മുസ്‌ലിം സ്ത്രീയുടെ സാമൂഹിക ഉള്ളടക്കം:
​സംഘർഷങ്ങളും സാധ്യതകളും

മുസ്​ലിം സ്ത്രീകളുടെ സങ്കീർണതകളെയും സംഘർഷങ്ങളെയും അടയാളപ്പെടുത്താനോ മനസ്സിലാക്കാനോ സാധിക്കുന്ന രീതിശാസ്ത്രത്തിന്റെയും ഉപകരണങ്ങളുടെയും അഭാവം നമ്മുടെ സാമൂഹിക വിജ്ഞാനീയങ്ങളിലുണ്ട്. മുസ്​ലിം സ്ത്രീ സാമൂഹികത പുതിയ രീതിയിൽ വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ്​ ഈ പ്രശ്​നത്തെ വികസിപ്പിക്കേണ്ടത്​.

തര സ്ത്രീകളിൽ നിന്ന് മുസ്​ലിം സ്ത്രീകളെ വേറിട്ട് നിർത്തുന്ന സാമൂഹിക പശ്ചാത്തലം എന്താണ്? മതപരമായ ഉള്ളടക്കത്തെ സാംശീകരിച്ചുകൊണ്ടുള്ള സാമൂഹിക സ്വത്വനിർമിതി സാധ്യമാണോ? സർവോപരി മുസ്​ലിം സ്ത്രീകൾക്ക് സാമൂഹികമായ മുന്നേറ്റം സാധ്യമോ എന്നീ ചോദ്യങ്ങളെയാണ് ഈ എഴുത്ത് പ്രാഥമികമായും അഭിമുഖീകരിക്കുന്നത്

മുസ്​ലിം സ്ത്രീ എന്ന വ്യക്തിയെ സംബന്ധിച്ച ചർച്ചകൾ കേരളത്തിന്റെ സാമൂഹിക പ്രതലത്തിൽ തന്നെ ഒരുപാട് നടന്നിട്ടുണ്ട്. ഒരു വ്യക്തി എന്ന നിലക്ക് മുസ്​ലിം സ്ത്രീ എങ്ങനെ വ്യത്യാസപ്പെടുന്നു എന്നോ, അത്തരം വ്യക്തിസങ്കീർണതകളെ അഭിമുഖീകരിക്കാനോ ഈ എഴുത്ത് ശ്രമിക്കുന്നില്ല. ആധുനികാനന്തര ലോകക്രമം രൂപപ്പെടുത്തിയ ബൃഹത്ത് ആഖ്യാനങ്ങളുടെ നിഷേധം അതുവരെയും പരിഗണിക്കാതിരുന്ന മുസ്​ലിം സ്ത്രീ അടക്കമുള്ള സവിശേഷ സ്വത്വങ്ങളുടെ ദാർശനിക- സാമൂഹിക നിലനിൽപ്പിനെ പുതിയ രീതിയിൽ വികസിപ്പിക്കുന്നുണ്ട്. സ്ത്രീവാദ (feminism) പഠനശാഖയിലെ അനിഷേധ്യ സാന്നിധ്യങ്ങളിൽ ഒന്നാണ് ഇന്ന് ഇസ്​ലാമിക സ്ത്രീവാദം (islamic feminism). ഈ മതപരമായ ഉള്ളടക്കമുള്ള സ്ത്രീവാദ ധാര കേരളത്തിന്റെ സാമൂഹിക- രാഷ്ട്രീയ മണ്ഡലത്തിലുണ്ടാക്കിയ സംവാദങ്ങൾ ഈ ചർച്ചയിലെ പ്രധാന ഭാഗമാണ്

മൂന്ന് വാദങ്ങളാണ് പ്രധാനമായും ഈ എഴുത്ത് മുന്നോട്ട് വെക്കുന്നത്:

1. മുസ്​ലിം സ്ത്രീകളുടെ സങ്കീർണതകളെയും സംഘർഷങ്ങളെയും അടയാളപ്പെടുത്താനോ മനസ്സിലാക്കാനോ സാധിക്കുന്ന രീതിശാസ്ത്രത്തിന്റെയും (methodology) ഉപകരണങ്ങളുടെയും (tools) അഭാവം നമ്മുടെ സാമൂഹിക വിജ്ഞാനീയങ്ങളിലുണ്ട്.

2. ഇതര സ്ത്രീസ്വത്വങ്ങളിൽ നിന്ന് വ്യത്യസ്തമായി മുസ്​ലിം സ്ത്രീയെ സംബന്ധിച്ച് സമുദായത്തിനകത്തുനിന്നും പുറത്തുനിന്നും ഒരുപോലെ സംഘർഷങ്ങൾ നേരിടേണ്ടിവന്നിട്ടുണ്ട്.

3. ഒരു ചരിത്രഘട്ടത്തിൽ അവയെ മറികടക്കാനുള്ള ഭാഷയും വിജ്ഞാനവും പ്രദാനം ചെയ്യാൻ ഇസ്​ലാമിക സ്ത്രീവാദം അടക്കമുള്ള സാമൂഹിക വൈജ്ഞാനിക മുന്നേറ്റങ്ങൾക്ക് സാധിച്ചിട്ടുണ്ടെങ്കിലും നമ്മുടെ സാമൂഹിക പൊതുബോധത്തി നകത്തെ സംഘടിത പുരുഷബോധം അവയെ ഒരു പരിധിവരെ റദ്ദ് ചെയ്യുകയോ അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നുണ്ട്.

ഈ മൂന്ന് വാദങ്ങളെ അടിസ്ഥാനപ്പെടുത്തി മുസ്​ലിം സ്ത്രീ സാമൂഹികത പുതിയ രീതിയിൽ വികസിപ്പിക്കേണ്ടതുണ്ട് എന്ന് ഈ ലേഖനം വാദിക്കുന്നു .

നിർണിത താൽപര്യങ്ങൾക്ക് വേണ്ടി രൂപപ്പെട്ടിട്ടുള്ളതോ, വിവിധ മുസ്​ലിം സാമുദായിക സംഘടനകളുടെ പോഷക ഘടകങ്ങളായവയോ ആണ് കേരളത്തിലെ ഒട്ടുമിക്ക മുസ്​ലിം സ്ത്രീ പ്രസ്ഥാനങ്ങളും.

മുസ്​ലിം സ്ത്രീയുടെ സാമൂഹിക പ്രാതിനിധ്യത്തെ പരിമിതമായെങ്കിലും ദൃശ്യമാക്കുന്നത് മുസ്​ലിം സ്ത്രീ പ്രസ്ഥാനങ്ങളാണ്. നിർണിത താൽപര്യങ്ങൾക്ക് വേണ്ടി രൂപപ്പെട്ടിട്ടുള്ളതോ, വിവിധ മുസ്​ലിം സാമുദായിക സംഘടനകളുടെ പോഷക ഘടകങ്ങളായവയോ ആണ് കേരളത്തിലെ ഒട്ടുമിക്ക മുസ്​ലിം സ്ത്രീ പ്രസ്ഥാനങ്ങളും. തങ്ങളുടെ മാതൃസംഘടനകളുടെ നയനിലപാടുകളെ സ്ത്രീ സമൂഹത്തിലേക്ക് എത്തിക്കുകയും അവയുടെ ലക്ഷ്യപൂർത്തികരണത്തിനായി സ്ത്രീകളെ സജ്ജമാക്കുകയും ചെയ്യുക എന്ന ഉത്തരവാദിത്വമാണ് ഈ പ്രസ്ഥാനങ്ങൾക്ക് പൊതുവിൽ നിർവഹിക്കാനുള്ളത്. രാഷ്ട്രീയ സംഘടനകളും മത സംഘടനകളുമൊക്കെ ഒരുപോലെ ഇത്തരമൊരു രീതിശാസ്ത്രമാണ് പൊതുവിൽ സ്വീകരിക്കാറുള്ളത്. മറ്റൊരു കൂട്ടം ആളുകൾ സ്ത്രീകൾ നേരിടുന്ന സവിശേഷ പ്രശ്‌നങ്ങളുടെ പരിഹാരങ്ങൾക്കോ, വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളെ അതത് മേഖലയിൽ സംഘടിതരാക്കുന്നതിനുവേണ്ടിയുള്ളതോ ആണ്. ഇതിൽ ഏതെങ്കിലും പ്രസ്ഥാനങ്ങളുടെ പോഷക ഘടങ്ങളാണ് ബഹുഭൂരിപക്ഷം സ്ത്രീ പ്രസ്ഥാനങ്ങളും. ഇവയുടെ പ്രധാന പരിമിതി, ആത്യന്തിക കർതൃത്വാധികാരം അവയുടെ മാതൃസംഘടനയുടെ നേതൃത്വത്തിലുള്ള പുരുഷന്മാരുടെ യുക്തിയിലായിരിക്കും അത് പ്രവർത്തിക്കുന്നത് എന്നതാണ്. മുസ്​ലിം ലീഗിലും അവരുടെ സ്ത്രീവേദിയായ ഹരിതയിലും സംഭവിച്ച സംഘർഷങ്ങൾ ഈ പ്രശ്‌നത്തെ കൃത്യമായി അടയാള​പ്പെടുത്തുന്നുണ്ട്. ഒരു ഘടകത്തിന്റെ അധ്യക്ഷനെതിരെ സംഘടനയിലെ നേതാക്കളായ സ്ത്രീകൾ മാതൃസംഘടനക്ക് പരാതി നൽകുന്നു. അവർ കൂടിയിരുന്ന്​ പ്രസ്തുത വ്യക്തിക്കെതിരെ നടപടി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്നു. മാത്രമല്ല, ഈ പ്രശ്‌നം വീണ്ടും തീവ്രമായി ഉന്നയിച്ചതിന്റെ പേരിൽ സംഘടനയുടെ നേതൃത്വത്തിലുണ്ടായിരുന്ന സ്ത്രീനേതാക്കളെ ആ സ്ഥാനങ്ങളിൽ നിന്ന് നീക്കുന്നു. വിവിധ മേഖലയിലെ പ്രാതിനിധ്യ, അവസര തുല്യതാ പ്രശ്‌നങ്ങൾക്കപ്പുറത്ത് മുസ്​ലിം സ്ത്രീയുടെ, ചോദ്യങ്ങൾ ഉന്നയിക്കാനും വിമർശനങ്ങൾ രേഖപ്പെടുത്താനുമുള്ള സാമൂഹികമായ സാധ്യതയെയാണ് ഇത് റദ്ദ് ചെയ്യുന്നത്. മുസ്​ലിം സ്ത്രീയുടെ സാമൂഹിക അസ്തിത്വത്തിന്റെ നിരാകാരണം ഇവിടെ കാണാം.

ഹരിത മുൻ നേതാക്കളായ നജ്മ തബ്ഷീറ, മുഫീദ തസ്‌നി, ഫാത്വിമ തഹ്ലിയ

മുസ്​ലിം സാമുദായിക സംഘടനകളിൽ ഇത് മറ്റൊരു രീതിയിലാണ് പ്രവർത്തിക്കുന്നത്. മുസ്​ലിം സംഘടനകളിൽ സ്ത്രീകളോടുള്ള സമീപനങ്ങളിൽ ഏറ്റവും യാഥാസ്ഥിക സമീപനം സ്വീകരിക്കുന്നവർ കേരളത്തിലെ സുന്നി വിഭാഗങ്ങളാണ്. വളരെ പരിമിതമായി മാത്രം ഇടപെടാൻ അനുവദിക്കുന്നതിൽ കവിഞ്ഞ്​ മുസ്​ലിം സ്ത്രീകളുടെ പൊതുവിലുള്ള സാമൂഹിക ഇടപാടുകളെയും ഇടപെടലുകളെയും ഇവർ റദ്ദ് ചെയ്യുന്നുണ്ട്. ചരിത്രത്തിൽ വളരെ കരുത്തുറ്റ സ്ത്രീ ഇടപെടലുകൾ സുന്നി പക്ഷങ്ങളിൽ നിന്നുതന്നെ ഉണ്ടായിട്ടുണ്ടെങ്കിലും ആ കാലത്ത് അതിന് വലിയ വില കൊടുക്കേണ്ടി വന്നിട്ടുണ്ട്. ഇതിൽ നിന്ന് വലിയ വ്യത്യാസമൊന്നും സലഫി പ്രസ്ഥാനങ്ങൾക്കും ഇല്ലെങ്കിലും വിവിധ വൈജ്ഞാനിക ഇടപെടലുകളിലും മറ്റും സുന്നികളിൽ നിന്ന് വ്യത്യസ്തമായി സ്ത്രീ സാന്നിധ്യം കൊണ്ടുവരാൻ ഈ കൂട്ടർ ശ്രമിക്കാറുണ്ട്. എന്നാൽ അത്തരം വൈജ്ഞാനിക ഇടപെടൽ നടത്തുന്ന സ്ത്രീകൾ പിന്നീട് എവിടെ പോകുന്നു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയും ചെയ്യുന്നു.

ജമാഅത്ത് അടക്കമുള്ള മുസ്​ലിം സംഘടനാ ഘടനയുടെ പ്രധാന പ്രശ്‌നം എപ്പോഴും സ്ത്രീപ്രവർത്തനങ്ങളെ മോണിറ്റർ ചെയ്യുന്ന സംഘടനാശൈലി യുണ്ടാവും എന്നതാണ്. വിശേഷിച്ചും മുസ്​ലിം വിദ്യാർത്ഥിനി പ്രസ്ഥാനങ്ങളിൽ ഇത് കൂടുതൽ ദൃശ്യമാണ്.

മറ്റൊരു പ്രധാന മുസ്​ലിം സംഘടനയായ ജമാഅത്തെ ഇസ്​ലാമിയിലേക്ക് വന്നാൽ ആശയപരമായി ഒരു നിലക്ക് സലഫി ധാര തന്നെയാണ് ജമാഅത്തും പിന്തുടരുന്നത്. ആ നിലക്കുള്ള സാദൃശ്യം ഇരുകൂട്ടരിലും കാണാനും സാധിക്കും. അപ്പോൾ തന്നെ ജമാഅത്തെ ഇസ്​ലാമിയുടെ സ്ത്രീസംഘടനകളുടെ ഇടപെടൽ കുറേക്കൂടി വ്യത്യസ്തമാണ്. മുസ്​ലിം സ്ത്രീയുടെ സാമൂഹിക നിർമിതിയെ ഏറ്റവും സാധ്യമാകുന്ന കൂട്ടരിൽ ഒന്നാണ് ജമാഅത്ത്. അങ്ങനെ ആകുമ്പോഴും ഇവർക്കിടയിൽ തന്നെ അതത്ര ലളിതമായ സംഗതിയല്ല. ജമാഅത്ത് അടക്കമുള്ള മുസ്​ലിം സംഘടനാ ഘടനയുടെ പ്രധാന പ്രശ്‌നം എപ്പോഴും സ്ത്രീപ്രവർത്തനങ്ങളെ മോണിറ്റർ ചെയ്യുന്ന സംഘടനാശൈലിയുണ്ടാവും എന്നതാണ്. വിശേഷിച്ചും മുസ്​ലിം വിദ്യാർത്ഥിനി പ്രസ്ഥാനങ്ങളിൽ ഇത് കൂടുതൽ ദൃശ്യമാണ്. ഇത് എന്തുകൊണ്ട് പ്രശ്‌നമാകുന്നു എന്ന് ചോദിച്ചാൽ, ഏതൊരു പ്രസ്ഥാനവും സവിശേഷമായ ആശയടിത്തറയിലും വ്യക്തമായ പദ്ധതിയോടെയും ആയിരിക്കും അതിന്റെ പ്രവർത്തന രീതിശാസ്ത്രം രൂപപ്പെടുത്തുന്നത്. എന്നുമാത്രമല്ല അതിനെ പലവിധത്തിൽ ചലിപ്പിക്കുന്ന ബഹുമുഖങ്ങളായ ആവിഷ്‌ക്കാര സാധ്യതകളും അവയുടെ ഭാഗമായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യത്യസ്ത ആവശ്യങ്ങളെ മുൻനിർത്തിയുള്ള ട്രസ്റ്റുകൾ, മാധ്യമ സ്ഥാപനങ്ങൾ, പ്രസിദ്ധീകരണാലയങ്ങൾ തുടങ്ങി പലവിധത്തിലുള്ള പ്രവർത്തന രീതിയിലാണ് ഏതൊരു പ്രസ്ഥാനവും ചലിക്കുന്നത്. ഇതിനെയൊക്കെ പ്രവർത്തിപ്പിക്കുന്നതിനകത്തെ പുരുഷയുക്തി ഒരു പരിധിവരെ സ്ത്രീയുടെ സാമൂഹിക ഭാവനയെ തടഞ്ഞുനിർത്തുന്നുണ്ട്. രാഷ്ട്രീയ പാർട്ടിയായാലും മത സാമുദായിക സംഘടനകളായാലും ഇതിനകത്ത് ഉന്നയിക്കപ്പെടുന്ന സ്ത്രീപ്രശ്‌നങ്ങൾക്ക് എന്തുകൊണ്ട് ശാശ്വത പരിഹാരം ഉണ്ടാവുന്നില്ലെന്നതിന്റെ മൗലിക കാരണം ഇതാണ്. സ്ത്രീയുടെ സാമൂഹികത നിർവചിക്കപ്പെടാനുള്ള ഇടം അതിനകത്ത് ഉണ്ടാവുന്നില്ല. (ഇതൊക്കെയും പൊതുവിൽ എല്ലാ സ്ത്രീകളുടെ കാര്യത്തിലും പ്രസക്തമാണ്. മുസ്​ലിം സ്ത്രീ പശ്ചാത്തലത്തിൽ ആലോചിച്ചു എന്നുമാത്രം).

Photo : Fraternity Movement Kerala FB

മുസ്​ലിം സ്ത്രീവാദത്തിന്റെ പ്രസക്തിയും പ്രാധാന്യവും ഇവിടെയാണ്. തുടക്കത്തിൽ സൂചിപ്പിച്ചതുപോലെ മുസ്​ലിം സ്ത്രീയെ സംബന്ധിച്ച് ഇരട്ട ഭാരം പലപ്പോഴും ഏറ്റെടുക്കേണ്ടിവരാറുണ്ട്. ഒരു ഭാഗത്ത് മുസ്​ലിം സമുദായത്തിനകത്തുനിന്നുള്ള പ്രശ്‌നമാണെങ്കിൽ അതേസമയം തന്നെ നമ്മുടെ സാമൂഹിക ബോധത്തിലും വിജ്ഞാനീയങ്ങളിലും മുസ്​ലിം സ്ത്രീയെ നോക്കികാണുന്നതിന്റെ പ്രശ്‌നവും ഉണ്ട്. ഹിജാബ് ഇടുന്നതും മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതും സ്ത്രീയുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് എന്ന് ഉൾക്കൊള്ളാനുള്ള മടി വലിയ തോതിൽ നമ്മുടെ പൊതുബോധത്തിൽ ഇന്നും ഉണ്ട്. മുസ്​ലിം സ്ത്രീക്ക് എല്ലായ്‌പ്പോഴും അവളുടെ സ്വതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുമാത്രമേ ഇസ്​ലാമിൽ നിൽക്കാൻ സാധിക്കൂ എന്ന ആഖ്യാനം പ്രബലമാണ്. ഈ രണ്ട് പ്രശ്‌നത്തെയും മറികടക്കാനുള്ള വൈജ്ഞാനികമായ അടിത്തറയും ഭാഷാപരമായ ഉള്ളടക്കവും ഇസ്​ലാമിക സ്ത്രീവാദം നൽകുന്നുണ്ട്. ഇസ്​ലാമിക സ്ത്രീവാദത്തിന്റെ ഇടപെടലുകളെ മുൻനിർത്തി ചില സാധ്യതകൾ കൂടി മുന്നോട്ടു വെക്കാം.

ഹിജാബ് ഇടുന്നതും മതം അനുശാസിക്കുന്ന വസ്ത്രം ധരിക്കുന്നതും സ്ത്രീയുടെ സ്വന്തം ഇഷ്ടപ്രകാരം തന്നെയാണ് എന്ന് ഉൾക്കൊള്ളാനുള്ള മടി വലിയ തോതിൽ നമ്മുടെ പൊതുബോധത്തിൽ ഇന്നും ഉണ്ട്.

1. മതപരമായ വിജ്ഞാനീയങ്ങളിൽ സ്ത്രീകളുടെ ഇടപെടലുകളെയും പാഠ വ്യാഖ്യാനങ്ങളെയും സവിശേഷമായി അടയാളപ്പെടുത്തുക.

2. സംഘടനാതലത്തിൽ മുസ്​ലിം സ്ത്രീസംഘങ്ങളെ ഘടനാപരമായി വേറിട്ടതാക്കുക.

3. സാമൂഹിക - സാമുദായിക വിഭവങ്ങളുടെ വിതരണത്തിൽ അവസര സമത്വം കൊണ്ടുവരിക.

4. നമ്മുടെ രാഷ്ട്രീയ ഭാവനക്കകത്തെ ഭാഷ സ്ത്രീരാഷ്ട്രീയത്തെ കൂടി ഉൾക്കൊള്ളുന്ന വിധത്തിൽ വികസിപ്പിക്കുക

പൗരത്വ ഭേദഗതി നിയമത്തിനെതിരെ എറണാകുളത്ത് നടന്ന സമരത്തിൽ നിന്ന്

ഏതാനും ചില സാധ്യതകൾ സംവാദ ആശയമായി അവതരിപ്പിക്കുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. ഇത് ഒരിക്കലും കാപ്‌സ്യൂൾ പരിഹാര മാർഗങ്ങളല്ല. ഒക്കെയും സമ്മിശ്രമായി ചേർന്ന്, നിരന്തര ഇടപെടലുകളിലൂടെയും സംവാദങ്ങളിലൂടെയും വികസിച്ചുവരേണ്ട ഒന്നാണ്. ദീർഘകാലാടിസ്ഥാനത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യലാണ് പ്രധാനം. അതിന് ഇതൊക്കെയും പ്രശ്‌നകരമായിരുന്നു എന്ന് തിരിച്ചറിവ് പ്രാഥമികമായി ഉണ്ടാവേണ്ടതുണ്ട്. ▮

Comments