അന്ന്​ മൂന്ന്​ വനിതാ എം.എൽ.എമാർ സഭയിൽ പറഞ്ഞത്​ വരാൻ പോകുന്ന വനിതാ കമ്മീഷൻ അധ്യക്ഷ ഒന്ന്​ വായിച്ചുപഠിക്കണം

വനിതാ കമ്മീഷൻ ബില്ലിനെക്കുറിച്ച്​ 1990ൽ നിയമസഭയിൽ നടന്ന ചർച്ച, കമ്മീഷൻ വീണ്ടും ചർച്ചാവിഷയമായ ഈ സന്ദർഭത്തിൽ ഓർത്തിരിക്കേണ്ടതാണ്​. പുരുഷാധിപത്യ മതമൗലിക സമൂഹം ഉയർത്തുന്ന വാദഗതികളെ റോസമ്മ പുന്നൂസും നബീസ ഉമ്മാളും കെ.ആർ. ഗൗരിയമ്മയും ചേർന്ന്​ തകർത്തുതരിപ്പണമാക്കുന്ന കാഴ്ചയാണ് സഭ കണ്ടത്​. ആ ജനപ്രതിനിധികളിൽ നിന്ന്​ നമ്മൾ എത്ര പുറകോട്ട് പോയി എന്ന് ഇപ്പോഴ​ത്തെ വിവാദങ്ങൾ കാണിച്ചുതരുന്നു. കമ്മീഷൻ തലപ്പത്ത്​ ഇനി വരുന്നവർ കമ്മീഷന്റെ ഉത്ഭവ ചരിത്രമെങ്കിലും അറിഞ്ഞിരിക്കേണ്ടതാണ്​

നിതാ കമ്മീഷൻ ബിൽ- 1990 നെ കുറിച്ചു നടന്ന നിയമസഭാ ചർച്ചകൾ കേവലം ഒരു ബിൽ ചർച്ചയായിരുന്നില്ല. മറിച്ച്​, പുരുഷാധിപത്യ മതമൗലിക സമൂഹം ഉയർത്തുന്ന വാദഗതികളെ മൂന്ന്​ വനിതാ ജനപ്രതിനിധികൾ തകർത്തു നാമാവശേഷമാക്കുന്ന കാഴ്ചയാണ്. അതിൽ വലിയൊരു പങ്ക് വഹിച്ച ഒരു നിയമസഭാംഗം ഇതേ ബിൽ പ്രകാരം സ്ഥാപിതമായ കമ്മീഷൻ അധ്യക്ഷയായി. നിയമസഭാ സാമാജികയായിരുന്ന അവർ അന്ന് ഇന്ത്യയിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച്​ എന്നും ചർച്ച ചെയ്തിരുന്നു. കേരളത്തിലെ ആദ്യ എം.എൽ.എ ആയിരുന്ന റോസമ്മ പുന്നൂസ് അംഗമായിരുന്ന അതേ കമ്മീഷന്റെ തലപ്പത്താണ് താൻ കഴിഞ്ഞദിവസം വരെയിരുന്നത്​ എന്ന്​ എം.സി. ജോസഫൈൻ ഓർക്കേണ്ടതായിരുന്നു. ജോസഫൈൻ രാജിവെച്ച സാഹചര്യത്തിൽ വനിതാ കമ്മീഷൻ ബിൽ ചർച്ചയിൽ പങ്കെടുത്തിരുന്ന മേഴ്‌സിക്കുട്ടിയോ കെ.കെ. ശൈലജയോ അല്ലെങ്കിൽ മനുഷ്യത്വമുള്ള ആരെങ്കിലുമോ വരട്ടെ.

വനിതാ കമ്മീഷൻ ഇടപെടലുകളുമായി ബന്ധപ്പെട്ട ചർച്ചയിൽ, കേരളത്തിലെ വനിതാനേതാക്കളായ കെ.ആർ.ഗൗരിയമ്മയും റോസമ്മ പുന്നൂസും നബീസ ഉമ്മാളും മുന്നോട്ടുവച്ച സാമൂഹിക കാഴ്ചപ്പാടുകളുണ്ട്.
റോസമ്മ പുന്നൂസിനെ കുറിച്ച്​ ആദ്യം പറയാം. ആദ്യ കമ്യൂണിസ്​റ്റ്​ പാർട്ടി സർക്കാർ അധികാരത്തിൽ വന്നപ്പോൾ എം.എൽ.എ ആയിരുന്ന റോസമ്മയുടെ ജീവിതം വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു. ക്രിസ്ത്യൻ സമുദായത്തിൽ നിലനിന്നിരുന്ന വേർതിരിവുകളെയും ചട്ടക്കൂടുകളെയും വെല്ലുവിളിച്ചാണ്​ അവർ കമ്യൂണിസ്​റ്റ്​ പാർട്ടിയിൽ ചേർന്നത്​. വീട്ടുകാരുടെ എതിർപ്പ്​ മറികടന്ന്​ പുന്നൂസിനെ വിവാഹം ചെയ്തു.
എട്ടാം കേരള നിയമസഭയിൽ ആലപ്പുഴയിൽ നിന്ന് ജയിച്ചു വന്ന റോസമ്മയുടെ നിയമസഭാ റെക്കോർഡുകൾ പരിശോധിച്ചാൽ വനിതാ തൊഴിലാളികൾ, വീട്ടമ്മമാർ, പട്ടികജാതി- വർഗ വിഭാഗം വിദ്യാർത്ഥികൾ, ഉദ്യോഗാർത്ഥികൾ എന്നിവർക്ക് വേണ്ടിയാണ് റോസമ്മ പുന്നൂസ് ഏറ്റവും അധികം സംസാരിച്ചത് എന്നുകാണാം. വനിതാ കമ്മീഷൻ ബിൽ ചർച്ചാവേളയിലും പിന്നീട് അതേ കമ്മീഷൻ അംഗമായിരുന്നപ്പോഴും റോസമ്മ പുന്നൂസ് സ്ത്രീപക്ഷത്തിനുവേണ്ടി നിലകൊള്ളുക എന്ന നിലപാടിൽ നിന്ന് വ്യതിചലിച്ചില്ല. അവരുടെ ഓരോ വാക്കിലും സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്‌നങ്ങളിലുള്ള അമർഷവും പുരുഷാധിപത്യ സമൂഹത്തോടുള്ള കടുത്ത രോഷവും ഉണ്ട്.
മതാധിഷ്ഠിത ധാർമികതയിലും അത് പിന്തുടരുന്ന സമൂഹത്തിലും സ്ത്രീ എന്നും രണ്ടാം സ്ഥാനത്താണ്. ഏത് രീതിയിൽ വ്യാഖ്യാനിക്കാൻ നോക്കിയാലും മത സംഹിതകൾ നിയന്ത്രിക്കുന്ന വ്യവസ്ഥകളിലും സമുദായങ്ങളിലും സ്ത്രീയുടെ സ്ഥാനം പുരുഷന് താഴെയാണ്.

വനിതാ കമ്മീഷൻ ബിൽ ചർച്ചയിലെ വാദപ്രതിവാദങ്ങൾ

1990 ഡിസംബർ 20ന് കേരള വനിതാ കമ്മീഷൻ ബിൽ ചർച്ചയിൽ, ബില്ലിനെ അനുകൂലിച്ചു സംസാരിക്കവെ റോസമ്മ പുന്നൂസ് പറഞ്ഞു: ‘‘നമ്മുടെ രാജ്യത്ത് പല മതങ്ങളുണ്ട്. ഏത് സമുദായത്തിലായാലും മതത്തിലായാലും സ്ത്രീയെന്നും പുരുഷന് കീഴ്പ്പെട്ടിരിക്കണം എന്നാണ് വ്യവസ്ഥ. ഞാനുൾ​പ്പെടുന്ന ക്രിസ്ത്യൻ സമുദായത്തിലാണെങ്കിൽ കല്യാണ സമയത്ത് ആ സ്ത്രീയോട് പറയുന്ന വാക്ക് സ്ത്രീ പുരുഷന് കീഴ്പ്പെട്ടിരിക്കണമെന്നാണ്. എന്നാൽ അന്യോന്യം സ്നേഹിക്കണമെന്നോ അന്യോന്യം സഹകരിച്ചു ജീവിക്കണമെന്നോ പറയുന്നില്ല. അതുപോലെ തന്നെ മറ്റു സമുദായങ്ങളിലുമായിരിക്കണം.’’

ഇതിൽ പ്രകോപിതനായ ടി.എം.ജേക്കബ് റോസമ്മയെ എതിർത്ത്​സംസാരിക്കാൻ വന്നു. കമ്മീഷൻ ബിൽ പുരുഷന്മാരെ മുഴുവൻ കുറ്റക്കാരായി കാണുന്നു, എല്ലാ പുരുഷന്മാരും ഒരു പോലെ അല്ല തുടങ്ങി പുരുഷാധിപത്യ വ്യവസ്ഥയെ വെള്ള പൂശി സംസാരിച്ചു കൊണ്ടിരുന്ന ജേക്കബ് പിന്നീട് ബില്ലിലെ ചില സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ്​ വഴിമാറി പോകുന്നുണ്ട്.

ക്രിസ്ത്യൻ സമുദായത്തിലെ വിവാഹ ചടങ്ങിനെ കുറിച്ച്​ റോസമ്മ നടത്തിയ പരാമർശത്തെ എതിർത്ത്​, ഭാര്യയെ സ്നേഹിക്കാൻ ഭർത്താവിനോട് പറയുന്നുണ്ട് എന്നും അവർ തമ്മിലുള്ള സ്നേഹം ക്രിസ്തുവും സഭയും തമ്മിലുള്ളതുപോലെ ആകണം എന്നുണ്ട് എന്നെല്ലാം ജേക്കബ് വാദിച്ചു. എന്നാലും സ്ത്രീയോട് പുരുഷന് കീഴ്പ്പെട്ടു ജീവിക്കണം എന്നു പറയുന്നത് ശരിയാണോ എന്ന റോസമ്മയുടെ ചോദ്യത്തിന് അടവ് മാറ്റി, ‘നീ ഉണ്ടില്ലെങ്കിലും അവൾക്ക് ഭക്ഷണം കൊടുക്കണം’ എന്നൊക്കെയുള്ള വാക്യങ്ങൾ ജേക്കബ് മുന്നോട്ടു വച്ചു. എന്നാൽ ഇതിന് മറുപടി നൽകിയത് ഗൗരിയമ്മയാണ്. ‘താൻ ചെലവിന് തരും, നീ അനുസരിച്ചു കൊള്ളണമെന്നു’ പറയുന്ന പോലെയാണ് ഇതെന്ന് ഗൗരിയമ്മ തിരിച്ചടിച്ചു.

കെ. ആർ. ഗൗരി അമ്മ, 1983-ൽ. ഫോട്ടോ : റോബിൻ ജെഫ്രി

തുടർന്ന് ടി.എം.ജേക്കബ്‌, ക്രിസ്തുമതത്തിലെ വിവാഹം എന്ന കൂദാശയെ കുറിച്ചും വാചാലനായി. റോസമ്മ അടക്കമുള്ള അംഗങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്നു എന്നൊക്കെ അദ്ദേഹം പറഞ്ഞു. ഇതിന് റോസമ്മ പുന്നൂസ് മറുപടി പറഞ്ഞു: ""ഞാൻ പറഞ്ഞതിൽ ബഹുമാനപ്പെട്ട ജേക്കബിനോ തങ്കച്ചനോ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ അത് പള്ളിയെക്കൊണ്ടുതന്നെ തിരുത്തിച്ച്​കല്യാണ സമയത്ത് നിങ്ങൾ അന്യോന്യം സ്നേഹിച്ചും സഹകരിച്ചും ജീവിക്കണം എന്നു പറയാൻ ഏർപ്പാടുണ്ടാക്കണം. ഇത് അതല്ല, കീഴ്പ്പെട്ടു ജീവിക്കണം എന്നു പറഞ്ഞാൽ ചോറ് കൊടുത്തത് കൊണ്ടായില്ല. ഭർത്താവിന് കീഴ്പ്പെട്ടു ജീവിക്കണം എന്നാണ് പറയുന്നത്. അത് മാറ്റി അന്യോന്യം സ്നേഹിച്ചും സഹകരിച്ചും ജീവിക്കണം, ആർക്കും ഒരാളിന്റെ മുകളിൽ ആധിപത്യം വേണ്ട. അതാ ഞാൻ പറഞ്ഞത്, ഇത് മറ്റു സമുദായത്തിലും ഇങ്ങനെയൊക്കെയാണ്. സമൂഹത്തിൽ സ്ത്രീയെന്നു പറഞ്ഞാൽ പുരുഷന് അടിമപ്പെട്ടു ജീവിക്കണമെന്നുള്ളതാണ് വിവക്ഷ. നമുക്കറിയമല്ലോ അടുക്കള ജോലി ചെയ്യുക, പ്രസവിക്കുക, കുഞ്ഞുങ്ങളെ വളർത്തുക, വീട്ടിലെ കാര്യങ്ങൾ നോക്കി അടങ്ങിയൊതുങ്ങി ജീവിക്കുക എന്നൊക്കെയാണ് പറയുന്നത്. അവർ ഭർത്താവിനെ ഭരിക്കാൻ പോകണമെന്നല്ല ഞാൻ പറയുന്നത്. എന്നാൽ അവർക്ക് പുറത്തു പോകണമെങ്കിലോ സിനിമ കാണാൻ പോകണമെങ്കിലോ അങ്ങനെയുള്ള ഏതെങ്കിലും സ്ഥലത്ത് സ്വന്തം ആവശ്യങ്ങൾക്ക് പോകണമെങ്കിലോ, ‘നീ പോകണ്ട, ഇവിടെ നിൽക്കണം’ എന്ന്​ നിർബന്ധമായി അവർക്ക്​ താക്കീത് കൊടുക്കുന്നത് അവസാനിപ്പിക്കണം.’’

‘‘സ്ത്രീയ്ക്കും പുരുഷനും സമത്വം ഉണ്ടാകണം. സമത്വമെന്നാൽ പുരുഷന്റെ മേൽ ആധിപത്യം വേണമെന്നു പറയുന്നില്ല. എന്നാൽ രണ്ടുകൂട്ടരും സ്നേഹിച്ചു സഹകരിച്ച് ജീവിക്കണമെന്നാണ് പറയുന്നത്. ഇന്ന് സ്ത്രീ പീഡനം കൂടുതലാണ്. വടക്കേ ഇന്ത്യയിൽ, രാജസ്ഥാനിലോ യു. പി. യിലോ ബീഹാറിലോ ഉളളതിനെ അപേക്ഷിച്ച് നമ്മുടെ കേരളത്തിൽ കുറെ കുറവാണെങ്കിലും ഇന്നും സ്ത്രീ പീഢനം നടക്കുന്നുണ്ട്. പീഢനങ്ങൾക്ക് അറുതി വരുത്തുന്നതിനാണ് ഈ ബിൽ, സാന്ദർഭികമായി ഒരു കാര്യം പറയുകയാണ്. ഇന്ന് കുട്ടി മാതാവിന്റെ ഗർഭത്തിൽ ജനിച്ച ആ സമയം മുതൽ പീഢനമാണ്. ഒരു പെൺകുട്ടിയാണ് ജനിച്ചതെങ്കിൽ അതിനെ ഗർഭത്തിൽ വച്ചുതന്നെ നശിപ്പിക്കുന്നു. അപ്പോൾ സ്ത്രീയെന്നു പറഞ്ഞാൽ വേണ്ടായൊരാളാണെന്നാണ്. ഒരാൺകുട്ടിയാണ് ജനിക്കുന്നതെങ്കിൽ വളരെ സന്തോഷത്തോടുകൂടി കുരവയിട്ട് വരവേൽക്കുന്നു. ഒരു പെൺകുട്ടി ജനിക്കുക യാണെങ്കിൽ ഉടനെ മടലടിക്കുകയാണ്. പെൺകുട്ടിക്ക് ഗർഭത്തിൽ ജനിക്കുന്നതു മുതൽ വിവേചനമനുഭവപ്പെടുന്നു.’’

‘‘ഇന്നിപ്പോൾ രാജസ്ഥാനിലും മറ്റും കുട്ടി ജനിച്ചുകഴിഞ്ഞാൽ പെൺകുട്ടിയാണെന്നു കണ്ടാൽ അമ്മായിയമ്മയും ഭർത്താവും അയൽക്കാരും എല്ലാം ചേർന്ന് തളളയെക്കൊണ്ടുതന്നെ ആ കുട്ടിയുടെ കഴുത്തു ഞെരിച്ചു കൊല്ലിക്കുന്ന ഏർപ്പാടുണ്ടെന്ന് പത്രങ്ങളിൽ കാണുന്നുണ്ട്. ഇവിടെ അത്രയും ഉണ്ടാകുന്നില്ല. മറ്റൊന്ന് വിവേചനത്തിന്റെ കാര്യം, ഇവിടെയാണെങ്കിൽ വിവേചനം അനവധിയുണ്ട്.’’

ടി.എം.ജേക്കബ്

‘‘ഈ അടുത്ത കാലത്ത് നമ്മുടെ ജില്ലാ കൗൺസിൽ തെരഞ്ഞെടുപ്പ് വരികയാണ്. ഈ ഗവൺമെൻറ് അധികാരത്തിൽ വന്നശേഷം പഞ്ചായത്തിലും മുനിസിപ്പാലിറ്റികളിലും കോർപ്പറേഷനിലും കൂടുതൽ പ്രാതിനിധ്യം കൊടുത്തിട്ടുണ്ട്. ജില്ലാ കൗൺസിലിൽ 30 ശതമാനം സ്ത്രീ കൾക്കു കൊടുത്തിട്ടുണ്ട്. ഇപ്പോൾ അതേപ്പറ്റി ആലോചന വന്നു. എല്ലാ പാർട്ടിയിലും പെട്ടവർ പറയുന്നത് ഞാൻ കേട്ടതാണ്, ‘ആ സീറ്റ് വളരെ ഷുവർറായിട്ടുള്ള സീറ്റായിരുന്നു. പക്ഷെ, സ്ത്രീക്കാണല്ലോ കൊടുത്തിരിക്കുന്നത്' എന്ന്. അവരുടെ പാർട്ടിയിൽപ്പെട്ട അല്ലെങ്കിൽ ഏതെങ്കിലും പാർട്ടിയിൽപ്പെട്ട ഒരു സ്ത്രീയ്ക്ക് ആ ഷുവർ സീറ്റ് കിട്ടിയതിലാണ് വിഷമം. അത്​ സ്ത്രീക്കാണല്ലോ. അതു പുരുഷനല്ലല്ലോ. അതിലും വിവേചനം, അപ്പോൾ ഒരു ഒരു സീറ്റിൽപ്പോലും നിന്ന് ജയിക്കാൻ പാടില്ലയെന്നാണ് പറയുന്നത്. പിന്നെ രാജസ്ഥാനിൽ സതി സമ്പ്രദായമുണ്ട്. അവിടെ സതി നടന്നപ്പോൾ അതിന് ആക്ഷൻ എടുക്കാൻ നിയമമില്ലെന്ന് കേന്ദ്ര ഗവൺമെൻറ് പറഞ്ഞു. അന്ന് ആ സതിയെ അനുകൂലിച്ചയാൾ ഇന്ന് കേന്ദ്ര മന്ത്രിസഭയിൽ അംഗമാണ്. സതി ക്ഷേത്രമുണ്ടാക്കുകയും അതിന്റെ പ്രോൽസാഹിപ്പിക്കുന്നതിന് ഉത്സവം നടത്തുകയും ചെയ്തു. സതിക്ക് പ്രോത്സാഹനം കൊടുത്ത കല്യാൺസിംഗ് കൽവി ഇന്ന് കേന്ദ്ര മന്ത്രിസഭയിലുണ്ട്. ഇങ്ങനെയുള്ളവരെ മന്ത്രിസഭയിലെടുത്താൽ എങ്ങനെ സതി സമ്പ്രദായം അവസാനിപ്പിക്കാൻ കഴിയും. അവസാനിക്കുകയില്ലെന്നുമാത്രമല്ല സതി തുടർന്നു നടത്താൻ കൽവിയെപ്പോലുള്ളവർ പ്രേരണ നൽകും. അതുപോലെ ബി ജെ പി നേതാവ് ശ്രീമതി വിജയരാജ സിന്ധ്യ അതിനെ അനുകൂലിച്ചയാളാണ്. ഇങ്ങനെ പ്രമാണിമാരായ ആളുകൾ നമ്മുടെ രാഷ്ട്രീയ മുൻപന്തിയിൽ നിൽക്കുന്നു. ഇത്തരം പ്രമാണികൾ സ്ത്രീകൾക്കെതിരായി നടപടികൾ സ്വീകരിക്കുമ്പോൾ എങ്ങനെ നീതി ലഭിക്കാനാണ്. മറ്റു സംസ്ഥാനങ്ങളിൽ പോകുന്ന നേഴ്‌സുമാരും അന്യ രാജ്യങ്ങളിൽ പോകുന്ന നേഴ്സുമാരുമുണ്ട്. അവരെ പീഢിപ്പിക്കുകയും കൊല്ലുകയും ചെയ്യുന്ന സംഭവങ്ങളും വിരളമല്ല. ഹിന്ദു കോഡ് ബിൽ പാസാക്കാൻ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. പല പല ഗവൺമെന്റുകൾ മാറിയും മറിഞ്ഞും വന്നുവെങ്കിലും ഹിന്ദു കോഡ് ബിൽ ഇതുവരെ പാസ്സാക്കിയിട്ടില്ല. ഭാഗികമായ നിയമങ്ങൾ മാത്രമാണ് സ്ത്രീകൾക്കെതിരായ വിവേചനം അവസാനിപ്പിക്കാൻ ഇന്നുള്ളത്. സ്ത്രീധന സ​​മ്പ്രദായമുണ്ട്. ഭരണഘടനയനുസരിച്ച് സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമവിരുദ്ധമാണ്. പക്ഷെ 10 ലക്ഷവും 15 ലക്ഷവും രണ്ടു ലക്ഷത്തിന്റെ പൊന്നും കൊടുത്താലേ ഇന്നിപ്പോൾ കല്യാണം നടന്നു. ഭരണഘടനാ നിയമപ്രകാരം സുപ്രീം കോടതിയും ഭരണഘടനയും യോജിച്ചിട്ടുണ്ടെങ്കിലും ഇതാണ് ഇന്ന് നടക്കുന്നത്. അതുകൊണ്ട് സ്ത്രീധനം കൊടുക്കാൻ കഴിയാത്ത പെൺകുട്ടികൾക്ക് കല്യാണം നടക്കുകയില്ല. അങ്ങനെയുള്ള സ്ത്രീകൾ വേശ്യാവൃത്തി അവലംബിക്കേണ്ട സ്ഥിതി വരുന്നുണ്ട്. (ക്രിസ്ത്യാനികളാണെങ്കിൽ ഗതിയില്ലാത്തതുകൊണ്ട് കന്യാസ്ത്രീ മഠത്തിൽ പോകും) ആ സ്ഥിതി വന്നത് സ്ത്രീധന നിരോധന ബിൽ കർശനമായി നടപ്പിലാക്കാത്തതുകൊണ്ടാണ്. അതേ മാതിരി പിൻതുടർച്ചാവകാശനിയമം വിവാഹ നിയമം, സ്ത്രീധന നിയമം വിവാഹമോചന നിയമം ഇതിനൊക്കെ ശരിയായ നിയമനിർമാണങ്ങൾ വേണം. നിയമങ്ങൾ വന്നാൽ മാത്രം പോരാ, ഈ നിയമങ്ങൾ കർശനമായി നടപ്പിലാക്കിയാൽ ‘കൊഗ്നെസബിൾ ഒഫൻസ്’ ആയി നിയമലംഘനം നടത്തുന്നവർക്കെതിരെ ഉടനടി പൊലീസിന് കേസെടുക്കാം. അപ്പോൾ നടപടി സ്വീകരിക്കാനും ബുദ്ധിമുട്ടുണ്ടാകുകയില്ല. തൊഴിൽ രംഗത്ത് പ്രസവകാല വേതനം ഇന്ന് കൊടുക്കാറില്ല. സ്ത്രീകൾ പ്രസവിക്കാൻ പോയാലുടനെ അവരെ പിരിച്ചുവിടും. പ്രസവകാല വേതനം കൊടുക്കാതിരിക്കുന്നതിനും അവധി കൊടുക്കാതിരിക്കുന്നതിനും വേണ്ടിയാണ് അവരെ പിരിച്ചു വിടുന്നത്. അത് പോലെ പ്രയാസകരമായ തൊഴിലുകളിൽ സ്ത്രീകളെ നിയമിക്കുന്നത്​ നിരോധിക്കണം. സ്ത്രീകൾക്ക് തൊഴിൽ നൽകുന്നതിലും വിവേചനമുണ്ട്. 15 ലക്ഷത്തിലധികം വരുന്ന ചെറിയ പെൺകുട്ടികൾ എംപ്ലോയ്മെൻറ് എക്സ്ചേഞ്ചുകളിൽ രജിസ്റ്റർ ചെയ്തിരിക്കുന്നതായാണ് ഇന്നത്തെ കണക്ക്. ധാരാളം പേർ രജിസ്റ്റർ ചെയ്യാതെയുമുണ്ട്. അങ്ങനെ സ്ത്രീകളുടെയിടയിലും തൊഴിലില്ലായ്മയുളളപ്പോൾ അവർക്ക് തൊഴിൽ നൽകാതിരിക്കുന്നതിനുവേണ്ടി വിവേചനം കാണിക്കുന്നു. സ്ത്രീകൾക്ക് തൊഴിൽ കൊടുക്കുകയില്ല. പൊതുവേ പറഞ്ഞാൽ എല്ലാ തുറയിലും സ്ത്രീ ഇന്ന് രണ്ടാംകിടക്കാരിയാണ്. ഇതിന് മാറ്റം വരണം. സ്ത്രീകൾക്ക് തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനുളള നടപടികൾ ഇന്ന് അപര്യാപ്തമാണ്. സാമൂഹ്യരംഗത്ത് വിവേചനം കുറയ്ക്കുന്നതിന് ഈ ഗവൺമെൻറ് ചില പദ്ധതികൾ എടുത്തിട്ടുണ്ടെങ്കിലും ഈ ബിൽ നിയമമാകുന്നതോടുകൂടി സ്ത്രീകൾക്ക് ജോലി സൗകര്യങ്ങളുണ്ടാകുന്നതിനും ഇന്നത്തെ വിവേചനം അവസാനിപ്പിക്കുന്നതിനും കഴിയുമെന്നുള്ള പ്രത്യാശയോടുകൂടി ഞാൻ ഈ ബില്ലിനെ പിന്താങ്ങുന്നു.''

ചർച്ചയിലുടനീളം സമത്വവിരുദ്ധ നിലപാടുകളാണ് മുഴങ്ങിയത്​. ‘എല്ലാ പുരുഷന്മാരും ഒരേ പോലെ അല്ല, നിങ്ങൾ എല്ലാവരെയും ഒരു പോലെ കാണരുത്’ എന്നൊക്കെയുള്ള വാദങ്ങൾ ഉന്നയിക്കപ്പെട്ടു. പുരുഷന്മാരെ പീഡിപ്പിക്കുന്ന സ്ത്രീകളെ കുറിച്ചും സംസാരം ഉണ്ടായി.
ബ്ലാക്ക് ലൈവ്‌സ് മാറ്റർ, ദളിത് ലൈവ്‌സ് മാറ്റർ എന്നൊക്കെ പറയുമ്പോൾ ജാതി ഇല്ല, വംശീയത ഇല്ല എന്നൊക്കെ തെളിയിക്കാൻ ‘ഓൾ ലൈവ്‌സ് മാറ്റർ’ എന്നു പറയുന്നവരെ പോലെയായിരുന്നു പല നിയമസഭാ സാമാജികരും. ചർച്ചകളുടെ അവസാനം ജെ.മേഴ്‌സിക്കുട്ടിയമ്മയും കെ.വി.സുരേന്ദ്രനാഥും നല്ല പ്രസംഗങ്ങൾ നടത്തി.

റോസമ്മ പുന്നൂസിലേയ്ക്ക് തിരിച്ചു വരാം. ആലപ്പുഴയിൽ നിരപരാധിയായ ഒരു സ്ത്രീയെ പോലീസ് മർദ്ദിച്ചപ്പോൾ അടിയന്തര പ്രമേയത്തിന് അനുമതി തേടി പൊലീസുകാർക്കെതിരെ നടപടിയെടുക്കാൻ സംസാരിച്ചതും രാജസ്ഥാനിൽ സതി പുനരവതരിപ്പിക്കപ്പെട്ടപ്പോൾ അതിനെ അനുകൂലിച്ചു രംഗത്ത് വന്ന രാജസ്ഥാനിലെ കോൺഗ്രസ് നേതാക്കളെ വിമർശിച്ചതും കേരള നിയമസഭ ചരിത്രത്തിൽ ആലേഖനം ചെയ്തു വച്ചിട്ടുണ്ട്.

പ്രൊഫ. എ. നബീസ ഉമ്മാൾ

കേരളം മറ്റുള്ള സംസ്ഥാനങ്ങളെക്കാൾ ഭേദം എന്നു പറഞ്ഞു മാറി നിൽക്കുന്ന പ്രവണതകളെ തുറന്നുകാട്ടി എതിർക്കാൻ റോസമ്മ പുന്നൂസിന് കഴിഞ്ഞു.

നബീസ ഉമ്മാൾ സംസാരിച്ചു തുടങ്ങിയ ശേഷം പ്രതിപക്ഷ എം.എൽ.എമാർക്ക് പ്രത്യേകിച്ച്​ ഒന്നും തിരിച്ചു പറയാൻ ഉണ്ടായിരുന്നില്ല. ഒടുവിൽ ജെ.മേഴ്‌സിക്കുട്ടിയമ്മയും സിമോൺ ദി ബുവയുടെ രണ്ടാം ലിംഗം എന്ന പുസ്തകത്തെ ഉദ്ധരിച്ച്​ കെ.വി.സുരേന്ദ്രനാഥും സംസാരിക്കുന്നതോടുകൂടി ചർച്ച പരിസമാപ്തിയിൽ എത്തുകയാണ്.

കെ.വി.സുരേന്ദ്രനാഥിന്റെ വാക്കുകൾ: ""സെക്കൻഡ് സെക്സ് എന്നുപറഞ്ഞ് വളരെ പ്രസിദ്ധമായ ഒരു ഗ്രന്ഥം തന്നെയുണ്ട്. അതെഴുതിയത് ഒരു സ്ത്രീ തന്നെയാണ്. പ്രസിദ്ധ തത്വ ശാസ്ത്രജ്ഞൻ സാർത്രി​ന്റെ സഹചാരിണിയായിരുന്ന ശ്രീമതി Simone de Beauvoir എഴുതിയതാണ് ആ പുസ്തകം. സെക്കൻഡ് സെക്‌സ് ആയിട്ട് സ്ത്രീകൾ സ്വയം വിശ്വസിക്കുന്ന ഒരു സമൂഹം, ഈ ആധുനിക യുഗത്തിൽ 21-ാം നൂറ്റാണ്ടിലേക്ക് പോകുന്ന ഈ സമയത്ത് നിലവിലുണ്ട് എന്നുള്ള ഒരു ദുഃഖസത്യം സ്മരിച്ചുകൊണ്ടു മാത്രമേ ശ്രീമതി ഗൗരിയമ്മ ഇവിടെ നടത്തുന്ന ഈ ശ്രമത്തെ വിലയിരുത്താൻ കഴിയൂ. മഹത്തായ ഒരു ശ്രമമാണ് ഇത്. വലിയ ഒരു ശ്രമമെന്നു ഞാൻ ഭംഗിവാക്ക് പറയുന്നതല്ല. ഭരണഘടനയിൽ എല്ലാവിധ സമത്വവും നമുക്ക് ഗ്യാരൻറി ചെയ്തിട്ടുണ്ട്. നമ്മുടെ മൗലികാവകാശങ്ങളിൽ പെട്ടതാണ്. നമ്മുടെ ഡയറക്ടീവ് പ്രിൻസിപ്പിൽ പറയുന്ന കാര്യവും തന്നെയാണ്. എന്നാൽ ഇന്ന് നിലവിലുള്ള നിയമങ്ങളിൽ പല ഭാഗങ്ങളും ആ നിയമങ്ങൾ നടപ്പിലാക്കുന്നതിന്റെ ഒട്ടുമുക്കാൽ ഭാഗങ്ങളും സ്ത്രീക്കെതിരായിട്ടുളളതാണ്. പ്രത്യേകിച്ച് എടുത്തുകാണിക്കാൻ കഴിയുന്ന ഒരു നിയമ സംഹിത നമ്മുടെ തൊഴിൽ ബന്ധങ്ങളാണ്. ഒരു ആധുനിക വ്യവസായവൽകൃത രാജ്യത്തിന്റെ തൊഴിൽ ബന്ധങ്ങളുടെ എല്ലാ ചട്ടക്കൂടും ഇന്ത്യയിലുണ്ട്. പക്ഷേ കൂലി കൊടുക്കുമ്പോൾ സ്ത്രീക്ക് കുറഞ്ഞ കൂലിയാണ്. അംഗീകൃതമായ, ആരും ചോദ്യം ചെയ്യാത്ത ഒരു വഴക്കമാണത്. ഏറ്റവും വൃത്തികെട്ട തൊഴിലേതാണോ ആ തൊഴിൽ സ്ത്രീക്ക്, കശുവണ്ടി ഫാക്ടറിയിൽ തോട്ടണ്ടി ചുടുന്നതും തല്ലുന്നതും കൈ മുഴുവൻ പൊട്ടുന്ന ഏർപ്പാടാണ്. അത് ചെയ്യണം. സ്തീകളിൽത്തന്നെ ഹരിജൻ സ്ത്രീകൾ ചെയ്യണം. കെട്ടിടനിർമാണം, അതിലേറ്റവും ബുദ്ധിമുട്ടുള്ള ജോലി സ്ത്രീകൾ ചെയ്യണം. സെക്കൻഡ് സെക്‌സ് എന്നല്ല ടെൻത്ത് സെക്‌സ് എന്നോ എത്രാമത്തെ സെക്‌സ് എന്നോ പറയണമെന്നനിക്കറിയില്ല. അത് രാജ്യത്ത നിലവിലുള്ള യാഥാർത്ഥ്യമാണ്. നമ്മുടെ ഫ്യൂഡൽ വ്യവസ്ഥിതിയുടെ ഭാഗമെന്ന് പറഞ്ഞാൽ പറ്റില്ല. അതിനുമുമ്പുള്ള ഒരു കാലമുണ്ടായിരുന്നു. മനുഷ്യ ചരിത്രത്തിൽ, ഇന്ത്യാ രാജ്യത്തെ പുരാതന വിശ്വാസങ്ങളിൽ ആദ്യത്തെ അസൽ ദൈവം മദർ ഗോഡസാണ്. മാതൃദേവത ദൈവമായി ആരാധിച്ചിരുന്നത് വിഷ്ണുവിനേയും ശിവനെയുമല്ല, സ്ത്രീയെയായിരുന്നു. അന്ന് നമ്മുടെ ദൈവശാസ്ത്രത്തിന്റെ പ്രധാനപ്പെട്ട പ്രമാണം മദർ വർഷിപ്പാണ് ശക്തി സൃഷ്ടിയുടെ ഉറവിടം സ്ത്രീയെന്നാണ്. ശക്തിയുടെ ഉറവിടം അക്ഷരാർത്ഥത്തിലും സ്ത്രീയാണ്. കാരണം, മനുഷ്യവംശം നിലനിൽക്കുന്നത്. ഭൂമിയിൽ എത്രയോ ആയിരം സസ്യലതാദികളും പക്ഷിമൃഗാദികളുമുള തിൽ ഈ മനുഷ്യനെന്നു പറയുന്ന ദൈവസമാനമായ വംശം നിലനിൽക്കുന്നതിന്റെ ആധാരം സ്ത്രീയാണ്. അടുത്ത തലമുറയിലെ പൗരാവലിയെ സൃഷ്ടിച്ചെടുക്കേണ്ടത് സ്ത്രീയാണ്. ആ സ്ത്രീയെ അടിമത്വത്തിൽ വച്ചുകൊണ്ട്, അന്ധകാരത്തിൽ വച്ചുകൊണ്ട്, ചങ്ങലയിലിട്ടു രണ്ടാംതരം പൗരൻമാരായി നിർത്തി കൊണ്ട് ഒരിക്കലും സമൂഹത്തിൽ നല്ല പൗരൻമാരുണ്ടാകുകയില്ല. അങ്ങനെയൊരു സ്ഥിതിയിൽ ഈ രാജ്യത്ത് ജനാധിപത്യമോ മതേതരത്വമോ പോലുള ഏർപ്പാടുകളൊന്നും വരികയില്ല. അതുകൊണ്ട് ഈ ബിൽ നല്ല സംഗതിയാണ്. എന്നാൽ പ്രശ്നത്തിന് സ്വാഭാവികമായി പരിമിതികളുണ്ട്. സംസ്ഥാന ഗവൺമെൻറിന് മാത്രമായി നേരിട്ട് ഇക്കാര്യത്തിൽ വലുതായിട്ടൊന്നും ചെയ്യാൻ കഴിയില്ല. അടിസ്ഥാനപരമായി നമ്മൾ ശ്രമിച്ചാലും സംസ്ഥാന ഗവൺമെൻറിന് ശുപാർശ കൊടുക്കുന്ന ഒരുപദേശക സമിതി എന്നതിലപ്പുറം ബിൽ വ്യവസ്ഥകൾക്ക് വളരെ ദൂരം പോകാൻ കഴിയില്ല. ഇത് ആദ്യത്തെ വായനയെന്നുള്ള നിലയ്ക്ക് ബഹുമാനപ്പെട്ട മന്ത്രിയോട് എനിക്ക് പറയാനുള്ളത്, നമ്മളിന്നു നിൽക്കാൻ നിർബന്ധിതമായിരിക്കുന്ന ഈ ചട്ടക്കൂടിനകത്തു നിന്നു കൊണ്ടുതന്നെ വെറും അഡ്വൈസറി കമ്മിറ്റി എന്നതിനപ്പുറം പോയി ഏതെല്ലാം വിഷയങ്ങളിൽ ഏതെല്ലാം കാര്യങ്ങളിൽ, ഏതെല്ലാം പ്രത്യേക പ്രശ്നങ്ങളിൽ നമുക്ക് സബ്സ്റ്റാൻറിവായിട്ടുള്ള ഏർപ്പാട് ഉണ്ടാക്കാൻ കഴിയുമെന്ന് പരിശോധിച്ചുനോക്കേണ്ടതാണ്. അങ്ങനെ പരിശോധിച്ചുകൊണ്ട് ഈ ബില്ലിന്റെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ശ്രമം കുറച്ചുകൂടി ഫലവത്താക്കാൻ ശ്രമിക്കണം. അതിന് ഇവിടെ പറഞ്ഞതുപോലെ ഈ കമ്മീഷൻ രൂപീകരണത്തെ സംബന്ധിച്ചിടത്തോളം സ്ത്രീകൾക്കുള്ള പ്രശ്നങ്ങളുടെ പ്രാധാന്യം പ്രത്യേകമായി അംഗീകരിക്കണം.’’

കെ.കെ. ശൈലജ, ജെ.മേഴ്‌സിക്കുട്ടിയമ്മ

‘‘വേറൊരു പ്രധാനപ്പെട്ട പോയിൻറ്​, ഇതിൽ പറഞ്ഞിരിക്കുന്നത് രജിസ്ട്രേഷൻ ഏർപ്പാടാണ്. വനിതാസമിതികൾ രജിസ്​റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്താൽ അവർക്ക് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് കൊടുക്കുമായിരിക്കും. അങ്ങനെ രജിസ്റ്റർ ചെയ്ത ഒരു സ്കൂളിന്റെ ചട്ടക്കൂടിനകത്തുനിന്നുകൊണ്ട് പ്രവർത്തിക്കുന്ന സംഘടനകളുടെ ഡ്യൂട്ടീസ് എന്താണ്? അതിനെന്തെങ്കിലും അവകാശം കൊടുത്തിട്ടുണ്ടോ? അക്കാര്യമൊന്ന് വ്യക്തമാക്കണം. ഇപ്പോൾ തന്നെ സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലും ഗ്രാമവികസന വകുപ്പിന്റെ കീഴിലും വനിതാസമിതികളുണ്ട്. അംഗനവാടികളുണ്ട്, വനിതാസംഘടനകളുണ്ട്. പക്ഷേ, ഫലമൊന്നുമില്ല. കാരണം അവ ഔപചാരികമായി മാത്രം പ്രവർത്തിക്കുന്ന സംഘടനകളായി ചുരുങ്ങിയിരിക്കുകയാണ്. അങ്ങനെ ഔപചാരികമായി ബോർഡ് മാത്രം തൂക്കിയിട്ടിരിക്കുന്ന സംഘടനകൾ ഇനിയും ഉണ്ടാക്കിയിട്ട് കാര്യമില്ല. അതുകൊണ്ട് വാസ്തവത്തിൽ ആവശ്യം വളരെ വിപുലാടിത്തറ ഉള്ള വനിതാ പ്രസ്ഥാനമാണ്. വനിതാപ്രസ്ഥാനം ഇന്ത്യാരാജ്യത്തുണ്ടാക്കേണ്ട എല്ലാ ആവശ്യവും ഇന്നുണ്ട്. ഇന്ന് വളരെ രൂക്ഷമായി ആക്രമണം നടക്കുന്ന കാലമാണ്. രണ്ടു കൊല്ലം മുമ്പാണെന്ന് തോന്നുന്നു ഇന്ത്യാ ടുഡേ മാഗസിനിൻ ലേഖകൻ രാജസ്ഥാനിലെ ഒരു ഗ്രാമത്തിൽ പോയി ഒരു പഠനം നടത്തിയപ്പോൾ മനസിലാക്കാൻ കഴിഞ്ഞത് ചിത്രം സഹിതം അവർ റിപ്പോർട്ട് കൊടുത്തിരുന്നു, അതിർത്തി പ്രദേശത്തുള്ള ഗ്രാമത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അടുത്ത വീട്ടിൽ താമസിക്കുന്നയാളുകൾ വന്നു പ്രസവിച്ച സ്ത്രീയുടെ കൈ കുട്ടിയുടെ കഴുത്തിൽ പിടിച്ചുവച്ച് അതിനെ ഞെക്കിക്കൊല്ലും. അവർ കൊല്ലുകയില്ല. എന്നാൽ കേസാകുമല്ലോ. പ്രസവിച്ച സ്ത്രീയെക്കൊണ്ട് കൊല്ലിക്കും. സ്ത്രീ പ്രജയുണ്ടാകുന്നത് വളരെ ദൗർഭാഗ്യകരമായി, അത് കുടുബത്തിന്റെ ശാപമായി കാണുന്നു.’’

വനിതാ കമ്മീഷനെ കുറിച്ച്​ ഒരുപാട് പ്രതീക്ഷകൾ വച്ചിരുന്ന മനുഷ്യർ ഉണ്ടായിരുന്നു. അതിന്റെയെല്ലാം വിപരീത ദിശയിൽ ഒട്ടും ക്രിയാത്മകമല്ലാതെ പ്രവർത്തിച്ച അദ്ധ്യക്ഷരുണ്ടായിരുന്നു. അതിലെ അവസാന പേര് എം.സി.ജോസഫൈൻ ആയിരിക്കട്ടെ. അന്ന് സ്ത്രീ വിമോചന മുന്നേറ്റങ്ങളെ കുറിച്ചു സംസാരിച്ച ജനപ്രതിനിധികളിൽ നിന്നും ജനങ്ങളിൽ നിന്നും നമ്മൾ എത്ര പുറകോട്ട് പോയി എന്ന് ചിന്തിക്കണം. ഇനി വരുന്നവരെങ്കിലും വനിത കമീഷന്റെ ഉത്ഭവ ചരിത്രം ഉൾകൊണ്ടു പ്രവർത്തിക്കുക തന്നെ വേണം.


Comments