മാതൃത്വം; തകർക്കേണ്ട ചില കെട്ടുകഥകൾ

മാതൃത്വം എന്നത് മനുഷ്യരുടെ പ്രത്യേക സിദ്ധിയാണെന്ന് തെറ്റിദ്ധരിച്ച് അതിനെ ദൈവികവും ദാർശനിക സിദ്ധിവിശേഷവുമായി വിശേഷിപ്പിക്കുന്ന പൊതുബോധത്തെ ശാരീരിക - സാമൂഹിക യാഥാർഥ്യങ്ങൾ കൊണ്ട് ശാസ്ത്രീയമായി തിരുത്തുന്ന വിശകലനങ്ങൾ ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ്​ 50ൽ

Truecopy Webzine

മാതൃത്വം എന്നത് മനുഷ്യരുടെ പ്രത്യേക സിദ്ധിയാണെന്ന് തെറ്റിദ്ധരിച്ച് അതിനെ ദൈവികവും ദാർശനിക സിദ്ധിവിശേഷവുമായി വിശേഷിപ്പിക്കുന്ന പൊതുബോധത്തെ ശാരീരിക - സാമൂഹിക യാഥാർഥ്യങ്ങൾ കൊണ്ട് ശാസ്ത്രീയമായി തിരുത്തുകയാണ് ട്രൂകോപ്പി വെബ്‌സീൻ പാക്കറ്റ് 50 ൽ എതിരൻ കതിരവൻ.

ഇന്ത്യയിൽ പൊതുബോധത്തിലെ അമ്മസ്വരൂപത്തിന്റെ പശ്ചാത്തല നിർമ്മിതി അമ്മദൈവങ്ങളുടെ സ്വാധീനവലയത്തിൽ പെട്ടുകൊണ്ടു തന്നെയാണ്. മതങ്ങളിലെ അമ്മ സാധാരണസമൂഹത്തിലെ അമ്മയുമായി താദാത്മ്യം പ്രാപിക്കുന്നതോടെ വിഗ്രഹവൽക്കരിക്കപ്പെട്ട അമ്മയ്ക്ക് ദൈനംദിനവ്യഹാരങ്ങളിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കപ്പെട്ടു. തെക്കേ ഇന്ത്യയിൽ സ്ത്രീകളെ ‘അമ്മ' ചേർത്ത് വിളിച്ചാൽ അവർ ബഹുമാനിക്കപ്പെടുകയാണെന്ന് പ്രഖ്യാപിക്കാനുള്ള കരുത്ത് ഇങ്ങനെയാണ് നേടിയെടുക്കപ്പെട്ടത്. ഇങ്ങനെ അമ്മവിളികൾക്ക് പ്രസിദ്ധിയാർജ്ജിച്ച തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതൽ പെൺശിശുഹത്യ നടക്കുന്നത് എന്നത് വിരോധാഭാസമെന്ന് കരുതേണ്ട, അമ്മ എന്ന വിഗ്രഹം പെട്ടെന്നുടയുന്നതാണെന്ന മുൻകൂർ അറിവുള്ളതുകൊണ്ടാണ്. മാതൃത്വത്തോടോ സ്ത്രീയോടോ ഉള്ള മിനിമം ആദരവ് ഇല്ലാതെ പോകുന്നത് ‘അമ്മ' എന്ന സംബോധന കൊണ്ട് മറയ്ക്കപ്പെടുന്നു.

മനുഷ്യരിലെ ശിശുസംരക്ഷണകാലം നീണ്ടതാണ്. ജീവികളിൽ സ്വയം പര്യാപ്തത നേടാൻ ഏറ്റവും കാലയളവ് ആവശ്യമായത് മനുഷ്യശിശുക്കൾക്കാണ്. എഴുന്നേറ്റ് നിൽക്കാൻ ഇത്രയും കാലതാമസമുള്ള മറ്റൊരു ജന്തുവില്ല. തലച്ചോറിന്റെ പല കേന്ദ്രങ്ങളും വളർച്ച പ്രാപിക്കുന്നത് പിറന്നതിനു ശേഷം ആദ്യ വർഷങ്ങളിലാണ്, പ്രത്യേകിച്ചും ചലനങ്ങളെ നിയന്ത്രിക്കുന്ന motor cortex ന്​. ഭാഷണകേന്ദ്രങ്ങളും സാവധാനം ഉണർന്നു വരുന്നവയാണ്. ഖരാഹാരം സാദ്ധ്യമല്ലാത്ത നിസ്സഹായജീവികൾ. അതുകൊണ്ട് പരാധീനതയിൽ നിന്നുളവാകുന്ന തീവ്രമായ ബന്ധനം നെടുനാളത്തെ ബന്ധത്തിന്​ വഴിതെളിയ്ക്കുന്നു. ഈ പരാധീനതയുടെ ഓർമശേഷിപ്പുകൾ സങ്കീർണമായി പരിണമിച്ച തലച്ചോർ സ്ഥിരം കൊണ്ടു നടക്കുമ്പോൾ മാതൃത്വം വിഗ്രഹവൽക്കരിക്കപ്പെടാനുള്ള സാദ്ധ്യതയേറുന്നു. ദൈവചിന്തയുടെ ആവിർഭാവത്തോടെ സംഭവിച്ചതാകണമിത്- എതിരൻ കതിരവൻ എഴുതുന്നു.

കാൽപനിക അമ്മ, പരിണാമത്തിലെ അമ്മ | എതിരൻ കതിരവൻ

‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്​ത്രീകളുടെ കത’ എന്ന നോവൽ രചനയുടെ അനുഭവം പങ്കിട്ട്​, അമ്മത്തത്തെ അപനിർമിക്കുകയാണ്​ എഴുത്തുകാരി ആർ. രാജശ്രീ.

നോവലുണ്ടാകുമ്പോൾ കല്യാണിയും അവളുടെ ബന്ധങ്ങളും അതിൽ സ്വാഭാവികമായി രൂപപ്പെടുന്നത് ഏറെ കൗതുകത്തോടെയാണ് കണ്ടിരുന്നത്. മനുഷ്യബന്ധങ്ങളിൽ ആരോപിക്കപ്പെട്ട പദവികളെയെല്ലാം എടുത്തു മാറ്റിക്കൊണ്ട് അവ ഉണ്ടാവുന്നത് കാണാൻ നല്ല രസമായിരുന്നു. പരിക്കുകൾ സ്വീകരിച്ചു കൊണ്ടു തന്നെ ആ മുൾക്കാടുകൾ വകഞ്ഞു മുന്നോട്ടു പോയ കല്യാണിയുടെ തുടർച്ചയുടെ സാധ്യതകൾ ആ ആഖ്യാതാവിനെ ഇപ്പോഴും വിഭ്രമിപ്പിക്കുന്നുണ്ട്.

നിലവിലുള്ള വ്യവസ്ഥക്കനുസരിച്ച് പെൺകുട്ടിയെ വളർത്തിയെടുക്കാൻ നൈസർഗികതകളെ ബലികഴിച്ചുകൊണ്ടുള്ള കൃത്രിമ ജീവിതം ജീവിക്കേണ്ടി വരുന്നുവെന്നതാണ് അമ്മപ്പദവിയുടെ ദുരന്തം. അത്തരമൊരു കൃത്രിമ ജീവിതമാണ് സ്വാഭാവിക ജീവിതമെന്ന് അമ്മമാരും പെൺമക്കളും അംഗീകരിക്കുകയും ചെയ്തു. പൊതുസമൂഹത്തിന്റെയും താൽപര്യം അതുതന്നെയായതിനാൽ അത്തരം ബന്ധങ്ങൾ നവീകരിക്കപ്പെടാനും സാധ്യത കുറവാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ അമിതമായി മഹത്വവൽക്കരിക്കപ്പെടുന്ന ബന്ധങ്ങൾ അതിലുൾപ്പെടുന്ന വ്യക്തികളെ നിരന്തര സംഘർഷത്തിലാഴ്ത്തുകയാണ് ചെയ്യുക.

അമ്മത്തം അനുഭവിക്കാനല്ലാതെ പ്രസവിക്കുന്ന ഒരുവളും അമ്മയെ ആട്ടിയിറക്കുന്ന ഒരുവളും കുട്ടികളെ കൊല്ലുന്ന ഒരുവളും മിത്തിക്കൽ കഥാപാത്രങ്ങളായി നോവലിലുണ്ട്. പ്രസവിച്ച കുഞ്ഞുങ്ങളെ രണ്ടിനെയും തന്റെ കൈവാക്കിന് കിടത്തിത്തന്നിട്ട് സ്ഥലം വിടാൻ ദാക്ഷായണിയോട് പറയുന്ന യക്ഷിയും ‘അമ്മ വിളമ്പിയ അന്നം' തരിമ്പും കുറ്റബോധമില്ലാതെ തട്ടിയെറിയുന്ന ചോന്നമ്മയും കുട്ടിയുടെ കരച്ചിൽ നിർത്താൻ അതിനെ കൊല്ലുന്ന പൂപ്പാതിയുമാണവർ. അമ്മത്തമില്ലാത്ത അവരാരും ലക്ഷണക്കേടുള്ള പെണ്ണുങ്ങളല്ല. മറ്റൊരു ലോകത്തിരുന്നു കൊണ്ടല്ല മനുഷ്യരുടെ ഇടയിലേക്കിറങ്ങിക്കൊണ്ടാണ് അവർ അവരുടെ ജീവിതം ജീവിക്കുന്നത്.- രാജശ്രീ എഴുതുന്നു.

അമ്മത്തം അഭിനയിക്കാത്ത പെണ്ണുങ്ങളുടെ കത | ആർ. രാജശ്രീ

വികാരങ്ങൾ കുത്തിവെച്ചും നിയമാവലികൾ വലിച്ചു കെട്ടിയും സമൂഹം കെട്ടിയുണ്ടാക്കിയ ആനക്കൊട്ടിലുകൾ മാത്രമാണ് പരക്കെ ആഘോഷിക്കപ്പെടുന്ന അമ്മത്തം എന്ന് വിലയിരുത്തുകയാണ് എഴുത്തുകാരിയും നഴ്സുമായ സിദ്ദിഹ.

അമ്മയെന്ന റോളിൽ കടുത്ത നിരാശ തോന്നിയ ദിവസങ്ങളുണ്ടായിരുന്നു, ഇല്ലാതായിപ്പോയ എന്റെയിടങ്ങൾ, എന്റെ സമയങ്ങൾ, ഓരോ ദിനവും ഞാൻ കൂടുതൽ പരാജയപ്പെടുന്നത് പോലെ തോന്നി. കുറച്ചു ദിവസങ്ങൾക്കുള്ളിൽ ജോലിയിലേക്ക് തിരിച്ചു പോയ പങ്കാളി, പരിഹരിക്കാനാവാത്ത ചില ശാരീരികാസ്വാസ്ഥ്യങ്ങളാലും അമ്മ ജീവിതം വകവെച്ചു തരാത്ത തൊഴിലന്തരീക്ഷത്താലും കഷ്ടപ്പെട്ട് നേടിയ വിദേശജോലിയുപേക്ഷിക്കേണ്ടിവന്ന ഞാൻ. എനിക്ക് മാത്രമാണോ ഇത്തരം തോന്നലുകളെന്നറിയാനും എന്തെങ്കിലും രീതിയിലുള്ള പോസിറ്റീവ് സപ്പോർട്ടിനും വേണ്ടി പല വെബ്സൈറ്റുകളിലും ബ്ലോഗുകളിലും പരതി. അവിടെയെല്ലാം മാതൃജീവിതത്തിന്റെ ധന്യമുഹൂർത്തങ്ങൾ മാത്രമാണ് വിവരിച്ചു കണ്ടത്.

കുടുംബത്തെ ഉപേക്ഷിക്കുന്ന പുരുഷനെ കാണുന്ന ലാഘവത്വത്തോടെ, കാവ്യാത്മകതയോടെ കുടുംബത്തെ ഉപേക്ഷിക്കുന്ന സ്ത്രീയെ നമുക്ക് കാണാനാവുന്നില്ല. അവൾക്ക് തന്നിഷ്ടങ്ങൾ പാടില്ല. ഭർത്താവിനെ ഉപേക്ഷിച്ചാലും കുട്ടികൾ അമ്മയുടെ ഒഴിവാക്കാനാവാത്ത ഉത്തരവാദിത്തമാണ്. മാതൃത്വത്തിന്റെ ആദർശവൽക്കരണം ഏറിയും കുറഞ്ഞും എല്ലാ സംസ്കാരങ്ങളിലും നിലനിൽക്കുന്നുണ്ട്. വളരെ ആധുനികമെന്നും പ്രബുദ്ധമെന്നും കരുതുന്ന നമ്മുടെ സമൂഹം ഇനിയുമതിന്റെ ദോഷവശങ്ങളെ ചികയാൻ മിനക്കെടുന്നില്ല.

Comments