സിവിക്​ ചന്ദ്രൻ കേസ്​: കുപ്രസിദ്ധമായ ആ വിധിന്യായത്തിന്​ ഇതാ കേരളത്തിൽനിന്നൊരു തുടർച്ച

വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ധരിക്കുന്ന വസ്ത്രം പ്രകോപനപരമാകുന്നതും അല്ലാതാകുന്നതും വ്യക്തിപരമാണ്. ഒരാളെ ലൈംഗികമായി ആക്രമിക്കാൻ ഈ വ്യക്തിപരത ഒരു പൗരനും അധികാരം കൊടുത്തിട്ടുമില്ല. പെൺവസ്ത്രങ്ങളെ കുറിച്ചുള്ള മാന്യത- അമാന്യത സങ്കല്പം സ്ഥായിയല്ല. അത് കാലത്തിനും ദേശത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ്. സിവിക്​ ചന്ദ്രനെതിരായ ലൈംഗികാക്രമണക്കേസി​ൽ, കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നടത്തിയ വിധിപ്രസ്താവത്തിലെ സ്​ത്രീവിരുദ്ധ പരാമർശങ്ങൾ കുറ്റകൃത്യത്തിനിരയായവർക്ക് നിയമത്തിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുകയും കുറ്റവാളികൾക്ക് പ്രോത്സാഹനം നല്കുകയും ചെയ്യും.

ന്ത്യൻ നിയമവ്യവസ്ഥയെ തന്നെഅപകീർത്തിപ്പെടുത്തുന്ന നിരവധി കോടതി വിധികൾ വ്യത്യസ്ത കോടതികളിൽ നിന്ന് പല കാലങ്ങളിലായി ഉണ്ടായിട്ടുണ്ട്. അതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോഴൊക്കെ പുതിയ മാർഗനിർദേശങ്ങളും പരിഷ്കരണങ്ങളും നടന്നിട്ടുമുണ്ട്. സിവിക്​ ചന്ദ്രനെതിരായ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ച്​ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നടത്തിയ വിധിപ്രസ്താവത്തിലെ ചില പരാമർശങ്ങൾ പരിഷ്​കൃത സമൂഹത്തിന് ചേരാത്തതും സ്ത്രീവിരുദ്ധവുമാണ്. സുപ്രീംകോടതി 2021 മാർച്ചിൽ പുറപ്പെടുവിച്ച ഒരു വിധിന്യായത്തിൽ ഇത്തരം പരാമർശങ്ങൾ പാടേ ഒഴിവാക്കേണ്ടതാണെന്നു കൃത്യമായി തന്നെ പറഞ്ഞിട്ടുണ്ട് ‘‘....judges should avoid under all circumstances from using reasoning/language which diminishes a sexual offence and tends to trivialize the survivor. ... women are physically weak and need protection, .. being alone at night or wearing certain clothes make women responsible for being attacked etc... ’’ (Aparna Bhat vs State of Madhya Pradesh 2021 SCC On Line SC 230). അതായത്, അതിജീവിതരെ കുറ്റപ്പെടുത്തുന്ന തരത്തിലുള്ള ഭാഷയോ യുക്തീകരണങ്ങളോ ഒരു സാഹചര്യത്തിലും ഉണ്ടാവരുത്.

കോഴിക്കോട് സെഷൻസ് ജഡ്ജിയും ഈ ഉത്തരവ് പാലിക്കാൻ ബാധ്യസ്ഥനാണ്. എന്നാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ മുൻവിധിയുടെ പുറത്ത് ഒരു മുൻകൂർ ജാമ്യാപേക്ഷയിലെ വിധിയിൽ ലൈംഗികാതിക്രമത്തിനിരയാകുന്ന സ്ത്രീകളെ മുഴുവൻ അവഹേളിക്കുന്ന പ്രസ്താവനയാണ് നടത്തിയിരിക്കുന്നത്.

എഴുത്തുകാരനും പാഠഭേദം മാസികയുടെ പത്രാധിപരമായ സിവിക് ചന്ദ്രനെതിരെ രണ്ടു സ്ത്രീകൾ നൽകിയ ലൈംഗിക പീഡന പരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ അനുവദിച്ച്​ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജി പുറപ്പെടുവിച്ച വിധി ന്യായത്തിലെ ഒമ്പതാമത്തെ ഖണ്ഡികയിൽ ലൈംഗികാതിക്രമവും അതിനുള്ള ശിക്ഷയും അക്കമിട്ടു നിരത്തിയതിനുശേഷം The photographs produced along with the bail application by the accused would reveal that the de facto complainant herself is exposing dresses which are having some sexual provocative one. So section 354A will not prima facie stand against the accused. എന്ന് വിധിച്ചിട്ടുണ്ട്. ‘‘അതായത് ജാമ്യാപേക്ഷയുടെ കൂടെ പ്രതിഭാഗം ഹാജരാക്കിയ ഫോട്ടോഗ്രാഫുകൾ പരിശോധിച്ചാൽ പരാതിക്കാരി തന്നെ സ്വയം ലൈംഗിക പ്രകോപനത്തിന് കാരണമാകുന്ന തരത്തിൽ വസ്ത്രം ധരിക്കുന്നയാളാണ് എന്ന് കാണാം, അതുകൊണ്ടുതന്നെ 354 പ്രഥമ ദൃഷ്ട്യാ ഈ പ്രതിക്കെതിരെ നിലനിൽക്കില്ല.’’

‘‘സെക്ഷ്വൽ കോൺടാക്ട് നടന്നിട്ടുണ്ടെന്ന് സമ്മതിച്ചാൽ പോലും ശാരീരികമായി വളരെ ദുർബലനായ 74 വയസ്സുള്ള ഒരാൾ പരാതിക്കാരിയെ ബലംപ്രയോഗിച്ച് മടിയിൽ കിടത്തി എന്നതും പരാതിക്കാരിയുടെ മാറിടത്തിൽ അമർത്തി എന്നതും വിശ്വസിക്കാൻ കഴിയുന്ന കാര്യമല്ല അതുകൊണ്ട് ഇത് ജാമ്യത്തിന് അർഹമായ കേസാണ്.’’

22.9.1992 ന് രാജസ്ഥാനിൽ ബൻവാരി ദേവിയെ കൂട്ട റേപ്പ്​ ചെയ്ത കേസിൽ ജയ്പുർ വിചാരണാ കോടതി പ്രതികളെ വെറുതെ വിട്ട്​ പുറത്തിറക്കിയ വിധിയെ ഓർമിപ്പിക്കുന്നതാണ് സിവിക് ചന്ദ്രൻ കേസിലെ​ കോഴിക്കോട് സെഷൻസ് കോടതി ജഡ്ജിയുടെ ഉത്തരവ്​. സാമൂഹ്യപ്രവർത്തകയായ ബൻ വാരി ദേവി ശൈശവ വിവാഹം എതിർത്തതിന്റെ പ്രതികാരമായിട്ടാണ് തൊഴിൽസ്ഥലത്ത് വെച്ച് മേൽ ജാതിക്കാരാൽ ലൈംഗികാക്രമണത്തിനിരയായത്. പ്രബല ജാതി വിഭാഗമായ താക്കൂർ ജാതിക്കാരനും അയാളുടെ ഗുജ്ജാർ ജാതിക്കാരായ അഞ്ചു കൂട്ടാളികളും ചേർന്നാണ് ഭർത്താവിൻറെ മുന്നിലിട്ട് റേപ്പ്​ ചെയ്തത്. പ്രതികളെ കുറ്റവിമുക്തരാക്കിക്കൊണ്ടുള്ള വിധിയിൽ
1 . ഭാര്യയെ റേപ്പ്​ ചെയ്യുമ്പോൾ വിശുദ്ധമായ അഗ്നിയുടെ മുന്നിൽ വെച്ച് അഗ്നിസംരക്ഷിക്കുമെന്ന് പ്രതിജ്ഞയെടുത്ത ഭർത്താവിന് നോക്കിനിൽക്കാൻ കഴിയില്ല .
2 . പ്രതികളായ അമ്മാവനും മരുമകനും ഒന്നിച്ച് റേപ്പ്​ ചെയ്യില്ല .
3. ഉടൻ അറിയിച്ചില്ല. 52 മണിക്കൂർ കഴിഞ്ഞാണ് അറിയിച്ചത് (സംഭവശേഷം ബൻവാരി ദേവി ഗ്രാമത്തിലെ ഒരേയൊരു പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിയിട്ടും സഹായം നിഷേധിച്ചു, പോലീസ് സ്റ്റേഷനിൽ അവർക്ക് രാത്രി മുഴുവൻ ചെലവഴിക്കേണ്ടി വന്നു. കേസ് രജിസ്റ്റർ ചെയ്യാൻ 52 മണിക്കൂറിനു ശേഷമാണ് മെഡിക്കൽ റിപ്പോർട്ട് കിട്ടിയത് ).
4. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഗുജ്ജാറുകളും ബ്രാഹ്മണരും ഒന്നിച്ച് ഗ്യാങ്ങ് ആവുക അസംഭാവ്യമാണ്.
5. വയസ്സും ജാതിബോധവും മറന്ന് സവർണർ ഒരിക്കലും ഒരു പെണ്ണിനുമേൽ ചെന്നായയെ പോലെ ചാടിവീഴില്ല. ഒരു താഴ്ന്ന ജാതി സ്ത്രീയെ, മേൽ ജാതിയിൽപ്പെട്ട കുറ്റാരോപിതർ ജാതി ഔന്നത്യം മറന്ന് തൊടാനും അശുദ്ധമാവാനും സാധ്യതയില്ല. പിന്നെ എങ്ങനെയാണ് റേപ്പ്​ ചെയ്യുക.

കുപ്രസിദ്ധമായ ഈ വിധിപ്രസ്താവത്തിന് 30 കൊല്ലങ്ങൾക്കുശേഷവും കേരളത്തിൽനിന്ന് ഇത്തരം ഒരു തുടർച്ച ഉണ്ടാകുന്നത് അങ്ങേയറ്റം ഖേദകരമാണ്. സുപ്രീംകോടതി മാർഗ്ഗരേഖകളുടെ ലംഘനവും പീഡനത്തിനിരയായവരോടുള്ള പരിഗണനയില്ലായ്മയും ഈ വിധിയിൽ വ്യക്തമാണ്. വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ധരിക്കുന്ന വസ്ത്രം പ്രകോപനപരമാകുന്നതും അല്ലാതാകുന്നതും വ്യക്തിപരമാണ്. ഒരാളെ ലൈംഗികമായി ആക്രമിക്കാൻ ഈ വ്യക്തിപരത ഒരു പൗരനും അധികാരം കൊടുത്തിട്ടുമില്ല. പെൺവസ്ത്രങ്ങളെ കുറിച്ചുള്ള മാന്യത- അമാന്യത സങ്കല്പം സ്ഥായിയല്ല. അത് കാലത്തിനും ദേശത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ്.

1930 ൽ തേവിടിശ്ശി എന്നുവിളിച്ച് സി.വി. കുഞ്ഞിരാമന്റെ ഭാര്യയെ സി.വിയുടെ അമ്മ തല്ലി ഇറക്കിയതും ‘അമാന്യ വസ്ത്ര’മായ ബ്ലൗസ് ഊരി കയ്യിൽ പിടിച്ച് സ്ത്രീകൾ ക്ഷേത്രദർശനം നടത്തിയതും ഒക്കെ കേരള ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ളതാണ്. കോഴിക്കോട് ജില്ലാ സെഷൻസ് ജഡ്ജി കേരള ചരിത്രമൊന്നും വായിച്ചു പഠിക്കാൻ മെനക്കെട്ടിലെങ്കിലും സുപ്രീംകോടതിയുടെ അപർണ ഭട്ട് വേഴ്സസ് സ്റ്റേറ്റ് ഓഫ് മധ്യപ്രദേശ് എന്ന കേസിൽ 2021 മാർച്ച് 18ന് ജസ്റ്റിസ് എം.എം. ഖാൻ വിൽക്കറും ജസ്റ്റിസ് എസ് രവീന്ദ്ര ഭട്ടും ചേർന്നെഴുതിയ വിധിന്യായത്തിലെ മാർഗനിർദേശങ്ങൾ നിർബന്ധമായും വായിച്ച് പഠിക്കേണ്ടതുണ്ട്. ജാമ്യ ഉത്തരവുകളിലും ജാമ്യവ്യവസ്ഥകളിലും സ്ത്രീകളെക്കുറിച്ച് പുരുഷാധിപത്യ ചിന്തകൾ പേറുന്നതും പറഞ്ഞു പഴകിയതുമായ ഒന്നും പ്രതിഫലിക്കരുത്, വസ്ത്രം പെരുമാറ്റം, സദാചാരം ഒന്നിനെക്കുറിച്ചും പരാമർശം പാടില്ല, സി ആർ പി സിയുടെ പരിധിയിൽ വരുന്ന പരാമർശങ്ങൾ മാത്രമേ നടത്താവൂ, ഈ മാർഗ്ഗരേഖകളുടെ ഒക്കെ ലംഘനമാണ് ജഡ്ജി നടത്തിയിരിക്കുന്നത്.

സെക്ഷ്വൽ കോൺടാക്ട് നടന്നിട്ടുണ്ടെങ്കിൽ പോലും ശാരീരികമായി വളരെ ദുർബലനായ എഴുപത്തിനാലു വയസ്സുള്ള ഒരാൾ പീഡനം നടത്തി എന്ന് വിശ്വസിക്കാൻ ജഡ്ജിക്ക് കഴിയുന്നില്ല. അതുകൊണ്ട് ജാമ്യത്തിനർഹമായ കേസാണ് എന്ന് രേഖപ്പെടുത്തുന്നു. രാജ്യത്ത് നടക്കുന്ന ലൈംഗിക പീഡനങ്ങളിൽ പ്രതികളുടെ വയസ്സ് ഒരു ഘടകമല്ലെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. നിരവധി പോക്സോ കേസ് പ്രതികൾ, ആശാറാം ബാപ്പുവിനെപ്പോലെയുള്ള വരൊക്കെ 70 വയസ്സിന് മേൽ പ്രായമുള്ളവരാണ്. എത്രമാത്രം പക്ഷപാതപരമായ ഒരു നിലപാടാണിത്. ശാരീരികമായി ദുർബലനാണ് കുറ്റാരോപിതൻ എന്ന് വെറുമൊരു ഫോട്ടോഗ്രാഫ് നോക്കി സ്ഥാപിക്കാവുന്നതാണോ ലൈംഗിക പീഡന പരാതിയിൽ കോടതിയുടെ നീതി. മെഡിക്കൽ രേഖകൾ പരിശോധിച്ചാണ് ശാരീരികമായി ദുർബലൻ ആണോ എന്ന് കോടതി കണ്ടെത്തേണ്ടത്. ഒരു കൈ മാത്രമുള്ള ഗോവിന്ദച്ചാമിയും ബലാത്സംഗത്തിന് ശിക്ഷ അനുഭവിക്കുന്നവനാണ്. ഏറ്റവും ദുർബലരായ മനുഷ്യർക്ക് കോടതികളിൽ ഉള്ള വിശ്വാസത്തെ തന്നെ നഷ്ടപ്പെടുത്തുന്നതും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതും ആണ് ഈ മുൻകൂർ ജാമ്യ ഹർജിയിലെ വിധിയിലെ പല ഭാഗങ്ങളും

വിധിന്യായത്തിൽ സെക്ഷൻ 354ലെ വിവിധ വകുപ്പുകൾ ജഡ്ജി ഉദ്ധരിക്കുന്നുണ്ട്. അതിലൊന്ന് ലൈംഗിക ഉദ്ദേശ്യത്തോടുകൂടിയുള്ള ശാരീരിക സ്പർശനവും സമീപനവും ആണ്. പരാതിയിൽ ഉന്നയിക്കുന്ന ഈ കുറ്റകൃത്യം നടന്നിട്ടുണ്ടോ ഇല്ലയോ എന്നു വിധിക്കേണ്ടത് വിചാരണകളിലൂടെയും തെളിവുകളുടെ പിൻബലത്തിലുമാണ്​ എന്നാൽ മുൻകൂർ ജാമ്യ ഹർജിയിൽ തന്നെ ജഡ്ജിയുടെ തോന്നലുകളുടെ വെളിച്ചത്തിൽ 354 എ പ്രതിക്കെതിരെ നിലനിൽക്കില്ല എന്ന് വിധിക്കുന്നത് വിചാരണ കൂടാതെയുള്ള വിധിപ്രസ്താവമാണ്. ലൈംഗിക പീഡന പരാതികളിൽ ഇരയുടെ ഐഡൻറിറ്റി വെളിപ്പെടുത്താനോ വെളിപ്പെടാൻ സഹായകരമായ പരാമർശങ്ങൾ നടത്താനോ പാടില്ലാത്തതാണ്. ഒന്നാമത്തെ പരാതിയിലെ ജാമ്യം അനുവദിച്ച്​ ഇറക്കിയ വിധിയിൽ (വിധി ഒരു പബ്ലിക് ഡോക്യുമെൻറ്​ ആണ് ) പരാതിക്കാരിയുടെ പേര് പറയുന്നില്ലെങ്കിലും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിൽ അച്ഛൻറെ പേരും മേൽവിലാസവും രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടാമത്തെ വിധിയിൽ പരാതിക്കാരി തന്റെ Boyfriend ന്റെ ഒപ്പമാണ് പോയതെന്ന് പ്രതിഭാഗം വാദിക്കുന്നു എന്ന് എടുത്തു പറയുന്നുണ്ട്. കാമുകന്റെ പേര്, തൊഴിൽ എന്നിവ വെളിപ്പെടുത്തുന്നത് നിയമങ്ങളുടെലംഘനമാണ്. അതാണ് ഒരു ജഡ്ജി നടത്തിയത്. മാത്രമല്ല പരാതിക്കാരിയുടെ സ്വഭാവഹത്യ എന്ന ദുരുദ്ദേശ്യം ഈ പരാമർശത്തിൽ ഒളിഞ്ഞിരിപ്പുണ്ട്.

എസ് സി /എസ് ടി അതിക്രമം തടയൽ നിയമപ്രകാരം എഫ്​ ഐ ആർ ഇട്ട കേസിലും, സെഷൻസ് കോടതിക്ക് മുൻകൂർ ജാമ്യം അനുവദിക്കാൻ വ്യവസ്ഥയില്ലാത്തതുകൊണ്ട് എസ് സി /എസ് ടി അതിക്രമം തടയൽ നിയമം കേസിൽ നിലനിൽക്കില്ല എന്ന് സമർത്ഥിക്കാൻ കഠിനപ്രയത്നമാണ് ജഡ്ജി നടത്തിയിട്ടുള്ളത്. വിധിയുടെ ഏഴാമത്തെ ഖണ്ഡികയിൽ ഈ ജാമ്യത്തിൽ ഒരു പ്രസക്തിയില്ലാത്ത ചില നിരീക്ഷണങ്ങൾ ജഡ്ജി നടത്തുന്നുണ്ട്. ഭരണഘടനാ നിർമ്മാതാക്കളുടെ ലക്ഷ്യം ജാതിരഹിത സമൂഹമാണ്. എല്ലാവർക്കും അവകാശ സമത്വമാണ് അവർ ലക്ഷ്യംവെച്ചത്. വിദ്യാഭ്യാസത്തിലും ജോലിയിലും ഇപ്പോഴുള്ള സംവരണവും എസ് സി / എസ് ടി അതിക്രമം തടയൽ നിയമവും ഒക്കെ ഭാവിയിൽ ഇല്ലാതായി എല്ലാ മനുഷ്യരും നീതിന്യായ വ്യവസ്ഥയുടെ മുന്നിൽ തുല്യരായി വരും. ഈ പ്രസ്താവനകൾ കേസുമായി ഏതുതരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നത് എന്നതിന് ഒരു വിശദീകരണവും ഇല്ല. ഇതൊക്കെ എസ് സി /എസ് ടി /ഒ ബി സി വിഭാഗങ്ങൾ അനർഹമായി അനുഭവിക്കുന്ന ആനുകൂല്യങ്ങൾ ആണ് എന്ന വരുത്തിത്തീർക്കാനാണോ ഈ പ്രസ്താവന എന്ന് സംശയിക്കാം.

യഥാർത്ഥത്തിൽ ഇന്ത്യൻ ജനതയുടെ സമത്വത്തിനും തുല്യതയ്ക്കും ഏറ്റവും വലിയ തടസ്സം ജാതിവ്യവസ്ഥയാണ് എന്ന് തിരിച്ചറിഞ്ഞവരാണ് ഭരണഘടനാ ശില്പികൾ. നൂറ്റാണ്ടുകളായുള്ള വിവേചനങ്ങളും ലൈംഗികാതിക്രമങ്ങളും നേരിടുന്ന വിഭാഗങ്ങളെ ഭരണഘടന വിഭാവന ചെയ്യുന്ന സമത്വത്തിൽ എത്തിക്കേണ്ടതുണ്ട്. ജാതീയമായും ലിംഗപരമായും പീഡനം അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് മുന്നോട്ടുവരണമെങ്കിൽ പ്രത്യേകം പരിഗണനകൾ ആവശ്യമാണ് എന്ന കൃത്യമായ നിലപാട് ഇന്ത്യൻ ഭരണഘടനക്കുണ്ട്. സംവരണവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയൽ നിയമവും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയൽ നിയമവും ഒക്കെ നിലവിൽ വരുന്നത് ഈ അടിസ്ഥാനത്തിലാണ്. ഇന്ത്യയുടെ സവിശേഷമായ ജാതി വ്യവസ്ഥയുടെയും സമൂഹത്തിൽ പൊതുവേയുള്ള സ്ത്രീവിരുദ്ധതയുടെയും പശ്ചാത്തലത്തിൽ പീഡിത വിഭാഗങ്ങൾക്ക് തുല്യതയും അവകാശങ്ങളും നീതിയും ഉറപ്പുവരുത്തുന്ന പ്രത്യേക നിയമങ്ങളെയും അവകാശങ്ങളെയും വിലകുറച്ചു കാണുന്ന ഒരു സമീപനമാണ് ഈ വിധിയിൽ പ്രതി പ്രതിഫലിക്കുന്നത്. സമത്വത്തിനും തുല്യതയ്ക്കും എതിരാണ് ഈ നിയമങ്ങൾ എന്ന ധ്വനി ആണ് ഈ വിധിപ്രസ്താവനയിൽ ഉള്ളത്.

ജാതിവ്യവസ്ഥയ്ക്കെതിരെ പോരാടുകയും അത്തരം പ്രക്ഷോഭങ്ങളിൽ ഉൾപ്പെടുകയും ചെയ്തിട്ടുള്ള ആളായതുകൊണ്ട് എസ് സി / എസ് ടി അതിക്രമങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 391 (w)( i) 3 (2)(va) എന്നിവ പ്രതിക്കെതിരെ പ്രഥമദൃഷ്ട്യാ നിലനിൽക്കില്ല എന്നാണ് വിധിയിലെ കണ്ടെത്തൽ. മാത്രമല്ല, കുറ്റാരോപിതൻ എസ്​.എസ്​.എൽ.സി ബുക്കിൽ ജാതിപ്പേര് ചേർക്കാത്ത സാമൂഹ്യപ്രവർത്തകൻ, പരിഷ്കരണവാദി, ജാതിവ്യവസ്ഥയ്ക്ക് എതിർ നിൽക്കുന്നയാൾ. അതുകൊണ്ട് ലൈംഗിക പീഡനം നടത്തി എന്നത് അവിശ്വസനീയമായിട്ടാണ് ജഡ്ജിക്ക് തോന്നിയത്. ജാതിരഹിത സമൂഹത്തിനായി പോരാടുന്നയാൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഒരു സ്ത്രീയെ അറിഞ്ഞുകൊണ്ട് അവളുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിക്കില്ലെന്ന വിചിത്രമായ കണ്ടെത്തലും ജഡ്ജി നടത്തിയിട്ടുണ്ട്. ലൈംഗിക പീഡനവും ജാതിക്കെതിരെ പോരാട്ടവും ഒന്നിച്ചുകൊണ്ടുപോകാൻ ഒരാൾക്ക് കഴിയില്ലെന്ന് ഏത് നിയമങ്ങളുടെ പിൻബലത്തിലാണ് അദ്ദേഹം സമർത്ഥിക്കുന്നത്. അതോ ബ്രാഹ്മണൻ ദലിതരെ അശുദ്ധി ഭയന്ന് റേപ്പ്​ ചെയ്യില്ലെന്ന കണ്ടെത്തൽ പോലെ വിചിത്രമായ ഒരു കണ്ടെത്തലാണോ ഇതും.

പ്രതിഭാഗത്തിന്റെ ചില വാദങ്ങളിലെ, പ്രതിയുടെ പ്രായക്കൂടുതൽ, പരാതിക്കാരിയുടെ ചെറുപ്പം, പരാതിക്കാരിക്ക് well built body ആണ്, മക്കൾ സമൂഹത്തിൽ ഉന്നത പദവിയിൽ ഇരിക്കുന്നവരാണ് തുടങ്ങിയവ ജഡ്ജി അംഗീകരിക്കുന്നതായും അതുകൊണ്ട് പരാതി നൽകാൻ പാടില്ലായിരുന്നു എന്നും പറയുന്നത് എത്രമാത്രം പിന്തിരിപ്പത്തരമാണ്. ഉയരക്കുറവും നീളക്കൂടുതലുമൊക്കെ കുറ്റകൃത്യവുമായി ബന്ധപ്പെടുത്തി വിചാരണ വേളയിലാണ് തെളിയിക്കപ്പെടേണ്ടത്. ഒരു കുറ്റകൃത്യം എസ് സി- എസ് ടി അതിക്രമം തടയൽ നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെങ്കിൽ ഇര എസ് സി /എസ് ടി ആണെന്ന് കുറ്റം ചെയ്യുന്ന ആൾക്ക് മുൻധാരണ ഉണ്ടാവണം എന്നുണ്ട് നിയമ വ്യവസ്ഥയിൽ. ദലിത് എഴുത്തുകാരി എന്നറിയപ്പെടുന്ന, സ്വന്തം പ്രസിദ്ധീകരണമായ പാഠഭേദത്തിൽ ആ പരിഗണന വെച്ച് ഒരു പദവി നൽകപ്പെട്ട ആളാണ് പരാതിക്കാരി. കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ രേഖപ്പെടുത്തിയ പ്രഥമ വിവര സ്റ്റേറ്റ്മെന്റിൽ പരാതിക്കാരി താൻ എസ് സി വിഭാഗത്തിൽപ്പെട്ട ആളാണെന്നും അത് കുറ്റാരോപിതന് അറിയാമെന്നും കൃത്യമായി രേഖപ്പെടുത്തിയിട്ടുമുണ്ട്. എന്നിട്ടും അങ്ങനെയൊന്നുമില്ല എന്ന് രേഖപ്പെടുത്തി കൊണ്ടാണ് വിധി വന്നിരിക്കുന്നത്.

ഈ കേസിൽ പരാതി ബോധിപ്പിക്കാനുണ്ടായ കാലതാമസത്തിനാവശ്യമായ വിശദീകരണം നൽകിയിട്ടില്ലെന്ന് കോടതി നിരീക്ഷിക്കുന്നുണ്ട്. മൂന്നുമാസമാണ് ഒന്നാമത്തെ കേസിലെ കാലതാമസം. പരാതിയുമായി ബന്ധപ്പെട്ട ഒരു അന്വേഷണം പാഠഭേദം രൂപീകരിച്ച ഒരു സമിതി നടത്തുന്നുണ്ടായിരുന്നു അതിന്റെ തീരുമാനത്തിനായി കാത്തുനിൽക്കൽ, പരാതിക്കാരിയുടെ അച്ഛന്റെ മരണം തുടങ്ങിയ കാരണങ്ങളാലുണ്ടായ മൂന്നുമാസത്തെ കാലതാമസം ഒരുതരത്തിലും ന്യായീകരിക്കാൻ കഴിയില്ലെന്ന നിഗമനത്തിലാണ് കോടതി എത്തിച്ചേർന്നത്. പ്രശസ്തമായ വിശാഖ കേസിലെ സുപ്രീംകോടതി വിധിയെ തുടർന്ന് 2013 നിലവിൽ വന്ന മാർഗ്ഗരേഖയിൽ കാലതാമസത്തെ സംബന്ധിച്ച് കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

വിശാഖ കേസിലെ സുപ്രീംകോടതി മാർഗനിർദ്ദേശങ്ങളും പട്ടികജാതി പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമത്തിലെ സംരക്ഷണ വ്യവസ്ഥകളും 2013ലെ സ്ത്രീകൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വികസിച്ച ധാരണകളും കാറ്റിൽ പറത്തിയാണ് ഇത്തരമൊരു അന്തിമസ്വഭാവമുള്ള വിധി പ്രഖ്യാപനം ഒരു മുൻകൂർ ജാമ്യഹർജിയിൽ കോഴിക്കോട് സെഷൻ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്ന സമയത്ത് തന്നെ കോടതി കൃത്യമായ തെളിവുകളില്ലാതെ വിധി പ്രസ്താവത്തിലേക്ക് കടക്കുന്ന തെറ്റായ കീഴ്വഴക്കവും ഈ കേസിൽ സംഭവിച്ചിട്ടുണ്ട്. ഒരു പരിഷ്കൃത സമൂഹത്തിൽ ന്യായാധിപരുടെ ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലാത്ത ഇത്തരം നിരീക്ഷണങ്ങളും പ്രസ്താവനകളും കുറ്റകൃത്യത്തിനിരയായവർക്ക് നിയമത്തിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുകയും കുറ്റവാളികൾക്ക് പ്രോത്സാഹനം നല്കുകയും ചെയ്യും.


Summary: വസ്ത്രധാരണം ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. ധരിക്കുന്ന വസ്ത്രം പ്രകോപനപരമാകുന്നതും അല്ലാതാകുന്നതും വ്യക്തിപരമാണ്. ഒരാളെ ലൈംഗികമായി ആക്രമിക്കാൻ ഈ വ്യക്തിപരത ഒരു പൗരനും അധികാരം കൊടുത്തിട്ടുമില്ല. പെൺവസ്ത്രങ്ങളെ കുറിച്ചുള്ള മാന്യത- അമാന്യത സങ്കല്പം സ്ഥായിയല്ല. അത് കാലത്തിനും ദേശത്തിനും അനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതാണ്. സിവിക്​ ചന്ദ്രനെതിരായ ലൈംഗികാക്രമണക്കേസി​ൽ, കോഴിക്കോട് ജില്ലാ സെഷൻസ് കോടതി നടത്തിയ വിധിപ്രസ്താവത്തിലെ സ്​ത്രീവിരുദ്ധ പരാമർശങ്ങൾ കുറ്റകൃത്യത്തിനിരയായവർക്ക് നിയമത്തിലും നീതിന്യായ സംവിധാനത്തിലുമുള്ള വിശ്വാസ്യത നഷ്ടപ്പെടുത്തുകയും കുറ്റവാളികൾക്ക് പ്രോത്സാഹനം നല്കുകയും ചെയ്യും.


Comments