ഞങ്ങളുടെ കാമ്പസിൽ പ്രധാനമായും പി.ജി കോഴ്‌സുകളാണുള്ളത്. 20 വയസ്സ് കഴിഞ്ഞവരായതുകൊണ്ട് മിക്കവാറും കുട്ടികൾ വിവാഹത്തെ നേർക്കുനേരെ കണ്ട് കലഹങ്ങൾ നടത്തിവരുന്നവരാകും. ചിലരെല്ലാം പിടിച്ചുനിൽക്കും.
ഓരോ ബാച്ചിലും രണ്ടോ മൂന്നോ പേരെങ്കിലും കോഴ്‌സിനിടക്കുതന്നെ വിവാഹിതരാകാൻ നിർബന്ധിതരാവാറുണ്ട്. ‘നിർബന്ധിതർ’ എന്ന് കരുതിക്കൂട്ടി പ്രയോഗിച്ചതുതന്നെയാണ്. കോഴ്‌സ് തുടങ്ങുന്നതിനുമുമ്പ്, ഓറിയന്റേഷൻ ക്ലാസിൽ, കോഴ്സിനിടയ്ക്ക് വിവാഹം കഴിപ്പിക്കരുതെന്ന് ഞങ്ങൾ രക്ഷിതാക്കളോട് നിഷ്‌കർഷിക്കാറുണ്ട്. മക്കളെ വിവാഹം കഴിപ്പിച്ചയക്കുകയാണ് ബാധ്യത എന്ന കാഴ്ചപ്പാട് മാറേണ്ടതുണ്ടെന്നും പി.ജി കോഴ്‌സ് അത്രയും ഗൗരവപൂർവം കാണേണ്ടതായതിനാൽ അതിനുവേണ്ട എല്ലാ സപ്പോർട്ടും നൽകുകയാണ് രക്ഷിതാക്കളുടെ ബാധ്യതയെന്നും ഞങ്ങളവരെ ഓർമിപ്പിക്കാറുണ്ട്.
ഇപ്പോൾ കാണുന്ന ബാച്ചുകളിൽ വിവാഹിതരാകുന്നവർ വളരെ കുറവാണ്. മാത്രമല്ല, അവർ അതിന്റെ പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ട്, അതിനെതിരെ സംസാരിക്കാനും തുടങ്ങിയതായി കാണാം. വിവാഹിതരാകുന്നവരുടെ തോതും വളരെ കുറഞ്ഞതായി കാണാം.
എന്നിട്ടും വിവാഹിതരാവേണ്ടിവരുന്നവരുണ്ട്. അവരത് തീരെ ആഗ്രഹിക്കുന്നില്ല എന്നൊന്നുമല്ല പറഞ്ഞുവരുന്നത്. ചിലർ വളരെ കൂൾ ആയിത്തന്നെ പിന്നീട് പഠനം നിർവഹിച്ച സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. പലപ്പോഴും മറ്റു കുട്ടികളുടെ അത്രയും സമയം തങ്ങൾക്കില്ലെന്ന തിരിച്ചറിവിൽ അവർ മറ്റു കുട്ടികളേക്കാൾ മുമ്പെ ഇന്റേണലിന് തയാറെടുക്കുകയും പ്രബന്ധങ്ങൾ പൂർത്തിയാക്കുകയും ചെയ്യാറുണ്ട്. എന്നാൽ അധികം പേരും വിവാഹാഘോഷങ്ങൾ തീരുന്നതോടെ നേരെ പ്രശ്‌നങ്ങളിലേക്ക് വീഴുന്നവരാണ്. അവർക്ക് പഠിക്കാനും എഴുതാനും പുസ്തകം വായിക്കാനും വരെ മറ്റുള്ളവരുടെ സമയവും സൗകര്യവും നോക്കേണ്ടിവരുന്നു. അധികപേർക്കും വീടിന്റെ പൂർണചുമതല ഏറ്റെടുക്കേണ്ട അവസ്ഥയുമുണ്ടാകും. പിന്നീടവർ അതിരാവിലെ എണീറ്റാൽ പഠിക്കാനല്ല പോകുക, വീട്ടുജോലികൾ തീർക്കലാകും മുഖ്യ കടമ. ചിലർക്ക് അസുഖക്കാരായ മാതാപിതാക്കളെ നോക്കുന്ന ഡ്യൂട്ടി കൂടി ഉടനെ കിട്ടിയിരിക്കും. മര്യാദക്ക് ഭക്ഷണം പോലും ലഭിക്കാത്ത വീടുകളെക്കുറിച്ച് ചില വിദ്യാർഥികൾ സംസാരിച്ചതോർക്കുന്നു. ഇവരുടെ വീടുകളിൽ വലിയ സാമ്പത്തിക ബുദ്ധിമുട്ടൊന്നും ഇല്ലെങ്കിലും ഇതെല്ലാം പെൺകുട്ടികൾ നേരിടേണ്ടിവരാറുണ്ട്. അതോടുകൂടി വിവാഹത്തെക്കുറിച്ച് ഇവർ കണ്ട കാൽപ്പനിക സ്വപ്‌നങ്ങളെല്ലാം തകരുകയും വലിയ മാനസിക പ്രശ്‌നങ്ങളിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു.
ഒരിക്കൽ ഞങ്ങളുടെ രണ്ട് ബാച്ചുകളിലായി മൂന്ന് പെൺകുട്ടികൾ വിവാഹിതരായി. ആദ്യം വിവാഹിതരായ രണ്ടുപേരും നല്ല പ്രതിസന്ധിയിലായിരുന്നു. വർക്കുകൾ തീർക്കാനാകുന്നില്ല, വീട്ടിലെ ജോലിഭാരം ഇവയെക്കുറിച്ചെല്ലാം പരാതികൾ പറഞ്ഞു. അടുത്തത് വിവാഹത്തിന് തയാറെടുത്തത് ഒന്നാം റാങ്കുകാരിയാണ്. അവൾ ഭർത്താവിനൊടൊപ്പം ഞങ്ങൾ, അധ്യാപകരെ, കാണാൻ വന്നപ്പോൾ അദ്ദേഹത്തോട് ഞാൻ പറഞ്ഞു; ക്ലാസിലെ ഒന്നാം റാങ്കുകാരിയാണ്, ഗ്രേഡ് കുറഞ്ഞാൽ ഉത്തരവാദിത്തം നിങ്ങൾക്കുകൂടിയാണ്.
അത്രയധികം സംസാരിക്കാത്ത പ്രകൃതമാണെന്നുതോന്നുന്നു. അങ്ങനെയൊന്നും ഉണ്ടാകില്ലെന്നുമാത്രം മറുപടി പറഞ്ഞു. ഞങ്ങളുടെ വിദ്യാർഥിക്കായിരുന്നു അധികം ആത്മവിശ്വാസം. എല്ലാം താൻ ഭംഗിയായി പൂർത്തീകരിക്കുമെന്നവൾ ഉറപ്പുപറഞ്ഞു. അവൾക്ക് വീട്ടിൽ അത്രക്ക് ഭാരങ്ങളുണ്ടായില്ല. പക്ഷെ, കുറച്ചുകഴിഞ്ഞപ്പോൾ അത് മറ്റൊരു രൂപത്തിലാണവളെ ബാധിച്ചത്. അവൾ ഗർഭിണിയായി.
ഭർതൃവീട്ടിലേക്ക് പോകുന്ന പെൺകുട്ടിയോട് ത്യാഗത്തെക്കുറിച്ചല്ല പറയേണ്ടത്. വ്യക്തികളുടെ കടമകളെക്കുറിച്ചാണ്. ഭർത്താവിന്റെ വീട്ടിലേക്ക് കല്യാണം കഴിച്ചയക്കുക എന്ന ചടങ്ങും ഇനി അധികകാലം തുടരാനാകുമെന്ന് തോന്നുന്നില്ല.
ഇങ്ങനെ ഒന്നല്ലെങ്കിൽ മറ്റൊന്ന് എന്ന തരത്തിൽ വിവാഹിതരെല്ലാം കഷ്ടപ്പെട്ട് കോഴ്‌സുകൾ പൂർത്തിയാക്കി. ഒന്നാം റാങ്കുകാരി ഇവിടെ നിന്നിറങ്ങുമ്പോൾ പഠനത്തിൽ ഒന്നുമല്ലാത്തവളായി. കാമ്പസിന്റെ ഹരങ്ങളും സൗഹൃദങ്ങളും വരെ ഇവർക്ക് ത്യജിക്കേണ്ടിവരുന്നു. കാമ്പസിൽ ഒരു വിദ്യാർഥി എം.എ പഠനത്തിന്റെ ഭാഗമായി ചെയ്യുന്ന പ്രബന്ധം, ഞങ്ങളുടെ കാമ്പസിലെ വിവാഹിതകളായ പെൺകുട്ടികളെക്കുറിച്ചുതന്നെയായിരുന്നു. അവരിലാരും പഠനത്തിനിടയ്ക്ക് വിവാഹിതരാവുന്നതിനെ അനൂകൂലിച്ചില്ല. മാത്രമല്ല, വിവാഹശേഷം പഠനത്തിൽ നേരിടുന്ന ബുദ്ധിമുട്ടുകളാണ് അവരെല്ലാം എടുത്തു പറഞ്ഞത്.
ഇത്തരം മുൻകാല അനുഭവങ്ങളുള്ളതുകൊണ്ടാകാം ഇപ്പോൾ കാണുന്ന ബാച്ചുകളിൽ വിവാഹിതരാകുന്നവർ വളരെ കുറവാണ്. മാത്രമല്ല, അവർ അതിന്റെ പ്രശ്‌നങ്ങൾ മുൻകൂട്ടി കണ്ട്, അതിനെതിരെ സംസാരിക്കാനും തുടങ്ങിയതായി കാണാം. വിവാഹിതരാകുന്നവരുടെ തോതും വളരെ കുറഞ്ഞതായി കാണാം.
എന്തുകൊണ്ടായിരിക്കാം വീട്ടുജോലികൾ ഇപ്പോഴും സ്ത്രീകളുടേതുമാത്രമായി സമൂഹം കാണുന്നത്? ചിലർ പറയുന്നത്, ‘ഞങ്ങൾക്കിടയിൽ ഈ പ്രശ്‌നമില്ല, ഞാൻ ഭാര്യയെ സഹായിക്കാറുണ്ട്’ എന്നാണ്. പക്ഷെ, ഭാര്യ തിരിച്ച് ചോദിക്കും, ‘ഞാൻ ആരെയാണ് സഹായിക്കുന്നത്’ എന്ന്.
എന്തുകൊണ്ടാണ് വീട്ടുജോലികൾ പെണ്ണിന്റെ മാത്രം ഉത്തരവാദിത്തമാകുന്നത്? പുരുഷൻ സഹായി മാത്രമാവുന്നത്? ഒരുപോലെ വിശക്കുന്നെങ്കിൽ, ഭക്ഷണം കഴിക്കുന്നുണ്ടെങ്കിൽ അത് വീട്ടിലെല്ലാവരുടെയും ഉത്തരവാദിത്തമല്ലേ? വീട്ടിലെ ഓരോ വ്യക്തികളുടെയും പുറമെയുള്ള ജോലിഭാരവും പഠനഭാരവുമെല്ലാം കണക്കിലെടുത്ത് എല്ലാവരും സഹകരിച്ചല്ലേ ഇത് നിർവഹിക്കേണ്ടത്? വിദ്യാർഥികൾക്ക് വേണമെങ്കിൽ സഹായികളാവാം. അല്ലെങ്കിൽ അവരെ പൊതുജോലികളിൽനിന്ന് ഒഴിവാക്കാം. എന്തായാലും വീട്ടിലെ ജോലിഭാരവും ഉത്തരവാദിത്തങ്ങളും എല്ലാവരും അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇങ്ങനെ മാതൃകയാകുന്ന വീട്ടിൽനിന്ന് പോവുന്ന ഒരാൾക്കും മറ്റൊരു വീട്ടിൽ വേലക്കാരിയാകേണണ്ടിവരില്ല.
ഭർതൃവീട്ടിലേക്ക് പോകുന്ന പെൺകുട്ടിയോട് ത്യാഗത്തെക്കുറിച്ചല്ല പറയേണ്ടത്. വ്യക്തികളുടെ കടമകളെക്കുറിച്ചാണ്. ഭർത്താവിന്റെ വീട്ടിലേക്ക് കല്യാണം കഴിച്ചയക്കുക എന്ന ചടങ്ങും ഇനി അധികകാലം തുടരാനാകുമെന്ന് തോന്നുന്നില്ല. വിവാഹം കഴിപ്പിക്കുന്നതിനുപകരം വരുമാനമുള്ള ജോലി നേടാനോ അല്ലെങ്കിൽ എന്തെങ്കിലും ബിസിനസ് ചെയ്ത് സ്വന്തമായി ജീവിക്കാനോ കുട്ടികളെ പ്രാപ്തരാക്കേണ്ടതുണ്ട്.
എല്ലാ കല്യാണ ഒരുക്കങ്ങളും നടത്തി അച്ഛനെയും അമ്മയെയും വന്ന് ക്ഷണിക്കുന്ന മക്കൾ, അവരെ നന്നായി സന്തോഷിപ്പിക്കില്ല എന്നാരുകണ്ടു? കുറച്ചുപേരെങ്കിലും ആ നിലയിലേക്ക് എത്തിയിട്ടുണ്ട് എന്നതും സന്തോഷപ്രദമാണ്.
സ്വന്തമായി കല്യാണം കഴിക്കാനും നമ്മുടെ കുട്ടികൾ പഠിക്കണം, ആൺകുട്ടികളായാലും പെൺകുട്ടികളായാലും. ഇക്കാര്യത്തിൽ ആൺകുട്ടികളുടെ കാര്യമാണ് ഏറെ കഷ്ടം. അവർ എത്ര മുതിർന്നാലും അച്ഛനും അമ്മയും തന്നെ പെണ്ണ് കണ്ടുപിടിച്ച് കല്യാണം നടത്തിക്കൊടുക്കണം എന്നാണ് നമ്മുടെ സങ്കൽപം. പന്തലിടൽ മുതൽക്ക് വിവാഹ നടത്തിപ്പിന്റെ ഓരോ ഘട്ടവും അച്ഛനമ്മമാരുടെ ചുമതലയായി ഇപ്പോഴും കാണുന്നവരുണ്ട്.
ഇക്കാര്യത്തിലും നമ്മുടെ പുതിയ തലമുറ സ്വയം പര്യാപ്തരാകണം. എല്ലാ കല്യാണ ഒരുക്കങ്ങളും നടത്തി അച്ഛനെയും അമ്മയെയും വന്ന് ക്ഷണിക്കുന്ന മക്കൾ, അവരെ നന്നായി സന്തോഷിപ്പിക്കില്ല എന്നാരുകണ്ടു? കുറച്ചുപേരെങ്കിലും ആ നിലയിലേക്ക് എത്തിയിട്ടുണ്ട് എന്നതും സന്തോഷപ്രദമാണ്. ▮