പെൺകുട്ടികളെ പൂട്ടിയിട്ട്​ കാമ്പസ്​ കർഫ്യൂ, പ്രതിഷേധിച്ച്​ രാത്രി നടത്തം

ഡൽഹി യൂണിവേഴ്‌സിറ്റിക്കുകീഴിലെ ഇന്ദ്രപ്രസ്ഥ വിമൺ കോളേജിൽ നടന്ന അതിക്രമങ്ങൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധങ്ങളുടെ തുടർച്ചയായി എസ്​.എഫ്​.ഐയുടെ നേതൃത്വത്തിൽ ഡൽഹി യൂണിവേഴ്സിറ്റിയിൽ പെൺകുട്ടികളുടെ രാത്രിനടത്തം സംഘടിപ്പിച്ചു. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം പതിവുപോലെ വിദ്യാർത്ഥിനികൾക്കുള്ള കർഫ്യൂകൾ വർധിപ്പിച്ച് തൽക്കാലം പ്രശ്‌നത്തിൽ പരിഹാരം കാണാനാണ് കോളേജ്​ അധികൃതർ ശ്രമിക്കുന്നത്.

പ്രിൽ രണ്ടിന് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ നൂറുകണക്കിന് വിദ്യാർത്ഥിനികൾ കാമ്പസിനുചുറ്റും രാത്രിനടത്തം സംഘടിപ്പിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തങ്ങളുടെ രാത്രികളെ അനാവശ്യമായി നിയന്ത്രിക്കുന്ന ഹോസ്റ്റൽ കർഫ്യൂകൾക്കെതിരെ ഉറക്കെ പാട്ടുപാടിയും മുദ്രാവാക്യം വിളിച്ചും രാവിലെ ആറര വരെ അവർ പ്രതിഷേധിച്ചു. പരിപാടിയിക്കിടെ, നേരിടേണ്ടി വന്ന ലിംഗപരമായ വിവേചനങ്ങളെയും ലൈംഗിക അതിക്രമങ്ങളെയുംകുറിച്ച് തുറന്നുപറഞ്ഞ്​ അവർ ഒരേ സ്വരത്തിൽ ഒറ്റ കാര്യമാണ് ചോദിച്ചുകൊണ്ടിരുന്നത്, പെൺകുട്ടികളെഅടച്ചുപൂട്ടിയിരുത്തിയാൽ അവർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാനാകുമെന്നാണോ ഇനിയും പൊതുസമൂഹം വിശ്വസിക്കുന്നത്?

പെൺകുട്ടികൾക്കുമാത്രം വിലക്കും നിയന്ത്രണങ്ങളും ഏർപ്പെടുത്തി അവരെ സംരക്ഷിക്കാൻ കഷ്ടപ്പെടുന്ന പൊതുസമൂഹം പെൺകുട്ടികൾക്ക് പറയാനുള്ളതിനെക്കുറിച്ചൊന്നും കേൾക്കാൻ തയ്യാറായിട്ടില്ല. അതുകൊണ്ടാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് അടക്കം ഹോസ്റ്റൽ കർഫ്യുകൾക്കെതിരെ തെരുവിൽ പ്രതിഷേധിക്കേണ്ടി വന്നത്. ഡൽഹി യൂണിവേഴ്‌സിറ്റിക്കുകീഴിലെ ഇന്ദ്രപ്രസ്ഥ വിമൺ കോളേജിൽ (ഐ. പി.സി.ഡബ്ല്യു) നടന്ന അതിക്രമങ്ങൾക്കെതിരെയുള്ള വിദ്യാർഥി പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് ഡൽഹി യൂണിവേഴ്സിറ്റിയിൽ രാത്രി നടത്തം സംഘടിപ്പിച്ചത്. ഇന്ദ്രപ്രസ്ഥ കോളേജിൽ നടന്ന അതിക്രമങ്ങളെയും അതിനെതുടർന്നുള്ള വിദ്യാർഥി പ്രതിഷേധങ്ങളും അടിച്ചമർത്താനുമുള്ള അധികാര സ്ഥാപനങ്ങളുടെ ശ്രമങ്ങളിൽ നിന്നു തന്നെ സമൂഹം കാലങ്ങളായി പിന്തുടരുന്ന സ്ത്രീ​വിരുദ്ധത വായിച്ചെടുക്കാം.

ഇന്ദ്രപ്രസ്ഥ വിമൺ കോളേജിലെ അക്രമത്തിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികൾ

പെൺകുട്ടികളെ പൂട്ടിയിട്ട്​ ‘പരിഹാരം’

2023 മാർച്ച് 29ന് ഇന്ദ്രപ്രസ്ഥ വിമൺ കോളേജിലെ ആർട്ട് ഫെസ്റ്റിന്റെ ഭാഗമായി പുറത്തുനിന്നുള്ള നിരവധി ആളുകൾ കോളേജിലേക്ക് അതിക്രമിച്ചു കയറിയതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിക്കുന്നത്. ഈ അക്രമികൾ പെൺകുട്ടികളോട് അപമര്യാദയായി പെരുമാറുകയും അവരെ മർദ്ദിക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ രണ്ട് വിദ്യാർഥിനികൾ ആശുപത്രിയിൽ ചികിത്സയിലാണ്. കാമ്പസിൽ സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്നിട്ടും വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത് കോളേജ് അധികൃതരുടെ അനാസ്ഥയാണ് തുറന്നുകാണിക്കുന്നത്. കോളേജ് ഫെസ്റ്റിന് വലിയ ആൾക്കൂട്ടമുണ്ടായതിനാൽ കാര്യക്ഷമായി നിയന്ത്രിക്കാനായില്ലെന്ന മുടന്തൻ ന്യായമാണ് ഈ വിഷയത്തിൽ അധികൃതർ പറയുന്നത്.

ആർട്ട് ഫെസ്റ്റിനിടെയുണ്ടായ അതിക്രമങ്ങളെക്കുറിച്ച് ഇന്ദ്രപ്രസ്ഥ കോളേജിലെ വിദ്യാർത്ഥിനികൾ 250 ലധികം പരാതികൾ കോളേജ് അധികൃതർക്ക് സമർപ്പിച്ചിരുന്നെങ്കിലും ആദ്യഘട്ടത്തിൽ വിഷയത്തോട് പ്രതികരിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് ഇവർ പരാതികൾ ഡൽഹി വനിതാ കമ്മീഷന് കൈമാറി. കോളേജിൽ നടന്ന ഗുരുതരമായ സംഭവങ്ങളെക്കുറിച്ച് പരാതിപ്പെട്ടിട്ടും ഗൗനിക്കാതെ പ്രശ്‌നങ്ങളെ നിസ്സാരവത്കരിച്ച പ്രിൻസിപ്പിൾ പൂനം കുമ്രിയ രാജിവെക്കണമെന്നാണ് വിദ്യാർഥി സംഘടനകൾ ആവശ്യപ്പെടുന്നത്. ന്യായമായ ഒരാവശ്യത്തിനുവേണ്ടിയുള്ള വിദ്യാർഥിനികളുടെ സമരത്തെ തുടക്കം മുതലേ അടിച്ചമർത്താനാണ് കോളേജ് അധികൃതരും പോലീസും ശ്രമിച്ചത്. വിദ്യാർഥിനികളുടെ ആസാദി മാർച്ചിൽ പങ്കെടുത്ത ഇരുപതോളം വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. മാർച്ച് 29 മുതൽ കാമ്പസിൽ നിരോധനാജ്ഞ നടപ്പിലാക്കുകയും പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥിനികൾക്ക് അച്ചടക്ക നോട്ടീസ്​ അയക്കുകയും ചെയ്ത കോളേജ് അധികൃതർ തങ്ങളുടെ വിദ്യാർത്ഥി വിരുദ്ധ മനോഭാവങ്ങൾ കൂടുതൽ വെളിവാക്കിക്കൊണ്ടിരുന്നു.

"" ഐ.പി.എസ്.ഡബ്ല്യു കോളേജിലെ വിദ്യാർഥികൾ നേരിടേണ്ടി വന്ന അതിക്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ യുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധം തടയാൻ പോലീസും സി.ആർ.പി.എഫും വരെ എത്തി. ഈ പ്രതിഷേധം തടയാൻ കാണിച്ച ശുഷ്‌കാന്തി പോലും പോലീസുകാർ കോളേജ് ഫെസ്റ്റിന് സുരക്ഷ ഒരുക്കുന്ന കാര്യത്തിൽ ചെയ്തിട്ടില്ല’’- ഡൽഹി ഹിന്ദു കോളേജിലെ രണ്ടാം വർഷ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥി കുസുമം കുറുവത്ത് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞു. വിദ്യാർഥി പ്രതിഷേധത്തെ പ്രിൻസിപ്പൽ അവഗണിച്ചതായി കുസുമം കുറുവത്ത് കൂട്ടിച്ചേർത്തു.

സ്ത്രീകൾക്ക് ‘അനുവദിച്ചു' നൽകുന്ന എല്ലാം സ്വാതന്ത്രങ്ങളും വെട്ടിക്കുറച്ച്​, അവരെ പൂട്ടിയിട്ട്, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളിൽ പരിഹാരം കാണാനാണ് സമൂഹം എപ്പോഴും ശ്രമിക്കുന്നത്. അതു തന്നെയാണ് കാമ്പസിലും ആവർത്തിക്കുന്നത്. അക്രമികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം പതിവുപോലെ വിദ്യാർത്ഥിനികൾക്കുള്ള കർഫ്യൂകൾ വർധിപ്പിച്ച് തൽക്കാലം പ്രശ്‌നത്തിൽ പരിഹാരം കാണാനാണ് ഇവർ ശ്രമിക്കുന്നത്. 2020 ഫെബ്രുവരിയിൽ ഗാർഗി കോളേജിലും 2022 ഒക്ടോബറിൽ മിറാൻഡ ഹൗസിലുമെല്ലാം സമാനമായി കോളേജ് ഫെസ്റ്റിനിടെ അതിക്രമിച്ചു കയറിയ ആളുകൾ വിദ്യാർഥികളെ ആക്രമിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു.

കുസുമം കുറുവത്ത്

എന്നാൽ ഇത്തരം അതിക്രമങ്ങൾ നടത്തുന്നവർക്കെതിരെ നടപടിയെടുക്കുന്നതിന് പകരം കോളേജ് ഫെസ്റ്റുകൾ നിരോധിച്ചും വിമൺ ഹോസ്റ്റലുകളിൽ രാത്രിസമയ നിയന്ത്രണങ്ങൾ കൊണ്ടു വന്നും സംഭവങ്ങളെ പ്രതിരോധിക്കാനാണ് എക്കാലവും അധികൃതർ ശ്രമിക്കുന്നത്. ഇപ്രാവശ്യത്തെ ഹോളി ആഘോഷങ്ങളിലും അത്രിക്രമങ്ങൾ കുറയ്ക്കാനുള്ള മുൻ കരുതലായി വിമൺഹോസ്റ്റലിലെ സമയങ്ങളിലും മറ്റും കടുത്ത നിയന്ത്രണങ്ങൾ നടപ്പിലാക്കിയിരുന്നു.

രാത്രികൾ വിലക്കപ്പെട്ട പെൺകുട്ടികൾ

ഡൽഹിക്ക് പുറത്തു നിന്ന്​ സർവകലാശാലയിലേക്കെത്തുന്ന വിദ്യാർഥികളെ സംബന്ധിച്ച്​ താമസിക്കാൻ പ്രധാനമായും മൂന്ന് ഓപ്ഷനുകളാണുള്ളത്. ഹോസ്റ്റലുകൾ, പേ ഇൻ ഗസ്​റ്റ്​, സ്വന്തമായി ഫ്ലാറ്റ്​ എടുത്തു താമസിക്കുക. ഡൽഹി പോലൊരു നഗരത്തിൽ പഠിക്കാൻ വരുന്ന വിദ്യാർഥിനികളുടെ സുരക്ഷ മുൻനിർത്തി രക്ഷിതാക്കൾ ഹോസ്റ്റലുകളിൽ നിൽക്കാനാണ് നിർദ്ദേശിക്കാറുള്ളത്. പക്ഷേ ഡൽഹിയിലെ മിക്ക ഹോസ്റ്റലുകളിലും സമയനിയന്ത്രണങ്ങളുടെ കാര്യത്തിൽ വലിയ കണിശതകളാണ് പുലർത്തുന്നത്. പലപ്പോഴും കോളേജുകളിൽ സംഘടിപ്പിക്കപ്പെടുന്ന രാത്രി പരിപാടികൾക്കൊന്നും ഹോസ്റ്റലിലെ പെൺകുട്ടികൾക്ക് പങ്കെടുക്കാൻ സാധിക്കാറില്ല. ഏതെങ്കിലും പരിപാടിയുടെ ഭാഗമായി വൈകി​പ്പോകുന്ന രാത്രികളിൽ വിദ്യാർഥിനികൾക്ക് ഹോസ്റ്റലിൽ പോകാൻ സാധിക്കാറില്ലെന്നും അത്തരം സാഹചര്യങ്ങളിൽ സുഹൃത്തുക്കളുടെ ഫ്‌ളാറ്റുകളിലേക്കാണ് പോകാറുള്ളതെന്നുമാണ് ഡൽഹി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥിയായ കുസുമം പറയുന്നത്.

ഹോസ്റ്റൽ കർഫ്യൂകൾക്കെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച നൈറ്റ് വാക്കിൽ നിരവധി പെൺകുട്ടികൾ അവർക്ക് ജീവിതത്തിൽ നേരിടേണ്ടി അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ദിവസവും നിരവധി ട്രോമകളിലൂടെയാണ് ഈ പെൺകുട്ടികളെല്ലാം കടന്നുപോകുന്നത്. മൂന്നിൽ രണ്ട് വിഭാഗം പെൺകുട്ടികളും സമാനമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെങ്കിൽ അവിടെ പ്രശ്നമുള്ളത് പെൺകുട്ടികൾക്ക് അല്ലെന്ന് ആദ്യം പൊതു സമൂഹം തിരിച്ചറിയേണ്ടതുണ്ട്. പെൺകുട്ടികൾ പുറത്തിറങ്ങാതെ അടച്ചുപൂട്ടിയിടുന്നത് ഒരിക്കലും ഇതിനൊരു പരിഹാരമാകുന്നില്ലെന്നും കുസുമം കുറുവത്ത് പറഞ്ഞു.

കർഫ്യൂകൾ ഏർപ്പെടുത്തിയല്ല സുരക്ഷ ഉറപ്പാക്കേണ്ടത്

സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ തടയാൻ ഇത്ര നിയമങ്ങളുണ്ടായിട്ടും ഈ കുറ്റകൃത്യങ്ങളിൽ കുറവുണ്ടായിട്ടില്ല എന്നത്​ നിയമത്തിന്റെ അപര്യാപതതയെ തന്നെയാണ് സൂചിപ്പിക്കുന്നത്. സ്ത്രീകളെ പൂട്ടിയിടുന്നതിനുപകരം സ്ത്രീകൾക്ക് സുരക്ഷിതമായ അന്തരീക്ഷം എങ്ങനെ നിർമിച്ചെടുക്കാം എന്ന ചിന്തയിലേക്കാണ് ചർച്ചകൾ എത്തേണ്ടത്. 2015 ൽ രൂപീകരിച്ച പിഞ്ജര തോഡ് പോലുള്ള സംഘടനകളെല്ലാം സ്ത്രീകൾക്ക് കർഫ്യൂകൾ ഏർപ്പെടുത്തിയല്ല സുരക്ഷ ഉറപ്പാക്കേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിച്ച സ്ത്രീകൂട്ടായ്മയായിരുന്നു. കൃത്യമായ ലൈംഗിക വിദ്യാഭ്യാസം കിട്ടാത്തതാണ് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ സമൂഹത്തിൽ വർധിക്കുന്നതിന്റെ പ്രധാന കാരണമായി കുസുമം പറയുന്നത്.

സമൂഹത്തിൽ നിലനിൽക്കുന്ന ഈ പഴഞ്ചൻ - അബദ്ധ ധാരണകളെ പൊളിച്ചെഴുതി സ്ത്രീപക്ഷമായ ഒരു സമീപനമാണ് ഈ വിഷയത്തിൽ നമ്മൾ സ്വീകരിക്കേണ്ടത്. ഇനിയും എല്ലാത്തിനും പെൺകുട്ടികളെ പഴിചാരി, വിശുദ്ധി സങ്കൽപ്പങ്ങളിൽ അവരെ തളച്ചിടുന്നതിൽ അർത്ഥമില്ലെന്ന് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

Comments