ചിത്രീകരണം : ജാസില ലുലു

കല്യാണരാവിൽനിന്ന്​ പുതുകാലത്തേക്ക്​
​പാറിവരുന്ന പാട്ടുകൾ

​ഒരുകാലത്ത് മാപ്പിളമാരുടെ ഇടയിൽ / ഒരു പ്രദേശത്തുമാത്രം പ്രചാരത്തിലുണ്ടായിരുന്ന പാട്ടുകൾ മുഖ്യധാരാമാധ്യമങ്ങൾ കീഴടക്കിക്കൊണ്ട് എല്ലാവരും സ്വീകരിക്കുന്ന പാട്ടുകളായി മാറുന്നു. ഇവയോടൊപ്പം റാപ്പ് സംഗീതവും ചേർത്ത് പ്രയോഗിക്കുന്ന രീതിയും ഇന്ന് വ്യാപകമായി കാണാം.

മൈലാഞ്ചിക്കല്യാണവും കല്യാണരാവിലെ ആഘോഷങ്ങളുമെല്ലാം കല്യാണപ്പെണ്ണിന്റെ വീട്ടിൽ മാത്രം നടക്കുന്ന ചടങ്ങാണ് അധികവും. അപ്പോൾ കല്യാണച്ചെക്കന്റെ വീട്ടിൽ ആഘോഷങ്ങളൊന്നുമില്ലേ എന്ന സംശയമുണ്ടാവും അല്ലേ?

മലബാറിൽ ഞങ്ങൾക്ക് ആരുടേതായാലും, കല്യാണം വലിയ ആഘോഷം തന്നെയാണ്. കുറെ പണ്ട് പാട്ടുസംഘങ്ങളെത്തി പാട്ടു പാടാറുണ്ടായിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോൾ ചെക്കന്റെ വീട്ടിലായാലും കല്യാണരാവിൽ സ്‌റ്റേജ് പ്രോഗ്രാമുകളുണ്ടാവും. ചിലയിടത്ത് വലിയ ഓർക്കസ്ട്ര ടീം തന്നെ എത്താറുണ്ട്. അല്ലെങ്കിൽ കുറച്ച് മൈക്കും സ്പീക്കറും സംഘടിപ്പിച്ച് വീട്ടുകാരും സുഹൃത്തുക്കളും തന്നെ പരിപാടികൾ കൈകാര്യം ചെയ്യും. ഇനി, ഏത് ഓർക്കസ്ട്രയും വലിയ പാട്ടുകാരും വന്നാലും ആ വീട്ടിലെ കലാകാരികളെ /കലാകാരൻമാരെ സ്റ്റേജിലെത്തിക്കുന്ന പരിപാടി ഉറപ്പാക്കിയിരിക്കും. അതിൽ നഴ്‌സറി പാട്ടു മുതൽ മിണ്ടിത്തുടങ്ങുന്ന കുട്ടികളുടെ സിനിമാപാട്ടവതരണം വരെ ആഘോഷമാക്കും.

സാമ്പ്രദായികരീതിയിൽ മാപ്പിളപ്പാട്ടുകൾ ഇരുന്നുപാടി അവതരിപ്പിക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങളും ഇപ്പോൾ പല കല്യാണങ്ങൾക്കും കാണാം. അവർ പഴയ മാപ്പിളപ്പാട്ടുകൾ തന്നെയാണ്​ അവതരണത്തിന് തെരഞ്ഞെടുക്കുന്നത്​.

തലേദിവസം നൃത്താവതരണങ്ങളാവും അധികവും. ഒപ്പന പിറ്റേദിവസം പെണ്ണ് വന്നശേഷം അവതരിപ്പിക്കാൻ മാറ്റിവെക്കും. അന്നത്തെ ദിവസം ആഘോഷിക്കാനായി ഇത് കൂട്ടുകാർ തന്നെ സ്‌പോൺസർ ചെയ്യുന്ന രീതിയുമുണ്ട്. ഇങ്ങനെ പുതിയ സ്റ്റേജിനങ്ങൾ മാത്രം കണ്ടുശീലിച്ചിരുന്ന എനിക്ക് മലപ്പുറത്ത് ഭർതൃവീട്ടിലെത്തിയപ്പോഴാണ് അവിടെ പുതിയ പരിപാടികൾ കാണാൻ പറ്റിയത്. അത്രയൊന്നും തയ്യാറെടുപ്പുകളില്ലാതെതന്നെ കല്യാണരാവിൽ കല്യാണ ചെറുക്കന്റെ വീടിന്റെ പിറുകവശത്തെ മുറ്റത്ത് പെട്ടൊന്നൊരു കോൽക്കളി സംഘം പ്രത്യക്ഷപ്പെട്ടു. മുന്നറിയിപ്പും അരങ്ങൊരുക്കലും ഇല്ലാതിരുന്നതുകൊണ്ടുതന്നെ പലരും വിവരമറിഞ്ഞില്ല. എങ്കിലും കുറേപ്പേർ കൂടിനിൽക്കുന്നതുകണ്ടാണ് പോയി നോക്കിയത്. അപ്പോൾ അധികവും വെള്ളവസ്ത്രങ്ങൾ ധരിച്ച ഒരു ആൺസംഘം കോൽക്കളി തുടങ്ങിക്കഴിഞ്ഞിരുന്നു. വീട്ടിൽ ഇലക്​ട്രിക്​ ജോലി ചെയ്യാൻ വരുന്ന അവുള്ള കുട്ടികാക്ക, വെപ്പു (പാചകം) പണിക്ക് വരുന്നവർ, നാടൻ ജോലി ചെയ്യുന്നവർ, വിദ്യാർഥികൾ... എല്ലാ തരക്കാരും അതിലുണ്ടായിരുന്നു. ചടുല താളത്തോടെ വളരെ സങ്കീർണമായ ചുവടുകളും സ്ഥാനങ്ങൾ മാറുന്ന രീതിയുമെല്ലാം അതിലുണ്ടായിരുന്നു. എത്രയോ കാലങ്ങൾ സ്‌റ്റേജിൽ കണ്ട കോൽക്കളിയേക്കാൾ എനിക്കത് രസകരമായി തോന്നി.

മാപ്പിള കലകളെക്കുറിച്ച് ഗവേഷണം നടത്തിയാലോ എന്നാലോചിക്കുന്ന കാലത്താണ് പിന്നീട് ഞാനീ നൃത്തസംഘത്തെ അന്വേഷിച്ചത്. എല്ലാവരും മമ്പുറം പരിസരത്തുള്ളവർ. അവള്ളക്കുട്ടി കാക്കാനോട് പറഞ്ഞപ്പോൾ ഒരു ദിവസം വീട്ടിൽ അതിന്റെ അവതരണം സംഘടിപ്പിക്കാമെന്നേറ്റു. അങ്ങനെ എനിക്കുമാത്രമായി ഒരു കോൽക്കളി അവിടെ അരങ്ങേറി. അത് സ്‌റ്റേജിൽ കാണുന്നതുപോലെ, ഒരേ പോലെ വേഷമൊന്നും ധരിച്ചായിരുന്നില്ല. ആ അവതരണം തന്നെയായിരുന്നു ഏറെ ആകർഷകം. വളരെ പതിഞ്ഞ താളത്തിലാണ് തുടങ്ങുക. അതിൽ തമാശപ്പാട്ടുകൾ വരെ ഉണ്ടാകും.

മമ്മദ് കാക്കന്റെ കൊമ്പൻ മീശ കണ്ട് പേടിച്ച് അള്ളോ ബീടര് പാത്തുമ്മാമ
എന്ന വരികളൊക്കെ അവതരിപ്പിക്കുമ്പോൾ ചെറിയ ചുവടുകളും പരസ്പരം സ്ഥാനം മാറുന്ന ജോഡികളും ഒക്കെയായിട്ടാണ് ഇതിന്റെ സ്റ്റെപ്പുകൾ വന്നത്. അവസാനഘട്ടമായപ്പോഴാണ് ഇത് ശരിക്കും ഒരു ആൺഅവതരണമായി മാറിയത്. അത്രയും ചടുലവും ഊർജസ്വലവുമായിരുന്നു അതിന്റെ നീക്കങ്ങൾ.

സാധാരണ സ്ത്രീകലാരൂപങ്ങളുടെ അവതരണത്തിന്റെ വ്യത്യാസം കാണിക്കാൻ മാത്രമാണിതെടുത്തു പറഞ്ഞത്. പെണ്ണുങ്ങൾ അവതരിപ്പിക്കുന്ന ഒപ്പനയിൽ വേഗത കൂടിയ ചുവടുകളുണ്ടെങ്കിലും അതിനേക്കാൾ വേഗതയേറിയതായിരുന്നു ഇതിന്റെ പാട്ടും ചുവടും താളവും. കല്യാണത്തലേന്ന് ചെറുക്കനെ ആവേശം കൊള്ളിക്കുക എന്നതുകൂടി ഈ കലാവതരണത്തിന്റെ ധർമമായി നാട്ടറിവ് പഠനങ്ങളിലെവിടെയോ വായിച്ചതായി ഓർക്കുന്നുണ്ട്. ഈ അവതരണത്തിനുശേഷം ബഷീർക്കയും ഞാനും അവർക്കൊരു ഭക്ഷണവും ഒരുക്കി. അതിനിടയ്ക്കാണ് അവർ അവരുടെ പരിശീലനങ്ങളെക്കുറിച്ച് പറഞ്ഞത്. പണ്ട് പലയിടത്തും കോൽക്കളി പരിശീലിപ്പിക്കുന്ന കേന്ദ്രങ്ങളുണ്ടായിരുന്നു. ചെറുപ്പം മുതലേ അവിടെനിന്ന് പരിശീലനം നേടിയവരാണ് പലരും. ആ പ്രദേശത്തെ ആദ്യത്തെ പരിശീലനകേന്ദ്രമായിരുന്ന ഇടമാണത്രെ പിന്നീട് മദ്രസയാക്കി മാറ്റിയത്. മലബാർ കലാപത്തെക്കുറിച്ചുള്ള പുസ്തകങ്ങളിലും ഇത്തരം കലാരൂപങ്ങൾ പരിശീലിപ്പിക്കുന്നതിനെക്കുറിച്ചുള്ള പരാമർശങ്ങൾ കാണാം. മാപ്പിളമാർക്ക് ഒത്തുചേരാനുള്ള ഇടങ്ങൾ കൂടിയായി അവരിതിനെ പ്രയോജനപ്പെടുത്തിയിരുന്നു. അതിലൂടെ ബ്രിട്ടീഷ് വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തിരുന്നതായി കെ.എൻ. പണിക്കർ, എം. ഗംഗാധരൻ തുടങ്ങിയവർ രേഖപ്പെടുത്തിയിട്ടുണ്ട്. പിന്നീടിവ കല്യാണവീടുകളിലേക്ക് ചുവടുമാറിയതാവാം.

മാപ്പിളപ്പാട്ടുകൾ പുതിയ സിനിമകളിലും ഏറെ ആകർഷകമായ ഒരു ഘടകമായി ഇടംപിടിച്ചിട്ടുണ്ടല്ലോ. ഈ ഇശലുകൾ എങ്ങനെ കാലത്തെ അതിജീവിച്ച് മുന്നേറുന്നു എന്നതിന്റെ സൂചന കൂടിയാണിത്.

നാട്ടിലുള്ള പാട്ടുസംഘങ്ങളെപ്പോലെ കലാസംഘങ്ങളും എല്ലാ നാടുകളിൽ നിന്നും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. പകരം, പുതിയ രീതിയിൽ പാട്ടുകൾ അവതരിപ്പിക്കുന്ന ഗാനമേളകളുണ്ടാകുന്നു. അതുപോലെ, സാമ്പ്രദായികരീതിയിൽ മാപ്പിളപ്പാട്ടുകൾ ഇരുന്നുപാടി അവതരിപ്പിക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങളും ഇപ്പോൾ പല കല്യാണങ്ങൾക്കും കാണാം. അവർ പഴയ മാപ്പിളപ്പാട്ടുകൾ തന്നെയാണ്​ അവതരണത്തിന് തെരഞ്ഞെടുക്കുന്നത്​. അവ പഴയ ഇശലുകളിൽ തന്നെ അവതരിപ്പിക്കുമ്പോഴും പുതിയ താളവും ആവർത്തനങ്ങളും നൽകി പുതിയ തലമുറയുടെ കൂടി സംഗീതാനുഭവമാക്കി മാറ്റാൻ ശ്രമിക്കുന്നതു കാണാം. അല്ലെങ്കിൽ സ്വന്തം താത്പര്യങ്ങളിലേക്ക് പാട്ടുകളെ വഴക്കിയെടുക്കുന്ന തലമുറ തന്നെയാണ് അതിന്റെ അവതരണവും നടത്തുന്നത്. മാപ്പിളപ്പാട്ടുകൾ പുതിയ സിനിമകളിലും ഏറെ ആകർഷകമായ ഒരു ഘടകമായി ഇടംപിടിച്ചിട്ടുണ്ടല്ലോ. ഈ ഇശലുകൾ എങ്ങനെ കാലത്തെ അതിജീവിച്ച് മുന്നേറുന്നു എന്നതിന്റെ സൂചന കൂടിയാണിത്.

ഒരുകാലത്ത് മാപ്പിളമാരുടെ ഇടയിൽ / ഒരു പ്രദേശത്തുമാത്രം പ്രചാരത്തിലുണ്ടായിരുന്ന പാട്ടുകൾ മുഖ്യധാരാമാധ്യമങ്ങൾ കീഴടക്കിക്കൊണ്ട് എല്ലാവരും സ്വീകരിക്കുന്ന പാട്ടുകളായി മാറുന്നു. ഒരുപടി കൂടി കടന്ന് ഇതവരെ ചുവടുവെപ്പിക്കുകയും, ഇതുതന്നെയാണ് ഞങ്ങൾക്കുവേണ്ടത് എന്ന് പറയുന്നപോലെ, വ്യാപകമായ രീതിയിൽ ഇശലുകൾക്ക് പ്രചാരം കിട്ടുകയും ചെയ്യുന്നതുകാണാം. ഇവയോടൊപ്പം റാപ്പ് സംഗീതവും ചേർത്ത് പ്രയോഗിക്കുന്ന രീതിയും ഇന്ന് വ്യാപകമായി കാണാം. അതുകൊണ്ട് ഇവ മാപ്പിളപ്പാട്ടിന്റെ അതിരുകളെയല്ല ഭേദിക്കുന്നത്, നമ്മുടെ സംഗീതാസ്വാദനത്തിന്റെ തന്നെ അതിർത്തികൾ ഭേദിച്ച് നമ്മെ മുന്നോട്ടുകൊണ്ടുപോകുന്നതായാണ് എനിക്ക് അനുഭവപ്പെട്ടത്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments