Photo: LadyIzdihar, twitter

ലെനിന്റെ സ്ത്രീപക്ഷം

ലെനിന്റെ നേതൃത്വത്തിലുള്ള ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനുശേഷം സ്ത്രീജീവിതത്തിലുണ്ടായ മാറ്റങ്ങളെ വിലയിരുത്തുകയാണ് സി.എസ്. സുജാത; ഒപ്പം, അത് ഇന്നും പൊരുതുന്ന സ്ത്രീകൾക്ക് എങ്ങനെയാണ് ഊർജ്ജം നൽകുന്നത് എന്നും പരിശോധിക്കുന്നു.

ഹാനായ ലെനിന്റെ സ്മരണ, ലോകത്തെങ്ങും പോരാട്ടസമരങ്ങൾ നേതൃത്വം നൽകുന്നവർക്ക് ആവേശം പകരുന്ന ഒന്നാണ്. ഐതിഹാസികമായ ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ നായകനാണ് ലെനിൻ. 1917 നവംബറിനുമുമ്പുള്ള 24 വർഷം ജയിൽ ജീവിതവും ഒളിവുജീവിതവും പ്രവാസജീവിതവുമൊക്കെയായിരുന്നു അദ്ദേഹം നയിച്ചത്. തൊഴിലാളി വർഗത്തിന്റെ നേതൃത്വത്തിൽ അധികാരം സ്ഥാപിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾ എക്കാലവും നമ്മുടെ ഓർമയിൽ തങ്ങിനിൽക്കും. ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവം സ്വാതന്ത്ര്യത്തിനുവേണ്ടി ദാഹിച്ചിരുന്ന ലോകത്തെയാകെ ആവേശഭരിതമാക്കിയ ഒന്നാണ്. പിന്നാക്കാവസ്ഥയിലായിരുന്ന പഴയ സാറിസ്റ്റ് റഷ്യയിൽ കൃഷിക്കാരും തൊഴിലാളികളും ജീവിതത്തിന്റെ എല്ലാ തുറകളിലും ഉള്ളവർ ദുരിതമനുഭവിച്ചിരുന്ന കാലത്താണ്, ഇവരെയെല്ലാം തട്ടിയുണർത്തി സോഷ്യലിസ്റ്റ് വിപ്ലവം സാധ്യമാക്കിയത്. ഭക്ഷണം, ഭൂമി, സമാധാനം തുടങ്ങിയ മുദ്രാവാക്യങ്ങൾ മുന്നോട്ടുവച്ച ആ പോരാട്ടം വിജയിച്ചതിനുശേഷം, ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ലെനിന്റെ നേതൃത്വത്തിലുള്ള തൊഴിലാളിവർഗ ഗവൺമെന്റിന് സാധിച്ചു.

ശാസ്ത്ര സാങ്കേതികമേഖലയിലും സൈനിക മേഖലയിലുമെല്ലാം സോവിയറ്റ് യൂണിയനെ ഏറെ മുന്നോട്ടുകൊണ്ടുപോകാൻ ലെനിന്റെ നേതൃത്വത്തിന് കഴിഞ്ഞു. ഒക്‌ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനുശേഷം സ്ത്രീജീവിതത്തിൽ വലിയ മാറ്റങ്ങൾ വന്നതായി കാണാം. വിപ്ലവപ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ സ്ത്രീതൊഴിലാളികളെയും കർഷകസ്ത്രീകളെയും തൊഴിലാളി പ്രസ്ഥാനത്തിൽ കൊണ്ടുവരുന്നതിനുള്ള ശക്തമായ പ്രവർത്തനം ലെനിൻ നടത്തിയിരുന്നു. വിപ്ലവത്തിനുമുമ്പുള്ള സോവിയറ്റ് യൂണിയനിൽ ആഭ്യന്തര യുദ്ധത്തിലും മറ്റും സ്ത്രീകൾ പങ്കെടുത്തിരുന്നു. ഒരുപാട് പേർ പൊരുതി മരിച്ചിട്ടുണ്ട്, നിരവധിപേർ പോരാട്ടം ശക്തമായി തുടർന്നു. ആ കാലത്ത് സ്ത്രീകൾക്ക് നൽകിയ വാക്ക് ഭരണത്തിലെത്തിയപ്പോൾ നിറവേറ്റാൻ ലെനിന് സാധിച്ചു.

സ്ത്രീകളുടെ വിമോചനം സാധ്യമാകുന്നതിന് ഏറ്റവും ആവശ്യമായ ഉപാധി സോഷ്യലിസവും കമ്യൂണിസവുമാണ് എന്ന കാഴ്ചപ്പാട് ലെനിൻ മുന്നോട്ടുവച്ചു. സ്ത്രീകളുടെ വീട്ടടിമത്തം ഇല്ലാതാക്കുന്നതിന് സാമൂഹികമായ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം വിലയിരുത്തി. സാമൂഹിക അടുക്കള, കുട്ടികളുടെ പരിചരണം എന്നത് സമൂഹം ഏറ്റെടുക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ലെനിൻ നിർദേശിച്ചു.

ക്ലാര സെത്കിനൊപ്പം ലെനിൻ / Illustration : libcom.org

1917 നവംബറിൽ അധികാരമേറ്റതിന് തൊട്ടുപുറകേ, സ്ത്രീകൾക്കും പുരുഷന്മാർക്കും പൂർണമായും തുല്യത നൽകുന്ന നിയമനിർമാണം നടത്തി. അത് ഏറ്റവും അസാധാരണമായ സംഭവം തന്നെയായിരുന്നു. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യമായി വോട്ടവകാശം നൽകി. കുടുംബങ്ങൾക്കകത്തെ പുരുഷമേധാവിത്തത്തെ വെല്ലുവിളിക്കുന്ന പാശ്ചാത്യ ഫെമിനിസ്റ്റ് പ്രസ്ഥാനം ശക്തമാകുന്നതിനും 60 വർഷം മുമ്പ്, സ്ത്രീകൾക്ക് വോട്ടവകാശം നൽകിയത് പ്രധാനപ്പെട്ട നടപടിയായിരുന്നു. നിലവിലിരുന്ന പുരുഷാധിപത്യ കുടുംബ നിയമങ്ങൾ റദ്ദാക്കി. 1918-ൽ വന്ന നിയമം, 1926ൽ ഭേദഗതി ചെയ്തു. അതുവരെ പാസാക്കപ്പെട്ട എല്ലാ നിയമങ്ങളേക്കാളും പുരോഗമനപരമായ കുടുംബനിയമം സോവിയറ്റ് യൂണിയൻ പാസാക്കി. വിവാഹം- വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ, ഉപേക്ഷിക്കപ്പെട്ട ഭാര്യക്ക് ജീവനാംശം, വിവാഹം നിർബന്ധിതമായി രജിസ്റ്റർ ചെയ്യൽ, വിവാഹം വഴിക്കുള്ള സ്വത്തിൽ തുല്യാവകാശം, നിയമാനുസൃതമല്ലാത്ത പിതൃത്വം എന്ന സങ്കൽപനം റദ്ദാക്കൽ, ദാമ്പത്യത്തിലോ അല്ലാതെയോ ഉണ്ടാകുന്ന കുട്ടികൾക്ക് അവകാശം നൽകൽ, ഭൂമിയിലെ അവകാശത്തിൽ ലിംഗസമത്വം ഉറപ്പാക്കൽ, തുല്യ ജോലിക്ക് തുല്യ വേതനം, സ്ത്രീകളുടെ ജോലിഭാരം കുറക്കാൻ പൊതു അടുക്കള, പൊതു അലക്കുകേന്ദ്രങ്ങൾ തുടങ്ങിയവ സ്ഥാപിക്കൽ എന്നീ പ്രവർത്തനങ്ങളിലൂടെ എല്ലാതരം വിവേചനങ്ങളും അനുഭവിച്ചിരുന്ന സ്ത്രീകളെ വലിയ തോതിൽ മുഖ്യധാരയിലെത്തിക്കാൻ ലെനിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് സാധിച്ചു. ഇതേതുടർന്ന് 1950 ആയപ്പോഴേക്കും തൊഴിൽ സേനയിൽ 50 ശതമാനം സ്ത്രീകൾ കടന്നുവന്നു, ഡോക്ടർമാരിൽ 68 ശതമാനം സ്ത്രീകൾ വന്നു, ജഡ്ജിമാരിലും അഭിഭാഷകരിലുമെല്ലാം സ്ത്രീകളുടെ ശതമാനം വൻതോതിൽ വർധിച്ചു. ബഹിരാകാശത്ത് ആദ്യമായി ഒരു സ്ത്രീയെ അയച്ചത് റഷ്യയാണ്. ജീവിതത്തിന്റെ എല്ലാ തുറകളിലും, വയലേലകളിലും ഫാക്ടറികളിലുമെല്ലാം പണിയെടുക്കുന്ന സ്ത്രീകളുടെ എല്ലാ അവകാശങ്ങളും സംരക്ഷിച്ച് മുന്നോട്ടുപോകാൻ സോവിയറ്റ് യൂണിയനിലെ ഭരണകൂടത്തിന് സാധിച്ചിട്ടുണ്ട്. മുതലാളിത്ത സമൂഹങ്ങളിലെ സ്ത്രീകളും അവരുടെ ആവശ്യങ്ങൾഉന്നയിച്ച് ശക്തമായി മുന്നോട്ടുവരാൻ, സോവിയറ്റ് യൂണിയനിലെ സ്ത്രീകൾക്കുണ്ടായ ഈ മാറ്റം സഹായകമായി.

എടുത്തുപറയാവുന്ന മറ്റൊരു കാര്യം, വിവിധ രാജ്യങ്ങളിലെ സ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ ഐതിഹാസികമായ സ്ത്രീ സമ്മേളനമാണ്. അതിന് മുൻകൈയെടുത്ത പ്രഗൽഭ സ്ത്രീകളിൽ ഒരാളായിരുന്നു ക്ലാര സെത്കിൻ. ഫെമിനിസ്റ്റായിരുന്ന അവർ ലെനിനുമായി നടത്തിയ അതിപ്രശസ്തമായ ചർച്ചയുണ്ട്. എങ്ങനെയാണ് സ്ത്രീകളെ സംഘടിപ്പിച്ചു മുന്നോട്ടുകൊണ്ടു പോകേണ്ടത് എന്നതിനെക്കുറിച്ചാണ് അവർ ​ലെനിനോട് സംസാരിക്കുന്നത്. വളരെ വ്യക്തതയോടെ ലെനിൻ അതിനോട് പ്രതികരിക്കുന്നു. സ്ത്രീകളുടെ യഥാർത്ഥ വിമോചനം കമ്യൂണിസത്തിലൂടെ മാത്രമേ സാധ്യമാകൂ എന്നാണ് ലെനിൻ പറയുന്നത്. ഈ ചർച്ചയിൽ മറ്റു ചില വിഷയങ്ങൾ കൂടി ലെനിൻ അവരുമായി പങ്കിടുന്നുണ്ട്. മനുഷ്യരും സമുദായങ്ങളും എന്ന നിലക്കുള്ള പദവിയും ഉൽപാദനോപകരണങ്ങളുടെ സ്വകാര്യ ഉടമസ്ഥതയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തിന്റെ പ്രശ്നം വിശദമായി വിശകലനം ചെയ്യണമെന്ന് ലെനിൻ ക്ലാരയോട് ആവശ്യപ്പെടുന്നു. അതായത്, സ്ത്രീകളുടെ വിമോചനം സാധ്യമാകുന്നത് എങ്ങനെയാണെന്ന് സ്ത്രീകൾ പങ്കെടുക്കുന്ന മീറ്റിങ്ങുകളിൽ ആവർത്തിച്ചാവർത്തിച്ച് പറയണം, അങ്ങനെ അവരെ അത് ബോധ്യപ്പെടുത്തണം. സ്ത്രീകളുടെ അവസ്ഥയെ സംബന്ധിച്ച് ലെനിൻ വിശദമായി പറയുന്നുണ്ട്: ഒരു സ്ത്രീ തന്റെ സമയവും ശേഷിയും മുഴുവൻ വീട്ടുവേല പോലെ നിസ്സാരവും മുഷിപ്പിനുമായ പണിക്കുവേണ്ടി വിനിയോഗിച്ച് തളർന്ന്  വശംകെടുന്നത് ശാന്തനായി നോക്കി നിൽക്കുന്ന പുരുഷൻ, അവളുടെ ചക്രവാളം ചുരുങ്ങുന്നതും മനസ്സ് മുരടിക്കുന്നതും ഹൃദയമിടിപ്പ് കുറയുന്നതും ഇച്ഛാശക്തി നഷ്ടപ്പെടുന്നതും നോക്കിനിൽക്കുന്ന ഒരു പുരുഷൻ, സ്ത്രീകളുടെ അവസ്ഥയെക്കുറിച്ച് ഇ​തിനേക്കാൾ അനുഭവഗോചരമായ തെളിവ് വേറെയെന്തുണ്ട്?. താൻ പറയുന്നത്, ദിവസം മുഴുവൻ ഫാക്ടറിയിൽ പണിയെടുത്ത് സ്വന്തമായി പണമുണ്ടാക്കുന്ന തൊഴിലാളി ഭാര്യമാരടക്കമുള്ള ബഹുഭൂരിപക്ഷം സ്ത്രീകളുടെ കാര്യമാണ്.
ജോലിയിൽ സ്ത്രീകളെ പുരുഷന്മാർ കൂടി സഹായിക്കാൻ തയ്യാറാവുകയാണെങ്കിൽ അവരുടെ ക്ലേശവും ബുദ്ധിമുട്ടും എത്രമാത്രം ലഘൂകരിക്കാൻ കഴിയുമെന്ന് തൊഴിലാളിവൃത്തങ്ങളിൽ തന്നെ വളരെ ചുരുക്കം ആളുകൾ മാത്രമേ ചിന്തിക്കുന്നുള്ളൂ. വളരെ കൃത്യമായിട്ടാണ് ലെനിൻ ഇക്കാര്യങ്ങളിലെല്ലാം തന്റെ നിലപാട് പറഞ്ഞത്.

വിവിധ രാജ്യങ്ങളിലെ സ്ത്രീകളെ സംഘടിപ്പിച്ച് നടത്തിയ ഐതിഹാസികമായ സ്ത്രീ സമ്മേളനത്തിൽ ക്ലാര സെത്കിൻ / Photo : espressostalinist.com

മറ്റൊരിക്കൽ ഒരു സംഭാഷണത്തിൽ ലെനിൻ പറഞ്ഞു: യഥാർത്ഥത്തിൽ സ്ത്രീകൾ ഒരു ലക്ഷ്യത്തിനുവേണ്ടി പൊരുതുന്നവരെപ്പോലെ ഉറക്കെ സംസാരിക്കുകയും നമുക്ക് ആവശ്യമുള്ളത് വ്യക്തമായും ദൃഢമായും പറയുകയുമാണ് വേണ്ടത്. അതായത്, നിങ്ങളുടെ ലക്ഷ്യം സാധിച്ചു കിട്ടാൻ അഭിപ്രായം പറയേണ്ട വേദികളിൽ, ഘടകങ്ങളിൽ വളരെ ശക്തമായി തന്നെ അഭിപ്രായം പറഞ്ഞു പോകണം. സ്ത്രീകളെ സംഘടിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന ഘട്ടത്തിൽ ചിലപ്പോൾ നമുക്ക് കാലിടറിയേക്കാം. അവിടെയും അദ്ദേഹം പറയുന്നുണ്ട്; വാശിയോടെ പൊരുതിയ ഒരു പോരാട്ടത്തിൽ പരാജയപ്പെട്ടാൽ പോലും അതൊരു നേട്ടമായിരിക്കും. അത് പണിയെടുക്കുന്ന സ്ത്രീജനങ്ങൾക്കിടയിൽ ഭാവിയിൽ വിജയം നേടുന്നതിനുള്ള തയ്യാറെടുപ്പായിരിക്കും.

ലെനിൻ മരിച്ച് ഒരു വർഷം കഴിഞ്ഞ് നടന്ന ഒരു പ്രകടനത്തെ നോക്കി ക്ലാര സെത്കിൻ, ഇതെല്ലാം ഓർക്കുന്നുണ്ട്. കോടിക്കണക്കിന് ജനങ്ങൾ അദ്ദേഹത്തെ ഓർക്കുന്നതായി അവർ പറയുന്നു, കാരണം ലെനിൻ തെളിയിച്ച വഴിയിലൂടെയാണ് നമ്മൾ മുന്നോട്ടു പോകുന്നത്. പ്രത്യേകിച്ച്, സ്ത്രീകൾക്ക് നേടിയെടുക്കാൻ പറ്റിയ നേട്ടങ്ങളെ കുറിച്ച് പറയുമ്പോൾ, ലെനിൻ നൽകിയ സംഭാവന ഏറ്റവും മുമ്പിൽ തന്നെ നിൽക്കുകയാണ്.

ഇന്റർനാഷണൽ സോഷ്യലിസ്റ്റ് കോൺഗ്രസിൽ പങ്കെടുത്തവർ

ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിനുശേഷം ഏഴ് പതിറ്റാണ്ടിലധികം സോവിയേറ്റ് യൂണിയൻ നില നിന്നു. സോവിയറ്റ് യൂണിയൻ തകർന്നു എന്ന് പറയുമ്പോഴും ലെനിന്റെ നേതൃത്വത്തിൽ നിലവിൽ വന്ന സോവിയറ്റ് ഭരണകൂടം ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങൾക്ക് നൽകിയ സഹായവും പിന്തുണയും ഓർക്കേണ്ടതുണ്ട്. ഇന്ത്യയുടെ നല്ല സുഹൃത്ത് തന്നെയായിരുന്നല്ലോ ആ രാജ്യം. ഇന്ത്യയിലെ പല പൊതുമേഖലാസ്ഥാപനങ്ങളിലും ഇന്നും ഉപയോഗിക്കുന്ന സാങ്കേതികവിദ്യ  റഷ്യയുടേതു തന്നെയാണ്. മറ്റ് രാജ്യങ്ങൾക്കും റഷ്യ നൽകിയ സഹായം ഓർക്കാം. ഒക്ടോബർ സോഷ്യലിസ്റ്റ് വിപ്ലവത്തിലൂടെ വന്ന മാറ്റങ്ങളുടെ ഫലമായിട്ടാണ് ഈ നേട്ടങ്ങളെല്ലാം ലോകത്തിന് അനുഭവിക്കാൻ സാധിച്ചത്.

ഇതോടൊപ്പം, നേരത്തെ പറഞ്ഞ ചില പ്രധാന കാര്യങ്ങൾ ഓർക്കേണ്ടതുണ്ട്: സ്ത്രീകൾക്ക് വോട്ടവകാശം നൽകിയ, സ്വത്തിൽ അവകാശം നൽകിയ, ഭരണത്തിൽ പങ്കാളിത്തം നൽകിയ, തുല്യ ജോലിക്ക് തുല്യവേതനം നൽകിയ, വിവാഹം കഴിക്കാനും വിവാഹ മോചനത്തിനും അവകാശം നൽകിയ ആ കാലഘട്ടം ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. കൂടുതൽ കരുത്തോടെയും ശക്തിയോടെയും മുന്നോട്ടുപോകുന്നതിൽ ലോകത്തെ പൊരുതുന്ന എല്ലാ സ്ത്രീകൾക്കും ലെനിൻ നൽകിയ ആവേശം ചെറുതല്ല. ലെനിൻ തെളിച്ച വഴിയിലൂടെ സഞ്ചരിക്കുമ്പോൾ കിട്ടുന്ന ഊർജ്ജവും ചെറുതല്ല.

Comments