പോസ്റ്ററിടലും വാചകമടിയും അല്ലാതെ ഇപ്പോഴത്തെ കേരള സർക്കാർ മലയാളി സ്ത്രീകൾക്കുവേണ്ടി എന്തു ചെയ്യുന്നുവെന്ന് ചോദിച്ചാൽ വലിയ വട്ടപ്പൂജ്യം എന്നുപോലും പറയാൻ പറ്റില്ല. ഒരു നെഗറ്റീവ് സംഖ്യ കണ്ടെത്തേണ്ടിവരും. കാരണം അത്രയ്ക്ക് ദയനീയമാണ്, അത്രയ്ക്ക് അക്ഷന്തവ്യമാണ് നാമിന്ന് കണ്ടുകൊണ്ടിരിക്കുന്ന കാര്യങ്ങൾ.
എം.സി. ജോസഫൈൻ എന്ന വ്യക്തിയുടെ കഴിവുകേടും മനസുകേടും എല്ലാം 2017ൽ ഹാദിയ തന്റെ പൗരത്വത്തിന് സമരം ചെയ്ത കാലത്തുതന്നെ പകലുപോലെ വ്യക്തമായിരുന്നു. എങ്കിലും അന്ന് ഇസ്ലാമോഫോബിയ ബാധിച്ച നമ്മുടെ കണ്ണുകൾക്ക് അത് കാണാൻ സാധിച്ചില്ല എന്നുമാത്രം. ഇന്ന് അത് വളരെ പച്ചയായി ഒന്നുകൂടി പച്ചയായി പുറത്തുവന്നിരിക്കുന്നു. അത്രയും ആശ്വാസം.
എന്നാൽ ഇതുമാത്രമല്ല കാര്യം. ഈ കേസിൽ നാം എടുക്കുന്ന നിലപാട് എന്താണ്, സർക്കാർ എടുക്കുന്ന നിലപാട് എന്താണ് എന്നത് വളരെ നിർണായകമാണ്. വിസ്മയ നായർ എന്ന യുവതിയുടെ കാര്യത്തിലാണെങ്കിൽ സ്വന്തം വീട്ടുകാരും കല്ല്യാണം കഴിച്ച് ചെന്ന വീട്ടുകാരും ഒരുപോലെ കുറ്റക്കാരാണെന്നതിൽ യാതൊരു സംശയവുമില്ല. വിസ്മയയുടെ വിവാഹത്തിന് വൻതുക സ്ത്രീധനം നൽകിയെന്നത് മാത്രമല്ല, പൊതുപ്രവർത്തകനായ ഒരാൾ വൻതുക സ്ത്രീധനം നൽകിയെന്നത് മാത്രമല്ല, ഈ പെൺകുട്ടിയെ നിരന്തരം മർദ്ദിച്ചിരുന്നു എന്ന് വളരെ മൂർത്തമായി തന്നെ തെളിഞ്ഞു കഴിഞ്ഞിട്ടും മരണം നടക്കുന്നതിനു തൊട്ടുമുമ്പ് ഈ കുട്ടി തന്നെ മർദ്ദിച്ച കാര്യം വീട്ടുകാരെ അറിയിച്ചിട്ടും ആ കുട്ടിയെ അവിടുന്ന് മാറ്റാൻ മനസുതോന്നാത്ത ഇവർ ശരിക്ക് കുറ്റവാളിയല്ലാതെ ആരാണ്. അച്ഛനായാലും അമ്മയായാലും സഹോദരനായാലും അവരുടെ കണ്ണുനീരൊക്കെ വെറും അതിവൈകാരികത മാത്രമാണ്. സ്‌നേഹമോ നഷ്ടമോ ഒന്നുമല്ല. വെറും, അതിവൈകാരിക. ഈ അതിവൈകാരികതയെ ന്യായീകരിക്കാനും ശരിവെക്കാനും കെ.കെ. ശൈലജയെന്നു പറയുന്ന ഇടതുനേതാവ് അങ്ങോട്ട് എത്തിയത് എന്തിനാണെന്ന് എനിക്ക് മനസിലാവുന്നില്ല. ഈ കുടുംബത്തിന് നീതി നേടിക്കൊടുക്കും എന്നൊക്കെ അവർ പ്രസ്താവിച്ചതായി പത്രത്തിൽ കാണുന്നു. ഞാൻ ചോദിക്കുകയാണ്, രണ്ടുപേരും കുറ്റവാളികളാണ്; ഭർത്താവിന്റെ വീട്ടുകാരും ഭർത്താവും അതുപോലെ തന്നെ സ്വന്തം വീട്ടിലിരിക്കുന്ന അച്ഛനും സഹോദരനും എല്ലാം കുറ്റക്കാരാണ്. അങ്ങനെയിരിക്കെ ഒരു കൂട്ടരെ, ഈ പറയുന്നതുപോലെ സ്ത്രീധനം കൊടുക്കുന്നത് തെറ്റൊന്നുമില്ല ഉപദ്രവിക്കാതിരുന്നാൽ മതി എന്ന കേരളത്തിലെ സാമാന്യ പിതൃമേധാവിത്വ ബോധത്തെ വീണ്ടും ഊട്ടിയുറപ്പിക്കാൻ
എന്തുകൊണ്ടാണ് കെ.കെ ശൈലജ ശ്രമിക്കുന്നതെന്ന് എനിക്ക് മനസിലാവുന്നില്ല. എങ്ങനെയെങ്കിലും ഈ നാട്ടിൽ സ്ത്രീകൾ ജീവിച്ചുപോകട്ടെയെന്ന് ഇവർ വിചാരിക്കാത്തതെന്താണ്? വന്നുവന്ന്കേരളത്തിലെ സ്ത്രീകളുടെ ഗതിയെന്താണെന്നുവെച്ചാൽ, കെ.കെ ശൈലജയെപ്പോലുള്ളവരുടെ കപടമായ എംപതി ഒരുവശത്ത്, മറുവശത്ത് എം.സി ജോസഫൈനെപ്പോലുള്ളവരുടെ പച്ചയായ റൗഡിസം. ഇതിനിടയ്ക്കാണ് ഇന്ന് മലയാളി സ്ത്രീകളുടെ ജീവിതം.