ആരുടെയെല്ലാം
നിശ്ശബ്ദതയാണ്
ഈ ബലാത്സംഗക്കൊല?

തൊഴിലിടം അധികാരകേന്ദ്രീകൃതമായ ആജ്ഞകളുടേയും കണ്ണുകളുടെയും ഇടമായി മാറുന്നു. ആ ഇടത്തിൽ കൃത്യമായ സമയക്രമമില്ല, സുരക്ഷിത സംവിധാനങ്ങളില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, അധികാരഘടനയുടെ ആക്രോശം നൽകുന്ന മാനസികാവസ്ഥക്ക് മോചനമില്ല. സ്വസ്ഥമായും സ്വതന്ത്രമായും ജോലി ചെയ്യാൻ കഴിയാത്ത ഇടം. ഇവിടെ പരിചാരകരായി സമൂഹം കണ്ട് പരിപാലിക്കുന്ന സ്ത്രീകളുടെ നിലനില്പ് എങ്ങനെ സാധ്യമാകും?- സോയ തോമസ് എഴുതുന്നു.

കൊൽക്കത്തയിലെ ഒരു സർക്കാർ മെഡിക്കൽ കോളേജിൽ ഡ്യൂട്ടിക്കിടെ ബലാത്സംഗത്തിനിരയായി കൊല ചെയ്യപ്പെട്ട വനിതാ പോസ്റ്റ് ഗ്രാജ്വേറ്റ് ട്രെയിനി ഡോക്ടർക്ക് പലരും നൽകിയ പേരാണ് ‘അഭയ’. സംഭവം രാജ്യത്തുടനീളം വ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. അതിനുശേഷം ജയ്പൂരിലെ ഒരു മെഡിക്കൽ കോളേജിലും വനിതാ ഡോക്ടർ നേരിട്ട ലൈംഗിക പീഡനവും പുറത്തുവന്നു. ഈ വാർത്തകൾ കേൾക്കുമ്പോൾ മനസ്സിൽ ഓടിയെത്തിയത് ജോലിക്കിടെ കൊല്ലപ്പെട്ട വന്ദനയും മരിച്ച അനീഷ്യയുമാണ്. ഇതെല്ലാം സ്ഥാപനവത്കൃത അധികാര ബലാൽസംഗ കൊലകളാണ്.

കൊൽക്കത്തയിലെ ഡോക്ടർ ക്രിമിനലുകളാൽ ബലാത്സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ടു. വന്ദന ജോലിക്കിടെ രോഗിയുടെ ക്രൂരതക്കിരയായി. അനീഷ്യ സഹപ്രവർത്തകരുടെയും സ്ഥാപനത്തിന്റെയും മാനസിക പീഡനത്തിനിരയായി മരിച്ചു - അധികാരവും സ്ഥാപനവും അവളെ കൊലപ്പെടുത്തി. ഈ കൊലകൾ തൊഴിലിടങ്ങളിലാണ് സംഭവിച്ചത്. സത്യസന്ധമായും ആത്മാർത്ഥമായും തൊഴിലെടുക്കുന്നവർ ലൈംഗിക അധിക്ഷേപവും അധികാരപ്രയോഗം മൂലമുള്ള മാനസിക സംഘർഷവും അനുഭവിക്കേണ്ടവരുന്നത് സാധാരണമാകുകയാണ്. ജീവനുവരെ ഭീഷണിയാകുന്ന തൊഴിലന്തരീക്ഷത്തിൽ പണിയെടുത്ത് ഇരകളായവരാണ് കൊൽക്കത്തയിലെ ഡോക്ടറും അനീഷ്യയുമെല്ലാം.

Photo: Deepu Nair, X
Photo: Deepu Nair, X

ഒരു ഡോക്ടറാകാൻ അങ്ങേയറ്റം കഠിനാധ്വാനം ചെയ്ത തങ്ങളുടെ മകൾക്ക് തൊഴിലിടത്തിൽ സംഭവിച്ച ദുരന്തത്തെക്കുറിച്ചോർത്ത് അവളുടെ മാതാപിതാക്കൾ വികാരാധീനരാവുകയാണ്: “ഞങ്ങൾ മധ്യവർഗ പശ്ചാത്തലത്തിൽ നിന്നാണ് വരുന്നത്. എല്ലാം സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയതാണ്. അവൾ ചെറുതായിരിക്കുമ്പോൾ, ഞങ്ങൾ സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. ഡോക്ടറാകണമെന്ന് അവൾ ആഗ്രഹിച്ചു. പ്രതിസന്ധികളെ അതിജീവിച്ചായിരുന്നു ഇവിടം വരെ എത്തിയത്,” പെൺകുട്ടിയുടെ പിതാവ് പറയുന്നു. അവളുടെ ഈ നിശ്ചയദാർഢ്യത്തെയാണ് ബലാൽസംഗ കൊലയിലൂടെ ഇല്ലാതാക്കിയത്.

ഇന്ത്യയിൽ ദിനംപ്രതി രജിസ്റ്റർ ചെയ്യുന്ന ബലാത്സംഗക്കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യത്തിന് പോലും പ്രസക്തിയില്ലാതാവുന്നു.
ഇന്ത്യയിൽ ദിനംപ്രതി രജിസ്റ്റർ ചെയ്യുന്ന ബലാത്സംഗക്കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യത്തിന് പോലും പ്രസക്തിയില്ലാതാവുന്നു.

ഓരോ പുതിയ ലൈംഗികാതിക്രമ കേസുകൾ വരുമ്പോഴും നമ്മുടെ മനസ്സിൽ നിർഭയ, ഉന്നാവോ, കത്തുവ തുടങ്ങി അസ്വസ്ഥമാക്കുന്ന നിരവധി പേരുകൾ ഉയർന്നുവരാറുണ്ട്. ഇവയെല്ലാം അധികാരവർഗ്ഗത്തിന്റെ ഇരകളാക്കപ്പെട്ടവരാണ്. ലിംഗ - ജാതി - മത വേർതിരുവുകളാൽ മനുഷ്യർ, മറ്റുള്ളവരെ കീഴാളരായി കാണുന്നുവെന്നതും തങ്ങളുടെ പ്രിവിലേജുകൾ മുഴുവൻ പ്രയോഗിക്കാൻ പറ്റുന്ന സാഹചര്യം ഉണ്ടാക്കിയെടുക്കുന്നുവെന്നതും യാഥാർഥ്യമാണ്. സ്ത്രീകൾക്ക് സുരക്ഷിതവും സ്വസ്ഥവുമായ ഇടങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നതും ഇന്ത്യൻ യാഥാർഥ്യമാണ്.

ഇന്ത്യയിലെ തൊഴിൽസേനയിലെ ലിംഗവ്യത്യാസം, പ്രധാനമായും യാഥാസ്ഥിതിക സാമൂഹിക മാനദണ്ഡങ്ങളും, തൊഴിൽ അവസരങ്ങളും, വിതരണവും, ലഭ്യതയും (സ്ത്രീകളുടെ ലഭ്യത) മറ്റ് ഘടകങ്ങളും കാരണം, സമീപ ദശകങ്ങളിലെ ഏറ്റവും സ്ഥിരമായ വിരോധാഭാസമായി തുടരുന്നു.

നിയമപരിരക്ഷയും അതുമായി ബന്ധപ്പെട്ട സംവിധാനവും സാധാരണ ജനങ്ങൾക്ക് എളുപ്പം ഉപയോഗിക്കാൻ സാധിക്കാറില്ല. അധികാരത്തിന്റെ സഹായഹസ്തം ഏതെങ്കിലും വിധേന ലഭ്യമാക്കാം എന്നത് കുറ്റവാളികൾക്ക് ഉത്തേജനം നൽകുന്നുമുണ്ട്. ഇന്ത്യയിൽ ദിനംപ്രതി രജിസ്റ്റർ ചെയ്യുന്ന ബലാത്സംഗക്കേസുകളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ, സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് ആവർത്തിച്ചുള്ള ചോദ്യത്തിന് പോലും പ്രസക്തിയില്ലാതാവുന്നു. ലോകജനസംഖ്യയിൽ രണ്ടാം സ്ഥാനത്തുള്ള, 48 ശതമാനം സ്ത്രീകളുള്ള രാജ്യമായ ഇടത്തിരുന്നാണ് നമ്മൾ ഇതാലോചിച്ച് വേവലതിപ്പെടുന്നത്. നമ്മുടെ രാജ്യത്ത് ബലാത്സംഗത്തിനിരയായവരെ സംരക്ഷിക്കാനും, അവർക്ക് നിയമപരമായ അവകാശങ്ങൾ നൽകാനും, കുറ്റകൃത്യങ്ങൾക്ക് സമയബന്ധിതമായ ശിക്ഷ നൽകാനും പുതിയ നിയമങ്ങൾ ഉണ്ടാവാറുണ്ട്. എന്നാൽ പുതുതായി രൂപീകരിക്കുന്ന നിയമങ്ങൾ നടപ്പിലാക്കുന്നതിൽ ഇപ്പോഴും പ്രശ്നമുണ്ട്.

ഓരോ പുതിയ ലൈംഗികാതിക്രമ കേസുകൾ വരുമ്പോഴും നമ്മുടെ മനസ്സിൽ നിർഭയ, ഉന്നാവോ, കത്തുവ തുടങ്ങി അസ്വസ്ഥമാക്കുന്ന നിരവധി പേരുകൾ ഉയർന്നുവരാറുണ്ട്.
ഓരോ പുതിയ ലൈംഗികാതിക്രമ കേസുകൾ വരുമ്പോഴും നമ്മുടെ മനസ്സിൽ നിർഭയ, ഉന്നാവോ, കത്തുവ തുടങ്ങി അസ്വസ്ഥമാക്കുന്ന നിരവധി പേരുകൾ ഉയർന്നുവരാറുണ്ട്.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തെ ഉയർത്താനും ഉപജീവന മാർഗ്ഗങ്ങൾ സ്ത്രീകളിലൂടെ എത്തിക്കാനും പ്രത്യേക പദ്ധതികളും തന്ത്രങ്ങളും മെനയുന്ന ഭരണകൂടം എന്തുകൊണ്ട് സ്ത്രീകളുടെ സുരക്ഷയും അവകാശവും ഉറപ്പിക്കുന്ന സൗകര്യങ്ങളും നിയമവ്യവസ്ഥകളും ഉറപ്പാക്കുന്നില്ല? ഇന്ത്യയിലെ തൊഴിൽസേനയിലെ ലിംഗ വ്യത്യാസം, പ്രധാനമായും യാഥാസ്ഥിതിക സാമൂഹിക മാനദണ്ഡങ്ങളും, തൊഴിൽ അവസരങ്ങളും, വിതരണവും, ലഭ്യതയും (സ്ത്രീകളുടെ ലഭ്യത) മറ്റ് ഘടകങ്ങളും കാരണം, സമീപ ദശകങ്ങളിലെ ഏറ്റവും സ്ഥിരമായ വിരോധാഭാസമായി തുടരുന്നു. ഇത് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളുടെ ചിത്രമാണ്.

തൊഴിലിടത്ത് സ്ത്രീകൾക്കു നേരേയുള്ള ലൈംഗികാതിക്രമം തടയാനും നിരോധിക്കാനുമുള്ള ഉത്തരവാദിത്വവും POSH ആക്റ്റ് പ്രകാരമുണ്ട് എന്നത് സ്ഥാപനങ്ങൾ വിസ്മരിക്കുന്നു.

തൊഴിൽരംഗത്ത് സ്ത്രീകളുടെ ദൃശ്യതയുണ്ടാക്കാനെടുക്കുന്ന ശ്രമങ്ങൾ സർക്കാരുകളുടെ വികസന ലക്ഷ്യമാണ്. അതിനായി വീണ്ടും സേവനവും പരിചരണവും കേന്ദ്രമാക്കി ഏറെ അനായാസകരമായ പാതയിലൂടെ തൊഴിൽ സാധ്യതകളുണ്ടാക്കുന്നു. അതിനപ്പുറം നൈപുണ്യ വികസനത്തിലൂടെ സുരക്ഷിതമായ തൊഴിൽ മേഖലകളിലേക്ക് സ്ത്രീകളെ എത്തിക്കുക എന്നത് ഇന്ത്യയുടെ ആണധികാരവ്യവസ്ഥയിൽ ശ്രമകരമാണ്. ആയതിനാൽ ഇന്ന് തുല്യതയിൽ അടിസ്ഥാനമാക്കിയ തൊഴിലവസരം സൃഷ്ടിക്കലും തൊഴിലിടങ്ങളിലെ സൗഹൃദ - സ്വാഗത പൂർവ്വമായ അന്തരീക്ഷവും വികസന നിർവ്വഹണത്തിൽ അന്യമാണ്. തൊഴിലിടത്തെത്തുന്ന സ്ത്രീകളുടെയും വിവിധ ലിംഗഭേദങ്ങളുടെയും അടിസ്ഥാന ആവശ്യങ്ങളെ പരിഗണിക്കാതെയുള്ള തൊഴിൽ സാധ്യതയൊരുക്കൽ വഴിവയ്ക്കുന്നത് ‘അഭയ’യിലേക്കും അനീഷ്യയയിലേക്കും ഒക്കെ ആണെന്നതാണ് ഏറെ ഹൃദയഭേദകം.

തൊഴിൽ മേഖലയിലെ സുരക്ഷിതത്വം തൊഴിൽ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.
തൊഴിൽ മേഖലയിലെ സുരക്ഷിതത്വം തൊഴിൽ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്.

തൊഴിൽ മേഖലയിലെ സുരക്ഷിതത്വം തൊഴിൽ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തത്തെ ബാധിക്കുന്ന ഘടകങ്ങളിൽ ഒന്നാണ്. അതുപോലെ, എല്ലാ G 20 രാജ്യങ്ങളിലും സ്ത്രീകൾക്ക് ഏറ്റവും കുറഞ്ഞ തൊഴിൽ പങ്കാളിത്ത നിരക്കുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. 2004-ൽ ഇത് 30 ശതമാനമായിരുന്നത് 2017 ആയപ്പോഴേക്കും 20 ശതമാനമായി കുറഞ്ഞു. കോവിഡിനുശേഷം കുറച്ച് വർഷങ്ങളായി ഇത് മെച്ചപ്പെട്ടു.

പ്രസവാവധിയിലിരിക്കുന്ന സ്ത്രീയുടെ കരാർ പുതുക്കൽ പ്രക്രിയകളും വേതന വർധനവും ഒഴിവാക്കുന്നത് പല സ്ഥാപനങ്ങളിലും കാണാം, സാമൂഹ്യസമത്വത്തിനായി പ്രവർത്തിക്കുന്ന ഇടങ്ങളിൽ പോലും. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോക്കോളും എവിടെയും ഇല്ല.

വിവിധ വിതരണ, ഡിമാൻഡ് ഘടകങ്ങളാണ് കുത്തനെയുള്ള ഇടിവിന് കാരണം. ബ്ലൂ കോളർ നിർമ്മാണമേഖലയിലോ വൈറ്റ് കോളർ സേവന മേഖലയിലോ സ്ത്രീകളെ നിയമിക്കുന്നതിൽ തൊഴിലുടമകളുടെ വിമുഖത ഡിമാൻഡ് വശത്താണ്. ഈ തൊഴിലവസരങ്ങൾ വേണ്ടത്ര വേഗത്തിൽ വികസിക്കുന്നില്ല. എന്നാൽ പരിചരണ മേഖല അവരെ കൂടുതലായി തേടുകയും ചെയ്യുന്നു. മറ്റൊരു വിചിത്രമായ കാരണം സ്ത്രീ സൗഹൃദമാക്കാൻ ഉദ്ദേശിച്ചുള്ള ഒരു നിയമമാണ്. നിർബന്ധിത പ്രസവാവധിക്കുള്ള ദേശീയ നിയമം, സ്ത്രീകൾക്ക് കൂടുതൽ റിക്രൂട്ട്‌മെൻ്റുകൾ നടത്തുന്നതിന് വിഘാതമായി. സ്ത്രീ സാമൂഹ്യ സുരക്ഷാ ഘടകങ്ങൾ പോലും അവളെ പണിയെടുക്കാനുള്ള മൗലിക അവസരം നിഷേധിക്കലിന് കാരണമാക്കി എന്നത് വിരോധാഭാസമാണ്. പ്രസവാവധിയിലിരിക്കുന്ന സ്ത്രീയുടെ കരാർ പുതുക്കൽ പ്രക്രിയകളും വേതന വർധനവും ഒഴിവാക്കുന്നത് പല സ്ഥാപനങ്ങളിലും കാണാം, സാമൂഹ്യസമത്വത്തിനായി പ്രവർത്തിക്കുന്ന ഇടങ്ങളിൽ പോലും. സംഘടിത മേഖലകളിൽ അത്രത്തോളം ബാധകമാകില്ല എങ്കിലും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രോട്ടോക്കോളും അവിടെയും ഇല്ല.

ബാർക്ലേസ് റിപ്പോർട്ട് പറയുന്നത്, രാജ്യത്തിന് 8 ശതമാനം ജി ഡി പി വളർച്ചാനിരക്ക് കൈവരിക്കാൻ അടുത്ത അഞ്ച് വർഷം നിർണായകമാണെന്നും വളർച്ച ഉറപ്പാക്കാൻ, 2030-ഓടെ സൃഷ്ടിക്കപ്പെടുന്ന പുതിയ തൊഴിൽശക്തിയുടെ പകുതിയിലധികം സ്ത്രീകളായിരിക്കണം എന്നുമാണ്. അങ്ങനെയെങ്കിൽ വിവേചനരഹിതമായി സ്ത്രീകളുടെയും മറ്റ് ഐഡൻറിറ്റികളുടേയും തൊഴിലവകാശവും തൊഴിലിടത്തെ സുരക്ഷയും ഉറപ്പിക്കണ്ട ഉത്തരവാദിത്തം ഭരണകൂടത്തോടൊപ്പം തൊഴിൽദാതാക്കളായ സ്ഥാപനങ്ങൾക്കും ഉണ്ട്. അതോടൊപ്പം സ്ത്രീയുടെ ചലനത്തെ (Mobility) നിയന്ത്രിക്കുന്ന - തീരുമാനമെടുക്കുന്ന കുടുംബം ഉൾപ്പെടുന്ന സമൂഹത്തിനുമുണ്ട്.

തുടരെത്തുടരെയുണ്ടാകുന്ന ബലാൽസംഗകൊലകളും നിർബന്ധിത ആത്മഹത്യയുമെല്ലാം, പെൺകുട്ടികളെ പഠിപ്പിച്ച് സ്വന്തം കാലിൽ നില്ക്കണമെന്നാഗ്രഹിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കളിൽ ഭീതിയുണ്ടാക്കുന്നു.

സ്വതന്ത്രമായും ആത്മാഭിമാനത്തോടെയും ആത്മവിശ്വാസത്തോടെയും തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഇന്നത്തെ സാമൂഹ്യ- കുടുംബ വ്യവസ്ഥയിൽ അവൾക്കില്ല. മറ്റുള്ളവരുടെ അനുവാദങ്ങൾക്കും നിർണ്ണയങ്ങൾക്കും അനുസൃതമായി തന്റെ കഴിവും നൈപുണ്യവും അവകാശവും ഉൾപ്പെടുന്ന സ്വയത്തെ മാറ്റിക്കൊണ്ടിരിക്കേണ്ടിവരുന്നു. അതോടൊപ്പം, തൊഴിലിടം അധികാരകേന്ദ്രീകൃതമായ (പുരുഷൻ മാത്രമല്ല ആണത്ത അധികാര ബിംബങ്ങളായ സ്ത്രീകളും) ആജ്ഞകളുടേയും കണ്ണുകളുടെയും ഇടമായി മാറുന്നു. ആ ഇടത്തിൽ കൃത്യമായ സമയ ക്രമമില്ല, സുരക്ഷിത സംവിധാനങ്ങളില്ല, അടിസ്ഥാന സൗകര്യങ്ങളില്ല (വൃത്തിയും വെള്ളവും ലഭ്യമാകുന്ന ടോയ്ലറ്റ് ഉൾപ്പെടെ), അധികാര ഘടനയുടെ ആക്രോശം നൽകുന്ന മാനസികാവസ്ഥക്ക് മോചനമില്ല. ഇങ്ങനെ സ്വസ്ഥമായും സ്വതന്ത്രമായും ജോലി ചെയ്യാൻ കഴിയാത്ത ഇടം. ഇവിടെ പരിചാരകരായി (കെയർ ഗീവേഴ്സ്) സമൂഹം കണ്ട് പരിപാലിക്കുന്ന സ്ത്രീകളുടെ നിലനില്പ് എങ്ങനെ സാധ്യമാകും.? അവരുടെ ആത്മവിശാസത്തെ ആകെ തകർത്ത് മാനസിക സമ്മർദ്ദത്തിലാക്കി തൊഴിലെടുക്കുന്ന - തൊഴിലെടുപ്പിക്കുന്ന സാഹര്യങ്ങൾ ഭൂരിഭാഗം സ്ഥാപനങ്ങളിലും തുടരുന്നു. ഈ ആഘാതത്തിൽ സ്ഥിരജോലി എങ്കിൽ വരുമാനം ഓർത്ത് തന്റെ കഴിവുകളെ ഉപയോഗിക്കാനാവാതെ ജോലി തുടരുന്നവരും അസംഘടിതമേഖല എങ്കിൽ കൊഴിഞ്ഞു പോകുന്നവരുമാണുള്ളത്.

തുടർച്ചയായി മണിക്കൂറുകൾ ജോലി ചെയ്യുന്ന മുലയൂട്ടുന്ന അമ്മമാരുൾപ്പെടെയുള്ളവർക്ക് അടിസ്ഥാന സൗകര്യം ലഭ്യമാകാത്തതും വേതനത്തിൽ വിവേചനം കാട്ടുന്നതും മാനസികാരോഗ്യത്തെ പരിഗണിക്കാതെ പോകുന്നതുമായ തൊഴിൽ സംവിധാനം കൽക്കത്തയിലെ ബലാൽസംഗ കൊല പോലയുള്ള അതിക്രമത്തിലേക്ക് അല്ലങ്കിൽ സമ്മർദ്ദ ആത്മഹത്യയിലേക്കും വഴിതെളിക്കും. ഇല്ലെങ്കിൽ ഈ യുവ വനിതാ ഡോക്ടർ 36 മണിക്കൂറിൽ കൂടുതൽ പണി എടുക്കണ്ടതായും സെമിനാർ ഹാളിൽ വിശ്രമിക്കണ്ടതായും വരില്ലായിരുന്നു. നിജപ്പെടുത്തിയ സമയവും വേതനവും വിശ്രമസ്ഥലവും ലഭ്യമാക്കണ്ട ഉത്തരവാദിത്ത്വം ആർക്കൊക്കയാണുള്ളത്?

കത്വ ബലാത്സംഗ കേസ് പ്രതികൾ
കത്വ ബലാത്സംഗ കേസ് പ്രതികൾ

തൊഴിലിടങ്ങളിൽ സ്ത്രീകൾക്കുനേരെയുണ്ടാകുന്ന ലൈംഗികാതിക്രമം തടയുന്നതിനും എല്ലാ സ്ത്രീകൾക്കും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നതിനുമായി നടപ്പിലാക്കിയ നിയമമാണ് 2013- ലെ POSH ACT. ഈ ആക്റ്റ് പ്രകാരം നടപ്പിലാക്കണമെന്ന് തൊഴിൽ സ്ഥാപനങ്ങളോട് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള ഇൻ്റേണൽ കമ്മിറ്റിയും അതിനെ അടിസ്ഥാനമാക്കിയുള്ള പ്രവർത്തനങ്ങളും പലപ്പോഴും പരാതിയുടെ അടിസ്ഥാനത്തിൽ മാത്രം വിളിച്ചുചേർക്കുന്ന പരിഹാരസമിതി മാത്രമായി പ്രവർത്തിക്കുന്നു. ഭരണകൂടം അത് മോണിറ്റർ ചെയ്യാനും നിർബന്ധിതമാക്കാനുമുള്ള നടപടികൾ സ്വീകരിക്കുന്നുമില്ല. തൊഴിലിടത്ത് സ്ത്രീകൾക്കു നേരേയുള്ള ലൈംഗികാതിക്രമം തടയാനും നിരോധിക്കാനുമുള്ള ഉത്തരവാദിത്വവും ഈ ആക്റ്റ് പ്രകാരമുണ്ട് എന്നത് സ്ഥാപനങ്ങൾ വിസ്മരിക്കുന്നു. കൂടെ ജോലി ചെയ്യുന്ന പുരുഷൻമാരിൽ നിന്നുള്ള ലൈംഗികാതിക്രമം മാത്രമല്ല, ആ സ്ഥാപനവുമായി ബന്ധപ്പെട്ട തൊഴിലിടത്തേക്ക് വരുന്ന ഏത് ആളിൽ നിന്നും നേരിടുന്ന ലൈംഗികാതിക്രമവും ആക്റ്റിന്റെ പരിധിയിൽ വരും. അപ്പോൾ പുറത്തു നിന്നുള്ള ആളുകളുടെ കടന്നുകയറ്റവും അക്രമവും തടയാനുള്ള സുരക്ഷ ക്രമീകരണങ്ങൾ ഈ കൊലക്ക് വിഘാതമായതെങ്ങനെയാണ്?

വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്. ആയിരത്തോളമോ അതിലധികമോ വിദ്യാർത്ഥി വിദ്യാർത്ഥിനികളുള്ള കലാലയങ്ങളിലെ സുരക്ഷാ ക്രമീകരണം ആരാണ് ഉറപ്പിക്കുന്നത്? സ്ത്രീകൾക്ക് പെൺകുട്ടികൾക്ക് സ്വതന്ത്രമായി വിദ്യാഭ്യാസ പ്രക്രിയയിൽ ഏർപ്പെടാവുന്നതും അതിക്രമങ്ങളോട് സീറോ ടോളറൻസ് ആയതുമായ സ്ഥാപനമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ മാറുന്നില്ല.

കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ അറസ്റ്റുചെയ്യപ്പെട്ട  സഞ്ജയ് റോയ്
കൊൽക്കത്ത ബലാത്സംഗ-കൊലപാതക കേസിൽ അറസ്റ്റുചെയ്യപ്പെട്ട സഞ്ജയ് റോയ്

ആരുടെയെല്ലാം നിശ്ശബ്ദതയാണ് ഈ ബലാൽസംഗ കൊല എന്നത് കണ്ടെത്തി കുറ്റവാളികളെ ശിക്ഷിക്കുകയും കൊലചെയ്യപ്പെട്ട സ്ത്രീയുടെ കുടുംബത്തിനുവേണ്ട പിന്തുണയും സംരക്ഷണവും നൽകേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. കഷ്ടപ്പെടുന്നവരിൽ നിന്നുള്ള നിശ്ശബ്ദത, ചുറ്റുമുള്ളവരിൽ നിന്നുള്ള നിശ്ശബ്ദത, ദുരുപയോഗം ചെയ്യുന്നവരിൽ നിന്നുള്ള നിശ്ശബ്ദത, അധികാരികളുടേയും ഭരണകൂടത്തിന്റെയും നിശ്ശബ്ദത എന്നിവ ഇതിന്റെ വിനാശകാരിമായ സവിശേഷതകളാണ്. ഇത്, സ്ത്രീകളും കുട്ടികളും മനസ്സ് മരിച്ചിട്ടില്ലാത്ത, പരസ്പരം ബഹുമാനിക്കുന്ന എല്ലാവരും ആശങ്കയുടെ ഭാരം വഹിക്കാൻ ഇടയാക്കുന്നു. തുടരെത്തുടരെയുണ്ടാകുന്ന ബലാൽസംഗകൊലകളും നിർബന്ധിത ആത്മഹത്യയുമെല്ലാം, പെൺകുട്ടികളെ പഠിപ്പിച്ച് സ്വന്തം കാലിൽ നില്ക്കണമെന്നാഗ്രഹിച്ച് ഉന്നതസ്ഥാനങ്ങളിലെത്തിക്കാൻ ശ്രമിക്കുന്ന രക്ഷിതാക്കളിൽ ഭീതിയുണ്ടാക്കുന്നു. എന്തെങ്കിലും പഠിപ്പിച്ച് വിവാഹക്കമ്പോളത്തിലേക്കിറക്കി നിർത്തി കുടുംബിനിയാക്കുന്ന പിതൃമേധാവിത്വ ആചാരങ്ങൾക്ക് അതീതമാകുന്നവർക്കുള്ള വെല്ലുവിളി കൂടിയാണിത്. പെൺമക്കൾ സാമ്പത്തികാശ്രിതരല്ലാതെ സ്വയം തീരുമാനങ്ങളെടുത്ത് ഉത്തരവാദിത്തമുള്ള പൗരയായി സ്വതന്ത്രമായി ജീവിതം നയിക്കുന്നത് കാണാനാഗ്രഹിക്കുന്നവരാണ് പല സങ്കുചിതരായ മാതാപിതാക്കൾ പോലും. അവരെ പിന്നോട്ട് നടത്തിക്കുന്ന അവസ്ഥയിലാണ് നാം വ്യവഹരിക്കുന്ന ഓരോ ഇടവും.

നിയമങ്ങൾ ശരിക്കും പാലിക്കണമെങ്കിൽ, കോടതിയിലും നിയമനിർമ്മാണത്തിലും നിയമപാലക സംവിധാനത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.

കൊൽക്കത്തയിലെ കൊലക്കുശേഷം ജോലിസ്ഥലത്ത് മെഡിക്കൽ പ്രൊഫഷണലുകളുടെ സുരക്ഷ ഉറപ്പാക്കുന്ന കേന്ദ്രനിയമം വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെടുന്നു. ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന തൊഴിൽ നിയമങ്ങളുണ്ടാവേണ്ടത് തൊഴിലെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടുന്ന എല്ലാ ജന വിഭാഗങ്ങളുടേയും അവകാശമാണ്. അത് നിറവേറ്റേണ്ട സാമൂഹ്യ - രാഷ്ട്രീയ ഉത്തരവാദിത്ത്വം സർക്കാരിൻ്റേതുമാണ്. ഒരു സ്ഥാപനത്തിൽ ലിംഗനീതിയും സാമൂഹ്യ ഉൾച്ചേർക്കലും ഉറപ്പാക്കുംവിധം പോളിസികൾ ഉണ്ടാക്കുകയും, തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമങ്ങൾ പ്രതിരോധിക്കാനുള്ള നിലവിലെ നിയമവ്യവസ്ഥകൾ ഉത്തരവാദിത്ത്വത്തോടെ പ്രാവർത്തികമാക്കുകയും ചെയ്യണ്ടത് സ്ഥാപനങ്ങളുടെ / തൊഴിൽ ദാതാവിന്റെ കടമയുമാണ്. സ്വാഗതാർഹമല്ലാത്ത അന്തരീക്ഷത്തിൽ പണിയെടുക്കുക എന്നത് അസാധ്യമെന്ന് ചൂണ്ടിക്കാട്ടി ആവശ്യമായ സൗകര്യങ്ങളെ ഡിമാൻ്റ് ചെയ്യണ്ടത് ഓരോ തൊഴിലാളിയുടെയും കടമയാണ് എന്നത് വിസ്മരിക്കരുത്.

ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന തൊഴിൽ നിയമങ്ങളുണ്ടാവേണ്ടത് തൊഴിലെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടുന്ന എല്ലാ ജന വിഭാഗങ്ങളുടേയും അവകാശമാണ്.
ലിംഗനീതിയും സാമൂഹ്യനീതിയും ഉറപ്പാക്കുന്ന തൊഴിൽ നിയമങ്ങളുണ്ടാവേണ്ടത് തൊഴിലെടുക്കുന്ന സ്ത്രീകൾ ഉൾപ്പെടുന്ന എല്ലാ ജന വിഭാഗങ്ങളുടേയും അവകാശമാണ്.

നിയമങ്ങൾ ശരിക്കും പാലിക്കണമെങ്കിൽ, കോടതിയിലും നിയമനിർമ്മാണത്തിലും നിയമപാലക സംവിധാനത്തിലും ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. നിയമങ്ങൾ അതേപടി തുടരുന്നതും ഇരകളുടെ എണ്ണം ഓരോ വർഷവും വർദ്ധിച്ചുകൊണ്ടിരിക്കുന്നതുമാണ് നമ്മൾ കാണുന്നത്. വഷളാകുന്ന സാഹചര്യം നിയന്ത്രിക്കാൻ രാഷ്ട്രീയ സംവേദനക്ഷമത, ജുഡീഷ്യൽ സെൻസിറ്റിവിറ്റി, പ്രത്യേക അതിവേഗ കോടതികൾ, ഒഴിവാക്കാനാവാത്ത തൊഴിൽ പോളിസികൾ, പരിശീലന പരിപാടികൾ, അവബോധ പ്രവർത്തനങ്ങൾ എന്നിവ ആവശ്യമാണ്. സ്ത്രീകൾക്ക് - പെൺമക്കൾക്ക് അന്തസ്സോടെയും ആത്മവിശ്വാസത്തോടെയും പണിയെടുക്കാനുള്ള അവസരം സൃഷ്ടിക്കൽ ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും വ്യക്തികളുടേയും ഉത്തരവാദിത്തമാണ് എന്ന് മറക്കാതെയുള്ള ആശയത്തിലൂന്നിയുള്ള പ്രവർത്തനമാണ് വേണ്ടത്.


Summary: Doctor rape murder case at RG Kar Medical College in Kolkata raises concerns about women's safety and work environment. Soya Thomas writes.


സോയ തോമസ്​

20 വർഷമായി കുടുംബശ്രീ ഉൾപ്പെടെ വിവിധ ജൻറർ വികസന പ്രവർത്തനങ്ങൾക്ക്​ നേതൃത്വം നൽകുന്നു. ഇപ്പോൾ വിവിധ സംസ്​ഥാനങ്ങളിൽ ഉപജീവന- സ്​ത്രീ ശാക്​തീകരണ പ്രസ്​ഥാനങ്ങളിൽ ജന്റർ ഇന്റഗ്രേഷൻ, കരിക്കുലം ഡവലപ്​മെന്റ്​ വിദഗ്​ധയായി പ്രവർത്തിക്കുന്നു

Comments