈ ഭയവും എന്നിലുണ്ടാക്കിയത് എന്നു തോന്നുന്നു.
പിണറായി വിജയൻ മുസ്‌ലിമാണോ അല്ലേ എന്ന് ഞാനവളോട് പറഞ്ഞില്ല. പക്ഷെ, മതം എന്നത് നമ്മൾ പ്രാക്ടീസ് ചെയ്യുന്ന ചടങ്ങുകളിൽ മാത്രമുള്ളതാണെന്നും അതുകഴിഞ്ഞാൽ അതിന് പ്രസക്തിയില്ലെന്നുമാണ് ഞാനവളോട് പറയാൻ ശ്രമിച്ചത്. സ്‌കൂളിൽ വച്ച് കാണുന്ന കൂട്ടുകാർ, മാർഷ്യൽ ആർട്‌സ് പഠിക്കുന്നിടത്തുള്ള കൂട്ടുകാർ, ക്ലബിൽ കാണുന്നവർ എല്ലാവരും വേറെവേറെ തരത്തിൽ ജീവിക്കുന്നവരാണ്. അവർ വീട്ടിലും വേറെ വേറെ തരത്തിൽ പ്രാർഥിക്കുന്നുണ്ടാകും. അതുകഴിഞ്ഞാൽ നമ്മൾ കളിക്കാനും പഠിക്കാനും സിനിമ കാണാനുമൊക്കെയായി ഒന്നിച്ച് കൂടുന്നവരാണ്. അതിനിടയിൽ നമ്മൾ വീട്ടിലെങ്ങനെയാണ് പ്രാർഥിച്ചത് എന്ന് ആലോചിക്കുന്നതിൽ കാര്യമുണ്ടോ എന്നവളോട് ചോദിച്ചു. അതില്ലെന്ന് അവൾ സമ്മതിച്ചു.
എന്റെ വിശദീകരണം അത്രക്ക് അവൾക്ക് ബോധിച്ചതായി തോന്നിയില്ല, എന്നാലൂം അങ്ങനെ ചോദിക്കുന്നതിൽ എന്തോ അപാകതയുണ്ടെന്നുമാത്രം അവൾക്കനുഭവപ്പെട്ടതായി തോന്നി. അത്രയെങ്കിലുമായല്ലോ എന്ന് ആശ്വസിക്കാനേ എനിക്കും കഴിഞ്ഞുള്ളൂ. ▮