ഓര്‍മകളില്‍ നിറമുള്ള ഒരു കുട്ടിക്കാലമൊന്നും ഉണ്ടായിരുന്നില്ല. ഇഷ്ട ഭക്ഷണമോ വസ്ത്രമോ സൗകര്യങ്ങളുള്ള വീടോ ഉണ്ടായിരുന്നില്ല. അതില്‍ കാര്യമായ സങ്കടമൊന്നും തോന്നിയിരുന്നില്ല എന്നതാണ് സത്യം. നാട്ടിലെ ഊടുവഴികളിലൂടെ ആരാന്റെ പറമ്പില്‍ കയറി അടക്കയും തേങ്ങയും പെറുക്കിയും വേനല്‍ക്കാലത്ത് കൂലിക്ക് കശുവണ്ടി പെറുക്കിയുമൊക്കെ ജീവിതം എങ്ങനെയൊക്കെയോ മുന്നോട്ട് പോയിരുന്നു. അന്ന് ഇതൊക്കെ എന്ത് കഷ്ടപ്പാടാണ് എന്നാലോചിക്കാനുള്ള ബുദ്ധിയൊന്നും ഉണ്ടായിരുന്നില്ല. സ്‌കൂളിലെ വട്ടച്ചെലവിനും, ബസു കാശിനും പണം കണ്ടെത്തിയാല്‍ തീരുന്ന അസ്തിത്വദുഃഖങ്ങളേ അന്നുണ്ടായിരുന്നുള്ളൂ.
രണ്ടുവര്‍ഷം മുമ്പ് ഓണ്‍ലൈന്‍ ബിസിനസ് തുടങ്ങിയതുപോലും ജീവിതത്തിലെ അത്യാവശ്യങ്ങള്‍ നിറവേറ്റാനുള്ള പണത്തിനുവേണ്ടി മാത്രമായിരുന്നു. ഒരിക്കല്‍ പോലും ഒരു ബിസിനസുകാരിയായി അറിയപ്പെടുമെന്ന് കരുതിയിരുന്നതേയില്ല. ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം എഴുത്തുകാരി ആകണമെന്നു തന്നെയായിരുന്നു. പക്ഷെ, ജീവിതത്തിന്റെ പരക്കം പാച്ചിലില്‍ പാതിയിലെവിടെയോ എഴുത്തിനെ മറന്നുപോയി. എഴുതുന്നത് പലര്‍ക്കും ഇഷ്ടമായിരുന്നില്ല എന്നതാണ് സത്യം.
മാധവിക്കുട്ടിയുടെ മാനസി
എട്ടാം ക്ലാസില്‍ പഠിക്കുന്ന സമയത്ത് പ്രിയപ്പെട്ട ഒരാൾ ആദ്യമായി തന്ന പുസ്തകമായിരുന്നു മാധവിക്കുട്ടിയുടെ 'മാനസി’. അന്ന് കവിതകളൊക്കെ എഴുതി തുടങ്ങുന്ന സമയമാണ്. സ്വന്തം പേരിലെഴുതുന്നതിനേക്കാള്‍ നല്ലത് മറ്റൊരു പേരായിരിക്കും എന്ന തോന്നലിന്റെ പുറത്ത് കൂട്ടുകാരന്‍ സമ്മാനിച്ച പേരായിരുന്നു മാനസി.
എഴുതുന്ന കാര്യത്തെ കുറിച്ച് ചുരുക്കം ചില അധ്യാപകര്‍ക്കല്ലാതെ വീട്ടുകാര്‍ക്കോ കൂടെ പഠിച്ചവര്‍ക്കോ വലിയ അറിവില്ലായിരുന്നു. പിൽക്കാലത്ത് ആ പേരില്‍ തന്നെ അറിയപ്പെടാന്‍ തുടങ്ങിയപ്പോള്‍ നുസറത്ത് എന്ന ഒഫിഷ്യല്‍ നെയിം പലരും മറന്നുപോയി. എഴുത്തും നിലപാടുകളും കുടുംബത്തിലൊക്കെ പ്രശ്‌നമായി വന്ന സമയത്ത് മാനസി എന്ന പേരില്‍ ഒരുപാട് പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആ നാളുകളില്‍ നിന്ന് ഒരു ബ്രാന്‍ഡായി ആ പേരിനെ ഉയര്‍ത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. പ്ലസ് ടു കഴിഞ്ഞതിനുശേഷം ടി.ടി.സി, മൾട്ടിമീഡിയ ഡിപ്ലോമ എന്നിവയാണ് ചെയ്തത്. ഗ്രാഫിക് ഡിസൈനറായി വര്‍ക്ക് ചെയ്ത് കൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം.
ഇതാണെന്റെ വഴി
കോവിഡാനന്തരം ജോലി നഷ്ടപ്പെട്ട് എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുന്ന സമയത്താണ് ഓണ്‍ലൈന്‍ ബിസിനസിന്റെ സാധ്യതകളെ കുറിച്ച് ചിന്തിക്കുന്നത്. ഫ്രീലാന്‍സ് ആയി എഴുത്തുജോലികള്‍ ചെയ്യുന്നതിന്റെ കൂടെ ഒരു ചെറിയ വരുമാനവും എന്ന ഉദ്ദേശ്യത്തിലാണ് ഓണ്‍ലൈന്‍ ബുട്ടീക് തുടങ്ങിയതെങ്കിലും എന്നെ ഞെട്ടിച്ച് ഒരുപാട് വില്‍പ്പനയുണ്ടാകാന്‍ തുടങ്ങി. അതോടെ ഇതാണെന്റെ വഴി എന്ന തോന്നലും വന്നുതുടങ്ങി. തുടക്കം മുതല്‍ ഒരു ബ്രാന്റായി തന്നെ ഡെവലപ് ചെയ്യാന്‍ ശ്രമിച്ചതുകൊണ്ട് ഭാവിയില്‍ ഉപകാരപ്രദമായി. ഫെയ്‌സ്ബുക്ക് സൗഹൃദങ്ങളുടെ ശക്തി തിരിച്ചറിഞ്ഞ കാലഘട്ടം കൂടെയായിരുന്നു അത്. ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് ബുട്ടീകിന്റെ പേര് പടരുക തന്നെ ചെയ്തു.
യാതൊരു ബിസിനസ് പാരമ്പര്യവുമില്ലാത്ത ഒരാള്‍, ഫാഷനെ കുറിച്ച് വലിയ ഐഡിയകളൊന്നുമില്ലാത്ത ഒരാള്‍ എടുത്തുചാടിയെടുത്ത ഒരു തീരുമാനത്തിന്റെ പിറകില്‍ നിന്നാണ് മാനസി ബുട്ടീക് പിറന്നത്. ആകെ കൈവശമുണ്ടായിരുന്നത് പരസ്യക്കമ്പനിയില്‍ കുറച്ചുകാലം വര്‍ക്ക് ചെയ്ത പരിചയം മാത്രം. അതുവെച്ച് ഓണ്‍ലൈനില്‍ എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്നതിന് ഒരു ഐഡിയയുണ്ടായിരുന്നു. എന്തുസംഭവിച്ചാലും കട്ടക്ക് കൂടെ നില്‍ക്കുന്ന കുറച്ച് സുഹൃത്തുക്കളും മാത്രമായിരുന്നു ധൈര്യം. ആ ധൈര്യം എന്നെ തുണയ്ക്കുക തന്നെ ചെയ്തു.
തുടക്കത്തില്‍ വെസ്റ്റേണ്‍ ടോപ്‌സ് മാത്രമായിരുന്നു ഉണ്ടായിരുന്നത്. കൂടെ കുറച്ച് സാരികളും വെച്ചെന്നുമാത്രം. വില്‍പനയുടെ തുടക്കം ഫേസ്ബുക്ക് പ്ലാറ്റ് ഫോമിലായതുകൊണ്ടുതന്നെ സാരികള്‍ക്കായിരുന്നു കൂടുതല്‍ ആവശ്യക്കാർ. പിന്നീടങ്ങോട്ട് സാരികളില്‍ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. തുടക്കത്തില്‍ മുള്‍മുള്‍ കോട്ടന്‍ സാരികളുടെ വൈവിദ്ധ്യമാര്‍ന്ന ശേഖരമുണ്ടാക്കാന്‍ കഴിഞ്ഞപ്പോള്‍ കസ്റ്റമേര്‍സിന്റെ തള്ളിക്കയറ്റം തന്നെയുണ്ടായി. സാരിക്കൊപ്പം ദുപ്പട്ടയും സല്‍വാര്‍ സ്യൂട്ടുകളും വിപണിയിലെത്തിച്ചിട്ടുണ്ട്. മറ്റെല്ലാ തരം ഡിസൈനുകളും പതിയെ പതിയെ ആഡ് ചെയ്യണമെന്നുതന്നെയാണ് ആഗ്രഹം.
കുട്ടിക്കാലം മുതല്‍ വായന എവിടെ നിന്നോ കൂടെക്കൂടിയിരുന്നു. വായനയുടെ ഫലമായി എഴുത്തും കൂടെപ്പോന്നു. നോട്ടുപുസ്ത്തകത്തില്‍ എന്തെങ്കിലും കുത്തിക്കുറിച്ചു വച്ചിരിക്കുന്നത് കണ്ട് പ്രിയപ്പെട്ടൊരു ടീച്ചറാണ് പ്രോത്സാഹനം തന്നത്. ഒരു പാട് എന്തെക്കെയോ എഴുതിയിട്ടുണ്ടെങ്കിലും ഇത് ഞാനെഴുതിയത് എന്നു പറയാന്‍ ധൈര്യമുണ്ടായിരുന്നില്ല. പിൽക്കാലത്ത് ആ ധൈര്യം തന്നത് സോഷ്യല്‍ മീഡിയ തന്നെയാണ്. സംരംഭകയായതില്‍ പിന്നെ വായന തീരെ ഇല്ലാതായി. ഒപ്പം, എഴുതാനും മറന്നുപോയി. രണ്ടിനേയും എനിക്ക് വേര്‍തിരിച്ച് പറയാന്‍ കഴിയില്ല. എഴുത്തുകാരിയായ സംരംഭക എന്നൊക്കെ കേള്‍ക്കാന്‍ ആഗ്രഹമുണ്ട്. അതുകൊണ്ടുതന്നെ വായനയേയും, എഴുത്തിനേയും കുറച്ചുകൂടി സീരിയസ് ആയി സമീപിക്കാനൊരുങ്ങുകയാണിപ്പോള്‍.
സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വില
ജീവിതത്തില്‍ ഏറ്റവും വില കൊടുക്കുന്ന ബന്ധമേതെന്ന് ചോദിച്ചാല്‍ 'സൗഹൃദം ' എന്നാണ് ഉത്തരം. ഓര്‍മകളിലും അല്ലാതേയും 32 വര്‍ഷത്തെ ജീവിത കാലയളവില്‍ സൗഹൃദങ്ങള്‍ കൂടെ നിന്ന പോലെ മറ്റാരും കൂടെ നിന്നിട്ടില്ല. ഉയര്‍ച്ചകളിലും തളര്‍ച്ചകളിലും സന്തോഷങ്ങളിലും സങ്കടങ്ങളിലും അവര്‍ കൂടെ നിന്നിട്ടുണ്ട്. ജീവിതം ചോദ്യചിഹ്നമായി നില്‍ക്കുന്ന സമയത്ത് ഞങ്ങളുണ്ട് കൂടെ എന്ന് മറ്റൊന്നും നോക്കാതെ പറയാന്‍ സൗഹൃദങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് കഴിയുക. ബുട്ടീക് തുടങ്ങാന്‍ ആഗ്രഹിച്ചപ്പോള്‍ ഫണ്ട് മുതല്‍ ലോഗോ, ഫോട്ടോഗ്രാഫി, മോഡലിങ്ങ്, മാര്‍ക്കറ്റിംങ്ങ് ഇവയെല്ലാം ഏറ്റെടുത്തത് സുഹൃത്തുക്കള്‍ തന്നേയായിരുന്നു. ബുട്ടീകിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ വില തിരിച്ചറിയുക എന്നതും, ആത്മാഭിമാനത്തെ മുറിവേല്‍പ്പിക്കുന്ന ഇടങ്ങളെ പ്രതിരോധിക്കാന്‍ പഠിക്കുക എന്നതും ഓരോ സ്ത്രീയും ചെയ്യേണ്ട കാര്യമായി തന്നെ ഞാന്‍ കരുതുന്നു. നമുക്ക് ബഹുമാനം നല്‍കാത്ത ഒരിടത്തും അള്ളിപ്പിടിച്ചിരിക്കരുതെന്നും അവരവരുടെ സന്തോഷങ്ങളെ ബലിയര്‍പ്പിച്ച് മറ്റുള്ളവരുടെ സന്തോഷങ്ങള്‍ക്കുവേണ്ടി മാത്രം ജീവിതം ഉഴിഞ്ഞു വെക്കരുതെന്നും ഓര്‍മപ്പെടുത്തുന്നു.