അമ്മപ്പണി അധ്വാനമാണ്,
അതിന്റെ ഭാരം കുറയ്ക്കുകയാണ്
വേണ്ടത്

കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്ന് പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്ന് കൂടി ചിന്തിക്കേണ്ടതുണ്ട്. മാതൃത്വം, കുട്ടികളുടെ പരിപാലനം എന്നിവയുമായി ബന്ധപ്പെട്ട് സമൂഹം മുന്നോട്ടുവെക്കുന്ന പൊതുബോധനിർമ്മിതികളെ ചോദ്യം ചെയ്യുകയാണ് ഡോ. നിയതി ആർ. കൃഷ്ണ.

രു കുഞ്ഞിനെ ഗർഭം ധരിക്കുന്നതും പ്രസവിക്കുന്നതും മുലയൂട്ടുന്നതും വളർത്തുന്നതും നൈസർഗികവും സ്വാഭാവികവുമാണ്. മനുഷ്യ ലോകത്തിൽ മാത്രമല്ല, സസ്തനികളായ മറ്റു ജീവിലോകങ്ങളിലെല്ലാം തന്നെ. എന്നാൽ മനുഷ്യരിൽ മാത്രം പ്രകടമായ ഒരു സവിശേഷതയെന്തെന്നാൽ, മാതൃത്വം എന്ന് നമ്മൾ വിഭാവനം ചെയ്യുന്നത് അമ്മയാകുന്ന സ്ത്രീയുടെ അറ്റവും അവസാനവുമില്ലാത്ത കടുത്ത അദ്ധ്വാനത്തിന്റെയും ത്യാഗത്തിന്റേയും ആകെത്തുകയെയാണ്. അത് എത്ര കൂടുന്നുവോ ആ അമ്മയെ, അവരുടെ മാതൃത്വത്തെ, സമൂഹം കൂടുതൽ മഹത്വവൽക്കരിക്കും. എന്നാൽ ഈ അദ്ധ്വാനത്തിൽ എത്ര കുറച്ചു മാത്രമാണ് ഒരു കുഞ്ഞിന്റെ ശാരീരിക, മാനസിക, ബൗദ്ധിക വളർച്ചക്കു വേണ്ടിയുള്ള സംഭാവന എന്ന് ചിന്തിച്ചാൽ, അമ്മപ്പണി എന്ന് വിളിക്കുന്ന ഭൂരിഭാഗം അദ്ധ്വാനവും ഒരു കുടുംബത്തിനകത്തും പുറത്തുമായുള്ള സ്ത്രീകളുടെ പരിചരണജോലിയുടെ (care work) ഭാഗമാണെന്നും അതിൽ കൂടുതലും പരിചരിക്കപ്പെടുന്നത് കുടുംബത്തിലെ മറ്റു മുതിർന്നവരുമാണെന്നതാണ് തമാശ!

കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്നു പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്. ഒരു സ്ത്രീ ജൈവികമായി അമ്മയാകുമ്പോൾ അവൾക്ക് സമൂഹം കൽപ്പിച്ചുകൊടുക്കുന്ന ചില തിട്ടൂരങ്ങളും പരിമിതികളും നിർവചനങ്ങളും എത്രത്തോളം അജൈവികമാണ് (Artificial) എന്നതും അത് കുഞ്ഞിന്റെ ഉന്നമനത്തെ ലക്ഷ്യം വെച്ചുള്ളതല്ല, മറിച്ച് നിലവിലുള്ള വ്യവസ്ഥിതികളും പ്രസ്ഥാനങ്ങളും അസമത്വങ്ങളും അതുപോലെ നിലനിന്നു പോകാൻ വേണ്ടിയുള്ളതാണ് എന്നും കാണാം. അതിൽ തന്നെ കുടുങ്ങിക്കിടന്നാലും അതിനെ അതിജീവിക്കാൻ ശ്രമിച്ചാലും വലിയ അളവിലുള്ള അദ്ധ്വാനമാണ് ഒരു സ്ത്രീക്ക് / അമ്മക്ക് പകരം നൽകേണ്ടിവരുന്നത്.

കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്നു പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്.
കുഞ്ഞിനെ പ്രസവിക്കാനും മുലയൂട്ടാനും അമ്മക്കേ കഴിയൂ എന്നു പറയുമ്പോൾ തന്നെ, കുഞ്ഞിനെ പരിപാലിക്കാനും വളർത്താനും ആർക്കും കഴിയേണ്ടതാണ് എന്നു കൂടി ചിന്തിക്കേണ്ടതുണ്ട്.

മാതൃത്വനിർമിതിയും
നിലനിർത്തലും

മനുഷ്യന്റെ മാതൃത്വസങ്കൽപ്പവും അതിന്റെ നിലനിർത്തലുമൊക്കെ സാമൂഹിക സൃഷ്ടിയാണ് എന്നു കാണാം. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതൽ തന്നെ മാതൃത്വമെന്ന നിർമിതിയെ സാമൂഹിക ശാസ്ത്രജ്ഞർ ആധികാരികമായി പഠിക്കുകയും അതിന്റെ ഉത്ഭവത്തേയും കാലാനുസൃതമായ മാറ്റത്തേയും പല രീതിയിൽ പല തലത്തിൽ വിശകലനം ചെയ്യുകയുമുണ്ടായിട്ടുണ്ട്. ബയോളോജിക്കൽ ഡിറ്റർമിനിസത്തിനെ (Biology is destiny / നിങ്ങളുടെ ജൈവികതയാണ് നിങ്ങളുടെ വിധി നിർണയിക്കുന്നത് എന്ന വാദം) നിശിതമായി വിമർശിച്ച ഫെമിനിസ്റ്റ് ചിന്താധാര, മാതൃത്വം എന്ന സാമൂഹിക നിർമിതിയുടെ / പ്രസ്ഥാനത്തിന്റെ ഇരട്ടത്താപ്പിനെ വ്യക്തമായി കാണിച്ചുതന്നു: ഒരു വശത്ത് സ്ത്രീകളുടെ മാതൃത്വത്തെ വാനോളം പുകഴ്ത്തുകയും മഹത്വവൽക്കരിക്കുകയും അവരെ ദൈവികരായി വാഴ്ത്തുകയും ചെയ്യുന്ന സമൂഹം, മറ്റൊരു വശത്ത് സ്ത്രീകൾ അബലകളാണെന്നും വീട്ടിൽ മാത്രം ഒതുങ്ങേണ്ട രണ്ടാം തരം പൗരരാണ് എന്നും അരികുവൽക്കരിക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ അമ്മയോളം പോന്ന പോരാളി വേറെയില്ല, പക്ഷെ ആ അമ്മ ഉൾപ്പെടുന്ന സ്ത്രീവർഗം ദുർബലരും സ്വന്തമായി തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയില്ലാത്തവരും അതുകൊണ്ടുതന്നെ പുരുഷനുകീഴിൽ നിൽക്കേണ്ടവരുമാണ്. അതനുസരിച്ച്, ഒരു അമ്മ വയറ്റിൽ ചുമന്ന്, പ്രസവിച്ച്, പാൽ കൊടുത്ത് വളർത്തിക്കൊണ്ടുവരുന്ന ഒരു ആൺകുഞ്ഞ് പ്രായപൂർത്തിയായാലുടൻ ആ അമ്മയുടെ രക്ഷാകർത്താവാകുന്നു.

അമ്മയില്ലാത്തവരും ദത്തെടുക്കപ്പെടുന്നവരുമായ കുഞ്ഞുങ്ങൾ, ആരാണോ അവരെ പരിചരിക്കുന്നത് അവരോട് അടുക്കും. അച്ഛനും അമ്മയും കൂട്ടുത്തരവാദിത്തത്തിൽ കുഞ്ഞുങ്ങളെ നോക്കുന്ന കുടുംബങ്ങളിൽ കുഞ്ഞുങ്ങൾ രണ്ടു പേരോടും ഒരുപോലെ അടുക്കുകയും കൂടുതൽ സുരക്ഷിതത്വം അനുഭവിക്കുന്നതായും കാണാം.

മാതൃത്വമാണ് ഒരു സ്ത്രീയുടെ പൂർണതയും അന്തിമ ലക്ഷ്യവുമെന്ന ചിന്താഗതി വേരോടുന്ന സംസ്കാരത്തിൽ കുഞ്ഞുങ്ങൾ വേണ്ടെന്നു വെക്കുന്ന സ്ത്രീകൾ ക്രൂരരും കുഞ്ഞുങ്ങളെ പ്രസവിക്കാൻ കഴിയാത്ത സ്ത്രീകൾ അപശകുനങ്ങളുമാണ്. കുഞ്ഞുങ്ങളുണ്ടാകുന്നവരിൽ തന്നെ, ആൺകുഞ്ഞുങ്ങളെ കാംക്ഷിക്കുന്ന സമൂഹങ്ങളിൽ ജീവിക്കുമ്പോൾ, ആൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർ ആദരവും പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർ അപമാനവും ഏറ്റുവാങ്ങാറുണ്ട്. പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന്റെ പേരിൽ ആ സ്ത്രീയെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന കുടുംബങ്ങളും സമുദായങ്ങളും ഇന്നും പലയിടത്തുമുണ്ട്. ഗർഭം തടയുന്നതും (Contraception) ഗർഭം അവസാനിപ്പിക്കുന്നതും (Abortion) പാപമാണെന്നു പറഞ്ഞു നടക്കുന്നവർക്കും പെൺഭ്രൂണഹത്യക്കും പെൺശിശുഹത്യക്കും ന്യായങ്ങളുണ്ട്. മാതൃത്വമഹത്വത്തിന്റെ കാപട്യവും വൈരുദ്ധ്യവും ഇത്തരം സാമൂഹിക, സാംസ്കാരിക വ്യവസ്ഥിതികളിൽ തന്നെ പ്രകടമാണെന്ന് മാത്രമല്ല അതിന് കൃത്യമായ ഉപാധികളുമുണ്ട്.

മാതൃത്വത്തിന് ഒരു രാഷ്ട്രീയമാനം കൂടിയുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് സിവിലിയൻ പുരുഷന്മാർ യുദ്ധത്തിനു സജ്ജരായപ്പോൾ അമേരിക്ക സ്ത്രീകളെ ജോലിസ്ഥലങ്ങളിലേക്ക് വിളിച്ച് രാഷ്ട്രപുനർനിർമ്മാണത്തിന് ആഹ്വാനം ചെയ്തു. എന്നാൽ യുദ്ധം അവസാനിച്ച് ജനസംഖ്യ കുറഞ്ഞപ്പോൾ ഇതേ രാജ്യം സ്ത്രീകളെ കൂടുതൽ കുഞ്ഞുങ്ങൾക്ക് ജന്മം നൽകാൻ വീട്ടമ്മമാരായി മാറാനുള്ള അജണ്ട പ്രഖ്യാപിച്ചു. ആ അജണ്ട യാഥാർഥ്യമാക്കിയതായിരുന്നു ബേബി ബൂം (baby boom) കാലഘട്ടം. ഒരു രാജ്യത്തിൽ ജനസംഖ്യ കൂടുന്നതിനും കുറയുന്നതിനുമനുസരിച്ച് പ്രസവ നിരക്ക് കുറയ്ക്കാനും കൂട്ടാനും ഒളിഞ്ഞും തെളിഞ്ഞുമുള്ള പദ്ധതികളുണ്ടായി വരാറുണ്ട്. സ്ത്രീകൾ കൂടുതൽ പ്രസവിച്ച് കുട്ടികളുടെ എണ്ണം കൂട്ടുന്നതിന് നിർബന്ധിക്കുന്നതിൽ മതവും പങ്കു വഹിക്കാറുണ്ട്. അതായത്, മാതൃത്വം എന്നത് സ്ത്രീകളുടെ വ്യക്തിപരമായ തീരുമാനത്തേക്കാൾ ഒരുതരം അടിമുടി പരുവപ്പെടുത്തലാണ് (Large scale conditioning).

കുഞ്ഞുങ്ങളുണ്ടാകുന്നവരിൽ തന്നെ, ആൺകുഞ്ഞുങ്ങളെ കാംക്ഷിക്കുന്ന സമൂഹങ്ങളിൽ ജീവിക്കുമ്പോൾ, ആൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർ ആദരവും പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർ അപമാനവും ഏറ്റുവാങ്ങാറുണ്ട്.
കുഞ്ഞുങ്ങളുണ്ടാകുന്നവരിൽ തന്നെ, ആൺകുഞ്ഞുങ്ങളെ കാംക്ഷിക്കുന്ന സമൂഹങ്ങളിൽ ജീവിക്കുമ്പോൾ, ആൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർ ആദരവും പെൺകുഞ്ഞുങ്ങളെ പ്രസവിക്കുന്ന അമ്മമാർ അപമാനവും ഏറ്റുവാങ്ങാറുണ്ട്.

മാതൃത്വത്തിനായുള്ള
പരുവപ്പെടുത്തൽ

ഗർഭം ധരിക്കാനായി ഒരു സ്ത്രീയെ പരുവപ്പെടുത്തുന്നത് അവളുടെ ശൈശവം മുതലാണ്. ശരീരം അവളെ അതിനൊരുക്കുന്നതിനും വളരെ മുൻപേ തന്നെ. ഒരു പാവക്കുട്ടിയെ കയ്യിൽ കൊടുക്കുന്നതു മുതൽ അവളുടെ വിദ്യാഭ്യാസം എത്ര വരെ വേണം, അവൾ ഏതു കരിയർ തിരഞ്ഞെടുക്കണം, ഏതു പ്രായത്തിൽ വിവാഹം കഴിപ്പിക്കണം എന്നിങ്ങനെയുള്ള കണക്കുകൂട്ടലുകളെല്ലാം അവൾ ഗർഭം ധരിക്കുന്നതുമായി ബന്ധപ്പെട്ടിട്ടാണ്‌. (ഉദാഹരണത്തിന്, "ഒരുപാട് പഠിച്ച് വിവാഹം കഴിക്കാൻ വൈകിയാൽ കുട്ടികളുണ്ടാകാൻ ബുദ്ധിമുട്ടാകും" എന്ന ആശങ്ക, ചില ജോലികളുടെ സ്വഭാവവും സമയക്രമവും ഗർഭധാരണവും ശിശുപരിപാലനവും ബുദ്ധിമുട്ടിലാക്കാൻ സാധ്യത ഉള്ളതുകൊണ്ട്, "അതു വേണ്ട, ടീച്ചറായാൽ രാവിലെ പോയി വൈകുന്നേരം വരാം" എന്നുള്ള ഉപദേശങ്ങൾ). ചുരുക്കത്തിൽ മാതൃത്വത്തിനും കുടുംബജീവിതത്തിനുമുള്ളിൽ ഒതുങ്ങിനിൽക്കുന്ന സ്വപ്‌നങ്ങൾ മാത്രമേ കാണാനാവൂ, അതുതന്നെ പിന്നീട് ഏതെങ്കിലും രീതിയിൽ ഇവയെ ബാധിച്ചാൽ മറന്നുകളയാനുള്ളതാണ് എന്നൊരു നിബന്ധനക്കകത്താണ് ഒരുപാട് പെൺകുട്ടികളുടെ ജീവിതം. ഇത് സ്ത്രീകളുടെ വ്യക്തിജീവിതം, പൊതുജീവിതം എന്ന മറ്റു രണ്ട് പ്രധാന തലങ്ങളെ തിരസ്കരിച്ച് കുടുംബജീവിതത്തിൽ മാത്രം അവരെ തളച്ചിടുന്നതിന് കാരണമാകുന്നു. പോസ്റ്റ്-ഗ്രാജുവേഷൻ ക്ലാസ്‌റൂമുകളിൽ ഇരിക്കുന്ന പല പെൺകുട്ടികൾക്കും ചുറ്റും അദൃശ്യമായ ഒരു സ്റ്റോപ്പ് വാച്ച് ചലിക്കുന്നുണ്ട്. മറ്റൊരാൾ തിരഞ്ഞെടുക്കുന്ന ഇണക്കൊപ്പം ചേരാനും ഗർഭം ധരിക്കാനും സമ്മർദ്ദമുള്ള മറ്റേതെങ്കിലും ജീവികൾ ഈ ലോകത്തുണ്ടോ? അല്ല, ഇത് മനുഷ്യന്റെ സംസ്കാരമാണെന്നു വാദിക്കുകയാണെങ്കിൽ, അതിനർത്ഥം അതൊരു നിർമിതിയാണെന്നാണ്. അതെങ്ങനെ സ്വാഭാവികവും പ്രകൃതിദത്തവുമാകും?

മാതൃത്വത്തിനും കുടുംബജീവിതത്തിനുമുള്ളിൽ ഒതുങ്ങിനിൽക്കുന്ന സ്വപ്‌നങ്ങൾ മാത്രമേ കാണാനാവൂ, അതുതന്നെ പിന്നീട് ഏതെങ്കിലും രീതിയിൽ ഇവയെ ബാധിച്ചാൽ മറന്നുകളയാനുള്ളതാണ് എന്നൊരു നിബന്ധനക്കകത്താണ് ഒരുപാട് പെൺകുട്ടികളുടെ ജീവിതം.

മാതൃത്വത്തിന്റെ
വൈകാരിക തലം

എന്തൊക്കെ പറഞ്ഞാലും മാതൃത്വമെന്ന് പറയുമ്പോൾ കുഞ്ഞിനും അമ്മക്കുമിടയിൽ വൈകാരികമായ ഒരു ബന്ധമില്ലേ? തീർച്ചയായും. ഏതു രണ്ടു മനുഷ്യർക്കുമിടയിൽ ഉണ്ടാകുന്ന ഒന്ന് പോലെയാണോ അത്? അല്ലെങ്കിൽ അച്ഛനും കുഞ്ഞിനുമിടയിൽ ഉണ്ടാകുന്ന ബന്ധത്തേക്കാൾ ശക്തമല്ലേ അത്? നിർബന്ധമില്ല. കുഞ്ഞിനെ സംബന്ധിച്ച് ആരാണോ അതിന്റെ പ്രൈമറി കെയർ ഗിവർ, അവരുമായി കുഞ്ഞ് ഏറ്റവും അടുക്കും. അത് ചിലപ്പോൾ അച്ഛനോ മുത്തശ്ശിയോ നാനിയോ ഒക്കെ ആകാം. എന്നാൽ കുഞ്ഞിനെ എപ്പോഴും പരിചരിക്കുന്നത് പൊതുവേ അമ്മമാരായതുകൊണ്ട് അത് അമ്മമാരോടായി നിലനിൽക്കുന്നതാണ് നാം കാണുന്നത്. അമ്മയില്ലാത്ത കുഞ്ഞുങ്ങളും ദത്തെടുക്കപ്പെടുന്ന കുഞ്ഞുങ്ങളുമെല്ലാം ആരാണോ അവരെ പരിചരിക്കുന്നത് അവരോട് അടുക്കും. അച്ഛനും അമ്മയും കൂട്ടുത്തരവാദിത്തത്തിൽ കുഞ്ഞുങ്ങളെ നോക്കുന്ന കുടുംബങ്ങളിൽ കുഞ്ഞുങ്ങൾ രണ്ടു പേരോടും ഒരുപോലെ അടുക്കുകയും കൂടുതൽ സുരക്ഷിതത്വം അനുഭവിക്കുന്നതായും കാണാം. കാരണം ഒരാളുടെ ചെറിയ അസാന്നിധ്യത്തിൽ പോലും മറ്റേയാൾ അവിടെ അതേ സംരക്ഷണം കൊടുക്കുന്നുണ്ട് എന്ന് കുഞ്ഞ് തിരിച്ചറിയുന്നു.

എന്നാൽ ആ സ്നേഹബന്ധം രൂപപ്പെടുന്നത് ആര് കുഞ്ഞിന്റെ തുണി കഴുകി, വീട് വൃത്തിയാക്കിയിട്ടു, സാധനങ്ങൾ വാങ്ങിച്ചു നൽകി, ആര് മുഴുവൻ സമയവും വീട്ടിലുണ്ടായിരുന്നു എന്നിവയുടെ അടിസ്ഥാനത്തിലല്ല. പകരം കുഞ്ഞിനോടുള്ള ഇടപെടൽ (Involvement / Engagement) എങ്ങനെയാണ് എന്നതിനെ പ്രതിയാണ്. അമ്മമാർ കുടുംബ പരിപാലന ജോലികൾക്കിടയിൽ നട്ടം തിരിയുമ്പോൾ അവരിൽനിന്ന് എടുത്തു മാറ്റപ്പെടുന്നത് ഈ ഇടപെടലിന്റെ ആനന്ദമാണ്. ഗർഭകാലത്തും പ്രസവശേഷവുമുണ്ടാകുന്ന ശാരീരിക, മാനസിക മാറ്റങ്ങളേയും അതിന്റെ വെല്ലുവിളികളെയും നേരിട്ടു മുന്നോട്ടു പോകുന്ന ഒരമ്മക്ക് സ്വന്തം ശാരീരിക, മാനസിക ആരോഗ്യത്തെ, ആവശ്യങ്ങളെ പരിപാലിക്കാനായില്ലെങ്കിൽ, ആവശ്യത്തിന് വിശ്രമം കിട്ടിയില്ലെകിൽ, സ്വന്തമായിട്ടുള്ള ഒഴിവു നേരങ്ങളുണ്ടായില്ലെങ്കിൽ, പുറംലോകവുമായുള്ള ബന്ധം നിലനിർത്താനായില്ലെങ്കിൽ, അത് കുഞ്ഞും പങ്കാളിയുമായുള്ള വൈകാരിക ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കുന്ന പഠനങ്ങൾ നിരവധിയാണ്. പ്രസവാനന്തര വിഷാദവും സൈക്കോസിസുമെല്ലാം ഇത്തരം ഒറ്റപ്പെടലിൽ നിന്നും വൈകാരിക ഭാരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വരുന്നതായി കാണാം

മാതൃത്വമെന്ന അദ്ധ്വാനം

എന്താണ് ഒരമ്മയുടെ പണി? ചിലർ വളരെ കാല്പനികമായി പറയും, അമ്മ ലീവില്ലാത്ത, ശമ്പളമില്ലാത്ത ഡോക്ടറും നേഴ്‌സും ടീച്ചറുമെല്ലാമാണെന്ന്. മറ്റു ചിലർ പറയും, അതൊരു പണിയല്ല ആത്മാവിഷ്കാരമാണെന്ന്. അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചാൽ ലോകത്തുള്ള പരിചരണ ജോലികളുടെ (വീട്ടുജോലി, കുഞ്ഞുങ്ങളുടേയും പ്രായമായവരുടേയും പരിചരണം തുടങ്ങിയവ) ഭൂരിഭാഗവും ചെയ്യുന്നത് സ്ത്രീകളാണ്. ഇതിൽ ശാരീരികമായ അദ്ധ്വാനം മാത്രമല്ല ഉൾപ്പെടുന്നത്. മാനസികവും വൈകാരികവും ബൗദ്ധികവുമായ ഒരുപാട് അദ്ധ്വാനങ്ങൾ കൂടിക്കലർന്നതാണ് പരിചരണ ജോലി.

അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചാൽ ലോകത്തുള്ള പരിചരണ ജോലികളുടെ (വീട്ടുജോലി, കുഞ്ഞുങ്ങളുടേയും പ്രായമായവരുടേയും പരിചരണം തുടങ്ങിയവ) ഭൂരിഭാഗവും ചെയ്യുന്നത് സ്ത്രീകളാണ്.
അദ്ധ്വാനത്തിന്റെ അടിസ്ഥാനത്തിൽ സംസാരിച്ചാൽ ലോകത്തുള്ള പരിചരണ ജോലികളുടെ (വീട്ടുജോലി, കുഞ്ഞുങ്ങളുടേയും പ്രായമായവരുടേയും പരിചരണം തുടങ്ങിയവ) ഭൂരിഭാഗവും ചെയ്യുന്നത് സ്ത്രീകളാണ്.

കുഞ്ഞിന്റെ മരുന്നുകൾ, വാക്സിനേഷൻ, സ്‌കൂളിലെ ഹോംവർക്, പരീക്ഷ, ആനുവൽ ഡേ, പേരന്റ്-ടീച്ചർ മീറ്റിംഗ് ഇതൊക്കെ ഓർത്തുവെച്ച് അതിനനുസരിച്ച് മുന്നൊരുക്കങ്ങൾ നടത്തുക, അതിനാവശ്യമായ സാധനങ്ങൾ വാങ്ങുക, വേണ്ട അപ്പോയിന്റ്മെന്റ് എടുക്കുക, കുട്ടിയെ അതിനനുസരിച്ചു പരിശീലിപ്പിക്കുക തുടങ്ങി കുഞ്ഞും സുഹൃത്തുമായുള്ള പിണക്കവും വഴക്കും ഒത്തു തീർപ്പാക്കുക, കുഞ്ഞിന്റെ മാനസികോല്ലാസത്തിനു വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത കുഞ്ഞു കുഞ്ഞു കാര്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കും ഒരമ്മയുടെ തലച്ചോറ്. അതിനൊപ്പം വീട്ടുകാര്യങ്ങൾ, ബന്ധുക്കളും സുഹൃത്തുക്കളുമായുള്ള ബന്ധം നിലനിർത്തൽ, ജോലി സ്ഥലത്തെ കാര്യങ്ങൾ, വ്യക്തിപരവും ആരോഗ്യപരവുമായ കാര്യങ്ങൾ എന്നിവയും. ഇത് പങ്കുവെക്കാനോ സഹായിക്കാനോ കുഞ്ഞിന്റെ അച്ഛൻ പോലും മുതിരാത്ത സാമൂഹ്യ സാഹചര്യമാണുള്ളത്. കുഞ്ഞിനെ നോക്കാൻ ഒരു സഹായി ഉള്ളപ്പോൾ പോലും ഇത്തരം ജോലികൾ തീരുന്നില്ല എന്നതാണ് വാസ്തവം. കുഞ്ഞുങ്ങൾ വലുതായി അവർക്ക് കുടുംബമായി കുഞ്ഞുങ്ങളായി കഴിഞ്ഞാലും അവരെ കൂടി പരിപാലിക്കുക എന്ന ഉത്തരവാദിത്തം പല സ്ത്രീകളേയും പിന്തുടരുന്നുണ്ട്. ജോലി സ്ഥലത്തു നിന്ന് റിട്ടയർ ആയാലും വീട്ടുജോലിയിൽ നിന്ന് റിട്ടയർമെന്റ് ഇല്ല (ശമ്പളവും ഇല്ലല്ലോ).

സ്ത്രീകളുടെ അദ്ധ്വാനഭാരം കുറയ്ക്കേണ്ടത്, അത് കുടുംബാംഗങ്ങൾ തമ്മിൽ പങ്കിട്ടുകൊണ്ടാണ്. കൂട്ടുത്തരവാദിത്തങ്ങൾ പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും സഹായിക്കും.

“പണ്ടത്തെ അമ്മമാർക്കൊന്നും യാതൊരു പരാതിയും ഇല്ലായിരുന്നല്ലോ” എന്നാണ് ഇത്തരം ചർച്ചകളിൽ ഉയർന്നുവരുന്ന, ‘ആ പഴയ കാലത്തേക്ക് തിരിച്ചു പോകാൻ’ കൊതിക്കുന്നവരുടെ ന്യായം. പണ്ടു കാലത്ത് കുട്ടികളെ പ്രസവിച്ചുകൊണ്ടേയിരിക്കുക എന്നതല്ലാതെ സ്ത്രീകൾക്ക് മറ്റു വഴികൾ ഇല്ലായിരുന്നു. അതിൽ തന്നെ ചില കുഞ്ഞുങ്ങൾ മരിക്കും. അതിൽ എത്ര പേർക്ക് മതിയാവും വരെ മുലപ്പാൽ കിട്ടിയിട്ടുണ്ട്? എത്ര പേരുടെ മാനസിക, ബൗദ്ധിക ആവശ്യങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ട്? എത്ര പേർക്ക് അമ്മയുടെ ക്വാളിറ്റി ടൈം കിട്ടിയിട്ടുണ്ട്? അന്നത്തെ സൗകര്യങ്ങളും ഇന്നത്തെ ലോകവും മനുഷ്യജീവിതവും എത്രമാത്രം വിഭിന്നമാണ് എന്നൊക്കെ ആലോചിച്ചാൽ ആ വ്യത്യാസം മനസിലാവും. അന്ന് അമ്മമാർക്ക് വീട്ടിലും പറമ്പിലും പാടത്തുമൊക്കെ പണിയോട് പണിയായിരിക്കും. എന്നാൽ അത് സ്വാഭാവികമായി കാണുന്നവർക്കും പുറത്ത് ജോലിക്ക് പോകുന്ന അമ്മയുടെ അസാന്നിദ്ധ്യം കുട്ടിയെ ബാധിക്കുമെന്ന വേവലാതി ഇന്നുണ്ട്. ജോലിക്കു പോകുന്ന, മാസങ്ങളോ വർഷങ്ങളോ മാറിനിൽക്കുന്ന അച്ഛന്റെ അസാന്നിധ്യം പ്രശ്നവുമില്ല. കാരണം അത് വീട്ടിലിരിക്കാൻ ഒരു സ്ത്രീ ഉണ്ടാവുക എന്ന സൗകര്യത്തിനു വേണ്ടി മാത്രമുള്ള വേവലാതിയാണ്. എന്നാൽ സ്ത്രീയുടെ ശമ്പളം കൂടി ആവശ്യമുള്ള കുടുംബങ്ങൾ അതിനനുസരിച്ച് പെട്ടെന്ന് പൊരുത്തപ്പെടുന്നത് കാണാം: പകരം ഡബിൾ ഷിഫ്റ്റിൽ വീട്ടിലും ജോലി സ്ഥലത്തും ആ സ്ത്രീ ഇരട്ടപ്പണി എടുത്താൽ മതിയല്ലോ!

മാതൃത്വപ്പിഴ

മാതൃത്വനിർമിതി ജോലിയിടത്തും സ്ത്രീകൾക്ക് നിരവധി തടസങ്ങൾ സൃഷ്ടിക്കാറുണ്ട്. മാതൃത്വപ്പിഴ (motherhood penalty) എന്ന വാക്ക് അർത്ഥമാക്കുന്നത് അമ്മയാകുന്നത് മുതൽ ഒരു സ്ത്രീ തൊഴിലാളി കടന്നുപോകേണ്ടി വരുന്ന അസമത്വങ്ങളേയും വിവേചനങ്ങളേയുമാണ്. ജോലി നഷ്ടപ്പെടുക, കുറഞ്ഞ വേതനം നൽകുക, കരിയർ വളർച്ച മുരടിക്കുക, പ്രൊമോഷനുകളെയും സ്ഥാനമാനങ്ങളെയും ബാധിക്കുക തുടങ്ങി അമ്മയാകുമ്പോൾ ഔദ്യോഗിക ജീവിതത്തിൽ ഒരു സ്ത്രീയിൽ നിന്ന് ഈടാക്കപ്പെടുന്ന പിഴവുകൾ നിരവധിയാണ്. ഇത്രയ്ക്ക് ബുദ്ധിമുട്ടാണെങ്കിൽ ജോലിഭാരം കുറയ്ക്കാൻ പുറത്തുള്ള ജോലിക്ക് പോവാതെയിരുന്നാൽ പോരേ എന്ന് ചിന്തിക്കുകയാണെങ്കിൽ മനസിലാക്കുക, വീട്ടിലെ ജോലി, കൂലി പോലുമില്ലാത്ത, ഒരിക്കലും അവസാനിക്കാത്ത ഒന്നാണ്. നിരന്തരം ചെയ്തു കൊണ്ടിരിക്കേണ്ടി വരുന്ന ഒന്ന്. അതിന്റെ ബാധ്യതയും നിർബന്ധിതത്വവും അതിൽ ക്രിയാത്മകമായോ ഉൽപ്പാദനക്ഷമമായോ ഇടപെടുന്നതിന്റെ സാധ്യതകൾ ഇല്ലാതെയാക്കും.

എന്നാൽ ഒരു കരിയർ, സാമ്പത്തിക സുരക്ഷിതത്വത്തിലുപരി ഒരു സ്ത്രീക്ക് മാനസിക- ബൗദ്ധിക സന്തോഷങ്ങൾ കൂടി നൽകാൻ പ്രാപ്തമാണ്. അത് അവരെ പുറംലോകവുമായി ബന്ധപ്പെടുത്തി നിർത്തും. മാനസിക സമ്മർദമുണ്ടാക്കുന്ന ജോലികൾ പോലും മറ്റു പല രീതിയിലും അവർക്ക് ഗുണപ്പെടുന്നതായി കാണാം. ജോലിസ്ഥലത്തേക്കുള്ള യാത്ര, ജോലിസ്ഥലത്തെ സുഹൃത്തുക്കൾ, അവർക്കൊപ്പമുള്ള സമയം തുടങ്ങിയവ എത്ര പ്രധാനമാണെന്ന് കോവിഡ് ലോക്ക്ഡൗൺ സമയത്ത് നമ്മൾ തിരിച്ചറിഞ്ഞതാണ്. വീട്ടിലിരിക്കുന്നത് ഒറ്റപ്പെടലും സമ്മർദവും കുടുംബാംഗങ്ങളുടെ Displaced Aggression-നും സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക അതിക്രമങ്ങളും വർധിപ്പിച്ചതിനെ കുറിച്ച് ലോകത്താകമാനം ചർച്ചയായതാണ്. എന്നാലും അത് സ്ത്രീകളുടെ പൊതുജീവിതത്തിന്റെ ആവശ്യകതയുമായി കൂട്ടിവായിക്കുമ്പോൾ പലർക്കും നിസ്സാരമോ അപ്രസക്തമോ ഒക്കെയാണെന്നത് അവർ നിലനിർത്തി പോരുന്ന സ്ത്രീപുരുഷ വിവേചനത്തെ കൃത്യമായി തുറന്നുകാട്ടുന്നു.

വീട്ടിലിരിക്കുന്നത് ഒറ്റപ്പെടലും സമ്മർദവും കുടുംബാംഗങ്ങളുടെ Displaced Aggression-നും സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക അതിക്രമങ്ങളും വർധിപ്പിച്ചതിനെ കുറിച്ച് ലോകത്താകമാനം ചർച്ചയായതാണ്.
വീട്ടിലിരിക്കുന്നത് ഒറ്റപ്പെടലും സമ്മർദവും കുടുംബാംഗങ്ങളുടെ Displaced Aggression-നും സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക അതിക്രമങ്ങളും വർധിപ്പിച്ചതിനെ കുറിച്ച് ലോകത്താകമാനം ചർച്ചയായതാണ്.

അതുകൊണ്ട്, സ്ത്രീകളുടെ അദ്ധ്വാനഭാരം കുറയ്ക്കേണ്ടത് അത് കുടുംബാംഗങ്ങൾ തമ്മിൽ പങ്കിട്ടുകൊണ്ടാണ്. കൂട്ടുത്തരവാദിത്തങ്ങൾ പരസ്പരം മനസ്സിലാക്കാനും അംഗീകരിക്കാനും സഹായിക്കും. ആവശ്യത്തിന് വിശ്രമം, മാനസികോല്ലാസത്തിനുള്ള ഉപാധികൾ, വീട്ടുജോലികൾ സുഗമമാക്കുന്ന സൗകര്യങ്ങൾ, യന്ത്രങ്ങൾ, മറ്റു സംവിധാനങ്ങൾ, പുറത്തുനിന്നുള്ള സഹായങ്ങൾ തുടങ്ങിയവയ്ക്ക് ഓരോ കുടുംബവും അവരുടെ പ്രാപ്തിക്കനുസരിച്ച് മുൻഗണന നൽകേണ്ടതുണ്ട്. ചില ജോലികൾ സ്ത്രീകൾ മാത്രം ചെയ്യേണ്ടതാണെന്ന ധാരണയും കീഴ്-വഴക്കവും ഒപ്പം തിരുത്തേണ്ടതുണ്ട്. പറ്റേണിറ്റി ലീവ്, കുഞ്ഞുങ്ങളുടെ സംരക്ഷണത്തിനായി നിലവാരമുള്ള ക്രെഷുകൾ ലഭ്യമാക്കുക തുടങ്ങിയ പോളിസികൾ ജോലിസ്ഥലങ്ങളും കൈക്കൊള്ളേണ്ടതാണ്.

പ്രസിദ്ധമായ ആഫ്രിക്കൻ പഴഞ്ചൊല്ലിൽ പറയുന്നതു പോലെ ‘ഒരു കുഞ്ഞിനെ പരിപാലിക്കാൻ ഒരു ഗ്രാമം തന്നെ വേണം’. അപ്പോൾ അത് മുഴുവനായി ഒരമ്മയുടെ ചുമലിൽ ഏൽപ്പിക്കുന്നത് മാനുഷികമാണോ?

Comments