ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയിൽ എത്ര സ്ത്രീകളുണ്ട്? 33 ശതമാനം സ്ത്രീസംവരണം വേണമെന്ന നിയമം പാർലമെന്റിൽ ഏകകണ്ഠമായി പാസാക്കിയ രാഷ്ട്രീയപാർട്ടികൾക്ക് നിയമം നിലവിൽവരുന്നതിനുമുമ്പുതന്നെ, അത് പ്രാവർത്തികമാക്കാൻ ലഭിച്ച ആദ്യ അവസരം എങ്ങനെ വിനിയോഗിച്ചു? കേരളത്തിൽനിന്നുള്ള ഉത്തരം വളരെ കൗതുകം നിറഞ്ഞതാണ്. സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുന്നതിന് തുല്യപ്രാതിനിധ്യപ്രസ്ഥാനം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന പെണ്‍ മെമ്മോറിയല്‍ എന്ന കാമ്പയിന് പിന്തുണ നൽകിയ അതേ പാർട്ടികൾ ലോക്സഭാ തെരഞ്ഞെടുപ്പിൽ എത്ര ശതമാനം സ്ത്രീകളെ സ്ഥാനാർഥികളാക്കിയിട്ടുണ്ട്?
സ്ഥാനാര്‍ത്ഥി പട്ടിക ആദ്യം പുറത്തുവിട്ടത് സി പി ഐയാണ്. തിരുവനന്തപുരത്ത് പന്ന്യന്‍ രവീന്ദ്രന്‍, മാവേലിക്കരയിൽ സി.എ. അരുണ്‍കുമാര്‍, തൃശൂരില്‍വി.എസ്. സുനില്‍കുമാര്‍, വയനാട്ടില്‍ ആനി രാജ എന്നിവരാണ് സി പി ഐ സ്ഥാനാര്‍ത്ഥികള്‍. നാലില്‍ ഒന്നാണ് വനിതാ പ്രാതിനിധ്യം.
20 മണ്ഡലങ്ങളില്‍ 15 ഇടത്താണ് സി.പി.എം മത്സരിക്കുന്നത്. 13 സീറ്റും പുരുഷന്മാര്‍ക്കാണ്. എറണാകുളത്ത് കെ.ജെ ഷൈനും വടകരയില്‍ കെ.കെ ഷൈലജയും മാണ് സ്ത്രീകൾ.
എല്‍.ഡി.എഫ് ഘടകകക്ഷിയായ ജോസ് കെ. മാണിയുടെ കേരള കോണ്‍ഗ്രസ് (എം) കോട്ടയത്ത് തോമസ് ചാഴിക്കാടനെയാണ് നിർത്തിയിരിക്കുന്നത്.
കോണ്‍ഗ്രസിലെ സ്ഥിതി ഇതിലും പരിതാപകരമാണ്. 16 സീറ്റിൽ ഒരേയൊരു സ്ത്രീ മാത്രം. ആലത്തൂരിലെ രമ്യ ഹരിദാസ്. ബാക്കി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സ്ഥാനാർഥികൾ പുരുഷന്മാര്‍.
രണ്ട് വനിതകള്‍ മാത്രമുള്ള സി പി എം സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്ന ദിവസം സാമൂഹികപ്രവര്‍ത്തകയും തുല്യപ്രാതിനിധ്യപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകയുമായ സ്മിത പന്ന്യന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് 'ചതി' എന്നായിരുന്നു.
രാഷ്ട്രീയത്തില്‍ സ്ത്രീപങ്കാളിത്തം കൂട്ടാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ മനോഭാവത്തില്‍ മാറ്റം വരേണ്ടതുണ്ടെന്ന് മുമ്പ് സി പി എം കേന്ദ്രകമ്മറ്റി അംഗം പി.കെ. ശ്രീമതി അഭിപ്രായപ്പെട്ടിരുന്നു: ''ശാസ്ത്ര - സാങ്കേതിക - ഗവേഷണ രംഗങ്ങളിലെല്ലാം സ്ത്രീകള്‍ ഇന്ന് ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. സൈന്യത്തിലും ഉയര്‍ന്ന റാങ്കുകളില്‍ സ്ത്രീകള്‍ ഉണ്ട്. വീട്ടുകാര്യങ്ങളും ജോലികാര്യങ്ങളും ഒരേസമയം നിര്‍വഹിക്കാനാകുന്ന സ്ത്രീകള്‍ക്ക് പാര്‍ലമെന്റിലും നിയമസഭകളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവുമുണ്ട്. ഈ കാഴ്ചപ്പാട് സിപിഎമ്മിനുണ്ട്'' എന്നും അവര്‍ അഭിപ്രായപ്പെട്ടിരുന്നു.
തിരഞ്ഞെടുപ്പില്‍ ഉള്‍പ്പടെ 33 ശതമാനം സ്ത്രീസംവരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടായിരുന്നു തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ പെണ്‍മെമ്മോറിയല്‍ സമര്‍പ്പിച്ചത്. ഇതിനായി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ തുല്യപ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകര്‍ ഒപ്പുശേഖരണവും നടത്തിയിരുന്നു. 'തുല്യപ്രാതിനിധ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ഞാനും പങ്കാളിയാകുന്നു' എന്നു തുടങ്ങുന്ന വാചകങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ഒപ്പുവെച്ചത്. നിയമനിര്‍മാണ സഭകളില്‍ സ്ത്രീകള്‍ക്ക് തുല്യപ്രാതിനിധ്യം ഉറപ്പാക്കുക, വരുന്ന തിരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുക, സ്ത്രീ സംവരണം വൈകിപ്പിക്കുന്ന കേന്ദ്രനയം തിരിച്ചറിയുക, നിയമനിര്‍മാണ സഭകളിലെ തുല്യപ്രാതിനിധ്യത്തിനായി രാഷ്ട്രീയ പാര്‍ട്ടികള്ഡ തയ്യാറാവുക തുടങ്ങിയവയായിരുന്നു പെണ്‍ മെമ്മോറിയലിലെ ആവശ്യങ്ങള്‍. സാമൂഹിക പ്രവര്‍ത്തകയായ ഡോ. എ.കെ. ജയശ്രീ, എഴുത്തുകാരി സാറാ ജോസഫ് ഉള്‍പ്പടെയുള്ളവര്‍ പെണ്‍ മെമ്മോറിയലിന്റെ ഭാഗവുമായിരുന്നു.
'വനിതാ സംവരണബില്‍ ലോക്സഭയില്‍ ആദ്യമായി ഗൗരവമുള്ളൊരു വിഷയമായി അവതരിപ്പിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് എന്നും കമ്മ്യൂണിസ്റ്റുകാര്‍ ഈ വിഷയത്തില്‍ എക്കാലവും സ്ത്രീപക്ഷ നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ എന്നുമാണ് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പെണ്‍ മെമ്മോറിയല്‍ വിഷയവുമായി ബന്ധപ്പെട്ട് ട്രൂകോപ്പി തിങ്കിനോട് പറഞ്ഞത്: ''33 ശതമാനം സംവരണം നടപ്പിലാക്കുക എന്നതില്‍ സി പി ഐ പോലെ താരതമ്യേന ചെറിയൊരു പാര്‍ട്ടിക്ക് പരിമിതികളുണ്ട്. എങ്കിലും സി പി ഐ ഈ വിഷയത്തില്‍ സ്ത്രീപക്ഷത്ത് നിന്നുകൊണ്ടുള്ള നിലപാടുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ’’ എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
ആകെ നാല് സീറ്റിൽ ഒരെണ്ണം സ്ത്രീക്ക് നൽകാൻ സി.പി.ഐ ശ്രദ്ധിച്ചു. എന്നാൽ, സിപിഎമ്മോ? ശതമാനം നോക്കിയാൽ 15 ശതമാനം പോലും തികച്ചില്ല സി പി എമ്മിലെ സ്ത്രീപ്രാതിനിധ്യം. വടകര മണ്ഡലം സ്ഥാനാര്‍ത്ഥി കെ.കെ. ഷൈലജ ടീച്ചറും പെണ്‍ മെമ്മോറിയലില്‍ ഒപ്പുവെച്ചിരുന്നുവെന്നും ഓർക്കുക.
കഴിഞ്ഞ വര്‍ഷം എന്‍.ഡി.എ സര്‍ക്കാര്‍ കൊണ്ടുവന്ന വനിതാസംവരണ ബില്‍ നിയമമായെങ്കിലും ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഇത് പ്രാവര്‍ത്തികമാകില്ല. നിയമം നടപ്പില്‍ വരാന്‍ ഇനിയും വര്‍ഷങ്ങളെടുക്കും എന്നതാണ് യാതാര്‍ത്ഥ്യം. 2021- ല്‍ നടക്കേണ്ടിയിരുന്ന ജനസംഖ്യാ കണക്കെടുപ്പിനും തുടര്‍ന്നു നടത്തുന്ന മണ്ഡല പുനര്‍നിര്‍ണയത്തിനും ശേഷമാണ് നിയമം നടപ്പാക്കുക എന്നാണ് വൃവസ്ഥ ചെയ്തിട്ടുള്ളത്. (ജനസംഖ്യാ കണക്കെടുപ്പ് എപ്പോഴാണ് നടത്തുക എന്ന് നിശ്ചയിച്ചിട്ടുമില്ല). തിരഞ്ഞെടുപ്പ് രംഗത്തെ സ്ത്രീസംവരണം അടുത്ത പത്തു വര്‍ഷത്തേക്ക് നിഷേധിക്കുകയാവും ഇതിന്റെ ഫലം.