ചിത്രീകരണം: ജാസില ലുലു

ചിക്കൻ പ്രധാന വിഭവമായ
​ഓണസദ്യ

നീളത്തിൽ ഇലയിട്ട് അവയുടെ ചിട്ടയനുസരിച്ച് ഓരോരുത്തരായി വന്നാണ് അവിടെ സദ്യ വിളമ്പുന്നത്. ആ ചിട്ടയിൽ ചിക്കന് എവിടെയാണാവോ സ്ഥാനം. എന്തായാലും ഒഴിച്ചുകൂട്ടാനായിട്ടല്ല, അറ്റത്ത് നിറയെ വിളമ്പുന്ന വിഭവങ്ങളോടൊപ്പമാണ് ചിക്കൻ വന്നത്.

ചിക്കൻ പ്രധാന വിഭവമായി വരുന്ന ഓണസദ്യ കഴിച്ചിട്ടുണ്ടോ? അത്രയും രുചിയുള്ള ചിക്കൻ വെച്ചതും ഞാൻ കഴിച്ചിരുന്നില്ല അതിനുമുമ്പ്.

ഓണവിഭവങ്ങൾക്കിടയ്ക്ക് അന്ന് പ്രതീക്ഷിക്കാതെ കിട്ടിയതുകൊണ്ടായിരിക്കാം അത്ര രുചിയായതും. കല്യാണി ഏടത്തിയുടെ വീട്ടിലാണ് ഞാൻ ആദ്യമായി ഓണസദ്യ കഴിച്ചത്. ആദ്യമായി എന്നല്ല, പതിവായി എന്നാണ് പറയേണ്ടത്. എല്ലാ ഓണത്തിനും വീട്ടിലുണ്ടെങ്കിൽ കല്യാണി ഏടത്തിയുടെ വീട്ടിലായിരിക്കും ഊണ്. അവിടെ ഇമ്മോളും സജിനിയും ഞങ്ങളോടൊപ്പം സ്‌കൂളിൽ വരുന്നവരാണ്. എല്ലാവർക്കും നീളത്തിൽ നിരത്തി ഇലയിട്ടിരിക്കും അവരുടെ ഇടനാഴിയിൽ. ഞങ്ങളുടെ വീട്ടിലെ കുട്ടികൾ ഇരുന്നാൽ തന്നെ ഒരു പന്തി നിറയും. വരാന്ത മുതൽക്കിങ്ങോട്ടുള്ളതുകൊണ്ട് കുറച്ചധികം പേർക്ക് ഇരിക്കാനാവും. റോഡുവക്കത്തായിരുന്നു ചേച്ചിയുടെ വീട്. അപ്പുട്ടേട്ടന് ആശാരിപ്പണിയാണ്. അദ്ദേഹം പണിതുകൊണ്ടിരിക്കുന്ന മരസാമാനങ്ങൾകൊണ്ട് എപ്പോഴും മുറ്റം നിറഞ്ഞിരിക്കും. പൂക്കളവും തൃക്കാക്കരയപ്പനെയുമെല്ലാം അവിടെ നിന്നാണാദ്യം പരിചയിച്ചത്. ഓണവിഭവങ്ങളിൽ അന്നെനിക്കേറ്റവും പ്രിയം സാമ്പാറിനോടായിരുന്നു. അതുകഴിഞ്ഞാൽ മമ്പയർ ചേർത്തുള്ള ഓലനും ഇഷ്ടമായിരുന്നു. ബാക്കിയുള്ള വിഭവങ്ങളിൽ പുളിയിഞ്ചിയും അച്ചാറും കഴിച്ചാലായി.

ചിരുതേടത്തി കരയുന്നപോലെ എന്ന് ഒരു ചൊല്ലുതന്നെ കുട്ടികൾക്കിടയിലുണ്ടായിരുന്നു. വല്ലിമ്മ മരിച്ചപ്പോഴും ചിരുതേടത്തി ഉറക്കെ കരഞ്ഞു. അതിനുപക്ഷെ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വല്ലിമ്മാന്റെ മയ്യത്ത് കാണാൻ ചിരുതേടത്തിക്ക് അനുവാദം കിട്ടിയില്ല.

നീളത്തിൽ ഇലയിട്ട് അവയുടെ ചിട്ടയനുസരിച്ച് ഓരോരുത്തരായി വന്നാണ് അവിടെ സദ്യ വിളമ്പുന്നത്. ആ ചിട്ടയിൽ ചിക്കന് എവിടെയാണാവോ സ്ഥാനം. എന്തായാലും ഒഴിച്ചുകൂട്ടാനായിട്ടല്ല, അറ്റത്ത് നിറയെ വിളമ്പുന്ന വിഭവങ്ങളോടൊപ്പമാണ് ചിക്കൻ വന്നത്. അതും കുഴമ്പുരൂപത്തിൽ നന്നായി കുറുകിയ കറിയോടൊപ്പം. അന്നൊക്കെ മിക്കവാറും അവരുടെ കൂട്ടിലെ ഏതെങ്കിലും (നിർ)ഭാഗ്യവതികളായ കോഴികൾ തന്നെയാവും. ഓണസദ്യയിൽ വരാൻ പറ്റിയതുകൊണ്ട് നിർഭാഗ്യവതി വിശേഷണം ആവശ്യമില്ല. വൈക്കം മുഹമ്മദ് ബഷീർ പറയാറ് നല്ല മസാല പുരട്ടി കഴിക്കുന്നതാണ് മീനിന് ഇഷ്ടം എന്നാണ്. കുട്ടികളാവുമ്പോ എല്ലാവർക്കും ഇതല്ലേ ഇഷ്ടമാവുക എന്ന് പറഞ്ഞാണ് കല്യാണി ഏടത്തി ചിക്കൻ വിളമ്പിയത്. സദ്യ കഴിക്കുക വലിയ ഇഷ്ടമായിരുന്നെങ്കിലും അതിൽ വിളമ്പുന്ന അധിക കൂട്ടാനുകളും ഞങ്ങൾ ബാക്കിയാക്കാറുണ്ട്. അത്രയധികം വിഭവങ്ങൾ ചേർത്ത് എങ്ങനെ ഊണ് കഴിക്കും എന്നതുകൊണ്ടാവാം. അതുകൊണ്ട് ഇഷ്ടപ്പെട്ട ഒന്നുരണ്ട് കറികൾ കൂട്ടി കഴിക്കുകയും ബാക്കി ഇലയിൽ ഉപേക്ഷിക്കുകയും ചെയ്യും. അവിടുത്തെ വിളമ്പുരീതിയും ആഘോഷങ്ങളുമെല്ലാം കാണാനായിരുന്നു ഏറ്റവും കൗതുകം. ഒരിക്കൽ ചോറിട്ടു കഴിച്ചുകഴിഞ്ഞാൽ അവർ നിർബന്ധിച്ച് ഒരിക്കൽക്കൂടി കുറച്ചെങ്കിലും ചോറിടും. അതുകൊണ്ട് വയറ് അമിതമായി നിറഞ്ഞ് നിലത്തുനിന്ന് എഴുന്നേൽക്കാൻ പ്രയാസപ്പെടാറുണ്ട്.

ഞങ്ങൾ സ്‌കൂളിലേക്ക് പോകുന്ന വഴിയിൽ ഇടവഴിയോടുചേർന്നാണ് കല്യാണി ഏടത്തിയുടെ വീട്. റോഡിലേക്ക് കയറുന്നത് അവരുടെ മുറ്റത്തുകൂടിയായിരുന്നു. ഓണപ്പൂക്കളം ഇട്ടുതുടങ്ങുമ്പോഴേ അവർ ഓണദിവസം വീട്ടിലേക്ക് വരുന്ന കാര്യം ഓർമിപ്പിക്കും. ഞങ്ങൾക്കും ഉറപ്പുള്ള ഒരു ഓണസദ്യയാണത്. നാല് പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും ഉള്ള വലിയൊരു കുടുംബമായിരുന്നു കല്യാണി ഏടത്തിയുടേത്. സരസ്വതി ചേച്ചിയുടെയും സജിതയുടെയും കല്യാണം നേരത്തെ കഴിഞ്ഞിരുന്നു. മൂത്ത മകൻ അദ്ദേഹത്തെ പണികളിൽ സഹായിച്ചിരുന്നു. ബാബുവാണ് എന്റെ അതേ ക്ലാസിൽ പഠിച്ചിരുന്ന കുട്ടി. അവനും പിന്നീട് ഈ തൊഴിൽ തന്നെ ചെയ്തുതുടങ്ങി. ജീവിതകാലം മുഴുവൻ പ്രണയിച്ചവരായിരുന്നു അപ്പുട്ടേട്ടനും കല്യാണി ഏടത്തിയും. ചില പ്രണയരംഗങ്ങളൊക്കെ സ്‌കൂളിലേക്ക് നടക്കുന്ന വഴിയിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. എപ്പോഴും ജോലിയായിരിക്കും കല്യാണി ഏടത്തിക്ക്. അരക്കലും ഇടിക്കലും അടക്കമുള്ള ജോലികളിൽ വ്യാപൃതയായിരിക്കുന്നതിനിടയ്ക്കാണ് ഇടയ്ക്ക് അപ്പുട്ടേട്ടൻ വന്ന് പ്രണയപ്രകടനങ്ങൾ നടത്തുക. അവരും അത് ആസ്വദിച്ചുകൊണ്ടുതന്നെ ഒന്ന് പോ മനുഷ്യാ എന്ന് തള്ളിമാറ്റും.

മരണാനന്തര ചടങ്ങുകളിലെല്ലാം പ്രത്യേകിച്ചും മതത്തിന്റെ സ്വാധീനം വലുതായി ഉണ്ടാവാറുണ്ട്. അക്കാലമാവുമ്പോഴേക്കും കുറെക്കൂടി പൗരോഹിത്യത്തിന് സ്വാധീനമുള്ള ഘട്ടത്തിലെത്തിയിരിക്കണം.

പിന്നെ ആ വീട്ടിൽ കണ്ട മറ്റൊരു പ്രത്യേകത എല്ലാവരും വേഗം കല്യാണം കഴി(പ്പി)ക്കും. പ്രത്യേകിച്ചും പെൺകുട്ടികൾ. അവിടുത്തെ ഏറ്റവും ചെറിയ അംഗം സജിനി ആയിരുന്നു. അവൾ എന്നെക്കാൾ എത്രയോ വയസ്സിന് ഇളപ്പമായിരുന്നു. എന്നിട്ടും എന്റെ സ്‌കൂൾപഠനം കഴിയുന്നതിനുമുമ്പേ അവളുടെ കല്യാണം കഴിഞ്ഞിരുന്നു. ഇത് ഓർക്കാൻ പ്രത്യേക കാരണമുണ്ട്. ആ കല്യാണം വിളിക്കാൻ കല്യാണി ഏടത്തി വീട്ടിൽ വന്ന ദിവസം ഉമ്മയും ഉപ്പയും തമ്മിൽ ആ പേരിൽ ഒരു വഴക്കും നടന്നു. അവൾ ചെറിയ കുട്ടിയല്ലേ എന്നോ മറ്റോ ഉപ്പ ചോദിച്ചപ്പോൾ പെൺകുട്ടികളുടെ കാര്യത്തിൽ അവർക്ക് ശ്രദ്ധയുണ്ട് എന്ന നിലയ്ക്ക് എന്തോ മറുപടി ഉമ്മ എന്റെ കാര്യം ഓർമിപ്പിച്ച് പറയുകയായിരുന്നു. പെൺകുട്ടികളെ സംബന്ധിച്ച് വിദ്യാഭ്യാസം കൊടുക്കലല്ല, വിവാഹം ചെയ്യിക്കലാണ് മാതാപിതാക്കളുടെ ഉത്തരവാദിത്തം എന്ന് എല്ലാവരും വിശ്വസിച്ചിരുന്നു.

പത്താം ക്ലാസിലെത്തിയപ്പോൾ ഒരു ദിവസം ഉപ്പ എന്നോട് പറഞ്ഞു എസ്.എസ്.എൽ.സി.യ്ക്ക് നല്ല മാർക്ക് വാങ്ങണം എന്നാൽ ടി.ടി.സി.യ്ക്ക് ചേരാം. ഇവിടുത്തെ കാര്യങ്ങൾ നിനക്കറിയാലോ എന്ന്. പെട്ടെന്ന് കല്യാണം കഴിക്കേണ്ടിവന്നാലും ഒരു ജോലി കിട്ടാൻ സാധ്യതയുള്ള കോഴ്‌സിന് എന്നെ ചേർക്കാനാണ് ഉപ്പ ആഗ്രഹിച്ചത്. ഞങ്ങളെ രണ്ടുപേരെയും നിരാശരാക്കിക്കൊണ്ടാണ് എന്റെ റിസൾട്ട് വന്നത്. അതുകൊണ്ടുമാത്രം പരപ്പനങ്ങാടിയിലെ എന്റെ ഉമ്മയുടെ വീട്ടിൽ നിന്ന് ആദ്യമായി ഒരു പെൺകുട്ടി കോളേജിന്റെ പടികയറി. പിന്നെ ആർക്കും സംശയിക്കേണ്ടിവന്നില്ല. സദ്യക്ക് വിളമ്പുന്ന വിഭവങ്ങൾ പോലെ ഓരോരുത്തരായി പടികയറിപ്പോയി.
പിന്നെ ഓണസദ്യ കഴിക്കാൻ പോയിരുന്ന വീട് ചിരുതേടത്തിയുടേതായിരുന്നു. അവിടെ ചിരുതേടത്തിയും അവരുടെ നടക്കാൻ വയ്യാത്ത അനുജത്തിയും അല്ലാതെ വലിയ അടുപ്പമുള്ള ആരും ഉണ്ടായിരുന്നില്ല. രാധാകൃഷ്‌ണേട്ടൻ എന്ന അവരുടെ മകനെല്ലാം അന്നേ ഒരു ഫാർമസിയിൽ ജോലിയെടുക്കുന്നയാളായിരുന്നു. നടക്കാൻ കഴിയാത്ത അനുജത്തി പക്ഷെ വീട്ടിലെ ജോലിയെല്ലാം ചെയ്യുമായിരുന്നു. അരക്കലും ഇടിക്കലും വരെ. അവരുടെ അമ്മി അതിനു പാകമാകുന്ന തരത്തിൽ താഴെയാണ് വച്ചിരുന്നത്. ചെറിയ പലക വെച്ച് അതിൽ കാൽമുട്ട് വെച്ചാണവർ അരയ്ക്കുക.

മതത്തിന്റെ കർക്കശ നിലപാടുകളെ മനുഷ്യബന്ധത്തിന്റെ തീവ്രതകൊണ്ട് തകർക്കാനാവും. ആ നിലയ്ക്ക് ചിരുതേടത്തിയുടെ കരച്ചിൽ ഞങ്ങൾക്ക് നവോത്ഥാനപാഠം തന്നെയായിരുന്നു.

ചിരുതേടത്തിയെക്കുറിച്ചുള്ള ഏറ്റവും പ്രബലമായ ഓർമ വല്ലിപ്പ മക്കത്തുനിന്ന് മരിച്ചു എന്നറിഞ്ഞ ദിവസം അവർ മുറ്റത്തു വന്നിരുന്ന് അലറിക്കരഞ്ഞതാണ്. അവർ കരയുമ്പോൾ രണ്ട് കൈകൊണ്ടും മാറത്തടിച്ച് സ്വയം വേദനിപ്പിക്കുകയും ചെയ്യും. പറങ്ങോടേട്ടൻ കച്ചറയുണ്ടാക്കുമ്പോൾ അവർ പലക കൊണ്ട് മാറത്തടിക്കാറുണ്ടെന്ന് വീട്ടിലുള്ളവർ പറഞ്ഞുകേട്ടിട്ടുണ്ട്. ചിരുതേടത്തി കരയുന്നപോലെ എന്ന് ഒരു ചൊല്ലുതന്നെ കുട്ടികൾക്കിടയിലുണ്ടായിരുന്നു.
വല്ലിമ്മ മരിച്ചപ്പോഴും ചിരുതേടത്തി ഉറക്കെ കരഞ്ഞു. അതിനുപക്ഷെ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വല്ലിമ്മാന്റെ മയ്യത്ത് കാണാൻ ചിരുതേടത്തിക്ക് അനുവാദം കിട്ടിയില്ല. മരണാനന്തര ചടങ്ങുകളിലും മറ്റുചില മതവിഷയങ്ങളിലും തീരുമാനമെടുക്കുന്നതിൽ പ്രധാനിയായി കുടുംബത്തിലുണ്ടായിരുന്ന വ്യക്തി പട്ടണത്തെ ബീവാതാത്ത എന്ന് വിളിക്കുന്ന കാരണവത്തിയായിരുന്നു. അവരാണ് മറ്റു മതസ്ഥരെ സ്ത്രീകളാണെങ്കിൽ പോലും മയ്യത്ത് കാണിക്കാൻ പാടില്ലെന്ന് ചട്ടം വെച്ചത്. എന്തായാലും അവരുടെ കരച്ചിൽ കാരണം അത് വലിയ ചർച്ചയായി. അതിലൊക്കെ ഇത്ര കാര്യായി നോക്കാനെന്താ ഉള്ളത്, ഒന്ന് കാണിച്ചുകൊടുത്താലെന്താ എന്നായിരുന്നു പൊതുവെ ഉയർന്ന അഭിപ്രായം. ജീവിച്ചിരുന്നപ്പോ വലിമ്മാനോടൊപ്പം എല്ലാ ജോലികൾക്കും കൂടെനിന്ന ചിരുതേടത്തിക്ക് അവരുടെ ബീവി മരിച്ചതോടെ അന്യയായി. തൊണ്ണൂറുകളിലാണ് വല്ലിമ്മ മരിച്ചത്. അതിനുമുമ്പായി മതപരമായ നിബന്ധനകളെ ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ല. അല്ലെങ്കിൽ അവ കർശനമായി പാലിക്കപ്പെടേണ്ടതാണെന്ന് ആരും കണക്കാക്കിയിരുന്നില്ല. മരണാനന്തര ചടങ്ങുകളിലെല്ലാം പ്രത്യേകിച്ചും മതത്തിന്റെ സ്വാധീനം വലുതായി ഉണ്ടാവാറുണ്ട്. അക്കാലമാവുമ്പോഴേക്കും കുറെക്കൂടി പൗരോഹിത്യത്തിന് സ്വാധീനമുള്ള ഘട്ടത്തിലെത്തിയിരിക്കണം. അതിനുമുമ്പ് കല്യാണമായാലും മരണാനന്തര ചടങ്ങുകളായാലും ഒരു പ്രദേശത്തുകാരുടെ ആയിരുന്നു നടത്തിപ്പ്. മയ്യത്ത് കുളിപ്പിക്കലും കഫൻ ചെയ്യലും കൃത്യമായി മതപരമായ ചിട്ടയിൽ നടത്തും. ഖുർആൻ ഓതാൻ പ്രത്യേകം മുസ്ല്യാക്കൻമാരെ വിളിക്കും. കൂടാതെ വീട്ടിലുള്ളവരും ഓതും.

ഇതല്ലാത്തിടത്തൊന്നും മതപരമായ ചിട്ടകളെക്കുറിച്ച് ആരും ഓർമിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ ചിരുതേടത്തിയുടെ പാഠം കൂടി തന്നു. മതത്തിന്റെ കർക്കശ നിലപാടുകളെ മനുഷ്യബന്ധത്തിന്റെ തീവ്രതകൊണ്ട് തകർക്കാനാവും എന്ന്. ആ നിലയ്ക്ക് ചിരുതേടത്തിയുടെ കരച്ചിൽ ഞങ്ങൾക്ക് നവോത്ഥാനപാഠം തന്നെയായിരുന്നു. മതത്തിന്റെ മതിലുകൾ എല്ലാത്തിനെയും ഞെക്കിഞെരുക്കിയപ്പോൾ ഒരു ലിബറൽ മനഃസ്ഥിതിക്കാർക്കും പൊളിക്കാൻ കഴിയാതിരുന്ന ആ മതിൽ ഇവരുടെ കരച്ചിലിലാണ് തകർന്നത്.

മുതിർന്നപ്പോൾ സ്‌കൂളിലെ കൂട്ടുകാരുടെ വീടുകളിലും ഇടയ്ക്ക് ഓണമുണ്ണാനുള്ള അനുവാദം കിട്ടിയിരുന്നു. എങ്കിലും അതിനേക്കാളും ഈ ഓർമകൾക്ക് രുചിയേറും. കാരണം, രണ്ട് വീട്ടിലെയും കുട്ടികളെല്ലാം എത്തുമ്പോൾ ഇതൊരു സമൂഹസദ്യ പോലെയായിരുന്നു. കൂട്ടുകാരുടെ വീടുകളിൽ ഞങ്ങൾ ഒറ്റയൊറ്റയും. ▮


ഷംഷാദ്​ ഹുസൈൻ കെ.ടി.

ഗവേഷക, എഴുത്തുകാരി. ശ്രീ ശങ്കരാചാര്യ സംസ്​കൃത സർവകലാശാല തിരൂർ പ്രാദേശിക കേന്ദ്രത്തിൽ മലയാള വിഭാഗത്തിൽ പ്രൊഫസർ. മലബാർ കലാപത്തി​ന്റെ വാമൊഴി പാരമ്പര്യം, ന്യൂനപക്ഷത്തിനും ലിംഗപദവിക്കും ഇടയിൽ, മുസ്​ലിമും സ്​ത്രീയും അല്ലാത്തവൾ, Arabic Malayalam linguistic cultural traditions of Mappila muslims of Kerala (എം.എച്ച്​. ഇല്യാസിനൊപ്പം) എന്നീ പുസ്​തകങ്ങൾ എഴുതിയിട്ടുണ്ട്​.

Comments