ഹരീന്ദർ കൗർ ബിന്ദു / ഫോട്ടോ : കെ. സജിമോൻ

പാത്രം കഴുകുകയല്ല​, ഡ്രൈവിങ്​ പഠിക്കുകയാണ്​
ഗ്രാമീണ സ്​ത്രീ കർഷകർ

കർഷക സമരം പഞ്ചാബിലേതടക്കമുള്ള ഇന്ത്യൻ ​ഗ്രാമങ്ങളിലെ കാർഷിക സമൂഹങ്ങളിലുണ്ടാക്കിയ സ്​ത്രീപക്ഷ മുന്നേറ്റത്തിന്റെ പുറത്തുവരാത്ത അനുഭവമാണ്​ ഈ അഭിമുഖം. കാർഷിക സംഘടനകളുടെയും പ്ര​ക്ഷോഭങ്ങളുടെയും നേതൃത്വത്തിലേക്ക്​ സ്​ത്രീകൾ കടന്നുവന്നതും രാഷ്​ട്രീയതീരുമാനങ്ങളിൽ പങ്കാളികളാകുന്നതും കാർഷികവൃത്തിയിൽ പുരുഷനോടൊപ്പം ഇടപെടുന്നതുമായ അനുഭവം പങ്കിടുന്നു

രു വർഷമായി തുടർന്നുകൊണ്ടിരുന്ന ഐതിഹാസികമായ കർഷക സമരം വിജയകരമായി അവസാനിച്ചു. രാജ്യത്തെ ജനാധിപത്യമൂല്യങ്ങൾക്ക് ഒരു പുത്തനുണർവ്വാണ് സമരം നൽകിയത്. ഹിന്ദുത്വ ഫാസിസത്തിനെതിരെ ശക്തമായ പ്രതിരോധമാണ് സമരം സൃഷ്ടിച്ചത്. കോർപറേറ്റ് അനുകൂല നയങ്ങൾക്കുമുന്നിൽ കാർഷിക മേഖലയെ പൂർണമായി അടിയറവ് വെക്കുന്നതിനെ ചെറുക്കാൻ കർഷകർക്ക് കഴിഞ്ഞു. എഴുന്നൂറിലധികം കർഷകർ രക്തസാക്ഷികളായി. കാർഷിക നിയമങ്ങൾ പിൻവലിച്ചുകൊണ്ടുള്ള നിയമം പാർലമെന്റിൽ പാസ്സാക്കിയെങ്കിലും കർഷകർ സമരത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറായിരുന്നില്ല. മിനിമം താങ്ങുവില സംബന്ധിച്ചും, കർഷകർക്കെതിരായ കേസുകൾ സംബന്ധിച്ചും മരിച്ച കർഷകരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം സംബന്ധിച്ചും പാർലമെൻറിൽ പാസാക്കാനിരിക്കുന്ന വൈദ്യുത ബില്ല് സംബന്ധിച്ചും കേന്ദ്ര സർക്കാർ സമരത്തിന് അനുകൂലമായ നിലപാട് സ്വീകരിക്കാൻ തയ്യാറായ സാഹചര്യത്തിലാണ്​ സമരം പിൻവലിച്ചത്​. ഡിസംബർ 11ന് വിജയാഹ്ലാദ പ്രകടനങ്ങൾക്കുശേഷം സമരപ്രവർത്തകരായ കർഷകർ വീടുകളിലേക്ക് മടങ്ങും.

കർഷക സമരം, പുരുഷന്മാർക്കിടയിൽ വലിയ മാറ്റമുണ്ടാക്കി. എത്ര വലിയ സമ്മേളനമാണെങ്കിലും അവിടെ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യില്ലെന്ന് സമരത്തിനെത്തിയ സ്ത്രീകൾ ഉറപ്പിച്ചുപറഞ്ഞു. വസ്ത്രം കഴുകലും, പാത്രം കഴുകലും എല്ലാം പുരുഷന്മാരുടെ ജോലിയായിരിക്കും. സ്ത്രീകൾ സ്റ്റേജിൽ നടക്കുന്ന പ്രഭാഷണങ്ങളും മറ്റും കേൾക്കും.

പഞ്ചാബിലെ ഏറ്റവും ശക്തമായ കർഷക സംഘടനയാണ് ഭാരതീയ് കിസാൻ യൂണിയൻ ഏകതാ ഉഗ്രാഹാൻ. 2002ൽ രൂപീകരിക്കപ്പെട്ട ശേഷമുള്ള 18 വർഷങ്ങളിൽ കർഷകവിരുദ്ധ നയങ്ങൾക്കെതിരായ ശക്തമായ പ്രക്ഷോഭങ്ങളാണ് സംഘടനയുടെ നേതൃത്വത്തിൽ നടന്നത്. സമര നേതൃത്വത്തിലും പ്രവർത്തനങ്ങളിലും സ്ത്രീകളുടെ വലിയ തോതിലുള്ള പങ്കാളിത്തം ഉണ്ടാകുന്നതിൽ സംഘടന നിർണായക പങ്കാണ് വഹിച്ചത്. കാർഷിക മേഖലയിൽ ചെറുകിട കർഷകർക്കും ഭൂമിയില്ലാത്തവർക്കും അനുകൂലമായ രാഷ്ട്രീയവ്യവസ്ഥ രൂപപ്പെടുത്തിയെടുക്കാനാണ് സംഘടന ശ്രമിക്കുന്നത്. ടിക്രി ബോർഡറിലെ സമരപ്പന്തലിൽ വെച്ച് സംഘടനയുടെ നേതാക്കളിലൊരാളായ ഹരീന്ദർ കൗർ ബിന്ദുവുമായി നടത്തിയ അഭിമുഖം.

നീതു ദാസ്​: കർഷക സമരത്തിലെ ഏറ്റവും പ്രബലമായ ഒരു സംഘടനയാണല്ലോ ഭാരതീയ് കിസാൻ യൂണിയൻ ഏകതാ ഉഗ്രഹാൻ. കർഷകരുടെ പ്രശ്നങ്ങളിൽ എത്തരം ഇടപെടലുകളാണ് സംഘടന നടത്തിയിട്ടുള്ളത്?

ഹരീന്ദർ കൗർ ബിന്ദു: പഞ്ചാബിലെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന്​, കർഷക ആത്മഹത്യയും വായ്പ തിരിച്ചടക്കാൻ കഴിയാത്ത അവസ്ഥയുമാണ്. ഇത്തരം വിഷയങ്ങളിൽ വർഷങ്ങളായി സംഘടന സമരരംഗത്താണ്. പ്രത്യേകിച്ച് സ്ത്രീകളെ സംഘടിപ്പിക്കാൻ ഉഗ്രഹാൻ ഗ്രൂപ്പ് പരിശ്രമിച്ചിട്ടുണ്ട്. ഏറ്റവും അടിച്ചമർത്തലുകൾ നേരിടുന്ന വിഭാഗമാണ് സ്ത്രീകൾ. അവർക്കിടയിൽ അവബോധം ഉണ്ടാക്കാനും അവരെ പ്രവർത്തന സജ്ജരാക്കാനും സംഘടന ശ്രമിച്ചുവരുന്നു. പഞ്ചാബിലെ രണ്ടായിരത്തോളം ഗ്രാമങ്ങളിൽ പ്രവർത്തിക്കുന്ന ഉഗ്രാഹാൻ ഗ്രൂപ്പിന്റെ വനിതാ നേതാവാണ് ഞാൻ. അഞ്ച് ജില്ലകളിൽ കേന്ദ്രീകരിച്ചാണ് ആദ്യഘട്ടത്തിൽ സംഘടന പ്രവർത്തിച്ചിരുന്നത്. കർഷകരുടെ ആവശ്യങ്ങൾ ഉറക്കെ പറയാൻ തുടങ്ങിയശേഷം സംഘടന കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിച്ചുതുടങ്ങി. നിലവിൽ പഞ്ചാബിലെ തന്നെ വലിയൊരു സംഘടനയാണ് ഞങ്ങളുടേത്. സ്വന്തമായി ഭൂമിയില്ലാത്ത തൊഴിലാളികൾക്കിടയിലും ചെറുകിട കർഷകർക്കിടയിലുമാണ് സംഘടന പ്രവർത്തിക്കുന്നത്. സമരത്തിന്റെ ഓരോ ഘട്ടത്തിലും എല്ലാവരെയും ഒരുമിച്ച് നിർത്താനാണ് ഞങ്ങൾ ശ്രമിച്ചത്. ഗ്രാമങ്ങളിൽ ബി.ജെ.പിയെ പിന്തുണക്കുന്നവരുണ്ട്, സമരത്തിന്റെ കൂടെ നിൽക്കുന്നവർക്ക് തന്നെ പാടത്ത് കൊയ്ത്തും വിതയ്ക്കലും പോലുള്ള പണികൾ ചെയ്യാതിരിക്കാനും കഴിയില്ല. ഇതൊക്കെ കാരണം പലർക്കും സമരത്തിനെത്താൻ കഴിയാതെ വരുമായിരുന്നു. എന്നാൽ ഞങ്ങൾ ഇത്തരം പ്രശ്നങ്ങളെ ഏകോപനത്തിലൂടെ മറികടന്നു. അങ്ങനെ സമരത്തിനായി എത്തുന്നവരുടെ എണ്ണത്തിൽ കുറവുവരാതെ ശ്രദ്ധിച്ചു. ഗ്രാമങ്ങളിൽ കർഷകരും തൊഴിലാളികളും ചേർന്നു പ്രവർത്തിച്ചതുകൊണ്ടാണ് എല്ലാരെയും ചേർത്തുനിർത്താൻ പറ്റിയത്.

2021 ജനുവരി 26ന് ചെങ്കോട്ടയിൽ നടന്ന സംഭവങ്ങൾക്കുശേഷം അതിനെ കേന്ദ്രീകരിച്ച് വിവാദങ്ങളുണ്ടാക്കാനാണ് ബി.ജെ.പി ശ്രമിച്ചത്. അവർ ഹിന്ദുക്കളെയും മുസ്​ലിംകളെയും സിഖുകാ​രെയും ഭിന്നിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ അവർക്കതിന് കഴിഞ്ഞില്ല. ബി.ജെ.പിയുടെ ശ്രമങ്ങളെ ചെറുക്കുന്നതിന്​ പഞ്ചാബിൽ ഫെബ്രുവരി 21ന് കർഷകരുടെയും തൊഴിലാളികളുടെയും മഹാറാലി സംഘടിപ്പിച്ചു. രണ്ടര ലക്ഷത്തോളം പേർ പങ്കെടുത്തതിൽ 60,000 പേർ സ്ത്രീകളായിരുന്നു. അത് വളരെ വലിയ പരിപാടിയായിരുന്നു. അതിന് എല്ലാവരുടെയും പിന്തുണയുമുണ്ടായിരുന്നു. പിന്നീട് ആഗസ്തിൽ സംഘടിപ്പിച്ച അഞ്ച് ദിവസത്തെ ധർണയിലും രണ്ട് ലക്ഷത്തിലധികം പേർ പങ്കെടുത്തു. ഇതിനായി സമരത്തിന്റെ ആദ്യഘട്ടത്തിൽ ചെയ്തതുപോലെ ഞങ്ങൾ ഗ്രാമങ്ങളിൽ പ്രചാരണം നടത്തി. ഡൽഹിയിൽ നടക്കുന്നത് എല്ലാവരുടെയും പോരാട്ടമാണെന്ന് ഗ്രാമങ്ങളിലുള്ളവരെ ബോധ്യപ്പെടുത്തുകയും അവരെ സംഘടിപ്പിക്കുകയും ചെയ്തു. ധർണയിൽ 26,000 സ്ത്രീകളാണ് പങ്കെടുത്തത്. കൂടുതൽ സ്ത്രീകളെ സമരരംഗത്തേക്ക് എത്തിക്കുവാൻ ഇതിലൂടെ കഴിഞ്ഞു. ബി.ജെ.പി സർക്കാറിന്റെ കോർപറേറ്റ്​വൽക്കരണ നയങ്ങൾക്കെതിരെ പിന്നീട് നടന്ന പ്രക്ഷോഭങ്ങൾ അദാനിയുടേത് അടക്കമുള്ള കോർപറേറ്റ് കമ്പനികളുടെ ഓഫീസുകൾക്ക് മുന്നിലേക്കും ബി.ജെ.പി നേതാക്കളുടെ വീടുകൾക്കുമുന്നിലേക്കും റെയിൽവേ പാതകൾ, റിലയൻസ് പമ്പുകൾ, വലിയ മാളുകൾ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിച്ചു. ആ സമരങ്ങളിപ്പോഴും തുടരുന്നു. കൂടാതെ കശ്മീർ, സി.എ.എ നിയമം അടക്കമുള്ള വിഷയങ്ങളിലും ഞങ്ങൾ പ്രക്ഷോഭങ്ങൾ നടത്തിയിട്ടുണ്ട്.

പല തട്ടുകളിലുള്ള നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നുകഴിഞ്ഞു. സ്ത്രീകളോടുകൂടി അന്വേഷിച്ചുകൊണ്ടാണ് സംഘടന തീരുമാനങ്ങളെടുക്കുന്നത്. സംഘടനാ പ്രവർത്തനങ്ങൾക്കായി ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അവർ സഞ്ചരിക്കുന്നു. ഇതിനായി ഡ്രൈവിങ് പരിശീലനവും സ്ത്രീകളായ നേതാക്കൾ നേടി.

കർഷക സമരത്തിൽ വലിയ സ്ത്രീപങ്കാളിത്തമാണുണ്ടായത്​. സ്ത്രീകളുടെ സവിശേഷ പ്രശ്നങ്ങളിൽ താങ്കളുടെ സംഘടനയുടെ നിലപാട് എന്താണ്?

ഗ്രാമങ്ങളിലെ സ്ത്രീകൾക്ക് എഴുതാനും വായിക്കാനും അറിയില്ല, അവർ വീടുകളിലെ പണി ചെയ്ത് കുട്ടികളെ നോക്കി ജീവിച്ചാൽ മതിയെന്നാണ് പൊതുവിൽ കരുതുന്നത്. എനിക്ക് 30 വയസ്സുള്ളപ്പോൾ മുതൽ ഗ്രാമങ്ങളിലെ സ്ത്രീകൾക്കിടയിൽ പ്രവർത്തിച്ചുവരുന്നു. അവരെ ഒരുമിച്ചുചേർക്കാനും പിന്തുണക്കാനുമാണ് സംഘടന ശ്രമിച്ചിട്ടുള്ളത്. സ്ത്രീകൾക്ക് ഏറ്റവും പരിഗണന നൽകുന്ന ഒരു സംഘടനയാണ് ഞങ്ങളുടേത്. നിലവിൽ സ്ത്രീകൾ സംഘടനയിൽ അങ്ങനെയൊരു സ്ഥാനം നേടിക്കഴിഞ്ഞു. പല തട്ടുകളിലുള്ള നേതൃത്വത്തിലേക്ക് സ്ത്രീകൾ വന്നുകഴിഞ്ഞു. സ്ത്രീകളോടുകൂടി അന്വേഷിച്ചുകൊണ്ടാണ് സംഘടന തീരുമാനങ്ങളെടുക്കുന്നത്. സംഘടനാ പ്രവർത്തനങ്ങൾക്കായി ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് അവർ സഞ്ചരിക്കുന്നു. ഇതിനായി ഡ്രൈവിങ് പരിശീലനവും സ്ത്രീകളായ നേതാക്കൾ നേടി. പരിശീലനം നേടിക്കഴിഞ്ഞവർ മറ്റുള്ള സ്ത്രീകളെയും ഡ്രൈവിങ് പഠിപ്പിച്ചു. ടിക്രിയിലെ സമരപ്പന്തലിൽ ആഴ്ചയിൽ ഒരു ദിവസം സ്ത്രീകളുടേത് മാത്രമാണ്. സ്റ്റേജിൽ പരിപാടി സംഘടിപ്പിക്കുന്നതും സ്ത്രീകളാണ്. ഇതുവരെ നടന്ന സമരപരിപാടികളിലെല്ലാം വലിയ തോതിലാണ് സ്ത്രീകൾ പങ്കാളികളായത്. സ്ത്രീകൾ സംഘടിച്ചാണ് കർഷക സമരത്തിനെതിരെ സംസാരിച്ച ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ അറുപതിനായിരത്തോളം സ്ത്രീകളാണ് സമരപ്പന്തലുകളിലേക്ക് എത്തിച്ചേർന്നത്. കടുക് പൂവിന്റെ നിറമുള്ള ഷാളുകൾ അണിഞ്ഞുകൊണ്ടാണ് അവരിവിടെ നിറഞ്ഞത്.

ഹരീന്ദർ കൗർ ബിന്ദു

ഗ്രാമങ്ങളിലെ കാർഷിക മേഖലയിലെ സ്ത്രീകളുടെ അവസ്ഥയിൽ ഈ സമരം മാറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടോ?

ഭൂമി സ്വന്തമായി ഉള്ളവർക്കിടയിൽ സ്ത്രീകൾ കൃഷിയിടത്ത് ജോലി ചെയ്യില്ലെന്ന സംസ്‌കാരമാണ് പഞ്ചാബിൽ അടുത്തകാലത്ത്​ ഉണ്ടായി വന്നിട്ടുള്ളത്. അവിടെ മെഷീനുകളാണ് കൂടുതൽ ജോലിയും ചെയ്യുന്നത്. എന്നാൽ മുമ്പ് പഞ്ചാബിലെ സ്ത്രീകളും കൃഷിസ്ഥലത്ത് ജോലികൾ ചെയ്തിരുന്നു. കൊയ്യാനും, പരുത്തി നുള്ളാനും പച്ചക്കറി വിളവെടുക്കാനും അവരുണ്ടാകുമായിരുന്നു. പിന്നീട് അതില്ലാതായി. എന്നാൽ ഈ സമരം തുടങ്ങിയശേഷം, ചില സ്ത്രീകൾ അവരുടെ കൃഷിയിടങ്ങളിൽ ട്രാക്ടറുകൾ ഓടിക്കുക, ജലസേചനം തുടങ്ങിയ ജോലികൾ ചെയ്യാൻ തുടങ്ങി. മറ്റൊരു പ്രധാന കാര്യം സമരം, പുരുഷന്മാർക്കിടയിൽ ഉണ്ടാക്കിയ മാറ്റങ്ങളാണ്. എത്ര വലിയ സമ്മേളനമാണെങ്കിലും അവിടെ സ്ത്രീകൾ ഭക്ഷണം പാകം ചെയ്യില്ലെന്ന് സമരത്തിനെത്തിയ സ്ത്രീകൾ ഉറപ്പിച്ചുപറഞ്ഞു. പുരുഷന്മാർ തന്നെ ഭക്ഷണം വെക്കണം. വസ്ത്രം കഴുകലും, പാത്രം കഴുകലും എല്ലാം അവരുടെ തന്നെ ജോലിയായിരിക്കും. സ്ത്രീകൾ സ്റ്റേജിൽ നടക്കുന്ന പ്രഭാഷണങ്ങളും മറ്റും കേൾക്കും. വീട്ടിൽ ചെയ്യുന്ന ജോലികൾ തന്നെ ഇവിടെ വന്നും ചെയ്യുകയാണെങ്കിൽ പിന്നെ ചിന്തിക്കാനോ സ്വയം വികസിക്കാനോ ഉള്ള അവസരം സ്ത്രീകൾക്ക് കിട്ടില്ല. സമരപ്രവർത്തകരും നേതാക്കളുമായ ഞങ്ങളുടെ സഹോദരന്മാർ അക്കാര്യം അംഗീകരിച്ചു. സ്ത്രീകളുടെ പങ്കാളിത്തമില്ലെങ്കിൽ മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അവർക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം. സ്ത്രീകളായ നേതാക്കൾ ഇല്ലാത്ത ഗ്രാമങ്ങളിൽ പുരുഷന്മാരായ നേതാക്കളാണ് യോഗം കൂടി സ്ത്രീകളെ ഒരുമിച്ചുചേർക്കാൻ പ്രയത്നിക്കുന്നത്. അങ്ങനെ സ്ത്രീകൾ ഗ്രാമത്തിന്റെയും ബ്ലോക്കിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും കമ്മിറ്റികളിൽ ഭാഗമായി. പുരുഷന്മാർ ചെയ്യുന്നത് പോലെ തന്നെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവരും ജോലി ചെയ്യുന്നു. അതിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങൾ വനിതാ നേതാക്കൾ രാത്രിയിലും സഞ്ചരിക്കാറുണ്ട്.

കർഷകർക്കിടയിൽ മദ്യമടക്കമുള്ള ലഹരിപദാർത്ഥങ്ങളുടെ ഉപയോഗം കുറഞ്ഞതാണ് മറ്റൊരു കാര്യം. പുരുഷന്മാരുടെ മദ്യാസക്തി കാരണം കുടുംബത്തിനും കുട്ടികൾക്കും വേണ്ടി സ്ത്രീകൾ ഒരുപാട് കഷ്ടത അനുഭവിക്കുന്നുണ്ട്. സമരത്തിലേക്ക് വളരെയധികം സ്ത്രീകൾ എത്തിയതിനാൽ പുരുഷന്മാർ മദ്യപിക്കുന്നത് കുറഞ്ഞു. കാരണം ഗ്രാമത്തിലെ സ്ത്രീകൾക്ക് മുമ്പിൽ മദ്യപിക്കാൻ അവർ തയ്യാറാകില്ല. അത്തരത്തിലൊരു സംസ്‌കാരം ഇവിടെ ഉണ്ടായി വന്നു. വീടുകളിൽ സ്ത്രീകളെ ബുദ്ധിമുട്ടിക്കാറുള്ള പുരുഷന്മാരടക്കം, സ്ത്രീകളുടെ തീരുമാനങ്ങളെ അംഗീകരിക്കാൻ തുടങ്ങി. സ്ത്രീകളിലും മാറ്റങ്ങളുണ്ടായി. ടി.വി സീരിയൽ കണ്ടുകൊണ്ടിരുന്ന സ്ത്രീകൾ അത് നിർത്തി ഫോണിൽ സമരപരിപാടികൾ ശ്രദ്ധിക്കാൻ തുടങ്ങി. ലൈവായിട്ട് സമരങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്നറിയാൻ അവർ വളരെ തത്പരരാണ്. അവർക്കിടയിൽ രാഷ്ട്രീയ ബോധം ഉണ്ടായിവന്നു. വർഷങ്ങളായി ഞങ്ങൾ ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങളായിരുന്നു ഇവയൊക്കെ. സമരം തുടങ്ങി ഒരു വർഷം കൊണ്ടുതന്നെ വലിയ മാറ്റങ്ങളാണ് സമരപ്രവർത്തകർക്കിടയിൽ ഉണ്ടായത്. മറ്റൊരു കാര്യം, എല്ലാ മതത്തിലും പെട്ടവർ ഒരുമിച്ചു പ്രവർത്തിക്കുന്നു എന്നതാണ്.

കക്കൂസില്ലാത്ത വീടുകളിലെ സ്ത്രീകൾ പാടങ്ങളിലേക്ക് ഈ ആവശ്യത്തിനായി പോകുമ്പോൾ ഭൂവുടമസ്ഥർ അവരെ തടഞ്ഞ്​ വിസർജ്യം അവരുടെ മടിയിൽ ഇട്ടുകൊണ്ടു തിരിച്ചുപോകാൻ ആവശ്യപ്പെടും. ഇതിനെതിരായിട്ടൊക്കെ ഞങ്ങൾ സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

താങ്കൾ വളരെ ചെറിയ പ്രായത്തിൽ തന്നെ ഈ രംഗത്ത് പ്രവർത്തിക്കുന്ന ഒരാളാണല്ലോ. ഇത്രയും വർഷങ്ങളായി ഉണ്ടായ അനുഭവങ്ങൾ, പ്രത്യേകിച്ച് സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലെ അനുഭവങ്ങൾ പങ്കുവെക്കാമോ?

എനിക്കിപ്പോൾ 45 വയസ്സായി. എന്റെ അച്ഛൻ മേഘ്​രാജ്​ ഭഗ്​ട്വാന, ഭഗത് സിങ്ങിന്റെ നവ്ജവാൻ ഭാരത്​സഭയുടെ പ്രവർത്തകനായിരുന്നു. ഇന്ത്യക്ക് ലഭിച്ചെന്നുപറയുന്ന സ്വാതന്ത്ര്യം ഒരു മിഥ്യയാണെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. പിന്നീട് ഖാലിസ്ഥാൻ പ്രസ്ഥാനം പഞ്ചാബിൽ ശക്തി പ്രാപിച്ചു. അച്ഛൻ പൊലീസിനെതിരെയും ഖാലിസ്ഥാനികൾക്കെതിരെയും നിലപാടെടുത്ത വ്യക്തിയായിരുന്നു. 1991ൽ ഖാലിസ്ഥാനികളുടെ വെടിയുണ്ടയേറ്റാണ് അദ്ദേഹം മരിച്ചത്. അന്ന് പതിനെട്ടോളം പേരാണ് കൊല്ലപ്പെട്ടത്. അന്നെനിക്ക് 14 വയസ്സ് മാത്രമേ പ്രായമുള്ളൂ. അതിനു ശേഷം 30 വർഷമായി പൊതുപ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ് ഞാൻ. 2002ൽ ഭാരത് കിസാൻ യൂണിയൻ ഏകതാ ഉഗ്രഹാൻ സംഘടന രൂപീകരിച്ചതുമുതൽ അതിന്റെ പ്രവർത്തകയാണ്.

സ്‌കൂളിലായിരുന്നപ്പോൾ തൊട്ട് വിദ്യാർത്ഥി പ്രശ്നങ്ങളിൽ ഞാൻ സമരരംഗത്തുണ്ടായിരുന്നു. ഗ്രാമങ്ങളിൽ നിന്നുള്ള ബസുകളിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന വിഷയത്തിലും ഗ്രാമത്തിലെ മദ്യവിൽപനകേന്ദ്രം പൂട്ടിക്കുന്നതിനുള്ള സമരത്തിലും ഇടപെട്ടു. പിന്നെ തൊഴിലാളി പ്രശ്നങ്ങളിൽ ഇടപെടാൻ തുടങ്ങി. ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് സഞ്ചരിച്ച്, വീടുവീടാന്തരം കയറി, അവരുടെ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിച്ചു. പത്ത് വർഷമായി അവർക്കിടയിൽ പ്രവർത്തിക്കുന്നു. ആയിരക്കണക്കിന് ഏക്കർ ഭൂമിയുള്ള ഭൂവുടമസ്ഥർ തൊഴിലാളികളെ അടിച്ചമർത്തുകയും പലവിധ പീഡനം നടത്തുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. കക്കൂസില്ലാത്ത വീടുകളിലെ സ്ത്രീകൾ പാടങ്ങളിലേക്ക് ഈ ആവശ്യത്തിനായി പോകുമ്പോൾ ഭൂവുടമസ്ഥർ അവരെ തടയുകയും വിസർജ്യം അവരുടെ മടിയിൽ ഇട്ടുകൊണ്ടു തിരിച്ചുപോകാൻ ആവശ്യപ്പെടുകയും ചെയ്യും. സ്ത്രീകൾ ലൈംഗികാക്രമണത്തിനിരയാകുന്ന സംഭവങ്ങളുമുണ്ട്. ഇതിനെതിരായിട്ടൊക്കെ ഞങ്ങൾ സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഇവിടെയുള്ള സ്ത്രീകളുടെ കാര്യത്തിൽ മാത്രമല്ല, യു.പിയിലെ ഹാഥ്​റസിൽ പെൺകുട്ടി ലൈംഗികാക്രമണത്തിനിരയായപ്പോഴും കശ്മീരിലെയും മറ്റും മുസ്​ലിംകൾക്കെതിരെ നടക്കുന്ന പീഡനങ്ങൾക്കെതിരെയും ഞങ്ങൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.

നിരവധി കർഷകർ പഞ്ചാബിൽ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് സൂചിപ്പിച്ചല്ലോ, അവരുടെ വിധവകൾക്കിടയിൽ എന്തെങ്കിലും തരത്തിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടോ?

കർഷകരുടെ ആത്മഹത്യ സംബന്ധിച്ച വാർത്തകൾ പുറംലോകം അറിയില്ലായിരുന്നു. അതിനാൽ ഞങ്ങൾ മുൻകൈയ്യെടുത്ത് അത് റിപ്പോർട്ട് ചെയ്യാൻ തുടങ്ങി. അങ്ങനെ റിപ്പോർട്ട് ചെയ്യുമ്പോഴാണ് അത്രയും വിധവകൾ പഞ്ചാബിലുണ്ടെന്ന് മനസ്സിലാകുന്നത്. അവരെ ഒരുമിച്ച് നിർത്താനുള്ള ശ്രമങ്ങൾ പിന്നീട് നടത്തി. ബാടിൻഡാ ജില്ലയിലെ ഒരു ഗുരുദ്വാരയിൽ ഇവരെയെല്ലാവരെയും വിളിച്ചുചേർത്തു. അവരുടെ കൈയ്യിൽ മൂന്ന് ഫോട്ടോകളുണ്ടായിരുന്നു- ഭർത്താവിന്റെ, മകന്റെ, ചെറുമകന്റെ. എന്നുവെച്ചാൽ അവരുടെ ഭർത്താവും മകനും ചെറുമകനും ആത്മഹത്യ ചെയ്തതാണ്. ഞങ്ങൾ ഡൽഹിയിലെ പത്രപ്രവർത്തകരെയും ബുദ്ധിജീവികളെയും ബാടിൻഡയിലേക്ക് വിളിച്ചുവരുത്തി. വിധവകളായ സ്ത്രീകളെ അവർ നേരിട്ടുകണ്ടു. സ്ത്രീകൾ കരഞ്ഞുകൊണ്ട് അവരുടെ കഥകൾ പറഞ്ഞു. ഞങ്ങൾ അവരുടെ കഷ്ടതകൾ പുറംലോകത്തേക്ക് എത്തിക്കാനാണ് ശ്രമിച്ചത്. വിധവകൾക്കും അവരുടെ കുടുംബത്തിനും ജീവിക്കാൻ ജോലി തുടങ്ങിയ ആവശ്യങ്ങൾ ഞങ്ങൾ മുന്നോട്ടുവെച്ചു. ഈ വിഷയത്തിൽ 2014ൽ സമരം നടത്തി. ആത്മഹത്യ ചെയ്ത കർഷകരുടെ വിധവകൾക്ക് പത്ത് ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ജോലി നൽകണമെന്നും കടം എഴുതിത്തള്ളണമെന്നുമായിരുന്നു ആവശ്യം. ഒരാഴ്ച നീണ്ട സമരത്തിലൂടെ 48 വിധവകൾക്കായി 96 കോടി രൂപ നേടിക്കൊടുക്കാൻ കഴിഞ്ഞു. അതിലൂടെ ചില മാറ്റങ്ങളെങ്കിലും അവരുടെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബത്തിന് നിലവിൽ സർക്കാർ മൂന്നു ലക്ഷം രൂപ വീതം നൽകുന്നുണ്ട്. ഇപ്പോഴും ആത്മഹത്യ നടക്കുന്നുണ്ട്. എന്നാൽ സമരം തുടങ്ങിയശേഷം ആത്മഹത്യ കുറഞ്ഞു. കർഷകർക്കിടയിൽ ജീവിക്കാനുള്ള ഒരു പ്രതീക്ഷ വന്നിരിക്കുകയാണ്. അവരുടെ കടങ്ങൾ എഴുതിതള്ളപ്പെട്ടിട്ടില്ല, കാർഷിക രംഗം കൂടുതൽ ദുർബലമാവുകയാണ്. എങ്കിലും പ്രശ്നങ്ങളിൽ എല്ലാവരും ഒരുമിച്ച് നിന്ന് പൊരുതാൻ തുടങ്ങിയപ്പോൾ ജീവക്കാനുള്ള പ്രതീക്ഷ എല്ലാവരിലും ഉണ്ടായി എന്നതാണ് വാസ്തവം.

ബി.ജെ.പിയുടെ കോർപറേറ്റ് അനുകൂലനയങ്ങൾക്കെതിരെയാണല്ലോ കർഷകർ സമരം തുടങ്ങിയത്. ചെറുകിട കർഷകരുടെയും ഭൂമിയില്ലാത്ത കർഷകതൊഴിലാളികളുടെയും നിലവിലെ അവസ്ഥകളിൽ എന്തെങ്കിലും മാറ്റം സമരം മൂലം ഉണ്ടാകുമെന്ന്​ കരുതുന്നുണ്ടോ? കർഷക സമരത്തിന്റെ പശ്ചാത്തലത്തിൽ ഇവരുടെ പ്രശ്നങ്ങളെ എങ്ങനെയാണ് മനസ്സിലാക്കുന്നത്? എത്തരം ഇടപെടലുകളാണ് ഇനി ഇക്കാര്യത്തിൽ ആവശ്യം?

ഞങ്ങളുടെ സംഘടനയിൽ ചെറുകിട കർഷകരാണ് അംഗങ്ങളായുള്ളത്. അവരാണ് ഞങ്ങളുടെ ശക്തി. നൂറോ അതിലധികമോ ഏക്കർ ഭൂമി സ്വന്തമായുള്ള വൻകിട കർഷകർ ഗ്രാമങ്ങളിലുണ്ട്. എന്നാൽ അവർ ഞങ്ങളുടെ സംഘടനയുടെ ഭാഗമല്ല. അവരിൽ നിന്ന് പണം പോലും ഞങ്ങൾ സ്വീകരിക്കുന്നില്ല. അഞ്ച്​ ഏക്കർ വരെ ഭൂമിയുള്ള കർഷകരാണ് ഞങ്ങളുടെ സംഘടനയിൽ ഭൂരിപക്ഷവും. കോർപറേറ്റുകളും അവർക്കനുകൂലമായ സർക്കാർ നയങ്ങളുമാണ് കർഷകരുടെ ഇന്നത്തെ അവസ്ഥക്ക് കാരണമെന്ന് ഗ്രാമത്തിലുള്ളവരെ മനസ്സിലാക്കിക്കുവാനാണ് ഞങ്ങൾ ശ്രമിച്ചത്. ഈ പ്രശ്നങ്ങൾ ഏറ്റവും ഗുരുതരമായി ബാധിക്കുന്നത് ചെറുകിട കർഷകരെയും സ്വന്തമായി ഭൂമിയില്ലാത്ത തൊഴിലാളികളെയുമാണ്. കാരണം കോർപറേറ്റുകൾ കാർഷികമേഖലയിലേക്ക് കടന്നുവന്നാൽ പിന്നെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് അവർക്കറിയാം. രാവും പകലും പരിശ്രമിച്ചാലും ഇന്ന് മിച്ചം വെക്കാൻ ഞങ്ങളുടെ കൈയ്യിൽ ഒന്നുമില്ല. അവർ നമ്മളെ കൊള്ളയടിച്ചുകൊണ്ടിരിക്കുകയാണ്. ആരാണ് ശത്രുവെന്ന് കർഷകർ തിരിച്ചറിഞ്ഞുകഴിഞ്ഞു. ഞങ്ങൾ ആവശ്യപ്പെടുന്നത് ലോക വാണിജ്യ സംഘടനയിൽ നിന്ന് ഇന്ത്യ പുറത്തുകടക്കണമെന്നാണ്.

പഞ്ചാബിൽ ഭൂമിയുടെ വിതരണം അസന്തുലിതമായ രീതിയിലാണ്. ചെറുകിട കർഷകരാണ് കൂടുതലും, എന്നാൽ അവരുടെ കൈയ്യിൽ വളരെ കുറഞ്ഞ ഭൂമി മാത്രമേയുള്ളൂ. കുറച്ച് വൻകിട കർഷകരുടെ കൈയ്യിലാണ് ഭൂമി കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ പലവിധ കാരണങ്ങളാൽ ഞങ്ങളുടെ കൈയ്യിലുള്ള ഭൂമി കുറഞ്ഞുകൊണ്ടിരിക്കുകയാണ്. മോദി സർക്കാരിന്റെ കാർഷിക നിയമങ്ങൾ ഏറ്റവും മോശമായി ബാധിക്കുക ചെറുകിട കർഷകരെയും ഭൂമിയില്ലാത്തവരേയുമായിരിക്കും. എല്ലാവർക്കും സ്വന്തമായി ഭൂമി ലഭ്യമാകുന്ന തരത്തിൽ ഭൂമിയുടെ പുനർവിതരണം നടത്തുകയാണ് വേണ്ടത്. എല്ലാവർക്കും ഭൂമി ലഭിക്കുകയാണെങ്കിൽ പെൻഷൻ സ്വീകരിക്കേണ്ടതോ സർക്കാർ സംവിധാനങ്ങളിലൂടെ ധാന്യങ്ങൾ വിതരണം ചെയ്യേണ്ടതോ ആയ അവസ്ഥ വരില്ല. ആ ഭൂമിയിൽ ഞങ്ങൾ തന്നെ പണിയെടുത്തുകൊള്ളും. അത് രാജ്യത്തിനും പ്രദേശത്തിനും ഞങ്ങൾക്കും വികസനമുണ്ടാക്കും. ഈ നിയമം മുന്നോട്ടുവെക്കുന്നത് കോർപറേറ്റ് മോഡൽ വികസനമാണ്. വലിയ ഭൂവുടമകളുടെ കൈയ്യിലുള്ള ഭൂമി എല്ലാവർക്കുമായി വിതരണം ചെയ്തുകഴിഞ്ഞാൽ മാത്രമേ ഞങ്ങളുടെ വികസനം സഫലീകരിക്കാൻ കഴിയുകയുള്ളൂ. അതിനായുള്ള പോരാട്ടങ്ങൾ ഇനിയും തുടരുക തന്നെ ചെയ്യും. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഹരീന്ദർ കൗർ ബിന്ദു

കർഷക പ്രക്ഷോഭത്തിന്​ നേതൃത്വം കൊടുത്ത സംഘടനക​ളിലൊന്നായ പഞ്ചാബിലെ ഭാരതീയ കിസാൻ യൂണിയൻ (ഏകത- ഉഗ്രഹാൻ) വൈസ്​ പ്രസിഡൻറ്.

നീതു ദാസ്​

ജേണലിസ്റ്റ്, സമകാലീന വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു, പ്ലാച്ചിമട ജനകീയ സമരത്തെക്കുറിച്ച് ഫെല്ലോഷിപ്പ് പഠനം നടത്തുന്നു.

Comments