കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജ് ജീവനക്കാരിയായ ശ്രീലത സ്വന്തം വീടിനുമുന്നിൽ വേറിട്ടൊരു സമര പ്രതിഷേധത്തിലാണ്. 'കുളി സമരം' എന്നാണ് അവർ തന്റെ പ്രതിഷേധത്തെ വിശേഷിപ്പിക്കുന്നത്. ദിവസവും വസ്ത്രമിട്ടുവന്ന് അവർ കുളിക്കുകയും ഓരോ ദിവസത്തെയും കുളി മുഖ്യമന്ത്രി അടക്കമുള്ള അധികാരികൾക്ക് സമർപ്പിക്കുകയും ചെയ്യുന്നു. അവർ ഈ പ്രതിഷേധം തന്റെ യൂറ്റ്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. രണ്ടാഴ്ച കഴിഞ്ഞു, ശ്രീലത ഈ കുളി സമരം തുടങ്ങിയിട്ട്.
ഒരു സ്ത്രീ എന്തുകൊണ്ട് ഇങ്ങനെയൊരു സമരമാർഗം സ്വീകരിക്കുന്നു എന്ന ചോദ്യമാണ്, അതിന് കാരണമായ സംഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്. കാരണം, ഇന്ന് മിക്കവാറും എല്ലാ സമരങ്ങളും- ആശാ വർക്കർമാരുടെ അടക്കം- സ്ത്രീസാന്നിധ്യം കൊണ്ട് സജീവമാണ്. സ്ത്രീകൾ പലതരം സമരമാർഗങ്ങളും സ്വീകരിക്കുന്നുണ്ട്. അവർക്ക് ഒത്തുതീർപ്പുകൾ സാധ്യമല്ല. കാരണം, നീതിയുടെ എല്ലാ വാതിലുകളും തങ്ങൾക്കുമുന്നിൽ കൊട്ടിയടക്കപ്പെട്ടശേഷമായിരിക്കും ഇത്തരം സ്ത്രീകൾ പ്രത്യക്ഷ സമരമുഖത്തേക്ക് ഇറങ്ങുന്നത്. അതുകൊണ്ട് അവർക്ക് പിന്മാറാൻ കഴിയുകയുമില്ല. അത്തരമൊരു പ്രത്യക്ഷ സമരമുഖത്താണ് ശ്രീലത എന്ന സ്ത്രീ.
അവർ ഉന്നയിക്കുന്ന വിഷയത്തിന്, അവരുടെ ജീവിത പാശ്ചാത്തലവുമായി കൂടി ബന്ധമുണ്ടെന്നാണ്, അവരുമായി സംസാരിച്ചപ്പോഴും തന്റെ യൂറ്റ്യൂബ് ചാനലിൽ പോസ്റ്റു ചെയ്ത വീഡിയോകൾ കണ്ടപ്പോഴും ഞാൻ മനസ്സിലാക്കിയത്. അവർ ഒരു സിങ്കിൾ പാരന്റാണ്. ഇത് അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നത്തിന്റെ ഒരു പ്രധാന കാരണം കൂടിയാണ്. 30 വർഷമായി ശ്രീലത നിയമപരമായി വിവാഹമോചനം നേടിയിട്ട്. രണ്ട് മക്കളുണ്ട്, ഇരുവരും കേരളത്തിനുപുറത്താണ് ജീവിക്കുന്നത്. വയോധികയായ അമ്മയ്‌ക്കൊപ്പമാണ് ശ്രീലത താമസിക്കുന്നത്. 13 വർഷമായി കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിൽ ജോലി ചെയ്യുന്ന അവർ മുമ്പ് കാസർഗോഡ് എഞ്ചിനീയറിങ് കോളേജ് അടക്കമുള്ള സ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്നു.

വ്യക്തിജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളിലൂടെ കടന്നുവന്ന വ്യക്തിയാണ് ശ്രീലത. പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു വിവാഹം. പതിനാറാം വയസ്സിലായിരുന്നു ആദ്യ പ്രസവം. സിസേറിയൻ ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ കിടക്കുമ്പോൾ, അവിടെവച്ച് ഭർത്താവിന്റെ ലൈംഗികാക്രമണമുണ്ടായതായി അവർ പറയുന്നുണ്ട്. പിന്നീട് ഭർത്താവുമായി അകന്നു. നാലു വർഷങ്ങൾക്കുശേഷം അയാൾ തിരിച്ചെത്തുകയും ശ്രീലതയുടെ വീട്ടുകാർ അവരെ അയാൾക്കൊപ്പം പറഞ്ഞയക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിക്കുശേഷം അവർ ഭർത്താവിൽ നിന്നകന്ന് വീട്ടിലേക്ക് തിരിച്ചെത്തുകയായിരുന്നു. 20 വയസ്സിനിടെ, കുടുംബത്തിൽ നിന്നും ഭർത്താവിൽനിന്നും ക്രൂരമായ അനുഭവങ്ങളാണ് അവർക്ക് നേരിടേണ്ടിവന്നത്. ഒറ്റയ്ക്കായ അവർ സ്വന്തം നിലയ്ക്ക് പഠിച്ചാണ് പി.എസ്.സി പരീക്ഷയെഴുതി സർക്കാർ ജോലി നേടുന്നത്.
തൊഴിലെടുത്ത് ആത്മധൈര്യത്തോടെ ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു സ്ത്രീയോട് ചുറ്റുമുള്ള സമൂഹം എങ്ങനെയായിരിക്കും പ്രതികരിച്ചിരിക്കുക എന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇപ്പോഴത്തെ പ്രതിഷേധത്തിനാധാരമായ പ്രശ്‌നമുണ്ടാകുന്നതിനുമുമ്പുള്ള ചില വീഡിയോകളിൽ അവർ ഇതേക്കുറിച്ച് ചില സൂചനകൾ നൽകുന്നുണ്ട്. ഒറ്റയ്ക്കു ജീവിക്കുന്ന അവർക്കുനേരെ പല പുരുഷന്മാരിൽനിന്നും ചില 'കൊച്ചു കൊച്ചു' താൽപര്യപ്രകടനങ്ങളുണ്ടായിട്ടുണ്ട്, അസുഖകരങ്ങളായ നോട്ടങ്ങളും സമീപനങ്ങളുമുണ്ടായിട്ടുണ്ട്. അതിനെ അവർ വളരെ ധീരമായി നേരിട്ടതായാണ് എനിക്ക് മനസ്സിലാക്കാനായത്. ഒന്നുകിൽ മറുപടി കൊണ്ട്, അല്ലെങ്കിൽ നിശ്ശബ്ദത കൊണ്ട്, അല്ലെങ്കിൽ നിലപാടു കൊണ്ട് അവയ്ക്ക് മറുപടി നൽകിയാണ് അവർ മുന്നോട്ടുപോയത്. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീയുടെ ശരീരത്തെ പൊതുസ്വത്തായാണ് പാട്രിയാർക്കി കാണുന്നത്. അതിന് പ്രത്യേക അവകാശിയില്ല, ആ ശരീരത്തെ ആർക്കും എപ്പോൾ വേണമെങ്കിലും ആക്രമിക്കാം. പ്രത്യേകിച്ച് മതങ്ങൾ കൂടുതൽ യാഥാസ്ഥിതികമായി മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത്, മതത്തിന്റെ അതേ മൂല്യങ്ങൾ തന്നെയാണ് പാട്രിയാർക്കിയും അതുൾക്കൊള്ളുന്ന സാമൂഹിക സ്ഥാപനങ്ങളും കൈക്കൊള്ളുന്നതെന്ന് അടിവരയിടേണ്ടിവരും. ഒറ്റക്കു തൻ്റേടത്തോടെ ജീവിക്കുന്ന സ്ത്രീകളോടുള്ള സാമൂഹിക പ്രതിരോധം വർദ്ധിച്ചു വരുന്നതായാണ് വിധവകൾ, വിവാഹമോചിതകൾ, അവിവാഹിതകൾ എന്നിവരുമായി ബന്ധപ്പെട്ട സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകൾ പുറത്തു പറയുന്ന ഇത്തരം അനുഭവങ്ങൾ വളരെ നിർണായകമാണെന്നു കാണാം.
ഒറ്റക്കു തൻ്റേടത്തോടെ ജീവിക്കുന്ന സ്ത്രീകളോടുള്ള സാമൂഹിക പ്രതിരോധം വർദ്ധിച്ചു വരുന്നതായാണ് വിധവകൾ, വിവാഹമോചിതകൾ, അവിവാഹിതകൾ എന്നിവരുമായി ബന്ധപ്പെട്ട സമീപകാല അനുഭവങ്ങൾ വ്യക്തമാക്കുന്നത്.
കണ്ണൂർ ഗവ. കോളേജിൽ അവർക്കെതിരെയുണ്ടായ ആക്രമണത്തിന്, അവരുടെ ഈയൊരു ജീവിതപാശ്ചാത്തലത്തിന് പങ്കുണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കോളേജിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ മദ്യപിച്ചുവന്ന് ശ്രീലതയോട് മോശമായി പെരുമാറിയതാണ് സംഭവങ്ങളുടെ തുടക്കം. ശ്രീലത അതിനെ എതിർത്തപ്പോൾ ലാബിലുള്ള ഉപകരണങ്ങളെടുത്ത് ഇയാൾ അവരെ എറിഞ്ഞു. മദ്യപിച്ചെത്തുന്ന ആൾക്കൊപ്പം ജോലി ചെയ്യാൻ സാധ്യമല്ല എന്നു കാട്ടി ശ്രീലത 2024 ഡിസംബറിൽ കോളേജ് അധികാരികൾക്ക് പരാതി നൽകി. എന്നാൽ, പരാതികളിൽ അന്വേഷണമോ നടപടിയോ ഉണ്ടായില്ല.
ഒന്നര വർഷമായി, സ്വന്തം ജീവിതത്തിലെ സന്തോഷങ്ങൾ പങ്കുവെക്കാൻ ശ്രീലത ഒരു യൂറ്റ്യൂബ് ചാനൽ നടത്തുന്നുണ്ട്. ജീവിതത്തിലെ സാധാരണമായ ചില കാര്യങ്ങളാണ് അവർ പങ്കുവെച്ചിരുന്നത്. ഇത് കുറച്ചാളുകൾ കാണാൻ തുടങ്ങുകയും റീച്ച് കിട്ടുകയും ചെയ്തുവരുന്ന സമയത്താണ് മേൽ സൂചിപ്പിച്ച സംഭവമുണ്ടായത്. ആ സംഭവത്തിനുശേഷം, ഒരു ദിവസം കോളേജ് ലാബിന്റെ ചുമരിൽ 'ശ്രീലതയുടെ നഗന്‌നതാപ്രദർശനം ഇന്നു രാത്രി എട്ടുമണിക്ക്' എന്ന് എഴുതിവെച്ചു. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നും മറ്റും അതെഴുതിയതാരാണെന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, അയാൾക്കെതിരെ, തൊഴിൽ സ്ഥലത്തെ ലൈംഗികമായ അതിക്രമത്തിന് നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശ്രീലത എച്ച്. ഒ.ഡി അടക്കമുള്ള കോളേജ് അധികാരികൾ, അവിടെയുണ്ടായിരുന്ന 'ഷി' എന്ന സംവിധാനം എന്നിവയ്ക്ക് പരാതി കൊടുത്തു. തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലും ഇതുമായി ബന്ധപ്പെട്ട എഫ് ഐ ആർ ഉണ്ടെന്നറിയുന്നു. മദ്യപിച്ച് ആക്രമിച്ചതിനെതിരെ പരാതി കൊടുത്ത വിരോധത്തിനാണ് ഇയാൾ ഇങ്ങനെ എഴുതിവെച്ചത് എന്നു മനസിലാക്കിയാൽ കുറ്റം പറയാനാകില്ല.
കണ്ണൂർ ഗവ. കോളേജിൽ ഇൻേറണൽ കംപ്ലൈയ്ന്റ് കമ്മിറ്റിയുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതെന്തായാലും ഫലത്തിൽ അങ്ങനെയൊന്നിന്റെ സാന്നിധ്യം അവിടെയില്ല എന്നാണ് മനസ്സിലാകുന്നത്. ആഭ്യന്തരമായി കഴിയാവുന്ന ഇടങ്ങളിലെല്ലാം നിയമപ്രകാരം പരാതി ഉന്നയിച്ചിട്ടും ഒരു നടപടിയുമുണ്ടാകാതിരുന്നപ്പോൾ അവർ സ്ഥാപനത്തിനുമുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. അപ്പോൾ ഈ വർഷം ആദ്യം പ്രതിസ്ഥാനത്തുള്ള ജീവനക്കാരനെ അന്വേഷണ വിധേയമായി സസ്പെന്റ് ചെയ്തു. എന്നാൽ, ഇതിനുതൊട്ടുപുറകേ മറ്റൊരു ഓർഡർ കൂടി ഇറക്കി. വിവിധ ആരോപണങ്ങളുന്നയിച്ച് ശ്രീലതയെ കോഴിക്കോട്ടേയ്ക്ക് പണിഷ്മെന്റ് ട്രാൻസ്ഫർ ചെയ്യുന്ന ഉത്തരവായിരുന്നു അത്. മുഖ്യമന്ത്രി അടക്കമുള്ള അധികാരികൾക്കെതിരെ വീഡിയോ പോസ്റ്റു ചെയ്തു തുടങ്ങിയ വ്യാജ ആരോപണങ്ങൾ കെട്ടിച്ചമച്ചായിരുന്നു സ്ഥലംമാറ്റം. അതായത്, ശ്രീലത പരാതിയുമായി ഉന്നത അധികാരികളെ സമീപിച്ചാൽ, അതിന് തടയിടാൻ പാകത്തിലുള്ള വ്യാജ ആരോപണങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. ജീവനക്കാരനെതിരെ പരാതി നൽകി എന്ന 'കുറ്റ'ത്തിന് ട്രാൻസ്ഫർ ചെയ്യാൻ പറ്റില്ലല്ലോ, അപ്പോൾ അതിന് ചില കാരണങ്ങളുണ്ടാക്കുകയായിരുന്നു അധികാരികൾ എന്നു വേണം മനസിലാക്കാൻ.

പ്രതിസ്ഥാനത്തുള്ള ജീവനക്കാരന് സസ്‌പെൻഷനും പരാതിക്കാരിക്കെതിരെ ശിക്ഷാനടപടിയും. സസ്‌പെൻഷൻ എന്നത് ശിക്ഷാനടപടിയല്ല, അന്വേഷണ വിധേയമായി മാറ്റിനിർത്തലാണ് എന്ന് പ്രത്യേകം മനസ്സിലാക്കണം. ഇതിന്റെ അടിസ്ഥാനത്തിൽ ശ്രീലത കോഴിക്കോട് ജോയിൻ ചെയ്തില്ല. അത് ചൂണ്ടിക്കാട്ടി അവരെ സസ്‌പെന്റ് ചെയ്തു. ഇതേതുടർന്ന് കോളേജ് അധികൃതർക്കും ടെക്‌നിക്കൽ ഡയറക്ടർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ശ്രീലത പരാതി നൽകി. തനിക്കെതിരെ കോളേജ് ലാബിന്റെ ചുമരിൽ ലൈംഗിക പരാമർശം എഴുതിവച്ചതിനെതിരെയും അതിന് പരാതി നൽകിയതിന് പണിഷ്‌മെന്റ് ട്രാൻസ്ഫർ ചെയ്തിതെിനെതിരെയും പ്രതിസ്ഥാനത്തുള്ളയാളെ സ്ഥാപനത്തിൽനിന്ന് പുറത്താക്കമെന്നാവശ്യപ്പെട്ടുമായിരുന്നു പരാതി. അധികാരികളെ കാര്യങ്ങൾ ധരിപ്പിക്കാൻ നിയമപ്രകാരമുള്ള എല്ലാ ശ്രമങ്ങളും അവർ നടത്തിയിട്ടുണ്ട്. പക്ഷെ, സ്വാഭാവികമായും അവരുടെ നീതിയുറപ്പാക്കുന്ന നടപടിയുണ്ടായില്ല.
കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ യൂണിയൻ നേതൃത്വം അക്രമവിധേയയായ സ്ത്രീക്കൊപ്പം നില്ക്കുന്നതിനു പകരം പ്രതിസ്ഥാനത്തുള്ള ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.
എൻ.ജി.ഒ യൂണിയൻ അംഗമാണ് ശ്രീലത. മാത്രമല്ല, സി.പി.എമ്മിന് വോട്ടു ചെയ്യുന്ന കുടുംബവുമാണ് അവരുടേത്. എന്നാൽ, കണ്ണൂർ ഗവ. എഞ്ചിനീയറിങ് കോളേജിലെ യൂണിയൻ നേതൃത്വം അക്രമവിധേയയായ സ്ത്രീക്കൊപ്പം നില്ക്കുന്നതിനു പകരം പ്രതിസ്ഥാനത്തുള്ള ജീവനക്കാരനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. മാത്രമല്ല, സ്വന്തം യൂണിയനിലെ ഒരംഗം നേരിട്ട അതിക്രമത്തെക്കുറിച്ച് ഒരുതരം അന്വേഷണവും നടപടിയും സംഘടന സ്വീകരിച്ചില്ല. കാലാകാലമായി സംഘടനയിൽ അംഗമായ ഒരു സ്ത്രീയുടെ പരാതിക്കൊപ്പമല്ല നിൽക്കേണ്ടത് എന്ന പാട്രിയാർക്കിയൽ ബോധമാണ്, തൊഴിലിടത്തിലെ സ്ത്രീകളുടെ സംരക്ഷണത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും പറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലത്തും ഈ യൂണിയൻ നേതൃത്വത്തെ നയിക്കുന്നത് എന്നാണ് ഇതിൽനിന്ന് മനസ്സിലാക്കാനാകുന്നത്. മാത്രമല്ല, ഇപ്പോൾ, ശ്രീലതക്കെതിരെ ജീവനക്കാരിൽ നിന്ന് ഒപ്പുശേഖരണവും നടത്തുകയാണ് എന്ന വിചിത്രമായ കാര്യവും നടക്കുന്നു. സ്വന്തം സഹപ്രവർത്തകക്കെതിരെ ഇത്രയേറെ പകയോടെ പെരുമാറാൻ ഈ പുരുഷ നേതൃത്വത്തെയും അവരെ പ്രീതിപ്പെടുത്തുന്ന സ്ത്രീകളെയും പ്രേരിപ്പിച്ച ഘടകം എന്തായിരിക്കാം, അതിശക്തമായ പുരുഷാധികാര പ്രവണതയല്ലാതെ ?
തനിക്ക് അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് കുളിച്ചുകൊണ്ട് പ്രതിഷേധിക്കുക എന്ന തീർത്തും വ്യത്യസ്തമായ സമരമാർഗത്തിലേക്ക് അവർ എടുത്തെറിയപ്പെട്ടത്.. ദിവസവും സ്വന്തം വീട്ടുമുറ്റത്ത് വസ്ത്രമുടുത്തുവന്നുനിന്ന് കുളിച്ച് അത് തന്റെ യൂറ്റ്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുകയാണ്. ഓരോ ദിവസത്തെയും കുളി അധികാരികൾക്ക് സമർപ്പിക്കുന്നു. ഈ ദിവസത്തെ കുളി മുഖ്യമന്ത്രിക്ക്, അടുത്ത ദിവസം ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് എന്നിങ്ങനെ. ഈ സംഭവത്തിൽ ഇടപെടണമെന്ന് ഹൈക്കോടതിയോട് അവർ ആവശ്യപ്പെടുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന് യൂണിയന്റെ നേതാക്കളെ അറിയാമെന്നും അദ്ദേഹത്തിന് സംഭവവുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും നൽകാമെന്നും അത് പരിശോധിച്ചശേഷം അദ്ദേഹം പറയുകയാണെങ്കിൽ ഈ പ്രതിഷേധക്കുളി നിർത്താമെന്നും അവർ പരസ്യമായി പറയുന്നുണ്ട്.
ഇപ്പോൾ അവർക്ക് കടുത്ത ചെസ്റ്റ് ഇൻഫെക്ഷനുണ്ട്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ട്. എന്നാൽ, ഒരിടത്തുനിന്നും ഒരു പരിഹാരവുമില്ല. ഇതിനിടെ, എടുത്ത വായ്പ മുടങ്ങിയതിന് പയ്യന്നൂർ റൂറൽ സഹകരണ ബാങ്കിൻ്റെ കരിവെള്ളൂർ ശാഖ അവരുടെ വീടിനുമുന്നിൽ ജപ്തി നോട്ടീസ് പതിച്ചു, കഴിഞ്ഞ ദിവസം. സസ്പെൻഷനെ തുടർന്ന് ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് തിരിച്ചടവ് മുടങ്ങിയതാകാം. അധികാരികൾക്കെതിരെ ഇത്തരമൊരു പ്രതിഷേധം നടക്കുന്ന ദിവസങ്ങളിൽ തന്നെ ജപ്തി നോട്ടീസുമായി ബാങ്ക് അധികൃതർ എത്തിയതും ഒരു ഗൂഢാലോചയുടെ ഭാഗമാണോ എന്നു തോന്നാം. ഒരു സ്ത്രീയെ ജീവിക്കാൻ അനുവദിക്കാതെ ഇത്തരത്തിൽ സമ്മർദ്ദത്തിലാക്കുന്നതിന് മറ്റെന്താവാം അർഥം?
എങ്ങനെയാണ് സർവീസ് റൂളുകൾ സ്ത്രീവിരുദ്ധമായി പ്രയോഗിക്കപ്പെടുന്നത് എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ശ്രീലതയ്ക്കുണ്ടായ നീതിനിഷേധം. അതുകൊണ്ടുതന്നെ തൊഴിലിടത്തിലെ ആക്രമണത്തിനെതിരായ ഈ പ്രതിഷേധം ഉന്നത വിദ്യാഭ്യാസ മന്ത്രിയും ടെക്നിക്കൽ ഡയറക്ടറും അടിയന്തരമായി ഇടപെടേണ്ട വിഷയമാണ്. ബന്ധപ്പെട്ട അധികാരികൾ എത്രയും വേഗം ഈ പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിക്കുന്നു. ഒരു സ്ത്രീയെന്ന നിലയ്ക്ക് സുരക്ഷിതവും സൗഹാർദപരവുമായ തൊഴിലന്തരീക്ഷം അവരുടെ സ്ഥാപനത്തിൽ ഉറപ്പാക്കാൻ ബന്ധപ്പെട്ടവരുടെ സത്വര ശ്രദ്ധ ഇക്കാര്യത്തിൽ പതിയേണ്ടതുണ്ട്. കാരണം ഒരാളുടെ ജീവൻ വെച്ചു കളിക്കാൻ മറ്റാർക്കും അധികാരമില്ലല്ലോ. ഇത് ശ്രീലത എന്ന ജീവനക്കാരിയുടെ ജീവനും ജീവിതവും അപകടത്തിലാക്കുന്ന നീതി നിഷേധമാണ് എന്നു വിനീതമായി ഓർമ്മിപ്പിക്കുന്നു.