Photo: Population Council

ആർത്തവ- പ്രസവ അവധി മാത്രം പോരാ,
വേണം, ചില കരുതലുകളും

തങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ വിവേചനബുദ്ധിയോടെ ഉപയോഗിച്ച്, എപ്പോൾ വിവാഹം കഴിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കാനുള്ള തന്റെ അവകാശത്തെ കൂടി ഉറപ്പിച്ചെടുത്തുവേണം പ്രസവ അവധികളെ ഉപയോഗപ്പെടുത്താൻ.

ഴിവാക്കാനാകാത്ത ഒരു ഔദ്യോഗികയാത്രക്കിടയിലുണ്ടായ അനുഭവമാണ്.

ട്രെയിനിലാണ് യാത്ര. അധികം യാത്രക്കാരില്ലാത്ത ലേഡീസ് കമ്പാർട്ടുമെന്റാണ്. പിരീഡ്‌സ് ആയ ദിവസം. ട്രെയിൻ യാത്ര തുടങ്ങി കുറച്ചുകഴിഞ്ഞപ്പോൾ മുതൽ വല്ലാത്ത അസ്വസ്ഥത തുടങ്ങി. പല പ്രാവശ്യം ടോയ്‌ലറ്റിൽ പോയി. തല കറങ്ങാൻ തുടങ്ങി. സീറ്റിലിരിക്കാനും നിൽക്കാനും വയ്യ. ഛർദ്ദിക്കാൻ തോന്നുന്നുണ്ടെങ്കിലും ഒന്നും പുറത്തുവരുന്നില്ല. സഹിക്കാൻ പറ്റാത്ത വേദന. കുറെ നേരം അടിവയറ്റിൽ അമർത്തിപ്പിടിച്ചിരുന്നു. കുറെ നേരം എഴുന്നേറ്റുനിന്നു, കിടന്നുനോക്കി. രണ്ട് കൊളുത്തിട്ട് അടിവയറ്റിൽ അങ്ങോട്ടുമിങ്ങോട്ടും വലിക്കുന്നതുപോലെ അനുഭവം. വീട്ടിലാണെങ്കിൽ ചൂടു പിടിക്കാം. എന്തെങ്കിലുമൊക്കെയിട്ട് കാച്ചിയ വെള്ളം ഉമ്മ ഉണ്ടാക്കിത്തരാറുണ്ട്. അത്യാവശ്യം ചില പിൽസും എടുക്കാറുണ്ട്. അതിനൊന്നും ഇവിടെ സാധ്യതയില്ല.

ഈ ആനുകൂല്യങ്ങൾ- ആർത്തവാവധിയായാലും പ്രസവാവധിയായാലും- പെൺകുട്ടികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റേണ്ടതുണ്ട്.

കുറച്ചു കഴിഞ്ഞപ്പോൾ എന്റെ സീറ്റിലിരുന്ന കുട്ടി എന്തുപറ്റി എന്ന് തിരക്കി. വയറുവേദനയാണെന്ന് പറഞ്ഞപ്പോൾ അവൾ മടിത്തട്ടിൽ തൊട്ട്, കിടന്നോളൂ എന്ന് പറഞ്ഞു. ആ കുട്ടിയുടെ സൗമനസ്യത്തിൽ താൽപര്യം തോന്നിയെങ്കിലും അതൊന്നും ആലോചിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. എങ്ങനെയെല്ലാം ഇരുന്നും കിടന്നും നോക്കിയതാ, മടിയിൽ കിടന്നാൽ എങ്ങനെയാ മാറാൻ പോകുന്നത് എന്ന സംശയത്തിലായിരുന്നു ഞാൻ. പിന്നെ വെറുതെ ആ കുട്ടിയെ ബുദ്ധിമുട്ടിക്കാനും തോന്നിയില്ല. പക്ഷെ, അവൾ ഭയങ്കര ആത്മവിശ്വാസത്തിൽ കിടക്കൂ എന്ന് തലകൊണ്ട് ആംഗ്യം കാണിച്ചു. ഇനി ചെയ്യാതിരുന്നാൽ അവർക്കെന്തുതോന്നും എന്നുകരുതി ഞാൻ കിടന്നു. അപ്പോഴും അസ്വസ്ഥത കുറയാൻ ഇനി എന്താണ് ചെയ്യേണ്ടത് എന്നാണ് ഞാൻ മനസ്സിലോർത്തുകൊണ്ടിരുന്നത്.

പക്ഷെ, കുറച്ചു കഴിഞ്ഞതേയുള്ളൂ, എന്നെത്തന്നെ അൽഭുതപ്പെടുത്തിക്കൊണ്ട് അസ്വസ്ഥതകൾ കുറഞ്ഞുവന്നു. ഞാൻ സ്വസ്ഥമായി അവളുടെ മടിയിൽ കിടന്നു. വേദന അവശേഷിച്ചെങ്കിലും ഒറ്റക്കിരിക്കാനുള്ള ശേഷിയായി. കാലടിയിൽ എത്തിയപ്പോൾ ഇറങ്ങി, നേരത്തെ തീരുമാനിച്ച മീറ്റിംഗിൽ പങ്കെടുത്തു.

എം.ജി യൂണിവേഴ്​സിറ്റി വിദ്യാർഥികൾക്ക് ആർത്തവാവധി അനുവദിച്ചുകൊണ്ടുള്ള പോസ്റ്റർ കണ്ടപ്പോൾ ആദ്യം ഓർത്തുപോയത് ഈ സംഭവമാണ്. ആ കുട്ടി ആരാണെന്നോ അവളുടെ പേര് എന്താണെന്നോ പോലും എനിക്കറിയില്ല. ഇങ്ങനെയാല്ലാത്ത അവസരമായിരുന്നുവെങ്കിൽ സാധാരണ പരിചയപ്പെടലും മറ്റും നടക്കേണ്ടതാണ്. പക്ഷെ, അന്നത്തെ വേദനയിലും അസ്വസ്ഥതയിലും അതൊന്നുമുണ്ടായില്ല. എന്തായാലും ജീവിതത്തിലൊരിക്കലും മറക്കാൻ പറ്റാത്ത അനുഭവമായിരുന്നു അത്. അവളുടെ ശാന്തമായ ഭാവവും ബലമുള്ള ആത്മവിശ്വാസവും എനിക്കിപ്പോഴും ഓർമയുണ്ട്. കാലപ്പഴക്കത്താൽ മുഖം മറന്നുപോയെങ്കിലും അതിപ്പോഴും മായാതെ നിൽക്കുന്നു. എന്തൊരു മാജിക് ആണ് അവൾ കാണിച്ചത് എന്ന് ഞാൻ പലപ്പോഴും അൽഭുതപ്പെട്ടിട്ടുണ്ട് പിന്നീട്. സാധാരണ സുഹൃത്തുക്കൾ നമ്മെ സഹായിക്കുന്നതുപോലെ അവർ എന്റെ വയർ തടവിയതായോ നെറ്റിയെങ്കിലും സ്പർശിച്ചതായോ ഞാൻ ഓർക്കുന്നില്ല. അന്യയെപ്പോലെ ഞാൻ അവളുടെ മടിയിൽ കിടന്നു. ഇത്രയേ നടന്നുള്ളൂ.

Photo: Unsplash

ഇങ്ങനെ മാസത്തിൽ ഒരു പ്രാവശ്യം പെൺകുട്ടികൾ / സ്ത്രീകൾ അധികവും അവരുടെ ജീവിതത്തിൽ ഇത് അനുഭവിക്കുന്നുണ്ട്. ഇത് മുൻകൂട്ടി അറിയാൻ പറ്റില്ല. ഏകദേശം കണക്കാക്കിയാലും വല്ല ഗുളികയോ മറ്റോ കരുതിയാൽ ചിലർക്ക് കുറവുണ്ടാകുമെന്നേയുള്ളൂ. ഈ ഗുളികകൾ തന്നെ സഹായിക്കാത്ത അവസ്ഥയിലും എത്തിച്ചേരും ചിലർ.

ആർത്തവ അവധി ലഭിക്കുന്നു എന്നതുകൊണ്ടുമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.

ആർത്തവാവധി എന്നത് എത്രയോ കാലമായി പരിഗണനയിലുള്ളതാണെങ്കിലും ഇന്ന് അത് സർക്കാർ തലത്തിൽ തന്നെ നടപ്പായിരിക്കുകയാണ്. വിദ്യാർഥികൾക്ക് അവധി നൽകുന്നത് പരിഗണനയിലുണ്ടായിരുന്നെങ്കിലും അത് എങ്ങനെ വേണമെന്നതിനെക്കുറിച്ചും ധാരാളം ചർച്ചകൾ നടന്നതല്ലാതെ പോംവഴി കണ്ടെത്തിയിരുന്നില്ല. അപ്പോഴാണ് എം.ജി. യൂണിവേഴ്‌സിറ്റിയിൽ ഇത് ഹാജർ നിലയുമായി ബന്ധപ്പെടുത്തി തീരുമാനമായത്. വളരെ ഉചിതമായ ഇടപെടലായാണ് എനിക്കിത് തോന്നിയത്. ഏതുദിവസം, എങ്ങനെ എന്നതിനെക്കുറിച്ചൊന്നും വേവലാതിപ്പെടേണ്ട ആർക്കും. മൊത്തം ഹാജർ നിലയിൽ ഇളവ് അനുവദിക്കുകയാണതിൽ ചെയ്തത്. 75 ശതമാനം ആണ് ഹാജർ നിർബന്ധമാകുന്നത് എങ്കിൽ പെൺകുട്ടികൾക്ക് അത് 73 ശതമാനം മതി. ഈ തീരുമാനം വളരെക്കാലത്തെ ആശങ്കകളെ ഇല്ലാതാക്കിയതുകൊണ്ടാകാം, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ വകുപ്പിനുകീഴിലുള്ള എല്ലാ സർവകലാശാലകളിലെയും വിദ്യാർഥികൾക്ക് ഇത് ബാധകമാക്കി സർക്കാറും ഉത്തരവിറക്കിയത്.

പക്ഷെ, അവധി ലഭിക്കുന്നു എന്നതുകൊണ്ടുമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇതുമായി ബന്ധപ്പെട്ട മറ്റു സൗകര്യങ്ങൾ ഒരുക്കുന്നതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല. ഞാൻ ബന്ധപ്പെട്ടിട്ടുള്ള മിക്ക കാമ്പസുകളിലും ഇപ്പോൾ സാനിറ്ററി പാഡുകൾ ഡിസ്‌പോസ് ചെയ്യുന്ന മെഷീനുണ്ട്. പക്ഷെ, ഇത് പലയിടത്തും പലതവണ കേടായി, അതിനുള്ള അപേക്ഷകളും നിവേദനങ്ങളുമായി പലരും ഓഫീസുകൾ കയറിയിറങ്ങുന്നതും സാധാരണ സംഭവമാണ്. അതായത്, ആർത്തവാവധി കൊടുക്കുന്നതിനേക്കാൾ ഭാരിച്ച ചുമതല തന്നെയാണ് അതിനാവശ്യമായ സൗകര്യങ്ങൾ കാമ്പസുകളിലും ഓഫീസുകളിലും ഒരുക്കുക എന്നത്. അതിനുള്ള ഉത്തരവാദിത്തം കൂടി കാമ്പസുകളും അവിടുത്തെ അധികാരി വിഭാഗങ്ങളും ഏറ്റെടുക്കേണ്ടതാണ്. അവധി കൊടുത്ത് പെൺകുട്ടികളെ വീട്ടിലിരുത്തിയാൽ ഈ പ്രശ്‌നങ്ങൾ അന്വേഷിക്കേണ്ടതില്ലല്ലോ എന്ന ഒഴിവുകഴിവായി മാറാതിരിക്കട്ടെ ഈ ഉത്തരവ്.

പ്രസവം കാരണം പഠനം മുടങ്ങിയവരും അത് തുടരാനായി അനേകം കടമ്പകൾ കടന്നവരും അത് മറികടക്കാൻ കഴിയാതെ പഠനം വഴിയിൽ ഉപേക്ഷിച്ചവരുമുണ്ട്. അവരെ സംബന്ധിച്ച് പ്രസവാവധി നല്ല തീരുമാനമാണ്.

18 വയസ്സിനുമുകളിലുള്ള പെൺകുട്ടികൾക്ക് കൊടുത്ത പ്രസവാവധിയും അവരുടെ വിദ്യാഭ്യാസത്തിൽ ഏറെ സഹായകമായ ഒന്നാണെന്ന് സാമാന്യമായി പറയാം. പ്രസവം കാരണം പഠനം മുടങ്ങിയവരും അത് തുടരാനായി അനേകം കടമ്പകൾ കടന്നവരും അത് മറികടക്കാൻ കഴിയാതെ പഠനം വഴിയിൽ ഉപേക്ഷിച്ചവരുമുണ്ട്. അവരെ സംബന്ധിച്ച് ഇത് നല്ല തീരുമാനമാണ്. പക്ഷെ, ഇത് ഭാവിയിൽ എങ്ങനെയാണ് പെൺകുട്ടികളെ ബാധിക്കുക എന്നത് കണ്ടറിയേണ്ടതുതന്നെയാണ്.

Illustration : LifeCell

എപ്പോൾ പ്രസവിക്കണം എന്ന് തീരുമാനമെടുക്കേണ്ടത് പെണ്ണ് തന്നെയാണ്. അവരുടെ ഏജൻസിയിൽ നാം വിശ്വാസമർപ്പിക്കേണ്ടതുതന്നെയാണ്. എന്നാൽ, നമ്മുടെ പെൺകുട്ടികൾക്ക് വിവാഹകാര്യങ്ങളിൽ ഇപ്പോഴും സ്വയം തീരുമാനമെടുക്കാനുള്ള അവസരം കിട്ടുന്നുണ്ടോ? പലതരം പോരാട്ടങ്ങളിലൂടെ വിവാഹത്തെ മറികടന്ന് പഠിക്കുന്നവരാണ് പല പെൺകുട്ടികളും. പഠനത്തിനിടയ്ക്ക് വിവാഹം കഴിഞ്ഞാൽ അവധി ലഭിക്കുന്നു എന്നത് അവർക്ക് കൂടുതൽ സമ്മർദങ്ങൾ കൊടുക്കില്ല എന്ന് നമുക്ക് ഉറപ്പു പറയാനാകുമോ? പ്രസവാവധിയുണ്ടല്ലോ, അതുകൂടി കഴിഞ്ഞാലും പഠനം തുടരാമല്ലോ എന്നു പറഞ്ഞാൽ അതിനെ നേരിടാനുള്ള കരുത്തുകൂടി ഇനി പെൺകുട്ടികൾ നേടണമെന്ന് അർഥം. വിവാഹത്തിന് പെൺകുട്ടികൾ നിർബന്ധിക്കപ്പെടുന്നത്, അത് കഴിഞ്ഞാലും പഠനം തുടരാം എന്ന ഉറപ്പിലാണ്. ചിലർക്കത് വാഗ്ദാനം മാത്രമാകും. ചിലർ വളരെ പാടുപെട്ട് കുടുംബ പ്രാരാബ്ദങ്ങളും പഠനവും ഒരുമിച്ച് മുന്നോട്ടു കൊണ്ടുപോകുന്നത് കാണാം. അതിനോടൊപ്പം ഒരു ഭാരം കൂടിയായി പ്രസവാവധി വാഗ്ദാനം മാറാതിരിക്കട്ടെ എന്ന് ആഗ്രഹിക്കാം.

പ്രസവാവധിയുണ്ടല്ലോ, അതുകൂടി കഴിഞ്ഞാലും പഠനം തുടരാമല്ലോ എന്നു പറഞ്ഞാൽ അതിനെ നേരിടാനുള്ള കരുത്തുകൂടി ഇനി പെൺകുട്ടികൾ നേടണമെന്ന് അർഥം.

കാരണം, ആറുമാസത്തെ പ്രസവാവധി കഴിഞ്ഞാലും കുട്ടികളെ നോക്കേണ്ട ഉത്തരവാദിത്തം ആർക്കാണ് എന്നതിനെ സംബന്ധിച്ച നമ്മുടെ സാമാന്യ ധാരണകളിലൊന്നും മാറ്റം വന്നിട്ടില്ല. പ്രസവിക്കുകയും മുലയൂട്ടുകയും ചെയ്യുന്നതുകൊണ്ട് കുട്ടികളെ നോക്കുന്ന ചുമതലയും പൂർണമായും സ്ത്രീകളുടേതാണ് എന്ന് വിശ്വസിക്കുന്ന സമൂഹമാണ് നമ്മുടേത്. അതിൽനിന്നുമാറി രണ്ടുപേർക്കും ഒരുപോലെ കുഞ്ഞുങ്ങളെ വളർത്തുന്നതിൽ ഉത്തരവാദിത്തമുണ്ട് എന്ന ആശയത്തിലേക്ക് വളരാൻ ഇത്തരം ഉത്തരവുകൾ ഇടയാക്കട്ടെ എന്ന് പ്രത്യാശിക്കാം.

Photo: Pexels

ഇതൊന്നുമില്ലെങ്കിലും പലയിടത്തും വിദ്യാർഥികൾക്ക് പ്രസവാവധി ഉണ്ടായിരുന്നു എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ബിരുദാനന്തരബിരുദ വിദ്യാർഥികൾക്കും ഗവേഷകർക്കും അവധി ആനുകൂല്യം ലഭ്യമായിരുന്നു. രണ്ടുവർഷം വരെ ഇതാവുകയും ചെയ്യാമായിരുന്നു. രണ്ടു വർഷം കഴിഞ്ഞുവന്നാലും അതേ രജിസ്റ്റർ നമ്പറിൽ അവർക്ക് പരീക്ഷ പാസാകാം. അതുകൊണ്ടുമാത്രം പ്രസവങ്ങൾ വർധിച്ചതായി നമുക്ക് പറയാനാകില്ല. എന്നാൽ, കോഴ്‌സിനിടയ്ക്ക് ഗർഭിണിയാകുന്നവർക്ക് പഠനം മുടങ്ങിപ്പോകാതെ തുടരാൻ ഇത് ഏറെ സഹായകരമായിട്ടുമുണ്ടാകാം.

അതുകൊണ്ട് ഈ ആനുകൂല്യങ്ങൾ- ആർത്തവാവധിയായാലും പ്രസവാവധിയായാലും- പെൺകുട്ടികളെ കൂടുതൽ ഉത്തരവാദിത്തമുള്ളവരാക്കി മാറ്റേണ്ടതുണ്ട്. തങ്ങൾക്ക് കിട്ടുന്ന ആനുകൂല്യങ്ങളെ വിവേചനബുദ്ധിയോടെ ഉപയോഗിച്ച് എപ്പോൾ വിവാഹം കഴിക്കണമെന്നും പ്രസവിക്കണമെന്നും തീരുമാനിക്കാനുള്ള തന്റെ അവകാശത്തെ കൂടി ഉറപ്പിച്ചെടുത്തുവേണം ഇതുപയോഗിക്കാൻ. ▮


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments