എന്നുണ്ടാവും
കേരള നിയമസഭയിൽ
47 വനിതാ എം.എൽ.എമാർ?

വനിതാസംവരണ ബിൽ പാസ്സായിട്ടും നിയമമായിട്ടും അത് ഇന്ത്യയിൽ നടപ്പിലാവാൻ ഇനിയും വർഷങ്ങൾ കാത്തിരിക്കണം. ബിൽ നിയമമായ ചരിത്രവഴികളിലൂടെ… എന്ന് കാണാനാവും കേരളനിയമസഭയിൽ 47 വനിതാ എം.എൽ.എമാരെ? ഇന്ത്യൻ ലോക്സഭയിൽ 179 വനിതാ എം.പിമാർ? - ടി. ശ്രീജിത്ത് എഴുതുന്നു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ പാർലമെൻറിലെ സ്ത്രീകളുടെ എണ്ണത്തിൽ സ്വാതന്ത്ര്യാനന്തരം എന്ത് പുരോഗതിയാണ് ഉണ്ടായിട്ടുള്ളത്? രാജ്യം സ്വതന്ത്രമായി 78 വർഷങ്ങൾ പിന്നിട്ടിട്ടും ലോക്സഭയിലെ സ്ത്രീ പ്രാതിനിധ്യം എത്തിയത് 4.9 ശതമാനത്തിൽ നിന്ന് 13.6 ശതമാനത്തിലേക്കാണ്. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായ ഒന്നാം ലോക്സഭയിൽ ആകെയുള്ള 489 അംഗങ്ങളിൽ 24 പേർ മാത്രമായിരുന്നു സ്ത്രീകൾ. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആകെ 797 സ്ത്രീകൾ മത്സരിച്ചു. ജയിച്ചത് 74 പേർ മാത്രം. അതായത് വിജയശതമാനം 9.3. 543 അംഗങ്ങളിൽ ആകെയുള്ളത് വെറും 74 സ്ത്രീകൾ. ലോക്സഭാംഗങ്ങളുടെ എണ്ണത്തിൻെറ വെറും 13.6 ശതമാനം മാത്രം.

ഇന്ത്യൻ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് വന്നാലും സ്ഥിതി വ്യത്യസ്തമല്ല. നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യത്തിൽ ഇന്ന് ഇന്ത്യയിൽ ഏറ്റവും മുന്നിലുള്ളത് ബി.ജെ.പി ഭരിക്കുന്ന ഛതീസ്ഗഢാണ് (21%). രാജ്യത്ത് ഛതീസ്ഗഢ് ഒഴികെ മറ്റൊരും സംസ്ഥാന നിയമസഭയിലും സ്ത്രീ പ്രാതിനിധ്യം 20 ശതമാനത്തിന് മുകളിൽ പോലും എത്തിയിട്ടില്ല. പശ്ചിമബംഗാൾ (16%), ജാർക്കണ്ഠ്, ത്രിപുര (15%), ഹരിയാന (14%) എന്നിവയാണ് പിന്നീട് വരുന്നത്.

കേരളനിയമസഭയും
സ്ത്രീപ്രാതിനിധ്യവും

ജനസംഖ്യയുടെ പകുതിയിലേറെയും (52%) സ്ത്രീകളുള്ള സംസ്ഥാനമാണ് കേരളം. നിലവിൽ കേരള നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം വെറും 8 ശതമാനമാണ്. 1957-ലെ ആദ്യ നിയമസഭയിൽ ഉണ്ടായിരുന്നത് 6 സ്ത്രീകൾ. ഇന്ന് 11 സ്ത്രീകൾ. (നിലവിലെ നിയമസഭയിൽ ആകെ 12 വനിതാ എം.എൽ.എമാർ ഉണ്ടായിരുന്നു. കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീലയുടെ നിര്യാണത്തോടെ അത് 11 ആയി.) പട്ടികജാതി വിഭാഗത്തിൽ നിന്ന് രണ്ട് സ്ത്രീകൾ മാത്രമാണുള്ളത്. പട്ടികവർഗ വിഭാഗത്തിൽ നിന്ന് സ്ത്രീകളില്ല. നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളിൽ നിന്നുമായി മത്സരിച്ച സ്ത്രീകളുടെ കണക്ക് നോക്കിയാൽ അത് വെറും 16 ശതമാനം മാത്രമാണ്. കേരളത്തിൽ നിന്നുള്ള പാർലമെൻറ് എംപിമാരിൽ 29-ൽ 2 പേർ മാത്രമാണ് സ്ത്രീകൾ. ലോക്സഭയിൽ രമ്യ ഹരിദാസും രാജ്യസഭയിൽ ജെബി മേത്തറും. ലോക്സഭയിലും നിയമസഭയിലും കേരളത്തിൽ നിന്ന് മുസ്ലിം സ്ത്രീ പ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല.

33 ശതമാനം വനിതാ സംവരണം നടപ്പിലായാൽ കേരള നിയമസഭയിൽ കുറഞ്ഞത് 47 വനിതാ എം.എൽ.എമാർ ഉണ്ടാവും. അതായത് ഇപ്പോഴുള്ള സ്ത്രീപ്രാതിനിധ്യത്തിൻെറ ഏതാണ്ട് നാലിരട്ടി.

കഴിഞ്ഞ 70 വർഷത്തെ ചരിത്രത്തിനിടയിൽ കേരള നിയമസഭയിൽ സ്ത്രീപ്രാതിനിധ്യം ഒരിക്കൽ പോലും 10 ശതമാനത്തിന് മുകളിൽ പോലുമെത്തിയിട്ടില്ല. 2010-ൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം സംവരണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ നിയമസഭയിൽ ഇതിൻെറ യാതൊരുവിധ പ്രതിഫലനവുമില്ല എന്നതാണ് യാഥാർത്ഥ്യം. കേരള നിയമസഭയിൽ ഏറ്റവും കൂുതൽ സ്ത്രീകൾ ഉണ്ടായിരുന്നത് 1996-2001 കാലത്താണ്. അന്ന് 13 സ്ത്രീകളാണ്, അതായത് 9.3 ശതമാനം സ്ത്രീപ്രാതിനിധ്യമാണ് നിയമസഭയിലുണ്ടായിരുന്നത്. 1957-ലെ ഒന്നാം കേരളനിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം 4.7 ശതമാനമാണ്. സ്ത്രീപ്രാതിനിധ്യം ഏറ്റവും കുറവായിരുന്നത് 1967-70, 1977-79 കാലഘട്ടങ്ങളിലാണ്. ഒരേയൊരു സ്ത്രീയാണ് ഈ കാലത്ത് ഉണ്ടായിരുന്നത്. രണ്ട് തവണ മാത്രമാണ് സ്ത്രീപ്രാതിനിധ്യം രണ്ടക്കം കടന്നത്. 1996ലും പിന്നീട് ഇപ്പോഴത്തെ സഭയിലും.

കേരളത്തിൽ നിന്നുള്ള പാർലമെൻറ് എംപിമാരിൽ 29-ൽ 2 പേർ മാത്രമാണ് സ്ത്രീകൾ. ലോക്സഭയിൽ രമ്യ ഹരിദാസും രാജ്യസഭയിൽ ജെബി മേത്തറും. ലോക്സഭയിലും നിയമസഭയിലും കേരളത്തിൽ നിന്ന് മുസ്ലിം സ്ത്രീ പ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല.
കേരളത്തിൽ നിന്നുള്ള പാർലമെൻറ് എംപിമാരിൽ 29-ൽ 2 പേർ മാത്രമാണ് സ്ത്രീകൾ. ലോക്സഭയിൽ രമ്യ ഹരിദാസും രാജ്യസഭയിൽ ജെബി മേത്തറും. ലോക്സഭയിലും നിയമസഭയിലും കേരളത്തിൽ നിന്ന് മുസ്ലിം സ്ത്രീ പ്രാതിനിധ്യം ഒരു ശതമാനം പോലുമില്ല.

ഇന്ത്യയിലെ സ്ത്രീസംവരണ നിയമചരിത്രം

ഇന്ത്യയിലെ നിയമനിർമ്മാണസഭകളിലെ സ്ത്രീസംവരണത്തിന് കാലങ്ങളുടെ ചരിത്രമുണ്ട്. 1989-ൽ രാജീവ് ഗാന്ധി സർക്കാരാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 33 ശതമാനം സംവരണമെന്ന ആശയം ആദ്യമായി മുന്നോട്ട് വെക്കുന്നത്. ബിൽ ലോക്സഭയിൽ പാസ്സായെങ്കിലും രാജ്യസഭയിൽ പാസ്സായില്ല. 1992-93 കാലത്ത് കോൺഗ്രസ് നേതൃത്വത്തിലുള്ള നരസിംഹറാവു സർക്കാർ ബില്ലിൽ ഭേദഗതി വരുത്തി വീണ്ടും പാർലമെൻറിൽ അവതരിപ്പിച്ചു. പാർലമെൻറിൻെറ ഇരുസഭകളിലും ഇക്കാലത്ത് ബിൽ പാസ്സാക്കുകയും നിയമമായി മാറുകയും ചെയ്തു.

1996 സെപ്തംബർ രണ്ടിന് എച്ച്.ഡി. ദേവഗൗഡയുടെ നേതൃത്വത്തിലുള്ള യുണൈറ്റഡ് ഫ്രണ്ട് സർക്കാരാണ് പാർലമെൻറിലും നിയമസഭകളിലും മൂന്നിലൊന്ന് അതായത് 33 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ബിൽ ഇന്ത്യൻ പാർലമെൻറിൽ ആദ്യമായി അവതരിപ്പിക്കുന്നത്. ബിൽ ഇരുസഭകളിലും പാസ്സായില്ല. ഗീതാ മുഖർജി അധ്യക്ഷയായ പാർലമെൻററി കമ്മിറ്റിയെ കൂടുതൽ വിലയിരുത്തലുകൾക്കായി ബിൽ ഏൽപ്പിക്കുകയാണ് ചെയ്തത്. മുഖർജി കമ്മീഷൻ പിന്നീട് തങ്ങളുടെ റിപ്പോർട്ട് സമർപ്പിച്ചു. ഇതിന് ശേഷം പുതിയ ബിൽ അവതരിപ്പിച്ചെങ്കിലും അതും പാസ്സായില്ല. 1998-ലും 2000-ലും എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ ബിൽ പാസ്സാക്കാൻ ശ്രമം നടത്തിയെങ്കിലും നടപ്പിലായില്ല.

ഇന്ത്യയിൽ ഒന്നാം ലോക്സഭയിലെ 5 ശതമാനത്തിൽ നിന്ന് നിലവിലെ ലോക്സഭയിലെ സ്ത്രീപ്രാതിനിധ്യം ഏകദേശം 15 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ ആഗോളകണക്കുകൾ നോക്കുമ്പോൾ ഇന്ത്യ വളരെ പിന്നിലാണ്.

2004ൽ മൻ മോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കെ യുപിഎ സർക്കാർ വീണ്ടും വനിതാസംവരണ ബിൽ പാസ്സാക്കാൻ ശ്രമം നടത്തി. മൻമോഹൻ സർക്കാരിൻെറ പൊതുമിനിമം പരിപാടിയുടെ ഭാഗമായിരുന്നു ബിൽ. ഗീത മുഖർജ കമ്മീഷൻെറ 7-ൽ 5 നിർദ്ദേശങ്ങളും ഉൾക്കൊണ്ട് കൊണ്ടാണ് 2004-ൽ ബിൽ അവതരിപ്പിച്ചത്. 2010-ൽ ഈ ബിൽ രാജ്യസഭയിൽ പാസ്സായി. 186-നെതിരെ ഒരു വോട്ടിനാണ് ബിൽ പാസ്സായത്. എന്നാൽ ലോക്സഭയിൽ തൽക്കാലും ചർച്ചക്കെടുക്കാൻ തയ്യാറായില്ല. ബിൽ പാസ്സാക്കുന്നതിൽ വലിയ വിയോജിപ്പുകൾ ആദ്യഘട്ടത്തിൽ തന്നെ പ്രകടിപ്പിച്ചത് ആർ.ജെ.ഡി, ജെ.ഡി.യു, ബി.എസ്.പി തുടങ്ങിയ പ്രദേശിക പാർട്ടികളാണ്. വനിതാ സംവരണത്തിലെ ദലിത്, ഒ.ബി.സി പിന്നാക്ക പ്രാതിനിധ്യമാണ് ഇവർ ഉയർത്തിയത്. 33 ശതമാനം വനിതാ സംവരണത്തിൽ പിന്നാക്ക സ്ത്രീകൾക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്ന് നിധീഷ് കുമാറിനെപ്പോലുള്ള നേതാക്കൾ വാദിച്ചു. വനിതാ സംവരണം മുന്നാക്ക സ്ത്രീകൾക്ക് മാത്രമേ പ്രാതിനിധ്യം നൽകുകയുള്ളൂവെന്ന വാദമാണ് ഇവർ മുന്നോട്ട് വെച്ചത്. മായാവതി, ശരത് യാദവ്, ലാലുപ്രസാദ് യാദവ്, മുലായം സിങ് യാദവ് തുടങ്ങിയവരെല്ലാം സംവരണത്തിനുള്ളിലെ സംവരണത്തിന് വേണ്ടി വാദിച്ച നേതാക്കളാണ്. വനിതാ സംവരണത്തിൽ ബഹുജൻ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതായിരുന്നു ഇവരുടെയെല്ലാം വിയോജിപ്പിൻെറ പൊതുവായ കാരണം.

33 ശതമാനം വനിതാ സംവരണത്തിൽ പിന്നാക്ക സ്ത്രീകൾക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്ന് നിധീഷ് കുമാറിനെപ്പോലുള്ള നേതാക്കൾ വാദിച്ചു. വനിതാ സംവരണം മുന്നാക്ക സ്ത്രീകൾക്ക് മാത്രമേ പ്രാതിനിധ്യം നൽകുകയുള്ളൂവെന്ന വാദമാണ് ഇവർ മുന്നോട്ട് വെച്ചത്.
33 ശതമാനം വനിതാ സംവരണത്തിൽ പിന്നാക്ക സ്ത്രീകൾക്ക് പ്രത്യേക പ്രാതിനിധ്യം വേണമെന്ന് നിധീഷ് കുമാറിനെപ്പോലുള്ള നേതാക്കൾ വാദിച്ചു. വനിതാ സംവരണം മുന്നാക്ക സ്ത്രീകൾക്ക് മാത്രമേ പ്രാതിനിധ്യം നൽകുകയുള്ളൂവെന്ന വാദമാണ് ഇവർ മുന്നോട്ട് വെച്ചത്.

2023-ൽ നരേന്ദ്ര മോദി സർക്കാർ ബിൽ വീണ്ടും പാർലമെൻറിൽ അവതരിപ്പിക്കുകയും ഒടുവിൽ ഇരുസഭകളിലും പാസ്സാക്കിയെടുക്കുകയും ചെയ്തു. ഭരണഘടനയുടെ 106ാം ഭേദഗതി പ്രകാരമാണ് സ്ത്രീ സംവരണനിയമം പാസ്സാക്കിയത്. പട്ടികജാതി - പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള സീറ്റുകളിൽ 33 ശതമാനവും അതത് വിഭാഗം സ്ത്രീകൾക്ക് സംവരണം ചെയ്യണമെന്നും ബില്ലിൽ പറയുന്നുണ്ട്. അടുത്ത സെൻസസിനും മണ്ഡല പുനർനിർണയത്തിനും ശേഷം മാത്രമേ ബിൽ നടപ്പിലാക്കൂയെന്ന് കേന്ദ്രമന്ത്രി അമിത് ഷാ ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അതായത് 2029-ൽ നടപ്പിലാക്കുമെന്ന് പറയപ്പെടുന്നു. എന്നാൽ കുറഞ്ഞത് 2036 വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് രാഷ്ട്രീയവിദഗ്ദരുടെ വിലയിരുത്തൽ. വനിതാസംവരണ നിയമം നടപ്പിലാക്കി 15 വർഷത്തിന് ശേഷം, സംവരണം തുടരേണ്ടതുണ്ടോയെന്ന കാര്യത്തിൽ പരിശോധിച്ച് ശേഷം തീരുമാനമെടുക്കും.

സ്ത്രീപ്രാതിനിധ്യം; അറിയേണ്ട ചില കണക്കുകൾ

ഇന്ത്യയിൽ ഒന്നാം ലോക്സഭയിലെ 5 ശതമാനത്തിൽ നിന്ന് നിലവിലെ ലോക്സഭയിലെ സ്ത്രീപ്രാതിനിധ്യം ഏകദേശം 15 ശതമാനത്തിലേക്ക് എത്തിയിട്ടുണ്ട്. എന്നാൽ ആഗോളകണക്കുകൾ നോക്കുമ്പോൾ ഇന്ത്യ വളരെ പിന്നിലാണ്. സ്വീഡൻ, നോർവെ തുടങ്ങിയ സ്കാൻഡിനേവിയൻ രാജ്യങ്ങൾ പാർലമെൻറിലെ സ്ത്രീപ്രാതിനിധ്യത്തിൻെറ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള രാജ്യങ്ങളാണ്. ഇവിടങ്ങളിലെ പാർലമെൻറുകളിൽ ഏകദേശം 46 ശതമാനം സ്ത്രീകളുണ്ട്. ദക്ഷിണാഫ്രിക്കയിൽ 45 ശതമാനം, ഓസ്ട്രേലിയ, ഫ്രാൻസ് എന്നിവിടങ്ങളിൽ 38 ശതമാനം, ജർമ്മനി, യുകെ (35%), കാനഡ (31%), അമേരിക്ക (29%) എന്നിങ്ങനെയാണ് കണക്കുകൾ. ജപ്പാൻ (10%) പോലുള്ള രാജ്യങ്ങൾ ഇന്ത്യയ്ക്കും പിറകിലാണെന്ന് PRS Legislative Research കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. 33 ശതമാനം വനിതാ സംവരണം നടപ്പിലായാൽ കേരള നിയമസഭയിൽ കുറഞ്ഞത് 47 വനിതാ എം.എൽ.എമാർ ഉണ്ടാവും. അതായത് ഇപ്പോഴുള്ള സ്ത്രീപ്രാതിനിധ്യത്തിൻെറ ഏതാണ്ട് നാലിരട്ടി. ലോക്സഭയിൽ കുറഞ്ഞത് 6 വനിതാ എം.പിമാർ കേരളത്തിലുണ്ടാവും. 179 വനിതാ എം.പിമാർ ഇന്ത്യൻ പാർലമെൻറിൽ ഉണ്ടാവും. ബിൽ പാസ്സായിട്ടും നിയമമായിട്ടും ഇനിയും വർഷങ്ങൾ കാത്തിരിക്കണമെന്ന് മാത്രം.

Comments