ഹാഥ്​റസിലെ കൊല: പെൺകുട്ടികളുടെ നിലവിളികൾ ഇനിയും തുടരും

ലൈംഗികാക്രമണ കേസുകളിൽ സ്ത്രീകൾക്ക് സമൂഹത്തിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ നീതിന്യായ സംവിധാനങ്ങളിൽ നിന്നോ പിന്തുണ ലഭിക്കാറില്ല. ആക്രമണത്തെ അതിജീവിക്കാൻ പെൺകുട്ടികളെ ശക്തമായി പിന്തുണയ്ക്കുന്ന സംവിധാനം ഇല്ലാത്തിടത്തോളം കാലം ഹാഥ്റസിലേതുപോലെ പെൺകുട്ടികൾക്ക് നീതിയ്ക്കുവേണ്ടി വീണ്ടും നിലവിളിക്കേണ്ടിവരും.

National Desk

‘എനിക്ക് നീതിവേണം... എനിക്ക് നീതി വേണം. ആദ്യം അയാളെന്നെ ആക്രമിച്ചു, ഇപ്പോൾ എന്റെ അച്ഛനെ വെടിവെച്ചുകൊന്നു. അയാൾ ഞങ്ങളുടെ ഗ്രാമത്തിലേക്ക് വന്നതായിരുന്നു. അവർ ആറേഴ് പേരുണ്ടായിരുന്നു. എന്റെ അച്ഛൻ ആർക്കും ഒരുദ്രോഹവും ചെയ്തിട്ടില്ല. അവന്റെ പേര് ഗൗരവ് ശർമ്മ എന്നാണ്'- തന്നെ ലൈംഗികമായി ആക്രമിച്ചയാൾ അതിനെതിരെ പരാതി നൽകിയ തന്റെ പിതാവിനെ വെടിവെച്ചുകൊന്നതിനു പിന്നാലെ നീതിയാവശ്യപ്പെട്ടുകൊണ്ടുള്ള ഹാഥ്​റസിലെ പെൺകുട്ടിയുടെ വാക്കുകളാണിത്.

ജനാധിപത്യം നിലനിൽക്കുന്ന, സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്കെതിരെ ശക്തമായ നിയമങ്ങൾ നിലനിൽക്കുന്നുണ്ട് എന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ തന്നെയാണ് ഇതുപോലെ പെൺകുട്ടികൾ നീതിക്ക്​ മുറവിളിക്കേണ്ടിവരുന്നത്. ഇന്ത്യയിൽ ഓരോ വർഷവും വർധിച്ചുവരുന്ന സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾ വിരൽചൂണ്ടുന്നത് ഭരണകൂടവും പൊലീസ് സംവിധാനവും നീതിന്യായ വ്യവസ്ഥ തന്നെയും എത്രമാത്രം സ്​ത്രീവിരുദ്ധമായി മാറിക്കൊണ്ടിരിക്കുന്നു എന്നതിലേക്കാണ്​.

കുപ്രസിദ്ധ യു.പി

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ പേരിൽ കുപ്രസിദ്ധമാണ് യു.പി. 2020 സെപ്റ്റംബറിൽ ഹാഥ്​റസിൽ 20 വയസുള്ള ദളിത് പെൺകുട്ടിയെ നാല് മേൽജാതിക്കാർ ചേർന്ന് ലൈംഗികമായി ആക്രമിക്കുകയും നാക്കുമുറിക്കുകയും നട്ടെല്ല് തകർക്കുകയും ചെയ്ത് കൊലപ്പെടുത്തിയതും മൃതദേഹം കുടുംബാംഗങ്ങളുടെ സമ്മതമില്ലാതെ പൊലീസിന്റെയും ഭരണകൂടത്തിന്റെയും മേൽനോട്ടത്തിൽ ചുട്ടുകരിക്കുകയും ചെയ്തത് രാജ്യമനഃസ്സാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു. സംഭവം വാർത്തയാകുകയും രാഷ്ട്രീയ പാർട്ടികളും പൗരാവകാശ സംഘടനകളും ശക്തമായ നിലപാടെടുക്കുകയും ചെയ്തതോടെ ഉത്തർപ്രദേശ് സർക്കാർ സി.ബി.ഐ അന്വേഷണത്തിന് വഴങ്ങി.

ഗൗരവ് ശർമ്മ
ഗൗരവ് ശർമ്മ

മൂന്നുമാസത്തെ അന്വേഷണത്തിനുശേഷം 2020 ഡിസംബറിൽ കുറ്റപത്രം സമർപ്പിച്ചു. താക്കൂർ വിഭാഗത്തിൽപ്പെട്ട സന്ദീപും അമ്മാവൻമാരായ രവി, രാമവും ലവകുശുമായിരുന്നു പ്രതികൾ. അന്ന് ഏറെ വിമർശനങ്ങൾക്കൊടുവിൽ വിഷയത്തിൽ ഇടപെട്ട യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേസ് അതിവേഗ കോടതിയിലേക്ക് മാറ്റുമെന്നും നടപടി ത്വരിതപ്പെടുത്തുമെന്നും ഉറപ്പുനൽകിയിരുന്നു. എന്നാൽ സംഭവം നടന്ന് അഞ്ച് മാസത്തിനിപ്പുറവും കേസ് അതിവേഗ തോടതിയിലെത്തിയിട്ടില്ല. പ്രതികൾ മൂന്നുപേരാകട്ടെ, ‘ഭുരഭിമാനക്കൊല ആകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല' എന്നു പറഞ്ഞ്​ജാമ്യത്തിന്​ കോടതിയെ സമീപിച്ചിരിക്കുകയുമാണ്. (ന്യൂസ് ലോണ്ട്രി റിപ്പോർട്ട്) ‘കേസിന്റെ പോക്ക് കണ്ടിട്ട് പേടിതോന്നുന്നു' എന്നാണ് പെൺകുട്ടിയുടെ അഭിഭാഷക തന്നെ പറയുന്നത്. പെൺകുട്ടിയുടെ പിതാവ് അംബരീഷ് ശർമ, ലൈംഗികാക്രമണക്കേസിലെ പ്രതിയായ ഗൗരവ് ശർമക്കെതിരെ 2018 ജൂലൈയിൽ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ഗൗരവ് ശർമയെ അറസ്റ്റുചെയ്ത് ജയിലിലടക്കുകയും ഒരു മാസത്തിനുശേഷം ജാമ്യത്തിലിറങ്ങുകയും ചെയ്തു.

ഇതോ​ടൊപ്പം, കേസ്​ അട്ടിമറിക്കാനുള്ള നീക്കങ്ങളും ഭരണകൂടം ചെയ്​തുകൊണ്ടിരുന്നു. ഫോറൻസിക് പരിശോധനയിൽ, പെൺകുട്ടിയിൽ നിന്നെടുത്ത സാമ്പിളിൽ പുരുഷബീജം കണ്ടെത്താനായില്ല എന്ന ന്യായം പറഞ്ഞ് ലൈംഗികാക്രമണം നടന്നിട്ടിലെന്ന്​ യു.പി സർക്കാർ നിരന്തരം വാദിച്ചുകൊണ്ടിരുന്നു. ഫോറൻസിക് പരിശോധനയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവന്നത് ജവഹർലാൽ മെഡിക്കൽ കോളേജിലെ ചീഫ് മെഡിക്കൽ ഓഫീസറാണ്. സംഭവം നടന്ന് 11 ദിവസത്തിനുശേഷം എടുത്ത സാമ്പിൾ പരിശോധനക്ക് ഒരു വിലയുമില്ലെന്ന് അവർ വ്യക്തമാക്കി. അതേസമയം, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചിപ്പിച്ച മുറിവുകളുടെ സ്വഭാവവും മറ്റും ജവഹർലാൽ മെഡിക്കൽ കോളജ് അധികൃതർ ചൂണ്ടിക്കാട്ടുകയും ചെയ്തു.

കേസ് പ്രതിരോധിക്കാൻ പ്രതികൾ കൂട്ടുപിടിക്കുന്നത് ‘ഇന്ത്യൻ സംസ്‌കാരത്തെ' ആണ്. ‘ഇന്ത്യൻ സംസ്‌കാരം അനുസരിച്ച് മരുമകന് അമ്മാവൻമാരുടെ സാന്നിധ്യത്തിൽ ഒരു സ്ത്രീയെ റേപ്പ് ചെയ്യാൻ സാധിക്കില്ല, പ്രത്യേകിച്ച് പകൽസമയത്ത്. തന്റെ ബന്ധുക്കൾ നോക്കിനിൽക്കെ, ‘നമ്മുടെ സംസ്‌കാരം’ അനുസരിച്ച്, ഒരു പുരുഷൻ സ്ത്രീയെ ബലാത്സംഗം ചെയ്യില്ല എന്നാണ് പ്രതികളുടെ അഭിഭാഷകൻ വാദിച്ചത്.

ഹാഥ്രസ് സംഭവത്തിൽ പ്രതികൾക്കുവേണ്ടി ബി.ജെ.പി നേതാവ് രാജ്‌വീർ സിങ് പഹൽവാൻ അടക്കമുള്ളവർ ഒത്തുകൂടിയപ്പോൾ
ഹാഥ്രസ് സംഭവത്തിൽ പ്രതികൾക്കുവേണ്ടി ബി.ജെ.പി നേതാവ് രാജ്‌വീർ സിങ് പഹൽവാൻ അടക്കമുള്ളവർ ഒത്തുകൂടിയപ്പോൾ

തനിക്കുനേരിടേണ്ടിവന്ന ആക്രമണത്തിനെതിരെ പ്രതികരിച്ച പെൺകുട്ടിയും കുടുംബവും ഭരണകൂട സംവിധാനങ്ങളുടെ ഒത്താശയോടെ തുടരെത്തുടരെ ആക്രമിക്കപ്പെടുന്നതാണ് 2017ലെ ഉന്നാവോ കേസിൽ കണ്ടത്. ബി.ജെ.പി എം.എൽ.എയായിരുന്ന കുൽദീപ് സെൻഗറും കൂട്ടരും ജോലിക്കാരന്റെ മകളെ റേപ്പ് ചെയ്യുകയായിരുന്നു. ഇതിനെതിരെ പെൺകുട്ടി പരാതിപ്പെട്ട ദേഷ്യത്തിൽ 2018 ഏപ്രിൽ അഞ്ചിന് ആ കുട്ടിയുടെ അച്ഛനെ എം.എൽ.എയുടെ അനിയനും കൂട്ടരും ചേർന്ന് ആക്രമിച്ചു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന് അവിടെയും ആക്രമണം നേരിടേണ്ടിവന്നു.

ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ നടന്ന വൈദ്യപരിശോധനയും അദ്ദേഹം നൽകിയ മൊഴിയും ആക്രമണത്തെ ശരിവെക്കുന്നതായിരുന്നു. എന്നാൽ പ്രതികൾക്കെതിരെ യാതൊരു നടപടിയുമുണ്ടായില്ല. തുടർന്ന് നീതിയാവശ്യപ്പെട്ട് യോഗി ആദിത്യനാഥിന്റെ വീടിനുമുമ്പിൽ ഈ പെൺകുട്ടി തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ഇതിനിടെ ചികിത്സയിലിരുന്ന പെൺകുട്ടിയുടെ അച്ഛനും മരിച്ചു. തുടർന്നുവന്ന പ്രതിഷേധങ്ങളെ തുടർന്നാണ് അന്വേഷണം സി.ബി.ഐയ്ക്കുവിട്ടതും പ്രതികൾ അറസ്റ്റിലായതും.

ഉന്നാവോ റേപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട കുൽദീപ് സെൻഗർ
ഉന്നാവോ റേപ്പ് കേസിൽ ശിക്ഷിക്കപ്പെട്ട കുൽദീപ് സെൻഗർ

കേസുമായി മുന്നോട്ടുപോകുന്ന തന്റെ ജീവന് ഭീഷണിയുണ്ടെന്ന് പെൺകുട്ടിയെ പലതവണ ആവശ്യപ്പെട്ടിട്ടും അവർക്ക് മതിയായ സുരക്ഷ ഭരണകൂടം ഒരുക്കിനൽകിയിരുന്നില്ല. അതിനുശേഷമാണ് പെൺകുട്ടിയും അഭിഭാഷകനും സഞ്ചരിച്ചിരുന്ന കാറിന് നേരെ നമ്പർ പ്ലേറ്റ് മറച്ച ഒരു ട്രക്ക് ഇടിച്ചതും അവർക്ക് പരിക്കേറ്റതും. ഈ ആക്രമണത്തിൽ കുടുംബത്തിലെ രണ്ടുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ആ ട്രക്ക് ഏതെന്നോ അക്രമി ആരെന്നോ ഇപ്പോഴും കണ്ടെത്തിയിട്ടില്ല. ഇനിയുമേറെയുണ്ട് ഹാഥ്​റസ്​എന്നും ഉന്നാവോയെന്നുമൊക്കെ അറിയപ്പെടുന്ന കേസുകൾ. പ്രാദേശിക മാധ്യമങ്ങളിൽ മാത്രം ഒതുങ്ങിപ്പോകുന്ന, കേസുപോലും രജിസ്റ്റർ ചെയ്യാതെ പോകുന്ന അറിയപ്പെടാത്ത സംഭവങ്ങൾ വേറെയും.

ആണധികാരത്തിന്റെ പ്രകടനം മാത്രമല്ല യു.പിയിലടക്കം ആവർത്തിക്കപ്പെടുന്ന ഇത്തരം ആക്രമണങ്ങൾ. ഭയവും അരക്ഷിതത്വവും സൃഷ്ടിച്ച് കീഴാളരെ ചൊൽപ്പടയിൽ നിർത്താനുള്ള ആയുധമാക്കിവരെ സ്ത്രീകൾക്കെതിരായ ലൈംഗികാക്രമണത്തെ ഉപയോഗിക്കുന്നതും അതിന് സവർണ ഭരണകൂടം കൂടപിടിക്കുന്നതുമാണ് യു.പിയിൽ കാണുന്നത്. ഹാഥ്​റസിൽ തെളിവുനശിപ്പിക്കുന്നതിന്​ മൃതദേഹം ചുട്ടുകരിക്കാൻ ചുക്കാൻ പിടിച്ചത് പൊലീസും ജില്ലാ ഭരണകൂടവും തന്നെയാണ്.

പെൺകുട്ടി ലൈംഗികാക്രമണത്തിന് ഇരയായെന്ന് കുടുംബം ആവർത്തിയ്ക്കുമ്പോഴും റേപ്പ് നടന്നിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞതും അവിടുത്തെ ജനപ്രതിനിധികളാണ്. ‘പകുതി മാധ്യമങ്ങളൊക്കെ ഇപ്പോൾ തന്നെ പോയി, ബാക്കിയുള്ളവർ നാളെപോകും, ഞങ്ങളേ ഇവിടെയുണ്ടാവൂ. ഇനി മൊഴിമാറ്റണോ വേണ്ടയോ എന്നത് നിങ്ങളുടെ തീരുമാനം' എന്നു പറഞ്ഞ് പെൺകുട്ടിയുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയ ജില്ല മജിസ്‌ട്രേറ്റിനെയും നമ്മൾ അവിടെ കണ്ടു. ഇങ്ങനെ പെൺകുട്ടിയെയും കുടുംബത്തെയും നിരന്തരം ആക്രമിക്കുന്ന ഭരണസംവിധാനങ്ങൾ നിലനിൽക്കുന്നിടത്തോളം ഇതുപോലുള്ള അക്രമങ്ങൾ വ്യാപകമാകും, പ്രതികൾ സുരക്ഷിതരായി വിഹരിക്കും എന്ന ആശങ്ക ഏറുകയാണ്​.

2019ലെ എൻ.സി.ആർ.ബി ഡാറ്റ പ്രകാരം സ്ത്രീകൾക്കെതിരായ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസുകൾ ഏറ്റവും രജിസ്റ്റർ ചെയ്തത് യു.പിയിലാണ്. 59,853 എണ്ണം. രാജസ്ഥാനും മഹാരാഷ്ട്രയുമാണ് തൊട്ടുപിന്നിൽ. കുട്ടികൾക്കെതിരായ ലൈംഗികാക്രമണക്കേസുകളും യു.പിയിൽ വളരെക്കൂടുതലാണ്.

ഭരണസംവിധാനം പ്രതികൾക്കൊപ്പം

നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റിയപ്പോൾ ഭരണകൂടം അവകാശപ്പെട്ടത് ഇന്ത്യയിൽ ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കുള്ള ശക്തമായ മുന്നറിയിപ്പായിരിക്കും ഇതെന്നാണ്. എന്നാൽ, ഇന്ത്യയിൽ ഇത്തരം ആക്രമണങ്ങൾ വർധിച്ചുവെന്നുമാത്രമല്ല, പ്രതികൾക്കുവേണ്ടി ഭരണസംവിധാനം വരെ നിലകൊള്ളുന്നതും പിന്നീട് കണ്ടു.

2018ലായിരുന്നു റോയിറ്റേഴ്‌സ് നടത്തിയ ഒരു സർവ്വേയിൽ ഇന്ത്യയെ സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും അപകടകരമായ രാജ്യം ആയി റാങ്ക് ചെയ്തത്. ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ 2019ലെ കണക്കുപ്രകാരം ഇന്ത്യയിൽ ഒരുദിവസം 87 ലൈംഗികാതിക്രമ കേസുകളാണ് റിപ്പോർട്ടു ചെയ്യപ്പെടുന്നത്. ആ വർഷം 4,05,861 കേസുകളാണ് സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടത്. 2018ലേതുമായി ചെയ്യുമ്പോൾ 7% കേസുകളാണ് അധികം റിപ്പോർട്ടു ചെയ്തത്. റിപ്പോർട്ടു ചെയ്യപ്പെടുന്ന കേസുകളുടെ മാത്രം കണക്കാണിത്. പലകാരണങ്ങൾകൊണ്ടും റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നവ ഇതിലേറെയാണ്.

റിപ്പോർട്ടു ചെയ്യപ്പെടുന്ന കേസുകളിൽ തന്നെ പ്രതികൾ ശിക്ഷിക്കപ്പെടുന്നുണ്ടോ? റേപ്പ് കേസുകളിലെ ശിക്ഷാ നിരക്ക് വളരെ കുറവാണെന്നാണ് എൻ.സി.ആർ.ബി കണക്ക്​ വ്യക്തമാക്കുന്നത്. 2018ലും 2019ലും ശിക്ഷിക്കപ്പെടുന്ന നിരക്ക് 30%ത്തിൽ താഴെയായിരുന്നു. അതായത് 100 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ വെറും 30 കേസുകളിൽപോലും കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നില്ല. റേപ്പ് കേസുകളിലെ കുറഞ്ഞ ശിക്ഷാ നിരക്ക് ചൂണ്ടിക്കാട്ടി 90% കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാറില്ലെന്ന ആശങ്ക സുപ്രീം കോടതി വരെ പങ്കുവച്ചിരുന്നു. ഇതേ കോടതി തന്നെ അതിനുമുമ്പിലെത്തുന്ന കേസുകളിൽ സ്വീകരിക്കുന്ന സമീപനങ്ങൾ കഴിഞ്ഞദിവസം കണ്ടതാണ്. അന്വേഷണത്തിലെ പിഴവ്, അതിവേഗ കോടതികളുടെ അഭാവം, പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മുതൽ ഫോറൻസിക് ലാബുകളുടെ കുറവുവരെ ശിക്ഷാനിരക്ക് കുറയാൻ കാരണമാകുന്നുണ്ട്.

പുരുഷാധിപത്യ സമൂഹത്തിന്റെ നോട്ടത്തിലൂടെ ഇത്തരം സംഭവങ്ങൾ നോക്കിക്കാണുന്ന അന്വേഷണ സംവിധാനങ്ങളും ഭരണകൂടവും കോടതിയും ബലാത്സംഗ കേസുകളിൽ പ്രതികൾക്ക് തുണയാവുന്നുണ്ട്. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലെ സ്ത്രീകളെ തന്നെ പ്രതിസ്ഥാനത്തുനിർത്തുന്ന മനോഭാവമാണ്​ നിയമസംവിധാനങ്ങൾക്കുള്ളത്.

ഹാഥ്രസ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ്

കത്തിച്ചപ്പോൾ
ഹാഥ്രസ് പെൺകുട്ടിയുടെ മൃതദേഹം പൊലീസ്

കത്തിച്ചപ്പോൾ

ഇന്ത്യയിലെ ലൈംഗികാക്രമണ കേസുകളിലെ നീതിനിർവഹണവുമായി ബന്ധപ്പെട്ട് ഹ്യൂമൺ റൈറ്റ്‌സ് വാച്ച് എന്ന എൻ.ജി.ഒ 2017ൽ ഒരു പഠനം നടത്തിയിരുന്നു. ‘എല്ലാവരും എന്നെയാണ് കുറ്റപ്പെടുത്തുന്നത്' എന്നു തുടങ്ങുന്ന തലക്കെട്ടിലുള്ള റിപ്പോർട്ടിൽ പറയുന്നത്, ലൈംഗികാക്രമണങ്ങൾക്കെതിരെ പ്രതികരിക്കുന്ന സ്ത്രീകൾക്ക് പൊലീസ് സ്റ്റേഷനുകളിൽ നിന്നും ആശുപത്രികളിൽ നിന്നും വരെ കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടിവരുന്നുവെന്നാണ്. എന്തിന് ‘അസമയത്ത്' പുറത്തിറങ്ങി? എന്തിന് ഇത്തരം വസ്ത്രങ്ങൾ ധരിക്കുന്നു? എന്തിന് തനിച്ച് യാത്ര ചെയ്യുന്നു? തുടങ്ങി പുരുഷകാഴ്ചയിൽ റേപ്പിനെ ന്യായീകരിക്കുന്ന അനേകം ചോദ്യങ്ങളിലൂടെയാണ് ആക്രമണത്തിന് ഇരയാവുന്ന ഓരോ പെൺകുട്ടിയും കടന്നുപോകേണ്ടിവരുന്നത്. കേസുമായി മുന്നോട്ടുപോയാൽ ‘പെണ്ണിനാണ് നഷ്ടം' എന്ന ഉപദേശങ്ങളും വധഭീഷണിയുമൊക്കെയുണ്ടാവും. ലൈംഗികാക്രമണങ്ങൾക്ക് ഇരയാവുന്ന പെൺകുട്ടികളോട് ഏതുരീതിയിൽ പെരുമാറണമെന്നും അവരെ എങ്ങനെ ചോദ്യം ചെയ്യണമെന്നതുമൊക്കെ സംബന്ധിച്ച് ശക്തമായ ചട്ടങ്ങളുണ്ടെങ്കിലും പലപ്പോഴും ഇതൊന്നും പാലിക്കപ്പെടാറില്ല.

യാഥാസ്​ഥിതികത പങ്കിടുന്ന ഭരണകൂടം

സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോകുന്നതിന് ഒരുപ്രധാന കാരണമാണ് ഇന്ത്യൻ സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ യാഥാസ്ഥിതികത. സ്ത്രീകളുടെ വിദ്യാഭ്യാസവും ജോലിയുമായും ബന്ധപ്പെട്ട സമൂഹത്തിലെ കാഴ്ചപ്പാടുകൾക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും അവരുടെ ‘ലൈംഗികത'യുമായി ബന്ധപ്പെട്ട കാര്യത്തിൽ പഴയ അവസ്ഥയിൽ തന്നെയാണ് ഇന്നും ഇന്ത്യൻ സമൂഹം. സ്ത്രീയുടെ ‘ചാരിത്ര്യ' ത്തെക്കുറിച്ച്​മതബോധവും കുടുംബവ്യവസ്​ഥയും യാഥാസ്​ഥിതിക പൊതുബോധവും മുന്നോട്ടുവെക്കുന്ന മഹത്വവത്കരണങ്ങളെ അതേപടി പിന്തുടരുന്നവയാണ്​ഭരണകൂടവും നീതിന്യായസംവിധാനങ്ങളുമെല്ലാം.

അതുകൊണ്ടുതന്നെ ഇതുപോലുള്ള കേസുകളിൽ നീതിയ്ക്കുവേണ്ടി പോരാടുന്ന സ്ത്രീകൾക്ക് സമൂഹത്തിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ നീതിന്യായ സംവിധാനങ്ങളിൽ നിന്നോ വലിയ തോതിലുള്ള പിന്തുണ ലഭിക്കാറില്ല. ആക്രമണത്തെ അതിജീവിക്കാൻ പെൺകുട്ടികളെ ശക്തമായി പിന്തുണയ്ക്കുന്ന സംവിധാനം ഇവിടെ ഇല്ലാത്തിടത്തോളം കാലം ഹാഥ്റസിലേതുപോലെ പെൺകുട്ടികൾക്ക് നീതിയ്ക്കുവേണ്ടി വീണ്ടും നിലവിളിക്കേണ്ടിവരും.



Summary: ലൈംഗികാക്രമണ കേസുകളിൽ സ്ത്രീകൾക്ക് സമൂഹത്തിൽ നിന്നോ ഭരണകൂടത്തിൽ നിന്നോ നീതിന്യായ സംവിധാനങ്ങളിൽ നിന്നോ പിന്തുണ ലഭിക്കാറില്ല. ആക്രമണത്തെ അതിജീവിക്കാൻ പെൺകുട്ടികളെ ശക്തമായി പിന്തുണയ്ക്കുന്ന സംവിധാനം ഇല്ലാത്തിടത്തോളം കാലം ഹാഥ്റസിലേതുപോലെ പെൺകുട്ടികൾക്ക് നീതിയ്ക്കുവേണ്ടി വീണ്ടും നിലവിളിക്കേണ്ടിവരും.


Comments