നനച്ചുകുളി എന്നാൽ കേരളത്തിലെ മുസ്‌ലിംവീടുകളിൽ കുറച്ചുദിവസത്തെ നിരന്തര പ്രയത്‌നമാണ്. നോമ്പിന് മുന്നോടിയായി വീടും പരിസരവൂം വൃത്തിയാക്കുന്ന ചടങ്ങാണിത്. പക്ഷെ, മിക്കയിടത്തും ചടങ്ങ് തീർക്കലല്ല നടക്കുക. കട്ടിലുകളും കസേരകളുമടക്കമുള്ളവ പുറത്തുകൊണ്ടിട്ട് പാറോത്തിന്റെ ഇലയും ചകിരിയും കൊണ്ട് ഉരച്ചുകഴുകുന്നത് ചെറുപ്പത്തിൽ കണ്ടിട്ടുണ്ട്. ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും പണിയുണ്ടാകും. പുരയ്ക്കുചുറ്റും ഓടിന് താഴെ പിടിച്ച മാറാലകൾ നീക്കുന്നത് അധികവും ആണുങ്ങളായിരിക്കും. ചില വീടുകളിൽ വെള്ള വലിക്കുകയും- കുമ്മായം കലക്കി പെയിന്റടിക്കുന്ന രീതി- പതിവാണ്. തീരെ ഉപയോഗത്തിലില്ലാത്ത വീടിന്റെ ഭാഗങ്ങൾവരെ അടിച്ചുതുടച്ചിടും. വലിയ കമ്പിളികൾ അടക്കമുള്ളവയൂം കഴുകും. കാർപെറ്റുകളടക്കമുള്ളവ അന്ന് വെള്ളം കാണും. നിസ്‌കാര കുപ്പായങ്ങളും നിസ്‌കരിക്കുമ്പോൾ വിരിക്കുന്ന മുസല്ല എന്ന കട്ടിയുള്ള ചെറിയ വിരിപ്പും കഴുകിയിടണം. പുസ്തകങ്ങൾ സൂക്ഷിക്കുന്ന അലമാരയും ഞങ്ങളുടെ വസ്ത്രങ്ങൾ സൂക്ഷിക്കുന്ന ഇടങ്ങളുമെല്ലാം വൃത്തിയാക്കേണ്ട ചുമതല കുട്ടികൾക്കായിരിക്കും. മിക്കവാറും വീട്ടിലെല്ലാവരും പങ്കാളികളാകുന്ന ഒരു ചടങ്ങുകൂടിയായി നനച്ചുകുളി മാറുന്നു.
ചന്ദനത്തിരികൾ, പലതരം കല്ലുകൾ, പഴയ കല്യാണവസ്ത്രങ്ങൾ, ദസ്ബി മാലകൾ, പുതുതായി വരുന്ന ദുബായ് സാധനങ്ങളടക്കമുള്ളവ അക്കൂട്ടത്തിലുണ്ടാകും. അതുകൊണ്ട് നനച്ചുകുളി ദിവസം ബല്ലിമ്മാന്റെ തങ്കാരപ്പെട്ടികൾ തുറക്കുന്നതുകാണാൻ ഞങ്ങൾ കാത്തിരുന്നു.
ബല്ലിമ്മാന്റെ അറ എന്ന് ഞങ്ങൾ വിളിക്കുന്ന ഒരു മുറി ഞങ്ങളുടെ പഴയ വീട്ടിലുണ്ടായിരുന്നു. അതിലാണ് പ്രത്യേകമായുള്ള ഭക്ഷണസാധനങ്ങൾ സൂക്ഷിച്ചിരുന്നത്. പ്രത്യേകിച്ചും അന്ന് അപൂർവമായിരുന്ന ബേക്കറി പലഹാരങ്ങളും വല്ലപ്പോഴും പുറത്തുനിന്നെത്തുന്ന മിഠായികളും മറ്റും. അതുകൊണ്ട് അവ വൃത്തിയാക്കുന്ന ദിവസം ഞങ്ങൾ നോക്കിയിരിക്കും. സാധാരണ ദിവസങ്ങളിൽ ഞങ്ങൾ കുട്ടികൾക്ക് ആ അറയിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല. ഒരു പഴയ പത്തായവും സാധനങ്ങൾ നിരന്നിരിക്കുന്ന പഴയ കട്ടിലുമാണ് ആ മുറിയിലുണ്ടായിരുന്നത്. ഇങ്ങനെ കരുതലിൽ സാധനങ്ങൾ സൂക്ഷിച്ചുവെക്കുന്ന രീതിക്ക് തങ്കാരം എന്നാണ് പഴയ ഭാഷയിൽ പറഞ്ഞിരുന്നത്. ബല്ലിമ്മാന്റെ തങ്കാരങ്ങൾ കാണാൻ ഞങ്ങൾക്കെപ്പോഴും കൗതുകമായിരുന്നു, അതിൽ കഴിക്കാനുള്ളവ കിട്ടിയില്ലെങ്കിൽ പോലും. പല തുണികളിൽ കെട്ടിയും ടിന്നുകളിലാക്കിയും അലമാരക്കും കട്ടിലിനും ഇടയിൽ തിരുകിയും മറ്റും പലതരം വസ്തുക്കൾ അവിടെ കാണാം. ചന്ദനത്തിരികൾ, പലതരം കല്ലുകൾ, പഴയ കല്യാണവസ്ത്രങ്ങൾ, ദസ്ബി മാലകൾ, പുതുതായി വരുന്ന ദുബായ് സാധനങ്ങളടക്കമുള്ളവ അക്കൂട്ടത്തിലുണ്ടാകും. അതുകൊണ്ട് നനച്ചുകുളി ദിവസം ബല്ലിമ്മാന്റെ തങ്കാരപ്പെട്ടികൾ തുറക്കുന്നതുകാണാൻ ഞങ്ങൾ കാത്തിരുന്നു.
ഈ മുറി എപ്പോഴും ഇരുട്ടുനിറഞ്ഞതായിരുന്നു. ബല്ലിമ്മ കിടക്കാൻ ഈ മുറി ഉപയോഗിച്ചിരുന്നില്ല. ഇതിന് രണ്ട് വാതിലുകളുണ്ടായിരുന്നു. ഒന്ന് എപ്പോഴും പൂട്ടിക്കിടക്കും. അത് തുറക്കുന്നത് ഞങ്ങൾ ചരു എന്നുവിളിക്കുന്ന നീണ്ട ഒരു മുറിയിലേക്കാണ്. പ്രസവങ്ങളെല്ലാം പണ്ട് ഈ ചരുവിൽ വച്ചാണ് നടന്നിരുന്നത്. ചരുവിന് വലിയ ഓവും വെള്ളം പുറത്തേക്ക് ഒഴുകാനുള്ള വലിയ ദ്വാരങ്ങളും ഉണ്ടായിരുന്നു. അതുകൊണ്ടാകും അതിൽ വലിയൊരു പത്തായം മാത്രമാണ് ഉണ്ടായിരുന്നത്. ആരും കിടക്കാനായി അത് ഉപയോഗിച്ചിരുന്നുമില്ല. ചരുവിൽനിന്ന് പുറത്തേക്കുള്ള വാതിൽ തുറന്നാൽ നല്ല വെളിച്ചം കിട്ടും. കുറെ ആളുകൾ വരുന്ന ദിവസങ്ങളിൽ സ്ത്രീകൾ അവിടെ കൂടിയിരുന്ന് സംസാരിക്കുകയും തല നോക്കി പേനെടുക്കുകയും ചെയ്യുന്നത് കാണാം. കരഞ്ഞുകൊണ്ട് പല ദിവസങ്ങളിൽ എനിക്കവിടെ ഉമ്മയുടെ തലനോക്കലിന് ഇരുന്നുകൊടുക്കേണ്ടിവന്നിട്ടുണ്ട്. ഇപ്പോഴാണെങ്കിൽ ആരെങ്കിലുമൊന്ന് തലയിൽ തലോടാനെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന കാലവുമായി. മകളുടെ തലയിലെ പേൻ ഇതുപോലെ നിർബന്ധപൂർവം പിടിച്ചിരുത്തി വാർന്നെടുക്കുമ്പോൾ എന്റെ ഇപ്പോഴത്തെ അവസ്ഥ അവളോട് പറയണമെന്നെനിക്ക് തോന്നാറുണ്ട്. പക്ഷ, അതൊരിക്കലും അവൾക്ക് പറഞ്ഞുമനസ്സിലാക്കി കൊടുക്കാൻ എനിക്കാകില്ല. അതുകൊണ്ട് അവളും ചിണുങ്ങിയും പിറുപിറുത്തും എന്റെ മുന്നിലിരിക്കും. ഞാൻ കർക്കശക്കാരിയായ ഉമ്മയായി പതിവുപോലെ പേനെടുക്കുകയും ചെയ്യും. അനുജത്തി വീട്ടിൽ വരുമ്പോൾ ഉമ്മാന്റെ ഒരു പ്രധാന വിനോദം ഇപ്പോഴും അവളുടെ തല നോക്കലാണ്. കണ്ണ് ശരിക്ക് പിടിക്കാത്തതിനാൽ തപ്പി തപ്പി ഉമ്മ ഈരുകളെ വലിച്ചെടുക്കും. അവൾ പലപ്പോഴും ഉമ്മാന്റെ കാലിൻ ചോട്ടിലിരുന്ന് ഉറങ്ങിപ്പോകും. മുടി കുറവായതിനാലും പേനുകൾ അധികം വസിക്കാൻ തയാറാകാത്തതിനാലും ഉമ്മ എപ്പോഴും കൂടെയുണ്ടായിട്ടും എനിക്കാ ഭാഗ്യമുണ്ടായില്ല.
വീടിന്റെ പിൻഭാഗത്താണ് ഈ ചരുവും സ്ത്രീകളുടെ ഇടവും ഉണ്ടായിരുന്നത്. അതിനപ്പുറം ഒരു അറയും (കിടപ്പുമുറി) സ്‌റ്റോർ റൂമും അപ്പുറത്ത് മേലകം എന്നു വിളിക്കുന്ന വലിയ ഹാളും കഴിഞ്ഞാണ് അടുക്കള. ഈ മേലകവും അധികവും സ്ത്രീകളുടെ സ്‌പെയ്‌സ് ആയിരുന്നു. അവിടെ ഒരു സിമൻറ് തിണ്ണ വീതിയിലുണ്ടായിരുന്നു. ഇരിപ്പിടമായും നിസ്‌കരിക്കുന്ന ഇടമായും അത് അന്ന് ഉപയോഗിച്ചിരുന്നു. അതിനടുത്തായി കുറെക്കാലം ഉരലു വെക്കുന്ന ഒരു തളമുണ്ടായിരുന്നു. പിന്നീട് വീടിന്റെ പരിഷ്‌കാരങ്ങളിൽ ആദ്യം ഇല്ലാതായത് ഈ ഉരലാണ്. ആദ്യം ഉരലും പിന്നീട് തളം തന്നെയും നികത്തപ്പെട്ടു. മേലകത്തും ഇടനാഴിയിലും നീളത്തിൽ പായ വിരിച്ചാണ് ഞങ്ങൾ കുട്ടികളെല്ലാവരും കിടന്നിരുന്നത്. മേലകത്തുനിന്നാണ് മുകളിലേക്കുള്ള കോണി ആദ്യം ഉണ്ടായിരുന്നത്. കോണി കയറിയെത്തുന്ന ഒരു ചെറിയ മുറി കടന്നുവേണം കിടപ്പുമുറികളിലേക്കെത്താൻ. ഇരുട്ടു നിറഞ്ഞ ഈ മുറി കടന്നുപോകാൻ എപ്പോഴും എനിക്ക് പേടിയായിരുന്നു. അവിടെനിന്ന് ഒരോട്ടത്തിനാണ് പലപ്പോഴും നീണ്ട ഇടനാഴിയിലേക്ക് കയറുക. ഒരിക്കലും തുറന്നുകാണാത്ത ആ മുറിയിലെ ജനലുകളെല്ലാം നനച്ചുകുളിക്കാണ് തുറന്ന് പൊടി തട്ടി കഴുകുക. എപ്പോഴും അടഞ്ഞുകിടന്ന് കറുപ്പുനിറം കയറിയ അതിന്റെ ചുമരുകൾ എന്നെ പേടിപ്പിക്കുന്ന വലിയ ഘടകമായിരുന്നു. ആ മുറിയുടെ തുറന്ന മുകൾഭാഗവും ഞങ്ങളുടെ ഓട്ടത്തിന് വേഗത കൂട്ടിയിട്ടുണ്ട്. പിൽക്കാലത്ത് എല്ലാ അമ്മാവന്മാർക്കും പ്രത്യേകം മുറികളുണ്ടാക്കി വീട് പരിഷ്‌കരിച്ചപ്പോൾ ഇത് ഭംഗിയുള്ള ഒരു അറയായി മാറി. എങ്കിലും മുറിയെ സംബന്ധിച്ച് പഴയ പേടി അതിന്റെ അന്തരീക്ഷം പോലെ വിട്ടുമാറാതെ നിന്നു.
പഴയ കാലത്തെ എന്റെ കൗതുകകരമായ ഒരോർമ പരപ്പനങ്ങാടിയിലെ ഞങ്ങളുടെ വീട്ടിൽ അടുക്കള ജോലികളിൽ സ്ത്രീകളെ സഹായിച്ചും ശാസിച്ചും എപ്പോഴും അവരോടൊപ്പം നിന്നിരുന്ന അബോക്കരാക്കയാണ്.
കട്ടിലുകൾ പോലെ കിടക്കകളും കോസടികൾ എന്നു വിളിക്കുന്ന ചെറിയ പഞ്ഞിക്കിടക്കകളുമെല്ലാം വെയിലത്തിട്ട് ചൂടാക്കും. ഇത്തരം ജോലികളിലെല്ലാം എല്ലാവരും പങ്കെടുക്കുമെന്ന് പറയാറുണ്ടെങ്കിലും പ്രധാന ചുമതല പെണ്ണുങ്ങൾക്കു തന്നെയായിരിക്കും.
അതുപോലെ, പഴയ കാലത്തെ എന്റെ കൗതുകകരമായ ഒരോർമ പരപ്പനങ്ങാടിയിലെ ഞങ്ങളുടെ വീട്ടിൽ അടുക്കള ജോലികളിൽ സ്ത്രീകളെ സഹായിച്ചും ശാസിച്ചും എപ്പോഴും അവരോടൊപ്പം നിന്നിരുന്ന അബോക്കരാക്കയാണ്. അബൂബക്കർ എന്നാണ് ശരിയായ പേര്. അദ്ദേഹം വീട്ടിലെ കാര്യസ്ഥനായിരുന്നു എന്നുതോന്നുന്നു. വീട്ടിലേക്കുള്ള പീടിക സാമാനങ്ങൾ എത്തിച്ചിരുന്നത് അബോക്കരാക്കയാണ്. അതുകഴിഞ്ഞാൽ അടുക്കള ജോലികളിൽ അദ്ദേഹം വലിയ പങ്ക് വഹിക്കാറുണ്ട്. കറിക്കരിയുകയും വെള്ളം കോരി വെക്കുകയും വിറകെത്തിക്കുകയും ചെയ്യുന്നതിലെല്ലാം അബോക്കരാക്കയുണ്ടായിരുന്നു. മാത്രമല്ല, അദ്ദേഹം അടുക്കളിയിലുണ്ടാകുമ്പോൾ അടുക്കളയിലെ പെണ്ണുങ്ങളെയെല്ലാം എന്തെങ്കിലും തമാശകൾ പറഞ്ഞ് അദ്ദേഹം ചിരിപ്പിക്കുന്നതുകാണാം. വിരുന്നുകാരുണ്ടെങ്കിൽ അബോക്കരാക്കക്ക് പിന്നെ ഒരെഴിവുമുണ്ടാകില്ല. കോഴിയെ പിടിക്കുന്നതും അറക്കുന്നതുമെല്ലാം ആണുങ്ങളാവണമെന്നത് അക്കാലത്ത് നിർബന്ധവുമായിരുന്നു. പക്ഷെ, എന്റെ ഓർമയിൽ വളരെ ചെറിയ ഒരു കാലം മാത്രമേ അദ്ദേഹം ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം എങ്ങനെയാണ് മരിച്ചത് എന്നറിയില്ലെങ്കിലും പിന്നീടാരും അങ്ങനെ അടുക്കള ഭരണത്തിനുണ്ടായിരുന്നില്ല. ▮