Photo : Arun Inham

അപ്പോൾ, ഇത് മുസ്‌ലിംകൾക്കെതിരായ വിധി എന്നു പറഞ്ഞ്
​അപഹസിക്കരുതേ, സമുദായ സംഘടനകളേ...

നിലവിലുള്ള നിയമം മാറേണ്ടത് ഇന്ന് സ്ത്രീകളുടെ മാത്രം ആവശ്യമല്ല. ഇത് സ്ത്രീകളുടെ മാത്രം പ്രശ്‌നവുമല്ല. പെൺമക്കൾക്ക് അവകാശമില്ലാതാകുന്നത് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രശ്‌നമായിത്തന്നെ കാണേണ്ടതുണ്ട്. ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണെന്നത് ഈ കേസിൽ അനുകൂലവിധിയുണ്ടാകുന്നതിന് ഏറെ സാധ്യതയുള്ള ഒരു ഘടകമായി ഞാൻ കാണുന്നു.

രപ്പനങ്ങാടിയിലെ കുറെ അംഗങ്ങളുള്ള തറവാട്ടുവീട്ടിൽനിന്ന് മാറി ആദ്യം ഞങ്ങൾ താമസമാക്കിയത് അഞ്ചപ്പുര എന്ന സ്ഥലത്തായിരുന്നു. മുന്നിലൊരു മദ്രസയും പിന്നിലൊരു പള്ളിയും ദർസുമെല്ലാമുള്ള സ്ഥലത്തായിരുന്നു വീട് നിന്നിരുന്നത്. അവിടെ അന്ന് എനിക്കൊരു കൂട്ടുകാരിയുണ്ടായിരുന്നു. എന്നേക്കാൾ രണ്ടോ മൂന്നോ വയസ്സിന് വലിയതായിരിക്കും. എസ്.എസ്.എൽ.സി പാസായില്ല. അതുകൊണ്ട് ഇഷ്ടംപോലെ സമയമുണ്ടായിരുന്ന അവർ വീട്ടുജോലികളിൽ ഉമ്മാനെ സഹായിക്കുകയും ചെയ്തിരുന്നു. അവരുടെ വിളിപ്പേര് ബേബി എന്നായിരുന്നു.

ഉമ്മ എന്നോട് തട്ടമിടാനാവശ്യപ്പെടുന്നു, ആവശ്യമില്ലാത്ത നിയന്ത്രണങ്ങളേർപ്പെടുത്തുന്നു- ഇതെല്ലാം ഞാനന്ന് പങ്കുവച്ചിരുന്നത് ബേബിയോടായിരുന്നു. എന്റെ വസ്ത്രധാരണത്തെപ്പറ്റി ആശങ്കപ്പെടുന്ന നാട്ടുകാരെക്കുറിച്ചും അതുകേട്ട് അതിനനുസരിച്ച് എന്റെ യാത്രകളെപ്പോലും നിയന്ത്രിക്കുന്ന ഉമ്മാനെക്കുറിച്ചും ഞാൻ കട്ടക്കലിപ്പിൽ അവരോട് സംസാരിക്കും. ഒരു മറുപടിയും പറയാതെ അവൾ കേട്ടിരിക്കും. പക്ഷെ, സ്‌റ്റോർ റൂമിൽ വച്ച് പറഞ്ഞാൽ പോലും പലപ്പോഴും ഉമ്മ കേൾക്കുകയും എനിക്കതിനും വഴക്ക് കേൾക്കേണ്ടിവരികയും ചെയ്തിട്ടുണ്ട്.

Photo : Arun Inham

എന്തായാലും സംഘർഷം നിറഞ്ഞ എന്റെ ആ കൗമാരകാലത്ത്, എന്നെ തിരിച്ച് കുറ്റപ്പെടുത്താതെയെങ്കിലും കേട്ടിരുന്നത് അവരായിരുന്നു. ബേബിക്ക് മൂന്ന് സഹോദരിമാർ കൂടിയുണ്ടായിരുന്നു. എല്ലാവരും സാമാന്യ വിദ്യാഭ്യാസം നേടിയവരും എന്തെങ്കിലും തൊഴിൽ ചെയ്ത് ജീവിക്കുന്നവരുമായിരുന്നു. പോസ്‌റ്റോഫീസിലെ പണമിടപാടിലെ ഏജന്റായിട്ടൊക്കെ പ്രവർത്തിക്കുന്നതുപോലെ എന്തെങ്കിലും തൊഴിലിൽ എല്ലാവരും ഏർപ്പെട്ടിരുന്നു. അവരുടെ ഉമ്മയും ബാപ്പയും ഞാൻ കാണുമ്പോൾ ആടിനെ പോറ്റി അതിൽനിന്നുള്ള ചെറിയ വരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അവരുടെ ചില ബന്ധുക്കളൊക്കെ പരിസരത്തുതന്നെ താമസിച്ചിരുന്നു. അവർക്കൊന്നും മുതിർന്ന പെൺകുട്ടികളെ ജോലിക്ക് അയക്കുന്നതിൽ വലിയ അഭിപ്രായമില്ലാത്തതിനാൽ ഈ കുടുംബവുമായി വലിയ അടുപ്പം കാണിച്ചില്ല. എല്ലാവരും കല്യാണം കഴിച്ചതും ഇരുപതു വയസ്സെങ്കിലും കഴിഞ്ഞിട്ടാണ്. എന്റെ ചെറുപ്പത്തിൽ അത് വലിയ വാർത്ത തന്നെയായിരുന്നു. സമയത്തിന് കല്യാണം കഴിപ്പിക്കാതെ പെൺകുട്ടികളെ പണിക്ക് അയക്കുന്ന ബാപ്പയായി അയാൾ ഇകഴ്ത്തപ്പെട്ടു. ഞാനക്കാലത്ത് കണ്ട ഏറ്റവും നല്ല സ്‌നേഹബന്ധങ്ങളും അടുപ്പവും നിറഞ്ഞ കുടുംബം അതായിരുന്നു.

നമുക്കുചുറ്റുമുള്ള അനുഭവങ്ങളിൽനിന്നുതന്നെ, മുസ്​ലിം സ്​ത്രീകളുടെ സ്വത്തവകാശം എന്നത്​, ഇന്ന് മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നമാണ് എന്ന്​വ്യക്തമാണ്. അതിനെ തിരുത്തേണ്ടതും മറികടക്കേണ്ടതും മുസ്‌ലിം മതനിയമങ്ങൾക്കനുസൃതമായി ജീവിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ്.

അതിനിടയിൽ ബേബിയുടെ ബാപ്പ മരിച്ചു. ഖബറടക്കം കഴിഞ്ഞ് അധികസമയം കഴിയുന്നതിനുമുമ്പേ ബാപ്പാന്റെ സഹോരന്മാരടക്കമുള്ള ബന്ധുക്കൾ സ്വത്തിന് അവകാശം പറഞ്ഞു. മരണത്തിന് കെട്ടിയ പന്തൽ അഴിക്കുന്നതിമുമ്പേ അവിടെ വഴക്കു തുടങ്ങി. കാരണം, ബേബിയുടെ ബാപ്പ ഇതെല്ലാം മുൻകൂട്ടി കണ്ടായിരിക്കണം, സ്വത്തുക്കൾ പെൺമക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. അതെങ്ങനെ ഇസ്‌ലാമികമാകും എന്ന പേരിലാണവർ വഴക്കിടാൻ ശ്രമിച്ചത്. ഒരു ചെറിയ വീടും അത് നിൽക്കുന്ന കുറച്ചു സ്ഥലവും മാത്രമാണ് അയാൾക്കാകെയുണ്ടായിരുന്ന സ്വത്ത്. ഇസ്‌ലാമിലെ പിന്തുടർച്ചാവകാശപ്രകാരം മൂന്നിൽ രണ്ട് ഭാഗത്തിനുമാത്രമേ ഈ പെൺകുട്ടികൾക്ക് അവകാശം ലഭിക്കൂ. മിക്കവാറും വീടുവരെ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകാം. ഇത് തിരിച്ചറിഞ്ഞ ബാപ്പ തന്നെയാണ് പെൺകുട്ടികൾ വഴിയാധാരാമാകാതിരിക്കാൻ മുൻകൂട്ടി ഇത് അവരുടെ പേരിലേക്ക് മാറ്റിയെഴുതിയത്. സ്വന്തം കഷ്ടപ്പാടുകൾ കൊണ്ടാണെങ്കിലും ഞങ്ങൾക്കെന്തെങ്കിലുമുണ്ടോ എന്ന ചോദ്യം തന്നെയാണ് ബാപ്പയുടെ സഹോദരങ്ങളെ അങ്ങോട്ടെത്തിച്ചത്.

ബഷീർക്കാന്റെ ഒരു അമ്മായിയുടെ അവസ്ഥയും ഇതിൽനിന്ന് ഏറെയൊന്നും ഭിന്നമായിരുന്നില്ല. അവർ ധാരാളം ഭൂസ്വത്തുള്ള സ്ത്രീയായിരുന്നു. അവർ ദൂരസ്ഥലങ്ങളിലായിരുന്ന സ്വത്തുക്കൾ വിറ്റ് ഭർത്താവിന്റെ പുരയിടത്തിലാണ് താമസിച്ചിരുന്നത്. രണ്ടുപേർ മാത്രമുള്ള വീട്ടിൽ വലിയ ആർഭാടങ്ങളില്ലാതെ ജീവിച്ച അവർക്ക് ഭൂസ്വത്തുക്കളെല്ലാം അതേപടി നിലനിർത്താനായി. അതിൽനിന്നുള്ള വരുമാനം അവർക്ക് ജീവിക്കാൻ ധാരാളമായിരുന്നു. പക്ഷെ, ഭർത്താവിന്റെ മരണശേഷം അവർക്ക് ആ വീട് വിട്ടിറങ്ങേണ്ടിവന്നു. സ്വന്തം പേരിൽ സ്വത്തുക്കൾ ഒന്നുമില്ലാത്തതിനാൽ ഭർത്താവിന്റെ വിഹിതത്തിൽനിന്ന് ഒരു പങ്ക്, നാലിൽ ഒരു ഭാഗം കൊണ്ട് അവർക്ക് തൃപ്തിപ്പെടേണ്ടിവന്നു. മക്കളുണ്ടെങ്കിലും ഭാര്യമാരുടെ സ്ഥിതി അത്രക്ക് മെച്ചപ്പെട്ടതല്ല. സ്വത്തിലെ വിഹിതം എട്ടിലൊന്നായി ചുരുങ്ങുകയാണ് ചെയ്യുക.

പെൺമക്കൾക്ക് സ്വത്തിൽ അവകാശമില്ലാതാകുന്നത് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രശ്‌നമായിത്തന്നെ കാണേണ്ടതുണ്ട്. എന്നോ മതിപ്പില്ലാതെ പോയ ഇതിലെ നിയമവ്യവസ്ഥകളും ചട്ടങ്ങളും മാറേണ്ടത് സമുദായത്തിന്റെ മുഴുവൻ ആവശ്യമാണ്. Photo : Murshid PK

ഭർത്താവിന് ഭാര്യയുടെ സ്വത്തിൽ പകുതി അവകാശം ഇസ്‌ലാമിക പിന്തുടർച്ചാവകാശ നിയമം വ്യവസ്ഥ ചെയ്യുമ്പോഴാണ് അനാഥരായിപ്പോകുന്ന സ്ത്രീകൾക്ക് നാലിലൊന്ന് വിഹിതം മാത്രമായി ചുരുക്കിയിരിക്കുന്നത്. മക്കളുണ്ടെങ്കിൽ ഭാര്യയുടെ സ്വത്തിൽ നാലിലൊന്നിന് ഭർത്താവിന് അവകാശമുണ്ട്. സ്വന്തം മക്കൾക്ക് പിന്തുടർച്ചവകാശം നൽകുന്നതിലുമുണ്ട് വ്യത്യാസങ്ങൾ. ആൺമക്കൾക്ക് മൂന്നിൽ രണ്ടു ഭാഗത്തിന് അർഹതയുണ്ടെങ്കിൽ പെൺമക്കൾക്ക് മൂന്നിലൊരു ഭാഗത്തിനുമാത്രമാണ് അർഹതയുള്ളത്. ഇനി, മാതാപിതാക്കൾ ജീവിച്ചിരിക്കേ മകൻ മരിച്ചാൽ മരിച്ച മകന്റെ മക്കൾക്കാർക്കും പാരമ്പര്യസ്വത്തിൽ അവകാശമേയില്ല എന്നും ഈ നിയമവ്യവസ്ഥ അനുശാസിക്കുന്നു. വളരെ വ്യക്തമായിത്തന്നെ പെൺകുട്ടികളോട് പക്ഷപാതം കാണിക്കുന്നുണ്ട് എന്നതുമാത്രമല്ല, ഈ നിയമവ്യവസ്ഥയുടെ പ്രശ്‌നം എന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. സ്ത്രീകൾക്കായാലും അനാഥരായിപ്പോകുന്ന പേരക്കിടാങ്ങൾക്കായാലും സംരക്ഷണം ഉറപ്പുവരുത്തിയിരുന്ന ഒരു സാമൂഹിക വ്യവസ്ഥയിൽ നിന്നാവാം ഈ നിയമങ്ങളുണ്ടായിട്ടുണ്ടാകുക. ഈ നിയമങ്ങളുടെ ചരിത്രപ്രാധാന്യവും തഴഞ്ഞുകളയാവുന്നതല്ല.

നിലവിലുള്ള നിയമം മാറേണ്ടത് ഇന്ന് സ്ത്രീകളുടെ മാത്രം ആവശ്യമല്ല. ഇത് സ്ത്രീകളുടെ മാത്രം പ്രശ്‌നവുമല്ല. പെൺമക്കൾക്ക് അവകാശമില്ലാതാകുന്നത് ആണുങ്ങളുടെയും പെണ്ണുങ്ങളുടെയും പ്രശ്‌നമായിത്തന്നെ കാണേണ്ടതുണ്ട്. എന്നോ മതിപ്പില്ലാതെ പോയ ഇതിലെ നിയമവ്യവസ്ഥകളും ചട്ടങ്ങളും മാറേണ്ടത് സമുദായത്തിന്റെ മുഴുവൻ ആവശ്യമാണ്. ഈ നിയമത്തെപ്പറ്റി ആശങ്കപ്പെടാത്ത, പെൺകുട്ടികൾ മാത്രമുള്ള മാതാപിതാക്കൾ ഉണ്ടെന്ന് ഇന്ന് നമുക്ക് വിശ്വസിക്കാനാകില്ല. പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും സ്വത്തുവിഭജനത്തിലുള്ള വ്യത്യാസത്തിന് നൽകുന്ന വിശദീകരണത്തിൽ പറയുന്നത്, പെൺകുട്ടികൾക്ക് ലഭിക്കുന്ന സ്വത്തിന് ഉപാധികളില്ല എന്നതാണ്. അത് അവർക്ക് സ്വതന്ത്രമായി ചെലവഴിക്കാം. ആൺകുട്ടികൾക്കാകട്ടെ, മാതാപിതാക്കളെ സംരക്ഷിക്കുന്നതിനുള്ള ചുമതലയുണ്ട്. ഇത് പുതിയ കാലത്തിനനുസരിച്ച് വ്യാഖ്യാന സാധ്യത നൽകുന്നതുമാണ്. പെൺകുട്ടികൾക്ക് സംരക്ഷണ ചുമതല വരുന്ന ഘട്ടങ്ങളിൽ / കുടുംബങ്ങളിൽ ഈ അധിക പങ്ക് പെൺകുട്ടികൾക്ക് അവകാശപ്പെട്ടതല്ലേ? വീണ്ടും ഇതിൽ തർക്കങ്ങളുണ്ടാകാതിരിക്കാൻ നല്ലത് ചുമതലയും ഒരേ വിഹിതത്തിൽ നൽകുന്നതാണ്.

നമ്മുടെ സാമാന്യബോധത്തെ തന്നെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്ത് ചരിത്രം കുറിച്ച വ്യക്തിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. അദ്ദേഹം മുസ്‌ലിം പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും സംവേദനക്ഷമമായ നിലപാടെടുക്കുമെന്നതിൽ സംശയമില്ല.

പെൺകുട്ടികൾ മറ്റൊരു വീട്ടിലേക്ക് പോകേണ്ടവർ, അവിടുത്തെ കാര്യങ്ങൾ നോക്കേണ്ടവർ എന്നിങ്ങനെ വേർതിരിക്കുന്നതിനും ഇനി വലിയ അടിസ്ഥാനമുണ്ടായിക്കൊള്ളണമെന്നില്ല. അതുകൊണ്ട്​ മാതാപിതാക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ തുല്യപങ്കാളിത്തം രണ്ടു കൂട്ടർക്കും ആവശ്യമാണ്. അത് പിന്തുടർച്ചാവകാശം ഒന്നും ഇല്ലാത്തിടത്തും ബാധകമാകുന്ന കാര്യം തന്നെ. സ്വത്തവകാശത്തോടൊപ്പം ഈ മൂല്യബോധം കൂടിയാണ് നാം പങ്കുവെക്കുന്നത്.
മുസ്‌ലിം വ്യക്തിനിയമത്തിലെ പിന്തുടർച്ചാവകാശങ്ങളിലെ ഈ വിവേചനങ്ങൾക്കെതിരെ സുപ്രീംകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. സുപ്രീംകോടതിയിൽ നൽകിയ സ്‌പെഷൽ ലീവ് പെറ്റീഷൻ കേസിൽ, കോടതി കേരള സർക്കാറിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെടുകയുണ്ടായി. സർക്കാറായാലും മതനേതൃത്വമായാലും മതനിയമവും സ്ത്രീകളുടെ അവകാശങ്ങളും തമ്മിലുള്ള തർക്കമായി ഇപ്പോഴിതിനെ കാണരുത് എന്നാണ് എനിക്കുതോന്നുന്നത്. നമുക്കുചുറ്റുമുള്ള അനുഭവങ്ങളിൽനിന്നുതന്നെ ഇത് ഇന്ന് മുസ്‌ലിം സമുദായം നേരിടുന്ന പ്രശ്‌നമാണ് എന്നത് വ്യക്തമാണ്. അതിനെ തിരുത്തേണ്ടതും മറികടക്കേണ്ടതും മുസ്‌ലിം മതനിയമങ്ങൾക്കനുസൃതമായി ജീവിക്കുന്ന ഓരോ വ്യക്തിയുടെയും കടമയാണ്.

ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ഇപ്പോഴത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ആണെന്നത് ഈ കേസിൽ അനുകൂലവിധിയുണ്ടാകുന്നതിന് ഏറെ സാധ്യതയുള്ള ഒരു ഘടകമായി ഞാൻ കാണുന്നു. സ്ത്രീകൾക്ക് ഗർഭഛിദ്രത്തിന് അവകാശം നൽകുന്ന വിധിയിൽ, അത് ഒരു വ്യക്തിക്ക് അവളുടെ ശരീരത്തിലുള്ള സ്വയംനിർണയാവകാശത്തിന്റെ ഭാഗമായി തന്നെ വിലയിരുത്തിയ ശക്തമായ നിരീക്ഷണങ്ങൾ ഉണ്ടായിരുന്നു എന്നോർക്കുന്നുണ്ട്. അതുപോലെ, ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷങ്ങളുടെ കാര്യത്തിലും അദ്ദേഹത്തിന്റെ നിലപാടുകൾ LGBTQA വ്യക്തികൾക്ക്​അഭിമാനത്തോടെ ഇവിടെ നിലനിൽക്കാനുള്ള സാധ്യതയാണ് നൽകിയത്. ആണും പെണ്ണും മാത്രമായി മനുഷ്യരെ കാണുന്ന ലോകബോധത്തെ തന്നെ വിമർശിച്ച വ്യക്തിയാണ് ഇദ്ദേഹം. ഇങ്ങനെ നമ്മുടെ സാമാന്യബോധത്തെ തന്നെ ചോദ്യം ചെയ്യുകയും തിരുത്തുകയും ചെയ്ത് ചരിത്രം കുറിച്ച വ്യക്തിയാണ് ജസ്റ്റിസ് ചന്ദ്രചൂഡ്. അദ്ദേഹം മുസ്‌ലിം പിന്തുടർച്ചാവകാശത്തിന്റെ കാര്യത്തിലും സംവേദനക്ഷമമായ (Sensible) നിലപാടെടുക്കുമെന്നതിൽ സംശയമില്ല.
അപ്പോൾ ഇത് മുസ്‌ലിംകൾക്കെതിരായ വിധി എന്നു പറഞ്ഞ് അപഹസിക്കരുതെന്നാണ് സമുദായ സംഘടനകളോണ് പറയാനുള്ളത്. സംഘബോധമുള്ളവരെന്നാൽ മതത്തിനകത്ത് ജീവിക്കുന്നവരുടെ ജീവിതപ്രശ്‌നങ്ങളെ കൂടി കണക്കിലെടുക്കുന്നവരാകട്ടെ. ▮


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments