രാഷ്ട്രീയ പാർട്ടികളോട് ഒരു ചോദ്യം: ലോക്സഭാ തെരഞ്ഞെടുപ്പിൽ എത്ര ശതമാനം സ്ത്രീകൾ മത്സരിക്കും?

ലോക്സഭയിലേക്കും നിയമസഭയിലേക്കും 33 ശതമാനം സ്ത്രീസംവരണം ഉറപ്പുവരുത്തുന്ന നിയമം പാർലമെന്റ് പാസാക്കിയെങ്കിലും അത് വിദൂര ഭാവിയിലൊന്നും നിലവിൽ വരാത്ത വിധമുള്ള വ്യവസ്ഥകൾ അടിച്ചേൽപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കേരളത്തിൽ തുല്യ പ്രാതിനിധ്യ പ്രസ്ഥാനം എന്ന സ്ത്രീകൂട്ടായ്മയുടെ നേതൃത്വത്തിൽ ‘പെൺ മെമ്മോറിയൽ’ എന്ന കാമ്പയിൻ നടക്കുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽനിന്ന് 33 ശതമാനം സ്ത്രീകളെയെങ്കിലും മത്സരിപ്പിക്കണമെന്ന ആവശ്യം മുൻനിർത്തിയുള്ള ഈ കാമ്പയിൻ, തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിലും അധികാര സംവിധാനത്തിലും സ്ത്രീകൾ നിരന്തരം ഒഴിവാക്കപ്പെടുന്നതിന്റെ രാഷ്ട്രീയം കൂടി മുന്നോട്ടുവക്കുന്നു.

ലോകത്തെ എറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന ഖ്യാതിയുള്ള ഇന്ത്യയിൽ ഇന്ത്യൻ സ്ത്രീകൾക്ക് തിരഞ്ഞെടുപ്പ് രംഗത്ത് എത്ര പ്രാതിനിധ്യമുണ്ട്? സ്വാതന്ത്രത്തിന്റെ 75 വർഷങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇന്ത്യൻ ജനാധിപത്യത്തിൽ സത്രീപ്രാതിനിധ്യം ഏറിയ പങ്കും സമ്മതിദായകർ എന്ന നിലയിൽ മാത്രമായിരുന്നു എന്നു കാണാം. തിരഞ്ഞെടുപ്പിലൂടെ ഭരണരംഗത്തെത്തിയ സ്ത്രീകൾവിരലിലെണ്ണാവുന്നവരേയുള്ളൂ.

നിലവിൽ ലോകസഭയിൽ 78-ഉം രാജ്യസഭയിൽ 24-ഉം വനിതാ എം.പിമാരാണുള്ളത്. കൃത്യമായി പറഞ്ഞാൽ ലോകസഭയിൽ 15 ശതമാനവും രാജ്യസഭയിൽ 13 ശതമാനവുമാണ് സ്ത്രീപ്രാധിനിധ്യം. ഒന്നാം ലോകസഭയിൽ ഇത് 5 ശതമാനം മാത്രമായിരുന്നു.
യു.എൻ കണക്കനുസരിച്ച് റുവാണ്ട, ക്യൂബ, നിക്കരാഗ്വ എന്നീ രാജ്യങ്ങളാണ് തിരഞ്ഞെടൂപ്പ് രംഗത്തെ സ്ത്രീപ്രാധിനിത്യത്തിൽ മുന്നിലുള്ള ആദ്യ മൂന്ന് രാജ്യങ്ങൾ. യഥാക്രമം 61%, 53%, 52% എന്നിങ്ങനെയാണ് ഈ രാജ്യങ്ങളിലെ സ്ത്രീപ്രാതിനിധ്യം. സാമ്പത്തികമായും മറ്റും ഇന്ത്യയെക്കാൾ ഏറെ പിന്നിലുള്ള രാജ്യങ്ങളാണ് ഇവയെല്ലാം എന്നുമോർക്കണം.

സാമ്പത്തികമായും സാമൂഹികമായും സ്ത്രീകൾ അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യങ്ങളായ ബംഗ്ലാദേശിലും പാകിസ്ഥാനിലും പോലും സ്ത്രീകൾക്ക് തിരഞ്ഞെടുപ്പ് രംഗത്ത് ഇന്ത്യയിലേതിനേക്കാൾ പ്രാതിനിധ്യമുണ്ട്. ബംഗ്ലാദേശിൽ 21- ഉം പാകിസ്ഥാനിൽ 20-ഉം ശതമാനമാണ് തിരഞ്ഞെടുപ്പ് രംഗത്തെ സ്ത്രീപ്രാതിനിധ്യം. സാമ്പത്തികമായും സാമൂഹികമായും ഈ രാജ്യങ്ങളെക്കാൾ മുന്നിലാണെന്ന് അവകാശപ്പെടുന്ന ഇന്ത്യയിൽ സ്ത്രീകളുടെ തിരഞ്ഞെടുപ്പ് രംഗത്തെ പ്രാതിനിധ്യം 1947-ൽ നിന്ന് തുടങ്ങിയിടത്തു നിന്ന് കാര്യമായ വളർച്ച നേടിയിട്ടില്ല.

ജവഹർലാൽ നെഹ്റുവിന്റെ ഇടപെടൽ

സ്വാതന്ത്രത്തിനും എത്രയോ മുമ്പ്, മഹാത്മാഗാന്ധിയും ജഹവർലാൽ നെഹ്‌റുവും ഉൾപ്പെടെയുള്ള ദേശീയ പ്രസ്ഥാന നായകർ മുഖ്യധാരയിലും തിരഞ്ഞെടുപ്പ് രംഗത്തും സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണമെന്ന് രാഷ്ട്രീയമായി തന്നെ ആവശ്യപ്പെട്ടവരായിരുന്നു.

1950 ജനുവരി നാലിന് നെഹ്‌റു, മുഖ്യമന്ത്രിമാർക്ക് പാർലമെന്റിലെ സ്ത്രീപ്രാത്‌നിധ്യം ഉറപ്പാക്കുന്നത് സംബന്ധിച്ച് കത്തെഴുതുന്നുണ്ട്. കത്തിൽ പറയുന്നത് ഇങ്ങനെയാണ്: 'നമ്മുടെ ഭരണഘടനാ നിർമാണ സഭയിൽ പോലും സ്ത്രീപ്രാതിനിധ്യം വളരെ കുറവായിരുന്നു. അന്ന് ഉണ്ടായിരുന്നവർ തന്നെ പലരും പല കാരണങ്ങൾ കൊണ്ട് പലവഴിക്ക് പോയി. അവരുടെ സ്ഥാനങ്ങളിൽ പകരക്കാരായി പുരുഷൻമാർ പലരും വരികയും ചെയ്തു. പാർലമെന്റിലെ ഇപ്പോഴുള്ള സ്ത്രീകളുടെ എണ്ണം നിലനിർത്തേണ്ടതും സ്ത്രീ അംഗങ്ങളുടെ എണ്ണത്തിൽ ഇനിയും വർദ്ധനവ് ഉണ്ടാവേണ്ടതും നമ്മുടെ ആവശ്യമാണ്. കഴിവുള്ളവരും അനുയോജ്യരുമായ ധാരാളം സ്ത്രീകൾ രാജ്യത്ത് ഉണ്ടെന്നതിൽ സംശയമില്ല.'

ജവഹർലാൽ നെഹ്‌റു

രണ്ടാഴ്ച കഴിഞ്ഞ് നെഹ്റു തന്നെ ഖേദം പ്രകടിപ്പിച്ച് മുഖ്യമന്ത്രിമാർക്ക് മറ്റൊരു കത്തും എഴുതുന്നുണ്ട്. സ്ത്രീ പ്രാതിനിധ്യം ആവശ്യപ്പെട്ട് താൻ പ്രവിശ്യകൾക്ക് അയച്ച കത്ത് കിട്ടിയിട്ടും പ്രവിശ്യകളിൽ നിന്നുള്ള സ്ത്രീകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടില്ല. സ്ത്രീകളെ ഇത്തരത്തിൽ അകറ്റിനിർത്തുന്നത് തെറ്റാണെന്നും കോൺഗ്രസിന്റെ നയം അതല്ല എന്നുമാണ് രണ്ടാമത്തെ കത്തിൽ പറയുന്നത്.

1952-ലെ ആദ്യ തിരഞ്ഞെടുപ്പിനുശേഷം നെഹ്റു മുഖ്യമന്ത്രിമാർക്ക് വീണ്ടും കത്തെഴുതുന്നുണ്ട്. മെയ് 18, 1952 എന്ന് രേഖപ്പെടുത്തിയ കത്തിൽ പറയുന്നത്‌, ഇത്തവണയും തിരഞ്ഞെടുക്കപ്പെട്ട സ്ത്രീകളുടെ എണ്ണം വളരെ കുറവാണെന്നും അതിൽ തനിക്ക് ദുഖമുണ്ടെന്നുമാണ്. പൊതുജീവതത്തിൽ സ്ത്രീകൾക്ക് അവരുടെ പങ്ക് പൂർണമായും നിർവഹിക്കാൻ കഴിയുമ്പോൾ മാത്രമേ നാം യഥാർഥത്തിൽ വളർച്ച പ്രാപിച്ചു എന്ന് പറയാൻ കഴിയൂ എന്നും നെഹ്റു കത്തിൽ വ്യക്തമാക്കുന്നു. തിരഞ്ഞെടുപ്പ് രംഗത്തെ സ്ത്രീകളുടെ പ്രാതിനിധ്യത്തിൽ നെഹ്റുവിന് വലിയ താത്പര്യവും ആശങ്കകളുമുണ്ടായിരുന്നെന്ന് കാണിക്കുന്നതാണ് ഈ കത്തുകൾ. പൊതുരംഗത്തെ സ്ത്രീപ്രാതിനിധ്യം സംബന്ധിച്ച് മഹാത്മാഗാന്ധിക്കും സമാന

മഹാത്മാ ഗാന്ധി

അഭിപ്രായമായിരുന്നു. ഗാന്ധിയുടെ പ്രതികരണങ്ങൾ ചരിത്ര രേഖകളാണ്. 1931 സെപ്തംബർ 17 ന് ലണ്ടനിൽ നടന്ന രണ്ടം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കവേ, രാധാഭായി സുബ്ബറാവുവിന്റെ ചോദ്യത്തിന് ഉത്തരമായി ഗാന്ധിജി പറയുന്നത്, സ്ത്രീകൾക്ക് മതിയായ എണ്ണം പ്രാതിനിധ്യമില്ലാത്ത മന്ത്രിസഭ താൻ ബഹിഷ്‌കരിക്കുമെന്നാണ്. സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കണമെന്നും ഗാന്ധി അന്നുതന്നെ ആവശ്യപ്പെടുന്നുണ്ട്‌.

എന്നാൽ നെഹറുവിനും ഗാന്ധിക്കും ശേഷവും ഇന്ത്യൻ സ്ത്രീകൾക്ക് ഇന്ത്യയുടെ ജനാധിപത്യരംഗത്ത് മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടോ? സംശയം ഇനിയും ബാക്കിയാണ്. ചരിത്രം പരിശോധിച്ചാൽ ഗാന്ധിജിയുടെയും നെഹ്റുവിന്റെയും പ്രതീക്ഷകൾ അസ്ഥാനത്തായിരുന്നു എന്നു കാണാം. സ്വാതന്ത്ര്യം തൊട്ട് ഇങ്ങോട്ടുള്ള വർഷങ്ങളിലത്രയും ഇന്ത്യൻ ജനാധിപത്യം സ്ത്രീകളോട് ചെയ്തത് കടുത്ത അനീതി മാത്രമാണ്.

ബിൽ നിയമമായി, പക്ഷേ…

ലോകസഭയിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കുന്ന കേന്ദ്രമന്ത്രി അർജുൻ രാം മേഘ്വാൾ

പുതിയ പാർലമെന്റ് മന്ദിരത്തിൽ രണ്ടാം മോദി സർക്കാർ അവതരിപ്പിച്ച ആദ്യ ബിൽ വനിതാസംവരണത്തിന്റേതായിരുന്നു. 128ാം ഭരണഘടനാഭേദഗതിയായി നിയമമന്ത്രി അർജുൻ രാം മേഘ്വാൾ ആണ് ബിൽ അവതരിപ്പിച്ചത്. നിയമനിർമാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ മൂന്നിലൊന്ന് സീറ്റുകളിൽ സ്ത്രീകൾക്ക് സംവരണം ഉറപ്പാക്കുന്നതായിരുന്നു കഴിഞ്ഞ വർഷം ലോകസഭയിൽ അവതരിപ്പിക്കപ്പെട്ട ആ ബിൽ. ബിൽ യാഥാർഥ്യമാകുന്നതോടെ ലോകസ്ഭയിലേക്കും നിയമസഭകളിലേക്കും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ലഭ്യമാകും എന്നാണ് അന്ന് നിയമമന്ത്രി അർജുൻ രാം മേഘ്വാൾ പ്രസ്താവിച്ചത്. വനിതാ സംവരണ ബിൽ നിയമമായാൽ ലോക്‌സഭയിലെ വനിതാ എംപിമാരുടെ എണ്ണം 82 ൽ നിന്ന് 181 ആയി ഉയരുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിലവിൽ വരുന്നതോടെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിൽ അതൊരു നാഴികകല്ലാകുമെന്നാണ് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉൾപ്പടെ ഉള്ളവർ പറഞ്ഞത്. പട്ടികജാതി- പട്ടിക വർഗ സംവരണ സീറ്റുകൾക്കും വനിതാ സംവരണം ബാധകമാകും. ഈ സംവരണ സീറ്റുകൾ ഓരോ തവണയും ചാക്രിക ക്രമത്തിൽ മാറുകയും ചെയ്യും. ‘നാരീശക്തി വന്ദൻ അധീനിയം’ ഒരു സാധാരണ നിയമമല്ലെന്നും നവ ഇന്ത്യയുടെ ജനാധിപത്യ പ്രതിബദ്ധതയുടെ വിളംബരമാണെന്നുമാണ് നരേന്ദ്രമോദി പറഞ്ഞത്. 'ഈ നിമിഷത്തിൽ ഇന്ത്യയിലെ ഓരോ അമ്മയെയും സഹോദരിയെയും മകളേയും അഭിനന്ദിക്കാൻ ഞാൻആഗ്രഹിക്കുന്നു. ചരിത്രം സൃഷ്ടിക്കാൻ ഇന്ത്യൻ പൗരൻമാർ ഞങ്ങൾക്ക് അവസരം നൽകിയതിൽ ഞങ്ങൾ ഭാഗ്യവാൻമാരാണ്. ഈ തിരുമാനം വരും തലമുറകൾ ആഘോഷിക്കും' - മോദി പറഞ്ഞു

മറ്റൊരർത്ഥത്തിൽ വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കാലങ്ങളായി പ്രചാരത്തിലുള്ള ചർച്ചകൾക്ക് വിരാമമിടുകയായിരുന്നു മോദി സർക്കാർ എന്നും പറയാം. 1996 മുതൽ ചർച്ച ചെയ്യപ്പെടുന്നതാണ് ഈ വിഷയം. ആദ്യമായി വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നത് 1996- ലാണ്, വാജ്‌പേയ് സർക്കാരിന്റെ കാലത്ത്. എന്നാൽ അന്നത്തെ സർക്കാരിന് ഭൂരിപക്ഷമില്ലാത്തതിനാൽ ബിൽ യാഥാർത്ഥ്യമായില്ല. പിന്നീടും 1998 മുതൽ 2003 വരെ നാലു തവണ വനിതാ സംവരണ ബിൽ അവതരിപ്പിക്കപ്പെട്ടുവെങ്കിലും അവയൊന്നും ലക്ഷ്യം കൈവരിച്ചില്ല. പിന്നീടൊരു ശ്രമം നടക്കുന്നത് 2009- ലാണ്. പ്രതിഷേധങ്ങൾക്കിടയിലും അന്നത്തെ യു പി എ സർക്കാർ ലോകസഭയിൽ ബിൽ അവതരിപ്പിച്ചു. ഭരണഘടനയുടെ 108ാം ഭേദഗതി ബിൽ എന്നറിയപ്പെട്ട ആ ബിൽ 2010-ലാണ് രാജ്യസഭ പാസാക്കുന്നത്. അന്ന് രാജ്യസഭയിൽ നടന്ന വനിതാ സംവരണ ബിൽ ചർച്ചയ്ക്കിടെ ബി എസ് പി, സമാജ് വാദി പാർട്ടി എന്നിവരുൾപ്പടെ ബില്ലിനെതിരെ എതിർപ്പുയർത്തി. വനിതാ സംവരണത്തിനുള്ളിൽ ജാതിസംവരണവും വേണമെന്നതായിരുന്നു ആവശ്യം. ഈ കക്ഷികൾ ബില്ലിന്റെ പകർപ്പുകൾ അന്ന് കീറിയെറിയുക പോലും ചെയ്തിരുന്നു. അന്ന് ബി എസ് പി നേതാവ് മായാവതിയാണ് യു.പി ഭരിക്കുന്നത് എന്നും ഓർക്കണം.

എന്നാൽ ഇന്ത്യയിൽ തന്നെ പല പ്രാദേശിക രാഷ്ട്രീയ പാർട്ടികളും മുമ്പ് സ്ത്രീകൾക്ക് 33% സംവരണം നടപ്പിലാക്കിയ ചരിത്രവുമുണ്ട്. ഒഡീഷയിലെ 21 ലോകസഭാ സീറ്റുകളിൽ 33 ശതമാനം സീറ്റുകളിലും വനിതകളെ മത്സരിപ്പിച്ച് ചരിത്രം ഉണ്ടാക്കിയത് ഒഡീഷ മുൻ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാ ദൾ ആണ്. ബംഗാളിൽ മുഖ്യമന്ത്രി മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസും സമാനവഴി പിന്തുടർന്ന് 30 ശതമാനം സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിച്ചിരുന്നു. 2021-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലും തൃണമൂൽ കോൺഗ്രസ് ഈ ട്രെൻഡ് ആവർത്തിച്ചിരുന്നു.

മമത ബാനർജി

2022-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ 40 ശതമാനം സ്ത്രീകളെ മത്സരിപ്പിച്ച് കോൺഗ്രസും സ്ത്രീ പ്രാതിനിധ്യത്തിന് മുൻഗണന കൊടുത്ത് പ്രവർത്തിച്ചിരുന്നു. 'ലഡകീ ഹൂം, ലഡ് സക്തീ ഹൂം' - ഞാനൊരു സ്ത്രീയാണ് എനിക്ക് പോരാടാൻ കഴിയും എന്നായിരുന്ന കോൺഗ്രസ് അന്ന് മുന്നോട്ട് വെച്ച മുദ്രാവാക്യം.

സ്ത്രീകളെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുക എന്നത് രാഷ്ട്രീയ പാർട്ടികൾക്ക് നിഷ്പ്രയാസം ചെയ്യാൻ കഴിയുന്ന കാര്യമാണ് എന്നാണ് തൃണമൂൽ കോൺഗ്രസിന്റെയും ബിജു ജനതാദളിന്റെയുമെല്ലാം പ്രവർത്തനങ്ങൾ കാണിക്കുന്നത്. അതിന് ഒരു രാഷ്ട്രീയകക്ഷിക്കും ആരുടെയും പ്രത്യേക അനുമതിയോ സമ്മതമോ ആവശ്യമില്ല. എന്നിട്ടും ഇപ്പോഴും പ്രാതിനിധ്യം ആവശ്യപ്പെട്ട് സ്ത്രീകൾക്ക് തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് എന്തുകൊണ്ടാണ് ? പുരോഗമന രാഷ്ട്രീയ പാർട്ടികൾ പോലും ഇപ്പോഴും ഉള്ളിൽ പേറുന്ന പുരുഷാധിപത്യ മനോഭാവമാണ് ഇന്ത്യൻ സ്ത്രീകളെ പൊതുമണ്ഡലത്തിൽ നിന്ന് ഇപ്പോഴും അകറ്റി നിർത്തുന്നത് എന്നാണ് അതിനുള്ള ഉത്തരം.

ബിജു ജനതാദൾ, തൃണമൂൽ കോൺഗ്രസ് എന്നീ പാർട്ടികളെയും ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടും മാറ്റി നിർത്തിയാൽ മുപ്പതോ നാൽപ്പതോ ശതമാനത്തിൽ കൂടുതൽ സീറ്റുകളിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ ലോകത്തെ എറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ സംവിധാനങ്ങൾക്കോ ഇവിടുത്തെ രാഷ്ട്രീയ പാർട്ടികൾക്കോ കഴിഞ്ഞിട്ടില്ല. ഇപ്പോൾ സ്ത്രീസംവരണ നിയമം കൊണ്ടുവന്ന ബി ജെ പി സർക്കാർ തങ്ങൾ ഭരണത്തിലുള്ള ഒരു സംസ്ഥാനത്തു പോലും തൃണമൂൽ കോൺഗ്രസിന്റെയോ ബിജു ജനതാദളിന്റെയോ വഴിക്ക് പോയിട്ടില്ലെന്നതാണ് ഈ വിഷയത്തിലെ മറ്റൊരു വൈരുദ്ധ്യം.

കേരളത്തിൽനിന്നൊരു പെൺ മെമ്മോറിയൽ

തുല്യപ്രാതിനിധ്യം ഉറപ്പാക്കുന്നതിന് ഇന്ത്യൻ സ്ത്രീകൾ പല മേഖലകളിലും പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്. അതിലെ വേറിട്ട ഒരധ്യായമാണ് കേരളത്തിൽനിന്നുയർന്ന ‘പെൺ മെമ്മോറിയൽ’.
കേരള നവോത്ഥാന ചരിത്രത്തിലെ പ്രധാന സംഭവങ്ങളായ മലയാളി മെമ്മോറിയലിനെയും ഈഴവ മെമ്മോറിയലിനെയുമെല്ലാം ഓർമിപ്പിക്കുന്നുണ്ട് പെൺ മൈമ്മോറിയൽ. ചരിത്രത്തിൽ ഇടം പിടിക്കാനിരിക്കുന്ന ശ്രദ്ധേയമായ ഒരു രാഷ്ട്രീയ പരിപാടി. ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും 33% സീറ്റിൽ സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകുക, സ്ത്രീസംവരണം വൈകിപ്പിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് പെൺമെമ്മോറിയൽ പ്രധാനമായും മുന്നോട്ടുവക്കുന്നത്. എൻ ഡി എ സർക്കാർ കൊണ്ടുവന്ന സ്ത്രീസംവരണനിയമത്തിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്നും പെൺ മെമ്മോറിയൽ ആരോപിക്കുന്നു.

എം. സുൽഫത്ത്‌.

കേന്ദ്രസർക്കാർ നിയമമാക്കിയ സ്ത്രീ സംവരണബിൽ സ്ത്രീകളുടെ വോട്ട് നേടിയെടുക്കാനുള്ള തന്ത്രം മാത്രമാണെന്ന് ജനങ്ങൾക്ക് ബോധ്യമായിക്കൊണ്ടിരിക്കുകയാണ് എന്നാണ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കൺവീനർ എം. സുൽഫത്ത് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്: ‘‘കേന്ദ്ര സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബില്ലിൽ നിഷ്‌കർഷിച്ചിട്ടുള്ള ജനസംഖ്യാ കണക്കെടുപ്പ്, മണ്ഡലപുനർനിർണയം തുടങ്ങിയ ഉപാധികൾ അനാവശ്യമാണ്. ജനസംഖ്യാ കണക്കെടുപ്പ് 2021- ൽ നടക്കേണ്ടിയിരുന്നതാണ്. അന്ന് നടന്നില്ല. ഇനിയെന്ന് നടക്കുമെന്ന കാര്യത്തിലും ഉറപ്പില്ല. മറ്റൊന്ന്, മണ്ഡലപുനർനിർണയമാണ്. ഇത് 1972 മുതൽ തർക്ക വിഷയമാണ്. ഇതെല്ലാം ശരിയാക്കിയിട്ട് വേണം സ്ത്രീകൾക്ക് അടുത്ത തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യം ലഭിക്കാൻ. അത് വലിയ കാലതാമസം നേരിടുന്ന പ്രക്രിയയാണ്. സ്ത്രീകൾ അധികാരത്തിൽ വരുന്നത് നീട്ടിക്കൊണ്ടു പോകനുള്ള കേന്ദ്ര സർക്കാരിന്റെ തന്ത്രം മാത്രമാണ് പുതിയ വനിതാസംവരണ നിയമം. തങ്ങളാണ് വനിതാ സംവരണം നടപ്പിലാക്കിയത് എന്ന ക്രെഡിറ്റ് സ്വന്തം അക്കൗണ്ടിൽ വരുത്താനുള്ള ബി ജെ പി തന്ത്രം മാത്രമാണിത്. ഈ സാഹചര്യത്തിലാണ് പെൺ മെമ്മോറിയൽ സമർപ്പിക്കാൻ കേരളത്തിലെ സ്ത്രീകൾ നിർബന്ധിതരാകുന്നത്. കേരള ചരിത്രത്തിൽ പ്രതിനിധ്യത്തിനായി സംഘടിപ്പിക്കപ്പെട്ട മലയാളി മെമ്മോറിയൽ, ഈഴവ മെമ്മോറിയൽ തുടങ്ങിയ പ്രസ്ഥാനങ്ങളെയും ഓർമിപ്പിക്കുന്നതാണ് പെൺ മെമ്മോറിയൽ. ഇതിനായി കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിൽ തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ പ്രവർത്തകർ ഒപ്പുശേഖരണം നടത്തിയിരുന്നു. ‘തുല്യപ്രാതിനിധ്യത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഞാനും പങ്കാളികളാകുന്നു’ എന്നു തുടങ്ങുന്ന വാചകങ്ങൾക്ക് കീഴെ ധാരാളം പേർ ഒപ്പുവെച്ചു. രാഷ്ട്രീയ നേതൃത്വത്തിലുള്ളവർ, കോളേജ് വിദ്യാർത്ഥികൾ തുടങ്ങിയവരെല്ലാം ഇതിൽ ഒപ്പുവെച്ചു. ഇപ്പോൾ നിലവിൽ വന്ന 33 ശതമാനം സംവരണമെങ്കിലും നടപ്പാക്കണമെന്നാണ് ആവശ്യം. എന്നാൽ, പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും തുല്യപ്രാതിനിധ്യത്തിന് അനുകൂലമാണെന്ന് പ്രത്യക്ഷത്തിൽ നിലപാടെടുക്കുകയും പല കാരണം പറഞ്ഞ് അത് പ്രാബല്യത്തിൽവരുന്നത് തടയുകയും ചെയ്യുന്ന അനുഭവമാണ് നേരിടേണ്ടിവന്നിട്ടുള്ളത്. നിയമം നടപ്പിൽ വരുത്തുന്നതിനായാണ് തുല്യപ്രാതിനിധ്യ പ്രസ്ഥാനങ്ങളെപ്പോലുള്ള സംഘടനകൾ ശ്രമിക്കേണ്ടതെന്നാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പലതും നിലപാടെടുക്കുന്നത്. ഈ ആവശ്യത്തിനു വേണ്ടി ഇത്രനാൾ ശബ്ദമനക്കിയിട്ടില്ലാത്ത രാഷ്ട്രീയ കക്ഷികൾ പലതും ഇപ്പോൾ പറയുന്നത്, നിങ്ങളെ പോലുള്ള സംഘടനകൾ നിയമം നടപ്പിൽ വരുത്തുന്നതിന് തടസം നിൽക്കരുതെന്നാണ്. ഇത് രാഷ്ട്രീയ കക്ഷികളുടെ ഇരട്ടത്താപ്പാണ്. കേന്ദ്രസർക്കാരിനെ പോലെ തന്നെ സ്ത്രീകൾ അധികാരത്തിൽ വരുന്നത് തടയുകയാണ് ഇത്തരം രാഷ്ട്രീയ കക്ഷികളും. സ്വാതന്ത്രത്തിന്റെ 77ാം വാർഷികത്തിലും സ്ത്രീകൾക്ക് ഇത് ആവശ്യപ്പെടേണ്ടി വരുന്നത് തന്നെ രാഷ്ട്രീയ പാർട്ടികളുടെ പിന്നോക്കാവസ്ഥയാണ് കാണിക്കുന്നത് സ്ത്രീകളുടെ പ്രതിനിധ്യം ഇല്ലായ്മയാണ് സ്ത്രീകളുടെ എല്ലാത്തരം പിന്നോക്കാവസ്ഥയുടെയും കാരണം. സ്ത്രീകളുടെ പങ്കാളിത്തമില്ലാതെ സ്ത്രീകൾക്ക് വേണ്ടി നിർമിക്കുന്ന നിയമങ്ങളൊന്നും സ്ത്രീപക്ഷമായിരിക്കില്ല. സ്ത്രീധന നിരോധന നിയമങ്ങൾ പോലുള്ള നിയമങ്ങൾ നടപ്പിലാകാൻ കാലതാമസമെടുത്തത് നിയമനിർമാണ സഭകളിൽ സ്ത്രീപ്രാതിനിധ്യം ഇല്ലാത്തതിനാലാണ്’’.

അനീഷ ഐക്കുളത്ത്‌

ഇന്ന് മത്സര പരീക്ഷ, ഇന്റർവ്യൂ എന്നിവയിലൂടെ ഉന്നത സ്ഥാനങ്ങളിലെത്താനും കഴിവ് തെളിയിക്കാനും സ്ത്രീകൾക്ക് അവസരം ലഭിക്കുന്നുണ്ട്. എന്നാൽ, തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ എത്ര സ്ത്രീകൾ അധികാരസ്ഥാനങ്ങളിൽ എത്തുന്നു എന്നത് ചിന്തിക്കേണ്ടതാണ്. അധികാര വ്യവസ്ഥയെ ഇന്നും നിയന്ത്രിച്ചുനിർത്തുന്ന പുരുഷകേന്ദ്രീകൃത ചിന്താഗതികളാണ് സ്ത്രീയെ ഇന്നും അധികാര വ്യവസ്ഥയ്ക്ക് പുറത്തുനിർത്തുന്നത്. ഇത് ഇല്ലാതാക്കാൻ വിദ്യാഭ്യാസ സമ്പ്രദായം ഉടച്ചുവാർക്കുകയും ലിംഗസമത്വത്തിലും തുല്യനീതിയിലും വിശ്വസിക്കുന്ന ഒരു തലമുറയെ വാർത്തെടുക്കുകയും വേണം എന്നാണ് തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ പ്രവർത്തകയും അധ്യാപികയുമായ അനീഷ ഐക്കുളത്ത് പറഞ്ഞത്: ‘‘മുൻകൈ എടുക്കേണ്ടത് നമ്മൾ തിരഞ്ഞെടുക്കുന്ന ഗവൺമെന്റുകളാണ്. നിർഭാഗ്യവശാൽ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള ഒരു ഗവൺമെന്റും പുരോഗമനത്തിലൂന്നിയ ഇത്തരം ചിന്താഗതികൾക്ക് യാതൊരു പ്രാധാന്യവും കൊടുത്തിട്ടില്ല. അതിന്റെ പ്രധാന കാരണം തിരഞ്ഞെടുപ്പിൽ ഉണ്ടാകുന്ന ജാതി-മത അവിശുദ്ധ കൂട്ടുകെട്ടുകളാണ്. രാഷ്ട്രീയ പാർട്ടികളുടെ ആത്യന്തിക ലക്ഷ്യം തെരഞ്ഞെടുപ്പിൽ വിജയിക്കുകയും അധികാരത്തിലെത്തുകയും അതിന് തുടർച്ച ഉറപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്. ആധുനിക ലോകത്തിന് അനുയോജ്യമായ രീതിയിൽ ചിന്തിക്കാനും പ്രവർത്തിക്കാനും കഴിയുന്ന തരത്തിലുള്ള ഒരു തലമുറയെ വാർത്തെടുക്കാനോ, അവരുടെ ചിന്താഗതികളിൽ മാറ്റം വരുത്താനോ, അവരെ ആധുനിക പൗരരാക്കി മാറ്റിയെടുക്കാനോ ഉള്ള ബോധപൂർവ ശ്രമം ഉണ്ടാകുന്നില്ല എന്നത് ഖേദകരമാണ്. വഴിവിട്ട ജാതി- മതപ്രീണനം രാഷ്ട്രീയ പാർട്ടികളുടെ പ്രധാന അജണ്ടയാകുമ്പോൾ തുല്യനീതി സിദ്ധാന്തം അപ്രസക്തമാവുകയാണ്. പ്രധാന മാധ്യമങ്ങൾ അതിനു കുടപിടിക്കുകയും ചെയ്യുന്നു. ആരാധനാലയങ്ങളിലെ സ്ത്രീപങ്കാളിത്തം പത്രത്താളുകളിലെ പ്രധാന വാർത്തകളിൽ ഇടം പിടിക്കുമ്പോൾ ചരിത്രപ്രധാനമായ സ്ത്രീ മുന്നേറ്റങ്ങളെ അവർ ഉൾപ്പേജിലേക്ക് ഒതുക്കുന്നു. വോട്ടവകാശത്തിനും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനും വേണ്ടിയുള്ള പെൺ പോരാട്ടങ്ങളും പെൺപോരാളികളും ചരിത്രപാഠപുസ്തകങ്ങളിൽ നിന്ന് മറഞ്ഞുപോയത് അങ്ങനെയാണ്. ജനസംഖ്യാനുപാതികമായി അധികാരസ്ഥാനങ്ങളിൽ സ്ത്രീകൾ എത്തേണ്ടതുണ്ട്. അതിലേക്കുള്ള ആദ്യ ചുവടുവെയ്പാണ് 2024 ഫെബ്രുവരി 17ന് തിരുവനന്തപുരം രക്തസാക്ഷി മണ്ഡപത്തിൽ സമർപ്പിക്കപ്പെട്ട പെൺ മെമ്മോറിയലും ഒപ്പു ചുരുൾ നിവർത്തലും. പുരോഗമന സമൂഹത്തിന്റെ ആവശ്യം തന്നെയാണത്’’.

തുല്യപ്രാതിനിധ്യ പ്രസ്ഥാനം പെൺ മെമ്മോറിയലിന്റെ ഭാഗമായി ശേഖരിച്ച ഒപ്പുകളുടെ ചുരുൾ നിവർത്തുന്ന ചടങ്ങ് തിരുവനന്തപുരത്ത് നടന്നപ്പോൾ.

സ്ത്രീസംവരണ നിയമം
സ്ത്രീകളെ ഒഴിവാക്കാനുള്ളതോ?

വിചിത്ര വ്യവസ്ഥകൾക്കു വിധേയമായാണ് എൻ ഡി എ സർക്കാർ സ്ത്രീസംവരണനിയമം കൊണ്ടുവന്നിട്ടുള്ളത്. 2021- ൽ നടക്കേണ്ടിയിരുന്ന ജനസംഖ്യാ കണക്കെടുപ്പിനും തുടർന്നു നടത്തുന്ന മണ്ഡല പുനർനിർണയത്തിനും ശേഷമാണ് നിയമം നടപ്പാക്കുക എന്നാണ് വൃവസ്ഥ ചെയ്തിട്ടുള്ളത്. (ജനസംഖ്യാ കണക്കെടുപ്പ് എപ്പോഴാണ് നടത്തുക എന്ന് നിശ്ചയിച്ചിട്ടുമില്ല). ഈ പ്രക്രിയകളെല്ലാം പൂർത്തീകരിക്കാൻ എട്ടോ പത്തോ വർഷങ്ങൾ വേണ്ടി വരും. നിയമപരമായി സ്ത്രീകൾക്ക് അവകാശപ്പെട്ട മൂന്നിലൊന്ന് പ്രാതിനിധ്യം അനാവശ്യവും അന്യായവുമായ ഒരു വ്യവസ്ഥ ഏർപ്പെടുത്തി അടുത്ത പത്തു വർഷത്തേക്ക് നിഷേധിക്കുകയാവും ഇതിന്റെ ഫലം. വിപ്ലവകരമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ക്രെഡിറ്റ് മുഴുവൻ കൈക്കലാക്കുകയും അത് 2024- ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിഷയമാക്കി പുരോഗമന മുഖം തട്ടിയെടുക്കുകയുമാണ് കേന്ദ്രസർക്കാർ. ഒപ്പം, സ്ത്രീകൾ അധികാരത്തിലെത്തുന്നത് തൽക്കാലത്തേക്ക് ഒഴിവാക്കുകയും ചെയ്യാം.

സ്ത്രീകളില്ലാത്ത കേരളം

ലിബറൽ ജനാധിപത്യ സംവിധാനങ്ങളിൽ സാധ്യമായ അല്ലെങ്കിൽ സാധ്യമാകേണ്ടുന്ന തുല്യ പ്രാതിനിധ്യമോ മെച്ചപ്പെട്ട പാർലമെന്ററി പങ്കാളിത്തമോ നേടിയെടുക്കാൻ കേരളത്തിലെ സ്ത്രീകൾക്ക് സാധിച്ചിട്ടില്ല. കേരളത്തേക്കാൾ പിന്നാക്കമെന്നു കരുതപ്പെടുന്ന പല സംസ്ഥാനങ്ങളിലെയും നിയസഭ- ലോക്‌സഭ - രാജ്യസഭ അംഗങ്ങളിലുള്ള സ്ത്രീപ്രാതിനിധ്യം പോലും കേരളത്തിലില്ല. നിലവിലെ കേരള നിയമസഭയിലെ സ്ത്രീപ്രാതിനിധ്യം 8.5% മാത്രമാണ്, ലോക്‌സഭയിൽ 5% മാത്രവും. രാജ്യസഭയിലേക്ക് സ്വാതന്ത്രാനന്തരം നാല് സ്ത്രീകൾ മാത്രമാണ് കേരളത്തിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ ഉള്ളത് ഒൻപതിൽ ഒരാൾ മാത്രം.

സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

വനിതാ സംവരണ ബിൽ ലോകസഭയിൽ ആദ്യമായി ഗൗരവമുള്ളൊരു വിഷയമായി അവതരിപ്പിക്കുന്നത് കമ്യൂണിസ്റ്റ് പാർട്ടിയാണ് എന്നും കമ്യൂണിസ്റ്റുകാർ ഈ വിഷയത്തിൽ എക്കാലവും സ്ത്രീപക്ഷ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നുമാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ട്രൂകോപ്പിയോടു പറഞ്ഞത്: ‘‘കമ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് ഇനിയും അത്തരത്തിൽ തന്നെയായിരിക്കും. മോദി സർക്കാർ കൊണ്ടുവന്ന വനിതാസംവരണ നിയമം മോദിയുടെ ചെപ്പടിവിദ്യ മാത്രമാണ്. 33 ശതമാനം സംവരണം നടപ്പിലാക്കുക എന്നതിൽ സി പി ഐ പോലെ താരതമ്യേന ചെറിയൊരു പാർട്ടിക്ക് പരിമിതികളുണ്ട്. എങ്കിലും സി പി ഐ ഈ വിഷയത്തിൽ സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകൾ മാത്രമേ സ്വീകരിക്കുകയുള്ളൂ. ഈ വിഷയത്തിൽ കേന്ദ്രസർക്കാർ കൺകെട്ട് വിദ്യയല്ല കാണിക്കേണ്ടത്. രാഷ്ട്രീയമായി ഉറച്ച തിരുമാനമെടുക്കുകയാണ് വേണ്ടത്. പെൺ മെമ്മോറിയലിന്റെ കൂടെ നിൽക്കാനാണ് സി പി ഐയുടെ തിരുമാനം’’.

പുറന്തള്ളൽ പ്രക്രിയ, ഒരു തുടർക്കഥ

അമേരിക്കയ്ക്കും ചൈനയ്ക്കു ശേഷം 2030-ഓടെ ലോകത്തെ എറ്റവും വലിയ സാമ്പത്തികശക്തിയായി ഇന്ത്യ മാറുമെന്നാണ് അവകാശവാദം. രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക- രാഷ്ട്രീയ വളർച്ചയിൽ സ്ത്രീകൾക്ക് മതിയായ പങ്ക് വഹിക്കാൻ കഴിഞ്ഞിട്ടില്ല എന്ന യാഥാർഥ്യം ഈ അവകാശവാദത്തെ റദ്ദാക്കുന്നു.

ഇന്ത്യൻ രാഷ്ട്രീയത്തിലും പൊതുരംഗത്തും സ്ത്രീകൾക്ക് പ്രാതിനിധ്യം ലഭിക്കാത്തതിന് കാരണങ്ങൾ പലതുണ്ട്. ഇന്ത്യൻ ഗ്രാമങ്ങൾ കാലങ്ങളായി പിന്തുടർന്നുവരുന്ന പുരുഷാധിപത്യ വ്യവസ്ഥകൾ തന്നെയാണ് രാഷ്ട്രീയ സംവിധാനങ്ങളെയും നിയന്ത്രിക്കുന്നത്. അതുകൊണ്ടുതന്നെ, അടിസ്ഥാന വിദ്യാഭ്യാസത്തിൽ നിന്നുപോലും തഴയപ്പെടുന്ന ഇന്ത്യൻ സ്ത്രീകൾക്ക് തങ്ങൾ ഒരു ചൂഷക വ്യവസ്ഥയുടെ ഭാഗമാണെന്ന് തിരിച്ചറിയാൻ പോലുമാകുന്നില്ല.
2020-ലെ ആന്വൽ സ്റ്റാറ്റസ് ഓഫ് എജുക്കേഷൻ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, 6-10 വയസ്സുകാരിൽ 5.5% ഉം 11-14 വയസ്സുകാരിൽ 15.9% ഉം സ്‌കൂളുകളിൽ ചേരുന്നില്ലെന്നാണ്. വിദ്യാഭ്യാസത്തിൽനിന്നു തുടങ്ങുന്ന ഈ എക്സ്ക്ലൂഷൻ പ്രക്രിയ ജീവിതത്തിന്റെ എല്ലാ മേഖലകളിലേക്കും പടരുന്നു.

ഡോ. എ.കെ. ജയശ്രീ.

ജനസംഖ്യയിൽ പകുതി വരുന്ന സ്ത്രീകൾ സംവരണം കൂടാതെ സ്വാഭാവികമായി തന്നെ നിയമ നിർമ്മാണ സഭകളിൽ എത്തേണ്ടതുണ്ടെന്നും സ്ത്രീകൾക്കുമാത്രമല്ല, സാമൂഹ്യമായി പിന്തള്ളപ്പെട്ട എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യമുണ്ടാവുക എന്നത് ജനാധിപത്യത്തിൽ അനിവാര്യമാണ് എന്നും തുല്യപ്രാതിധ്യ പ്രസ്ഥാനത്തിന്റെ പ്രവർത്തകയും സാമൂഹിക പ്രവർത്തകയുമായ ഡോ. എ.കെ. ജയശ്രീ പറയുന്നു: ‘‘അധികാരം കയ്യാളുന്നവർക്ക് പരമ്പരാഗത മൂല്യങ്ങൾ സൗകരൃപ്രദമായതുകൊണ്ട് അവരത് മുറുകെ പിടിക്കുന്നു. ആ സന്ദർഭത്തിലാണ് സ്ത്രീകൾക്ക് സമരം ചെയ്യേണ്ടിവരുന്നത്. സ്ത്രീകൾ വോട്ടവകാശം നേടിയതുതന്നെ കഠിനമായ പോരാട്ടത്തിലൂടെയാണ്. നിയമനിർമ്മാണ സഭകളിലെ തുല്യമായ സ്ത്രീപ്രാതിനിധ്യം ജനാധിപത്യത്തിന്റെ സൂചകമാണ്. ഇന്ത്യയിൽ അത് ഇനിയും നേടാൻ കഴിയാതിരിക്കുന്നത് ഭരണഘടനാ മൂല്യങ്ങളും അവ നടപ്പിൽ വരുത്തുന്നതും തമ്മിലുള്ള വൈരുദ്ധ്യത്തെയാണ് കാണിക്കുന്നത്. സ്ത്രീകൾക്ക് പൗരകളായി വളരാനുള്ള സാഹചര്യം നിലനിൽക്കുന്നില്ല. കുടുംബത്തിലെ കടമകളുടെയും കുലസ്ത്രീധർമ്മങ്ങളുടെയും പേരിൽ അവർ സാമൂഹ്യ ജീവിതത്തിൽ നിന്ന് പിന്തള്ളപ്പെടുകയാണ്. ഭരിക്കാനൊന്നും തങ്ങൾക്ക് പ്രാപ്തിയില്ലെന്ന ബോധം അവരിൽ തന്നെ ഉണ്ടാക്കിയിരിക്കുന്നതുകൊണ്ട് അവർ അടിമകളായി തുടരുന്നു. സ്ത്രീകൾ ദീർഘകാലം ആവശ്യപ്പെട്ടതിന്റെ ഫലമാണ് ഇപ്പോൾ 33 ശതമാനം സംവരണം നിലവിൽ വരുന്നതുതന്നെ. സ്ത്രീകൾക്ക് ആനുകൂല്യം നൽകുമെന്ന് കാണിക്കുകയും എന്നാൽ യഥാർഥത്തിൽ അത് നൽകാതിരിക്കുകയുമാണ് കേന്ദ്ര സർക്കാർ ഈ നിയമത്തിലൂടെ ചെയ്യുന്നത്. സ്ത്രീകൾ കുട്ടികളെ വളർത്തേണ്ടവരാണെന്നും പുരുഷൻമാരായിരിക്കണം അധികാരം കയ്യാളേണ്ടതെന്നുമുള്ള ബോധം നിലനിൽക്കുന്നുണ്ട്. പുരോഗമനപരമെന്ന് പലപ്പോഴും വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കേരളത്തിന്റെ നിയമസഭയിൽ പോലും സ്ത്രീപ്രാതിനിധ്യം 8 ശതമാനം മാത്രമേയുള്ളൂ. ഭരണഘടനാമൂല്യങ്ങൾ അപകടം നേരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനങ്ങൾ പോലുള്ള സംഘടനകൾ ഇത്തരം ആവശ്യങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നത്, ഇത് ഫാഷിസത്തിനെതിരെയുള്ള സമരം കൂടിയാണ്’’.

സാറാ ജോസഫ്‌.

സ്ത്രീകളെ ഇനിയും അടിച്ചമർത്താൻ കഴിയില്ലെന്നും കേരളത്തിലെസ്ത്രീകൾ തുല്യപ്രാതിനിധ്യാവകാശത്തിന്റെ പിന്നിൽ അണിനിരന്നെന്ന സത്യം രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയണമെന്നും പെൺമെമ്മോറിയൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സാറാ ജോസഫ് പറഞ്ഞു. രാഷ്ട്രീയ പാർട്ടികൾക്കകത്തെ സ്ത്രീകളും തുല്യപ്രാതിനിധ്യത്തിനായി ശബ്ദമുയർത്തണം. സ്ത്രീകൾ ഈ ആവശ്യം ഉന്നയിക്കുന്നത് പുരുഷമേധാവികളെ പ്രകോപിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ജി. സുധാകരന്റെ പ്രതികരണം എന്നും അവർ പറഞ്ഞു.

ഇന്ത്യൻ സാഹചര്യത്തിൽ സ്ത്രീകൾക്ക് രാഷ്രീയത്തിലും പൊതുമണ്ഡലത്തിലും കൂടുതൽ പ്രാതിനിധ്യം ലഭിക്കണമെങ്കിൽ നിയമനിർമാണ സഭകളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ സ്ത്രീകൾക്ക് 50% പങ്കാളിത്തം ഉറപ്പാക്കണം. രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനുമുമ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തന്നെ സ്ത്രീപ്രാതിനിധ്യം ഉറപ്പാക്കണം. വനിതാ സ്ഥാനാർത്ഥികൾക്ക് വിജയിക്കാവുന്ന സീറ്റുകളിൽ സ്ത്രീകളെ തന്നെ സ്ഥാനാർത്ഥിയാക്കുന്നതും നിയമനിർമാണസഭകളിലെ സ്ത്രീപ്രാതിനിധ്യം വർദ്ധിപ്പിക്കും. രാഷ്ട്രീയത്തിൽ പ്രാദേശിക വനിതാ നേതാക്കളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതും രാഷ്ട്രീയകക്ഷികൾ സ്ത്രീകൾക്കെതിരായ ആക്രമണങ്ങളെ അഭിസംബോധന ചെയ്യുന്നതും രാഷ്ട്രീയത്തിലും പൊതുമണ്ഡലത്തിലും സ്ത്രീപങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് സഹായകമാകും.

പി. കെ. ശ്രീമതി.

രാഷ്ട്രീയത്തിൽ സ്ത്രീപങ്കാളിത്തം കൂട്ടാൻ രാഷ്ട്രീയ പാർട്ടികളുടെ മനോഭാവത്തിൽ മാറ്റം വരേണ്ടതുണ്ടെന്ന് മുൻ മന്ത്രിയും സി പി എം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി അഭിപ്രായപ്പെടുന്നു: ‘‘ശാസ്ത്ര - സാങ്കേതിക - ഗവേഷണ രംഗങ്ങളിലെല്ലാം സ്ത്രീകൾ ഇന്ന് ഉയർന്നു നിൽക്കുന്നുണ്ട്. സൈന്യത്തിലും ഉയർന്ന റാങ്കുകളിൽ സ്ത്രീകൾ ഉണ്ട്. വീട്ടുകാര്യങ്ങളും ജോലികാര്യങ്ങളും ഒരേസമയം നിർവഹിക്കാനാകുന്ന സ്ത്രീകൾക്ക് പാർലമെന്റിലും നിയമസഭകളിലും മികച്ച രീതിയിൽ പ്രവർത്തിക്കാനുള്ള കഴിവുമുണ്ട്. ഈ കാഴ്ചപ്പാട് സിപിഎമ്മിനുണ്ട്‌’’.

അടുത്ത കാലത്ത് ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ സ്ത്രീവോട്ടർമാരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ. 2022-ൽ തിരഞ്ഞെടുപ്പ് നടന്ന എട്ട് സംസ്ഥാനങ്ങളിൽ ഏഴിലും സ്ത്രീ വോട്ടർമാരുടെ എണ്ണം കൂടി. ഈ കണക്കുകൾ പ്രതീക്ഷ നൽകുന്നവയാണെന്ന് തോന്നുമെങ്കിലും വോട്ട് ചെയ്യുന്ന സ്ത്രീകളുടെ എണ്ണവും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രാഷ്ട്രീയത്തിലെ സ്ത്രീ പ്രാതിനിധ്യത്തിന് തടസമാകുന്ന ഘടകങ്ങൾ ഇല്ലാതാക്കണമെന്നത് കാലത്തിന്റെ കൂടി ആവശ്യമാണെന്ന് മനസിലാക്കി പ്രവർത്തിക്കുകയാണ് ഇനി വേണ്ടത്.

Comments