സംഘപരിവാറിന് വളരെ നന്നായി അറിയാവുന്നതും സംഘടിതമായും സിസ്റ്റമാറ്റിക്കായും ചെയ്യാൻ കഴിയുന്നതുമായ പ്രവർത്തികളിലൊന്നാണ് തെറി വിളിക്കുക എന്നത്. അതവർ ഏറ്റവും ആത്മാർത്ഥമായി ചെയ്യും. അതിലവർ ഉൻമാദമനുഭവിക്കും. തെറി വിളിക്കണമെന്ന്, ചീത്ത വിളിക്കണമെന്ന്, ആക്ഷേപിക്കണമെന്ന് അവർ തീരുമാനിച്ചയാൾ ഒരു സ്ത്രീയാണെങ്കിൽ ആ അശ്ലീലക്കൂട്ടം കൂടുതൽ സന്തോഷത്തോടെ നുരഞ്ഞ് പതഞ്ഞൊഴുകും. സംഘപരിവാർ കൂട്ടത്തിന് ഒരൊറ്റ തലച്ചോറും ലിംഗവുമേയുള്ളൂ. അതിന് സംവദിക്കാനറിയില്ല, ആക്രമിക്കാനേ അറിയൂ. അതിന് പരിഹസിക്കാനും റേപ്പ് ചെയ്യാനുമേ അറിയൂ. അതേ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളൂ.
പി.ആർ. പ്രവീണ എന്ന ജേണലിസ്റ്റ് ഏഷ്യാനെറ്റ് ബ്യൂറോയിലേക്ക് വന്ന ഒരു ടെലിഫോൺ കോളിന് നൽകിയ മറുപടിയാണല്ലോ സംഘപരിവാർ കേന്ദ്രങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്. ആ കോൾ മാത്രം സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. അത് മാത്രം കേൾക്കുന്ന ഒരാൾക്ക് ജേണലിസ്റ്റ് നൽകിയ മറുപടി മര്യാദയില്ലാത്തതാണ് എന്ന് തോന്നും. ഇങ്ങനെയൊക്കെ പറയാമോ എന്ന് തോന്നും. പക്ഷേ സംഘപരിവാറിന്റെ ടെലിഫോൺ ആക്രമണത്തെ നേരിട്ടിട്ടുള്ളവർക്കറിയാം. നിഷ്കളങ്കമെന്ന് തോന്നിപ്പിച്ചു കൊണ്ട് വിളിക്കുന്ന ഒരു വിളിയും നിഷ്കളങ്കമല്ല. റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാൻ വേണ്ടി മാത്രം നടത്തുന്ന പ്രകോപനങ്ങളും വിളികളുമാണവ. അതിനൊരു പാറ്റേണുണ്ട്. വിനീതവിധേയരായി അഭിനയിച്ച് അവർ പതിഞ്ഞ സ്വരത്തിൽ തുടങ്ങും. തുടരെത്തുടരെ വിളിച്ചുകൊണ്ടിരിക്കും. വിളിക്കേണ്ട നമ്പറും പറയേണ്ട കാര്യങ്ങളും അണികൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചു കൊണ്ടായിരിക്കും അവരത് ചെയ്യുക. അതിൽ പല നാട്ടുകാരുണ്ടാവും ദേശക്കാരുണ്ടാവും പ്രായക്കാരുണ്ടാവും. വ്രണപ്പെട്ട ഹിന്ദുവിന്റെ തല മുതിർന്ന സാത്വിക പ്രതിനിധിയുണ്ടാവും, രാജ്യദ്രോഹത്തിൽ മനംനൊന്ത യുവാക്കളുണ്ടാവും. ആർഷഭാരത സംസ്കാരത്തെ അടിമുടി പ്രണയിക്കുന്ന സ്ത്രീകളുണ്ടാവും. ഇടതടവില്ലാതെ അവർ വിളിക്കും. അതാണവരുടെ ജോലി, അവരുടെ രാഷ്ട്ര സേവനം, രാഷ്ട്രീയ പ്രവർത്തനം. നൂറു നൂറു കോളുകൾക്കിടയിൽ നിന്ന്, പ്രകോപനത്തിന്റെ പതിനെട്ടടവും പയറ്റി, തങ്ങൾക്ക് വേണ്ടതവർ പിടിച്ചെടുക്കും, എന്നിട്ടത് പ്രചരിപ്പിക്കും. പിന്നീടവർ അതിനെ ആയുധമാക്കും ആ ആയുധം കൊണ്ട് അവർ കുരുക്ഷേത്രയുദ്ധത്തിലെന്ന പോലെ യുദ്ധം ചെയ്യാൻ തുടങ്ങും. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിലൊക്കെ തെറി വിളികളുമായി നിറയും. ഫോട്ടോകൾ പ്രചരിപ്പിക്കും, വീട്ടുകാരെ മുഴുവൻ അശ്ശീലം നിറഞ്ഞ ഭാഷയോടെ നേരിടും. കോവിഡ് പോസിറ്റീവാണെന്ന് പറയുന്ന പോസ്റ്റിന് താഴെ ആർത്ത് ചിരിക്കുന്ന ഭീകരരൂപികളാവും. സവർണ്ണഹിന്ദുവല്ലാത്തതൊക്കെയും അവർക്ക് ശത്രുക്കളാണ്.
അത്തരമൊന്നാണ് ഏഷ്യാനെറ്റ് ജേണലിസ്റ്റിന് നേരെ നടന്നത്, നടന്നുകൊണ്ടിരിക്കുന്നത്. പ്രകോപനത്തിന്റെ രാഷ്ട്രീയ മറിഞ്ഞിട്ടും ഏഷ്യാനെറ്റിന് സംഘപരിവാർ അണികളോട് ഖേദം പ്രകടിപ്പിക്കേണ്ടി വന്നിട്ടുണ്ടെങ്കിൽ അത് ആ മാധ്യമസ്ഥാപനം എത്തിപ്പെട്ട ഗതികേടായിക്കൂടി കാണേണ്ടി വരും. സംഘ പരിവാർ അണികൾക്ക് ദൃശ്യത കൊടുത്ത, സംഘപരിവാർ രാഷ്ട്രീയത്തിന് നിർല്ലോഭമായ ഇടം കൊടുത്ത ഭൂതകാലത്തിന്റെ, കൊടുത്തു കൊണ്ടിരിക്കുന്ന വർത്തമാനകാലത്തിന്റെ ഉപോത്പന്നമായി ഇതിനെ കാണണം. ഏഷ്യാനെറ്റ് മാത്രമല്ല, എല്ലാ മാധ്യമങ്ങളും.
സംഘപരിവാറിന്റെ വെർബൽ റേപ്പിന്, തെറിവിളികൾക്ക് ഇരയായിട്ടുള്ള അനേകം ജേണലിസ്റ്റുകളുണ്ട് കേരളത്തിൽ. അതിൽ സ്ത്രീകളും പുരുഷൻമാരുമുണ്ട്. മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റർമാരും റിസപ്ഷനിസ്റ്റുകളും റിപ്പോർട്ടർമാരും ക്യാമറാ പേഴ്സൺസും ഡ്രൈവർമാരുമുണ്ട്. പി.ആർ. പ്രവീണയ്ക്ക് നേരെ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമേയല്ല. അതൊരു തുടർച്ചയാണ്. ഇത് കുറേ വർഷങ്ങളായി ഇവിടെ നടന്നുപോരുന്നുണ്ട്.
ഒന്നുകൂടി പറയാം. ഹൈന്ദവ സംഘടനകളുടെ, സംഘ പരിവാറിന്റെ ഈ ആക്രമണ പാറ്റേൺ മറ്റു മതസ്ഥരും പയറ്റുന്നുണ്ട്. രാഷ്ട്രീയ പാർട്ടി കളും പയറ്റുന്നുണ്ട്. തങ്ങൾക്കിഷ്ടപ്പെടാത്ത, തങ്ങൾക്ക് വായിച്ചാലോ കണ്ടാലോ മനസ്സിലാവാത്ത എന്തിനെയും വെട്ടുകളിക്കൂട്ടം പോലെ അവർ ആക്രമിക്കും. തെറി വിളിക്കും ഭീഷണിപ്പെടുത്തും. സൈബർ നിയമങ്ങളൊന്നും ഭൂരിപക്ഷം ഇരകൾക്കും തുണയാവാറില്ല എന്നതാണ് സത്യം. ഇരയാവുന്ന എല്ലാവർക്കും എളുപ്പം അതിജീവിക്കാൻ കഴിയണമെന്നില്ല. കൂട്ടം കൂടി റോഡിലിട്ട് തല്ലിക്കൊല്ലുന്നതു പോലെത്തന്നെയാണ് വെർച്വൽ ലിഞ്ചിങ്ങും. മനുഷ്യത്വമുള്ളവർ ഈ നെറികെട്ട രാഷ്ട്രീയത്തിന് എതിരു നിൽക്കുക എന്നേ ചെയ്യാനുള്ളൂ.
ഏഷ്യാനെറ്റ് ന്യൂസിലെ ന്യൂസ് എഡിറ്റർ പി.ആർ പ്രവീണയ്ക്ക് ഐക്യദാർഢ്യം.