രാജ്യത്ത് ലൈംഗിക കുറ്റകൃത്യങ്ങളുടെ ഗ്രാഫ് കുത്തനെ ഉയരുകയാണ്. ബലാത്സംഗ കൊലപാതങ്ങളിൽ ക്രൂരതയും വൈകൃതവും ഏതറ്റംവരെയും പോകുന്നു. കൊൽക്കത്തയിലെ RG Kar Medical College-ൽ പി.ജി. ഡോക്ടറെ റേപ് ചെയ്ത് കൊലപ്പെടുത്തിയ സംഭവമുണ്ടാക്കുന്ന ഭയവും നടുക്കവും അരക്ഷിതബോധവും എങ്ങനെയാണ് അടയാളപ്പെടുത്തേണ്ടത്? സംഭവത്തിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി ഐ.എം.എയുടെ നേതൃത്വത്തിൽ മെഡിക്കൽ വിദ്യാർഥികളും ഡോക്ടർമാരും നടത്തിയ സമരത്തിൽ ആശുപത്രികളിലും തൊഴിലിടങ്ങളിലും സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കപ്പെട്ടത്. ആശുപത്രികളിൽ മാത്രമല്ല, മറ്റെല്ലാ തൊഴിലിടങ്ങളിലും സ്കൂളുകളിലും വീടുകളിലും പൊതു സ്ഥലങ്ങളിലും എന്തു സുരക്ഷയാണ് സ്ത്രീകൾക്കുള്ളത്?
ഈ രാജ്യത്ത് ആരാണ് സ്ത്രീകൾ?
എന്തു സംരക്ഷണമാണ് അവർക്ക് ലഭിക്കുന്നത്? നിയമങ്ങളുണ്ടാക്കുകയും ആ നിയമങ്ങളുടെ കുരുക്കിൽ നിന്ന് കുറ്റവാളികളെ - ഉന്നതരാണെങ്കിൽ പ്രത്യേകിച്ചും - പോറലേൽക്കാതെ സംരക്ഷിക്കുകയും ചെയ്യുന്ന ഈ അളിഞ്ഞ സംവിധാനത്തിന്റെ അവസ്ഥയിൽ അല്പമെങ്കിലും ലജ്ജ അധികാരസ്ഥാനങ്ങളിലുള്ളവർക്ക് തോന്നുന്നില്ലേ? അന്വേഷണം വൈകിപ്പിക്കുക, തെളിവുകളില്ലാതാക്കാൻ പ്രതികളെ സഹായിക്കുക, ഇരകളെത്തന്നെ കുറ്റക്കാരായി സ്ഥാപിക്കുക തുടങ്ങിയ കുതന്ത്രങ്ങളുടെ ബലത്തിലാണ് ലൈംഗിക കുറ്റകൃത്യങ്ങൾ പെരുകുന്നത്. ഇത് ആരുടെ തെറ്റാണ്? മൂന്നും നാലും വയസ്സുള്ള നഴ്സറി വിദ്യാർഥികളെ ലൈംഗികപീഡനങ്ങൾക്ക് വിധേയമാക്കുന്ന സംഭവങ്ങളെ ‘ഒറ്റപ്പെട്ടത്’ എന്ന് തള്ളിക്കളയാനാവാത്തവിധം പീഡോഫീലിയയ്ക്ക് വളക്കൂറുള്ള മണ്ണല്ലേ, ഇന്ത്യാ മഹാരാജ്യം?
ഇതിനൊക്കെ സർക്കാരിനെ കുറ്റപ്പെടുത്തിയിട്ടെന്തുകാര്യം എന്നു ചോദിക്കുന്നവരുണ്ട്. ശിക്ഷാനടപടികൾ കടുത്തതും പഴുതില്ലാത്തതും കർക്കശവുമാക്കാൻ സർക്കാരുകൾ എന്തുചെയ്തു എന്ന ചോദ്യം ഇവിടെ സ്ത്രീകൾ ചോദിച്ചു തുടങ്ങിയിട്ട് എത്രയോ കാലമായി. എന്തു നിയമവും കോടതിയും ഉണ്ടായാലും ലൈംഗിക കുറ്റകൃത്യങ്ങൾ നടത്തിയവരെ രക്ഷിയ്ക്കാൻ സംവിധാനമുണ്ട് എന്നതുതന്നെയാണ് സർക്കാരുകളുടെ തെറ്റ്. ബ്രിജ്ഭൂഷന്റെ ഒറ്റ ഉദാഹരണം നോക്കിയാൽ മതി. ജസ്റ്റിസ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരുത്തുവാൻ എന്തുമാത്രം പ്രയത്നം വേണ്ടിവന്നു, പൊതുജനങ്ങൾക്ക്. വിവരാവകാശമെന്ന, ജനാധിപത്യത്തിലെ വൈക്കോൽത്തുരുമ്പ് ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും ഇത്രയെങ്കിലും, ആ റിപ്പോർട്ട് വെളിപ്പെടുമായിരുന്നില്ല.
ആരാണ് കുറ്റവാളികൾ എന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ വെളിപ്പെടുത്താത്ത സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാരും സൂപ്പർസ്റ്റാറുകൾ മുതൽ സംവിധായകരും പ്രൊഡക്ഷൻ കൺട്രോളർമാരും നിർമ്മാതാക്കളും മറ്റു നടന്മാരും ടെക്നീഷ്യൻമാരും ഒക്കെ അടങ്ങുന്ന സിനിമാമേഖലയിലെ മുഴുവൻ പുരുഷൻമാരെയും ആരോപണത്തിൽ പെടുത്തിയിട്ടുള്ള റിപ്പോർട്ടാണിത്.
ഐ.എം.എ ഉന്നയിച്ചതുപോലെ, തൊഴിലിടങ്ങളിൽ സുരക്ഷിതത്വം വേണമെന്നാവശ്യപ്പെട്ട് സിനിമാരംഗത്തെ കുറച്ചു സ്ത്രീകൾ ഐക്യപ്പെട്ടും സ്വന്തം ഭാവി പണയംവെച്ചും ഒരുപാട് ആക്ഷേപിക്കപ്പെട്ടും അവമതിക്കപ്പെട്ടും നടത്തിയ സമരത്തിന്റെ ഫലമാണ് ഹേമ കമീഷൻ റിപ്പോർട്ട്. ഭാഗികമായി മാത്രം പുറത്തുവന്ന റിപ്പോർട്ടിൽ റേപ്പിന് സമാനമായ കുറ്റകൃത്യങ്ങളുടെ വെളിപ്പെടുത്തലുകളാണുള്ളത്. ആരാണ് കുറ്റവാളികൾ എന്ന് വെളിപ്പെടുത്താത്ത സാഹചര്യത്തിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാരും സൂപ്പർസ്റ്റാറുകൾ മുതൽ സംവിധായകരും പ്രൊഡക്ഷൻ കൺട്രോളർമാരും നിർമ്മാതാക്കളും മറ്റു നടന്മാരും ടെക്നീഷ്യൻമാരും ഒക്കെ അടങ്ങുന്ന സിനിമാമേഖലയിലെ മുഴുവൻ പുരുഷൻമാരെയും ആരോപണത്തിൽ പെടുത്തിയിട്ടുള്ള റിപ്പോർട്ടാണിത്.
കുറ്റകൃത്യം നടന്നതായി സ്ത്രീകൾ മൊഴി കൊടുത്തിട്ടുണ്ട്. കുറ്റകൃത്യം നടന്നാൽ പ്രതിയോ പ്രതികളോ അതിന്റെ ഭാഗമായി ഉണ്ട്. അവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരേണ്ട ചുമതല അന്വേഷണ ഉദ്യോഗസ്ഥർക്കും ശിക്ഷാനടപടി കൈക്കൊള്ളാൻ നിയമസംവിധാനത്തിനും കഴിയണം. സിനിമാമേഖലയിലെ സ്ത്രീകളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രസ്തുത നടപടികൾ കൈക്കൊള്ളാൻ സർക്കാരിന് ബാധ്യതയുണ്ട്. തൊഴിലിടങ്ങളിലെ സ്ത്രീസുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള നിയമസംവിധാനങ്ങൾ സിനിമാമേഖലയിൽ കർശനമാക്കാൻ ഇനി വൈകിക്കൂടാ. എന്തുകൊണ്ട് സ്ത്രീകൾ പരാതിപ്പെട്ടില്ല എന്ന ചോദ്യത്തിന്റെ മറവിൽ ഇനി ആരും രക്ഷപ്പെടരുത്. നിർഭാഗ്യവശാൽ എത്ര പരാതി കിട്ടിയാലും എത്ര സമരം ചെയ്താലും സ്ത്രീകൾക്കുവേണ്ടി കണ്ണുതുറക്കില്ല എന്ന നയമാണ്, തുടർച്ചയായി നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. എണ്ണിയെണ്ണിപ്പറയാവുന്ന എത്രയോ ബലാത്സംഗ- സ്ത്രീപീഡനക്കേസുകൾ ചൂണ്ടിക്കാട്ടാൻ കഴിയും.
മറ്റേതു മേഖലയിലും എന്നപോലെ ജനാധിപത്യതുല്യതയില്ലാത്ത പാട്രിയാർക്കൽ സമൂഹമാണ് സിനിമാരംഗവും. ‘അമ്മ’ എന്ന സംഘടനയിലെ ആണും പെണ്ണും അതേ മൂല്യങ്ങൾ സ്വാംശീകരിച്ചവരാണ്. അതുകൊണ്ട് ഇടന്തടിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയെ, സ്ത്രീയെ നശിപ്പിക്കാൻ വളരെ എളുപ്പമാണ്. നടി ആക്രമിക്കപ്പെട്ട കേസ് ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നുണ്ട്. സ്വന്തം ജീവനും കുടുംബാംഗങ്ങളുടെ ജീവനും അപകടത്തിലായേക്കുമെന്നുള്ള ഭയം മൊഴികളിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തുകൊണ്ട് അസാധ്യമായ ഒരിടത്തുനിന്ന് WCC-യെപ്പോലൊരു സംഘടന ഉണ്ടായി എന്നതിന്റെ ഉത്തരമാണ് ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന്, ഇത്രയും കൊണ്ടുതന്നെ നമുക്ക് ഊഹിക്കാനാവുന്നതേയുള്ളു. WCC അംഗങ്ങൾക്കുനേരെയുണ്ടായ ഒറ്റപ്പെടുത്തലും വെർബൽ ആക്രമണങ്ങളും അവസരങ്ങൾ തടഞ്ഞ് നശിപ്പിക്കലുമൊക്കെ, റിപ്പോർട്ടിൽ പറയുന്നതുപോലെ ഒരു മാഫിയാസംഘത്തിന്റെ പ്രതികാര നടപടിയാണെന്നറിയുമ്പോൾ ഒരു ചോദ്യം ഉയരുന്നു- ഇത്തരം മാഫിയാസംഘത്തെ നിലനിർത്താൻ സർക്കാർ ഇനി അനുവദിക്കുമോ? ‘നടപടിയെടുക്കും’ എന്ന ഭീഷണി ഏതൊക്കെ പാറകളിൽ തട്ടിയാണ് തകർന്നുപോവുകയെന്ന് കാത്തിരുന്ന് കാണേണ്ടിവരും.