നൂലിഴ പിരിച്ച് സൈദ്ധാന്തികതയിൽ തള്ളടച്ചിടേണ്ടതല്ല കമ്യൂണിസം. മറിച്ച് മനുഷ്യനുവേണ്ടി ജീവിതത്തിന്റെ ഓരോ സന്ദർഭങ്ങളിലും പ്രയോഗിച്ചു കാണിച്ചു കൊടുക്കാനുള്ളതാണ്. അതിന്റെ ഊർജം മനുഷ്യ-പ്രകൃതി സ്‌നേഹമൊഴികെ മറ്റൊന്നുമാകരുത്. ഇത് പറയുന്നത് കെ.വേണുവിന്റെ സഹധർമ്മിണിയായ മണിയെന്ന മണിചേച്ചിയാണ്.
തൃശൂർ ജില്ലയിൽ അന്തിക്കാട്ട് കുന്നം പള്ളി ശങ്കരന്റെ മകളാണ് മണി. ഏഴു മക്കളിൽ രണ്ടാമത്തവൾ. അച്ഛൻ കമ്യൂണിസ്റ്റുകാരനായ കർഷകതൊഴിലാളി. കുടികിടപ്പുകാരായി പത്ത് സെന്റ് സ്ഥലത്ത് വെച്ച വീട്ടിലാണ് മണി വളർന്നത്. രണ്ടാം ക്ലാസ് വിദ്യാഭ്യസമെ മണിക്ക് ലഭിച്ചിരുന്നുള്ളൂ. അന്ന് പേരെഴുതാൻ പോലും അറിഞ്ഞിരുന്നില്ല. അമ്മ കൂലി പണിക്ക് പോകുന്നത് കൊണ്ട് താഴെയുള്ളവരെ നോക്കാൻ മണിക്ക് പഠനം നിർത്തേണ്ടിവന്നു.
''അന്തിക്കാട് പുഴയോരത്തായിരുന്നു ഞങ്ങളുടെ വീട്. പന്ത്രണ്ടു വയസു മുതൽ ഞാൻ ചകരി തല്ലാൻ പോയി, അച്ഛന് ഒരു കൈതുണയായി. ഞങ്ങളുടെ നാട്ടിലന്ന് കോൺഗ്രസും, കമ്യൂണിസ്റ്റ് പാർട്ടിയും മാത്രമേയുള്ളൂ. അച്ഛൻ കറകളഞ്ഞ കമ്യൂണിസ്റ്റ്കാരനായിരുന്നു. ജോലി കഴിഞ്ഞു വന്നാൽ അച്ഛൻ പോസ്റ്റർ എഴുതി ഒട്ടിച്ചും ജാഥയിൽ മുദ്രാവാക്യം വിളിക്കുന്നതുമൊക്കെ കണ്ടുവളർന്ന ഞാൻ വളരെ ചെറുപ്പത്തിലെ കമ്യൂണിസ്റ്റായി. അന്തിക്കാട് അന്നൊരു കമ്യൂണിസ്റ്റ് കോട്ടയായിരുന്നു. അച്ഛന്റെ കൂടെ ഞാനും സ്ത്രീകളുടെ മീറ്റിങ്ങിനും ജാഥയ്ക്കുമൊക്കെ പോകാൻ തുടങ്ങി. അന്ന് നല്ല പ്രവർത്തകന് പാർട്ടി കാർഡ് കൊടുക്കും. എന്റെ അച്ഛന് പാർട്ടി കാർഡ് കിട്ടിയിരുന്നു.
പത്ത് സെന്റ് കുടികിടപ്പ് സ്ഥലം കൂടിയാന് പതിച്ച് കിട്ടാനുള്ള സമരത്തിന് അന്ന് കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം കൊടുത്തിരുന്നു. അതിന്റെ ഭാഗമായി ഞങ്ങളുടെ പുരയിടം നിൽക്കുന്ന പത്ത് സെന്റ് സ്ഥലം വളച്ച് വേലി കെട്ടാൻ പാർട്ടി തീരുമാനിച്ചു. പിന്നീട് നൂറ്റമ്പതിലേറെ കുടുംബങ്ങൾ താമസിക്കുന്ന സ്ഥലത്ത് വേലികെട്ടി കുടികിടപ്പ് സ്ഥലം സ്വന്തമായി കിട്ടാൻ സമരം ചെയ്തത് എന്റെ ഓർമ്മയിലുണ്ട്. അതിന്റെ നേതൃത്വത്തിൽ അച്ചനുമുണ്ടായിരുന്നു. ഭൂവുടമയോട് അച്ഛനും മറ്റ് സഖാക്കളും മര്യാദ കാട്ടിയിരുന്നു. ഇന്ന സ്ഥലത്ത് വേലി കെട്ടുന്നുണ്ടെന്ന് അതിന്റെ ഉടമസ്ഥരോട് അവർ നേരത്തേ നേരിൽ കണ്ട് പറഞ്ഞിരുന്നു.
അങ്ങനെ ഉടമസ്ഥരുടെ എതിർപ്പോടു കൂടിയും അല്ലാതെയും ഒട്ടേറെ കൂടിയിരിപ്പ് സ്ഥലം വേലി കെട്ടി താമസിക്കാനുള്ള അവകാശം കുടിയാന്മാർക്ക് സ്ഥാപിച്ചു കൊടുത്തു. എന്റെ ഓർമ്മയിൽ അച്ഛന്റെയൊക്കെ നേതൃത്വത്തിൽ അന്തിക്കാട് പ്രദേശത്ത് അവസാനമായി വേലി വളച്ച് കെട്ടി കുടിയാന് താമസിക്കാനുള്ള സ്ഥലം ഉറപ്പാക്കി കൊടുത്തത് വി.എം സുധീരന്റെ അച്ഛന്റെ സ്ഥലത്തായിരുന്നു. തലേ ദിവസം സുധീരന്റെ അച്ഛനെ നേരിട്ട് കണ്ട് ഒരു കുടുംബത്തിന് വീടു വെക്കാനുള്ള സ്ഥലവും, ഉപയോഗിക്കാനായി ഒരു തെങ്ങും വിട്ടുകൊടുക്കണമെന്ന് പറഞ്ഞപ്പോൾ തനിക്കാകെ 17 സെന്റ് സ്ഥലം മാത്രമാണുള്ളതെന്ന് പറഞ്ഞെങ്കിലും അദ്ദേഹം എതിർത്തില്ല. ഇങ്ങനെ അന്നത്തെ പല പല സമരങ്ങളിലും എന്റെ അച്ഛൻ മുമ്പിലുണ്ടായിരുന്നു. അത്തരത്തിലുള്ള സമരങ്ങളിൽ പലതിലും പോലീസ് ഇടപെടുന്നതും ഭീഷണി പെടുത്തുന്നതുമൊക്കെ നേരിൽ കണ്ട എനിക്ക് പോലീസിനോടുള്ള ഭയം ചെറുപ്പത്തിലെ ഇല്ലാതായിരുന്നു. പതുക്കെ പതുക്കെ ഞാനും തൊഴിലാളികൾക്കു വേണ്ടിയുള്ള സമരങ്ങളിൽ പങ്കെടുത്ത് തുടങ്ങി. അങ്ങനെ 16 വയസാകുമ്പോഴേക്കും എന്നെയും അച്ഛൻ രാഷ്ട്രീയത്തിലിറക്കി; ഞാനുമൊരു കമ്യൂണിസ്റ്റായി.''
കമ്യൂണിസ്റ്റ്കാരൻ ജീവിക്കുന്നത് തന്റെ സഹജീവികൾക്കുകൂടി വേണ്ടിയായിരിക്കണമെന്ന് വിശ്വസിച്ച ഒരു കാലത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് മണിചേച്ചി സംസാരിക്കുന്നത്. യഥാർത്ഥ കമ്യൂണിസ്റ്റുകാരന് ശത്രുക്കളായി ആരുമില്ല. എല്ലാവരും ബന്ധുക്കളാണ്. ശത്രുവിനെ മിത്രമാക്കുന്ന സ്‌നേഹതന്ത്രം ഒരു കമ്യൂണിസ്റ്റുകാരനുണ്ടായിരിക്കണം. അച്ഛനെ പഠിച്ചു കൊണ്ടും, അച്ഛനിലെ കമ്യൂണിസ്റ്റുകാരനെ ഓർമ്മിച്ചു കൊണ്ടുമാണ് മണിചേച്ചി കമ്യൂണിസ്റ്റുകാരനെ നിർവചിക്കുന്നത്:
''അന്ന് പാർട്ടി പ്രവർത്തകർക്ക് സമൂഹവും ചുറ്റുപാടുമായും നല്ല ആത്മബന്ധമുണ്ടായിരുന്നു. ഒരു വീട്ടിൽ കയറി പാർട്ടി പരിപാടിക്ക് പോരണമെന്ന് അച്ഛനെ പോലുള്ളവർ പറഞ്ഞാൽ രാപകൽ വ്യത്യാസമില്ലാതെ ആ വീട്ടിലുള്ളവരൊക്കെ പോകും. അന്ന് പാർട്ടിക്കാരെക്കുറിച്ച് മോശമായ ഒരഭിപ്രായവുമില്ല. ഏത് സമയത്തും, ഏത് പ്രവർത്തകന്റെ കൂടെയും വിശ്വസിച്ച് പോകാം.
അന്ന് പാർട്ടിയിൽ ഒരാളുടെ സ്ഥാനം നിർണയിച്ചത് പാർട്ടി പ്രവർത്തകയുടെ/ പ്രവർത്തകന്റെ കുടുംബ മഹിമയോ, സാമൂഹ്യപദവിയോ മറ്റ് കെട്ടു കാഴ്ചകളോ ഒന്നുമായിരുന്നില്ല. ആത്മാർത്ഥമായ പാർട്ടി പ്രവർത്തനം മാത്രമായിരുന്നു.
പാർട്ടി പിളർന്നതിന് ശേഷം മാർക്‌സിറ്റ് പാർട്ടിയുടെ അന്തിക്കാട് ഏരിയാ കമ്മറ്റിയിൽ ഞാൻ കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. വിദ്യാഭ്യാസമില്ലാത്തതിനാൽ എഴുത്തും വായനയുമൊന്നുമില്ലെങ്കിലും, അച്ഛനിലെ കമ്യൂണിസ്റ്റുകാരൻ തന്റെ ജീവിതം കൊണ്ട് എന്തായിരിക്കണം എങ്ങനെയായിരിക്കണം ഒരു കമ്യൂണിസ്റ്റ് എന്ന് ഞങ്ങളെ പഠിപ്പിച്ചിരുന്നു. പുസ്തകത്തിൽ നിന്നും കിട്ടുന്ന അറിവിനേക്കാൾ എത്രയോ വലിയ അറിവായിരുന്നു അത്; ഞാൻ ചെറുപ്പത്തിൽ തീക്ഷ്ണമായ സമര വീര്യത്തോടെ നന്നായി സംസാരിക്കുമായിരുന്നു.
അന്ന് ജോലി കഴിഞ്ഞു വന്നാൽ അച്ഛൻ മുഴുവൻ സമയവും രാഷ്ട്രീയ പ്രവർത്തനത്തിലായിരുന്നു. വീട്ടിൽ നിന്ന് പോസ്റ്ററെഴുതും. ചിരട്ടയിൽ മഷി കലക്കി, തെങ്ങിന്റെ അല്ലി ചതച്ച് ബ്രഷാക്കിയാണ് പോസ്റ്റർ എഴുതുക. ഇതൊക്കെ കണ്ടാണ് ഞങ്ങൾ വളർന്നത്.
പാർട്ടിയിൽ ഇടത് വലത് ചേരിതിരിവുണ്ടായതിന് ശേഷം അച്ഛൻ സി.പി.എമ്മുകാരനായി കുറെ കാലം പ്രവർത്തിച്ചു. ഞാനും അച്ഛനോടൊപ്പം ഉണ്ടായിരുന്നു. പതുക്കെ ആ പാർട്ടിക്കുള്ളിൽ തന്നെ തെറ്റായ രീതികൾ തുടങ്ങിയിരുന്നു. അച്ഛൻ ചകിരി തല്ലിക്കുന്ന തൊഴിലാളിയായിരുന്നു. ഉടമസ്ഥൻ തൊഴിലാളികൾക്ക് അർഹതപെട്ട കൂലികൊടുക്കില്ല. അച്ഛൻ തൊഴിലാളികൾക്കു വേണ്ടി സംസാരിക്കാൻ തുടങ്ങി. പുതിയ പാർട്ടി കമ്മറ്റി ഭാരവാഹികൾ മുതലാളിയുടെ പക്ഷം ചേർന്ന് കാശുവാങ്ങി. ഇത്തരം അനുഭവം പാർട്ടിയിൽ നിന്നും അകന്നു നിൽക്കാൻ അച്ഛനെ നിർബന്ധിതനാക്കി.
അടിയന്തിരാവസ്ഥ കാലമാണ്. തല്ലിയ ചകിരി കൊച്ചിക്കു കൊണ്ടു പോകാൻ കെട്ടാക്കി വെച്ചിരിക്കുകയാണ്. തൊഴിലാളികൾക്ക് കൊടുക്കാനുള്ള കാശു കൊടുത്താലേ ചകരി കൊച്ചിക്കു കൊണ്ടുപോകാൻ സമ്മതിക്കുകയുള്ളൂവെന്ന് പറഞ്ഞ് അച്ഛൻ ഒറ്റയ്ക്ക് സമരം ചെയ്തു. അന്ന് അന്തിക്കാടൊക്കെ പോലീസുകാരുടെ വിളയാട്ടമാണ്. അച്ഛന്റെ സമരം വിജയിച്ചു. കാശ് വാങ്ങി തൊഴിലാളികൾക്ക് കൊടുത്തു. പാർട്ടിയിൽ നിന്നും അച്ഛൻ സ്വയം പിന്മാറുകയായിരുന്നു.
അതിന് ശേഷമാണ് (സി.ആർ.സി) സി.പി.ഐ.എം.എലും, സാംസ്‌കാരിക വേദിയുമൊക്കെയായി ഞങ്ങളുടെ കുടുംബം ബന്ധപ്പെടുന്നത്. ജില്ലാ നേതാവായിരുന്ന ഉണ്ണിചെക്കനും കെ.എസ്.സദാശിവനുമൊക്കെയായി അച്ഛൻ അടുത്തു. അച്ഛനോടൊപ്പം ഞാനും സാംസ്‌കാരിക വേദിയുമായി ഇടപെട്ടു തുടങ്ങി. അന്ന് അച്ഛന്റെ കൂടെ അന്തിക്കാട്ടെ ഒട്ടേറെ പേർ പാർട്ടിയിൽ നിന്നും പുറത്തു പോയിരുന്നു. അന്നവിടെ സി.പി.എം ന് ജാഥയ്ക്ക് ആളെ കൂട്ടാൻ ബുദ്ധിമുട്ടായ അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.’’
അച്ഛനും മറ്റു സഖാക്കൾക്കുമൊപ്പം സി.പി.എമ്മിൽ നിന്നും പുറത്തു പോയതിനു ശേഷം താൻ പങ്കെടുത്ത ഒട്ടേറെ സമരങ്ങളെ കുറിച്ച് മണിചേച്ചിക്ക് പറയാനുണ്ട്.
''അന്തിക്കാട്ടെ പുല്ലാംപുഴകടവിലെ ചകരിതൊഴിലാളികൾക്ക് ഒരു സഹകരണസ്ഥാപനമുണ്ടായിരുന്നു. അതിന്റെ സെക്രട്ടറി ഒരു സ്ത്രീയായിരുന്നു. ഈ സ്ത്രീയെ ഒരു കാരണവും കൂടാതെ സി.പി.എം നേതൃത്വം പുറത്താക്കി. സി.പി.ഐ.എം.എൽ നേതൃത്വത്തിലുള്ള സാംസ്‌കാരിക വേദിക്കാർ ഈ സ്ത്രീയെ തിരിച്ചെടുക്കുന്നതിനുവേണ്ടി സമരം ചെയ്തു. ആ സമരത്തിൽ പങ്കെടുത്തതിന് അന്ന് വിവാഹം കഴിയാത്ത ഞാനും, അച്ഛനും മറ്റ് അഞ്ച് സഖാക്കളും അറസ്റ്റ് വരിച്ച് മൂന്ന് ദിവസം ജയിലിൽ കിടന്നു. അറസ്റ്റ് തുടർന്നു. കെ.എസ്.സദാശിവന്റെ നേതൃത്വത്തിലായിരുന്നു അന്ന് സമരം നടന്നത്. സമരം പിന്നീട് പുതു രൂപം കൊണ്ടു. ഇരുപത്തിയഞ്ചോളം പേർ സമരത്തിനിറങ്ങി. ഞങ്ങളുടെ വീട്ടിൽ നിന്നും ഞാനും അച്ഛനും അനുജനും അതിലുണ്ടായിരുന്നു. പോലീസും സമരക്കാരും തമ്മിൽ അടിയായി. സൊസൈറ്റിയുടെ ഓഫീസ് പോലീസിന്റെ അകമ്പടിയോടെ തുറപ്പിക്കാനുള്ള ശ്രമം നടന്നു. പിന്നീട് ഇരുപത്തിയഞ്ച് ആളുകളേയും അറസ്റ്റ് ചെയ്ത് നാല് ദിവസം ജയിലിലടച്ചു.
ഇതിനുശേഷം ആ സ്ഥാപനത്തിന്റെ 150 വാരയ്ക്കപ്പുറം സമരക്കാർ കടക്കരുതെന്ന് പോലീസുകാർ കൽപിച്ചു. ഞങ്ങൾ സമരക്കാർക്ക് ജോലി ചെയ്തതിനുള്ള കൂലി 50 വാരയ്ക്കു പുറത്ത് നിന്ന് ധർമ്മക്കാർക്ക് എറിഞ്ഞു കൊടുക്കുന്നതുപോലെ തരും. ഈ സമരത്തോടു കൂടിയാണ് സി.പി.ഐ.എം.എലുമായി ഞങ്ങൾ കൂടുതലായി അടുക്കുന്നത്.''
കെ. വേണുവും മണി സഖാവും തമ്മിൽ വിവാഹമുറപ്പിക്കുന്നതിന് മുമ്പേ കാണുകയോ സംസാരിക്കുകയോ ഒന്നും ചെയ്തിട്ടില്ല. അവരെ അടുപ്പിച്ചത് സംഘടനയായിരുന്നു എന്നൊക്കെ കേട്ടിട്ടുണ്ട്.
‘‘നേരത്തെ ഞാൻ പറഞ്ഞ സൊസൈറ്റി സമരത്തിൽ സജീവമായുണ്ടായിരുന്ന സജീവൻ കെ.വേണുവിന്റെ പെങ്ങളുടെ മകനാണ്. സമരം വിജയിപ്പിക്കാൻ പല സ്ഥലങ്ങളിൽ സി.പി.ഐ.എം.എൽ പ്രവർത്തകർ അവിടെയ്‌ക്കെത്തിയിരുന്നു. അക്കൂട്ടത്തിലുണ്ടായിരുന്ന സ:ഭരതനാണ് വേണുവുമായുള്ള എന്റെ വിവാഹം കാര്യം അച്ഛനോട് പറയുന്നത്. ഞാനും കെ.വേണുവും തമ്മിൽ അതുവരെ നേരിൽ കണ്ടിരുന്നില്ല. കെ.വിയുടെ (കെ. വേണു) മരുമകനുൾപ്പെടെ പലരും എന്നെ കുറിച്ച് അയാളോട് പറഞ്ഞിരുന്നു. അന്ന് സമരക്കാരി എന്ന നിലയിൽ ഞാൻ ചില ചട്ടമ്പിത്തരമൊക്കെ കാണിക്കുമായിരുന്നു. സമരത്തിനിറങ്ങിയാൽ അടിക്കാനും പിടിക്കാനുമൊക്കെ ഞാനുമുണ്ടാകും.
അന്ന് കെ.വി. ഒളിവിലായിരുന്നു. അടിയന്തിരാവസ്ഥ കാലത്തും, നക്‌സലൈറ്റുകൾ ഭീകര പ്രവർത്തനം മാത്രം നടത്തിയിരുന്ന കാലത്തും നക്‌സലൈറ്റുകൾ ആരും വിവാഹത്തെ കുറിച്ച് ആലോചിച്ചിട്ടുണ്ടായിരുന്നില്ലെന്ന് കെ.വി.എന്നോട് പറഞ്ഞിട്ടുണ്ട്. 79, 80 കാലത്ത് പരസ്യപ്രവർത്തനവും ജനകീയ പ്രവർത്തനവും തുടങ്ങിയപ്പോഴാണ് വിവാഹം ആകാമെന്നായതും. തൊഴിലാളിയും താഴ്ന്ന ജാതിക്കാരിയുമായ ഒരു സ്ത്രീയെ നോക്കാൻ കെ.വി, ഭരതേട്ടനോട് പറഞ്ഞിരുന്നുവത്രെ. ഭരതേട്ടൻ അങ്ങിനെയാണ് ഞങ്ങളുടെ വിവാഹകാര്യം അച്ഛനോട് പറയുന്നത്. അച്ഛൻ എന്നോട് ചോദിക്കണമെന്നു പറഞ്ഞു. തീവ്രവിപ്ലവകാരിയായിരുന്ന വേണുവിനെ പലർക്കും പേടിയാണെന്ന് കേട്ടിട്ടുണ്ട്. എനിയ്ക്ക് ഒരു പേടിയുമുണ്ടായിരുന്നില്ല. അച്ഛൻ എന്നോട് വേണുവിനെ വിവാഹം കഴിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഞാൻ സമ്മതം മൂളി. രണ്ടു മൂന്നു മാസം കഴിഞ്ഞാണ് കല്യാണം നടന്നത്. അതിനിടയിൽ ഒരു ദിവസം രാത്രി വേണു ഒരു കമ്മറ്റിയിൽ പങ്കെടുക്കാൻ അച്ഛന്റെ കൂടെ വീട്ടിൽ വന്നു. അന്ന് കെ.വി. ഒളിവിലാണ്. അന്നാണ് ഞങ്ങൾ പരസ്പരം കാണുന്നത്. സംസാരിച്ചു. പിന്നീട് പാർട്ടിയാണ് കല്ല്യാണ തിയതി നിശ്ചയിച്ചത്. അന്ന് ഞങ്ങളുടെ ചുറ്റുപാടും പോലീസുണ്ടായിരുന്നു. ഞങ്ങൾക്ക് അയൽപക്കകാരുമായി നല്ല ബന്ധമുള്ളത് കൊണ്ട് ആരും ഒറ്റ് കൊടുത്തില്ല.
കെ.വി. ഒളിവിലായിരിക്കുമ്പോഴാണ് ഞങ്ങളുടെ കല്ല്യാണം നടന്നത്. രാത്രിയിലായിരുന്നു കല്ല്യാണം. കല്ല്യാണദിവസം വൈകീട്ടാണ് ചുറ്റുവട്ടത്തുള്ളവരെ ക്ഷണിക്കുന്നത്. എന്റെ കൂട്ടുകാരികളോട് പോലും എനിക്ക് പറയാൻ കഴിഞ്ഞിട്ടില്ല. രാത്രി ഒൻപതരയ്ക്ക് കല്യാണം കഴിഞ്ഞു. വിവാഹത്തിന് ബി. രാജീവൻ, കെ.ജി. ശങ്കരപിള്ള തുടങ്ങി 200 ഓളം പേർ പങ്കെടുത്തിരുന്നു. (ഞങ്ങളുടെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസമാണ് നക്‌സലൈറ്റുകാരുടെ നേതൃത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ ജനകീയ വിചാരണ ചെയ്തത്. കല്യാണത്തിന് പങ്കെടുക്കാൻ കഴിയില്ലെന്നും നിങ്ങൾക്കൊരു വിവാഹ സമ്മാനം നാളെ കിട്ടുമെന്നും പറഞ്ഞ് വാസുവേട്ടൻ (ഗ്രോ വാസു) ഒരു കുറിപ്പ് കൊടുത്തായിച്ചിരുന്നു).
അന്ന് രാത്രി തന്നെ വീട്ടിൽ നിന്നിറങ്ങി. പിള്ളേര് വള്ളത്തിൽ കയറ്റി ഞങ്ങളെ അക്കരേയ്ക്ക് വിട്ടു. അവിടെ നിന്നും കാറിൽ കയറി ഗുരുവായൂരിലുള്ള ഒരു സഖാവിന്റെ വീട്ടിലേക്ക് പോയി. അവിടെ നിന്നും ബാംഗ്ലൂരിലുള്ള സഖാക്കളുടെ അടുത്തേക്ക് പോയി. എട്ടാമത്തെ ദിവസം ബോംബേയ്‌ക്കോ മറ്റോ യാത്രയായി. പിന്നീട് 22 ദിവസം കഴിഞ്ഞാണ് കെ.വി.വരുന്നത്. കെ.വി. യാത്രകൾക്കിടയിൽ ഏതാനും ദിവസം മാത്രമാണ് എന്നോടൊപ്പം ഉണ്ടാവുക. ഞാൻ ബാംഗ്ലൂരിൽ 9 മാസം വരെ താമസിച്ചു. പിന്നീട്, ഗർഭിണിയായ ഞാൻപ്രസവിക്കാൻ കെ.വിയുടെ പെങ്ങളുടെ വീട്ടിലേക്ക് പോന്നു. സജീവന്റെ കയ്യിൽ എന്നെയേൽപ്പിച്ച് കെ.വി.പോയി. പ്രസവം അടുത്തപ്പോഴാണ് വീട്ടിലേക്ക് വന്നത്.
വീട്ടിലെത്തിയപ്പോൾ പോലീസ് കെ.വി.യെ അന്വേഷിച്ചു വരുമെന്ന പേടിയൊന്നും എനിക്കില്ലായിരുന്നു. ഞാൻ സി.പി.ഐ.എം.എലുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാൻ തീരുമാനിച്ചിരുന്നു.
സഖാക്കൾ വഴിയാണ് കെ.വി. ഞാൻ മകനെ പ്രസവിച്ചതറിഞ്ഞത്. 4-ാം ദിവസം കെ.വി. വന്നു. രാത്രി ഇന്ന സ്ഥലത്ത് എത്തുമെന്ന് പറയും. അച്ഛൻ കൂട്ടിവരും. ഒരു ദിവസം അച്ഛന്റെ കൂടെ കെ.വി. വരുന്നത് കണ്ട ഒരു പോലീസുകാരൻ, ആരായിരുന്നു കൂടെയെന്ന് അച്ഛനോട് ചോദിച്ചപ്പോൾ മകനായിരുന്നു എന്ന് പറഞ്ഞു. എന്തിനാ ശങ്കരേട്ടാ കളവ് പറയുന്നത്, ആളെ എനിക്ക് മനസിലായിരുന്നു. അയാളെ പിടിച്ചു കൊടുത്തിട്ടുള്ള പ്രമോഷൻ എനിയ്ക്കു വേണ്ട എന്ന് ആ പോലീസുകാരൻ അച്ഛനോട് പറഞ്ഞു. പിന്നീട് കെ.വി.ജാമ്യത്തിലിറങ്ങുമ്പോൾ മൂത്ത മകന് രണ്ടര വയസ്സ് കഴിഞ്ഞിരുന്നു.
പിന്നീട് ഞങ്ങൾ ഒന്നിച്ച് താമസിക്കുന്നു. കെ.വിയുടെ അമ്മ നൽകിയ പണം കൊണ്ട് എന്റെ വീടിനുത്ത് അന്തിക്കാട്ടിനടുത്ത് മാങ്ങാട്ടുകരയിൽ വഴിയൊന്നുമില്ലാത്ത 10 സെന്റ് സ്ഥലം വാങ്ങി വീട് വെച്ചു. പ്രാഥമിക സൗകര്യങ്ങൾ മാത്രമുള്ള ഒരു വീട്. കെ.വി.പരസ്യജീവിതം ആരംഭിച്ചുവെങ്കിലും ഒന്നോ രണ്ടോ മാസം കൂടുമ്പോൾ ഒന്നോ രണ്ടോ ദിവസം മാത്രം വീട്ടിൽ തങ്ങുന്ന ഒരു സന്ദർശകനെപോലെയായിരുന്നു. ഞാനന്ന് ജോലിക്ക് പോകും. ഞാറ് നടാനും, കൊയ്യാനുമൊക്കെ. കെ.വി.യുടെ ജ്യേഷ്ഠനും സഹോദരിയുടെ മക്കളും സഹായിക്കുമായിരുന്നു. വീട്ടിൽ പാർട്ടി സഖാക്കളും അല്ലാത്തവരുമായി പലരും ഉണ്ടാകും’’.
വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ കെ.വി. ഒളിവിൽ കഴിയുമ്പോൾ നിങ്ങളുടെ മാനസികാവസ്ഥ എന്തായിരുന്നു?
എനിക്ക് യാതൊരു ഉത്കണ്ഠയുമില്ലായിരുന്നു. ഞാൻ12 വയസ് മുതൽ ചകിരി തല്ലി ശീലിച്ചവളാണ്. അതോടൊപ്പം അച്ഛന്റെ കൈ പിടിച്ച് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതും എന്റെയുള്ളിൽ വലിയ ശക്തി നിറച്ചിട്ടുണ്ട്.
കെ.വി. വിശക്കുന്നവനും പാവപ്പെട്ടവനും വേണ്ടിയാണല്ലോ പ്രവർത്തിക്കുന്നത് എന്നത് എനിക്ക് അഭിമാനമായിരുന്നു. അച്ഛനും ഒളിവ് ജീവിതം നയിച്ച് പാർട്ടി പ്രവർത്തനം നടത്തിയിരുന്നുവല്ലോ.
ഞങ്ങളുടെ ആദ്യരാത്രിയിൽ തന്നെ വേണുവേട്ടൻ എന്നോട് ചോദിച്ചിരുന്നു, നമുക്ക് കുട്ടികൾ വേണോ, നോക്കാൻ പറ്റുമോ എന്നൊക്കെ. അതൊന്നും പ്രശ്‌നമല്ല, പണിയെടുത്ത് കുട്ടികളെ നോക്കികൊള്ളുമെന്ന് ഞാൻ പറഞ്ഞു. അന്ന് കെ.വി. ഒളിവിൽ പോയാൽ ഒരു മാസമൊക്കെ കഴിഞ്ഞാണ് തിരിച്ചുവരുക. ഞാനന്ന് പട്ടിണി കിടന്നൊന്നും ബുദ്ധിമുട്ടിയില്ല.
അന്ന് ഞാൻ വർഷത്തിൽ മൂന്ന് തവണ കൊയ്യാൻ പോകും. വർഷം മുഴുവൻ പട്ടിണിയില്ലാതെ ജീവിക്കാൻ നെല്ല് കിട്ടും. അടുത്തുള്ള പലചരക്ക് കടയിൽ ആവശ്യമുള്ള സാധനങ്ങൾ തരാൻ കെ.വി. ഏർപ്പാട് ചെയ്യും. മാസത്തിൽ നാന്നൂറ്, അഞ്ഞൂറ് രൂപ വരെ കടയിൽ കൊടുക്കാനുണ്ടാവും. അത് കെ.വിയുടെ ജ്യേഷ്ഠനും മരുമക്കളും സഖാക്കളുമൊക്കെയായി കൊടുക്കും. പാർട്ടി പ്രവർത്തനം ചിട്ടയായി നടത്തുമ്പോഴും കുടുംബത്തിന് നേരെയുള്ള ശ്രദ്ധ കെ.വിക്ക് ഉണ്ടായിരുന്നു. അന്ന് പല സഖാക്കളും അത് ചെയ്തിരുന്നില്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്.
അതിനിടയിൽ ഞാൻ ‘മാനുഷി’യുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അന്ന് സ്ത്രീകളുടെ പല പ്രശ്‌നങ്ങളിലും രാത്രിയും പകലുമൊക്കെയായി ഞാൻ ഇടപെട്ടിരുന്നു.
മാനുഷിയുമായി ബന്ധപ്പെട്ട പ്രവർത്തനത്തെ കുറിച്ച് സംസാരിച്ചു കൂടേ?
മാനുഷി തെരുവുനാടകമൊക്കെ കളിച്ച് സ്ത്രീകൾക്കിടയിലേക്ക് ഇറങ്ങിചെല്ലുന്ന കാലം. വടക്കാഞ്ചേരി ചേലക്കരയ്ക്കടുത്തുള്ള ബാലാമണി എന്ന സ്ത്രീയെ ഊരുവിലക്ക് കൽപിച്ച് വീട്ടിൽ നിന്നും നാട്ടിൽ നിന്നും പുറത്താക്കി. വളരെ അവശനിലയിൽ അവൾ പോലീസ് സ്റ്റേഷനിലെത്തി. പോലീസുകാർ അവളോട് മാനുഷിയുടെ പ്രവർത്തകരുമായി ബന്ധപ്പെടാൻ പറഞ്ഞു. സാറടീച്ചർ ഇടപ്പെട്ടെങ്കിലും അവളെ വീട്ടിലേക്ക് കൊണ്ടുപോകാൻ തനിക്ക് പറ്റില്ലെന്ന് അവർ തുറന്നുപറഞ്ഞു. ഒരർത്ഥത്തിൽ ടീച്ചർ കൈയൊഴിയുകയായിരുന്നു. ഒരു വർഷത്തിൽ കൂടുതൽ അവൾ ഞങ്ങളുടെ വീട്ടിൽ താമസിച്ചു. അന്ന് ഞാൻ കൊയ്ത്തിനും ഞാറു നടലിനുമൊക്കെ പോകും. അങ്ങനെയൊക്കെ ജീവിക്കുമ്പോഴും അവൾക്കൊരു സംരംക്ഷണം കൊടുക്കാൻ ഞങ്ങളുടെ വീടിന് കഴിഞ്ഞിരുന്നു.
ബാലാമണിയെപ്പോലെ തന്നെ സോണി എന്ന പെൺകുട്ടിയേയും ഞങ്ങൾ ഏറ്റെടുത്ത് വീട്ടിൽ നിർത്തിയിട്ടുണ്ട്. ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാവാതെ വീട്ടിൽ നിന്നിറങ്ങിയോടുകയായിരുന്നു അവൾ. ഇങ്ങനെയൊക്കെ രക്ഷ തേടുന്നവരെ, അഭയം തേടുന്നവരെ സംരക്ഷിക്കുക എന്നത് സ്ത്രീവിമോചന പ്രവർത്തകരുടെ പ്രധാന ദൗത്യമാണെന്ന് വിശ്വസിക്കുന്നവളാണ് ഞാൻ. പ്രസ്താവനകൾ ഇറക്കിയതുകൊണ്ട് മാത്രം കാര്യമില്ല, രക്ഷ തേടിയെത്തുന്നവർക്ക് ഒരു ഷെൽട്ടറാവാൻ, ഒരു അഭയകേന്ദ്രമാവാൻ കേരളത്തിലെ സ്ത്രീവിമോചന സംഘടനകൾക്കൊന്നും കഴിഞ്ഞിട്ടില്ല.
അന്നത്തെ പ്രവർത്തനത്തെ കുറിച്ച് മറ്റെന്തെങ്കിലും ഓർമ്മയുണ്ടോ?
പലതും പറയാനുണ്ട്. ഒരു തെങ്ങ് കയറ്റ തൊഴിലാളി അയാളുടെ കുടുംബത്തെ ഉപദ്രവിക്കുന്നുവെന്ന പരാതി ഞങ്ങൾക്ക് കിട്ടി. ഞങ്ങൾ അഞ്ചാറ് സ്ത്രീകൾ അവരുടെ വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിച്ചു. ഭാര്യയേയും മൂത്ത മകളേയും ഗൃഹനാഥൻ ദേഹോപദ്രവം ചെയ്യുന്നുവെന്നും, രണ്ടാമത്തെ മകളോട് ഒരച്ഛൻ മകളോട് പെരുമാറുന്നത് പോലെയല്ല അയാളുടെ സമീപനമെന്നൊക്കെ ഞങ്ങൾ മനസ്സിലാക്കി. അതിനെ എതിർക്കുന്നതുകൊണ്ടാണ് ഭാര്യയേയും മൂത്ത മകളേയും അയാൾ ഉപദ്രവിച്ചത്. അയാൾ ജോലി കഴിഞ്ഞ് വരുന്നതുവരെ ഞങ്ങൾ ആ വീട്ടിൽ തന്നെ ഇരുന്നു. വൈകീട്ട് അയാൾ എത്തുമ്പോൾ ഞങ്ങൾ കാണുന്നത് കൊമ്പൻ മീശയും, കൈയിൽ ഒരു കൊടുവാളുമൊക്കെ പിടിച്ചൊരു തടിച്ച മനുഷ്യനെയാണ്. ഇനി ഈ വീട്ടിലെ ആരെയും ഉപദ്രവിക്കരുതെന്നും, അങ്ങനെ ചെയ്താൽ നടുറോഡിലിട്ടു താങ്കളെ കൈകാര്യം ചെയ്യുമെന്നൊക്കെ ഭീഷണി രൂപത്തിൽ ഞങ്ങൾ അയാളെ താക്കീതു ചെയ്തു. പെട്ടെന്നയാളൊന്ന് ഞെട്ടിപ്പോയി. അതിനുശേഷം ഒരു മാസത്തോളം അയാൾ ജോലിക്ക് പോകാതെ വീട്ടിൽ തന്നെ ഇരുന്നു. മാത്രമല്ല, പിന്നീട് അയാൾ കുടുംബത്തിൽ യാതൊരു പ്രശ്‌നവും ഉണ്ടാക്കിയിരുന്നില്ല.
ചിലപ്പോൾ സ്ത്രീകളുടെ ഭാഗത്തു നിന്നുമുള്ള ശക്തമായ ഒരു താക്കീത് കൊണ്ട് ഏതൊരു പുരുഷന്റെയും ശൗര്യത്തെ ഒതുക്കാൻ കഴിയും. ഏതൊരു മനുഷ്യനിലും ശുദ്ധമായ ഒരു മനസ്സുണ്ട്. അതിനെ ഉണർത്താൻ കഴിഞ്ഞാൽ മതി. സ്ത്രീവിമോചന സംഘടനകളും, കൂട്ടായ്മകളുമെല്ലാം ഇതിനൊരുങ്ങണം. ഉപദ്രവകാരിയായ ഒരു പുരുഷനും തല പൊക്കില്ല. പൊതുയിടത്തിൽ വെച്ച് സ്ത്രീകളുടെ ശക്തമായ താക്കീത് കിട്ടുമ്പോൾ പുരുഷൻ അക്രമം താനെ നിർത്തിക്കൊള്ളും. അതിന് പോലീസും കോടതിയുമൊന്നും വേണ്ട. സ്ത്രീ വിമോചന സിദ്ധാന്തങ്ങൾ പറഞ്ഞ് നടക്കുന്നവർ ഇതൊക്കെ മനസ്സിലാക്കുന്നത് നന്നായിരിക്കും. ഫെമിനിസം എന്ന് പറയുന്നതൊക്കെ പ്രായോഗികമായിരിക്കണം.
ചേച്ചിയും കൂട്ടുകാരും കൂടി ഒരിക്കൽ മനുസ്മൃതി കത്തിച്ചിട്ടുണ്ടെന്ന് എവിടെയോ വായിച്ചിട്ടുണ്ട്?
അത് 1989-ലാണ്. അധഃസ്ഥിത നവോത്ഥാന മുന്നണിയുടെ നേതൃത്വത്തിൽ നടന്ന ജാതി വ്യവസ്ഥയ്‌ക്കെതിരായുള്ള സമരത്തിന്റെ ഭാഗമായിട്ടായിരുന്നു വൈക്കത്ത് വെച്ച് മനുസ്മൃതി കത്തിച്ചത്. അധഃസ്ഥിത നവോത്ഥാന മുന്നണി നേതൃത്വം നൽകിയ ഒരു ജാഥ കാസർഗോഡ് നിന്നും, മറ്റൊന്ന് തിരുവനന്തപുരത്ത് നിന്നും ആരംഭിച്ച് വൈക്കത്ത് അവസാനിക്കുകയായിരുന്നു. തൃശൂരിൽ നിന്ന് ഒരു വണ്ടിക്ക് ഞങ്ങൾ സ്ത്രീകൾ വൈക്കത്തേക്ക് പോയിരുന്നു. അപ്പോഴേക്കും മനുസ്മൃതി കത്തിക്കുമെന്ന് പറഞ്ഞ് വൈക്കത്തെ സമാപന സമ്മേളനം നടക്കുന്ന സ്ഥലത്ത് പോസ്റ്ററുകൾ പതിച്ചിരുന്നു. തടയാൻ ആർ.എസ്.എസ്സുകാർ പോലീസിനെ ചട്ടം കെട്ടിയൊരുക്കി. അവർ പുസ്തകം കത്തിച്ചാൽ അടിയും ബഹളവുമൊക്കെ നടക്കുമെന്ന് പോലീസിനെ ധരിപ്പിച്ചിരുന്നു. സമ്മേളനം നടക്കുമ്പോൾ പുസ്തകം കത്തിക്കരുതെന്ന് പോലീസ് താക്കീതു ചെയ്‌തെങ്കിലും, ഞങ്ങൾ മൂന്ന് സ്ത്രീകൾ ചേർന്ന് കയ്യിൽ കരുതിയ പുസ്തകം വലിച്ചു കീറി മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. പോലീസ് ലാത്തിച്ചാർജിലാണ് അത് കലാശിച്ചത്. 60-ഓളം പേർ അറസ്റ്റ് ചെയ്യപ്പെട്ടു. സ്ത്രീകളെ ആരെയും അറസ്റ്റ് ചെയ്തിരുന്നില്ല.
ഭാര്യ എന്ന നിലയിൽ കെ.വിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന് തടസ്സമായി ഇടപെട്ട ഏതെങ്കിലും സന്ദർഭം ഓർമ്മയിലുണ്ടോ?
ഉണ്ട്. ഒറ്റത്തവണ. അത് കെ.വി. (സി.ആർ.സി) സി.പി.ഐ.എമ്മലിന്റെ അഖിലേന്ത്യാ സെക്രട്ടറിയായിരിക്കുമ്പോഴാണ്. പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ട് കെ.വിക്ക് അന്ന് ഇന്ത്യയിലെവിടേയും പോകണം. നാഗ്പൂരിൽ കേന്ദ്രകമ്മറ്റിയിൽ പങ്കെടുക്കാൻ പോകാൻ വേണ്ടി ഒരുങ്ങുമ്പോൾ മൂത്ത മകന് അതികഠിനമായ പനി. അത്തരമൊരു പനി അതിനു മുമ്പും പിമ്പും ഞാനാർക്കും കണ്ടിട്ടില്ല. മകന്റെ ഈ അവസ്ഥയിൽ വേണുവേട്ടൻ പോകരുതെന്ന് ഞാൻ പറഞ്ഞെങ്കിലും അയാൾക്ക് പോകാതിരിക്കാൻ കഴിയില്ലായിരുന്നു.
വിദ്യാഭ്യാസത്തിന്റെയും അറിവിന്റെയും അകലം ഞങ്ങളുടെ കുടുംബബന്ധത്തെ ഇന്നുവരെ ബാധിച്ചിട്ടില്ല. എനിയ്ക്ക് എഴുതാൻ പറ്റിയിരുന്നില്ലെങ്കിലും മനുഷ്യരോട് പറയേണ്ട കാര്യങ്ങൾ ഞാൻ നേരിട്ട് പറയുമായിരുന്നു. അടിസ്ഥാനപരമായി കിട്ടിയ രാഷ്ട്രീയ വിദ്യാഭ്യാസം, ശത്രുക്കളേയും, ശത്രുതയേയും കണ്ടെത്താനും, തിരിച്ചറിയാനും എന്നെ സഹായിച്ചിരുന്നു. അത് കമ്യൂണിസ്റ്റ് പാർട്ടി പഠിപ്പിച്ചതാണ്.
ഏത് ദാരിദ്ര്യത്തിലും ഞങ്ങൾ ഒരുമിച്ച് താമസിക്കുമെന്ന പിടിവാശി എനിക്കുണ്ടായിരുന്നു. നാടിന് വേണ്ടി ത്യാഗം ചെയ്യാൻ പോകുമ്പോൾ ഭാര്യ അതിന് തടസമാകരുതെന്ന നിർബന്ധം എനിക്കുണ്ടായിരുന്നു. എന്നെ സംരക്ഷിക്കണമെന്നും, എന്റെ കാര്യം മാത്രം നോക്കണമെന്നും ഞാൻ ഒരിക്കലും കെ.വിയോട് പറഞ്ഞിട്ടില്ല. അയാൾ പാർട്ടി പ്രവർത്തനവുമായി എവിടേയ്ക്ക്, എപ്പോൾ പോയാലും ഞാൻ എതിർത്തിരുന്നില്ല. എത്ര സ്ത്രീകൾക്ക് അതിന് കഴിയുമെന്ന് ഞാൻ ചിന്തിക്കാറുണ്ടായിരുന്നു.
ഞങ്ങളുടെ സംസാരത്തിനിടയിൽ മണിചേച്ചിയുടെ രാഷ്ട്രീയ ഇടപെടലിലെ ഉറച്ച നിലപാടിനെകുറിച്ച് വേണുവേട്ടൻ ഒരനുഭവം പങ്കുവെക്കുന്നുണ്ട്.
‘‘ലാലൂരിലെ മലിനീകരണ പ്രശ്‌നം പരിഹരിക്കാൻ വേണ്ടി ഞാൻ പത്ത് ദിവസം നിരാഹാരം കിടന്നിരുന്നു. മണി തടസ്സമൊന്നും പറഞ്ഞിരുന്നില്ല. എം.ജി.എസ്. നാരായണൻ മുതലായവരൊക്കെ വിളിച്ച് എന്താണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നത്, വേണുവിന് എന്തെങ്കിലും സംഭവിച്ചാലോ എന്നൊക്കെ ചോദിച്ചിരുന്നു. സുഗതകുമാരി ടീച്ചർ വിളിച്ച് വേണുവിന് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ നഷ്ടം ഭാര്യയ്ക്കും കുട്ടികൾക്കും മാത്രമാണെന്ന് പറയുമ്പോൾ എന്റെ അരികിൽ മണിയുണ്ട്. സർക്കാർ ഒരനുകൂല നിലപാടെടുക്കുന്നത് വരെ ഞാൻ നിരാഹാര സമരം തുടരണമെന്നാണ് അപ്പോൾ മണി പറഞ്ഞത്. നാടിന്റെ നല്ലൊരു കാര്യത്തിനുവേണ്ടി ഞാൻ മരിച്ചാലും പ്രശ്‌നമില്ല എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു മണി’’.
അന്തിക്കാട് നിന്ന് ഇപ്പോൾ താമസിക്കുന്ന ഒളരിയിലേക്ക് മാറാനുണ്ടായ സാഹചര്യം?
അത് കെ.വി. ഒളിവ് ജീവിതമൊക്കെ അവസാനിപ്പിച്ച് പൊതുയോഗങ്ങൾക്കും മറ്റും പോകുന്ന സമയത്താണ്. രാത്രി അന്തിക്കാട്ടെ ഞങ്ങളുടെ താമസസ്ഥലത്ത് എത്താൻ വലിയ വിഷമമായിരുന്നു. ഇവിടെ ഞങ്ങൾ എത്തുമ്പോൾ ഒറ്റ വീടുപോലുമില്ല. ആകെ ചെളിയും വെള്ളവുമൊക്കെ നിറഞ്ഞ പ്രദേശം. ഞങ്ങളിവിടെ ഓല ഷെഡ്ഡ് കെട്ടി താമസം തുടങ്ങി. രണ്ട് മൂന്ന് തവണ വീടിനുള്ളിലേക്ക് വെള്ളം കയറിയിരുന്നു. അതൊന്നും എനിക്ക് ഒരു വിഷമമായി തോന്നിയിട്ടില്ല. ഒരു പരാതിയുമില്ലായിരുന്നു.
മനുഷ്യന്റെ കാപട്യത്തോടും, ആൾദൈവങ്ങളോടുമൊക്കെ പുച്ഛമാണ് ഈ കമ്യൂണിസ്റ്റ്കാരിക്ക്. ഇന്നത്തെ കമ്യൂണിസ്റ്റുകാർ ഉൾപ്പെട്ട കക്ഷിരാഷ്ട്രീയക്കാരോട് മണിചേച്ചിക്ക് പ്രതിഷേധമുണ്ട്.
''തെറ്റ് തെറ്റാണെന്നും, ശരി ശരിയാണെന്നും പറയുന്നവരോടേ എനിക്ക് മാനസികമായി അടുക്കാൻ കഴിയുകയുള്ളൂ. ഇന്നതിന് കമ്യൂണിസ്റ്റുകാർ ഉൾപ്പെട്ട ഏത് രാഷ്ട്രീയകക്ഷിക്ക് കഴിയും? കേരളത്തിലെ ഇന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയോടൊന്നും എനിക്ക് താൽപര്യമില്ല. തൊഴിലാളിവർഗത്തിന്റെ സമരത്തെ പാർട്ടി ഇടപെട്ട് നശിപ്പിച്ചിട്ടേയുള്ളൂ. വ്യക്തിപരമായി ഇടപെട്ട് പല സമരങ്ങളും വിജയിപ്പിച്ച അനുഭവം എനിയ്ക്കുണ്ട്. ഇപ്പോഴും ഞാൻ ഇടപെടുന്നുണ്ട്. വീടിനടുത്തുള്ള അമ്പാടി കുളത്തിന്റെ കരയിലിരുന്ന് വൈകുന്നേരങ്ങളിൽ ഞങ്ങൾ പൊതുവിഷയങ്ങൾ ചർച്ച ചെയ്യുകയും, ഇടപെടേണ്ടതിൽ ഇടപെടുകയും ചെയ്യുന്നുണ്ട്. പാർട്ടിയെ കുറ്റം പറയാൻ പറ്റില്ല. അതിൽ പ്രവർത്തിക്കുന്നവരെയാണ് പറയേണ്ടത്. ഞാനിപ്പോഴും വർഗബോധമുള്ള കമ്യൂണിസ്റ്റ്കാരി തന്നെയാണ്.''
വേണുവേട്ടൻ ജെ.എസ്.എസ്സിലേക്ക് പോയപ്പോൾ അത് അംഗീകരിക്കാൻ പറ്റാത്ത, കെ.വി.യോട് അടുപ്പമുള്ളവർ ഒട്ടേറെയുണ്ടായിരുന്നു. മണിചേച്ചി എങ്ങനെയാണ് പ്രതികരിച്ചത്?
വേണുവിന്റെ രാഷ്ട്രീയനിലപാടിലുള്ള മാറ്റം എന്നെ സ്വാധീനിച്ചിട്ടില്ല. അയാൾ ജെ.എസ്.എസിലേയ്ക്ക് പോയതിനോട് എനിയ്ക്ക് യോജിക്കാൻ കഴിഞ്ഞിട്ടില്ല. എന്നാൽ കെ.വിയുടെ മാറ്റം എനിക്ക് വല്ലാത്ത വിഷമമുണ്ടാക്കിയിരുന്നു. എം.എൽ.രാഷ്ട്രീയത്തിലുണ്ടായിരുന്ന പലരേയും ഞാനിപ്പോഴും വിളിക്കാറുണ്ട്. പഴയ സജീവാന്തരീക്ഷം നഷ്ടപ്പെട്ടതുവഴി ഞാൻ വലിയ ഒറ്റപെടൽ അനുഭവിച്ചിരുന്നു.
ഇത്തവണ വോട്ട് ചെയ്തത് ആർക്കാണ്? സാറടീച്ചറൊക്കെ തൃശൂരിൽ മത്സരിച്ചിരുന്നല്ലോ?
ഞാനാർക്കും വോട്ട് ചെയ്തിട്ടില്ല. വോട്ട് ചെയ്യാൻ പോരുന്നില്ലേയെന്ന് വേണുവേട്ടൻ ചോദിച്ചിരുന്നു.
ചേച്ചിയിന്നും നക്‌സലൈറ്റാണോ?
അതെ, ഞാനിന്നും (സി.ആർ.സി) സി.പി.ഐ.എമ്മലാണ്; പാർട്ടി ഇല്ലാതായെങ്കിലും.
(കടപ്പാട്: മാതൃഭൂമി ആഴ്ചപ്പതിപ്പ്)