Photo: Flickr, Lorie Shaull

ഗർഭഛിദ്രമെന്ന അവകാശം

സ്വാതന്ത്ര്യം കിട്ടി കാൽ നൂറ്റാണ്ടു കഴിയും വരെ ഗർഭഛിദ്രമെന്നത് തത്വത്തിലെങ്കിലും സ്ത്രീ ചെയ്യുന്ന ക്രിമിനൽ കുറ്റമായിരുന്നു ഇന്ത്യയിൽ! 7 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകരമായ പ്രവൃത്തി! 1860-ലെ ഇന്ത്യൻ പീനൽ കോഡായിരുന്നു അതിനാധാരം.1971-ൽ മാത്രമാണ് ഒരു എം.ടി.പി. ആക്ട് (Medical Termination of Pregnancy Act) ഇവിടെ പ്രാബല്യത്തിൽ വരുന്നത്. അത്ഭുതപ്പെടേണ്ട. ആധുനിക രാഷ്ട്രങ്ങളെന്നു കരുതപ്പെടുന്നവയിൽ നിന്ന് ഏറെയൊന്നും വൈകിയായിരുന്നില്ല ഈ നിയമ നിർമാണം.

ഔദ്യോഗിക മതങ്ങളുള്ള രാജ്യങ്ങളിൽ, മുസ്‌ലിം രാജ്യങ്ങളിൽ, ലാറ്റിനമേരിക്കൻ രാജ്യങ്ങളിൽ, ഇന്നും ഗർഭഛിദ്രമെന്നത് നിരോധിതമോ കഠിന നിയന്ത്രണങ്ങൾക്കു വിധേയമോ ആണ്. എന്തിന് ഇംഗ്ലണ്ടിന്റെ സഹോദര രാജ്യമെന്നു വിളിക്കാവുന്ന അയർലണ്ടിൽ ഇന്ത്യൻ വംശജയായ ഡെന്റിസ്റ്റ് സവിത ഹാലപ്പനാവറിന്റെ രക്തസാക്ഷിത്വം വേണ്ടി വന്നു 2013-ലെങ്കിലും ഒരു ആധുനിക ഗർഭഛിദ്രനിയമം നടപ്പിൽ വരാൻ. ഗർഭപാത്ര അണുബാധയുടെ (Septic abortion) ലക്ഷണങ്ങളുണ്ടായിട്ടും, ഗർഭസ്ഥ ശിശുവിന് ജീവനുണ്ട് എന്ന കാരണം പറഞ്ഞ് അനിവാര്യമായ ഗർഭം നീക്കം ചെയ്യൽ പ്രക്രിയ അനുവദിക്കപ്പെടാതെ പോയതാണ് ആ ഗർഭിണിയുടെ ദയനീയ മരണത്തിനിടയാക്കിയത്. മെഡിക്കൽ ജ്ഞാനത്തിനും മുകളിൽ രാഷ്ട്രത്തിന്റെ മതബോധത്തിനു പ്രാധാന്യം കൊടുത്തതിന്റെ പരിണതി!

31-കാരിയായ സവിത ഹാലപ്പനാവർ അബോർഷൻ നിഷേധിക്കപ്പെട്ട് മരിച്ചതിനെ തുടർന്ന് ഡബ്ളിനിൽ നടന്ന പ്രതിഷേധം (2012) / Photo: Flickr, William Murphy

1971-ലെ ഇന്ത്യൻ എം.ടി.പി. ആക്ടിൽ ഗർഭഛിദ്രം അനുവദിക്കപ്പെടുന്ന അവസ്ഥകൾ കൃത്യമായി പറഞ്ഞിട്ടുണ്ട്.
ഗർഭം തുടർന്നു പോകൽ അമ്മയുടെ ശാരീരികമോ, മാനസികമോ ആയ ആരോഗ്യത്തിനു ഹാനികരമാകുമെങ്കിൽ.
ബലാൽസംഗത്തിനിരയായാണ് ഗർഭിണിയായതെങ്കിൽ.
ഗർഭസ്ഥ ശിശുവിന് ഗുരുതര ജന്മ വൈകല്യങ്ങൾ തെളിയിക്കപ്പെട്ടാൽ.
വിവാഹിതയായ സ്ത്രീയോ അവളുടെ ഭർത്താവോ ഉപയോഗിച്ചിരുന്ന ഗർഭനിരോധന മാർഗങ്ങൾ പരാജയപ്പെട്ടാൽ.
വിവാഹത്തെയും കുടുംബത്തെയും ചുറ്റിപ്പറ്റിത്തന്നെയാണ് ഈ ഗർഭഛിദ്ര നിയമങ്ങൾ നിർമ്മിക്കപ്പെട്ടത് എന്നു കാണാം. വിവാഹബാഹ്യമെന്നാൽ ബലാൽസംഗം മാത്രം.

ഒരു റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനർക്കേ ഗർഭഛിദ്രം നടത്താൻ പാടുള്ളു എന്നതുൾപ്പെടെ, ഇനിയും നിബന്ധനകളേറെയുള്ള നിയമത്തിൽ വളരെ കുറച്ച് കൂട്ടിച്ചേർക്കലുകളേ ഏറെക്കാലമായി നടന്നിട്ടുള്ളു. അവ എം.ടി.പി. ചെയ്യാൻ അനുവാദമുള്ള ആശുപത്രികളുടെ സെർട്ടിഫിക്കേഷനുമായോ, ചെയ്യാൻ അധികാരപ്പെടുത്താവുന്നവരെപ്പറ്റിയോ ഒക്കെ ബന്ധപ്പെട്ടവയുമാണ്. ഗർഭസ്ഥ ശിശുവിന്റെ ലിംഗ നിർണയം നടത്തിയുള്ള എം.ടി.പിക്കു തടയിടുന്ന 1994-ലെ PNDT Act (Prenatal Diagnostic Techniques Act), പതിനെട്ടു വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ ചൂഷണം ചെയ്യുന്നതിനു ശിക്ഷ നിശ്ചയിക്കുന്ന 2012 ലെ POCSO Act (Protection of Children from Sexual Offenses Act) എന്നിവയും ഇവയോടു ചേർത്തു വായിക്കാം.

കുനിഞ്ഞ ശിരസ്സോടെയെങ്കിലും അച്ഛനമ്മമാരോ ബന്ധുക്കളോ പെൺകുട്ടികളെ ഒ.പിയിൽ കൂട്ടിക്കൊണ്ടുവരാൻ തുടങ്ങി. അവരിൽ ചിലരെങ്കിലും സ്വന്തം അച്ഛൻമാരിൽ നിന്നോ രണ്ടാനച്ഛൻമാരിൽ നിന്നോ ഗർഭിണികളായവരായിരുന്നു

കർശന നിബന്ധനകളുണ്ടെങ്കിലും 1971-ലെ എം.ടി.പി. ആക്ട് അനുസരിച്ചു തന്നെ സ്ത്രീയുടെ ഗർഭഛിദ്രാവകാശം വലിയൊരളവുവരെ സാധിതമാക്കാനാവുമായിരുന്നു. മാനസികാരോഗ്യമെന്നതിന്റെ പരിധി തുലോം അവ്യക്തമായതിനാൽ കുട്ടികൾ തമ്മിലുള്ള അകലം കൂട്ടാനും, മറ്റനേകം സാമൂഹ്യ, സാമ്പത്തിക, വൈവാഹിക കാരണങ്ങളാലും വിവാഹിതകളും അല്ലാത്തവരുമായ സ്ത്രീകളും അവരുടെ ഡോക്ടർമാരും ഗർഭഛിദ്രം വലിയ മാനസിക സംഘർഷങ്ങളൊന്നുമില്ലാതെ പ്രാവർത്തികമാക്കിയിരുന്നു താനും. MTP on demand എന്ന പാശ്ചാത്യ രാജ്യങ്ങളുടെ രീതിയിലേക്ക്‌ ഇന്ത്യയിലെ സ്വകാര്യ ആശുപത്രികളിൽ ചിലവയെങ്കിലും ഈ ആക്ടിന്റെ തന്നെ ബലത്തിൽ മാറിയിട്ടുമുണ്ട്. കെ.പി. രാമനുണ്ണിയുടെ ഛിദ്രം എന്ന കഥയിലെ സേഫ് സെക്സ് ക്ലിനിക്കുകൾ പോലെ! 20 ആഴ്ച വളർച്ച വരെ എന്ന പരിധിയും തികച്ചും അസ്വീകാര്യമാം വിധം വിശാലമായി ലംഘിക്കപ്പെടാറുമുണ്ട്!

എൺപതുകളിൽ, കോഴിക്കോട് മെഡിക്കൽ കോളേജിൽ ഔദ്യോഗിക ജീവിതം തുടങ്ങിയ കാലത്ത്, ധാരാളം പെൺകുട്ടികൾ സുരക്ഷിതമല്ലാത്ത ഗർഭഛിദ്ര മാർഗങ്ങൾ (Criminal Abortion) ക്കു വിധേയരായി മൃതപ്രായരായി എത്തുമായിരുന്നു. കഴിയാവുന്ന എല്ലാ വിദഗ്ധ ചികിത്സയും ലഭ്യമാക്കിയിട്ടും Endotoxic shock എന്ന ഗുരുതര അവസ്ഥയിലെത്തി മരണത്തിലേയ്ക്കു ആണ്ടാണ്ടു പോകുമായിരുന്ന അവരിൽ ചിലരുടെ കുഞ്ഞുമുഖങ്ങൾ മനസ്സിൽ മായാതെ നിൽക്കുന്നുമുണ്ട്. സ്വന്തം അച്ഛനമ്മമാരോ ബന്ധുക്കളോ തന്നെയായിരുന്നു ഇവരെ അശാസ്ത്രീയ ഗർഭഛിദ്ര മാർഗങ്ങൾക്കു കൊണ്ടുപോയതും. പതുക്കെപ്പതുക്കെ ഇത്തരം രോഗികൾ കുറഞ്ഞു വന്നു. കുനിഞ്ഞ ശിരസ്സോടെയെങ്കിലും അച്ഛനമ്മമാരോ ബന്ധുക്കളോ അവരെ ഒ.പിയിൽ കൂട്ടിക്കൊണ്ടുവരാൻ തുടങ്ങി.

ഒമ്പത് ആഴ്ച വരെയേ പൂർണമായി ഒരു പ്രശ്നരഹിത അബോർഷൻ, Pill കൊണ്ടു സാധ്യമാകൂ. ഗർഭ വളർച്ച കൂടുന്നതിനനുസരിച്ച് അബോർഷൻ അപൂർണമാകാനും ചെറിയ ശസ്ത്രക്രിയ വേണ്ടി വരാനും സാധ്യതയുണ്ട്.

തിരക്കുള്ള ഒ.പിയിൽ രഹസ്യാത്മകതയ്ക്കു വേണ്ടി തത്രപ്പെട്ടും പെൺകുട്ടിയെ ഇടയ്ക്കിടെ കുറ്റവാളിയെപ്പോലെ നോക്കിയും അവർ ഡോക്ടർമാരോട് സത്യസന്ധരായി. ആ പെൺകുട്ടികളിൽ ചിലരെങ്കിലും സ്വന്തം അച്ഛൻമാരിൽ നിന്നോ രണ്ടാനച്ഛൻമാരിൽ നിന്നോ ഗർഭിണികളായവരായിരുന്നു. അപ്പോഴും കുടുംബത്തിന്റെ മാനക്കേട് തന്നെയാണ് ബന്ധുക്കൾക്ക് പറയാനുണ്ടായിരുന്നത്. അത് ഡോക്ടർമാർക്കെളുപ്പം മനസ്സിലാവുകയും ചെയ്യുമായിരുന്നു. ഇത്തിരി കുറ്റപ്പെടുത്തലുകൾക്കൊക്കെ ശേഷം ആ മാനക്കേട് മാറ്റിക്കൊടുക്കേണ്ട ഉത്തരവാദിത്തം അവരേറ്റെടുക്കുകയും ചെയ്തു. തമാശയതല്ല, ഇന്ന് അതേ "സദാചാരനിഷ്ഠാബോധം' കൊണ്ടു തന്നെ, മാതാപിതാക്കളുടെ ചൂണ്ടുവിരൽ പിടിക്കാതെ ധൈര്യപൂർവം അബോർഷൻ ചോദിച്ചെത്തുന്ന യുവതികൾ ഡോക്ടർമാരെ പരിഭ്രമത്തിലാക്കുന്നു! പോയി മാതാപിതാക്കളെ വിളിച്ചിട്ടു വാ എന്ന് 24 കാരിയോട് ആജ്ഞാപിക്കാനും അത് രേഖപ്പെടുത്തിവെക്കാനും അവർ വ്യഗ്രതപ്പെടുന്നു.

തൃശൂർ മെഡിക്കൽ കോളേജിൽ അബോർഷൻ ചെയ്യാനെത്തിയ 24-കാരിയുടെ മാതാപിതാക്കളെ വിവരമറിയിക്കണമെന്ന ഡോക്ടറുടെ കുറിപ്പടി. യുവതി അവിവാഹിതയാണെന്നും കുറിപ്പടിയിൽ പ്രത്യേകം രേഖപ്പെടുത്തിയതു കാണാം

വിവാദമായ മെഡിക്കൽ കോളേജ് സംഭവത്തിൽ ഗർഭിണിയായ 24 കാരി സ്വന്തം പാർട്ണർക്കൊപ്പം ചെന്ന് എം.ടി.പി. ആവശ്യപ്പെടുന്നു. മാസമുറയുടെ കണക്കനുസരിച്ചും അൾട്രാസൗണ്ട് അനുസരിച്ചും വളരെ early pregnancy (5+ weeks). കുഞ്ഞിന്റെ ഹൃദയമിടിപ്പ് പോലും പ്രത്യക്ഷപ്പെടുന്നതിനു മുമ്പുള്ള അവസ്ഥ. ഒരു MT pill-ൽ (Medical termination) അവസാനിക്കാവുന്ന പ്രശ്നം. മെഡിക്കൽ ഷോപ്പിൽ നേരിട്ടു പോയാൽ ഒരു പക്ഷേ കിട്ടുമായിരുന്ന സൗകര്യം. പക്ഷേ, അത്തരം എളുപ്പവഴികൾ സ്വീകരിക്കുന്നത് ആശാസ്യമല്ലെന്നു തന്നെ അനുഭവം വെച്ചു പറയാം. ഒമ്പത് ആഴ്ച വരെയേ പൂർണമായി ഒരു പ്രശ്നരഹിത അബോർഷൻ, Pill കൊണ്ടു സാധ്യമാകൂ. ഗർഭ വളർച്ച കൂടുന്നതിനനുസരിച്ച് അബോർഷൻ അപൂർണമാകാനും ചെറിയ ശസ്ത്രക്രിയ വേണ്ടി വരാനും സാധ്യതയുണ്ട്. ഗർഭിണി നടത്തുന്ന ഗർഭവളർച്ച വിലയിരുത്തൽ തെറ്റിപ്പോകാൻ സാധ്യതയുണ്ടല്ലോ. മാത്രമല്ല, ഒരു ഗർഭപാത്രേതര ഗർഭസാധ്യതയോ (Ectopic pregnancy) മുന്തിരിക്കുല ഗർഭമോ (Vesicular Mole) അബോർഷൻ ശ്രമത്തിനു മുമ്പ് ഇല്ലെന്നുറപ്പാക്കേണ്ടതുമുണ്ട്.

ഗുളിക സ്വയം വാങ്ങിക്കഴിച്ച് ദീർഘനാൾ നീണ്ടു നിൽക്കുന്ന രക്തസ്രാവം മൂലം തളർന്നവശയായി 4gm Haemoglobin നുമായി ഒ.പിയിൽ വന്നെത്തിയ ചെറുപ്പക്കാരിയെ ഓർക്കുന്നു. ഇതു കൊണ്ടൊക്കെത്തന്നെ ആ 24 കാരി സ്വീകരിച്ചത് തീർത്തും ഉചിതമായ രീതി തന്നെ. ആ യുവതിയുടെ പ്രത്യേക അവസ്ഥകൾ ചോദിച്ചു മനസ്സിലാക്കി, അപൂർവമായി അബോർഷനോടനുബന്ധിച്ചും ദീർഘകാലാടിസ്ഥാനത്തിലും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളെപ്പറ്റി ഉണർത്തി (ഭയപ്പെടുത്തിയല്ല). ആവശ്യമെങ്കിൽ അതു സുഗമമായി നടത്തിക്കൊടുക്കുക എന്നതു തന്നെയാണ് ഡോക്ടറുടെ കടമ. എം.ടി.പിക്ക് വിധേയയാകുന്ന സ്ത്രീയുടെ സമ്മതം (consent) മാത്രമേ 1971-ലെ ആക്ട് പോലും നിഷ്കകർഷിക്കുന്നുള്ളു.18 വയസ്സിൽ താഴെയുള്ളവർക്കോ, മനസ്സിന്റെ സമനില തെറ്റിയവർക്കോ (lunatic) മാത്രമേ അന്യനൊരാളുടെ സമ്മതപത്രവും ഒപ്പും ആവശ്യമുള്ളു. അത് മാതാപിതാക്കൾ തന്നെ ആയിരിക്കണമെന്നും നിഷ്കർഷിച്ചിട്ടില്ല.

താരതമ്യേന ഭേദപ്പെട്ട ഗർഭഛിദ്ര നിയമങ്ങളാണ് ഇപ്പോൾ ഇന്ത്യയിലേത് എന്നു പറയാം. ഡോക്ടർമാരുടെ നിയമ അവബോധക്കുറവും അതിലുപരി മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള അശ്രദ്ധയും ഒക്കെ മൂലമാണ് പ്രശ്നങ്ങളുണ്ടാകുന്നത്​

പുതിയകാല മരുന്നുകൾ ഉപയോഗിച്ചുള്ള രീതി (Medical Abortion) തന്നെയാണ് നേരത്തേ പറഞ്ഞ 24 കാരിക്ക് നിർദ്ദേശിക്കപ്പെടേണ്ടത്. സാധാരണ നിലയിൽ അവൾക്ക് ഒരു ശസ്ത്രക്രിയാ സാധ്യത ഇല്ല. എങ്കിലും അതുകൂടി കരുതിക്കൊണ്ട് consent എടുക്കുന്നതിൽ തെറ്റില്ല. മൈനർ ശസ്ത്രക്രിയ ആണെങ്കിലും വളരെ അപൂർവമായി complications ഉണ്ടാകാമല്ലോ. ആ അവസരത്തിൽ ഉത്തരവാദിത്തമുള്ള ഒരാളുടെ സാന്നിധ്യവും സഹകരണവും ആവശ്യമായി വരും. അതു കൊണ്ട് കൂടെ വന്ന പാർട്ണറും യുവതിയും ഇക്കാര്യങ്ങളൊക്കെ അറിഞ്ഞു കൊണ്ടു തന്നെ അയാളുടെ പേരും വിലാസവും ഒപ്പും നൽകിയാൽ, അയാൾ കൂടെയുണ്ടായാൽ കൂടുതൽ ഒന്നും ഡോക്ടർമാർക്ക് ആവശ്യപ്പെടാനാവില്ല. അത്യാഹിതമെന്തെങ്കിലും സംഭവിച്ചാൽ കുടുംബവും കൂട്ടക്കാരും പ്രശ്നത്തിനു വരുമെന്ന ഭയമാണെങ്കിൽ, ചികിത്സിക്കുന്ന ഏതു രോഗിയുടെ കാര്യത്തിലും ഡോക്ടർക്ക് ആ റിസ്ക് ഉണ്ടല്ലോ. രേഖകളെല്ലാം കൃത്യമാണെങ്കിൽ നിയമ നടപടികൾക്കും നിലനിൽപ്പില്ല. വാസ്തവത്തിൽ, MTP നിഷേധിച്ചതിന്റെ പേരിലായിരിക്കാം ഇനി ഇവിടെ legal action-ന് സാധ്യതയുണ്ടായിരിക്കുക.

2021 മാർച്ചിൽ, ദീർഘകാലത്തെ നിവേദനങ്ങൾക്കും ചർച്ചകൾക്കും ശേഷം പാസ്സാക്കിയ എം.ടി.പി. ആക്ടിലെ ഭേദഗതിയെപ്പറ്റിയും ഡോക്ടർമാർ അറിഞ്ഞിരിക്കേണ്ടതുണ്ട്. വിവാഹിതയ്ക്കുള്ള എല്ലാ അവകാശങ്ങളും അവിവാഹിതയായ ഗർഭിണിക്കും ഈ amendment അനുവദിച്ചു കൊടുക്കുന്നുണ്ട്. വിവാഹിതയോ ഭർത്താവോ എന്നുള്ളത് സ്ത്രീയോ ജീവിതപങ്കാളിയോ എന്നു മാറ്റി ചേർത്തിട്ടുമുണ്ട്. മാത്രമല്ല, സ്ത്രീയുടെ സ്വകാര്യത സംരക്ഷിക്കപ്പെടണമെന്നത് പ്രത്യേകം എടുത്തു പറഞ്ഞിട്ടുമുണ്ട്.

194 പെറ്റീഷനുകൾ സുപ്രീം കോടതിയിൽ വന്നതിന്റെ പ്രതിഫലനമായാണ് സ്ത്രീയവകാശ പ്രവർത്തകരെ പൂർണ്ണമായും തൃപ്തിപ്പെടുത്തുന്നതല്ലെങ്കിൽ കൂടി, കൂടുതൽ ഉദാരമായ നിയമ ഭേദഗതികൾ ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് രൂപീകരിച്ചത് / Photo: Wikimedia Commons

പുതിയ ഭേദഗതിയിലെ മറ്റു വ്യവസ്ഥകൾ കൂടി ഡോക്ടർമാർ അറിയേണ്ടതുണ്ട്. 1971-ലെ ആക്റ്റ് പ്രകാരം 12 ആഴ്ച വരെയുള്ള ഗർഭം ഒരു റജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറിനു (RMP) തീരുമാനമെടുത്തു ചെയ്യാമെന്നായിരുന്നെങ്കിൽ 12 മുതൽ 20 ആഴ്ച വരെ രണ്ടു RMP മാർ വേണ്ടതുണ്ടായിരുന്നു. 12 ആഴ്ചക്കു ശേഷം കൂടുതലായി ഉണ്ടാകാവുന്ന അപകടങ്ങളെ കരുതിക്കൊണ്ടായിരുന്നു അത്. പുതിയ കാലത്ത് പ്രോസ്റ്റാഗ്ലാന്റിൻ (Prostaglandin) പോലുള്ള മരുന്നുകൾ എളുപ്പത്തിലും താരതമ്യേന സുരക്ഷിതമായും അബോർഷൻ സാധ്യമാക്കുമെന്നതിനാൽ തന്നെ ഈ നിബന്ധനയിൽ ഇളവുണ്ട്. 20 ആഴ്ച വരെ ഒറ്റ ഡോക്ടറുടെ തീരുമാനം മതി. 20 ആഴ്ചയ്ക്കുശേഷം ഒരു കാരണവശാലും അബോർഷൻ അനുവദിക്കാതിരുന്നതിൽ നിന്നു വ്യത്യസ്തമായി 20 മുതൽ 24 ആഴ്ച വരെ രണ്ടു ഡോക്ടർമാർ ഒന്നിച്ച് ചർച്ച ചെയ്തു തീരുമാനമെടുത്താൽ എം.ടി.പി. ചെയ്യാമെന്നായി. ഗർഭസ്ഥ ശിശുവിന് മാരകമായ ഹൃദയ സംബന്ധ വൈകല്യങ്ങളുണ്ടായിട്ടും 20 ആഴ്ച കഴിഞ്ഞു പോയി എന്നതിനാൽ മാത്രം ഗർഭഛിദ്രം അനുവദിക്കാതിരുന്ന ഹൈക്കോടതി വിധിയും അതുയർത്തിയ പ്രതിഷേധങ്ങളും അപ്പീലും ഒക്കെ കണക്കിലെടുത്തു തന്നെയാകണം ഈ ഭേദഗതി. ഇനി 24 ആഴ്ചയും കടന്നു പോയാൽ, അബോർഷൻ അനിവാര്യമെന്നു വന്നാൽ ഒരു മെഡിക്കൽ ബോർഡ് രൂപീകരിച്ച് തീരുമാനമെടുക്കേണ്ടി വരും.

മൊത്തം 194 പെറ്റീഷനുകൾ സുപ്രീം കോടതിയിൽ വന്നതിന്റെ പ്രതിഫലനമായിട്ടാണ് നിയമ ഭേദഗതികൾ ഇത്തരത്തിൽ രൂപീകരിക്കപ്പെട്ടത്. സ്ത്രീയവകാശ പ്രവർത്തകർ ഇപ്പോഴും പൂർണ തൃപ്തരല്ലെങ്കിലും താരതമ്യേന ഭേദപ്പെട്ട ഗർഭഛിദ്ര നിയമങ്ങളാണ് മൊത്തത്തിൽ ഇപ്പോൾ ഇന്ത്യയിലേത് എന്നു പറയാം. ഡോക്ടർമാരുടെ നിയമ അവബോധക്കുറവും അതിലുപരി മനുഷ്യാവകാശങ്ങളെപ്പറ്റിയുള്ള അശ്രദ്ധയും ഒക്കെ മൂലമാണ് പ്രശ്നങ്ങൾ ഉത്ഭവിക്കുന്നത്. സ്കാനിംഗ് ചെയ്ത് ജന്മ വൈകല്യം ഉറപ്പാക്കി വരുമ്പോഴേക്കും 20 ആഴ്ച കഴിഞ്ഞു പോയി (21 ആഴ്ച പോലും ആയിട്ടില്ലെങ്കിലും!), ഗുരുതര വൈകല്യമുള്ള കുഞ്ഞിനെ ഒമ്പതു മാസം ചുമന്ന്, പിന്നെയൊരു പ്രസവാനന്തര ശിശുമരണം കൂടി അഭിമുഖീകരിക്കാനിടയാക്കുന്ന തീവ്ര നിയമവാദക്കാരായ ഡോക്ടർമാരെയും പലവട്ടം കണ്ടിട്ടുണ്ട്.

ഗർഭ വളർച്ച എത്രയായാലും, ആരോഗ്യമുള്ള ഗർഭസ്ഥ ശിശുവിനെയും എപ്പോൾ വേണമെങ്കിലും ഒഴിവാക്കിയെടുക്കാം എന്നയിടത്തേക്കുള്ള വളർച്ച യഥാർത്ഥത്തിൽ വളർച്ച തന്നെയാണോ?

24 ആഴ്ചയ്ക്കു ശേഷമുള്ള നിബന്ധനകൾ ഫെമിനിസ്റ്റ് ഗ്രൂപ്പുകളിൽ ചിലർക്ക് സ്വീകാര്യമല്ലാതാവുന്നതിന്റെ കാരണം വളരെ സ്വതന്ത്രമായ, MTP on Demand എന്ന ആശയമാണവരുടേത് എന്നതാകാം. ഗർഭ വളർച്ച എത്രയായാലും, ആരോഗ്യമുള്ള ഗർഭസ്ഥ ശിശുവിനെയും എപ്പോൾ വേണമെങ്കിലും ഒഴിവാക്കിയെടുക്കാം എന്നയിടത്തേക്കുള്ള വളർച്ച യഥാർത്ഥത്തിൽ വളർച്ച തന്നെയാണോ? നിയമ ഭേദഗതി വരും മുമ്പും അനധികൃതമായി ഇത്തരം "പ്രസവിപ്പിക്കലുകൾ' സ്വകാര്യമായി നടന്നിട്ടുണ്ട്. ഇനിയും പേരും പെരുമയുമുള്ള ആശുപത്രികളിൽ ഇങ്ങനെ നടക്കുമായിരിക്കാം. എങ്ങനെയായിരിക്കാം ദുർബലമായിട്ടാണെങ്കിലും കരഞ്ഞുകൊണ്ടു തന്നെ പിറന്നേക്കാവുന്ന ആ കുഞ്ഞുങ്ങളെ നിശ്ശബ്ദരാക്കിയിട്ടുണ്ടാവുക എന്നാലോചിച്ചിട്ടുണ്ട്. കെട്ടാതെ വിടുന്ന പൊക്കിൾക്കൊടിയിലൂടെ ചോര വാർന്നൊരു നിശ്ശബ്ദ മരണം? ഒരു തുണിപ്പൊതിച്ചിലിലെ ശ്വാസം കിട്ടാതെയുള്ള അവിലാപ നിശ്ശബ്ദത?

ഒരു വിദേശപ്പെൺകഥ ഓർമ വരുന്നു.
"നിന്റെ വഴി നീ സ്വയം.'
പശ്ചാത്തലം ഗ്രേറ്റ് ബ്രിട്ടൻ.
ഈജിപ്ഷ്യൻ വംശജയായ നാദിയ, അബോർഷൻ ക്ലിനിക്കിൽ ഒറ്റയ്ക്ക് പോയി പണമടച്ച് ഗർഭഛിദ്രം നടത്തി വിശ്രമിക്കുന്ന തദ്ദേശക്കാരിയായ അവിവാഹിതസുഹൃത്ത് ട്രേസിയെ കാണാനെത്തുകയാണ്. ട്രേസിയോടവൾക്ക് അത്ഭുതം കലർന്ന ആദരവും അസൂയയുമാണ്. ഒപ്പം അൽപ്പം ശങ്ക തീരായ്കകളും. അവിഹിത ഗർഭം ധരിച്ച മരുമകളെ കൊല്ലാൻ തോക്കുമായി ആക്രോശിച്ചെത്തുന്ന ഈജിപ്ഷ്യൻ സിനിമയിലെ അമ്മാവൻ അവളുടെ മനസ്സിലുണ്ട്. ബോയ് ഫ്രണ്ടിന്റെ പോലും സഹായമില്ലാതെ ഒറ്റയ്ക്കു കിടക്കുന്ന സ്നേഹിതയെ കണ്ട ശേഷം അവളോർക്കുന്നതിനെ - "നേഴ്സിംഗ് ഹോമിൽ തോക്കില്ലെന്നേയുള്ളു. ഇവിടെയും രക്തമുണ്ടല്ലോ!'

തോക്കുകളും അപമാനങ്ങളുമില്ലാത്ത ജീവിതത്തിന് ഇന്ത്യൻ സ്ത്രീയ്ക്കും അവകാശമുണ്ട്. പക്ഷേ, ഗർഭഛിദ്രത്തിലും രക്തമുണ്ട്. ആ രക്തത്തിൽ പാതിയെങ്കിലും ഉത്തരവാദിത്തം സ്ത്രീയ്ക്കുമുണ്ട്. ആ ബോധം അവളിൽ ഉണർന്നിരിക്കുന്നില്ലെങ്കിൽ അവൾ ഫെമിനിസ്റ്റ് ആവുന്നതെങ്ങനെ? ▮


ഖദീജ മുംതാസ്

എഴുത്തുകാരി, നോവലിസ്​റ്റ്​. കോഴി​ക്കോട്​ മെഡിക്കൽ കോളേജിൽ സ്​ത്രീരോഗ വിഭാഗത്തിൽ പ്രൊഫസറായിരുന്നു. ആത്മതീർഥങ്ങളിൽ മുങ്ങിനിവർന്ന്​, ഡോക്​ടർ ദൈവമല്ല, ബർസ (നോവൽ) തുടങ്ങിയവ പ്രധാന പുസ്​തകങ്ങൾ.

Comments