ഹലീമ ബീവി / Photo: Jamal Kochangadi, Fb

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ നിന്ന് സ്ത്രീകൾ തുടച്ചു മാറ്റപ്പെടുന്നത് എന്തുകൊണ്ട്

ഇസ്​ലാമിക്​ ഫെമിനിസം ഒരുപാട് മുന്നേറിയെങ്കിലും, കേരളത്തിലെ ആദ്യ മുസ്‌ലിം പെൺ പത്രാധിപ ഹലീമ ബീവിയുടേതു പോലുള്ള സംഭാവനകളെ അംഗീകരിക്കാൻ നവോത്ഥാന ചരിത്രത്തെ കുറിച്ച് പുളകം കൊള്ളുന്ന മുസ്‌ലിം സംഘടനകൾക്ക് മടിയാണ്.

ടുത്തകാലത്ത് സ്ത്രീകളെ സംബന്ധിച്ച ആഖ്യാനങ്ങളിലും ചരിത്രരചനകളിലും വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും മുഖ്യധാരാ മുഖ്യധാരാ ചരിത്ര ഇടങ്ങളിൽ അവർ ഇപ്പോഴും അദൃശ്യരോ പ്രാതിനിധ്യം നഷ്ടപ്പെട്ടവരോ ആയിത്തുടരുന്നു. ഒന്നുകിൽ സ്ത്രീകളുടെ സാന്നിധ്യം പൂർണമായും ഇല്ലാതിരിക്കുക, അല്ലെങ്കിൽ നിരന്തരമായ പുരുഷ അടിച്ചമർത്തലിന്റെ ഇരകളായി, ആജ്ഞാനുവർത്തികളും താണതരക്കാരുമായി സ്ത്രീകളെ ചിത്രീകരിക്കുക. ഇതാണ് പതിവ്. ദേശരാഷ്ട്രങ്ങൾക്കതീതമായി ഇതാണ് കാലാകാലങ്ങളായി തുടർന്നുപോരുന്ന രീതി. തത്ഫലം, ചരിത്രപധാനമായ രേഖകളിലും കൃതികളിലും സ്ത്രീകളുടെ പങ്കിനെക്കുറിച്ചും ഇടപെടലുകളെക്കുറിച്ചും അപൂർവ്വമായി മാത്രമേ പ്രതിപാദിച്ചിരുന്നുള്ളു.

മുഖ്യധാരാ ചരിത്രനിർമാണങ്ങളുടെ രീതിശാസ്ത്രം തന്നെ പുരുഷ കേന്ദ്രീകൃതമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്.

എന്നാൽ, ഇക്കഴിഞ്ഞ ദശാബ്ദങ്ങളിൽ മുഖ്യധാരാ ചരിത്രം ഇക്കാരണങ്ങളൾ കൊണ്ടു തന്നെ നിരവധി വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട്. സ്ത്രീകൾക്കും അരികുവത്കരിക്കപ്പെട്ട വിഭാഗങ്ങൾക്കുമെതിരെയുള്ള അതിന്റെ സഹജമായ പക്ഷപാതിത്വവും മുൻധാരണകളും വിമർശിക്കപ്പെട്ടിട്ടുണ്ട്. ശ്രേണീബദ്ധമായി ഇത്തരം ചരിത്രനിർമാണങ്ങളുടെ രീതിശാസ്ത്രം തന്നെ പുരുഷ കേന്ദ്രീകൃതമാണെന്ന് തിരിച്ചറിയപ്പെട്ടിട്ടുണ്ട്. നവോത്ഥാന ചരിത്രത്തിന്റേയും, സാഹിത്യത്തിന്റേയും കാര്യത്തിലും ഇത് സത്യമാണ്. ജനാധിപത്യ പോരാട്ടങ്ങളുടേയും സാമൂഹിക മുന്നേറ്റങ്ങളുടേയും നൂറ്റാണ്ടുകളുടെ ചരിത്രം അവകാശപ്പെടുന്ന കേരളത്തിന്റെ കാര്യവും വ്യത്യസ്തമല്ല.

ഈ സന്ദർഭത്തിലാണ് വക്കം ആസ്ഥാനമായി സ്ഥാപിതമായ വക്കം മൗലവി സ്മാരക ഗവേഷണകേന്ദ്രം "ഹലീമ ബീവിയും കേരള നവോത്ഥാനവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ച പ്രസക്തമാകുന്നത്. കേരളത്തിന്റെ മുഖ്യധാര ചരിത്രത്തിന്റെ അരികുകളെക്കുറിച്ച് പുതിയ സംവാദങ്ങൾക്ക് ഇത് കാരണമായി.

ഡോ. ഖദീജ മുംതാസ് / ഫോട്ടോ: നിഖിൽ കാരാളി
ഡോ. ഖദീജ മുംതാസ് / ഫോട്ടോ: നിഖിൽ കാരാളി

ചരിത്രനിർമ്മാണത്തിന്റെ ഈ പ്രകൃതം കാരണം ""സ്ത്രീകൾക്കും ദളിതർക്കും കേരളത്തിന്റെ മുഖ്യധാര ചരിത്രത്തിൽ സ്ഥാനമുണ്ടായിരുന്നില്ല'' എന്ന് എഴുത്തുകാരിയും, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റുമായ ഡോ. ഖദീജ മുംതാസ് പറയുന്നു. അതുകൊണ്ടു തന്നെ നവോത്ഥാന നേട്ടങ്ങളുടെ കേവലം വികലാനുകരണമായി ലിഖിത ചരിത്രം ചുരുങ്ങുകയാണെന്നും അവർ പറയുന്നു: ""ചരിത്ര രചനയും ആഖ്യാനവും സവിശേഷാധികാരം കൈയ്യാളുന്ന വിഭാഗങ്ങളുടേയും മേൽജാതിയിൽ പെട്ടവരുടേയും കുത്തകയായി തുടരുന്നതു വരെ, സ്ത്രീകളുടേയും ദളിതരുടേയും പിന്നാക്കവിഭാഗങ്ങളുടേയും നിരാകരണം തുടർന്നുകൊണ്ടിരിക്കും. എന്നാൽ കേരളത്തിന്റെ നവോത്ഥാന പ്രക്രിയ ആരംഭിച്ചതു തന്നെ അടിച്ചമർത്തപ്പെട്ട വർഗ്ഗത്തിന്റേയും ജാതികളുടേയും പോരാട്ടങ്ങളിൽ നിന്നായിരുന്നെന്ന വസ്തുത നമ്മൾ മറക്കുകയാണ്.''

""കേരള നവോത്ഥാനത്തിൽ സ്ത്രീകളുടെ പങ്ക് തുടച്ചുമാറ്റപ്പെട്ടതിന് നിരവധി കാരണങ്ങളാണുള്ളത്. വക്കം മൗലവിയുടേയും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടേയും സംഭാവനകളെയും പ്രവർത്തനങ്ങളെയും കുറിച്ച് ചർച്ച ചെയ്യുന്ന നമ്മൾ പക്ഷെ അവരുടെ തന്നെ പിന്തുടർച്ചക്കാരായ സ്ത്രീകളെ മാറ്റിനിർത്തുകയാണ്.''

വിസ്മൃതിയിലേക്ക് തള്ളപ്പെട്ട ഹലീമ ബീവി (1918-2000) യുടെ കാര്യമെടുക്കുക. കേരളത്തിലെ ആദ്യ മുസ്‌ലിം പെൺ പത്രാധിപ ഹലീമ ബീവിയായിരുന്നു. സ്വന്തം സമുദായത്തിനകത്തു നിന്നും പുറത്തു നിന്നും അവർ എതിർപ്പുകൾ നേരിട്ടു. സി.പി രാമസ്വാമി അയ്യരെ പോലുള്ള അധികാര കേന്ദ്രങ്ങളിൽ നിന്നുള്ള പ്രലോഭനങ്ങളും ഭീഷണികളും വക വെക്കാതെ അവർ ഉറച്ചു നിന്നു. ""സങ്കടകരമെന്നു പറയട്ടെ, മാധ്യമപ്രവർത്തനം, സാമൂഹിക സേവനം തുടങ്ങി വൈവിധ്യമാർന്ന മേഖലകളിൽ ഇടപെടുകയും, നിറവേറ്റുകയും ചെയ്ത ഹലീമ ബീവി വിസ്മൃതിയിൽ മാഞ്ഞുപോയി.'' ഡോ. ഖദീജ മുംതാസ് പറഞ്ഞു.

മറ്റു സാമൂഹിക പ്രസ്ഥാനങ്ങളിലും സമാനമായത് സംഭവിച്ചത് ഡോ. ഖദീജ മുംതാസ് ചൂണ്ടിക്കാട്ടുന്നുണ്ട്. ""പൊയ്കയിൽ അപ്പച്ചന് അർഹമായ അംഗീകാരം നൽകുമ്പോൾ തന്നെ, അദ്ദേഹത്തിന്റെ മരണ ശേഷവും ദശാബ്ദങ്ങളോളം ആ ആത്മീയ പ്രസ്ഥാനത്തെ മുന്നോട്ടു നയിച്ച ജീവിത പങ്കാളി ജാനമ്മയെക്കുറിച്ച് നവോത്ഥാന ചരിത്രത്തിൽ കാര്യമായി പ്രതിപാദിക്കുന്നില്ല. കുമരകം ചിന്നമ്മയെ പോലുള്ള ധീരരായ സ്ത്രീകളും വിസ്മൃതിയിലാണ്ടു.''

സ്ത്രീ എന്ന നിലയിലും, മുസ്‌ലിം എന്ന നിലയിലും രണ്ടുതരം വെല്ലുവിളികളെ ഹലീമ ബീവിക്ക് നേരിടേണ്ടി വന്നതായി ഡോ. ഖദീജ മുംതാസ് പറയുന്നു. മുസ്‌ലിം പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനു പോലും അനുവാദമില്ലാതിരുന്ന കാലമായിരുന്നു അത്. ആത്മരക്ഷയ്ക്കായി ആളുകളുകളുടെ അകമ്പടിയോടെ അവർക്ക് സ്‌കൂളിൽ പോകേണ്ടി വന്നിട്ടുണ്ട്.

ജാനമ്മ / Photo: PRDS College of Arts and Science
ജാനമ്മ / Photo: PRDS College of Arts and Science

ഹലീമ ബീവിയുടെ ജീവിതം പോരാട്ടത്തിന്റേയും നിശ്ചയദാർഢ്യത്തിന്റേയും ചരിത്രമാണ്. 20 വയസ്സിൽ മാധ്യമരംഗത്തെ തന്റെ ആദ്യ സംരംഭമായ മുസ്‌ലിം വനിത (1938) യുടെ പ്രഥമ പത്രാധിപയായി. സാമ്പത്തിക നഷ്ടങ്ങൾക്കും സമുദായത്തിലെ യാഥാസ്ഥിതിക വിഭാഗത്തിൽ നിന്നുള്ള എതിർപ്പുകൾക്കിടയിലും ഹലീമ ബീവി ഉറച്ചു നിന്നു. 1944ൽ ഭാരത ചന്ദ്രിക എന്ന പേരിൽ ഒരു പ്രസിദ്ധീകരണം ഹലീമ ആരംഭിച്ചു. തകഴി ശിവശങ്കര പിള്ള, പി. കേശവദേവ്, ജി. ശങ്കര കുറുപ്പ്, എം.പി. അപ്പൻ, പി. കുഞ്ഞിരാമൻ നായർ, ഒ.എൻ.വി. കുറുപ്പ്, എസ്. ഗുപ്തൻ നായർ, ബാലാമണിയമ്മ തുടങ്ങി അക്കാലത്തെ പ്രമുഖ എഴുത്തുകാരെല്ലാം ഇതിൽ നിരന്തരം എഴുതാറുണ്ടായിരുന്നു. വക്കം അബ്ദുൾ കാദറും വൈക്കം മുഹമ്മദ് ബഷീറും പ്രസിദ്ധീകരണത്തിന്റെ എഡിറ്റോറിയൽ ബോർഡിലുണ്ടായിരുന്നു. വനിത എന്ന പേരിൽ ഒരു മാസിക ആരംഭിച്ച ഹലീമ, 1970ൽ ആധുനിക വനിത എന്ന മറ്റൊരു പ്രസിദ്ധീകരണത്തിനും നേതൃത്വം നൽകി.

ചരിത്രത്തിന്റെ രേഖകളുടെ ശേഖരത്തിൽ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് സ്ഥാനമില്ല. ഹലീമ ബീവി ഒരുദാഹരണം മാത്രമാണ്. സമാനമായ വനിതകൾ ചരിത്രത്തിൽ വേറെയും ഉണ്ടായിരിക്കും.

""രണ്ടാം ലോക യുദ്ധകാലത്ത് തിരുവല്ല മുനിസിപ്പൽ കൗൺസിലറായി ഹലീമ ബീവി പ്രവർത്തിച്ചത് അവരുടെ സാമൂഹിക ഇടപെടലുകളിലെ ദൃഢതയുടേയും സംഘാടന മികവിന്റേയും തെളിവാണ്. കേരളത്തിലെ ഇസ്‌ലാമിക്‌
ഫെമിനിസത്തിന്റെ പ്രോദ്ഘാടകരിലൊരാളാണ് ഹലീമ ബീവി. എന്നിട്ടും, അവരുടെ ജീവിതത്തിന്റേയും പോരാട്ടങ്ങളെുടേയും ചരിത്ര സാക്ഷ്യം നമ്മുടെ പക്കൽ ഇല്ലാതെ പോയത് നിഗൂഢവും പരിഹാസ്യവുമാണ്. ഈയടുത്ത് മാത്രമാണ് നൂറയും നൂർജഹാനും ചേർന്നെഴുതിയ ഹലീമ ബീവിയുടെ ജീവചരിത്രം പ്രസിദ്ധീകരിക്കുന്നത്.'' ഡോ. ഖദീജാ മുംതാസ് പറഞ്ഞു.

ഹലീമ ബീവിയുടെ ജീവചരിത്രം എഴുതുന്നതിനിടെ നേരിട്ട വെല്ലുവിളികളെക്കുറിച്ച് എഴുത്തുകാരിയും അധ്യാപകയുമായ നൂറ പറയുന്നുണ്ട്. ഒരു ഏജൻസി എന്ന നിലയക്ക് സ്ത്രീകൾ സമൂഹത്തിൽ നിന്ന് നിരവധി വെല്ലുവിളികൾ നേരിട്ടിട്ടുണ്ട്. ചരിത്രത്തിന്റെ രേഖകളുടെ ശേഖരത്തിൽ സ്ത്രീകളുടെ ജീവിതത്തെക്കുറിച്ചുള്ള വിവരങ്ങൾക്ക് സ്ഥാനമില്ല. ഹലീമ ബീവി ഒരു ഉദാഹരണം മാത്രമാണ്. സമാനമായ വനിതകൾ ചരിത്രത്തിൽ വേറെയും ഉണ്ടായിരിക്കും.

നൂറ, നൂർജഹാൻ
നൂറ, നൂർജഹാൻ

ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിലെ റിസർച്ച്​ ഫെല്ലോയും സഹഎഴുത്തുകാരിയുമായ നൂർജഹാനെ സംബന്ധിച്ച്, സ്ത്രീ എന്ന നിലയ്ക്കും
മുസ്‌ലിം എന്ന നിലയ്ക്കുമുള്ള സ്വത്വമാണ് ഹലീമ ബീവിയുടെ ജീവിതം ചരിത്രത്തിൽ ഇടം രേഖപ്പെടുത്താതെ പോയതിന് കാരണം. തങ്ങളുടെ നവോത്ഥാന ചരിത്രത്തെ കുറിച്ച് ആവേശം കൊള്ളുന്ന മുസ്‌ലിം സംഘടനകളും ഹലീമ ബീവിയെ സൗകര്യപൂർവം മറന്നതായി നൂർജഹാൻ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ പ്രശ്നങ്ങൾ പൊതു ജീവിതത്തിന്റെ മധ്യത്തിൽ ഉയർന്നു വരികയും, ഇസ്​ലാമിക്​ ഫെമിനിസം പിന്നീട് ഒരുപാട് മുന്നേറുകയും ചെയ്തുവെങ്കിലും, ഹലീമ ബീവിയുടേതു പോലുള്ള സംഭാവനകളെ അംഗീകരിക്കാൻ ഈ പ്രസ്ഥാനങ്ങൾക്ക് മടിയാണ്. ഹലീമ ബീവിയുടെ ജീവചരിത്രം ഒരു തുടക്കം മാത്രമാണ്. വിവിധ മേഖലകളിലുള്ള അവരുടെ സംഭാവനകൾ കേരളത്തിൽ സാംസ്‌കാരിക ചരിത്രത്തിൽ രേഖപ്പെടുത്തേണ്ടതുണ്ടെന്നും നൂർജഹാൻ പറയുന്നു.▮

വിവർത്തനം: മുഹമ്മദ് ഫാസിൽ


കെ.എം. സീതി

മഹാത്മഗാന്ധി സർവകലാശാലയിലെ അന്തർ സർവകലാശാല സോഷ്യൽ സയൻസ് റിസർച്ച് ആൻറ്​ എക്സ്റ്റൻഷൻ (IUCSSRE) ഡയറക്ടർ. ഇവിടെ സോഷ്യൽ സയൻസസ് ഡീനായും ഇന്റർ നാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്ക്സ് ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്. Global South Colloquy യിൽ എഴുതുന്നു. ​​​​​​​

Comments