ഭാവന

ഇത്​ വെറുമൊരു സിനിമാ റിലീസല്ല, വെറുമൊരു തിരിച്ചുവരവുമല്ല

എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണ് ഈ തിരിച്ചുവരവ്​

ഞ്ചു വർഷത്തെ ഇടവേളക്കുശേഷം ഭാവന മലയാളത്തിൽ പുതിയൊരു സിനിമയുമായി തിരികെ വരികയാണ്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്​' എന്ന സിനിമയുടെ റിലീസ്, വെറുമൊരു സിനിമാ റിലീസല്ല. ഭാവനയുടേത് വെറുമൊരു തിരിച്ചുവരവുമല്ല. എന്തെല്ലാം വെല്ലുവിളികളുണ്ടായാലും അതിജീവിക്കുമെന്ന പെണ്ണിന്റെ, മനുഷ്യന്റെ നിശ്ചയദാർഢ്യത്തിന്റെ വിളംബരം കൂടിയാണ്.

ലൈംഗികാതിക്രമങ്ങൾ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ യാതനകളെ ഈ ഒളിച്ചിരിക്കൽ വല്ലാതെ വർദ്ധിപ്പിക്കും.

ലൈംഗികാതിക്രമങ്ങൾക്ക് വിധേയരായി നിശ്ശബ്ദം ഇരുട്ടിൽ കഴിയേണ്ടിവരുന്ന ആയിരക്കണക്കായ സ്ത്രീകളുണ്ട് നമ്മുടെ നാട്ടിൽ. നമ്മുടെ സദാചാര സങ്കല്പങ്ങളനുസരിച്ച് ‘കളങ്കിതകൾ ' എന്ന പ്രതിച്ഛായ അടിച്ചേല്പിച്ച് ഒറ്റപ്പെടുത്തുന്നതിനാലാണ് അവർക്ക് ഇരകളായി തുടരേണ്ടിവരുന്നത്. മറ്റ് ആക്രമണങ്ങളിൽനിന്ന് വ്യത്യസ്തമായി ഇരകളാക്കപ്പെടുന്നവരുടെ ഈ ഒളിവു ജീവിതം പ്രതികൾക്ക് വലിയ സാദ്ധ്യതകൾ തുറന്നിടുന്നുണ്ട്. ലൈംഗികാതിക്രമങ്ങൾ അനുഭവിക്കേണ്ടി വരുന്ന മാനസികവും ശാരീരികവുമായ യാതനകളെ ഈ ഒളിച്ചിരിക്കൽ വല്ലാതെ വർദ്ധിപ്പിക്കും.

ഭാവനയും ഷറഫുദ്ദീനും

ഇരയെന്ന നിലയിൽ നിന്ന്​ അതിജീവിത എന്ന മനോനിലയിലേക്ക് അവരെ കൈ പിടിച്ചു നടത്തിയാലേ, പിൽക്കാല ജീവിതം സ്വാഭാവിക നിലയിൽ അവർക്ക് മുന്നോട്ട് നയിക്കാനാവൂ. അതുകൊണ്ട് താൻ ലൈംഗികാതിക്രമം നേരിട്ടു എന്നും ഇപ്പോൾ അതിന്റെ മാനസിക/ ശാരീരിക ആഘാതങ്ങൾ അതിജീവിച്ചു വരികയാണെന്നും ഒരു സ്ത്രീ തുറന്നുപറയുമ്പോൾ അത് മേല്പറഞ്ഞ അനേകയിരങ്ങൾക്ക് ആശ്വാസം പകരുന്ന മാതൃകാ നിലപാടാണ്. മാധ്യമ പ്രവർത്തക ബർഖ ദത്ത് കഴിഞ്ഞ വനിതാദിനത്തിൽ
ഭാവനയുമായി നടത്തിയ ഭാഷണം അതുകൊണ്ടുതന്നെയാണ് ചരിത്രമായത്. എല്ലാം തീർന്നുവെന്ന് കരുതിയ ഇടത്തുനിന്ന്​ ഘട്ടംഘട്ടമായി എങ്ങനെ ഈ നിലയിലും നിലപാടിലുമെത്തി എന്ന് ഭാവന അതിൽ വിശദീകരിക്കുന്നുണ്ട്.

തലേന്നാൾ വരെ തനിക്കൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരുടെ പോലും ഭാഗത്തുനിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടംവരെ എത്തിയത്.

രാത്രിസഞ്ചാരവും ഈ കരിയർ തെരഞ്ഞെടുത്തതുമൊക്കെ കുറ്റകൃത്യമാക്കി അവതരിപ്പിച്ചത് സോഷ്യൽ മീഡിയയിലെ മുഖമില്ലാത്ത ആൾക്കൂട്ടം മാത്രമായിരുന്നില്ല. തലേന്നാൾ വരെ തനിക്കൊപ്പം പ്രവർത്തിച്ച സഹപ്രവർത്തകരുടെ പോലും ഭാഗത്തുനിന്നുള്ള ഒറ്റപ്പെടുത്തലുകളും അതിജീവിച്ചാണ് ഭാവന ഇവിടംവരെ എത്തിയത്.

സിനിമാമേഖലയിൽ ഉണ്ടായേക്കാവുന്ന ഒറ്റപ്പെടുത്തലും മറ്റ് വെല്ലുവിളികളും ഭയക്കാതെ ഭാവനയ്‌ക്കൊപ്പം പ്രവർത്തിക്കാനൊരുങ്ങിയ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു' എന്ന സിനിമയുടെ അണിയറ പ്രവർത്തകരും അഭിനന്ദനമർഹിക്കുന്നു.

സിനിമയ്ക്കും ഭാവനയ്ക്കും
സ്‌നേഹാഭിവാദ്യങ്ങൾ. ▮


കെ.കെ. രമ

വടകര മണ്ഡലത്തിൽനിന്നുള്ള നിയമസഭാംഗം.

Comments