എം. സുൽഫത്ത്​

തലകുത്തിമറിയ​ട്ടെ
തുള്ളിച്ചാട​ട്ടെ
പെൺകുട്ടികളും...

ഞാൻ അധ്യാപികയായിരുന്ന ചെറുതാഴം ഗവൺമെൻറ്​ ഹൈസ്‌കൂളിൽ സാരിക്കുപകരം ഷാൾ ഇല്ലാത്ത ഖദർ ചുരിദാർ ഇട്ടുപോയത് 1990ലാണ്. അന്ന് നെറ്റിചുളിച്ചവരും കല്ലെറിയാൻ കാത്തുനിന്നവരും അധ്യാപകരുടെ സ്വാഭാവികവേഷമായി ചുരിദാറിനെ സ്വീകരിച്ചു കഴിഞ്ഞില്ലേ. സ്​കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരടിൽ സർക്കാർ ജെൻഡർ ന്യൂട്രൽ യൂണിഫോം ഉൾപ്പെടുത്തിയ സാഹചര്യത്തിൽ ഒരാലോചന.

സ്ത്രവൈവിധ്യങ്ങളുടെ ചരിത്രത്തെക്കുറിച്ച്, ജെൻഡർ ന്യൂട്രൽ എന്ന ആശയത്തെക്കുറിച്ച് കൃത്യമായ ധാരണയില്ലാത്തതുകൊണ്ടാണ്, ‘‘പിണറായി വിജയൻ ഭാര്യയെക്കൊണ്ട് എന്തിനാ പാൻറ്​ ‘ഇടീക്കുന്നത്’, പിണറായി വിജയന് സാരിയും ബ്ലൗസും ‘ഇട്ടാൽ’ പോരെ’’ എന്ന ചോദ്യം പൊതുവേദിയിൽ നിന്ന് ഡോ. എം.കെ. മുനീറിനെപോലെ ഒരാൾ ചോദിക്കുന്നത്. ആ ചോദ്യം കേട്ട് ഹൂറാ... ഹൂറാ... എന്നാർത്ത് കൈയടിക്കുന്ന ആൾക്കൂട്ടത്തിൽ വസ്ത്രവും ആൺകോയ്മയും തമ്മിലുള്ള ബന്ധം കൃത്യമായി തിരിച്ചറിഞ്ഞവരും തിരിച്ചറിയാനുള്ള പക്വതയില്ലാത്തവരും ഉണ്ട്. സ്വയം ഇടുന്നവനും ഭാര്യയെ ഇടീക്കുന്നവനും എന്ന കാഴ്ചപ്പാട് തിരിച്ചറിയാത്തവരുമുണ്ട്.

നാണം അല്ലെങ്കിൽ നഗ്‌നത എന്നത് മറയ്‌ക്കേണ്ട ഒന്നായി നമ്മുടെ പൂർവികർക്ക് തോന്നിത്തുടങ്ങിയ കാലത്തുനിന്ന് ജെൻഡർ ന്യൂട്രൽ വസ്ത്രം എന്ന സങ്കല്പത്തിലേക്ക് എത്തുന്നത് ചരിത്രപരമായ പല ഘട്ടങ്ങളിലൂടെയാണ്.

മുനീർ പറഞ്ഞതുപോലെ, 100 കുട്ടികളുള്ള സ്‌കൂളിലെ 30 ആൺകുട്ടികളുടെ വസ്ത്രം 70 പെൺകുട്ടികളിലും അടിച്ചേൽപ്പിക്കുന്ന പുരുഷമേൽക്കോയ്മയല്ല, 30 കുട്ടികൾ ധരിക്കുന്ന, ചലനാത്മകതയെ തടസ്സപ്പെടുത്താത്ത, പഠനസമയങ്ങളിലും പരിഗണന വേണ്ടാത്ത, ആത്മവിശ്വാസത്തോടെ ധരിക്കാവുന്ന ഒരു വേഷം 70 കുട്ടികൾക്കും കൂടി പ്രാപ്യമാക്കുക എന്നതാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം. കായിക വിനോദങ്ങൾക്ക് തടസമാകുന്ന, തങ്ങളുടെ എല്ലാ ആവിഷ്‌കാരങ്ങൾക്കും ഇടയിൽ അനാവശ്യബാധ്യതയാവുന്ന ഒരു പെൺവസ്ത്രം അതൊന്നുമില്ലാതെ കംഫർട്ട് ആയി വസ്ത്രം ധരിച്ചുകൊണ്ടിരിക്കുന്ന 30 പേരിലേക്കുകൂടി വ്യാപിപ്പിക്കലും അല്ല.

എം.എസ്.എഫിന്റെ 'വേര്' സംസ്ഥാന സമ്മേളനത്തിൽ ഡോ. എം.കെ മൂനീർ

നാണം അല്ലെങ്കിൽ നഗ്‌നത എന്നത് മറയ്‌ക്കേണ്ട ഒന്നായി നമ്മുടെ പൂർവികർക്ക് തോന്നിത്തുടങ്ങിയ കാലത്തുനിന്ന് ജെൻഡർ ന്യൂട്രൽ വസ്ത്രം എന്ന സങ്കല്പത്തിലേക്ക് എത്തുന്നത് ചരിത്രപരമായ പല ഘട്ടങ്ങളിലൂടെയാണ്. കഴിഞ്ഞ നൂറ്റാണ്ടിൽ മതത്തിന്റെയും ജാതിയുടെയും പദവിയുടെയുമൊക്കെ ചിഹ്നങ്ങളായിരുന്നു വസ്ത്രം. മനുഷ്യസമൂഹത്തിന്റെ വളർച്ചയ്‌ക്കൊപ്പം പദവിയും ചിഹ്നങ്ങളും മാറുന്നുണ്ട്. ഈ മാറ്റത്തിന്റെ വഴിയിൽ ചിഹ്നങ്ങളെ നിലനിർത്താനുള്ള ബാധ്യത പുരുഷൻ കൈയൊഴിയുകയും സ്ത്രീകൾ അത് തുടരാൻ നിർബന്ധിതരാവുകയും ചെയ്തു. അതോടൊപ്പം ഏറ്റവും സൗകര്യപ്രദമായ വസ്ത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും തെരഞ്ഞെടുപ്പുകളും ആണിന് സാധ്യമാവുകയും ചെയ്തു. സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളുടെയോ ആധുനിക ചിന്താധാരകളുടെയോ കർതൃസ്ഥാനത്ത് വരാൻ കഴിയാതിരുന്ന സ്ത്രീകൾക്ക് അന്നും ഇന്നും അത്തരം അന്വേഷണങ്ങൾക്കും തെരഞ്ഞെടുക്കലുകൾക്കും ആണധികാരവ്യവസ്ഥയുടെ പരിമിതികൾ ബാധകമാണ്. സൗകര്യവും സൗന്ദര്യവും തമ്മിലുള്ള വൈരുദ്ധ്യങ്ങളെ മറികടക്കാൻ വലിയൊരു വിഭാഗം സ്ത്രീകൾക്കും കഴിയാതിരിക്കുന്നത് അതുകൊണ്ടാണ്.

മുമ്പത്തേക്കാൾ ചലനാത്മകമാണ് ഇന്ന് ക്ലാസ് മുറികളും സ്‌കൂളുകളും. ജെൻഡർ ജസ്റ്റിസിനെക്കുറിച്ചുള്ള ആശയങ്ങളും കാഴ്ചപ്പാടുകളും സമൂഹത്തിൽ ചർച്ചയാകുന്ന കാലവുമാണിത്. പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ജെൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന കാഴ്ചപ്പാടും ഇന്നുണ്ട്. അതുകൊണ്ടാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരട് നിർദേശങ്ങളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം കടന്നുവരുന്നത്. അതിനെ കക്ഷിരാഷ്ട്രീയത്തിനതീതമായി സാമൂഹ്യവികാസത്തിന്റെയും ഭരണഘടന ഉറപ്പുതരുന്ന സാമൂഹ്യനീതിയുടെയും ലിംഗനീതിയുടെയും പക്ഷത്തുനിന്നുകൊണ്ട് കാണാൻ എല്ലാ രാഷ്ട്രീയ-സാമൂഹ്യ സംഘടനകൾക്കും കഴിയണം.

പാഠപുസ്തകങ്ങളും പാഠ്യപദ്ധതിയും ജൻഡർ ഓഡിറ്റിങ്ങിന് വിധേയമാക്കണമെന്ന കാഴ്ചപ്പാടും ഇന്നുണ്ട്. അതുകൊണ്ടാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരട് നിർദ്ദേശങ്ങളിൽ ജൻഡർ ന്യൂട്രൽ യൂണിഫോം കടന്നുവരുന്നത്. / photo : binuraj, deshabhimani

പലരും തെറ്റിദ്ധരിച്ചതുപോലെ ആണിന്റെ വസ്ത്രം പെണ്ണിനുമേൽ അടിച്ചേൽപ്പിക്കുന്ന പരിഷ്‌കാരമല്ല ജെൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ. വസ്ത്രങ്ങളെ ആൺവസ്ത്രവും പെൺവസ്ത്രവും എന്ന് തീരുമാനിച്ചത് സമൂഹവും അവരുടെ കാഴ്ചപ്പാടുകളുമാണ്. ഒരു നൂറ്റാണ്ടുകാലത്തിലധികം ചോദ്യംചെയ്യപ്പെടാത്ത പദവിയുണ്ടായിരുന്നു സാരിയ്ക്ക്. അതിന്റെ അസൗകര്യങ്ങൾ സ്ത്രീകൾ തിരിച്ചറിഞ്ഞത് ചുരിദാർ എന്ന മറ്റൊരു പെൺവസ്ത്രം കടന്നുവന്നപ്പോഴാണ്. ഇന്നും സ്ത്രീകളുടെ പൂർണപിന്തുണ ചുരിദാറിന് കിട്ടിയിട്ടില്ല. ചുരിദാറിലും സൗകര്യസങ്കല്പങ്ങൾക്കും സൗന്ദര്യസങ്കല്പങ്ങൾക്കും സദാചാരസങ്കല്പങ്ങൾക്കും അനുസരിച്ച് മാറ്റമുണ്ടാവുന്നുണ്ട്. പോക്കറ്റുള്ള വസ്ത്രത്തിലൂടെ നേടുന്ന സ്വാതന്ത്ര്യവും സ്വാശ്രയത്വവും ബഹുഭൂരിപക്ഷം സ്ത്രീകളും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ല. ഒരുപടികൂടി കടന്ന്​ പോക്കറ്റുള്ള പാൻറ്സും​ ഷർട്ടും ടീഷർട്ടുമൊക്കെ ചലനസ്വാതന്ത്ര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും വേഷമായി പൊതുസമൂഹത്തിൽ സ്ത്രീകൾ ഉപയോഗിച്ചുതുടങ്ങിയിട്ടുമുണ്ട്.

ആണിന്റെ വസ്ത്രം പെണ്ണിനുമേൽ അടിച്ചേൽപ്പിക്കുന്ന പരിഷ്‌കാരമല്ല ജൻഡർ ന്യൂട്രൽ വസ്ത്രങ്ങൾ. വസ്ത്രങ്ങളെ ആൺ വസ്ത്രവും പെൺവസ്ത്രവും എന്ന് തീരുമാനിച്ചത് സമൂഹവും അവരുടെ കാഴ്ചപ്പാടുകളുമാണ്

കേരളത്തിലെ ഏതുതരം സ്‌കൂളിലും യൂണിഫോം ചെറിയ ക്ലാസിൽ ഷർട്ടും ട്രൗസറും പിന്നീട് ഷർട്ടും പാൻറ്സുമാണ്; അതൊരു മാറ്റത്തിനോ ചർച്ചയ്‌ക്കോ വിഷയമാകാത്തത് അതിന്റെ കംഫർട്ടിൽ ആൺകുട്ടികൾ തൃപ്തരായതുകൊണ്ടാണ്. പെൺയൂണിഫോമുകളിൽ നിരവധി വൈവിധ്യങ്ങളുണ്ട്. ഷർട്ടിനൊപ്പം പെറ്റിക്കോട്ട് പോലുള്ള ഏപ്രൺ ഫ്രോക്ക് അല്ലെങ്കിൽ ഹാഫ് പാവാട, അതുമല്ലെങ്കിൽ ഡിവൈഡർ സ്‌കർട്ട്, ഷാൾ ഉള്ള ചുരിദാറോ ഓവർകോട്ടുള്ള ചുരിദാർ സ്ലിറ്റോ, ഹാഫ് സ്‌കർട്ടാണെങ്കിൽ അടിയിൽ ലെഗിൻസ് പാടില്ല, മുട്ടുവരെയുള്ള സോക്‌സ് ഇങ്ങനെ പൊതുസമൂഹത്തിന്റെ സദാചാരസങ്കല്പങ്ങളെ തൃപ്തിപ്പെടുത്താൻ പര്യാപ്തമാണെന്ന് ഓരോ സ്ഥാപനത്തിനും തോന്നുന്ന ഏതുമാകാം. സ്വന്തം ശരീരത്തെക്കുറിച്ച് ഭയമോ അപകർഷതയോ ആശങ്കയോ സൃഷ്ടിക്കുന്ന ഘടകങ്ങൾ ഇവയിൽ ഓരോന്നിലുമുണ്ട്. കാലുയർത്തിവെച്ച് ബസിൽ കയറാൻ, സൈക്കിൾ ചവിട്ടാൻ, സ്വതന്ത്രമായി ഒന്ന് ഇരിക്കാൻ, ആൺനോട്ടങ്ങളിൽനിന്ന് രക്ഷിക്കാൻ ഹാഫ് പാവാട ധരിച്ച പെൺകുട്ടികൾ സദാസമയവും ജാഗരൂകരായിരിക്കണം. ചുരിദാറിന്റെ മുകളിലെ ഷോളിന്റെ പരിമിതികളെയും പോക്കറ്റില്ലാത്ത വസ്ത്രങ്ങളുടെ പരിമിതികളെയും തിരിച്ചറിയാൻ കുട്ടികൾക്ക് കഴിയുന്നുണ്ട്. ഷോളിനുപകരം പൊതുബോധത്തെ തൃപ്തിപ്പെടുത്താൻ ധരിപ്പിക്കുന്ന ഓവർകോട്ട് ബ്രായുടെ മുകളിലെ, പെറ്റിക്കോട്ടിന്റെ മുകളിലെ, ഷർട്ടിന്റെ മുകളിലെ, നാലാമത്തെ കവറിങ് ആണ്. ഇന്ന് സീസോ തുടങ്ങിയ കളിയുപകരണങ്ങൾ സ്‌കൂളുകളിലുണ്ട്. അവിടെയും ആൺകുട്ടികൾക്ക് ആത്മവിശ്വാസത്തോടെ വലിഞ്ഞുകയറുകയോ തലകുത്തി മറിയുകയോ തുള്ളിക്കളിക്കുകയോ ഒക്കെ ആവാം. കായികവിനോദങ്ങളിൽ നിന്ന് പെൺകുട്ടികൾ മാറിനിൽക്കുന്നതിന് യൂണിഫോമിന്റെ പങ്ക് പ്രധാനമാണ്. കായികശേഷിയുള്ള പെൺകുട്ടികൾ കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രതിരോധങ്ങൾ തീർക്കാനും വേണ്ടിവന്നാൽ ഓടിരക്ഷപ്പെടാനും വസ്ത്രങ്ങളോ കായികശേഷിയില്ലായ്മയോ തടസമാവരുത്.

ഒരു നൂറ്റാണ്ടുകാലത്തിലധികം ചോദ്യം ചെയ്യപ്പെടാത്ത പദവിയുണ്ടായിരുന്നു സാരിയ്ക്ക്. അതിന്റെ അസൗകര്യങ്ങൾ സ്ത്രീകൾ തിരിച്ചറിഞ്ഞത് ചുരിദാർ എന്ന മറ്റൊരു പെൺവസ്ത്രം കടന്നുവന്നപ്പോഴാണ്. ഇന്നും സ്ത്രീകളുടെ പൂർണപിന്തുണ ചുരിദാറിന് കിട്ടിയിട്ടില്ല. / photo : Roopam Saree Store

ഒരു വിദ്യാലയം, അല്ലെങ്കിൽ സ്ഥാപനം നിർബന്ധപൂർവം യൂണിഫോം വസ്ത്രം അടിച്ചേൽപ്പിക്കുമ്പോൾ അതിൽ തുല്യതയുടെയും ആത്മവിശ്വാസത്തിന്റെയും പരിഗണനകൾ ആവശ്യമാണ്. അത്തരമൊരു അന്വേഷണമാണ് ജെൻഡർ ന്യൂട്രൽ യൂണിഫോമിൽ ചില സ്‌കൂളുകളെയെങ്കിലും എത്തിച്ചത്. ഈ അന്വേഷണം ഇവിടെ അവസാനിച്ചു എന്ന് തീർപ്പുകൽപ്പിക്കാനുമാവില്ല. കായികവിനോദങ്ങൾക്ക് തടസ്സം നിൽക്കാത്ത, ആത്മവിശ്വാസത്തോടെ ധരിക്കാവുന്ന വസ്ത്രം അവനു മാത്രമല്ല അവൾക്കും അവകാശപ്പെട്ടതാണ്. അല്ലാതെ അസൗകര്യമുള്ള വസ്ത്രങ്ങൾ അവനെ കൂടി ധരിപ്പിച്ചാൽ എന്താ എന്ന ചോദ്യം ബാലിശമാണ്.

പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും പാൻറും ഷർട്ടും യൂണിഫോമിന്റെ ഭാഗമായ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിലുണ്ട്. എന്നാൽ ബാലുശ്ശേരി ഗവൺമെൻറ്​ ഹയർ സെക്കൻഡറി സ്‌കൂൾ ഒരു മാതൃകയായി സംസ്ഥാനത്ത് അറിയപ്പെടുകയും അവിടെ സർക്കാർ പിന്തുണ പരസ്യമായി ഉണ്ടാവുകയും ചെയ്തപ്പോൾ അതൊരു പൊതുചർച്ചയായി. ഇപ്പോൾ വീണ്ടും ജെൻഡർ ന്യൂട്രൽ യൂണിഫോം പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ കരടിൽ സർക്കാർ ഉൾപ്പെടുത്തിയപ്പോൾ വിവാദമുണ്ടായിരിക്കുകയാണ്. സ്ത്രീയുടെ വസ്ത്രങ്ങൾ ആൺകോയ്മാബോധം പേറുന്ന സമൂഹത്തിൽ എല്ലാ കാലത്തും വിവാദങ്ങളും ചർച്ചകളും ആവാറുണ്ട്.

ഷർട്ടും ടീ ഷർട്ടും പാൻറ്‌സും ബർമുഡയും ഒക്കെ ധരിച്ച പെൺകുട്ടികളുടെ ചലനാത്മകതയും ആത്മവിശ്വാസവും ആൺകോയ്മ ഭയപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷേ ചരിത്രത്തിന് മുന്നോട്ട് സഞ്ചരിക്കാതിരിക്കാൻ കഴിയില്ല.

കോണകവും ഉറുമാലും രണ്ടാം മുണ്ടും ഷർട്ടിലേക്കും പാന്റിലേക്കും മാറുമ്പോൾ ഉണ്ടാകാത്ത സദാചാരഭ്രംശങ്ങൾ സ്ത്രീ ബ്ലൗസ് ധരിച്ചപ്പോഴുണ്ടായിട്ടുണ്ട്. 1930-ൽ പ്രസിദ്ധ സാഹിത്യകാരനായ സി.വി. കുഞ്ഞിരാമന്റെ ഭാര്യയെ ബ്ലൗസ് ധരിച്ചതിന് സി.വി.യുടെ അമ്മ ‘തേവിടിശ്ശി’ എന്നുവിളിച്ച് തല്ലിയിറക്കിയത് സി. കേശവൻ തന്റെ ജീവിതസമരം എന്ന കൃതിയിൽ വിവരിച്ചിട്ടുണ്ട്. കണ്ണീരും കിനാവും എന്ന കൃതിയിൽ ബ്ലൗസ് ധരിച്ചവരെ അമാന്യകളായി കണ്ടിരുന്നതായി വി.ടി. ഭട്ടതിരിപ്പാട് എഴുതിയിട്ടുണ്ട്. ആദ്യമായി ചുരിദാർ ധരിച്ച സ്ത്രീകളും കേരളത്തിൽ പരിഹാസശരങ്ങൾ ഏറ്റിട്ടുണ്ട്. ഞാൻ അധ്യാപികയായിരുന്ന ചെറുതാഴം ഗവൺമെൻറ്​ ഹൈസ്‌കൂളിൽ സാരിക്കുപകരം ഷാൾ ഇല്ലാത്ത ഖദർ ചുരിദാർ ഇട്ടുപോയത് 1990-ലാണ്. അന്ന് നെറ്റിചുളിച്ചവരും കല്ലെറിയാൻ കാത്തുനിന്നവരും അധ്യാപകരുടെ സ്വാഭാവികവേഷമായി ചുരിദാറിനെ സ്വീകരിച്ചുകഴിഞ്ഞില്ലേ. ഷർട്ടും ടീ ഷർട്ടും പാൻറ്‌സും ബർമുഡയും ഒക്കെ ധരിച്ച പെൺകുട്ടികളുടെ ചലനാത്മകതയും ആത്മവിശ്വാസവും ആൺകോയ്മ ഭയപ്പെടുന്നത് സ്വാഭാവികമാണ്. പക്ഷേ ചരിത്രത്തിന് മുന്നോട്ട് സഞ്ചരിക്കാതിരിക്കാൻ കഴിയില്ല.

സ്വന്തം കുടുംബങ്ങളിൽ നിന്ന് ഷർട്ടും പാൻറ്സു​മിട്ട് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടികൾക്കുമുമ്പിൽ കോമാളി വേഷം കെട്ടുകയാണ്, ‘ആണുങ്ങൾ സാരിയുടുത്താൽ പോരേ’ എന്ന ചോദ്യത്തിലൂടെ / photo : DNA

പാഠ്യപദ്ധതിയിൽ ലിംഗസമത്വവും പാഠപുസ്തകങ്ങളുടെ സെന്റർ ഓഡിറ്റിങ്ങും യൂണിഫോമിലെ ജെൻഡർ ന്യൂട്രാലിറ്റിയ്ക്ക് ഉൾക്കൊള്ളാൻ സമൂഹം പാകപ്പെടാതിരിക്കില്ല. ഇന്നുണ്ടാകുന്ന വിവാദങ്ങളും കെട്ടടങ്ങും. സ്വന്തം കുടുംബങ്ങളിൽ നിന്ന് ഷർട്ടും പാൻറ്സു​മിട്ട് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടികൾക്കുമുമ്പിൽ കോമാളിവേഷം കെട്ടുകയാണ്, ‘ആണുങ്ങൾ സാരിയുടുത്താൽ പോരേ’ എന്ന ചോദ്യത്തിലൂടെ.

കുട്ടികളോട് ചോദിച്ചിട്ടല്ല ഒരു വിദ്യാലയും അവരുടെ യൂണിഫോം ഇന്നലെ വരെ തീരുമാനിച്ചിരുന്നത്. അസൗകര്യങ്ങൾ ഉൾച്ചേർന്ന അത്തരം യൂണിഫോമുകൾ ചോദ്യംചെയ്യപ്പെട്ടിട്ടുമില്ല. പുരോഗമനപരമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളാൻ മടിച്ചുനിന്നവർ എല്ലാക്കാലത്തുമുണ്ട്. അവരുടെ തിരിച്ചറിവുവരെ കാത്തുനിന്നിട്ടല്ല സമൂഹം മാറിയത്. വിദ്യാലയങ്ങളിലെ മാറ്റം സമൂഹത്തിലേക്കും സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങൾ വിദ്യാലയങ്ങളിലേക്കും കൈമാറ്റം ചെയ്യപ്പെടുകയാണ്. ജനാധിപത്യപരവും തുല്യനീതിയിലധിഷ്ഠിതവുമായ ലോകം സൃഷ്ടിക്കപ്പെടുന്നതിൽ വസ്ത്രങ്ങൾക്കും പങ്കുണ്ട്. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.

Comments