കനിമൊഴി / Photo: Facebook

‘നിങ്ങൾ പാചകം ചെയ്യുമോ?'; കനിമൊഴിയോടുള്ള ചോദ്യവും
​അടുക്കള എന്ന അടയാളവും

കനിമൊഴി നേരിടേണ്ടി വന്ന ലിംഗവിവേചനത്തിന്റെ ഈ ചോദ്യം സ്ത്രീകളും ഭാരതീയ അടുക്കളയുമായുള്ള ബന്ധത്തെ രേഖപ്പെടുത്തുന്നു

ന്യൂസ് 18നുമായി സംസാരിക്കവേ, തമിഴ്‌നാട്ടിലെ എം.പി കനിമൊഴിയോട് മാധ്യമപ്രവർത്തകൻ ചോദിച്ചു, ‘നിങ്ങൾ പാചകം ചെയ്യാറുണ്ടോ?'
കനിമൊഴിയുടെ മറുപടി: ‘ഈ ചോദ്യം നിങ്ങൾ എന്തുകൊണ്ട് പുരുഷനായ ഒരു രാഷ്ട്രീയക്കാരോട് ചോദിക്കുന്നില്ല?'
മാധ്യമപ്രവർത്തകൻ തന്റെ ചോദ്യം ന്യായീകരിക്കാൻ ശ്രമിക്കുന്നു: ‘താങ്കൾ ഒരു രാഷ്ട്രീയ നേതാവാണ്, എം.പിയാണ്, ലോക്‌സഭയിൽ ഡി.എം.കെ എം.പിമാരുടെ ഉപനേതാവാണ്. അതുകൊണ്ടാണ് ഇങ്ങനെ ചോദിച്ചത്'.
കനിമൊഴിയുടെ മറുപടി: ‘എന്റെ അച്ഛൻ മുഖ്യമന്ത്രിയായിരുന്നു. എന്തുകൊണ്ടാണ് അദ്ദേഹത്തിനോട് ഈ ചോദ്യം ചോദിക്കാത്തത്?'

കനിമൊഴി നേരിടേണ്ടി വന്ന ലിംഗവിവേചനത്തിന്റെ ഈ ചോദ്യം സ്ത്രീകളും ഭാരതീയ അടുക്കളയുമായുള്ള ബന്ധത്തെ രേഖപ്പെടുത്തുന്നു. അതിന്റെ പശ്ചാത്തലത്തിൽ അടുക്കള എന്ന രൂപകത്തെ, യഥാർഥ്യത്തെ പറ്റിയുള്ള ഒരു വായന.

പുരുഷന്റെ ഇച്ഛക്കും താൽപര്യത്തിനും അനുസരിച്ച് വിഭവങ്ങൾ തയ്യാറാവുന്ന, പുരുഷന്റെ മനസ്സിലേക്കുള്ള വഴി വയറിലൂടെ അന്വേഷിക്കുന്ന അടുക്കളകളിൽ അധ്വാനം എന്നതിലുപരി സ്ത്രീയുടെ സ്ഥാനം എന്ത് എന്നതും ആലോചിക്കേണ്ടതാണ്.

‘ഞങ്ങൾക്ക് സാൻഡ് വിച്ചുകൾ മതി, അഭിപ്രായങ്ങൾ വേണ്ട ', ‘എവിടെയോ ഒരു അടുക്കള അനാഥമാകുന്നു '; ലിൻഡ്‌സേ ഹിപ്‌ഗ്രേവ് എന്ന സ്‌പോർട്‌സ് അവതാരക ലയണൽ മെസ്സി എന്ന ഫുട്‌ബോൾ താരത്തിന്റെ ശരിയല്ലാത്ത ഒരു പെനാൽറ്റിയെപ്പറ്റി അഭിപ്രായപ്പെട്ടപ്പോൾ അവർക്കു നേരിടേണ്ടിവന്ന ലിംഗവെറിയുടെ പല രൂപത്തിലും ഭാവത്തിലും അവതരിച്ച കമന്റുകളിൽ ചിലതാണിത്. സ്ത്രീകൾ അവർക്കു അനുവദിച്ച അടുക്കളകളെക്കുറിച്ച് മാത്രം സംസാരിച്ചാൽ മതിയെന്നും അരങ്ങത്ത് കേറണ്ട എന്നുതന്നെയാണ് പൊതു ചിന്താഗതി.

ലിൻഡ്‌സേ ഹിപ്‌ഗ്രേവ്

വർജിനിയ വുൾഫ് സ്ത്രീകൾക്ക് സ്വന്തമായി ഒരു മുറി വേണമെന്ന് വാദിച്ചയാളാണ്. അടുക്കള എന്ന സ്ത്രീമുറി എത്രമാത്രം സ്ത്രീഇടമാണ് എന്ന ചോദ്യവും പ്രസക്തം. പുരുഷന്റെ ഇച്ഛക്കും താൽപര്യത്തിനും അനുസരിച്ച് വിഭവങ്ങൾ തയ്യാറാവുന്ന, പുരുഷന്റെ മനസ്സിലേക്കുള്ള വഴി വയറിലൂടെ അന്വേഷിക്കുന്ന അടുക്കളകളിൽ അധ്വാനം എന്നതിലുപരി സ്ത്രീയുടെ സ്ഥാനം എന്ത് എന്നതും ആലോചിക്കേണ്ടതാണ്. കുടുംബങ്ങളിലെ സ്‌നേഹബന്ധങ്ങൾ അടുക്കള ബന്ധനങ്ങൾ ആവുന്നതിനെക്കുറിച്ച് 1972ൽ സ്‌പെയ്ർ റിബ് എന്ന ഫെമിനിസ്റ്റ് മാഗസിൻ ഇപ്രകാരം കുറിച്ചു: ‘ആദ്യം നീ അവന്റെ കൈകളിലേക്ക് വീഴുന്നു. പിന്നീട് നിന്റെ കൈകൾ അവന്റെ സിങ്കിലേക്കും'. അടുക്കളകൾ ഭാരതീയ സാഹചര്യങ്ങളിൽ എങ്ങനെയാണു സ്ത്രീകളുടെ മാത്രം ചുമതലയാവുന്നത് എന്നത് പരിശോധിക്കുന്നത് രസകരമാണ്.

കുടുംബാംഗങ്ങളുടെ ഇച്ഛയും സ്ത്രീകളുടെ ഇഷ്ടവും

ഭാരതീയ അടുക്കള, വ്യക്തികളുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ ജീവിതത്തെ, അതിന്റെ ആഖ്യാനങ്ങളെ വിഴുങ്ങുന്ന ഇമ്മിണി വലിയ കഥയാണ്. അത് ശക്തമായി ഓരോ തലമുറയെയും സ്വാധീനിക്കുകയും മാനസികതലങ്ങളെ കീഴടക്കുകയും ചെയ്യുന്നു. അതിനാലാണ് സ്ത്രീകൾ സ്വയം അത് സ്വന്തം ചുമതലയെന്നു കരുതുകയും, അതിൽ നിന്ന് വ്യതിചലിക്കുമ്പോൾ സമൂഹത്തിന്റെ വിമർശനത്തിനും വിദ്വേഷത്തിനും പാത്രമാകുകയും അപകർഷതാബോധം അനുഭവിക്കുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഭാരതീയ അടുക്കള, ഒരു മെറ്റാനറേറ്റീവ് ആണ്. ജീവിതങ്ങളെ മാറ്റി എഴുതാൻ കെൽപ്പുള്ളത്. സ്ത്രീകളുടെ മാത്രമല്ല, ഭാരതത്തിലെ പുരുഷൻമാരുടെയും ഉപബോധമനോവ്യാപാരങ്ങളെ നിയന്ത്രിക്കുന്നത് ഒരു പരിധിവരെ വീട് എന്ന സ്വകാര്യ ഇടത്തിലെ പരിശുദ്ധമായ അടുക്കളയാണ്.

ശുദ്ധം/ അശുദ്ധം, നന്മ / തിന്മ, എന്നീ ദ്വന്ദങ്ങളോടൊപ്പം സ്ത്രീകളുടെ ഇഷ്ടം, താൽപര്യം, കർത്തൃത്വം, അധികാരം എന്നിവയെല്ലാം അടുക്കളയിൽ പ്രശ്‌നവൽക്കരിക്കപ്പെടുന്നുണ്ട്.

സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ അധികാരത്തിന്റെ ചരടുകൾ വെളിപ്പെടുന്നത് അടുക്കള രാഷ്ട്രീയത്തിലാണ്

ലോകമെമ്പാടും അടുക്കളകളും സ്ത്രീജീവിതങ്ങളും പലവിധത്തിൽ ബന്ധപ്പെട്ടും, ബന്ധിക്കപ്പെട്ടും ഇരിക്കുന്നു എന്ന വസ്തുത നിലനിൽക്കെത്തന്നെ, ഭാരതീയ അടുക്കള ഭാരതത്തിന്റെ മഹത്തായ കഥകളിലെയും സുപ്രധാനമായ ഒരു ഇടം തന്നെയാണ്. പക്ഷെ ഇതിഹാസങ്ങളുടെ വായനയിൽ തെളിയുന്ന രസകരമായ കാര്യം, പാഞ്ചാലിയുടെ അക്ഷയപാത്രത്തിന്റെ ആഖ്യാനത്തിലൊഴികെ ഇതിഹാസങ്ങളിലെ സ്ത്രീകളുടെ അടുക്കള കഴിവുകളെക്കുറിച്ചു പരാമർശം കുറവാണ് എന്നതാണ്. എന്ന് മാത്രമല്ല മഹാഭാരതകഥയിലെ പാചകനൈപുണ്യം നിക്ഷിപ്തമായിരിക്കുന്നത് വനപർവത്തിലെ നളനിലും, പാണ്ഡവന്മാരിൽ രണ്ടാമനായ ഭീമസേനനിലുമാണ്. അവർ തങ്ങളുടെ കൈപ്പുണ്യത്തിലും കഴിവിലും അഭിമാനികളുമാണ്. രാമായണത്തിലെ സീതയാകട്ടെ, ഭാരതത്തിലെ സ്ത്രീകൾക്ക് മാതൃകയായ സർവഗുണങ്ങളുടെയും വിളനിലമാണെങ്കിലും, ആ ഗുണങ്ങളിലൊന്നിലും അടുക്കളപ്പണിയിലെ സാമർഥ്യം ഉൾപ്പെട്ടിട്ടില്ല.

വാൽമീകി രാമായണത്തിൽ മാത്രമല്ല, മറ്റു രാമായണങ്ങളിലും സീതയെ അടുക്കളക്കാരിയായല്ല രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിഹാസകാലങ്ങളിലെ ഉത്തമസ്ത്രീകളാരും അടുക്കളയിൽ പ്രാഗത്ഭ്യരല്ലെങ്കിലും പിൽക്കാല ഭാരതീയ സ്ത്രീകളുടെ കുടുംബഭരണ നിർവഹണത്തിലെ കഴിവിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗം കുടുംബാംഗങ്ങളുടെ ഇച്ഛക്കനുസരിച്ചു ഭക്ഷണം തയ്യാറാക്കി, വിളമ്പികൊടുത്തു അതിൽനിന്ന് സംതൃപ്തിയും സന്തോഷവും അനുഭവിക്കുന്നതാണ്.

അടുക്കളയിലെ പുരുഷ സാന്നിധ്യം ഔദാര്യവും, പ്രശംസ അർഹിക്കുന്നതുമായി ഇപ്പോഴും തുടരുന്നു / Photo: unsplash.com

ഈ മാറ്റം ചരിത്രത്തിന്റെ ഏതു ഭാഗത്തു സംഭവിച്ചു എന്നാലോചിച്ചാൽ ഒരു പക്ഷെ ഭക്തിപ്രസ്ഥാനകാലത്തോടനുബന്ധിച്ചാകാം. രാമരാജ്യം എന്ന ഉത്തമസങ്കൽപത്തിന് യോജിച്ച സൽഗുണ സമ്പന്നകളായ പതിവ്രതാരത്‌നങ്ങളുടെ നിർമിതികളിലാണ് ഓരോ സ്ത്രീയും സീതയെപ്പോലെയാവുക എന്ന അനുശാസനങ്ങളുണ്ടാവുന്നത്. ഗൃഹഭരണം, പാചകം, അനുസരണ, വിധേയത്വം, ഒതുക്കം, അടക്കം, ഭക്ഷണം പാകംചെയ്യാനും, ക്ഷീണമില്ലാതെ ഗൃഹജോലി ചെയ്യാനുമുള്ള ക്ഷമ, സഹനം എല്ലാം ഗുണങ്ങളുടെ ഭാഗമായി മാറി. ചരിത്രപരമായ തെളിവുകളുടെ അഭാവത്തിൽ പോലും സീത എപ്പോഴും ശ്രേഷ്ഠമായ ഗാർഹസ്ത്യത്തിന്റെ ഉത്തമമാതൃകയാണ്. നബനീതസെൻ ഒരു തെലുങ്ക് ഗാനത്തെപ്പറ്റി പറയുന്നുണ്ട്, ലങ്കയിൽനിന്ന്​ തിരിച്ച്​ രാമന്റെ അടുത്തേക്കുള്ള യാത്രമദ്ധ്യേ വഴിയരികിൽ കണ്ട ഒരു കല്ല് ചൂണ്ടിക്കാണിച്ചു സീത ഹനുമാനോട് പറയുന്നു; ‘എത്ര നല്ല അരകല്ല്, അയോദ്ധ്യയിലേക്ക് കൊണ്ടുപോവാൻ സാധിച്ചെങ്കിൽ എത്ര നന്നായേനെ'

അടുക്കള സ്ത്രീയുടെ മാത്രം സ്വന്തമായ ഇടം എന്നതിൽ നിക്ഷിപ്തമായിരിക്കുന്ന രാഷ്ട്രീയമാനങ്ങളെന്തൊക്കെയാണ്? ‘കലം ചെരിഞ്ഞാൽ കുലം ചെരിയും’ എന്ന ചൊല്ലിൽ തുടങ്ങുന്നു സ്ത്രീയുടെ വിശുദ്ധിയും , അടുക്കളയുടെ ശുദ്ധിയും കുടുംബത്തിന്റെ നിലനിൽപ്പും തമ്മിലുള്ള ബന്ധം. ലിംഗനീതിയുടെ പാഠങ്ങൾ വേവുന്നവയല്ല ഭാരതീയ അടുക്കളകൾ. സമൂഹത്തിൽ ആഴത്തിൽ വേരൂന്നിയ അധികാരത്തിന്റെ ചരടുകൾ വെളിപ്പെടുന്നത് അടുക്കള രാഷ്ട്രീയത്തിലാണ്. ഭക്ഷണം ബിസിനസ് ആവുമ്പോൾ അതിൽ ഇടപെടുന്ന പുരുഷ കേന്ദ്രീകൃത വ്യവസ്ഥകൾ വീടിനകത്തെ ഭക്ഷണവ്യവസ്ഥയിൽ ഉപഭോക്താവ് മാത്രമാകുന്ന രീതിയിൽ തന്നെയാണ് അടുക്കള രാഷ്ട്രീയം പ്രസക്തമാവുന്നത്. അത്തരത്തിൽ ശുദ്ധമായ സ്വകാര്യ ഇടമായി കണക്കാക്കപ്പെടുന്ന അടുക്കളയിൽ പാചകം പവിത്രമായ ഒരാചാരമാവുന്നു, കേവലം ബാഹ്യമായ വൃത്തി മാത്രമല്ല, വിശുദ്ധിയുടെ അനുഷ്ഠാനങ്ങളും അടുക്കളയിൽ പാലിക്കേണ്ടത് ആവശ്യമായിമാറുന്നു.

ആധുനികവും, യന്ത്രവൽകൃതവുമായ അടുക്കളകളുണ്ടായെങ്കിലും പാകം ചെയ്യൽ എന്ന ഉത്തരവാദിത്വം സ്ത്രീയുടെത് മാത്രമായി തുടർന്നു

പാചകവുമായി നേരിട്ട് ബന്ധമില്ലാത്ത സീതയുടെ പേരിൽ വടക്കേ ഇന്ത്യയിലെ പലഭാഗങ്ങളിലും സീത രസോയി എന്ന സീതയുടെ അടുക്കളയുടെ അവശിഷ്ടങ്ങൾ എന്നുകരുതുന്ന ഇടങ്ങളെ വിശുദ്ധമായി പരിപാലിക്കുന്നുണ്ട്. ഇത് പതിവ്രതയായ സ്ത്രീയുടെ കടമകളെയും ചുമതലകളെയും പറ്റിയുള്ള സൂചകങ്ങളായി പ്രവർത്തിക്കുന്നു. ഭാരതത്തിൽ ഭക്ഷണവും മതവും എങ്ങനെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നും നമുക്ക് കാണാം.

അടുക്കളയിലെ പുരുഷ സാന്നിധ്യം ഇന്നും ഔദാര്യം

അടുക്കളയുടെ ചരിത്രവും ഭൂമിശാസ്ത്രവും പഠനവിധേയമാക്കിയ അഞ്ചേല മീയ അടുക്കളക്ക് കാലകാലങ്ങളിൽ വന്നു ചേർന്ന മാറ്റത്തെക്കുറിച്ച് പറയുന്നുണ്ട്. പണ്ട് വീടിന്റെ പുറകിലായാണ് അടുക്കളയുടെ സ്ഥാനം ക്രമീകരിച്ചിരുന്നത്. പലപ്പോഴും സമൂഹത്തിന്റെ കാഴ്ചയിൽ നിന്നകന്ന് അവിടെ പുരുഷനും സ്ത്രീയും ചെയ്തിരുന്നത് പാർശ്വവൽക്കരിക്കപ്പെട്ട തൊഴിലായിരുന്നു. അടുക്കളയിലെ ഗന്ധങ്ങളും ശബ്ദങ്ങളും മുഖ്യധാരാ ഇടങ്ങളിലേക്ക് കടന്നുചെല്ലാതിരിക്കാൻ ഭക്ഷണത്തിനു ദൃശ്യത ലഭിക്കുമ്പോഴും, പാചക ഇടങ്ങളും, പാകം ചെയ്യുന്നവരും പരിധിക്കു പുറത്ത് അദൃശ്യരായി തുടർന്നു. വീട്ടിൽ അകം /പുറം ദ്വന്ദ്വം നിലനിർത്തിയിരുന്നത് അടുക്കള /പൂമുഖം എന്നീ ഇടങ്ങളാണ്. ആധുനികതയുടെ കടന്നു വരവോടെ, സ്ത്രീകൾ പൂമുഖത്തേക്കും, തദ്വാരാ പുറത്തേക്കും വെളിപ്പെട്ടു തുടങ്ങിയപ്പോൾ അടുക്കളക്കും സ്ഥാനചലനം സംഭവിച്ചു എന്ന് പറയാം. സ്ത്രീ വിദ്യാഭ്യാസവും ജോലിയും കൂടുതൽ ഒതുങ്ങിയതും, ആധുനികവും, യന്ത്രവൽകൃതവുമായ അടുക്കളകളെ സൃഷ്ടിച്ചു. പക്ഷെ പാകം ചെയ്യൽ എന്ന ഉത്തരവാദിത്വം അപ്പോഴും സ്ത്രീയുടെത് മാത്രമായി തുടർന്നു. ഒരു സ്ത്രീയുടെ കഴിവിനെ വിലയിരുത്തുന്നത് അകത്തിന്റെയും പുറത്തിന്റെയും ചുമതലകൾ രണ്ടിടങ്ങൾക്കും കുറവ് വരാതെ നിർവഹിക്കുന്നതിൽ നിക്ഷിപ്തമായി. അത് ഫലപ്രദമായി നിർവഹിക്കാൻ കഴിയാത്തവർ ഉത്തമ സ്ത്രീ എന്ന വിശേഷണത്തിനു പുറത്തു പാർശ്വവലക്കരിക്കപ്പെട്ടു നിലകൊണ്ടു. ഇന്ന് ഉത്തരാധുനിക കാലത്ത് അടുക്കളകൾ പൂമുഖത്തെത്തുമ്പോഴും സ്ത്രീകൾ പുരുഷനൊപ്പം പൊതു ഇടങ്ങളിലെ സാന്നിധ്യം ലിംഗഭേദമെന്യേ അനുഭവിക്കുമ്പോഴും, ജൻഡർ വെറും പെർഫോമൻസ് എന്നുറപ്പിക്കുമ്പോഴും വീടിന്റെ അടുക്കളയിലെ പുരുഷ സാന്നിധ്യം ഔദാര്യവും, പ്രശംസ അർഹിക്കുന്നതുമായി ഇപ്പോഴും തുടരുന്നു എന്നത് വിവരിക്കാനാവാത്ത വൈരുധ്യം തന്നെ. ഉത്തരാധുനികതയുടെ പുനർനിർവചനത്തിൽ തുറന്ന അടുക്കളകൾ യഥാർഥ്യമാവുകയും അത് ഒരു ‘ഓർക്കെസ്‌ട്രെറ്റിംഗ് കോൺസെപ്റ്റ്’ ആയി കുടുംബത്തിന്റെ മുഖ്യധാരാ ഇടം ആയി മാറുന്നത് കാണാം എന്നും മീയ അഭിപ്രായപ്പെടുന്നുണ്ട്.

രുചികളിലും ഗന്ധങ്ങളിലും മാത്രമല്ല, വ്യക്തിപരവും സാംസ്‌കാരികവുമായ ഓർമകൾ നിലനിർത്തുന്ന ഇടം കൂടിയായി അടുക്കളകൾക്ക് രൂപമാറ്റം സംഭവിച്ചു. സാങ്കേതികവിദ്യയുടെ ഏറ്റവും സൂക്ഷ്മമായ പ്രയോഗം നടക്കുന്നതും ഈ നൊസ്റ്റാൾജിക് ആയ സ്ഥലത്തുതന്നെയാണ്. ലോകമാകമാനം മാത്രമല്ല, കേരളത്തിലും സ്ത്രീകളുടെ അടുക്കളയിൽ നിന്നുള്ള വിമോചന സമരങ്ങൾ നടന്നിട്ടുണ്ട്. "അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് ‘അത്തരം ഒരു ശ്രമമായിരുന്നു. അകത്തു നിന്നും പുറംലോകത്തേക്കുള്ള വഴി അടുക്കളയിൽ നിന്നു, അതുളവാക്കുന്ന നിബന്ധനകളിൽ നിന്നുള്ള മോചനമാണെന്നുള്ള തിരിച്ചറിവായിരുന്നു അതിനു പുറകിൽ. പിൽക്കാലത്തു ഫെമിനിസ്റ്റുകൾ ഇതേ അടുക്കള തിരിച്ചു പിടിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചു. പുരുഷ കേന്ദ്രീകൃത വ്യവസ്ഥയിൽ അധിഷ്ഠിതമായ ക്യാപിറ്റലിസ്റ്റ് കരങ്ങൾ അടുക്കള എന്ന തീർത്തും സ്ത്രീ ഇടത്തെ കവർന്നെടുക്കുന്നു എന്ന ഭീതിയിലായിരുന്നു അത്.

വീണ്ടും ചോദിക്കും, ‘നിങ്ങൾ നേതാവായാലെന്ത്?, അരി വെക്കുമോ? '

അടുക്കളയിലേക്കുള്ള പുരുഷ പ്രവേശങ്ങൾ ധാരാളമുണ്ട്. സമകാലിക പരസ്യങ്ങളും അടുക്കളയുടെ ലിംഗസ്വഭാവത്തെ നിരാകരിക്കുന്നു. പക്ഷെ എങ്ങനെയാണ് അടുക്കളയിലെ പുരുഷനെ അടയാളപ്പെടുത്തുന്നത്? ഈ ലോക്ക്ഡൗൺ കാലത്ത് അടുക്കളയിൽ കയറിയ പുരുഷന്മാർ ധാരാളമുണ്ട്. പക്ഷെ അതിനു ചില വ്യത്യാസങ്ങളുണ്ട്. പുരുഷന്റെ അടുക്കളപ്രവേശം അവന്റെ ഔദാര്യമാണ്. ഉത്തരവാദിത്തമല്ല. അത് ആഘോഷമാണ്, ആചാരം അല്ല. അത് പൂർണമായും അവന്റെ താൽപര്യം ആണ്. സമൂഹത്തിന്റെ പ്രതീക്ഷയും നിർബന്ധവും അതിനില്ല. അതുകൊണ്ട് ലിംഗവിവേചനത്തിന്റെ പാഠങ്ങൾ പാകപ്പെടുന്നത് അടുക്കളകളിലാണ്.

‘മഹത്തായ ഭാരതീയ അടുക്കള 'എന്ന സിനിമ ആകസ്മികമല്ല. അത് പ്രശ്‌നവൽക്കരിക്കുന്ന ദ്വന്ദ്വങ്ങളിൽ പ്രധാനം പാരമ്പര്യവും ആധുനികതയും തമ്മിലുള്ള സംഘർഷമാണ്. കുക്കറും, മിക്‌സിയും, പുറം ലോകത്തേക്ക് നയിക്കുന്ന ജോലിയും എല്ലാം ആധുനികതയുടെ സൂചകങ്ങളായി ഉയർന്നുവരുന്നുണ്ടെങ്കിലും, അവയെയെല്ലാം ആദ്യം അനുനയത്തിന്റെയും, തുടർന്നു പ്രകോപനങ്ങളുടെയും ഭാഷയിലാണ് പുരുഷകേന്ദ്രീകൃതവ്യവസ്ഥ വശത്താക്കുന്നത്.

പ്രകൃതിയും പ്രകൃതവും തമ്മിലുള്ള വൈരുധ്യം, സ്ത്രീത്വത്തിലെ ദ്വന്ദ്വം, പൊതുഇടങ്ങളും സ്വകാര്യ ഇടങ്ങളും തമ്മിലുള്ള സംഘർഷം തുടങ്ങിയവയെല്ലാം അടുക്കളയെ രാഷ്ട്രീയ വൽക്കരിക്കപ്പെട്ട ഇടമായി നിലനിർത്തുന്നു

ശുദ്ധാശുദ്ധങ്ങളുടെ സംഘർഷങ്ങളാണ് മറ്റൊന്ന്. മത നിർവചനത്തിലെ അശുദ്ധം ജാതികണക്കുകളിൽ ശുദ്ധമാവുന്നു. ശുദ്ധവും വൃത്തിയും വ്യത്യസ്തതലങ്ങളിലാവുന്നതും ആചാരങ്ങളിലെ ശുദ്ധി ആഹാരകാര്യത്തിൽ അപ്രത്യക്ഷമാവുന്നതും കാണാം. ആരാണ് ശുദ്ധൻ എന്ന ചോദ്യചിഹ്നം നിലനിൽക്കുന്നു. എന്തിനെയും ശുദ്ധമാക്കുന്ന തീയടുപ്പിനരുകിൽ പൊട്ടിയൊലിക്കുന്ന സിങ്കുകൾ വ്യവസ്ഥകളുടെ ചീഞ്ഞളിഞ്ഞ വശങ്ങളും വെളിവാക്കുന്നുണ്ട്. ഒരേ സമയം പവിത്രയും, വൃത്തിയുള്ളവളും, ശുദ്ധയുമായി നിർവചിക്കപ്പെടുമ്പോൾ തന്നെ കളങ്കിതയും, വൃത്തിഹീനയും, മാറ്റിനിർത്തപ്പെടേണ്ടവളുമാണവൾ. പ്രകൃതിയും പ്രകൃതവും തമ്മിലുള്ള വൈരുധ്യം, സ്ത്രീത്വത്തിലെ ദ്വന്ദ്വം, പൊതുഇടങ്ങളും സ്വകാര്യ ഇടങ്ങളും തമ്മിലുള്ള സംഘർഷം തുടങ്ങിയവയെല്ലാം അടുക്കളയെ രാഷ്ട്രീയ വൽക്കരിക്കപ്പെട്ട ഇടമായി നിലനിർത്തുന്നു. കുടുംബം എന്ന വാക്കിനെ നിർവചിക്കുന്ന സോഷ്യോളജി അദ്ധ്യാപകനായ ഭർത്താവ് അതിന്റെ പ്രയോഗികതലങ്ങളിൽ പരാജയപ്പെടുന്നുണ്ട്. പൊതു ഇടങ്ങളിലെ സിദ്ധാന്തവും സ്വകാര്യ ഇടങ്ങളിലെ പ്രയോഗവും തമ്മിലുള്ള അന്തരമാണ് മറ്റൊരു വിഷയം. അകം പുറങ്ങളുടെ സ്വാധീനത്തിനപ്പുറം ശുദ്ധമായ സ്വകാര്യ ഇടങ്ങളായി നിലനിൽക്കുന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.

പാചകം, വിനോദം, വിശ്രമം, അധ്വാനം തുടങ്ങിയവയെല്ലാം ലിംഗവിവേചനത്തിന്റെ അളവുകോലിൽ വ്യത്യസ്തമാവുന്നു സ്ത്രീക്കും പുരുഷനും.
ഒടുവിലെന്തെന്നു ചോദിച്ചാൽ മാറി ചിന്തിക്കുന്ന, സ്വത്വം പ്രധാനമാകുന്ന വ്യവസ്ഥയെ വകവെക്കാത്ത സ്ത്രീകൾ അകത്തുനിന്ന് പുറത്തേക്കിറങ്ങുമ്പോൾ അത് വ്യവസ്ഥക്ക് പുറത്തേക്കു കൂടിയാണ്. വ്യവസ്ഥ മാറുന്നില്ലല്ലോ. നൈറ്റ് ഗൗൺ എന്ന ഗാർഹിക വേഷത്തിൽ പുരുഷ കേന്ദ്രീകൃത വ്യവസ്ഥയുടെ പ്രതീക്ഷകൾ ചുമലിലേറ്റുന്നവർ/ ഏറ്റാൻ നിർബന്ധിതരായവർ ഇനിയും ബാക്കിയുള്ളപ്പോൾ കനിമൊഴിയോട് വീണ്ടും ചോദിക്കും, ‘നിങ്ങൾ നേതാവായാലെന്ത്?, അരി വെക്കുമോ? '


ഡോ.ജ്യോതിമോൾ പി.

കോട്ടയം ബസേലിയസ് കോളേജിൽ ഇംഗ്ലീഷ് അധ്യാപിക. ഇംഗ്ലീഷിലും മലയാളത്തിലും എഴുതാറുണ്ട്. രണ്ടു ഭാഷകളിലും വിവർത്തനം ചെയ്യാറുണ്ട്.

Comments