Photos : Unsplash

അമ്മയാവാതിരിക്കാനും ആവാനും

Mom- To be or not to be

243 സ്ത്രീകൾ 2019 മെയ് ഒന്നു മുതൽ 2020 ആഗസ്റ്റ് 15 വരെ ആവശ്യമില്ലാത്ത ഗർഭം അലസിപ്പിക്കാൻ അനുവാദത്തിന്​ കോടതിയെ സമീപിച്ചിട്ടുണ്ട്. അവർക്കു നീതി നിഷേധിക്കപ്പെട്ടത്​, പലപ്പോഴും സദാചാരപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു.

ഒന്ന്: തുടരെത്തുടരെ പ്രസവിക്കുന്ന ഒരു ചേച്ചി

തുടരെത്തുടരെ പ്രസവിച്ചുപ്രസവിച്ച്, പിന്നെ അവൾ കക്കൂസിൽ പോയിരുന്നാ മതി, കുഞ്ഞ് പുറത്തുവരുന്ന അവസ്ഥയിലായി മുള്ളുന്നേടമൊക്കെ.
ഒന്നിനെ നോക്കാൻ പോയ ഞാൻ മൂന്നും നാലും പിള്ളേരെ എട്ടു വർഷത്തിനുള്ളിൽ വളർത്തി വലുതാക്കേണ്ടി വരുന്ന ഗതികേടായപ്പോ, ‘നിനക്കിതു നിർത്തിക്കൂടെ? അയാളോട് പറ്റില്ലെന്നുപറ' എന്ന് മുതലാളിച്ചിയോട് പറയേണ്ടി വന്നു.
‘എനിക്കു വേറെ പണിയൊന്നുമില്ലല്ലോ' എന്നായിരുന്നു മറുപടി.
‘അയാൾക്ക് വേണ്ടപ്പോ ഞാൻ കൊടുത്തില്ലെങ്കിൽ എന്റെ അനിയത്തിയെയാ അയാളുടെ നോട്ടം' എന്ന് സങ്കടപ്പെട്ടു.
ആരോഗ്യം പോലും നോക്കാതെ പ്രസവിച്ചു കൊണ്ടേയിരുന്ന അവളുടെ എട്ടു മക്കളിൽ രണ്ടു പേർ ബുദ്ധിമാന്ദ്യം ഉള്ളവരും രണ്ടു പേർ വികലാംഗരും ആയിരുന്നു. ഗൾഫിലെ ഒരു ഉൾനാട്ടിൽ വർഷങ്ങളോളം കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ജോലിക്കു ശേഷം നാട്ടിൽ മടങ്ങിയെത്തിയ ഒരു ചേച്ചിയുടെ അനുഭവമാണിത്.

രണ്ട്: 12 വയസ്സുകാരിയായ അമ്മ

ലൈംഗികാതിക്രമത്തിനിരയായി ഗർഭിണിയായ പന്ത്രണ്ടു വയസ്സുകാരിയുടെ പ്രസവശേഷം ഷെൽട്ടർ ഹോമിലെ മുതിർന്ന ചേച്ചി വാത്സല്യത്തോടെ അവളോടുചോദിച്ചു; ‘മോൾക്ക് ചേച്ചി എന്താ തരണ്ടേ?'
‘എനിക്കാ കടയിൽ നിന്ന് ഒരു ഡയറി മിൽക്ക് വാങ്ങി തരാമോ? കൊതിയായിട്ടാ ...' അവൾ കാണാതെ കണ്ണുകൾ തുടച്ച് അവർ ആ കടയിലേക്ക് നടന്നത്രേ.
കുഞ്ഞിനെ ഒരു വസ്തുവിനെയെന്ന പോലെ പാലുകൊടുക്കാൻ യാന്ത്രികമായി അവൾ നൈറ്റി വകഞ്ഞു മാറ്റി.

ഒരാളെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന സെയിൻ എന്ന ബാലൻ തന്റെ മാതാപിതാക്കൾക്കെതിരെ ഒരു കേസ് കൊടുക്കുന്നു. ദാരിദ്ര്യവും തിരസ്‌കരണവും അടിച്ചമർത്തിയ ജീവിതങ്ങൾ വന്നടിഞ്ഞു കൂടിയ ആ തെരുവിലേക്ക് അതിന്റെ ദുരിതം പേറാൻ ഇനിയൊരു കുഞ്ഞിനെ സൃഷ്ടിച്ചു വിടാൻ തന്റെ മാതാപിതാക്കളെ അനുവദിക്കരുതെന്നായിരുന്നു അവന്റെ ആവശ്യം. / കഫർണൗം എന്ന ലബനീസ് സിനിമയിൽ നിന്ന്.

മൂന്ന്: ഗർഭവും പെൺശരീരവും

ഗർഭവും പ്രസവവും അമ്മയാവലും ഓരോ പെണ്ണിലും വ്യത്യസ്തമായ സങ്കീർണാനുഭവമാണ്. ഇഴ പിരിച്ചെടുക്കാനാവാത്ത വിധം പല ഏടുകളും ആ ജീവിതങ്ങളിലുണ്ട്. സ്വയം ഇല്ലാതായി ഒരു പുതുജീവന്റെ പിറവിക്കുവേണ്ടി സ്വന്തം ഗർഭം തുടരാനുള്ള സ്ത്രീയുടെ തീരുമാനം ഒരായുസ്സ് മുഴുവനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കൽ കൂടിയാണ്.

മനുഷ്യരാശിയുടെ കേവലമായ അതിജീവനത്തിനപ്പുറം, സാമൂഹ്യ ജീവിതത്തിൽ പ്രത്യുൽപാദന അവകാശങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനപരമായ ജീവശാസ്ത്ര പ്രത്യേകതകൾക്കുപരി മനസ്സിലാക്കേണ്ടതുണ്ട്.

ഇടുപ്പുഭാഗത്ത് മൂത്രസഞ്ചിയുടെയും മലാശയത്തിന്റെയും ഇടയിലുള്ള പൊള്ളയായ, പേശീനിർമിതമായ അവയവമാണ് ഗർഭപാത്രം. ഇരുവശത്തുമുള്ള അണ്ഡാശയങ്ങൾ 28 ദിവസങ്ങൾക്കിടയിൽ ഒരിക്കൽ അണ്ഡങ്ങളെ അഥവാ ബീജകോശങ്ങളെ ഫലോപിയൻ കുഴലിലൂടെ പുറത്തേക്കു വിടുന്നു. ആ സമയം, പുരുഷബീജവുമായി അണ്ഡ- ബീജ സങ്കലനം സംഭവിക്കുന്നെങ്കിൽ ലൈംഗികോല്പാദനം നടന്ന്, ഭ്രൂണം ഗർഭപാത്രത്തിന്റെ ഉൾഭിത്തിയിൽ വേരുറയ്ക്കു​ന്നു. ജീവന്റെ ഈ ആദ്യരൂപം ജനനത്തിനു പാകമാകും വരെ 37 ആഴ്ചകളോളം സൂക്ഷിക്കുകയും പോഷിപ്പിക്കുകയും ചെയ്യുന്ന പരമ പ്രധാനമായ കർത്തവ്യമാണ് ഗർഭപാത്രവും ഗർഭപാത്രത്തെ പേറുന്ന പെൺ ശരീരവും മനസ്സും ചെയ്യുന്നത്. പ്രത്യുല്പാദന അവയവങ്ങൾ ഒരു ഭ്രൂണത്തിൽ തയ്യാറായി തുടങ്ങുന്നത് ഗർഭാവസ്ഥയുടെ 19ാം ആഴ്ച മുതലാണ്.

ഈ കുഞ്ഞിപ്പെണ്ണുങ്ങൾ കിളുന്നുഅമ്മത്തൊട്ടിലുമായി അമ്മയുടെ സുരക്ഷിത കവചവും പൊട്ടിച്ച് പുറത്തു കടക്കുമ്പോൾ അവളുടെ ഒരു പെണ്ണായുസ്സിനുള്ള പദ്ധതി തയ്യാറായിട്ടുണ്ടാവും. ഒരുനാൾ വിവാഹിതയായി, ഭർത്താവിന്റെ വീട്ടിൽ, അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയായി, പാചകം ചെയ്യാനും വീട് കാക്കാനുമുള്ള അഭ്യാസ മുറകളിലേക്ക് ആ കുഞ്ഞാവ, സമ്മാനപ്പൊതികളിലെ പാവക്കുഞ്ഞുങ്ങളെ താരാട്ടു പാടിയുറക്കി പ്രവേശിക്കുകയായി! എന്നാൽ, നമ്മുടെ ക്രമീകൃത വിവാഹ വ്യവസ്ഥയിൽ കുഞ്ഞിപ്പെണ്ണിനെ വിവാഹം കഴിക്കാനുള്ള ആ കുഞ്ഞിപ്പുരുഷന് ഏകദേശം അപ്പോൾ അഞ്ചു വയസ്സൊക്കെ ഉണ്ടായിക്കാണണം! ഏതെങ്കിലും വീട്ടിൽ, നാട്ടിൽ ജനിച്ചു വളരുന്ന അവനും കാണും അച്ഛനാകുന്നതാണ് പുരുഷന്റെ കഴിവ് തെളിയിക്കുന്നതെന്ന മട്ടിലുള്ള കൊടും പരീശീലനം. കുടുംബം നോക്കാനും, ജോലി ചെയ്ത് സമ്പാദിക്കാനും കുഞ്ഞി ച്ചെക്കൻ വർണ്ണക്കടലാസുകളിലെ തോക്കും കാറും ജെ.സി.ബിയും ഉപയോഗിച്ച് ചുവടുവെക്കുകയായി. അങ്ങനെ ഒരേ ഉത്ഭവസ്ഥാനത്തുനിന്ന് പുറപ്പെട്ട പെണ്ണും ആണും ജനിച്ച്​ നിമിഷങ്ങൾക്കുള്ളിൽ ലൈംഗിക വിവേചനത്തിന്റെ പെരുമാറ്റച്ചട്ടങ്ങളിലേക്ക് വലിച്ചടുക്കപ്പെടുന്നു. പിന്നീടങ്ങോട്ട് ലൈംഗിക അസന്തുലിതാവസ്ഥയുടെ ഏറ്റക്കുറച്ചിലുകൾ തന്നെ ‘സ്വാഭാവിക'ശീലങ്ങളായി അനുഭവിക്കപ്പെടുമ്പോൾ, ഇറങ്ങിപ്പോന്ന ഗർഭപാത്രത്തിന്റെ പതുപതുപ്പും നനവുമുള്ള ഭ്രൂണാവസ്ഥയുടെ ഓർമകളും ജീവന്റെ ആദ്യ തുടിപ്പുകളിൽ മറന്നു പോകാൻ അവർ നിർബന്ധിതരാവുന്നു.

സ്വന്തമായി ജോലിയെയാണോ പങ്കാളിയെയാണോ തിരഞ്ഞെടുക്കേണ്ടതെന്ന അവകാശം പോലും പെണ്ണിന് നിഷേധിക്കപ്പെട്ട കാലത്താണ് പ്രത്യുൽപാനസ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരുന്നത്.

മനുഷ്യരാശിയുടെ കേവലമായ അതിജീവനത്തിനപ്പുറം, സാമൂഹ്യ ജീവിതത്തിൽ പ്രത്യുൽപാദന അവകാശങ്ങളും പാരമ്പര്യങ്ങളും അടിസ്ഥാനപരമായ ജീവശാസ്ത്ര പ്രത്യേകതകൾക്കുപരി മനസ്സിലാക്കേണ്ടതുണ്ട്. സാമൂഹികം, മതം, വിദ്യാഭ്യാസം, ആരോഗ്യം, നിയമം എന്നിങ്ങനെയുള്ള പൊതു ഇടങ്ങളുടെ ഘടനകൾ ലൈംഗിക വിവേചനത്തെ നിലനിർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു കൊണ്ടേയിരിക്കുന്നു. ഇടയ്ക്കിടെ വാർത്തയാവുന്ന സ്ത്രീധന മരണങ്ങളും, ഗാർഹിക പീഡനങ്ങളും, കുട്ടികൾക്കെതിരായ അതിക്രമങ്ങളുമൊക്കെ സോഷ്യൽ മീഡിയ പ്രതികരണങ്ങൾ കൂട്ടുന്നെങ്കിലും സ്വർണ പരസ്യങ്ങൾക്കോ 18 വയസ്സിനു ശേഷം പൊട്ടിമുളക്കുന്ന വിവാഹാലോചനകൾക്കോ അല്പം പോലും കുറവു വന്നിട്ടില്ല. സ്വന്തമായി ജോലിയെയാണോ പങ്കാളിയെയാണോ തിരഞ്ഞെടുക്കേണ്ടതെന്ന അവകാശം പോലും പെണ്ണിന് നിഷേധിക്കപ്പെട്ട കാലത്താണ് പ്രത്യുൽപാദന സ്വാതന്ത്ര്യത്തെക്കുറിച്ച് വീണ്ടും ആലോചിക്കേണ്ടി വരുന്നത്.

പ്രത്യുല്പാദന അവകാശങ്ങൾ

ഐക്യരാഷ്ട്ര സഭയുടെ 1968 ലെ മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള അന്താരാഷ്ട്ര സമ്മേളനത്തിനു ശേഷമാണ് ലോകാരോഗ്യ സംഘടന പ്രത്യുൽപാദന അവകാശങ്ങളെ നിർവചിച്ചത്: ‘‘Reproductive rights rest on the recognition of the basic right of all couples and individuals to decide freely and responsibly the number, spacing and timing of their children and to have information to do so, and right to attain the highest standard of sexual and reproductive health. They also include the right of all to make decisions concerning reproduction free of discrimination, coercion and violence.'

പുതുക്കിയ ആക്ടിൽ സ്ത്രീയുടെ വിവാഹ പദവി അബോർഷന് പ്രശ്നമല്ലാതാക്കിയിട്ടുണ്ട്. ഇതിനു മുൻപ്, ‘വിവാഹിതയായ സ്ത്രീക്കും അവളുടെ ഭർത്താവിനും' മാത്രമേ അബോർഷൻ ചെയ്യാൻ അനുവാദം ഉണ്ടായിരുന്നുള്ളു.

പ്രത്യുൽപാദന അവകാശങ്ങൾ വ്യക്തിയുടെ സാമൂഹ്യ- സാമ്പത്തിക ഘടന, മതം, സംസ്‌കാരം എന്നിവയുമായി ബന്ധപ്പെട്ട് ആഴത്തിൽ ചർച്ച ചെയ്യപ്പെട്ടു. 1994 ലെ ‘പോപ്പുലേഷൻ ആൻഡ് ഡെവലപ്‌മെൻറ്​' എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ ഇന്ത്യയും ഭാഗമാവുകയും പ്രത്യുൽപാദന സ്വാതന്ത്ര്യവും ലിംഗസമത്വവും ഇന്ത്യയിലെ ഫാമിലി പ്ലാനിംഗ് സേവനങ്ങളിൽ പരിഗണിക്കപ്പെടുകയും ചെയ്തു. ഭരണഘടനയുടെ പരിധിയിൽ പ്രതിപാദിക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെയും മനുഷ്യാവകാശങ്ങളുടെയും തുടർച്ചയാണ് പ്രത്യുൽപാദന അവകാശങ്ങൾ. ഇന്ത്യയുടെ പശ്ചാത്തലത്തിൽ പ്രത്യുൽപാദന നിയമങ്ങളും സേവനങ്ങളും കുടുംബ വൈജാത്യങ്ങളും സാംസ്‌കാരിക മൂല്യങ്ങളും വിശ്വാസങ്ങളും സ്ത്രീയുടെ പ്രത്യുൽപാദന പെരുമാറ്റങ്ങളെ എങ്ങനെ ബാധിക്കുന്നു എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്.

ഇന്ത്യൻ നിയമവ്യവസ്ഥ പല തരത്തിലുള്ള നിലപാടുകളാണ് പ്രത്യുൽപാദന അവകാശങ്ങളുമായി ബന്ധപ്പെട്ട്​ എടുത്തിട്ടുള്ളത്.In 2011, the Delhi High Court issued a landmark joint decision that ‘no woman, more so a pregnant woman should be denied the facility of treatment at any stage irrespective of her social and economic background...This is where the inalienable right to health which is so inherent in the right to life gets enforced. In 2012, the High Court of Madhya Pradesh echoed the Delhi High Court's judgment that ‘the inability of women to survive pregnancy and child birth violates her fundamental right to live as guaranteed under Article 21 of the Constitution of India' and 'it is the primary duty of the government to ensure that every woman survives pregnancy and child birth'.

മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്‌നൻസി ആക്ട്

1971 ലെ മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്​നൻസി ആക്ട് (എം.ടി.പി) പ്രകാരം താല്പര്യമില്ലാത്ത ഗർഭം അലസിപ്പിക്കാനുള്ള നിയമപരമായ അവകാശം പങ്കാളികൾക്കുണ്ട്. മാർച്ച് 2021 ൽ ഭേദഗതി വരുത്തിയ എം.ടി.പി ആക്ട് അനുസരിച്ച്​, ലൈംഗികാക്രമണത്തിന് വിധേയരായവരിൽ 24 ആഴ്ച വരെയുള്ള ഗർഭം അലസിപ്പിക്കാം. മറ്റുള്ളവരിൽ 20 ആഴ്ചയാണ് സമയം. രണ്ടു കേസുകളിലും രണ്ടു ഡോക്ടർമാരുടെ സമ്മതപത്രം ആവശ്യമാണ്. പുതുക്കിയ ആക്ടിൽ സ്ത്രീയുടെ വിവാഹ പദവി അബോർഷന് പ്രശ്നമല്ലാതാക്കിയിട്ടുണ്ട്. ഇതിനു മുൻപ്, ‘വിവാഹിതയായ സ്ത്രീക്കും അവളുടെ ഭർത്താവിനും' മാത്രമേ അബോർഷൻ ചെയ്യാൻ അനുവാദം ഉണ്ടായിരുന്നുള്ളു. ഭ്രൂണത്തിന് ഏതെങ്കിലും തരത്തിലുള്ള വൈകല്യമുണ്ടെങ്കിൽ 24 ആഴ്ചയിൽ കൂടുതലായാലും വൈദ്യോപദേശത്തോടെ അബോർഷൻ നടത്താം.

അബോർഷന് അനുവാദം ചോദിച്ചുകൊണ്ടുള്ള അപേക്ഷകളുടെ സംസ്ഥാന തല കണക്ക് (2019 മെയ്- 2020 ആഗസ്റ്റ്)

ഈ നിയമഭേദഗതിയിൽ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം, അബോർഷനുള്ള കർതൃത്വം സ്ത്രീക്ക് നിയമം നൽകിയിട്ടില്ല എന്നതാണ്. ഇതിനെക്കുറിച്ച് ‘ഏഷ്യ സേഫ് അബോർഷൻ പാർട്ണർഷിപ്പ്' (ASAP) കോർഡിനേറ്ററും ഗൈനക്കോളജിസ്റ്റുമായ ഡോ. സുചിത്ര ദാൽവി അഭിപ്രായപ്പെടുന്നത്, 2021 ലെ എം.ടി.പി ആക്ട് ആൺകോയ്മയുടെ പ്രതിഫലനവും സ്ത്രീകൾ കൂടുതൽ ഇരകളാക്കപ്പെടാനുള്ള മാർഗവുമാണെന്നാണ്. ദമ്പതികൾ വീടിനുള്ളിൽ അടച്ചിരിക്കുകയും, ഗർഭ നിരോധന മാർഗങ്ങൾ ലഭ്യമല്ലാതാകുകയും, ആശുപത്രി സംവിധാനങ്ങളും ഡോക്ടർമാരുടെ ലഭ്യതയും നിയന്ത്രിക്കപ്പെടുകയും ചെയ്യുന്ന മഹാമാരിക്കാലത്ത് രണ്ടു ഡോക്ടർമാരുടെ സമ്മതപത്രത്തോടെ മാത്രമേ അബോർഷൻ സാധ്യമാകൂ എന്ന നിലക്കുള്ള നിയമം പ്രയോഗികമാകുന്നില്ല.

ഗർഭം തുടരുന്നതിന് സ്ത്രീയുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസികാരോഗ്യവും പ്രധാനമാണെന്നിരിക്കെ, അതിന് യാതൊരു പരിഗണനയും ഡോക്ടർമാരും കോടതിയും ഗവൺമെന്റും നൽകുന്നില്ല

ഇന്ത്യയിലെ സ്ത്രീകളുടെ അവകാശങ്ങളെ മുൻനിർത്തി സുരക്ഷിതമായ അബോർഷനുവേണ്ടി പ്രവർത്തിക്കുന്ന ‘പ്രതിഗ്യ' ക്യാമ്പയിൻ എന്ന പ്രോ- ചോയ്സ് സംഘം കണ്ടെത്തിയത് 243 സ്ത്രീകൾ 2019 മെയ് ഒന്നു മുതൽ 2020 ആഗസ്റ്റ് 15 വരെയുള്ള കാലയളവിൽ ആവശ്യമില്ലാത്ത ഗർഭം അലസിപ്പിക്കാൻ അനുവാദത്തിന് കോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ്. അവരിൽ 138 പേർ മുതിർന്ന സ്ത്രീകളും 105 പേർ പ്രായപൂർത്തിയാകാത്തവരുമായിരുന്നു. അവർക്കു നീതി നിഷേധിക്കപ്പെട്ടത്, പലപ്പോഴും സദാചാരപരമായ കാരണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു. പങ്കാളിയെയോ മാതാപിതാക്കളെയോ കൂട്ടിക്കൊണ്ടുവരാനാണ് കോടതി അവരോട് ആവശ്യപ്പെട്ടത്. ഗർഭം തുടരുന്നതിന്‌സ്ത്രീയുടെ ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യവും പ്രധാനമാണെന്നിരിക്കെ, അതിന് യാതൊരു പരിഗണനയും ഡോക്ടർമാരും കോടതിയും ഗവൺമെന്റും നൽകുന്നില്ല എന്നും ‘പ്രതിഗ്യ' കാമ്പയിൻ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കാര്യത്തിൽ ഗർഭം തുടരുന്നത് അമ്മയ്ക്കും കുട്ടിക്കും ഗൗരവതരമായ മാനസിക പ്രശ്നങ്ങൾക്ക് വഴി തെളിക്കുമെന്ന പെൺകുട്ടിയുടെ അപേക്ഷ നിസ്സാരമായി തള്ളിക്കളയുകയാണ് കോടതി ചെയ്യുന്നത്. 37 ആഴ്ചകളോളം ഗർഭം കൊണ്ടുനടക്കേണ്ടി വരുന്ന ഒരു സ്ത്രീ ശരീരം വൈദ്യശാസ്ത്രവും നിയമപരവുമായ വാദങ്ങൾക്കും ആലോചനകൾക്കും വിധേയമാകുന്നെങ്കിലും, അവളുടെ അഭിപ്രായം അവിടെ വിലപ്പോവുന്നില്ല. സ്വന്തം ശരീരത്തെക്കുറിച്ച്​പക്ഷപാതപരമായ തീരുമാനങ്ങളെടുക്കുന്ന സാങ്കേതിക വിദഗ്ധരുടെ മുന്നിൽ അവളുടെ ശബ്ദം നിഷേധിക്കപ്പെടുന്നു.

അബോർഷന് നിയന്ത്രണം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ 2020 ഒക്‌ടോബറിൽ പോളണ്ടിൽ നടന്ന പ്രകടനം

2021 ലെ എം.ടി.പി ആക്ട് നിലവിലുള്ള മറ്റു നിയമങ്ങളുമായി വൈരുധ്യമുള്ളതുമാണ്. ട്രാൻസ്ജൻഡർ വ്യക്തികളുടെ അബോർഷൻ സംബന്ധിച്ച 2019 ലെ Transgender Persons (Protection of Rights) Act നിലവിലിരിക്കെ 2021 ലെ എം.ടി.പി ആക്ടിന്റെ പരിധിയിൽ ‘സ്ത്രീകൾ' മാത്രമേ ഉൾപ്പെടുന്നുള്ളൂ. ഭരണഘടനയുടെ ആർട്ടിക്കിൾ 21 നെ പിന്തുണച്ച് 2017 ൽ സുപ്രീം കോടതി പാസാക്കിയ സ്വകാര്യതക്കുള്ള അവകാശം എം.ടി.പി ആക്ട് ലംഘിക്കുന്നു. പ്രത്യുൽപാദന തെരഞ്ഞെടുപ്പുകൾ സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യമാണെന്ന വിധിയും, എന്നാൽ അബോർഷനുമേൽ സ്ത്രീക്ക് സ്വതന്ത്രമായ തീരുമാനമെടുക്കാനാവില്ലെന്ന നിയമവും ഒരേ സമയം നിലനിൽക്കുന്നത് ആശയക്കുഴപ്പവും നിയമ പരിരക്ഷക്കു കാലതാമസവും ഉണ്ടാക്കും. വ്യക്തിയുടെ സ്വകാര്യതയെ ഖണ്ഡിക്കുന്ന ഏതു നിയമവും യുക്തവും നീതിപൂർണവും ധാർമികവുമായിരിക്കേണ്ടതുണ്ട്. Protection of Children from Sexual Offences (POCSO) നിയമപ്രകാരം, പ്രായപൂർത്തിയാകാതെ ഗർഭം ധരിക്കുകയും അബോർഷൻ നടത്തുകയും ചെയ്യണമെങ്കിൽ (ഉഭയസമ്മതത്തോടെയാണെങ്കിൽ പോലും) പൊലീസിൽ റിപ്പോർട്ട് ചെയ്യേണ്ടതുണ്ട്. അതേ സമയം എം.ടി.പി ആക്ട്, അബോർഷനിൽ ഉൾപ്പെടുന്ന പങ്കാളികൾക്ക് സ്വകാര്യത ഉറപ്പു വരുത്തുകയും ചെയ്യുന്നു. 1940 ലെ Drugs and Cosmetics Act അനുസരിച്ച്​ വിൽക്കുന്ന എല്ലാ മരുന്നുകളുടെയും റെക്കോർഡ് സൂക്ഷിക്കേണ്ടതുണ്ട്. മെഡിക്കൽ അബോർഷൻ മരുന്നുകളും അതിൽ ഉൾപ്പെടുന്നതു കൊണ്ട് എം.ടി.പി ആക്ട് നിഷ്‌കർഷിക്കുന്ന സ്വകാര്യത എത്രമാത്രം ഉറപ്പു വരുത്താനാവുമെന്നുള്ളതു ആശങ്കയുണർത്തുന്നു.

അബോർഷൻ സുരക്ഷിതമാവേണ്ടതെന്തിനാണ്?

ലോകത്തു നടക്കുന്ന അബോർഷനുകളിൽ മൂന്നിലൊരെണ്ണം അശാസ്ത്രീയവും അപകടകരവുമാണെന്ന്​ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു. സുരക്ഷിതമല്ലാത്ത അബോർഷനുകൾ കൂടുതലും നടക്കുന്നത് ഏഷ്യയിലാണ്. 2010 - 2014 വരെയുള്ള കാലയളവിൽ സംഭവിച്ച 45 ശതമാനം അബോർഷനും വികസ്വര രാജ്യങ്ങളിലായിരുന്നു. നിയമനിർമാണത്തിലെ പഴുതും, അവയുടെ നിർവഹണ രീതിയിലെ പിതൃമേൽക്കോയ്മയും, വൈദ്യ സഹായങ്ങളുടെ ദൗർലഭ്യവും കാരണം ഈ രാജ്യങ്ങളിൽ ഏഴു കോടിയിലധികം സ്ത്രീകളാണ് സുരക്ഷിതമല്ലാത്ത അബോർഷന്റെ പ്രശ്ങ്ങളുമായി ആശുപത്രികളിൽ പ്രവേശിക്കുന്നത്. ഗുരുതര ശാരീരിക- മാനസിക പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ഈ സ്ത്രീകൾ ജീവിതകാലം മുഴുവൻ അശാസ്ത്രീയമായ അബോർഷന്റെ പേരിൽ നരകിക്കുന്നു.

ലോകത്തു നടക്കുന്ന അബോർഷനുകളിൽ മൂന്നിലൊരെണ്ണം അശാസ്ത്രീയവും അപകടകരവുമാണെന്ന്​ ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നു

സ്ത്രീ സൗഹാർദ അബോർഷൻ

സുരക്ഷിതമല്ലാത്തതും അപകടകരവുമായ ഗർഭഛിദ്ര മാർഗങ്ങളെ എങ്ങനെ തടയാമെന്ന ബോധവൽക്കരണത്തിലൂടെ ഒരു പരിധി വരെ സ്ത്രീകളുടെ മാനസിക- ശാരീരിക സ്വാസ്ഥ്യം ഉറപ്പാക്കാൻ കഴിയും. വിവിധ സാമൂഹ്യ- സാമ്പത്തിക വിഭാഗങ്ങളിലുള്ള പങ്കാളികളിലേക്ക് സർക്കാർ സംവിധാനങ്ങൾ വഴിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തങ്ങളിലൂടെയും ഇത് നടപ്പാക്കാം. പല തട്ടിലുള്ള ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണെന്നതിനാൽ, ലൈംഗിക വിദ്യാഭ്യാസം സ്‌കൂൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കലാണ് അടിസ്ഥാനപരമായി മുന്നോട്ടു വെക്കേണ്ടത്. ശരിയായ ശാരീരിക അറിവും മാനസിക തയ്യാറെടുപ്പുമില്ലാതെ പ്രത്യുല്പാദനത്തിനൊരുങ്ങുന്നത് സ്ത്രീകളെ എത്ര മാത്രം ബാധിക്കുമെന്ന അവബോധം പൊതുസമൂഹത്തിന് അനിവാര്യമാണ്. അനുയോജ്യമായ ഗർഭ നിരോധന മാർഗങ്ങളുടെ ലഭ്യതയും, ഉപയോഗവും, സംശയ നിവാരണത്തിനുള്ള സാഹചര്യങ്ങളും, സുരക്ഷിതവും നിയമപരവുമായ ഗർഭഛിദ്ര അവസരങ്ങളും ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഏതെങ്കിലും തരത്തിലുള്ള അപ്രതീക്ഷിതമായ ആരോഗ്യ പ്രതിസന്ധികൾക്കു അടിയന്തിരമായ വൈദ്യ സഹായവും തയ്യാറാക്കേണ്ടതുണ്ട്.

കഴിഞ്ഞയാഴ്ച കൗമാരത്തിലേക്ക് കാലെടുത്തു വെച്ച മകനോട് വെറുതെ ചോദിച്ചു: നിന്റെ അഭിപ്രായം എന്താ?
ഒട്ടും ആലോചിക്കാതെയുള്ള മറുപടിയായിരുന്നു; ‘ഈ ഭൂമിയിൽ ഇനി കുഞ്ഞുങ്ങൾ ഉണ്ടാകാൻ പാടില്ല.’
അതെന്താ?‘അമ്മാ..ലോകം ഇപ്പോൾ തന്നെ ഓവർ പോപ്പുലേറ്റഡ്, ക്രമാധിക ജനപ്പെരുപ്പമുള്ളതാണ്​. ലോകത്തുള്ള റിസോഴ്‌സ് ഇപ്പൊ തന്നെ എല്ലാവർക്കും കിട്ടുന്നില്ല. ഇനീം ആളുകൾ കൂടിയാൽ റിസോഴ്‌സ് കുറയും..അങ്ങനെ ഈ ഭൂമി നശിച്ചു പോകില്ലേ?’
വായ പൊളിച്ചിരുന്ന എന്നെ ശ്രദ്ധിക്കാതെ ‘എൻവയോൺമെൻറ്​ ഫ്രണ്ട്​ലി ആയ കാര്യങ്ങളൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ല, ലോകം ആൾറെഡി നശിച്ചു കഴിഞ്ഞു' എന്ന് ആത്മഗതം ചെയ്തു. ▮

References:1. Akshi Chawla (1 Sep, 2020). IndiaSpend. Why 243 Women Had To Ask A Court For Permission To Abort. Retrieved on 15 July. https://www.indiaspend.com/why-243-women-girls-had-to-ask-a-court-for-permission-to-abort/ 2. Akshita Nagpal (27 April, 2021). IndiaSpend. Amended Abortion Law Still Gives Doctors, Not Women, The Final Say. Retrieved on 15 July 2021. https://www.indiaspend.com/gendercheck/amended-abortion-law-still-gives-doctors-not-women-the-final-say-7447473. Kosgi, S., N, V. Hegde., Rao, S., Undaru, S. Bhat. & Pai, N. (2011). Women reproductive rights in India: prospective future. Online Journal of Health and Allied Sciences, 10 (1), 1-5.4. https://pratigyacampaign.org/5. Reproductive rights in Indian courts. Center for Reproductive Rights. www.reproductiverights.org6. World Health Organisation (2021). Preventing unsafe abortion. https://www.who.int/news-room/fact-sheets/detail/preventing-unsafe-abortion.


റ്റിസി മറിയം തോമസ്

എഴുത്തുകാരി, കേരള സർവകലാശാല മനഃശാസ്ത്ര വിഭാഗത്തിൽ അസിസ്​റ്റൻറ്​ പ്രൊഫസർ. ജെൻഡർ സ്​റ്റഡീസ്​, സോഷ്യൽ- കൾചറൽ സൈക്കോളജി, മാനസികാരോഗ്യം തുടങ്ങിയ മേഖലകളിൽ ഗവേഷണം നടത്തുന്നു. ​​​​​​​ഇറങ്ങിനടപ്പ്​, പെൺവഴി(എഡിറ്റർ), പെണ്ണിര (എഡിറ്റർ) എന്നിവ പ്രധാന കൃതികൾ.

Comments